2015, നവംബർ 30, തിങ്കളാഴ്‌ച

മാര്‍ജ്ജാര ദൈവത്തിന്‍റെ അവസാന തീരുമാനം..

     


   "ഞങ്ങള്‍ക്ക് ഇനിയും മനസ്സിലാകാത്തത് കടുവകള്‍ എന്തിന് പന്നികളെ വേട്ടയാടി ആ മാംസം ഭക്ഷിക്കുന്നതെന്നാണ്?"

             "മാത്രമല്ല അവര്‍ സൂര്യനേയും, ഭൂമിയേയും, വെള്ളത്തേയും, എന്തിന് മരങ്ങളെ വരെ ആരാധിക്കുന്നു.."
                     
                             സിംഹ കൂട്ടായ്മയില്‍ പിന്നേയും പലരും ശബ്ദിച്ചു..ചിലര്‍ എതിര്‍ വാദങ്ങള്‍ ഉന്നയിച്ചെങ്കിലും ഭൂരിപക്ഷവും  കടുവകള്‍ക്കും, പുലികള്‍ക്കുമെതിരെ ശബ്ദമുണ്ടാക്കി. പ്രായം തികഞ്ഞ് വയസ്സനായ ഒരു കിഴവന്‍ സിംഹം പതുക്കെ പറയാന്‍ തുടങ്ങി..

          "നോക്ക്...ഈ കാട് നമുക്കും, അവര്‍ക്കും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്..അവരുടെ ഭക്ഷണം, അവരുടെ ജീവിതം ഇതെല്ലാം നമുക്ക് അറിയേണ്ട കാര്യമുണ്ടോ?? നമ്മളില്‍ എത്ര പേര്‍ നന്മകള്‍ മാത്രം ചെയ്യുന്നവരായുണ്ട്? അവരെ കുറ്റം പറയുന്നതിന് മുന്‍പ് നാം തന്നെ നമ്മളെ ഒന്ന്‍ വിലയിരുത്തെണ്ടേ??"

         "ഹേ..വയസ്സന്‍..നിങ്ങള്‍ക്ക് ഇയിടെയായി കടുവക്കൂട്ടത്തോട് ഒരു മമത കാണുന്നു..അത് വേണ്ടാ..ഇവിടെ മാര്‍ജ്ജാരവംശം നിലനിര്‍ത്താന്‍ സിംഹങ്ങള്‍ മാത്രം മതി..സിംഹങ്ങള്‍ മാത്രമുള്ള കാട് ..അതാണ് ഞങ്ങള്‍ സ്വപ്നം കാണുന്നത്..

                            ചര്‍ച്ചകള്‍ പിന്നെയും മുന്നോട്ട് പോയി..അത് പോലെ തന്നെ പാറയുടെ മറവില്‍ മറ്റൊരു ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു..

           "സിംഹങ്ങള്‍ അസഹിഷ്ണുത ഭാവം മാത്രം നിറഞ്ഞ ജീവികളാണ്..അവരെ കൂടെ ഇരുത്താന്‍ പോലും കൊള്ളില്ല..മാത്രമല്ല എവിടെയും അവര്‍ നമ്മുടെ ശത്രുക്കള്‍.."

           "സിംഹങ്ങള്‍ എന്തിനാണ് സട വളര്‍ത്തുന്നത്?? അവരെന്തിനാണ് മേയാന്‍ വരുന്ന പശുക്കളെ കൊന്ന് തിന്നുന്നത്..??അവരെന്തിനാണ് നമ്മളോട് ശത്രുത വെച്ച് പുലര്‍ത്തുന്നത്???

                              തര്‍ക്കങ്ങള്‍ പിന്നെയും തുടര്‍ന്നു...തര്‍ക്കം പതുക്കെ അക്രമയായി..അക്രമം കൊലയായി..മാര്‍ജ്ജാര വംശം ആധിപത്യം സ്ഥാപിക്കാന്‍ പരസ്പരം കൊന്നൊടുക്കി..ഒടുവില്‍ കാട്ടില്‍ ആണ്‍ വര്‍ഗ്ഗത്തില്‍ ഒരു കടുവയും, സിംഹവും, പുലിയും മാത്രം ബാക്കിയായി..ഇണകളും, കുട്ടികളും ഇല്ലാത്ത കാട്ടില്‍ തനിച്ചായപ്പോള്‍ അവര്‍ പരസ്പരം ഒന്നിച്ച് മാര്‍ജ്ജാര ദൈവത്തിനെ കാണാന്‍ തീരുമാനിച്ചു,

           "നിങ്ങള്‍ക്ക്‌ എന്താണ് വേണ്ടത്‌??"

           "മാര്‍ജ്ജാര ദേവാ...ഞങ്ങള്‍ അന്യം നിന്ന്‍ പോകുന്നു..ഞങ്ങള്‍ക്ക്‌ ഈ കാട്ടില്‍ ഇണകള്‍ ഇല്ല..ഈ കുലം അടുത്ത തലമുറയിലേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ല...ഞങ്ങളെ ദയവായി രക്ഷിക്കണം..."

                             ദൈവം മൂന്ന്‍ പേരേയും മാറി മാറി നോക്കി. മൂവരും ദൈവത്തെ നോക്കി കാത്തിരിക്കുന്നു..പ്രതീക്ഷയോടെ..

           "ആദിയില്‍ കാട് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക്‌ ഇണകളെ തന്നു..വംശം മറന്ന്‍ നിങ്ങള്‍ പരസ്പരം പോരടിച്ച് കൊന്നോടുക്കിയപ്പോള്‍ ചിന്തിച്ചോ നിങ്ങളുടെ കുലം അന്യം നിന്ന്‍ പോകുമെന്ന്..ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് അന്യം നിന്ന് പോകാതിരിക്കാന്‍ ദൈവത്തെ വിളിച്ചിട്ട് എന്ത് പ്രയോജനം..ദൈവമായ എനിക്ക് ഒരു പ്രാവശ്യം മാത്രമേ ഒരു കുലത്തെ സൃഷ്ടിക്കാന്‍ കഴിയൂ...ഇനിയും സാധ്യമല്ല..പരസ്പരം തിരിച്ചറിയാതെ കൊല്ലുമ്പോള്‍ എന്തേ ചിന്തിച്ചില്ലാ..??എനിക്ക് കഴിയില്ല നിങ്ങളെ ഇനിയും സഹായിക്കാന്‍..."

                           മൂവരും പരസ്പരം നോക്കി..സുന്ദരമായ ജീവിതം കാടിന്റെ ഭംഗി എല്ലാം നഷ്ടമാകാന്‍ തുടങ്ങുന്നു...

          "നിങ്ങള്‍ക്ക്‌ മുന്നില്‍ ഭീമ രൂപമുള്ള ഉരഗ ജീവികള്‍ അന്യമായി പോയതിനും പ്രധാന കാരണം പരസ്പരമുള്ള സ്പര്‍ദ്ധയും, അസഹിഷ്ണുതയും  ആയിരുന്നു.അത് പോലെ മാര്‍ജ്ജാരവംശവും അന്യമായി തീരുന്നു...ഇനി മനുഷ്യ കുലവും ഇല്ലാതായി തീരും..അതിനുള്ള ആയുധങ്ങള്‍ അവര്‍ തന്നെ ഒരുക്കി വെക്കുന്നുണ്ട്...ഒന്ന് മനസിലാക്കുക..ഞങ്ങള്‍ക്ക്‌ വേണ്ടി നിങ്ങള്‍ തമ്മില്‍ പരസ്പരം തമ്മില്‍ തല്ലി ജീവിതം തകര്‍ക്കുമ്പോള്‍ നിങ്ങളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയില്ല..ഇതിനു മുന്‍പേ നിങ്ങള്‍ ആരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ?? ദൈവത്തിന്‍റെ രൂപം കണ്ടിട്ടുണ്ടോ?? കാണാത്ത ദൈവത്തിന് രൂപവും, നിറവും, ചിഹ്നങ്ങളും, ഗ്രന്ഥങ്ങളും കൊടുത്ത് നിങ്ങള്‍ തന്നെ സൃഷിച്ച മതങ്ങള്‍, അതിന് ദൈവം എതിരല്ല..പക്ഷെ ഇത് വരെ കാണാത്ത രൂപത്തിന്‍റെ പേര് പറഞ്ഞ് കൊന്നോടുക്കിയപ്പോള്‍ ആരും ചിന്തിച്ചില്ല...എല്ലാം ചെന്നവസാനിക്കുന്നത് ഒന്നില്‍ തന്നെയെന്ന്..മരങ്ങളും, പൂക്കളും, പഴങ്ങളും ഒരിക്കലും തമ്മില്‍ തല്ലിയിട്ടില്ല..ഒരു ആരാമത്തില്‍ അവര്‍ മാതൃക പോലെ ഒരുമിച്ച് ജീവിക്കുന്നു...എന്നാല്‍ ജന്തുജാലങ്ങള്‍ പരസ്പരം എല്ലാത്തിനും വേണ്ടി പോരാടുന്നു...അവര്‍ അന്യമാകാന്‍ പോകുന്നു..ഒടുവില്‍ മരങ്ങള്‍ മാത്രം ബാക്കിയാകും..."

                           ആര്‍ക്കും ഒന്നും പറയാന്‍ സാധിച്ചില്ല...അന്യമായി പോകുന്ന മാര്‍ജ്ജാരവംശത്തിന്‍റെ അവസാന പ്രതിനിധികള്‍ ഒന്നും പറയാന്‍ കഴിയാതെ അപ്രത്യക്ഷമായ ദൈവസന്നിധിയില്‍ നിന്നും തിരിച്ച് നടന്നു...പിന്നെ ഒന്നിച്ചിരുന്നു കാടിനു പുറത്തെ മനുഷ്യ ലോകത്തേക്ക്‌ നോക്കി.തിരിച്ചറിവിന്‍റെ നോട്ടം..അവസാന നോട്ടം...ഒപ്പം മനസ്സില്‍ ഒരുമിച്ച് പറഞ്ഞ്..

       "ഇന്ന് ഞങ്ങള്‍ നാളെ നിങ്ങള്‍...

2015, നവംബർ 26, വ്യാഴാഴ്‌ച

"മനസ്സിലേക്കൊരു അതിഥി.."

                                                       
                                                         
                                                             ആളൊഴിഞ്ഞ പന്തലിന്റെ ഇരുള്‍ മുങ്ങിയ കോണില്‍ കൂട്ടിയിട്ടിരിക്കുന്ന കസേരയിലോന്നില്‍ തല ചായ്ച്ചു, കണ്ണുകളടച്ച് എന്തോ ചിന്തയോടെ കൈയ്യിലൊരു നോട്ടു പുസ്തകവുമായ്‌ അയാള്‍.അവിടെ അന്ന്‍ പകലില്‍ ഒരു വിവാഹം നടന്നതിന്റെ ലക്ഷണം.

                "മോനെ കണ്ണാ..." കൈയ്യിലൊരു സ്റ്റീല്‍ ഗ്ലാസുമായി മുന്നില്‍ അമ്മ.

                "ഇത്‌ കുടിക്ക്..ചുക്കാപ്പിയാ..തൊണ്ട വേദന വേഗം മാറും.."  ആമ്മ ആ ചെറുപ്പക്കാരന്റെ നെറ്റിയില്‍ കൈ വെച്ച് നോക്കി.."ചൂടില്ല..കാലാവസ്ഥ മാറിയതിന്‍റെ.. മേക്കാച്ചലാ.എന്ന്‍ തൊടങ്ങ്യ അലച്ചിലാ.."

                                                             കണ്ണന്‍ നിവര്‍ന്നിരുന്നു ഗ്ലാസ്സിലെ വെള്ളം കുടിക്കാന്‍ തുടങ്ങി..അമ്മ അവനരികില്‍ ഇരുന്ന്‍ ഒരു നെടു വീര്‍പ്പോടെ , അവന്‍റെ തലമുടിയില്‍ കൈകള്‍ ഓടിച്ച് വിഷമം കലര്‍ന്ന വാത്സല്യത്തോടെ..

                 "മോനെ..ഈ പുസ്തകത്തിലെ കണക്കൊന്നും അമ്മക്കറിഞ്ഞൂടാ..എന്നാലും ഒന്നറിയാം..ഉണ്ണീടെ കല്യാണം നടത്താന്‍ മോന്‍ എടുത്താ പൊങ്ങാത്ത ഭാരം തലേല്‍ വെച്ചെന്ന്..ഇത്രേം കടം വരത്തി, ഇതിപ്പോ വേണായിരുന്നോ?"

                                                               കണ്ണന്‍ ഒരു ചിരിയോടെ അമ്മയെ ചേര്‍ത്ത് പിടിച്ചു. അവന്‍ ചേര്‍ത്ത്‌ പിടിച്ചപ്പോള്‍ ആ പുത്രസംരക്ഷണ വലയം ആസ്വദിച്ച് അമ്മ മകന്‍റെ അടുത്തേക്ക്‌ കുറെ കൂടി ചേര്‍ന്നിരുന്നു..

                "അമ്മേ..ഇത്‌ കടമോ..എന്റെ കടമയല്ലേ..അച്ഛനില്ലാത്ത കുട്ടിയാ എന്‍റെ ഉണ്ണീ..എനിക്കറിയാം..അച്ചനുണ്ടായിരുന്നെ ഇതിലും ഭംഗിയാവുമായിരുന്നു ഇന്ന്‍ നടന്ന കല്യാണം.പണ്ട് വൈന്നേരം പണീം കഴിഞ്ഞ് വീട്ടീ വരുമ്പോ കൈയ്യിലൊരു ചെറ്യേ പൊതിണ്ടാകും..അച്ഛന്‍റെ വക ചെലപ്പോ ഒരു കപ്പലണ്ടി മിട്ടായി..ഒരു പരിപ്പ്‌ വട..അതിന്‍റെ നേര്‍ പാതി എന്നും ഉണ്ണിക്കൊള്ളതായിരിക്കും...."

                                                                   കണ്ണന്‍ അത് പറഞ്ഞ് കണ്ണിലുരുണ്ട് കൂടിയ നീര്‍ തുള്ളികള്‍ തുടച്ച് പഴയ കാലത്തിലെ ഏതോ ഓര്‍മ്മകളെ തിരികെ കൊണ്ട് വന്ന്..

            "എനിക്കറിയാം...ഇന്നത്തെ ദെവസം ഏറ്റോം കൂടുതല്‍ സന്തോഷിക്കണ അച്ഛന്‍റെ ആത്മാവ് ആയിരിക്കും..പത്ത് വര്‍ഷം മുന്നേ ഒരു പത്തൊമ്പത് വയസ്സുള്ള ചെക്കനെ വീടിന്‍റെ ഭാരമേപ്പിച്ച് ആരോടും പറയാതെ ചന്തേല്‍ വെച്ച് കുഴഞ്ഞുവീണു ദൈവത്തിന്‍റെ അടുത്തേക്ക്‌ പോയപ്പോ..(ഒന്ന് നിര്‍ത്തി ഇടറുന്ന സ്വരത്തില്‍) അമ്മേ ഇതൊന്നും കടമല്ല..അച്ഛനില്ലാത്ത എന്‍റെ അനിയത്തി കുട്ടിക്ക്‌ ഒരു ചേട്ടന്‍ നല്‍കേണ്ട കടമ..അച്ഛന്‍റെ ആത്മാവിന് നല്‍കണ സുകൃതം.."

                                                                    അമ്മയില്‍ നിന്നും ഒരു തേങ്ങല്‍.കണ്ണന്‍ അമ്മയുടെ കണ്ണുകള്‍ തുടച്ച് മുഖത്ത് സന്തോഷം വരുത്തി ഗ്ലാസ്സിലെ വെള്ളം മുഴുവന്‍ കുടിച്ച് ഗ്ലാസ്സ് തിരികെ നല്‍കി..

        ''അതേ അകത്ത് ഉണ്ണീടെ ചെക്കനുണ്ട്...അവന്‍ കാണണ്ടാ ഈ കണ്ണീരും..സങ്കടോം.കേള്‍ക്കണ്ടാ കടത്തിന്റെ കണക്ക്‌..ഇന്ന്‍ സന്തോഷിക്കാനുള്ള ദെവസാ" അമ്മ അകത്തേക്ക്‌ ചെല്ല്.."

                                                                    അവര്‍ കണ്ണുകള്‍ തുടച്ച് എഴുന്നേറ്റ്‌ വീണ്ടും സംശയിച്ച് നിന്നു.ആ കണക്ക്‌ പുസ്തകത്തില്‍ നോക്കുമ്പോള്‍ വീണ്ടും മുഖത്ത്‌ വിഷമം പടര്‍ന്നു..അത് മനസ്സിലാക്കി കണ്ണന്‍ എഴുന്നേറ്റ്‌ അമ്മയുടെ അടുത്തെത്തി ചിരിയോടെ..

       ''എന്റമ്മേ..ഈ പുസ്തകത്തിലെ കണക്കോര്‍ത്ത് തല വേദനിക്കണ്ടാ..കൊറച്ച് നാള്‍ നമുക്ക്‌ മുണ്ട് മുറുക്കിയുടുത്ത് ജീവിച്ചാ വീട്ടാവുന്ന തൊക..എന്തായാലും എന്‍റെ അനിയത്തിയെ മാന്യായി ഒരാളുടെ കൂടെ അയക്കാന്‍ വേണ്ടില്ലേ എല്ലാം..നാളെ മൊതല്‍ വെളുപ്പിന് ഞാന്‍ അജി ചേട്ടന്‍റെ കൂടെ ലക്ഷ്മി മില്ലില്‍ ഗോതമ്പ് നുറുക്കണ പണിക്ക് പോകും...ഏഴ് ഏഴര മണിക്ക് ആ പണി കഴിയും..അതീന്ന്‍ കൊറച്ച് വരുമാനം കൂടുതല്‍ കിട്ടും..പിന്നെ കുളീം കഴിഞ്ഞ് നേരെ ചായേം കുടിച്ച് മരപ്പണിക്ക്..എല്ലാ കടോം വീടും..അമ്മ വാ.."

                                                                    കണ്ണന്‍ അമ്മയുമായി അകത്തേക്ക്.

       " നാളെ  പണിക്ക് പോകുമ്പോ ഒരു പൊതി ചോറ് തന്നേക്കണം.,ഒരച്ചാര്‍ മാത്രം മതി..കറിയൊന്നും വേണോന്നില്ല..ഹോട്ടലീന്ന് കഴിച്ചാ പത്തിരുപതുറുപ്യ കൊടുക്കണം..ഇനിയിപ്പൊ എല്ലാം ഒന്ന്‍ കാര്യായിട്ട് ശ്രദ്ധിക്കണം..കീശേന്നു പോണത്‌ കൈ അറിയണം...ഒരുറുപ്യ ആയാലും."

                                                                     അവര്‍ നടന്ന്‍ പോകുമ്പോള്‍ അവര്‍ക്ക്‌ പുറകിലെ ഇരുട്ടില്‍ ഒരു രൂപം. അവര്‍ വീടിന്‍റെ അകത്തേക്ക്‌ കയറിയതും ആ രൂപം വെളിച്ചത്തില്‍..അയാള്‍ നടന്ന്‍ വീടിന്റെ വരാന്തയില്‍ കയറി  പുറത്തെ മുറിയിലേക്ക്‌..മുറിയില്‍ ഒരു പെണ്‍കുട്ടി..അവള്‍ അയാളെ കണ്ടപ്പോള്‍ ചിരിയോടെ..

   "ഇതെവിടെ പോയി??"

   "ഞാനൊന്ന്‍ പുറത്ത്‌ വരെ.."

                                                                       അയാള്‍ അവളുടെ കൈ പിടിച്ച് എന്തോ ചിന്തയോടെ..

   ''സുമീ..എനിക്കൊരു കാര്യറിയണം, നിനക്ക് നിന്‍റെ ചേട്ടനോടും, ഈ കുടുംബത്തോടും ഉള്ള സ്നേഹം..അതെത്രയാന്നു??"

                                                                       അവള്‍ ഒരു നിമിഷം നിശബ്ദമായി..പിന്നെ അയാളുടെ ചുമലില്‍ തല ചായ്ച്ച്, ആ സുഖം ആസ്വദിച്ച്..

    "ദൈവത്തെ പോലെയാ ഏട്ടന്‍...ഏട്ടന്റെ ഉണ്ണിയായി ജനിക്കാനായതാ എന്‍റെ ഭാഗ്യം.."

    "എന്നാ ഞാന്‍ പറയുന്നത് നീ കേള്‍ക്കണം..നിനക്ക് ആവശ്യമുള്ള ആഭരണം മാത്രം എടുത്ത്‌ ബാക്കിയെല്ലാം എനിക്കിപ്പോ തരണം.കഴുത്തില്‍ ഞാന്‍ കെട്ടിയ ആ താലി പോലെ ഇനിയും അധ്വാനിച്ച് നിനക്ക്‌ വേണ്ടത്‌ ഞാനുണ്ടാക്കി തരും..ഇതൊരു വാക്കാ.."

                                                                         സുമിത്രയെന്ന ഉണ്ണി ഒരല്‍പ നേരം സംശയിച്ച് നിന്ന് പിന്നെ അലമാര തുറന്ന്‍ ആഭരണങ്ങള്‍ എടുത്ത് ഒരു കവറിലാക്കി അയാള്‍ക്ക് നേരെ നീട്ടി.അയാള്‍ അത് വാങ്ങി ഒന്നും മനസ്സിലാകാതെ നില്‍ക്കുന്ന അവളെ ചേര്‍ത്ത്‌ പിടിച്ച് മുറിയില്‍ നിന്നും പുറത്തേക്ക്.അവിടെ ഒരു ഇരുമ്പ് കസേരയില്‍ കണ്ണന്‍..വീണ്ടും ആലോചനയുടെ ലോകത്ത്‌..അവരെ കണ്ടതും കണ്ണന്‍ എഴുന്നേറ്റ്‌ ഒരു ചിരിയോടെ നോക്കി നില്‍ക്കുന്നു..

   ''കണ്ണാ..അളിയാ..പെങ്ങളെ പൂര്‍ണ്ണമായ ഇഷ്ട പ്രകാരമാണോ എനിക്ക് കെട്ടിച്ച് നല്‍കിയത്‌??"

                                                                          ആ ചോദ്യം കേട്ട് കണ്ണന്‍ മാത്രമല്ല ഉണ്ണിയും, അടുക്കള വാതിലില്‍ നിന്ന അമ്മയുമൊന്നു ഞെട്ടി..കണ്ണന്‍ ഉള്ളില്‍ ഭയത്തോടെ അയാളുടെ അടുത്ത്‌ വന്ന്‍ അളിയന്‍റെ ചുമലില്‍ പിടിച്ച്..

   "എന്താ അളിയാ..ഇപ്പോള്‍ ....ഉണ്ണി വല്ലതും???

                                                                          ഭീതിയോടെ അനുജത്തിയെ നോക്കി നില്‍ക്കുമ്പോള്‍ അയാള്‍ കയ്യിലിരുന്ന ആഭരണത്തിന്റെ കവര്‍ കണ്ണന്‍റെ കയ്യില്‍ കൊടുത്ത്‌..

   "കണ്ണാ..ഞാനും രണ്ടു പെങ്ങന്മാരുടെ കല്യാണം തനിച്ച് നടത്തിയവനാ..വഴിയില്‍ കള്ളും കുടിച്ച് മറിയുന്ന ഒരച്ഛന്‍ കുടുംബം മറന്നപ്പോള്‍ ചോര നീരാക്കി കുടുംബം മുന്നോട്ട് കൊണ്ട് പോയ ഒരുവന്‍..രണ്ട് പെങ്ങന്മാരെ കെട്ടിച്ച് വിടാന്‍ ഞാനോഴുക്കിയ വിയര്‍പ്പ്, അതിനു അനുഭവിച്ച വേദന..അതിന്‍റെ അനുഭവം മുന്നിലുള്ളത് കൊണ്ട് മനസ്സ്‌ തൊറന്ന് പറയാ..എനിക്ക് വേണ്ടത്‌ അമൂല്യമായ ഒരു വസ്തു മാത്രാ..കൊറേ വീടുകള്‍ കയറിയിറങ്ങി പെണ്ണ് കണ്ട് കണ്ടെത്തിയ ആ നിധി ഇന്ന്‍ കാലത്ത് മൊതല്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗായി.. സ്നേഹിക്കാന്‍ മാത്രമറിയുന്ന നിങ്ങളുടെ ഉണ്ണി..ബാക്കി ഒന്നും വേണ്ടാ..ഒരു ലോഹവും അതിന് സമമല്ല.."

                                                                           കണ്ണന്‍റെയും, ഉണ്ണിയുടെയും നിറഞ്ഞ കണ്ണുകള്‍ അയാളിലേക്ക്..വിശ്വസിക്കാന്‍ കഴിയാതെ.അയാള്‍ ഒരു വലിയ കാര്യം സിദ്ധിച്ച സന്തോഷത്തോടെ..

    "മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ മാത്രാ ഞാന്‍ ഈ വീട്ടീന്ന് ചോദിച്ചത്..അതെനിക്ക് കിട്ടി..അവളെ ഞാനിവിടുന്ന്‍ കൊണ്ടോകുമ്പോ അതില്‍ അവളുടെ  സഹോദരന്‍റെ ഇനിയുള്ള ജീവിതം തീരാ കട കയത്തിലാക്കിയിട്ടാകരുത്..ഈ നിമിഷം മുതല്‍ (ഉണ്ണിയെ ചേര്‍ത്ത്‌ പിടിച്ച്) ഇവളുടെ സുഖം, സംതൃപ്തി, സന്തോഷം ഇതെല്ലാം എന്‍റെ കൂടി അവകാശമാണ്,,അതോണ്ട് പൂര്‍ണ്ണ സമ്മതത്തോടെ പറയട്ടെ..ഇത് ഞങ്ങള്‍ക്ക്‌ വേണ്ടാ..."

                                                                             ഒരു നിമിഷം കണ്ണന്‍ പറയാന്‍ കഴിയാത്ത ഒരു വികാരത്തിന്‍റെ ഭാവത്തില്‍ മുന്നില്‍ നില്‍ക്കുന്ന മനുഷ്യനെ നോക്കി..ഒന്നും പറയാന്‍ കഴിയാതെ അഭിമാനത്തോടെ സ്വന്തം ഭര്‍ത്താവിനെ നിറകണ്ണോടെ നോക്കി നില്‍ക്കുന്ന അനുജത്തിയെ നോക്കി..അയാള്‍ പറഞ്ഞ സ്ഥലത്ത്‌ നിന്ന് വീണ്ടും തുടങ്ങിയത് പോലെ..

     ''ആഭരണങ്ങള്‍ വേണം.. ജീവിതം വിവാഹമെന്ന ഒരു ദിവസത്തിനു വേണ്ടി തീറെഴുതി കൊടുത്ത്‌, കടം വാങ്ങി വാങ്ങുന്ന ആഭരണങ്ങള്‍ എനിക്ക് വേണ്ടാ...ഇവള്‍ക്കും വേണ്ടാ..ഒരേട്ടന്റെ ജീവിതം വിയര്‍പ്പില്‍ കുതിര്‍ത്തി വാങ്ങിയ  ഇരുപത്തിയഞ്ച് പവനേക്കാള്‍ മൂല്യം ഭര്‍ത്താവ്‌ പണിയെടുത്ത് വാങ്ങുന്ന ഒരു ഗ്രാമിനാ..അല്ലേ ഉണ്ണീ...??"

                                                                                 അവള്‍ അഭിമാനപൂര്‍വ്വം തലയാട്ടി..കണ്ണന്‍ ഒരു നിമിഷം കയ്യിലിരിക്കുന്ന കവറില്‍ നോക്കി..ഒന്നും പറയാന്‍ കഴിയാതെ നിറ കണ്ണുകളോടെ നോക്കി ..ഒരിറ്റ്‌ സന്തോഷം നിറഞ്ഞ തുള്ളികള്‍ അയാളുടെ കണ്ണിലും പൊടിഞ്ഞു..ഉണ്ണിയെ ചേര്‍ത്ത്‌ പിടിച്ച് മുറിയിലേക്ക്‌ തിരികെ പോകുമ്പോള്‍ അയാള്‍ വീണ്ടും കണ്ണന് നേരെ തിരിഞ്ഞു.ഒരു ചിരിയോടെ.

    ''അതേ...ഇന്ന് മൊതല്‍ കണ്ണനളിയന്റെ ജീവിതത്തിലും,കടത്തിലും, ലാഭത്തിലും, സുഖത്തിലും, ദുഖത്തിലും ഒരാള്‍ കൂടി കൂടെയുണ്ടന്നു കരുതിക്കോ..ഞാനുണ്ടാകും..ഞങ്ങളുണ്ടാകും...കൂടെ.."

                                                                                   കണ്ണനിലേക്ക് ഒരു സന്തോഷം പടര്‍ന്നു..കൂടെ ആരോ ഉണ്ടെന്ന പോലെ ഒരു ബലം.നിഗൂഡമായ ആഹ്ലാദത്തോടെ കണ്ണന്‍ എല്ലാവരേയും നോക്കി ആ അതിഥിയെ സ്വന്തം മനസ്സിന്‍റെ കോണില്‍ ഒരു സ്ഥാനം കൊടുത്ത്‌ പ്രതിഷ്ഠിച്ചു.

    "അളിയാ...കല്യാണം കഴിക്കാത്ത അളിയനോട് എന്‍റെ വക ഒരു ചെറ്യേ ഉപദേശം..സ്ത്രീയാണ് ഏറ്റോം വലിയ ധനം....അല്ലാതെ ചോദിച്ച് വാങ്ങുന്ന സ്ത്രീ ധനമല്ല...അതില്‍ പുരളുന്ന ഒരു കുടുംബത്തിന്‍റെ കണ്ണീരും, വേദനയും മതി ദാമ്പത്യം ആലോസരമാക്കാന്‍...ഓര്‍മ്മയില്‍ വെച്ചോ..."

    ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍..                                                                            

                                                                         

   





             



                                                           

2015, നവംബർ 19, വ്യാഴാഴ്‌ച

കുഞ്ഞുവാവ ചിത്രങ്ങള്‍.....

                                       













 ആ മുഖത്ത് നിന്ന് വീണ വാക്കുകള്‍ക്ക് മുന്നില്‍ പൊരുത്തപ്പെടാന്‍ കുറേ സമയം വേണ്ടി വന്നു.എന്നേക്കാള്‍ ഷോക്ക് അവള്‍ക്കായിരുന്നു..കുറേ നേരം ഒന്നും പറയാതെ മിഴിച്ച് നോക്കി നിന്നു..ആ വാര്‍ത്തയോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ. അവളെ ചുമലില്‍ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും.ഒന്ന്‍ കരയാതെ, ഒരു കണ്ണ്‍ നീര്‍ ഒഴുകാതെ..ഏതോ അര്‍ദ്ധ ബോധത്തില്‍..

         "ഡോക്ടര്‍..കുറച്ച് കൂടി നല്ല ചികിത്സ...പുറത്തെവിടെയെങ്കിലും.."

         "നോക്ക്..ടൂമര്‍.. മറ്റ് ആന്തരിക അവയങ്ങളിലെക്ക് സ്പ്രെഡ് ചെയ്യാതെ നോക്കാന്‍ യൂട്രസ് റിമൂവ് ചെയ്തേ പറ്റൂ..

                                                ഡോക്ടറുടെ ഉറച്ച വാക്കുകള്‍ കേട്ട് ഒരു തീരുമാനം എടുക്കാന്‍ പുറത്ത് വന്നപ്പോള്‍ ചുമരില്‍ നിറയെ കുഞ്ഞു വാവകളുടെ ചിത്രങ്ങള്‍..ഒരു കയ്യില്‍ അവളെ താങ്ങി പുറത്ത് വന്നിരുന്നു..അവളുടെ നോട്ടം ആ ചിത്രങ്ങളില്‍..അത്രക്കും ഇഷ്ടമാണ് കുട്ടികളെ..കല്യാണം കഴിഞ്ഞത് മുതല്‍ മുറിയില്‍ നിറയെ കുട്ടികളുടെ വിവിധ ചിത്രങ്ങളാണ്‌..എല്ലാം അവള്‍ പതിച്ചത്.കുറേ കൊതി തോന്നുന്ന ഓമനത്തമുള്ള കുഞ്ഞുവാവ ചിത്രങ്ങള്‍..
 അവളെ പോലെ തനിക്കും കുട്ടികള്‍ ജീവനാണ്..ആ കുഞ്ഞു കൈ കാലുകള്‍, ചിരി, കുസൃതികള്‍ അതിന് മുകളിലാണ് ദുരന്തം വല വിരിച്ചിരിക്കുന്നത്. കുറേ നേരം അവിടെ തന്നെ ഇരുന്നു..അവളുടെ മുടിയില്‍ തഴുകി ചേര്‍ത്ത് പിടിച്ച്..അപ്പോഴെല്ലാം ചുവരിലെ കുഞ്ഞുവാവ ചിത്രങ്ങള്‍ നോക്കി ചിരിച്ചു..കൊതിപ്പിച്ചു.ഒടുവില്‍ തീരുമാനം പോലെ അവളുടെ ചെവിയില്‍ ഉമ്മ വെച്ച് പതുക്കെ പറഞ്ഞു..

         "മോളൂ...നമുക്ക് ഒപ്പ്രേഷന്‍ നടത്താം..എത്രയും വേഗം തന്നെ"

                                                 അവളപ്പോഴും ചുവരിലെ കുട്ടികളുടെ കുസൃതിയില്‍ നോക്കി..ഒരു വാക്ക് പറയാതെ..ഒന്ന്‍ പ്രതികരിക്കാതെ..പേടി തോന്നുന്നു.. ഇനി മുന്നില്‍ വരാന്‍ പോകുന്ന ദിനങ്ങളോര്‍ത്ത്.അവളെ കുറിച്ചും, പിന്നെ വീടിനെ കുറിച്ചും..ഇതറിയുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍, കുറ്റപ്പെടുത്തലുകള്‍. അവളെ കല്യാണം കഴിക്കുമ്പോള്‍ ആരംഭിച്ച എതിര്‍പ്പുകള്‍ക്ക് മൂര്‍ച്ച കൂടാന്‍ പോകുന്നു.

                                                  കോളേജില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ കുറേ കുട്ടികളുടെ കൂട്ടത്തില്‍ ആദ്യമായി അവളെ കണ്ടപ്പോള്‍ മനസ്സ് പറഞ്ഞു.."ഇവള്‍ നിന്‍റെതാണ്.." പിന്നെ തുറന്ന്‍ പറഞ്ഞപ്പോള്‍ ആദ്യം അവള്‍ ഒന്നും പറഞ്ഞില്ല..മനസ്സില്‍ പ്രണയം മൂര്‍ച്ചിച്ച് ഒരു ദിവസം വരാന്തയില്‍ തടഞ്ഞ്‌ നിര്‍ത്തിയപ്പോള്‍ അവള്‍ കണ്ണീരോടെ മുഖത്ത് നോക്കി പറഞ്ഞു...

     "എനിക്കതിന് അര്‍ഹതയില്ല..എന്നെ കുറിച്ച് കൂടുതല്‍ അന്വേക്ഷിക്കാതെ. വേണ്ട..ശരിയാകില്ല.."

                                                   മുന്നോട്ട് പോകാന്‍ സമ്മതിച്ചില്ല..ഒടുവില്‍ അവള്‍ മാര്‍ഗ്ഗമില്ലാതെ തുറന്ന്‍ പറഞ്ഞു..

       "ഞങ്ങള്‍ താഴ്ന്ന ജാതിക്കാരാണ്."

                                                  അവളെ ചേര്‍ത്ത് പിടിച്ച് അന്ന്‍ കൊടുത്ത ഒരു വാക്ക്. അത് ഇത് വരെ തെറ്റിച്ചിട്ടില്ല..

       "ഞാന്‍ സ്നേഹിച്ചത് നിന്നെയാണ്..നിന്‍റെ രൂപത്തെ..നിന്‍റെ മനസ്സിനെ. അതിനൊരു ജാതി തടസ്സമാകണ്ടാ..വെറും വാക്കല്ല..എന്‍റെ മനസ്സാ നിനക്ക് തരുന്നത്..ഇന്ന്‍ മുതല്‍ എന്നേക്കും എന്‍റെ പെണ്ണായി  നീ മാത്രം.."

                                                    ഒത്തിരി തടസ്സങ്ങള്‍, ഭീക്ഷണികള്‍, അമ്മയും, ചില ബന്ധുക്കളും പെങ്ങന്മാരും കൂട്ടം നിന്നെതിര്‍ത്തു. അച്ചന്‍ മാത്രമായിരുന്നു  നിസംഗതയോടെ നിന്നത്..പറഞ്ഞ വാക്കില്‍ നിന്നും ഒരടി പിന്മാറാതെ എതിര്‍ത്ത എല്ലാവരേയും സ്നേഹം കൊണ്ട് നേരിട്ട് ഒടുവില്‍ അവരുടെ സമ്മതത്തോടെ ഒന്നായത് ആറു മാസം മുന്‍പ് മാത്രമാണ്..ഇതറിയുമ്പോള്‍ വീണ്ടും ഉയരുന്ന ശബ്ദങ്ങള്‍..എതിര്‍പ്പുകള്‍.

                                                      എല്ലാമോര്‍ത്ത് വീണ്ടും അവളെ മുറുക്കി പിടിച്ചു.. കുറേ നേരമായി കാത്തിരുന്ന പ്രതികരണം പോലെ അവള്‍ എന്നെ നോക്കി.. കണ്ണുകളില്‍ ആഴത്തില്‍ നിഴല്‍ കെട്ടിയ ദുഃഖം ഒന്ന്‍ പെയ്യാന്‍ കഴിയാതെ മൂടി നില്‍ക്കുന്നു. പിന്നെ അവള്‍ പതുക്കെ സമ്മതം പോലെ തലയാട്ടി.എങ്കിലും ചുമരില്‍ പതിച്ച കുഞ്ഞുവാവ ചിത്രങ്ങളിലായിരുന്നു.ചേര്‍ത്ത് പിടിച്ച് വീണ്ടും ഡോക്ടറുടെ അടുത്ത് ചെന്ന്‍ നാലു കണ്ണുകളില്‍ നിന്നും ഓരോ തുള്ളി കണ്ണീര്‍ വീഴ്ത്തി സമ്മത പത്രം ഒപ്പിട്ടു കൊടുത്തു..

******                                                            ******                                                        *******
                             

                                                            വെളുത്ത തുണിയില്‍ പൊതിഞ്ഞ് മയങ്ങി കിടക്കുന്ന ആ രൂപത്തെ നോക്കി ആ കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ ആയിരിക്കുന്നു..ഇതിനിടയില്‍ വിശപ്പ്, ദാഹം ഇതൊന്നുമറിഞ്ഞില്ല..അവള്‍ ബോധമില്ലാതെ, ഉള്ളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുവയവമില്ലാതെ  നിദ്രയില്‍..ഉണരുമ്പോള്‍ അടുത്ത് ഉണ്ടാകണം..അവള്‍ മെല്ലെ പരിഭ്രമത്തിന്റെ കണ്ണുകള്‍ തുറന്ന്‍ ചുറ്റും നോക്കി..അടുത്ത് ഞാന്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..ജീവിതത്തിലെ പ്രധാന മോഹം നഷ്ടപ്പെട്ട ആ കണ്ണ് നീര്‍ പിന്നെയൊരിക്കലും തോര്‍ന്നില്ല..കുറവുകളെ കൂട്ടി കാണിക്കുന്നവര്‍ കുത്തി നോവിച്ചപ്പോള്‍ അതൊരിക്കലും വറ്റാത്ത കണ്ണീരുറവ മാത്രമായി..മാസങ്ങള്‍ കഴിഞ്ഞിട്ടും..

       "നോക്ക് ഞങ്ങള്‍ക്ക് ലാളിക്കാന്‍ കൊച്ചുമക്കള്‍ വേണം..അതും മകന്‍റെ പരമ്പരയില്‍ ജനിച്ച.." (അമ്മയുടെ വാദമുഖം.)

        "പ്രസവിക്കാന്‍ കഴിയാത്ത ഒരു പെണ്ണിനെ നീയ് എത്ര കാലം കൊണ്ട് നടക്കും..അവളുടെ സമ്മതത്തോടെ പരസ്പരം വേര്‍പിരിയുക. വേറെ നല്ല പെണ്ണിനെ ഞങ്ങള്‍ കണ്ടെത്താം..എത്രേം വേഗം...(മൂത്ത സഹോദരിയുടെ വക)

      "ഇതൊരു കണക്കിന് നിന്നെ പറ്റിച്ചതാ..എല്ലാം മറച്ച് വെച്ച് ചതിച്ചതാ (ഇളയ സഹോദരി).

                                                               അങ്ങിനെ ഓരോ ദിവസവും ഓരോരോ കാരണം പറഞ്ഞ്കുത്തു വാക്കുകള്‍..അതവളുടെ ചെവിയിലും..ഒരു രാത്രിയില്‍ നനഞ്ഞ തലയിണയില്‍ ഇരുളില്‍ കൈ പതിഞ്ഞപ്പോള്‍ ഇരുളില്‍ ബെഡ് ലാംബ് തെളിയിച്ചപ്പോള്‍ കരഞ്ഞു തളര്‍ന്ന അവള്‍..ഒടുവില്‍ ഒരു അപേക്ഷയും..

   "എന്നെ വേണ്ടാന്ന് വെച്ചൂടെ..എന്തിനാ ഒരു കുഞ്ഞി കാല് തരാന്‍ കഴിവില്ലാത്ത എനിക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്നത്??"

                                                              മറുപടിയൊന്നും പറയാതെ അവളെ നഗ്നമായ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു.മുറിയിലെ ചുവരില്‍ കല്യാണത്തിന് ശേഷം അവള്‍ പതിച്ച കുഞ്ഞുവാവകളുടെ ചിത്രങ്ങള്‍ നേര്‍ത്ത വെട്ടത്തില്‍ കരയുന്നത് പോലെ തോന്നി..എവിടെയോ ഇരുളില്‍ ഒരു കൊച്ചു കുഞ്ഞിന്‍റെ കരച്ചില്‍..പതുക്കെ അവളുടെ മുടിയിഴകളില്‍ തഴുകി അവളെ നെഞ്ചില്‍ ചേര്‍ത്ത് ഉറക്കി..പിന്നെ നെരം വെളുക്കും വരെ കാത്തിരുന്നു. ആ മുഖം നോക്കി ഉണരുന്നത് നോക്കി...

     "നീയിത് വരെ ഞങ്ങള്‍ക്ക് ഒരു മറുപടി തന്നില്ലാ..സ്വന്തം ജീവിതം കൊണ്ടാ നീ കളിക്കുന്നത്..മക്കളില്ലാത്ത അവസ്ഥ ഒരു ഫാഷനായി കരുതണ്ടാ.."

                                                                  അവസാന തീരുമാനത്തിന് കാത്ത് നില്‍കുന്നവര്‍..അവളുടെ സിന്ദൂരം തുടച്ച് മാറ്റി, താലി പൊട്ടിച്ച് തെരുവില്‍ വലിച്ചെറിയാന്‍ കാത്തിരിക്കുന്നവര്‍, തന്നെ സ്നേഹിക്കുന്നവര്‍, കൂടെ പിറന്നവര്‍..

    "പറയെടാ..ഒരു കുഞ്ഞുണ്ടെങ്കിലോ ജീവിതം പൂര്‍ണ്ണമാകൂ..അതിന് കഴിയാത്ത ഒരു പെണ്ണിന്‍റെ കൂടെ കഴിഞ്ഞ്." (ആരുടെയോ വക)

                                                                    തല മാറ്റി പിടിച്ച് വിദൂരതയില്‍ നോക്കി നിന്ന ഞാന്‍ അവര്‍ക്ക് നേരെ തിരിഞ്ഞു..മുന്നില്‍ അമ്മയും, സഹോദരിമാരും..

     " നിങ്ങളില്‍ ആര്‍ക്കെങ്കിലും ഇത് പോലൊരു അവസ്ഥ വന്നിരുന്നെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവ് ഉപേക്ഷിക്കമായിരുന്നോ?? അമ്മ പറയണം..അച്ഛന്റെ സുഖത്തിലും, ദുഖത്തിലും കൂടെ നിന്നവളാണ് അമ്മ..താലി എന്ന് പറയുന്നത് ഒരു വാഗ്ദാനമാണ്..എന്ത് വന്നാലും കൂടെ നില്‍ക്കുമെന്നും, സംരക്ഷിച്ച് കൊള്ളുമെന്നും ദൈവ സന്നിധിയില്‍ വെച്ച് ഒരു പെണ്ണിന് നല്‍കുന്ന വാഗ്ദാനം...ഉപാധികളില്ലാത്ത സത്യമാണ് സ്നേഹം..എനിക്കും, അവള്‍ക്കും, നിങ്ങള്‍ക്കെല്ലാവര്‍ക്കും..

                                                                 കുറച്ച് സമയത്തേക്ക് എല്ലാവരും നിശബ്ദമായി. തിരിച്ചറിവ് പോലെ മാറിയ മുഖഭാവം..

     " നോക്ക് നിങ്ങളുടെ തീരുമാന പ്രകാരം അവളെ ഈ നിമിഷം മുതല്‍ ഞാന്‍ വേണ്ടാന്ന് വെക്കാം..പക്ഷെ ഒന്നോര്‍ക്കുക..ഞാന്‍ വേര്‍പിരിയാന്‍ പോകുന്നത്, വേണ്ടാന്ന് വെക്കുന്നത് എന്‍റെ ജീവനാണ്..അവളില്ലാതെ .ജീവന്‍ ഒരിടത്തും, ശരീരം ഒരിടത്തുമായി ജീവിക്കാന്‍ കഴിയില്ലെനിക്ക്. ഒരു ദിവസം പോലും അച്ഛനെ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അമ്മയ്ക്ക് എന്‍റെ വേദന മനസ്സിലായേക്കും."

                                                                    എല്ലാ എതിര്‍പ്പുകളും അലിഞ്ഞു കണ്ണീരായി താഴെ വീണു..തിരച്ചറിവ് പകര്‍ന്ന് കിട്ടിയവര്‍. ഒടുവില്‍ നിസംഗനായി നിന്ന അച്ഛന്‍ മൌനംഭജിച്ചു.

   "നിന്‍റെ തീരുമാനങ്ങളാണ് നിന്‍റെ ശരി..അത് അന്നും, ഇന്നും, എന്നും..ആ ശരിക്ക് അച്ചനുണ്ടാകും കൂട്ടിന്..."

                                                                     അതൊരു തിരച്ചറിവ് തന്നെ ആയിരുന്നു. മുറിയിലേക്ക് ചെല്ലുമ്പോള്‍ കിടക്കയില്‍ കമിഴ്ന്നു കിടന്ന് കരയുന്ന അവളെ പതുക്കെ പിടിച്ചുയര്‍ത്തി. ചുമരിലെ കുഞ്ഞു വാവ ചിത്രങ്ങള്‍ നോക്കി അവളുടെ നെറ്റിയില്‍ ഒരുമ്മ നല്‍കി...

   "ഞാന്‍ പോയേക്കാം ഏട്ടാ..ഒരമ്മയാകാന്‍ യോഗ്യതയില്ലാത്ത എന്നെ എന്തിന് മാറാപ്പ് പോലെ കൊണ്ട് നടക്കുന്നു..കളഞ്ഞൂടെ..?

     പോകാം..നമുക്ക് ഒരിടം വരെ പോകാം..വേഗം റെഡിയായി വാ..."

                                                                   അവള്‍ അവിശ്വസനീയമായ ഒരു ഭയ ഭാവത്തില്‍ നോക്കി..പിന്നെ സംശയത്തോടെ എഴുന്നേറ്റ് വസ്ത്രം മാറാന്‍ പോയി..മുറിയിലെ കുഞ്ഞു വാവ ചിത്രങ്ങള്‍ ചിരിക്കുന്നത് പോലെ..എന്നെ നോക്കി കുസൃതി കാണിക്കുന്നത് പോലെ..വസ്ത്രം മാറി തിരികെ വന്നപ്പോഴും ആ കണ്ണുകളില്‍ ഒരു ഭയം നിഴലിച്ചു കണ്ടു. ഒഴിവാക്കപ്പെടാന്‍ പോകുന്ന പോലെ ഒരു സംശയം മുഖത്ത് നിഴലിട്ടു..അവളെ ചേര്‍ത്ത് പിടിച്ച് അച്ഛനേയും, അമ്മയേയും വിളിച്ച് അവരുടെ പാദങ്ങളില്‍ നമസ്ക്കരിച്ച് ഞാന്‍ പറഞ്ഞു..

     "എന്‍റെ തീരുമാനങ്ങള്‍..അതാണ് എന്‍റെ ശരി..ആ ശരികള്‍ക്ക് എന്നും അച്ഛനും, അമ്മയും കൂടെയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.."

                                                                  ഇരുവരും ഒന്നും മനസ്സിലായില്ലെങ്കിലും അനുഗ്രഹിച്ചു..അപ്പോഴും അവളുടെ കണ്ണുകളില്‍ സംശയം, ഭയം, കാറില്‍ കയറി മുന്നോട്ട് പോയപ്പോഴും, പോകുന്ന വഴികളിലും അതേ ഭയം..ഒടുവില്‍ ആ വലിയ കെട്ടിടത്തിനു മുന്നിലെത്തിയപ്പോള്‍ അവള്‍ അവിശ്വസനീയമായ ഒരു നോട്ടം എന്നെ നോക്കി..അവളെ ചേര്‍ത്ത് പിടിച്ച് ആ കെട്ടിടത്തിന്‍റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കണ്ട ഭയ ഭാവം മാറി അവിശ്വസനീയ ഭാവം മുഖത്ത്..

                                                                     ഇടനാഴിയില്‍ നിന്നും പ്രധാന ഹാളിലേക്ക് തിരിയുന്ന മുറിയില്‍ കളിപ്പാട്ടങ്ങള്‍ നിറഞ്ഞ തറയില്‍ ഒരു പുല്ല് പായയില്‍ കിടന്ന് അവന്‍ എന്നേയും, അവളേയും നോക്കി ചിരിച്ചു.."ലോകത്തിലെ ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരു കളങ്കവുമില്ലാത്ത ചിരി..ആ ചിരി കണ്ടപ്പോള്‍ അവള്‍ അത് വരെ മുഖത്ത് വെച്ച അവിശ്വസനീയമായ ഭാവം മാറ്റി ഒരു അമ്മ വാത്സല്യം നിറച്ചു..ചിരിയോടെ നില്ക്കുമ്പോള്‍ "വീണ്ടും ഭൂമിയില്‍ ദൈവത്തിന്‍റെ വരദാനം പോലെ ഏറ്റവും മനോഹരമായ രണ്ട്‌ വാക്കുകള്‍ അവളെ നോക്കി അവന്‍ വിളിച്ചു,,

     "മ്മ..മ്മ..മ്മ"

                                                                     അത് വരെ പിടിച്ച് നിന്ന അവള്‍ ഒരു കരച്ചിലോടെ അവനെ വാരിയെടുത്ത്..ഒരമ്മയില്‍ നിന്നും ആദ്യം പിറന്ന് വീഴുന്ന കുഞ്ഞിന് കിട്ടുന്ന ഉമ്മകളുടെ തീരാപ്രവാഹം..എന്‍റെ കണ്ണിലും, അവന്‍റെ പിന്നില്‍ നിന്നിരുന്ന അമ്മ സന്യാസിനിമാരുടെ കണ്ണിലും കണ്ണ് നീര്‍ നിറച്ച് ഭൂമിയില്‍ ദൈവത്തിന്‍റെ സാമീപ്യമുള്ള ഏറ്റവും സുന്ദരമായ "അമ്മയും കുഞ്ഞുമെന്ന " കാഴ്ച നല്‍കി അവളും, അവനും..മനസ്സില്‍ ആയിരം മടങ്ങ്‌ സന്തോഷത്തോടെ ഞാന്‍ ആ അനാഥാലയത്തിലെ അമ്മയുടെ കയ്യില്‍ നിന്നും ആ കടലാസ്സുകള്‍ വാങ്ങി..അവന്‍റെ, ഞങ്ങളുടെ ജീവിതം മാറ്റി എഴുതാനുള്ള ദൈവത്തിന്‍റെ സ്വന്തം അക്ഷരങ്ങള്‍...

                                                                     അപ്പോഴും ഇത്രയും കാലം കാത്തിരുന്ന മാതൃത്വം ആ കുഞ്ഞു വാവയോടു പറഞ്ഞു തീരാന്‍ കഴിയാത്ത വാത്സല്യം പകരുകയായിര്‍ന്നു...ഇന്നും, എന്നും, എന്നേക്കും...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
                                                                   
                                                             
                                                                   

                                                                 




















                                                         

     

     










നൂര്‍ജ്ജഹാന്‍...

                                                               

                                                                     
                                                                     പഴയ മാതൃഭൂമി കലണ്ടറില്‍ പൊതിഞ്ഞ ആ പുസ്തക ചട്ട എനിക്ക് ഏഴ്-ബി യുടെ അടുത്തെ ചവറ്റ് കുട്ടയില്‍ നിന്നാണ് കിട്ടിയത്.ആരും കാണാതെ അതെടുത്ത് ഷര്‍ട്ടിനുള്ളില്‍ തിരുകി ചുറ്റും നോക്കി ക്ലാസ്സിലേക്ക്.കളിക്കാന്‍ വിട്ട സമയം..ക്ലാസ്സില്‍ ഉണ്ടുണ്ണി എന്ന ഉണ്ണിക്കണ്ണന്‍ മാത്രം..പിത്തം പിടിച്ച ചെക്കനാ..ഇപ്പോഴും ഉറക്കം..അവന്‍ ഡെസ്കില്‍ തല ചായ്ച്ച് ഉറങ്ങുന്നു..

                                                                      ഒന്ന് കൂടി ചുറ്റും നോക്കി ഷര്‍ട്ടിനുള്ളില്‍ നിന്നും ആ പഴഞ്ചന്‍ കടലാസ്സ് വെളിയിലെടുത്തു. അതില്‍ ഒരു കോണില്‍ ഒട്ടിപ്പോ നെയിസ്ലിപ്പില്‍ പേന കൊണ്ട് എഴുതിയ മങ്ങിയ അക്ഷരങ്ങള്‍.

             "നൂര്‍ജ്ജഹാന്‍ .കെ.എ"
               7 A,
               ബാലനുബോധിനി സ്കൂള്‍, മേത്തല "

                                                                         മനസ്സില്‍ അത് വരെ അറിയാത്ത ഒരു വികാരം പൊട്ടി വീണു."അവളെ കാണുമ്പോള്‍, ക്ലാസ്സില്‍ ഇരിക്കുമ്പോള്‍, അവള്‍ സംസാരിക്കുമ്പോള്‍, ചിരിക്കുമ്പോള്‍ തോന്നുന്ന അതേ വികാരം.ആരും കാണാതെ വേഗം പുസ്തക സഞ്ചിയില്‍ വെച്ചു..ഇതും കൂടി കൂട്ടി നാലാമത്തെ സാധനാ അവളുടെ കയ്യില്‍ നിന്നും കിട്ടിയത്..അവളറിയാതെ.."ഒരു ചോരകട്ട പെന്‍സില്‍, ഒരു വളപ്പൊട്ട്, പിന്നെ വിയര്‍പ്പ് പുരണ്ട ഒരു കര്‍ചീഫ്‌..ആരും കാണാതെ വീട്ടില്‍ പഴയ വീഞ്ഞപ്പെട്ടിയില്‍ ഒളിപ്പിച്ച് വെച്ച അമൂല്യ വസ്തുക്കള്‍..

                                                                          നൂര്‍ജ്ജഹാനെ കാണുമ്പോള്‍ മനസ്സ് പിടക്കാന്‍ തുടങ്ങിയിട്ട് രണ്ട്‌ മാസമാകുന്നു..കൃത്യമായി പറഞ്ഞാല്‍ മൂക്കിന്‍ തുമ്പിലെ ചെമ്പന്‍ രോമങ്ങളില്‍ കറുത്ത നിറം പടരാന്‍ തുടങ്ങിയ ദിവസം. അവളുടെ കൈതണ്ടയും, കാലുകളും, ചുണ്ടും, മുഖവും ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസം മൂരി നൗഷാദ് ചോദിച്ചു..

            "നിനക്കവളെ ലവ്വാ..??" ഞങ്ങളെ ജാതി കൂടണ്ടി വരും..അവളെ കെട്ട്യാ.."

            "പോടാ..വെറുതെ വല്ലോം പറയാണ്ട്.."

                                                                          ഇടക്ക് ക്ലാസ്സിലിരിക്കുമ്പോള്‍ അവന്‍ തന്നെയാണ് ചെവിയില്‍ പറഞ്ഞത്..ഒരു വെള്ളിയാഴ്ച ദിവസം ഉച്ചക്ക് പോത്തിറച്ചി മണക്കുന്ന അവന്‍റെ മുഖം എന്‍റെ ചെവിയില്‍ പറഞ്ഞു..

           "ടാ..മകിടീസുനി..നൂര്‍ജ്ജഹാന്‍ നെന്നെ ഒളി കണ്ണിട്ട് നോക്കണ ഞാന്‍ കണ്ടു.."


                                                                          മനസ്സില്‍ ഒരായിരം മഴവില്ല് വിരിഞ്ഞ് ഞാനവനെ നോക്കി.അവന്‍ ബുക്കില്‍ നിന്നും ഒരു പേജ് കീറിയെടുത്ത്

          "നമുക്ക് നോക്കാം..അവക്ക് നിന്നോട് ലവ്വ്‌ ആണോന്ന്..അതിനൊരു സൂത്രണ്ട്.."

                                                                          അവന്‍ ആ കടലാസ്സില്‍ " FLAME" എന്നെഴുതി എന്‍റെയും, അവളുടെയും പേരുകള്‍ ചേര്‍ത്ത് എണ്ണാന്‍ തുടങ്ങി..ആദ്യം"E" വെട്ടി അവന്‍ ശ്വാസം വിട്ട് പറഞ്ഞു..

         "ശത്രു അല്ല"..ഡാ"L" വന്നാല്‍ എനിക്ക് കിളീടെ ചായപീടിയേന്ന്‍ സവാള വട വാങ്ങി തരോ??

                                                                            യാന്ത്രികമായ കുറേ വെട്ടലുകള്‍, എണ്ണി തിട്ടപ്പെടുത്തല്‍...ഒടുവില്‍ ബാക്കിയായത് " F" എന്ന അക്ഷരവും,"L"എന്ന അക്ഷരവും..അവസാന കൂട്ടി വെട്ടി തിരുത്തലിന് മുന്നില്‍ അവന്‍ എന്നെ നോക്കി.ഒരു ചെറിയ പരിഭ്രമത്തോടെ..

         "F'' വന്നാ പ്രേണ്ട്.."L" വന്നാല്‍ ലവ്വ്‌...

                                                                            അവസാനം അവന്‍ വെട്ടി വിയര്‍ത്ത് കടലാസ്സില്‍ അവസാനത്തെ വെട്ട് വെട്ടി ഒരു നെടുവീര്‍പ്പോടെ വിയര്‍പ്പ് തുടച്ച് സന്തോഷത്തോടെ എന്നെ നോക്കി..ആ കടലാസ്സില്‍ അവശേഷിച്ചത് "F".

       "പ്രെണ്ടാ..ലവ്വല്ലാ.."

                                                                            അവന്‍ പുഞ്ചിരിയോടെ വീണ്ടും കടലാസ്സില്‍ " FLAME" എന്നെഴുതി..ഒരു കള്ളച്ചിരിയോടെ എന്നേയും, എതിര്‍ വശത്തിരിക്കുന്ന നൂര്‍ജ്ജഹാനേയും

       "ഇനി ഞാനും അവളും തമ്മിലോള്ളത് നോക്കട്ടെ..ചെലപ്പ അവള് നോക്കണത് എന്നെയാണങ്കിലോ??"

                                                                               അവനോട് ദേഷ്യം തോന്നി  വേഗം അകന്നിരുന്നു..തിരിഞ്ഞ് വീണ്ടും നോക്കിയപ്പോള്‍ എന്നെ നോക്കുന്ന തിളങ്ങുന്ന ഭാഗിയാര്‍ന്ന രണ്ട്‌ കണ്ണുകള്‍..ഒരു ചെറിയ ചിരി വിടര്‍ന്ന പോലെ..

       "ആതി രാവിലെ പൂ പറിക്കാന്‍ പോരുന്നോ??
        ആരെ നിങ്ങള്‍ക്ക് ആവശ്യം..."

                                                                                നൂര്‍ജ്ജഹാനും, കൂട്ടുക്കാരികളും കളിക്കുന്നത് അകലെ നിന്ന് നോക്കി. തോളില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച്, ഇടയ്ക്കിടെ എന്നെ പാളി നോക്കി..സ്കൂള്‍ ചുമരില്‍ ചാരി നിന്ന് പരിസരം മറന്ന്‍ നില്ക്കുമ്പോള്‍ കാലില്‍ ഒരു ചൂട് പടര്‍ന്നു..പൊള്ളുന്ന ചൂട്.അലറി മാറിയതും എല്ലാവരും എന്നെ നോക്കി..പിന്നില്‍ ആറാം ക്ലാസില്‍ തോറ്റ് മൂന്നാം കൊല്ലം പഠിക്കുന്ന അയ്യപ്പന്‍..കയ്യില്‍ ചൂടന്‍ കായ..അവന്‍ വീണ്ടും നിലത്തിട്ട് ഉരസി ചൂട് പിടിപ്പിക്കാനുള്ള ശ്രമം..എന്‍റെ ഒച്ച കേട്ടിട്ട് എല്ലാവരും കളി നിര്‍ത്തി..പിന്നെ സംഗതി മനസ്സിലായപ്പോള്‍ എല്ലാവരും പൊട്ടി ചിരിച്ചു..കൂട്ടത്തില്‍ വായ പൊത്തി നൂര്‍ജ്ജഹാനും..

                                                                                  എഴാം ക്ലാസ്സിലെ കൊല്ലപരീക്ഷ അടുത്ത് വരുന്തോറും നോട്ടം കൂടി വന്നു. നോട്ടം ഇടയുമ്പോള്‍ കണ്ണുകള്‍ക്കിടയില്‍ പിടയുന്ന പറയാന്‍ കഴിയാത്ത എന്തോ ഒന്ന്‍..ഒരിക്കല്‍ അസംബ്ലി കഴിഞ്ഞ് വരുമ്പോള്‍ അറിയാതെ അവളുടെ കൈകളില്‍ തൊട്ടപ്പോള്‍ ഷോക്കടിച്ച പോലെ..എന്നാല്‍ എല്ലാം ഒരു ദീര്‍ഘ മൗനത്തില്‍ പൊതിയാന്‍ കാലം കാത്ത് വെച്ച കൊല്ല പരീക്ഷയുടെ അവസാന ദിവസം..

       "നൂര്‍ജ്ജഹാന്‍ എനിക്ക് ഒരു കാര്യം..."

                                                                                     കൂട്ടുക്കാരികളുടെ ഇടയില്‍ നിന്നും അവള്‍ മെല്ലെ എനിക്ക് നേരെ തിരിഞ്ഞു..കാത്തിരിക്കുന്ന ഒരു ചോദ്യം പോലെ..ചോദ്യം ചോദിക്കുന്നതിന് മുന്‍പ് ഒരു ഭയം നെഞ്ചില്‍ പടര്‍ന്നു..ഒപ്പം ആകാശത്തില്‍ വൃത്തമിടുന്ന ഒരു ചൂരലും, അച്ഛന്റെ ആക്രോശവും.

        "മൊട്ടേന്നു വിരിഞ്ഞില്ല..അതിന് മുന്നേ.."

        "എന്താ സുനിലേ....എന്ത് കാര്യാ..?"

                                                                                       ഒന്നും പറഞ്ഞില്ല..പകരം ചുമല്‍ മുകളിലേക്ക് ഉയര്‍ത്തി ഒന്നുമില്ലെന്നുള്ള ആംഗ്യം കാണിച്ച് നടന്നു പോയി..മനസ്സില്‍ ഒരു നൈരാശ്യം..പറയാന്‍ കഴിയാതെ പോയ പ്രണയത്തിന്‍റെ വിങ്ങല്‍..സ്കൂള്‍ കവാടത്തിനരികെ ചെന്ന്‍ നിറ കണ്ണുകളോടെ തിരികെ നോക്കുമ്പോള്‍ ആ കണ്ണുകള്‍ കണ്ടു...എന്തോ പ്രതീക്ഷിച്ച് കാത്തിരുന്ന രണ്ട്‌ കണ്ണുകള്‍ പോലെ..പറയാന്‍ കഴിയാതെ പോയ പ്രണയം ഒരു പക്ഷെ അവളിലും ഉണ്ടായിരുന്നിരിക്കണം...നിശബ്ദമായ പ്രണയം നെഞ്ചിലേറി രണ്ട്‌ വഴികള്‍ തേടി ഓര്‍മ്മകള്‍ മാത്രമായി, ഒരിക്കലും പരസ്പരം കാണാത്ത ഒരു വേര്‍പിരിയല്‍..

         

                                                                                   

   



     

                                                                       




2015, നവംബർ 17, ചൊവ്വാഴ്ച

"ടോം-മാസില്‍ " നിന്നും തോമസുട്ടിയിലെക്ക്.."

                                               



                                                                     തമിഴ് താരത്തിന്റെ കൂറ്റന്‍ ഫ്ലക്സില്‍ തലയിലൂടെ പാല്‍ അഭിഷേകം നടത്തി "ഫ്രീക്കന്‍ ടോം-മാസ്" എന്ന തോമസുട്ടി എല്ലാവരെയും നോക്കി എല്ലാ പല്ലിന്‍റെ വൃത്തികേടുകളും, ബീഡി കറയും കാണിച്ച് ചിരിച്ച് നിന്നു..അവന്‍റെ മുഖത്തെ കൂളിംഗ് ഗ്ലാസ്സും, പിന്നെ കൂര്‍ത്ത താടിയും, പൊതി മടല്‍ തലയില്‍ കമിഴ്ത്തിയെ പോലെ വെച്ച മുടിയഴകും പിന്നെ ആ ചിരിയും ചേര്‍ന്നപ്പോള്‍ കൂടി നിന്നവര്‍ക്ക് അന്യം നിന്ന് പോകുന്ന സിംഹ വാലന്‍ കുരങ്ങ് കൊടുങ്ങല്ലൂര്‍ അശോക തിയേറ്ററിന് മുകളില്‍ വന്നിരിക്കുന്നത് പോലെ തോന്നി..

      "മോളീന്ന് ഇറങ്ങി വാടാ കൊരങ്ങാ.."

                                                           പലര്‍ക്കും തോന്നിയ കാര്യം സെകുരിറ്റിക്കാരന്‍ തുറന്ന്‍ പറഞ്ഞു..ഇത് കേട്ടപ്പോള്‍ "പ്രേമത്തിലെ നിവിന്‍ പോളിയെ പോലെ ടോം-മാസ് മുകളില്‍ നിന്നും താഴെയിറങ്ങി പൂച്ച രോമം പോലെയുള്ള മീശ പിരിച്ച്, കറുത്ത ഷര്‍ട്ടിന്റെ കൈകള്‍ തെറുത്ത് കയറ്റി, മുണ്ട് മടക്കി കുത്തി അയാള്‍ക്ക് മുന്നില്‍ ഇല്ലാത്ത നെഞ്ച് വിരിച്ച് നിന്നു..ആ ജന്തു കടിച്ചാലോ എന്നാ ഭയത്താല്‍ പാവം സെകുരിറ്റി ജീവനക്കാരന്‍ സംഭവസ്ഥലത്ത് നിന്ന് പതുക്കെ സ്കൂട്ടായി..

                                                           ഇവനാണ് ഞങ്ങ പറഞ്ഞ സാധനം..സോഷ്യല്‍ മീഡിയായില്‍ സ്വയം "ടോം-മാസ്" എന്ന് വിളിക്കുന്ന കരൂപ്പടന്ന സ്വദേശി തോമസുട്ടി.ഇദ്ദേഹം നല്ലൊരു പെയിന്റര്‍ ആണെന്ന്‍ സ്വയം പറയുന്നു..വിന്‍സെന്റ് വാന്‍ഗോഗ്, ഡാവിഞ്ചി എന്നിവരുടെ പിന്‍ തലമുറ യൊന്നുമല്ല. "ദുല്‍ഖര്‍ കുഞ്ഞുമോന്റെ " പെയിന്റടി സംഘത്തിലെ  കൂടെ വല്ലപ്പോഴും പണിക്ക് പോകുന്ന ഒരു ചെറു ബാല്യക്കാരന്‍.ആഴ്ചയില്‍ ഒരിക്കല്‍ പണി, രണ്ട്‌ ദിവസം സിനിമ റിലീസ്, പിന്നെ ബാക്കിയുള്ള ദിവസം കുടി,തീറ്റ, ഉറക്കം..ആളെ കണ്ടാല്‍ മണ്ണിര പോലെ ആണെങ്കിലും തീറ്റയെടുപ്പ് ആനയുടെ പോലെയാ..

     "നെനക്ക് നേരെ ചൊവ്വേ പണിക്ക് പോയ്ക്കൂടെ തോമാ..ആ കുഞ്ഞോന്‍ എല്ലാ ദെവസോം വന്ന് കാലത്ത് വിളിക്കണതല്ലേ.. ഞാന്‍ കണ്ടവന്റെ മില്ലീ പണിയെടുക്കാന്‍ പോയിട്ടാ മൂന്നേരം  അടുപ്പെങ്കിലും പൊകായണത്.."

       "അംച്ചീ...ദേ നിങ്ങളോട് ഞാന്‍ നൂറായിരം വട്ടം പറഞ്ഞിട്ടുണ്ട്...ന്നെ തോമാന്ന്‍ വിളിക്കരുതെന്ന്..പള്ളീ കൊണ്ടോയീ ചെറുപ്പത്തിലെ ഒരു ചടാക്ക്‌ പേരിട്ട്.അയിന്റെ പേരില് ഞാന്‍ സമൂഹത്തിന്‍റെ മുന്നീ നാറി കൊണ്ടിരിക്കേ.."

      "നാറ്റം മാറാന്‍ നന്നായൊന്നു മുങ്ങി കുളിച്ചാ മതീടാ പിശാശേ...

                                                        അന്നമ്മ താത്തി മുറ്റത്ത് നിന്നും ഒരു കവിളന്‍ മടലെടുത്ത് തൊഴിക്കാന്‍ പോയപ്പോഴേക്കും ഫ്രീക്കന്‍ ചാടി ഓടി വെട്ടുവഴിയില്‍ മറഞ്ഞു..ആ ഓട്ടം നില്‍ക്കുന്നത് ഒരു പണിയും ചെയ്യാത്ത കുറേ കവല നിരങ്ങികള്‍ കൂടുന്ന പുഴവക്കത്താണ്..ടോം-മാസ് ചെന്ന്‍ പുഴവക്കത്ത് തെങ്ങും ചാരി മാക്കാന്‍ തവളയെ പോലെ ഇരിക്കുന്ന ഷൌക്കത്തലി എന്ന ചക്കതോലിയുടെ കയ്യില്‍ നിന്നും വിക്സിന്റെ കുപ്പി പിടിച്ച് വാങ്ങി അതിനുള്ളില്‍ നിന്നും ഹാന്‍സ് എടുത്ത് വായില്‍ തിരുകി..

    "എടാ സാധനം വാങ്ങിക്കാന്‍ രീട്ടെയിലീ ആരാണ് പോണത്??

                                                         തോമസുട്ടി പോക്കറ്റില്‍ നിന്ന് കുറച്ച് മുഷിഞ്ഞ നോട്ടുകള്‍ എടുത്ത് നീട്ടി..കൂട്ടത്തിലൊരുവാന്‍ അത് വാങ്ങി എണ്ണി നോക്കി ചുളിഞ്ഞ മുഖഭാവത്തില്‍...

   "ഇത് മരുന്നിനു തെകയും..അപ്പൊ ടച്ചിങ്ങ്സ്??" കാശ് തരാതെ വാങ്ങണ ബീഫീ കയ്യിട്ട് വാരാന്‍ വന്നാ...ചളുക്കും ഞാന്‍.."

     "ടാ...ഞാന്‍ അതിലെ വേപ്പല കൊണ്ട് അട്ജസ്റ്റ് ചെയ്തോളാം.."

                                                        അന്ന്‍ വൈകീട്ട് കള്ളും മോന്തി കരിഞ്ഞ വയറുമായി വീട്ടില്‍ ചെന്നപ്പോള്‍ ചാളക്കറിയും, റേഷനരിയുടെ ചോറും..അടുക്കളയില്‍ ഒരു പലകയില്‍ കുത്തിയിരുന്ന് മൂക്ക് മുട്ടെ തിന്നുന്ന മകനെ അന്നമ്മ താത്തി വിഷമത്തോടെ നോക്കി..നാലു പെണ്ണിന് ശേഷം ഉണ്ടായ പുത്രന്‍..പെണ്മക്കളെ കഷ്ടപ്പെട്ട് അവരുടെ അപ്പന്‍ മരിച്ചിട്ടും കെട്ടിച്ചയച്ചത് അവരുടെ കൂടെ മിടുക്ക് കൊണ്ടാണ്..ഇവനൊരുത്തന്‍ മാത്രമാണ് ഉത്തരവാദിത്വം മറന്ന് ജീവിക്കുന്നത്..ചാളയുടെ മുള്ള് ചവച്ചരച്ച് അവന്‍ അമ്മച്ചിയെ നോക്കി പറഞ്ഞു...

    "കൊറച്ച് വറത്തൂടായിരുന്നു...നല്ല നെയ്‌ ചാളല്ലേ??"

                                                       അന്നമ്മ താത്തിക്ക് ദേഷ്യവും, സങ്കടവും ഒരുമിച്ച് വന്നു..മറുപടി പറയാതെ കലത്തിലെ ചോറും,ചട്ടിയിലെ കറിയും ആ വെര പോലെ ഇരിക്കുന്ന ബകാസുരന്റെ പാത്രത്തിലേക്ക് ഇട്ട് കൊടുത്തു.ചെക്കന്‍ അമ്മച്ചിയെ ഒന്ന്‍ നോക്കി വിടര്‍ന്ന കണ്ണുകളോടെ ഒരു ദുഷിച്ച വില കുറഞ്ഞ മദ്യത്തിന്‍റെ ഗന്ധമുള്ള എമ്പക്കമിട്ട് ഉരുളകള്‍ ഉരുട്ടി വായിലാക്കാന്‍ തുടങ്ങി..
അന്നമ്മ താത്തി ഒഴിഞ്ഞ പാത്രം നോക്കി കണ്ണ്‍ നിറഞ്ഞു തന്‍റെ ഒഴിഞ്ഞ വയറില്‍ ഒന്ന്‍ തടവി ചട്ടിയും, കലവുമെടുത്ത് മുറ്റത്തേ ഇരുട്ടിലേക്ക് പോയി...എന്നത്തെയും പോലെ അന്നും പട്ടിണി..ഒപ്പം വിഷമവും..

  "അമ്മച്ചി കഴിച്ചോന്നു ഒരു വാക്ക് പോലും ..ചോദിച്ചില്ല..ഇത് വരെ ചോദിച്ചിട്ടില്ല.."

                                                          പിറ്റേന്ന് രാവിലെ കുഞ്ഞുമോന്‍ വന്ന് പണിക്ക് പോകാന്‍ വിളിക്കുമ്പോള്‍ ടോം-മാസ് ചായ്പ് മുറിയില്‍ കരിമ്പടം  മൂടി പുതച്ച് കിടപ്പായിരുന്നു..അന്നമ്മ താത്തി കുറേ വിളിച്ചപ്പോള്‍ എഴുന്നേറ്റ് പല്ല് പോലും തേക്കാതെ ഒന്നര കുറ്റി ചിരട്ട പുട്ടും തിന്ന് മുടിയില്‍ കുറച്ച് വെള്ളം പുരട്ടി കൂളിംഗ് ഗ്ലാസ്സും വെച്ച് ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ പാവം  അന്നമ്മ താത്തി കുറേ നാള്‍ക്ക് ശേഷം സന്തോഷിച്ചു..ചെറുക്കന് ഒരു രാത്രി കൊണ്ട് ബോധമുദിച്ചു..പണിക്ക് പോകാന്‍ തുടങ്ങി.ഇന്ന്‍ വൈകീട്ട് വരുമ്പോള്‍ ആഴ്ചയിലെ റേഷന്‍ വാങ്ങാനെങ്കിലും പൈസ തരും..

                                                               പണിക്ക് പോയത് ഗള്‍ഫ് അബ്ദുവിന്റെ വീട് പെയിന്റടിക്കാന്‍..കാലം കുറേ ആയി ദുല്‍ഖര്‍ കുഞ്ഞുമോനോപ്പം ഫ്രീക്കന്‍ കൂടിയിട്ട്..പക്ഷെ ഇപ്പോഴും അപ്രെന്റീസ്..ഉരച്ച് മാറ്റല്‍, പുട്ടി തേച്ച് മിനുക്കല്‍, വെള്ളമൊഴിച്ച് കഴുകല്‍,  എന്നിങ്ങനെ അതി ബുദ്ധി വേണ്ട മൂന്ന് തലങ്ങളില്‍ മാത്രം അതീവ വൈദഗ്ധ്യം..പെയിന്റടിക്കാന്‍ പോയാല്‍ വൃത്തികേടിന്റെ മായാജാലം സൃഷ്ടിക്കുമെന്ന കാരണത്താല്‍ കുഞ്ഞുമോന്‍ തോമസുട്ടിക്ക് ഇത് വരെ ബ്രഷ് കൊടുത്തിട്ടില്ല..എന്നാലും വൈകുന്നേരം  അഞ്ഞൂറ് രൂപ കൂലി കൊടുക്കും..അതിനു ചില കാരണങ്ങള്‍..ദുല്‍ഖര്‍ കുഞ്ഞുമോന്‍റെ ഫേസ്ബുക്ക്, വാട്സ് ആപ്പ് സോഷ്യല്‍ മീഡിയ പ്രവേശനത്തിന്ഗുരുത്വം വഹിച്ചത് സാക്ഷാല്‍ ടോം-മാസ് തന്നെ..അതിന്‍റെ സ്മരണ, ഗുരു ദക്ഷിണ.

                                                                 അഞ്ഞൂറ് വാങ്ങി ആദ്യം കിട്ടിയ ഓട്ടോ റിക്ഷയില്‍ കയറി ബിവറേജിനു മുന്നിലെത്തിയപ്പോള്‍ അര കിലോമീറ്റര്‍ ദൂരം വരെ നീണ്ട ക്യൂ..ക്ഷമയോടെ കാത്ത് നിന്ന് സാധനം വാങ്ങി, തൊട്ടടുത്ത കടയില്‍ നിന്നും മൊബൈലില്‍  നെറ്റിനു ഫ്ലക്സി ചാര്‍ജ്ജും ചെയ്യ്തു നേരെ തട്ടുകടയിലേക്ക്., അവിടെ  നിന്നും പൊറോട്ടയും, ബീഫും, ഒരു പാക്കറ്റ് വില്‍സ് സിഗറെറ്റും  വാങ്ങി അടുത്ത ഓട്ടോ റിക്ഷയില്‍ കയറി വേഗം വീട്ടിലേക്ക്..കയ്യില്‍ അവശേഷിച്ച അഞ്ഞൂറിന്റെ അവസാന ഭാഗം ഓട്ടോ റിക്ഷയ്ക്ക് കൊടുത്ത് കാലിയായ പോക്കറ്റുമായി  വീടിനു മുന്നിലെ മങ്ങിയ വെളിച്ചത്തില്‍ വന്ന്‍ ഉറക്കെ വിളിച്ചു പറഞ്ഞു..

          "അംച്ചി  എനിക്ക് ചോറ് വേണ്ടാ....കഴിച്ച് കെടന്നോ"

                                                                  ജനലഴിയില്‍ മങ്ങിയ വെട്ടത്തില്‍ അന്നമ്മ താത്തിയുടെ ക്ഷീണമാര്‍ന്ന മുഖം..ഒരു പനിക്കോള് പോലെ ,അടഞ്ഞ സ്വരത്തില്‍ അവര്‍ ഒറ്റപൂരാടനോട് പറഞ്ഞു..

        "മോനെ..അമ്മക്ക് ഭയങ്കര മേക്കാച്ചില്‍..ഒരു പനിക്കോള് പോലെ..നീ പോയി ഒരു വിക്സ്‌ ആക്ഷന്‍ വാങ്ങി കൊണ്ടോരോ??"

                                                                  ചെറുക്കന്‍ കുപ്പിയില്‍ കാത്തിരിക്കുന്ന വീര്യവും, പൊതിയിലെ ചൂടും, വയറിന്‍റെ കാളലും  നോക്കി ഉടനെ തന്നെ വിളിച്ച് കൂവി...

         "കടയൊക്കെ പൂട്ടി പോയി അംച്ചീ...ഇനി നാളെ നോക്കാം..മൂടി പൊതച്ച് കെടന്നൊറങ്ങിക്കോ."

                                                                    അവരുടെ സങ്കടങ്ങള്‍ക്കും, വേദനയ്ക്കും മുന്നിലൂടെ തോമസുട്ടി ചായ്പിലെക്ക്..മൂക്ക് മുട്ടെ തിന്നും കുടിച്ചും രാത്രി ആഘോഷിച്ചപ്പോള്‍ അടുത്ത മുറിയില്‍ അന്നമ്മ താത്തി ചുട്ടു പൊള്ളുന്ന പനിയില്‍ ഉറക്കം വരാതെ രാത്രി മുഴുവന്‍ കഴിച്ച് കൂട്ടി.

                                                                    അതി രാവിലെ ആട്ടിന്‍ പാല് വാങ്ങിക്കാന്‍ വന്ന കുഞ്ഞുമോന്റെ മകള്‍ ഷംലയാണ് പനി മൂര്‍ച്ചിച്ച് ബോധമില്ലാതെ കിടക്കുന്ന അന്നമ്മ താത്തിയെ കണ്ടത്. അവളുടെ ഒച്ചയിലും, പരിഭ്രമവും കണ്ട് ഓടി കൂടിയവര്‍ അവരെ തക്ക സമയത്ത് ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ച ഒറ്റ കാരണം കൊണ്ട് തടി രക്ഷപ്പെട്ടു..അപ്പോഴും ശ്രീമാന്‍ ഫ്രീക്കന്‍ തലേന്ന്‍ കഴിച്ച കുപ്പിയും കെട്ടി പിടിച്ച് സ്വപ്നങ്ങളില്‍ ആകാശത്തില്‍ കണ്ട മഴവില്ലിനു നിറം കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു..  കുതഴിയിലൂടെ കടന്ന്‍ വന്ന ചൂടുള്ള സൂര്യ പ്രകാശം ശല്യമായപ്പോള്‍ അവന്‍ പതുക്കെ തല ഉയര്‍ത്തി..പാമ്പിനെ പോലെ...പിന്നെ ആടിയുലയുന്ന കവുങ്ങ് പോലെ നടന്ന്‍ അടുക്കളയിലേക്ക്...കത്തി കായുന്ന, മദ്യമെരിയുന്ന  വയറിനെ ഉടനെ എങ്ങിനെയെങ്കിലും തൃപ്തി പെടുത്തണം...

     "അംച്ചീ ചോറായാ??വിശന്ന്‍ കൊടല് കത്തി പൊരിയാണ്"

                                                                        ഉത്തരം നല്‍കാത്ത അമ്മച്ചിയെ തേടി ഫ്രീക്കന്‍ വീട് മുഴുവന്‍ അലഞ്ഞുതിരിഞ്ഞു..വീട്ടിലും, പറമ്പിലും നോക്കിയിട്ടും കാണാതെ വന്നപ്പോള്‍ ഫ്രീക്കന്‍ നേരെ കുഞ്ഞുമോന്റെ വീട്ടിലേക്ക് നടന്നു..വീടിനു മുന്നില്‍ കോഴികള്‍ക്ക് തീറ്റ കൊടുത്ത് കുഞ്ഞുമോന്റെ മകള്‍ ഷംല..ടോം-മാസിന്‍റെ ഉള്ളൊന്നു പിടച്ചു..മനസ്സില്‍ കുറേ നാളുകളായി കൊണ്ട് നടക്കുന്ന മോഹമാണു മുന്നില്‍..ഒരു വണ്‍‌വേ പ്രേമം. തോമസുട്ടി കൈകള്‍ കൊണ്ട് മുഖം തുടച്ച്, മുടിയൊന്ന് കോതി പഴയക്കാല സിനിമയിലെ നസീര്‍ സാറിനെ പോലെ ഷംലയുടെ മുന്നില്‍ വന്ന്‌ നിന്ന് അന്ന്‍ കാലത്തെ ഏറ്റവും വൃത്തികെട്ട ഒരു ചിരി ചിരിച്ചു.അവനെ കണ്ടതും കൊത്തി പെറുക്കി മുറ്റത്ത് നിന്ന പിടകോഴികള്‍ അവിടെ നിന്നും ഓടി മറഞ്ഞു..ഒരു ചാത്തന്‍ മാത്രം "എനിക്കാരാടാ എതിരാളി "എന്ന പോലെ ഒരങ്കത്തിനു തയ്യാറായി മുന്നില്‍..ഷംല ഷീലയാകാന്‍ നിന്നില്ല..അമേദ്യം കണ്ട അറപ്പോടെ അവനെ അടി മുടി നോക്കി..

    "ഷംലൂ. ഗുഡ് മോണിങ്ങ്...എന്‍റെ മമ്മി ഇങ്ങോട്ട് വന്നോ?"

                                                                           അവന്‍റെ ആംഗലേയം കലര്‍ന്ന മലയാളം കേട്ട്കോഴിചാത്തന്‍ ഒന്ന്‍ നീട്ടി കൂവി. ഷംല തീ പാറുന്ന ഒരു പെണ്‍ നോട്ടം നോക്കിയപ്പോള്‍ ഫ്രീക്കന്റെ ഉള്ളില്‍ നിന്നും ആണത്വം ഇട്ട ട്രൌസറില്‍ കൂടി ചോര്‍ന്ന്‍ പോയി..പെണ്ണിന്‍റെ മുഖം നോക്കാതെ കള്ളനെ പോലെ തല  കുനിച്ച് നിന്ന തോമസുട്ടിക്ക് മീതെ പെണ്‍ വാക്കുകള്‍ വാള് പോലെ വന്നു വീണു...

    "അമ്മേനേം നോക്കി ഇറങ്ങീരിക്കുന്നു.."തോരടന്‍"..തള്ളയെ കാലത്ത് തന്നെ ന്‍റെ ബാപ്പിച്ചി ആശുപത്രീ കൊണ്ടോയിട്ടുണ്ട്...ചാവാതിരുന്നാ ഭാഗ്യം. പെറ്റമ്മയെ നോക്കാണ്ട് കോക്കാന്‍ കോലം കെട്ടി നടക്കണ തന്നെയൊക്കെ  നല്ല കൊന്ന പത്തലൊടിച്ച് തല്ലണം..."

                                                                            പെണ്ണിന്‍റെ വാക്ക് കേട്ടതും ശ്രീമാന്‍ ഫ്രീക്കന്‍ ഒരു നിമിഷം വല്ലാണ്ടായി.അവിടെ നിന്നാല്‍ കേള്‍ക്കാന്‍ പോകുന്ന വാക്കുകള്‍ നേരിടാന്‍ ത്രാണിയില്ലാതെ റിവേഴ്സ് ഗിയറില്‍.. വീട്ടിലേക്ക് തിരികെ നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഷംലയുടെ ശബ്ദം വീണ്ടും കേട്ടു..

    "പണിയെടുത്ത് സ്വന്തം തള്ളയെ നോക്കാത്തോനാ പ്രേമിക്കാന്‍ നടക്കണ..ആദ്യം നാലു കാലില്‍ നിന്ന് രണ്ട്‌ കാലില് നിക്കാന്‍ പഠിക്ക്.."

                                                                               ആ വാക്കുകള്‍ തോമാസുട്ടിയുടെ എവിടെയോ കൊണ്ടു..മെലിഞ്ഞ ശരീരത്തിലെ "കൃദയം" ഒന്ന്‍ പിടച്ചു.വീട്ടില്‍ എത്തിയതും കുപ്പായം മാറി വേഗം കരൂപ്പടന്ന ആശുപതിയിലേക്ക് ചെന്നു..മനസ്സില്‍ ആദ്യമായി ഒരു കാഠിന്യം.അമ്മയെ നോക്കാതെ ലഹരി തേടി ഇന്നലെ പോയതിനോട് ആദ്യമായി ദേഷ്യം തോന്നി..ഉത്തരവാദിത്തം എവിടെ നിന്നോ ഫ്രീക്കന്റെ ഉള്ളില്‍ തല പൊക്കി നോക്കി തുടങ്ങി..ജനറല്‍ വാര്‍ഡില്‍ ഡ്രിപ്പ് കയറ്റി കിടക്കുന്ന അന്നമ്മ താത്തിയെ കണ്ടപ്പോള്‍ ഒരു നിമിഷം സങ്കടം അതിന്‍റെ ഉന്നതിയിലെത്തി...കയ്യില്‍ ചായ പാത്രവും, പലഹാരവുമായി വന്ന കുഞ്ഞുമോന്റെ ഭാര്യയും,ഷംലയുടെ ഉമ്മയുമായ  ഖദീജ അയാളെ അവിടെ കണ്ടപ്പോള്‍ തന്നെ തുറിച്ചൊന്നു നോക്കി..കുറച്ച് മുന്പ് ഷംല നോക്കിയ അതേ നോട്ടം..അന്നമ്മ താത്തി ക്ഷീണിച്ച കണ്ണുകള്‍ പതുക്കെ തുറന്ന്‍ തോമസുട്ടിയെ നോക്കി..പതുക്കെ അയാളുടെ കയ്യില്‍ പിടിച്ച് വിഷമത്തോടെ ചോദിച്ചു..

    "മോന്‍ വല്ലോം കഴിച്ചോടാ..വിശക്ക്നുണ്ടോ??.."

                                                                                  തോമസുട്ടി സങ്കടത്തോടെ തല താഴ്ത്തി. അന്നമ്മ താത്തി അയാളെ പിടിച്ച് കട്ടിലിലിരുത്തി.എല്ലാ വ്യഥയും അയാളില്‍ തിരികെ വന്നിരിക്കുന്നു..

    "അവന് എന്തേലും കൊടുക്കോ..വിശക്കുന്നുണ്ടാകും..."

                                                                                  ഉത്തരവാദിത്തം നഷ്ടപ്പെട്ട ടോം-മാസില്‍ നിന്നും തോമസുട്ടിയിലെക്ക് അയാള്‍ മാറുകയായിരുന്നു..അതിന് വളമിട്ട് ഖദീജയും ചില വാക്കുകള്‍ കൊണ്ട് അയാളുടെ മനസ്സിനെ തൊട്ടു..

    "ഇതാണ് അമ്മ..അസുഖം വന്ന് കെടക്കുമ്പോഴും മക്കള് തിന്നോ, ഒറങ്ങിയോന്ന്‍ മാത്രം ചിന്തിക്കുന്ന അമ്മ...അയിനെ ഇനീം തീ തീറ്റിക്കാണ്ട് നല്ല പുള്ള ആവാന്‍ നോക്ക്..."

                                                                                  തോമസുട്ടിയുടെ കണ്ണില്‍ നിന്നും അമ്മക്ക് വേണ്ടി ഒഴുകിയ ആദ്യ കണ്ണ് നീര്‍..അയാള്‍ അമ്മയുടെ നെറ്റിയില്‍ കുനിഞ്ഞ് ഒരുമ്മ കൊടുത്തു. എല്ലാ തെറ്റിനും മാപ്പ് ചോദിച്ചും, ഇനി മുതല്‍ അമ്മച്ചിയെ സംരക്ഷിച്ച് കൊള്ളാമെന്നുള്ള വാഗ്ദാനവുമായിരുന്നു ആ ഉമ്മ..ഒപ്പം ഫ്രീക്കന്‍ "ടോം-മാസില്‍ നിന്നും തോമസുട്ടിയിലേക്കുള്ള "ഘര്‍ വാപ്പാസിയും..."
                                                                               
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.
             





2015, നവംബർ 16, തിങ്കളാഴ്‌ച

വീണ്ടും ഒരു വൃശ്ചിക മാസം....

                                   

                                                  "എങ്ങിന്യ നിങ്ങളെ കൊണ്ടോകാ?? ഇത്തവണ കുട്ട്യോള് വരണുണ്ട്.മൂത്തോള്‍ക്ക് വയസ്സിത് പത്താ..പെണ്ണിന് അടുത്ത കൊല്ലം വയസ്സെങ്ങാനറിയിച്ച പിന്നേ കഴിഞ്ഞില്ലെ കൂത്ത്..അതോണ്ട് നിങ്ങളെ കൊണ്ടോണ കാര്യം ഇനി വരണ കൊല്ലം നോക്കാം.."


              അയാള്‍ ഇറയത്തിരിക്കുന്ന അവര്‍ ഇരുവരേയും മാറി മാറി നോക്കി..ആ കണ്ണുകളിലെ പ്രതീക്ഷ നഷ്ടമായിരിക്കുന്നു. ഒന്നും തിരികെ പറയാനാകാത്ത വിധം മൗനം അവര്‍ക്ക് ചുറ്റും വലയം തീര്‍ത്തു.അയാള്‍ വീണ്ടും ഇരുവരേയും മാറി നോക്കി മടിച്ച് മടിച്ച് പറഞ്ഞു..


                                          "അല്ലേല്‍ ഈ വയസ്സാന്‍ കാലത്ത് എന്തിനിപ്പാ പോണേ?? പാപ്പനീ വയ്യാത്ത കാലും വെച്ച് കാടും മേടും കേറണോ?? എളേമ്മക്ക് ആണേല്‍ വലിവും..ഞങ്ങ പോണ സമയത്ത് ഒരു നറ കൊണ്ടോകാം..അതല്ലേ നല്ലത്??"
അവര്‍ക്ക് പറയാന്‍ മൗനം മാത്രം..ഒന്ന്‍ മിണ്ടാതെ പ്രതിമകളെ പോലെ ഇരിക്കുന്ന ഇരുവരെയും വീണ്ടുമൊന്നു നോക്കി..അച്ഛന്റെ അനുജനും, ഭാര്യയും, രണ്ടു പേര്‍ക്കും അത്യാവശ്യം വയസ്സായി.അയാള്‍ മനസ്സില്‍ പറഞ്ഞു..


                                   "പണ്ടാരങ്ങള്‍ക്ക് രണ്ടിനും വയ്യ.പണ്ട് ഒരു പൊട്ട സമയത്ത് രണ്ടിനേം മലക്ക് കൊണ്ടാകന്നു പറഞ്ഞതാ..മണ്ഡലം വന്നപ്പോ രണ്ടും പോകാനൊരുങ്ങി ..അങ്ങേര്‍ക്ക് രണ്ടും കാലിനും ഞൊണ്ടാ..ആ ബ്രാക്കറ്റ് പോലെ വളഞ്ഞ കാലും കൊണ്ട് മലക്ക് വന്നാ ഞാന്‍ പെടും..ഒഴിവാക്കിയേ തീരു."


                 അവരില്‍ യാതൊരു മാറ്റവുമില്ല..പ്രതികരിക്കാതെ ഇരിക്കുന്ന രണ്ട്‌ പേരോടും യാത്രയും പറഞ്ഞു അയാള്‍ വേഗം മുങ്ങി. ഇരുവരും ഒന്നും പറയാതെ കുറേ നേരം നോക്കിയിരുന്നു.മേത്തല അമ്പലത്തില്‍ നിന്നും വൈകീട്ട് പാട്ട് കേള്‍ക്കുന്നത് വരെ. പാട്ട് കേട്ടതും ആ വൃദ്ധന്‍ എന്തോ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചത് പോലെ എഴുന്നേറ്റ് നഗ്നമായ തോളില്‍ ഒരു തോര്‍ത്ത് പുതച്ച് പുറത്തേക്ക് ഞൊണ്ടി ഞൊണ്ടിയിറങ്ങി. അവര്‍ ഒന്നും ചോദിച്ചില്ല..അവര്‍ക്കറിയാം ആ മനസ്സിനെ.അതിനുള്ളില്‍ പുകയുന്ന മൗനം തിരിച്ചറിയാനുള്ള കഴിവ്, കുറച്ച് നേരം അയാള്‍ പോകുന്നത് നോക്കിയിരുന്ന് അവരും എഴുന്നേറ്റു..ഒരു നെടുവീര്‍പ്പ് ..പിന്നെ പതുക്കെ മുറ്റത്തേക്ക് നടന്നു..
അയയില്‍ ഉണക്കാനിട്ടിരിക്കുന്ന കറുത്തതും, നിറം മങ്ങിയതുമായ വസ്ത്രങ്ങള്‍ തിരികെയെടുത്ത് വീടിനുള്ളില്‍ കയറുമ്പോള്‍ കാലത്ത് നടന്നതെല്ലാം വിഷമത്തോടെ ഓര്‍ത്തു..അദ്ദേഹത്തിനായിരുന്നു കൂടുതല്‍ ഉത്സാഹം..അഴിയിളകിയ തട്ടിന്‍പുറത്ത് നിന്ന് കഷ്ടപ്പെട്ട് ആ ഭാണ്ഡം പുറത്തെടുത്ത് അവരെ നോക്കി ചിരിച്ചു..ദയനീയമായ ചിരി..


                               "ഒക്കെ പൊടീം, അഴുക്കാ..ഒന്ന്‍ കഴുകിടുത്താ നാളെ തന്നെ മാലയിട്ട് വസ്ത്രം മാറാം..കാണുമ്പോ കൊച്ചിന്‍റെ ഓര്‍മ്മ വരാ..ഇതേല്ലാം വാങ്ങീത് കൊച്ചാ"


                അയാളുടെ സംസാരം കേട്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞു.ഏതോ നഷ്ടബോധം നെഞ്ചിനുള്ളില്‍ തിളച്ച് മറിയുന്നു..അയാള്‍ എല്ലാം പുറത്തെടുത്തു..തുളസി മാലകള്‍,ഇരുമുടി കേട്ട്, കൈ സഞ്ചികള്‍, ആ പഴമയില്‍
തിളച്ച് മറിയുന്ന എരിയുന്ന ഓര്‍മ്മകള്‍..


                              "കൊച്ച് ഒണ്ടായിരുന്നെ നമ്മള് കന്നിക്കാരുടെ ഗുരു സാമി ആയേനെ..എത്ര വട്ടാ നമ്മക്ക് വേണ്ടി മല ചവീട്ടീത്..എന്നട്ട് ഇപ്പ ഒരു തവണ കൊച്ചിന് വേണ്ടിട്ട് നമ്മക്ക് ആ പൂങ്കാവനം ചവിട്ടാന്‍ പറ്റിലെങ്കി ..."  


                അത് മുഴുവനാക്കുന്നതിന് മുന്പ് അവരില്‍ നിന്നും ഒരു വലിയ ഏങ്ങലടിയുയര്‍ന്നു.പൊടി നിറഞ്ഞ വസ്ത്രങ്ങളെടുത്ത് നിറഞ്ഞ കണ്ണുമായി അലക്ക് കല്ലിനടുത്ത് ചെന്ന്‍ നിന്ന്കരഞ്ഞു..കല്ലില്‍ വീണ കണ്ണ്‍ നീര്‍ തുള്ളികള്‍ ആ കറുത്ത തുണിയിലേക്ക് ചിതറി തെറിച്ച് നിറം മങ്ങിയ തുണികളില്‍ വിഷാദ ചിത്രങ്ങള്‍ വരച്ചു..അവര്‍ക്ക് പിന്നില്‍ ഒരു മുരടനക്കം..ഞൊണ്ടി ഞൊണ്ടി അയാള്‍..കണ്ണുകളില്‍ വിഷാദം, നെഞ്ചില്‍ ഓര്‍മ്മകളുടെ നൊമ്പരം..


                                    "കൊച്ചിന്റെ അമ്മ കരയാന്‍ വേണ്ടി പഴേ കാര്യം പറഞ്ഞതല്ല..തുണിയൊക്കെ വേഗം കഴുകിക്കോ..ഇത്തവണ ഞാന്‍ കന്നി അയ്യപ്പനും, കൊച്ചിന്റെ അമ്മ കന്നി മാളികപോറോം..അവന്‍ നമ്മളെ കൊണ്ടോകും മലക്ക്...ഒന്നുമില്ലേല്‍ എന്‍റെ ചേട്ടന്‍റെ മോനല്ലേ..ഞാന്‍ എടുത്ത് വളര്‍ത്തി വലുതാക്കിയ ചെക്കനല്ലേ..."


.             ആ ഉത്സാഹമാണ് ചേട്ടന്‍റെ മകന്‍ സുധി കുറച്ച് നേരം മുന്പ് കെടുത്തി പോയത്. സന്ധ്യക്ക് വിളക്ക് വെച്ച് നാമം ചൊല്ലുമ്പോളും അദ്ദേഹം എത്തിയിരുന്നില്ല. നാളെ പിറക്കുന്ന വൃശ്ചികം..ഒരു കൊല്ലമായി മോഹിച്ച്കാ ത്തിരിപ്പായിരുന്നു. മനസ്സില്‍ കാലങ്ങളായി കൊണ്ട് നടക്കുന്ന ഒരാഗ്രഹം..തന്‍റെ കൈ പിടിച്ച് മാല ചവിട്ടാനുള്ള മോഹം..ഏക മകന്‍ നഷ്ടപ്പെടും വരെ അവനാണ് അച്ഛന് വേണ്ടി മല ചവിട്ടിയിരുന്നുത്.മൂന്ന്‍ വര്‍ഷം മുന്പ് വരെ. .പല വട്ടം അച്ഛനെ കൊണ്ട് പോകാന്‍ അവന്‍ തുനിഞ്ഞതാണ്..അപ്പോഴെല്ലാം അദ്ദേഹം ഉറച്ച് നിന്നത് ഒരു വാക്കില്‍ തന്നെ..


                                     "കൊച്ച് പോയാ മതി...അച്ഛന്‍ ആദ്യായി പോണത് അമ്മേടെ കൂടെയായിരിക്കും..അമ്മയ്ക്ക് പോകാന്‍ കഴീന്ന വയസ്സാകുമ്പോ കൊച്ച് തന്നെ ഞങ്ങളെ കൊണ്ടോയാ മതി.''

.
             അതിന് ദൈവം ഭാഗ്യം തന്നില്ല. ഒന്നിനും പോകാതെ മാന്യമായി വാര്‍ക്ക പണിക്ക് പോയിരുന്ന , ഒരു ദുശീലവുമില്ലാതെ വീട് നോക്കിയിരുന്ന, മാതാപിതാക്കളെ ദൈവത്തെ പോലെ സംരക്ഷിച്ചിരുന്ന പാവം മകന്‍ ..ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ കാത്തിരുന്ന കുറേ വെട്ടുകള്‍, ഇരുളില്‍ കുറേ കഷ്ണങ്ങള്‍ മാത്രം..പിന്നെ ചോരയും..മുഖം പോലും കാണാന്‍ കഴിയാതെ..കൊടുങ്ങല്ലൂര്‍ ദേശത്തെ രാഷ്ട്രീയ പകയുടെ നിരപരാധിയായ ഇര. ഒരു പാര്‍ട്ടിയിലെ അക്രമിയായ ചെറുപ്പകാരന്‍റെ രൂപ സാദൃശ്യം ഉണ്ടായ ഒരു കാരണത്താല്‍ ആള് മാറി നടന്ന കൊലപാതകം..നിലവിളക്കിന് മുന്നില്‍ നിന്ന് കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ഇരുട്ടില്‍ നിന്നും കാത്തിരുന്ന ശബ്ദം..


                                     ".എന്തായിത്..നെലവെളക്കിനു മുന്നീ തന്നെ വേണോ കണ്ണീര്..എനിക്കറിയാം..കൊച്ചിന്റെ കാര്യം ഓര്‍ത്തുട്ടുണ്ടാകോന്നു.ഇനിപ്പാ വെറുതെ ഓരോന്ന് ചിന്തിക്കണ്ടാ..നമ്മള് പോകും..രണ്ട്‌ പേരും..ഇത്തവണ മലക്ക്..ഒരുത്തന്‍റെ സഹായില്ലാതെ.നാളെ കാലത്ത് കൊടുങ്ങല്ലൂര്‍ പോയി മാലയിടണം.."


            "അല്ല..വയ്യാത്ത കാലും വെച്ച്?? അവര്‍ പരിഭ്രമത്തോടെ ചോദിച്ചു..അദ്ദേഹം ഇറയത്ത്‌ ഇരുന്ന്‍ ശോഷിച്ച കാലുകള്‍ നോക്കി ദൃഡനിശ്ചയത്തോടെ പറഞ്ഞു.


                                   "വയ്യാത്തവര്‍ക്ക് കൂട്ടിന് അയ്യപ്പ സ്വാമിണ്ടാകും..പിന്നെ ഞാന്‍ കാലിടറിയാല്‍ താങ്ങാന്‍ കൊച്ചിന്റെ അമ്മേല്ലേ കൂട്ടിന്..നമുക്ക് പോകാം..മരിക്കണെന് മുന്ന് പോയെ തീരൂ..അടുത്ത കൊല്ലത്തിനു വേണ്ടി കാത്തിരുന്നാ ഞാനില്ലാണ്ട് പോയാലോ.?"


                                    ''അയ്യോ ..വിളക്ക് വെച്ച നേരത്താ വായില് ചീത്ത വര്‍ത്താനം...ഈ ഭൂലോകത്ത് ഞാന്‍ ഒറ്റക്കാ...അവര്‍ വിഷമത്തോടെ പറഞ്ഞു.. "പോയി കുളിച്ച് വാ..എന്നിട്ട് കഞ്ഞി കുടിക്കാം...മാലയിടാന്‍ കാവിലെ നട തൊറക്കണ സമയത്ത് തന്നെ പോണം.."


              വൃശ്ചിക പുലരിയില്‍ കൊടുങ്ങല്ലൂര്‍ ക്കാവിലെ ആല്‍മരങ്ങള്‍ തണുത്ത് വിറച്ച് ആടി നിന്ന പുലരിയില്‍ കറുത്ത വസ്ത്രം ധരിച്ച സ്വാമി മന്ത്രങ്ങള്‍ പേറി അമ്പലത്തിനു ചുറ്റും നടക്കുന്ന അയ്യപ്പന്മാരുടെ കൂട്ടത്തില്‍ അവരുമുണ്ടായിരുന്നു...കന്നി അയ്യപ്പനും, കന്നി മാളികപുറവും.ഉറച്ച തീരുമാനവും, ഉറച്ച ചുവടും..


                                     "അല്ല പാപ്പാ നിങ്ങ എന്തൂട്ട് ഭാവിച്ചാണിത്..ഞാന്‍ പറഞ്ഞതല്ലേ..ഇത്തവണ കൊണ്ടോകാന്‍ പറ്റൂല്ലാന്ന്..ആരു പറഞ്ഞിട്ടാ പിന്നെ മാലയിട്ടെ??"


             കോപം കൊണ്ട് വിറച്ച് തുള്ളുന്ന ചേട്ടന്‍റെ മകന്‍..കറുത്ത വസ്ത്രം ധരിച്ച് മാലയിട്ട അയ്യപ്പന്‍ വീണ്ടും അവര്‍ക്ക് നേരെ വാക്ക് ശരങ്ങള്‍ ഉതിര്‍ത്തു.. എല്ലാം കേട്ട് പതിവ് പോലെ ദീര്‍ഘമായ മൌനത്തിന്‍റെ ഒടുവില്‍ ആ വൃദ്ധന്‍ തലയുയര്‍ത്തി അയാളെ നോക്കി..


                                       "സുധി സ്വാമി..ഞങ്ങള് തനിച്ചാ ശബരിമലയ്ക്ക് ഇത്തവണ പോണത്..ഒരാള്ടെം സഹായം വേണ്ടാ.."


                                       "ഉരുണ്ട് വീണ് ചത്താ കൊള്ളി വെക്കാന്‍ ഞാന്‍ മാത്രേ ഒള്ളൂ മറക്കണ്ടാ.."


              അയാള്‍ ചവിട്ടി മെതിച്ച് മുന്നോട്ട് പോയി..രണ്ട്‌ പേരും പരസ്പരം നോക്കി വിഷമത്തോടെ..നഷ്‌ടമായ മകന്‍ അവരുടെ ഓര്‍മ്മകളില്‍..അവന്‍ കൂടെ ഉണ്ടായിരുനെങ്കില്‍ ഈ വാക്കുകള്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നു..


                                     "കേട്ട് നെറക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കാശ് വേണ്ടേ?? പിന്നെ പോകാനും..ഈ മൊട്ട് കമ്മല് പണയം വെച്ചാ കിട്ടണത് തെകയോ?"


              അവരുടെ ചോദ്യത്തിനു മീതെ ഉത്തരമായി അയാള്‍ മടിയില്‍ നിന്നും കുറേ രൂപയെടുത്ത്‌ കാണിച്ചു..എവിടെ നിന്നോ കടം വാങ്ങിയ പണം..

                                    "കൊച്ച് കഷ്ടപ്പെട്ട് വാങ്ങി തന്ന ഒരു നുള്ള് പൊന്ന് ഞാന്‍ പണയം വെക്കാനോ? കാശ് ആവശ്യത്തിനുണ്ട്..ഇത് മത്യാകും..നാളെ പോകാന്‍ ഒരുങ്ങിക്കോ...കാലത്ത് കേട്ട് നെറക്കണം"


              എവിടെ നിന്ന് കിട്ടിയെന്ന് അവര്‍ ചോദിച്ചില്ല..നേര്‍ വഴി അല്ലാതെ ഒന്നും ചെയ്യില്ല..വയ്യാത്ത കാല് വെച്ച് പറമ്പ് കിളക്കാനും, വേലി കെട്ടാനും, നാളികേരം പൊതിച്ച് കൊടുക്കാനും പോകുന്ന ആളാണ്..എവിടെ നിന്നെങ്കിലും വാങ്ങിയിരിക്കും..തിരിച്ച് വന്നാല്‍ കഷ്ടപ്പെട്ട് തിരികെ കൊടുക്കും..വളഞ്ഞ കാലുകള്‍ കൊണ്ട് ഒരു ജീവിതം മുഴുവന്‍ തന്നെ അല്ലലറിയിക്കാതെ നോക്കിയ ആ പാവം മനുഷ്യന്‍. ആരേയും വേദനിപ്പിക്കാത്ത ഒരു ശുദ്ധന്‍..അവര്‍ മനസ്സ് കൊണ്ട് മുഴുവന്‍ ദൈവങ്ങളെ വിളിച്ചു..ഒരിറ്റ് വീഴ്ത്തി.


                                "അയ്യപ്പ സ്വാമീ..ഒരാപത്തും വരുത്തതരുത്.."


                അടുത്ത പ്രഭാതത്തില്‍ അവര്‍ ഇരുവരും ഊര്‍ജ്ജം നിറഞ്ഞ രണ്ട്‌ ചെറുപ്പക്കാരായി മാറി. അയ്യപ്പന്‍ കാവില്‍ നിന്നും കേട്ട് നിറച്ച് ഉറക്കെ ശരണം വിളിച്ച് ബസ്സില്‍ കയറിയുള്ള യാത്ര.എരുമേലി പേട്ട തുള്ളി പിന്നെ കാല്‍ നടയായി അഴുതമേടും താണ്ടി നടന്നുള്ള യാത്ര..പമ്പ വരെ യാതൊരു ഷീണമില്ലാതെ അതേ ചടുലതയില്‍..മുന്നില്‍ ഒരു ലക്‌ഷ്യം മാത്രം.."അഖിലാണ്ട നാഥന്‍.."ഒടുവില്‍ പുണ്യ നദിയില്‍ മുങ്ങി കുളിച്ച്, കന്നി മൂല ഗണപതിയെ വണങ്ങി, കരിമല കയറി, അപ്പാച്ചി മേടും, ശബരി പീഠവും താണ്ടി ഒടുവില്‍ കലിയുഗ വരദന്‍റെ തിരുവടിയില്‍..


               പതിനെട്ടാം പടിയുടെ തിരക്കില്‍ കയറുമ്പോള്‍ ഇരുവരെയും ഒരു ചെറുപ്പക്കാരന്‍ പിടിച്ച് കയറ്റി..മരിച്ചു പോയ മകന്‍റെ സാമീപ്യം അറിഞ്ഞ നിമിഷം..കൂടെ അവന്‍ ഉള്ളത് പോലെ.തിരു നടയില്‍ ചെന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ തിരക്കില്‍ മറഞ്ഞു..എങ്കിലും അവര്‍ ഇരുവരും തിരിച്ചറിഞ്ഞു..നഷ്‌ടമായ മകന്‍റെ സാമീപ്യം..കുറച്ച് സമയത്തേക്ക്.. ആനന്ദ ചിത്തനെ കണ്ട് നിര്‍വൃതി അണഞ്ഞ്‌ കണ്ണീരോടെ നില്‍ക്കുമ്പോള്‍ ആ സ്ത്രീ ആ വൃദ്ധനെ ഒന്ന്‍ നോക്കി.ഒരു കോടി പുണ്യം കൈ വന്നത് പോലെ അയ്യപ്പ സ്വാമിയേ നോക്കി മനസ്സില്‍ പറഞ്ഞു.
.
          "ഞാന്‍ ഭാഗ്യവതിയാണ്..അടുത്ത ജന്മത്തിലും, ജന്മാന്തരങ്ങളിലും എനിക്ക് ഈ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യമേകണേ...."


'സാമി ശരണം..."


ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍..
 http://harishkdlr.blogspot.co.id/















2015, നവംബർ 15, ഞായറാഴ്‌ച

വെള്ളിയാങ്കല്ല് തേടി ..

                                                 


                                                          ജീവിതത്തിനും, മരണത്തിനും ഇടയിലുള്ള അവസാന പാതയായ ആ പുലിമുട്ടിലൂടെ നിലാവ് പെയ്യുന്ന രാത്രിയില്‍ അയാള്‍ നടന്നു..ചക്രവാളത്തില്‍ കുറേ മണിക്കൂറുകള്‍ മുന്‍പ് എരിഞ്ഞടങ്ങിയ സൂര്യന്‍റെ ഓര്‍മ്മകളുമായി  നിലാവെട്ടത്തില്‍ തെളിഞ്ഞ് കിടക്കുന്ന കടല്‍..ഏതോ കാലത്തിലെ കഥനങ്ങള്‍ നിറഞ്ഞ കഥകള്‍ പേറി, തിരകളുടെ പീഡനത്താല്‍ മുങ്ങി മരണം കാത്ത് കിടക്കുന്ന പാറകളുടെ മുകളിലൂടെ..സത്യനാഥന്‍ .മുന്നില്‍ കടല്‍ പോലെ പരന്നു  കിടക്കുന്ന ജീവിതം..പിന്നില്‍ ജീവിച്ച് തീര്‍ക്കാന്‍ കൊതിക്കുന്ന ജന്മത്തെ  വേട്ടയാടുന്ന, മരണത്തിലേക്ക് പിടിച്ച് വലിക്കുന്ന അസത്യങ്ങള്‍..

                                                          നടന്ന്‍ നടന്ന്‍ സത്യനാഥന്‍  പുലിമുട്ടിലെ ജീവിതത്തിന്‍റെ അവസാന അടയാളമായ ഒരു കൂറ്റന്‍ കല്ലിനു മുകളിലെത്തി. അവിടെ ആരോ ചോക്ക് കൊണ്ട് എഴുതി വെച്ച നിലവില്‍ തിളങ്ങുന്ന വാക്കുകള്‍..

        "നാം അറിയുന്ന ലോകം ഇതിനപ്പുറം അവസാനിക്കുന്നു.."

                                                            നിലാവില്‍ കല്ലുകളില്‍ തീരാത്ത ക്ഷതങ്ങള്‍ ഏല്‍പ്പിക്കുന്ന തിരമാലകളുടെ കണ്ണെത്താ ദൂരത്ത്  തിളങ്ങുന്ന "എഴുത്ത് ക്കാരന്റെ ഭാവനയിലെ വെള്ളിയാങ്കല്ല്..ജന്മങ്ങള്‍ക്കിടയില്‍ ജീവിതഭാരം ഇറക്കി വെച്ച് പുനര്‍ജന്മത്തിന് മുന്‍പ് ആത്മാക്കള്‍ വിശ്രമിക്കുന്ന വെള്ളിയാങ്കല്ല്..സത്യനാഥന്‍ ഓര്‍ത്തു..കുറേ ജന്മാന്തരങ്ങളുടെ വിശ്രമമില്ലാത്ത ഭാരമാണ് തന്‍റെ ദേഹിക്ക്..അത്രക്കും ഭാരമുള്ള ദുരനുഭവങ്ങള്‍ ഒരൊറ്റ ജന്മത്തില്‍..ഈ പാതയുടെ അവസാനം, ഈ കല്ലിന്‍റെ അപ്പുറം പതയുന്ന മരണമെന്ന സത്യം എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്തുമായിരിക്കും. പിന്നിലെ കുത്തി നോവിച്ച ജീവിതത്തിലേക്ക് ഒരെത്തി നോട്ടം, മരണത്തിനു മുന്‍പേ...ആ കല്ലില്‍ നിന്നാല്‍ പിന്നോട്ട് നോക്കിയാല്‍ കാണാം..വന്ന വഴി..ജനനം മുതല്‍ അപ്പോള്‍ വരെയുള്ള സത്യ ജീവിതത്തിന്റെ ചിത്രങ്ങള്‍...

                                                                  സത്യനാഥന്‍. പേര് അനര്‍ത്ഥമാക്കാതെ കഴിഞ്ഞ മാസം വരെ ഭൂമിയില്‍ സന്തോഷവാനായി ജീവിച്ചവന്‍..നല്ല കുടുംബത്തില്‍ പിറന്നവന്‍..അച്ഛന്‍ ജീവിതഭാരം ഇറക്കി വെച്ച് പോയപ്പോള്‍ കുടുംബം തലയിലേറ്റിയ ഒരു സാധാരണക്കാരന്‍..ചിലരുടെ കാര്യത്തില്‍ അങ്ങിനെയാണ് വിധിയുടെ തീരുമാനം..പേരില്‍ തന്നെ പേറുന്ന സത്യം ഒരു ദിവസം കളങ്കിതമായി തീരും..അതും ഒരിക്കലും ചെയ്യാത്ത തെറ്റിന്റെ പേരില്‍..ക്രൂശിക്കപ്പെടും..അതും കൊടും പാപികളുടെ കൈകള്‍ കൊണ്ട്..

       "ഇയാള്‍ തന്നെയാണ് എന്നെ ആദ്യമായിട്ട്.."

                                                                 സദാചാര വാദികള്‍ കാത്തിരുന്ന വാക്ക്. ആ പെണ്‍കുട്ടിയുടെ ഏറ്റ് പറച്ചിലില്‍ കുടുങ്ങിയ ഇരകളില്‍ ആദ്യത്തെ ഇരയായിരുന്നു സത്യനാഥന്‍..മറുപക്ഷം കേള്‍ക്കാത്ത  നീതിയും, നിയമവും, സമൂഹവും ഒരുമിച്ച് ആക്രമിച്ചു..ശാരീരികമായും, മാനസികമായും. ആര്‍ക്കും അറിയേണ്ടിയിരുന്നില്ല സത്യമെന്തെന്ന്..ഒരു ഇരയെ വീണ് കിട്ടിയപ്പോള്‍ പിച്ചി ചീന്താനുള്ള വ്യഗ്രത..അത് വരെ അഭിമാനത്തില്‍ എഴുതി വെച്ച പേരിന് മുകളില്‍ ചെളി വാരിയിട്ട് സമൂഹം ആഘോഷിച്ചു..മഹത്തായ ഒരു ആഘോഷം.
 
    " അമ്മയിത് ഒട്ടുങ്ങട് പ്രതീക്ഷിച്ചില്ല....നെനക്ക് പറഞ്ഞുറപ്പിച്ച ഒരു പെങ്കൊച്ചിനെ പോലും ഓര്‍ക്കാതെ..കൂടപിറപ്പ്കള്ടെ ഭാവി പോലും നോക്കാതെ ന്തിനാ നീയിങ്ങനെ?...അച്ഛന്റെ സല്‍പേരാ എന്‍റെ മോനില്ലാതാക്കീത്...''

                                                             അടുത്ത സ്നേഹിതന്‍..അവന്‍റെ കുടുംബം. അവന്‍റെ പുതിയ ദാമ്പത്യ ജീവിതം, അതിലെ ചില താളപിഴകള്‍.അത് തിരുത്താന്‍, സഹായിക്കാന്‍ ചെന്നതായിരിക്കാം തെറ്റ്..വിവാഹപൂര്‍വ ബന്ധത്തിലെ കണ്ണിയുടെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങാന്‍  ആ സ്ത്രീ കണ്ടെത്തിയ മാര്‍ഗ്ഗം..കാല ഘട്ടത്തിലെ ഏറ്റവും വലിയ ആയുധം..പീഡനം..
അതിന് കണ്ടെത്തിയ ഇരകളില്‍ ആദ്യ സ്ഥാനം തനിക്ക്..പിന്നെ അടുത്ത കൂട്ടുക്കാരന്‍..അവനുമായി ബന്ധമുള്ള ചിലര്‍..ആ സ്ത്രീയുടെ വാക്കുകള്‍ മാത്രം ശരി വെച്ച് നിയമം നടത്തിയ ക്രൂരമായ ഭേദ്യങ്ങള്‍ക്ക് ഒടുവില്‍ കുറ്റം ദുര്‍ബലനായ സ്നേഹിതന്‍ കുറ്റം സമ്മതിച്ചു..ജീവിതത്തില്‍ നേരിടേണ്ടി വന്ന വിപത്തിന് മുന്നില്‍ അടിപ്പെട്ടു പോകാതിരിക്കാന്‍  ഒരു ഉടുമുണ്ടില്‍ തൂങ്ങി എല്ലാത്തില്‍ നിന്നും മോചനം തേടി അവന്‍ പോയതോടെ സത്യം തെളിയാന്‍ ആ സ്ത്രീയുടെ വാക്കുകള്‍ തന്നെ അവസാനമാകേണ്ടി വന്നു..

                                                               ജയിലും, ദുഷ് പേരും, പരിഹാസവും, അതിലുപരി മറ്റുള്ളവരുടെ വീഴ്ച ആഘോഷിക്കുന്ന സമൂഹത്തിന്‍റെ ദുഷിച്ച കണ്ണുകള്‍.നീതി ന്യായവ്യവസ്ഥിതിയുടെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര തന്നെ സത്യം തുറന്ന്‍ പറഞ്ഞു..ഒരു കെട്ടുകഥ.കൂടുതല്‍ സുഖം തരുന്ന മാംസം തേടി പോകുന്നതിന് വേണ്ടി ചമച്ച അസത്യങ്ങള്‍. ഇന്ന്‍ പകല്‍ മൂടി വെച്ച വലിയ സത്യം പുറത്ത് വന്നു..അവള്‍ തന്നെ എല്ലാം തിരുത്തി പറഞ്ഞപ്പോള്‍ ഒരു നിമിഷം കൊണ്ട്, ഒരു വാക്ക് കൊണ്ട് നിരപരാധി. പക്ഷെ അതിനിടയില്‍ നഷ്‌ടമായത് അത് വരെ ഉയര്‍ത്തി വെച്ച അഭിമാനം, കുട്ടിക്കാലം മുതല്‍ സുഖവും, ദുഖവും പങ്കിട്ട ആത്മ സ്നേഹിതന്‍., പിന്നെ പറഞ്ഞു വെച്ച വിവാഹം, ബന്ധങ്ങള്‍, സ്വപ്‌നങ്ങള്‍,സൗഹൃദങ്ങള്‍..അകന്നു പോയ ബന്ധങ്ങളെ കൂട്ടിയിണക്കാന്‍ നിരപരാധിത്വം പോരായിരുന്നു..മോചനം  കിട്ടിയിട്ടും ചില കണ്ണുകളില്‍ ഒളിപ്പിച്ചു വെച്ച സംശയം പിന്നെയും ബാക്കിയായി..ആ സംശയ വഴികളില്‍ നിന്നും ദുഖത്തോടെ വന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്‍റെ അവസാന അടയാളമായ കല്ലിനു മുകളില്‍..അവിടെ നിന്നും മുന്നിലേക്ക് നീളുന്ന മരണത്തിലേക്കും..

                                                                നിലാവില്‍ സത്യനാഥന്‍ നിവര്‍ന്ന്‍ നിന്ന് വീണ്ടും മരണത്തിന്‍റെ മണവും, ആഴവും നിറഞ്ഞ കടലോളങ്ങളെ നോക്കി..നുരയുന്ന തിര പതകളില്‍ ഒളിപ്പിച്ചു വെച്ച ചുഴികള്‍. തിരിഞ്ഞ് നോക്കി,പിന്നിലെ ജീവിതം തിരുത്താന്‍ ശ്രമിക്കുന്നില്ല..ഒരു തവണ വേട്ടയാടപ്പെട്ടവന്‍ വീണ്ടും ഇതേ പോലെ അക്രമിക്കപ്പെടാം..അതിലും ഭേദം അകലങ്ങളില്‍ എവിടെയോ സങ്കല്പങ്ങളില്‍ ഉറങ്ങുന്ന വെള്ളിയാങ്കല്ല് തേടി യാത്ര തന്നെ..തെളിവുകള്‍ക്ക് മൂന്നാം പക്കം കടല്‍ കനിഞ്ഞാല്‍ ഏതെങ്കിലും തീരത്ത് ചീഞ്ഞ് വീര്‍ത്ത് അടിയുന്ന ദേഹി ഒഴിഞ്ഞ ദേഹം മാത്രം മതിയാകും..അനന്തതയില്‍ മിഴി നട്ട് മനസ്സില്‍ പറഞ്ഞു...

     "ദൈവമേ...നീ തന്ന ജീവിതത്തിന്‍റെ ഭാരം എനിക്ക് പേറാന്‍ ഇനിയും കഴിയില്ല..തെറ്റ് ചെയ്യാതെ പീഡിപ്പിക്കപ്പെട്ടവരില്‍ ഞാനും..ഇനിയൊരു ജന്മം തരുന്നെങ്കില്‍ പറവയായോ, പൂവായോ ജനിപ്പിക്കുക...ഒരിക്കലും മര്‍ത്യ ജന്മം പൂകാന്‍ വയ്യ...നീ തന്ന ജീവിതം നിനക്ക് തന്നെ സമര്‍പ്പിക്കുന്നു..

                                                                  അത് വരെ നിലാവില്‍ തെളിഞ്ഞ് നിന്ന കടലോരം ഒരു നിമിഷം കാര്‍മുകിലുകള്‍ക്കിടയില്‍ മാഞ്ഞു പോയ ചന്ദ്രികയില്ലാതെ   ഇരുളില്‍ വീണ സമയം. കുളിര് പേറുന്ന മേഘകൂട്ടത്തില്‍ നിന്നും സ്വര്‍ണ്ണ വര്‍ണ്ണാഭമായി വീണ്ടും പുറത്ത് വന്ന നിമിഷം. നിലാവ് തിരികെ വന്നപ്പോള്‍ മരണത്തിന്റെ  അടയാള കല്ലിനു മുകള്‍ ഭാഗം ശൂന്യം....സത്യനാഥന്‍റെ ദേഹം  ആഞ്ഞുവീശിയ തിരമാലകളില്‍ എവിടയോ മരണച്ചുഴി തേടി പോകുകയായിരുന്നു..മൂന്നാം  പക്കത്തിലോ,ഇനിയൊരിക്കലോ  തീരത്ത് വരില്ലെന്ന സത്യവുമായി..അതമാവ് സങ്കല്പങ്ങളിലെ ജനിമൃതികള്‍ക്കിടയിലെ വെള്ളിയാങ്കല്ല് തേടിയും...ജീവിത ഭാരമിറക്കി വെച്ച് അനന്തമായി വിശ്രമിക്കാന്‍......


N.B-  "ഈ കഥ ഒരു ജീവിതാനുഭവത്തില്‍ നിന്നും ഉണ്ടായതാണ്...