
സാവിത്രി ടീച്ചര്‍ അവന്‍റെ നെഞ്ചില്‍ കൈ വെച്ചു...ഷെമീര്‍...അവന്‍റെ ഹൃദയം മാതൃ സ്നേഹത്തിനു വേണ്ടി മിടിക്കുന്നത് ആ കൈകള്‍ തിരിച്ചറിഞ്ഞു..
"'എന്‍റെ മകന്‍..ഷെമീര്‍...അവനായിരുന്നു.."
അമ്മയുടെ കൂടെ വീടിനകത്തേക്ക് കയറുമ്പോള്‍ സ്വീകരണ മുറിയില്‍ അവരെല്ലാം ഇരിക്കുന്നത് ഷെമീര്‍ കണ്ടു...തന്‍റെ കൂടെ ജനിച്ചില്ലെങ്കിലും, ഒരു ജന്മ സുകൃതം കൊണ്ട് തമ്മില്‍ ബന്ധിപ്പിച്ച മറ്റ് നാലു പേര്‍.തന്‍റെ ഇനിയുള്ള ജീവിത ഭാഗമായ പ്രിയപ്പെട്ടവര്‍..
"കന്യാകുമാരിയില്‍ നിന്നും വന്ന പതിമൂന്ന് വയസ്സുള്ള സെല്‍വി,
ഒറ്റപ്പാലം അമ്പലപ്പാറ ദേശത്തെ മുപ്പത്തിയെട്ടുക്കാരന്‍ മനോജേട്ടന്‍,
പിന്നെ തമ്മനത്തെ പഴയ ഗുണ്ട തമ്മനം രവി.."
എല്ലാ മുഖങ്ങളിലും പുറത്ത് പറയാന്‍ കഴിയാത്ത ദുഃഖം...സാവിത്രി ടീച്ചര്‍..അവരുടെ മുഖത്തും കണ്ണ് നീര്‍ ഒലിച്ചിറങ്ങി വറ്റിയ ചാലുകള്‍, ഷെമീര്‍ അമ്മയുടെ അടുത്തേക്ക് ഒന്ന്‍ കൂടി അടുത്ത് നിന്നു..അമ്മ ...തന്റെ അമ്മ..കണ്ണൂരിലെ മാട്ടൂലിലെ വീട്ടില്‍ നിന്നും പോരുമ്പോള്‍ ഉപ്പ പറഞ്ഞ ആ വാക്കുകള്‍...അത് മറക്കാന്‍ കഴിയില്ല..ഇനിയൊരിക്കലും മറക്കില്ല..മറക്കാനാകില്ല...
"ഷെമീ...നെനയ്ക്ക് ഞാനും, ഉമ്മേം കയിഞ്ഞാ പിന്നെ അവരാ വലുത്...മറ്റാരും അത് കയിഞ്ഞേ വരൂ..മറക്കണ്ടാ."
അത് ശരിയാണ്...കൊടുങ്ങല്ലൂര്‍ ദേശത്തെ സാവിത്രി ടീച്ചര്‍ തന്നെയാണ് മൂന്നാമത്തെ .....അതും അമ്മയുടെ സ്ഥാനം...അവന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി..അമ്മ തിരിച്ചറിഞ്ഞു..മകനെ ചേര്‍ത്ത് നിര്‍ത്തി കണ്ണുകള്‍ സാരി തലപ്പ് കൊണ്ട് തുടച്ചു..അവരില്‍ നിന്നും പുത്ര വാത്സല്യം അവനിലേക്ക് ഒഴുകി..അവിടെ സാവിത്രി ടീച്ചര്‍ അമ്മയാകുന്നു...ഷെമീര്‍ മകനും...
'ഷെമീര്‍ അവനായിരുന്നു..."
ഷെമീര്‍ സെല്‍വിയുടെ അടുത്തേക്ക്...അവള്‍ തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് ചിരിച്ചു...അവന്‍ അവളുടെ മുഖത്ത് തൊട്ടപ്പോള്‍ ആ കണ്ണുകള്‍ അടഞ്ഞു..അവന്‍ ആ കണ്ണുകളില്‍ മെല്ലെ തൊട്ടു...ഒരു വെളിച്ചം ഹൃദയത്തില്‍ വീശിയ പോലെ..വാത്സല്യത്തോടെ അവളെ ചേര്‍ത്ത് പിടിച്ചു...ഒരു ബന്ധം..ഒരു ജന്മം കൊണ്ട് കോര്‍ത്തിണക്കിയ ബന്ധം..മതവും, ജാതിയും, വര്‍ഗ്ഗവും, ദേശവും, ഭാഷയും മറി കടന്ന ബന്ധം...
അവിടെ തളം കെട്ടി വലുതായി വന്ന നിശബ്ദത മുറിച്ച് തമ്മനം രവി അവനെ നോക്കി...
"മൂന്ന്‍ കുത്തുകള്‍...കുടല്‍ മാലകള്‍ കീറി മുറിഞ്ഞ മൂന്ന്‍ കുത്തുകള്‍..ജീവിതത്തില്‍ ഗുണ്ടയായി ജീവിച്ച്, ഒത്തിരി കൊള്ളരുതാത്ത കാര്യങ്ങള്‍ ചെയ്തപ്പോള്‍ ...പാതി മരിച്ചതാ...അപ്പോഴാ ദൈവം .."
കൂടുതല്‍ പറയുവാന്‍ കഴിയാതെ രവി ടീച്ചറിനെ നോക്കി...ആ കണ്ണുകളില്‍ നിറയുന്ന കണ്ണ് നീര്‍..അതിനെ മറി കടക്കാന്‍ വാക്കുകള്‍ക്ക് കഴിയാത്ത അവസ്ഥ..സാവിത്രി ടീച്ചര്‍ നിറ കണ്ണാല്‍ ചുമരിലേക്ക് നോക്കി...അവിടെ ഒന്നും പറയാതെ, ഒന്നുമറിയാതെ ചിരിച്ച് ..പ്ലാസ്റ്റിക് മാലയും, ഇടയ്ക്ക് കത്തി തെളിയുന്ന മങ്ങിയ ബള്‍ബിന്റെ പുറകില്‍ കള്ളച്ചിരിയോടെ .സദാനന്ദന്‍ മാഷ്..പതിനെഴ് വര്‍ഷം മുന്‍പ് ക്ലാസ്സ് മുറിയില്‍ മലയാളം പഠിപ്പിച്ച് നില്ക്കുമ്പോള്‍ ആരോടും പറയാതെ ....ഒരു നെഞ്ച് വേദന..കുട്ടികളെ നോക്കി ചിരിച്ച്...കസേരയില്‍ ഇരുന്ന്‍ സുഖ മരണം..പിന്നെ ജീവിച്ചത്..ജീവിതം നയിച്ചത്..അവര്‍ ചിന്തയില്‍ നിന്നും പുറത്ത് വന്ന് ഷെമീറിനെ നോക്കി..
"ഷെമീര്‍ അവനായിരുന്നു..."
"ടീച്ചറെ...ഞാനെന്നാ...അങ്ങ് അടിമാലി വരെ എത്തേണ്ടായോ..മറക്കില്ല... കുടിച്ച് കുടിച്ച് കരളു ദ്രവിച്ച്...രണ്ടാം ജന്മം കിട്ടീത് നിങ്ങള് കാരണമാ ..ഇനി ഒരു തുള്ളി കുടിക്കത്തില്ല.."
ജോസഫ് അച്ചായന്‍ പോകാന്‍ ഇറങ്ങി...അയാളെ യാത്രയാക്കി തിരികെ വരുമ്പോള്‍ മനോജേട്ടന്‍ യാത്ര പറയാന്‍ നില്‍ക്കുന്നു..കൂടെ തമ്മനം രവിയും..മനോജേട്ടന്‍ ടീച്ചറുടെ കൈകളില്‍ പിടിച്ച് കരയുന്നു...സംസാരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല...പാവം..കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഒരു നല്ല മനുഷ്യന്‍...പന്ത്രണ്ട് നിലയുള്ള ഫ്ലാറ്റിനു മുകളില്‍ നിന്നും വീണ് കോമയില്‍ ആയിട്ടും ജീവിതത്തോട് സമരം ചെയ്ത് മരണത്തില്‍ നിന്നും പതിയെ കര കയറിയ മനുഷ്യന്‍...ആ മനുഷ്യന്‍റെ ശരീരത്തില്‍ പിടിപ്പിച്ച വൃക്കകള്‍...അത് മൌനമായ് സാവിത്രി ടീച്ചറോട് നന്ദി പറഞ്ഞു..
അവര്‍ക്ക് പിന്നില്‍ സെല്‍വിയുടെ ഊഴമായിരുന്നു...അവള്‍ ടീച്ചറെ കെട്ടി പിടിച്ച് കുറേ കരഞ്ഞു...ഇനിയും വരാമെന്ന് പറഞ്ഞ് കൈകള്‍ വീശി അവളുടെ മാമന്‍റെ കൂടെ പോകുമ്പോള്‍ മനസ്സ് പറഞ്ഞു..."എന്‍റെ അനുജത്തി...അവളുടെ കണ്ണുകള്‍..എന്‍റെ സ്വന്തം അനുജത്തി..."എല്ലാവരും പോയപ്പോള്‍ "കിരണ്‍ നിവാസില്‍ സാവിത്രി ടീച്ചറും, ഷെമീറും മാത്രം...ടീച്ചര്‍ അവനെ നോക്കി...അവന്‍ ടീച്ചറെയും...
"മോന്‍ പോകുന്നില്ലേ? " ടീച്ചറുടെ ചോദ്യം..
അതിനുത്തരം പോലെ ഷെമീര്‍ തലയാട്ടി..."ഇല്ലെന്നര്‍ത്ഥം വെച്ച്"..അവന്‍റെ ഹൃദയമിടിപ്പ് അടുത്ത് വരുന്നത് പോലെ..പ്രിയപ്പെട്ട സാമീപ്യം..ടീച്ചര്‍ അവനെ തന്നെ നോക്കി...അതെ അവന്‍ തന്നെ...അവന്‍ തന്നെ...
"ഷെമീര്‍ അവനായിരുന്നു.."
ഷെമീര്‍ തളര്‍ന്ന്‍ വീഴുമെന്നു തോന്നിയപ്പോള്‍ അവരെ താങ്ങി പിടിച്ചു...സാവിത്രി ടീച്ചര്‍ അവനെ നോക്കി..പിന്നെ ചുമരിലേക്ക്...അവിടെ സദാനന്ദന്‍ മാഷിന്റെ ഫ്രെയിം ചെയ്ത ചിത്രത്തിനരികില്‍...അവന്‍..കിരണ്‍.. അവന്‍ അച്ഛനെ പോലെ ചിരിച്ചിരിക്കുന്നു...ഷെമീറും ആ ചിത്രത്തിലേക്ക് നോക്കി..ആ ചിരിച്ചിരിക്കുന്ന ചെറുപ്പക്കാരന്‍ തന്നില്‍ ജീവിക്കുന്നു...ഒരു ഹൃദയമായ്...ഒരു വാഹനപകടത്തില്‍ മസ്തിക മരണം സംഭവിച്ച മകന്‍റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ദാനം ചെയ്യാന്‍ അനുമതി നല്‍കിയ സാവിത്രി ടീച്ചര്‍...ഹൃദയം ജീവിതത്തെ ഇല്ലാതാക്കി കൊണ്ടിരുന്ന സമയത്ത് ദൈവം തനിക്ക് ദാനം നല്കിയ കിരണിന്റെ ഹൃദയം...ഒരു ജന്മം കൊണ്ട് ഞങ്ങളെ കൂട്ടിയിണക്കിയ കിരണ്‍...
കന്യാകുമാരിയില്‍ കിരണിന്റെ കണ്ണുകളുമായി സെല്‍വി,
അടിമാലിയില്‍ അവന്‍റെ കരളുമായി ജോസഫ് വര്‍ഗ്ഗീസ് അമ്പലപ്പാറയില്‍ അവന്‍റെ വൃക്കയുമായ് മനോജേട്ടന്‍ കുടലുകള്‍ പേറി തമ്മനം രവി.."
പിന്നെ അവന്‍റെ ജീവന്‍ തുടിക്കുന്ന ഹൃദയവുമായ് ഞാന്‍ ഷെമീര്‍...ഞാന്‍ അവനായിരിക്കുന്നു... "ഷെമീര്‍ അവനായിരിക്കുന്നു..."ഷെമീര്‍ ടീച്ചറുടെ കണ്ണുകള്‍ തുടച്ച് ചിരിയോടെ പറഞ്ഞു...
"അമ്മേ...ഞാനുണ്ടാകും..എനിക്ക് സമയം കിട്ടുമ്പോള്‍ ഞാന്‍ വരും..ഞാന്‍ അവന്‍ തന്നെയാ...കിരണ്‍.."
സാവിത്രി ടീച്ചര്‍ അവനെ ചേര്‍ത്ത് പിടിച്ചു..അവന്‍റെ ഹൃദയം ...ആ ഹൃദയമിടിപ്പ്...ഒരമ്മയുടെ തിരിച്ചറിവ്, സന്തോഷവും, സങ്കടവും നിറഞ്ഞ ആ മുറിയില്‍ കിരണിന്റെ ചിത്രത്തിന് മുന്നില്‍ തിളങ്ങുന്ന ബള്‍ബ് അവരിരുവരും കാണാതെ ഒരല്പം പ്രകാശം കൂടുതല്‍ പരത്തിയത് പോലെ, ആ ചിത്രത്തിന് കുറച്ച് കൂടി തേജസ്സ് വര്‍ദ്ധിച്ചത് പോലെ...ഷെമീറിന്റെ ഹൃദയമിടിപ്പ് ഒരു നനുത്ത സംഗീതം പോലെ...
"ഷെമീര്‍ അവനായിരുന്നു..."