2015, നവംബർ 12, വ്യാഴാഴ്‌ച

ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍...

                                               

                                     
                                           ഇടനാഴിയിലെവിടെ നിന്നോ ജയിലഴിയിലൂടെ ഇരുള്‍ നിറഞ്ഞ മുറിയില്‍ പ്രതിഫലിക്കുന്ന നേര്‍ത്ത വെട്ടം അരോചകമായി തോന്നി..ചുറ്റും എന്നേക്കുമായി ഇരുള്‍ പടരാന്‍, പകല്‍ കാഴ്ചകളില്‍ നിന്നും, കോടതി മുറിയിലെ ആര്‍ദ്രമായ മുഖങ്ങളില്‍ നിന്നും, പകയോടെ നോക്കുന്ന സൗഹൃദ കണ്ണുകളില്‍ നിന്നും, ശാപ വാക്കുകള്‍ നിറഞ്ഞ ബന്ധു മനസ്സുകളില്‍ നിന്നും എന്നേക്കുമായി ഒരു മോചനം.പകല്‍ വാക്കുകള്‍ കേട്ട് മനസ്സ് മരവിച്ച് തുടങ്ങി...ആരും നല്ലത് പറയുന്നില്ല..ഇന്നും ആരെല്ലാമോ വിളിച്ച് പറയുന്നുണ്ടായിരുന്നു...

           "ദുഷ്ടാ..നീയെന്തിനിത് ചെയ്യ്തു...കൊല്ലണമായിരുന്നോ? നിന്‍റെ ചോര തന്നെ ആയിരുന്നില്ലേ?? ഒരു കാലത്തും നീ ഗതി പിടിക്കില്ല..."

                                     പകല്‍ വെളിച്ചം നിറഞ്ഞ കോടതി മുറ്റത്ത് തല താഴ്ത്തി പോയിട്ടും ചില മുഖങ്ങള്‍ കാണുന്നുണ്ടായിരുന്നു..പകയുടെ, ദേഷ്യത്തിന്റെ കനലെരിയുന്ന മുഖങ്ങള്‍..കുറച്ച് ദിവസങ്ങള്‍ മുന്പ് വരെ എന്‍റെ പ്രിയപ്പെട്ടവരായിരുന്നവര്‍. കൂടെ നടന്നവര്‍..കോടതിയില്‍ നേരിടാന്‍ കഴിയാത്ത മൂന്ന്‍ മുഖങ്ങള്‍ കൂടി..അവരെ നോക്കുമ്പോള്‍, ആ കണ്ണുകളിലെ അനാഥത്വം കാണുമ്പോള്‍ പിടയുന്ന മനസ്സ്..അവരുടെ കണ്ണുകളിലെ അരക്ഷിതമായ ഭയ ഭാവം..എല്ലാത്തിനും കാരണം ഒരു നിമിഷത്തെ പക പിഴവ്..തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു വലിയ തെറ്റ്..അനാഥരായത് ജീവിച്ച് കൊതി തീരാത്ത ഒരു ഭാര്യയും, രണ്ട്‌ പൊടി കുഞ്ഞുങ്ങളും....

          സിന്ദൂര രേഖ ശൂന്യമായി, താലിയില്ലാതെ അവരെ കോടതി മുറിയില്‍ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞു..സ്വത്തിന്‍റെ പേരില്‍ അവര്‍ക്ക് നഷ്ടമായത് അവരുടെ പ്രാണന്‍..ജീവിതത്തില്‍ അവര്‍ ഏറ്റവും സ്നേഹിച്ച പുരുഷന്‍..കോടതിയിലെ കൂട്ടില്‍ നില്ക്കുമ്പോള്‍ അവര്‍ നോക്കിയ ഒരു തീഷ്ണമായ ആ നോട്ടത്തില്‍ ഒരു പാട് ചോദ്യങ്ങള്‍..അവര്‍ മൗനമായി ചോദിച്ചത് പോലെ...

          "നീ സമ്പത്ത് അളന്ന് നോക്കിയപ്പോള്‍ ചിന്തിച്ചിരുന്നോ..നിന്‍റെ കൂടപ്പിറപ്പ് എന്നെ സ്നേഹിച്ച അളവ് എത്രയാണെന്ന്.??..എനിക്ക് നഷ്ടമായത് എന്‍റെ സ്വപ്നങ്ങള്‍ .ജീവിതം..സ്നേഹം..നഷ്ടമായാത് തിരികെ കൊണ്ട് വരാന്‍ നിനക്ക് സാധിക്കോ?? പുതിയതൊന്നും പഴയതിന് സമമാകില്ല..ആ സ്നേഹം, ആ ലാളന, ആ രൂപം..ഒന്നും...സമ്പത്ത് പങ്ക് വെക്കുന്ന സമയത്ത് കൂടുതല്‍  കിട്ടാനായി നീ ഇല്ലാതാക്കിയത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ്‌..ആര്‍ക്കും തിരിച്ച് നല്കാന്‍ കഴിയാത്ത വലിയ സമ്പത്ത്...."

                                അവരുടെ മൗന വിചാരണക്ക് ശേഷം അടുത്തിരിക്കുന്ന ആറു വയസ്സ് ക്കാരനെ നോക്കി.ഒത്തിരി തവണ തന്‍റെ കയ്യില്‍ തൂങ്ങി നടന്ന കുഞ്ഞു..കൂടുതല്‍ നോക്കാന്‍ കഴിയാതെ കണ്ണേടുത്തു..ആ രൂപം..അവന്‍റെ കുട്ടിക്കാലത്തെ  അതേ പ്രതി രൂപം..അവന്‍റെ അതെ ഭാവം...ആ ആറു വയസ്സുള്ള ബാലനും തുടങ്ങി.. മനസ്സ് കൊണ്ട് കുറേ ചോദ്യങ്ങള്‍ ചോദിക്കാന്‍...

       "അച്ഛന്‍..എനിക്ക് സ്നേഹമായിരുന്നു..എന്‍റെ കുഞ്ഞ് കുഞ്ഞ് ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന സംരക്ഷണമായിരുന്നു...എന്നെ കാത്തിരിക്കുന്ന കണ്ണുകളായിരുന്നു...എന്നെ വളര്‍ത്തി വലുതാക്കി നല്ല വഴിക്ക് നടത്താനുള്ള വാഗ്ദാനമായിരുന്നു..തെറ്റ് കാണിക്കുമ്പോള്‍ ശാസിച്ചും, ഗുണദോഷിച്ചും എന്നെ ഞാനാക്കി മാറ്റാനുള്ള മാതൃക ആയിരുന്നു...അതാണ് ഒരു കെട്ട് പണം പങ്ക് വെക്കുന്ന കൂട്ടത്തില്‍ ചാച്ചന്‍ ഇല്ലാതാക്കിയത്..ഞാന്‍ വളര്‍ന്ന്‍ വലുതാകുമ്പോള്‍ അതിന്‍റെ നൂറ് മടങ്ങ്‌ സമ്പത്ത് തരാം..എനിക്ക് എന്‍റെ അച്ഛനെ തിരികെ തരാനാകുമോ..ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന, എനിക്ക് വേണ്ട ഈ നിമിഷത്തില്‍.??

                          അവസാനം നോക്കിയത് ഒന്നുമറിയാതെ കോടതി മുറിയില്‍ അമ്മയുടെ മടിയിലിരിക്കുന്ന ഒന്നര വയസ്സുക്കാരിയുടെ നിഷ്കളങ്കമായ മുഖത്തേക്ക്..ഭൂമിയിലെ ക്രൂരത അറിയാനും, മനസ്സിലാക്കാനും കഴിയാത്ത പാല്‍ മണം മാറാത്ത കുഞ്ഞ്..മൊട്ടിട്ട് വരുന്ന കൊച്ചു പല്ലുകള്‍ കാണിച്ച് നോക്കി ചിരിച്ചു..അതിന് പിന്നില്‍ മൗനമായ ചില ചോദ്യങ്ങള്‍...

    "എനിക്ക് എന്‍റെ അച്ഛനെ തിരികെ വേണം...കുഞ്ഞു വാ കൊണ്ട് ഞാന്‍ ആദ്യം പറഞ്ഞ വാക്ക് "അച്ചാന്നായിരുന്നു..അമ്മയേക്കാള്‍ കൂടുതല്‍ പകല്‍ സമയത്ത് എന്‍റെ കുഞ്ഞു കണ്ണുകള്‍ തേടിയത് അച്ഛനെ ആയിരുന്നു..എന്താണ് അച്ഛന്‍ വരാത്തത്? എന്താണ് അച്ഛന്‍ എന്‍റെ കവിളുകളില്‍ ഉമ്മ വെക്കാത്തത്?? എന്താണ് അച്ഛന്‍ ഞാന്‍ കരയുമ്പോള്‍ തൊട്ടിയില്‍ നിന്നുമെടുത്ത് തോളിലിട്ട് താരാട്ട് പാടാത്തത്??എനിക്ക് വേണം എന്‍റെ അച്ചനെ....വളര്‍ന്ന്‍ വരുമ്പോള്‍ ഞാന്‍ അച്ഛനില്ലാത്ത മകളാകരുത്...എവിടെ എന്‍റെ അച്ഛന്‍???

                            ആര്‍ക്കും ഒരുത്തരം കൊടുക്കാനില്ല...ഉത്തരമില്ലാത്ത ചോദ്യങ്ങള്‍..ഇനിയും ഇത്തരം മുഖാമുഖങ്ങള്‍...സഹിക്കാന്‍ കഴിയുന്നില്ല.. കിട്ടുന്നത് നരകമായിരിക്കും...അത് സ്വീകാര്യം..ആരെയും കാണാതിരുന്നാല്‍...വെളിച്ചം ഇല്ലാതിരുന്നാല്‍...ഓര്‍മ്മകള്‍ നഷ്ടമായ് ഒരു ഭ്രാന്ത് പിടിച്ച് അലയാന്‍, അല്ലെങ്കില്‍ എന്നേക്കുമായി ജീവിതത്തില്‍ നിന്നും മടങ്ങാന്‍..തിരുത്താന്‍ കഴിയാത്ത തെറ്റുകള്‍..ഒരിക്കലും മായ്ച്ചു കളയാന്‍ കഴിയാത്ത മുറിവുകള്‍..ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആ നിമിഷം..ഏറ്റവും വെറുക്കുന്ന ആ ദിവസം...

    "നോക്ക്..എനിക്ക് അവകാശപ്പെട്ടത് കിട്ടിയേ തീരൂ...രണ്ട്‌ വെള്ളം തോരാത്ത പിള്ളേരാ...പിശുക്ക് കാണിച്ച്, തോന്നിവാസം കാണിച്ച്  പങ്ക് വെച്ച് എന്നെ ആരും പറ്റിക്കാന്നു കരുതണ്ടാ.."

                            രാത്രിയിലെ മദ്യപാന സദസ്സിലെ ചില വാക്കുകള്‍..ഒടുവില്‍ വളര്‍ന്ന്‍ തര്‍ക്കം, ബഹളം...മദ്യ ലഹരിയില്‍ കൂടപ്പിറപ്പ് ആണെന്ന കാര്യം പോലും മറന്നുള്ള ദേഷ്യം, വാശി, ഒടുവില്‍ വൈരാഗ്യം..സമ്പത്ത് വിട്ടു കൊടുക്കില്ലെന്നുള്ള തീരുമാനം...ഒടുവില്‍ മദ്യത്തിന്‍റെ കാട്ടാള ലഹരിയില്‍ ആ കഴുത്തില്‍ കത്തി കുത്തിയിറക്കിയപ്പോള്‍ ഒഴുകിയ ചോര സ്വന്തം ചോരയാണെന്ന് പോലും തിരിച്ചറിഞ്ഞില്ല..പിന്നേയും വാശിയോടെ കുത്തി, ജീവന്‍ പോകുന്നത് വരെ...ഒടുവില്‍ ചോര ഒഴുകി കാലില്‍ പതിച്ചപ്പോള്‍ തിരിച്ചറിവ്...സഹോദരന്‍, രണ്ട് കുട്ടികളുടെ പിതാവ്.സ്വന്തം ചോര...എല്ലാം അപ്പോഴേക്കും കഴിഞ്ഞിരുന്നു..ദൈവം തന്ന ജന്മം കൊലകത്തി കൊണ്ട് തിരിച്ചെടുക്കുമ്പോള്‍ ഓര്‍ത്തില്ല..അതിന്‍റെ പരിണിത ഫലങ്ങള്‍...അനാഥരായ മൂന്ന്‍ ജന്മങ്ങള്‍, ആരുമില്ലാതെയായ പ്രായമുള്ള മാതാപിതാക്കള്‍...ആര്‍ക്കും അനുഭവിക്കാന്‍ കഴിയാതെ പോയ സമ്പത്ത്...

        "ജീവനെങ്കിലും ബാക്കി വെക്കമായിരുന്നില്ലേ??ആ കുട്ടികള്‍ വളരുമ്പോള്‍ അവര്‍ക്ക് നിന്നോടുണ്ടാകുന്ന ശത്രുത...ആ പാവം പെണ്‍കുട്ടിയുടെ വൈധവ്യത്തിന്റെ കണ്ണ് നീര്‍...എവിടെ പോയി പ്രായശ്ചിത്തം ചെയ്താലും, ഏത് പുണ്യ നദിയില്‍ മുങ്ങിയാലും മായാത്ത പാപ കറ...പണം അത് സ്വന്തം കൈകളില്‍ കൂടുതല്‍ ഒതുക്കാന്‍ നീ ചെയ്ത മഹാപാപം..അത് കൊണ്ടെന്ത് നേട്ടമുണ്ടായി..??നിനക്ക് അതനുഭവിക്കാന്‍ പോലും കഴിയില്ല...എന്തിന് നീ ഇനിയും ജീവിക്കുന്നു...നിയമം അനുശാസിക്കുന്ന ഒരു തൂക്ക് കയര്‍ ഇരന്ന് വാങ്ങിക്കോ.. ഒരാളും പൊറുക്കില്ല...ഒരു കാലത്തും പൊറുക്കില്ല..."

                            അടുത്ത സ്നേഹിതന്‍ ഇന്നലെ പറഞ്ഞ വാക്കുകള്‍..ശരിയാണ്. ഞാന്‍ എന്നെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു..ഒരു സ്വയം ഹത്യയുടെ തീരം മുന്നില്‍..ഒരിറ്റ് മരണ ജലം പോലും കിട്ടാതെ പിടയാന്‍ മോഹം..എന്തെങ്കിലും പറയാന്‍ ബാക്കിയുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മറുപടി മനസ്സ് തുറന്ന്‍ തന്നെ പറഞ്ഞു..

   "എനിക്ക് മരിക്കണം...മരണത്തിന് ശേഷം നരകമെന്ന ഒന്നുണ്ടെങ്കില്‍ അതും വേണം..ഒരു ജീവിതത്തില്‍ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ പേറി ഇങ്ങിനെ ജീവിക്കുന്നതിലും ഭേദം മരണം എന്ന സത്യം..എനിക്ക് തൂക്ക് കയര്‍ വിധിക്കണം...എത്രയും വേഗം..."

                             പകരം കോടതി ഇന്നലെ തന്നത് ശകാരമാണ്..വിധി നിശ്ചയിക്കാന്‍ അവരുണ്ടത്രേ...രക്ഷപ്പെടാന്‍ വേണ്ടി ചെയ്യുന്ന ഈ നാടകം അവസാനിപ്പിക്കാനും മുന്നറിയിപ്പ്..പല മുഖങ്ങളില്‍ നിന്നും, പകല്‍ വെളിച്ചത്തില്‍ നിന്നും ഒളിച്ചോടി ദൂരെ അറിയപ്പെടാത്ത ലോകത്തേക്ക് പോകാനുള്ള കൊതി ആരും മനസ്സിലാക്കുന്നില്ല..സാധിക്കില്ല ഇനിയീ സുന്ദരമായ ഭൂമിയില്‍ ജീവിക്കാന്‍, വളര്‍ന്ന്‍ വരുന്ന ആ പിഞ്ചു കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍...വേണ്ട...ജയിലഴിയില്‍ കൂടി കടന്ന്‍ വരുന്ന വെളിച്ചം മറയട്ടെ..

           "ഒന്നും ഒന്നിനും പകരമാകുന്നില്ല...
            നഷ്ടമായത് തിരികെ ലഭ്യമാകില്ല...
            ഇനിയെനിക്ക് ജീവനുള്ള മാറാപ്പ്
            എന്നേക്കുമായി അഴിച്ച് വെക്കണം..
            ഇനിയെനിക്ക് സുഖമായുറങ്ങണം...
            ബലി കല്ലില്‍ തല ചായ്ച്ച്....
            മരണം വന്ന്‍ വിളിക്കും വരേ...

                               പഴയ കടലാസ്സില്‍ എഴുതി അവസാനിപ്പിച്ച  വാക്കുകള്‍ക്ക്  മുന്നില്‍  ആ ചെറിയ പൊതി തുറന്നു..പകല്‍ വെളിച്ചത്തില്‍ കോടതി കഴിഞ്ഞ്കൊ തിരികെ പോരുമ്പോള്‍ കൂടെ വന്ന പോലീസ്ക്കാരന്‍ നല്കിയ രഹസ്യമായ ഒരു പൊതി.. അതില്‍  തിളങ്ങുന്ന ഒരു ബ്ലയിഡ് കഷ്ണം..അതിന്‍റെ തിളക്കം മുഖത്ത് മരണത്തെ പോലെ മിന്നി മിനുങ്ങി..ഇനിയും പകലുകള്‍, ആര്‍ദ്രമായ നോട്ടങ്ങള്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍...എന്തിന് വേണ്ടി അവനെ ഇല്ലാതാക്കിയോ എല്ലാം അവന്‍റെ അവകാശികള്‍ക്ക് മാത്രം ചെന്ന്‍ ചേരട്ടെ....
വെളിച്ചത്തിലേക്ക് വലത് കൈ പിടിച്ച് അതിലെ തടിച്ച് നില്‍ക്കുന്ന ഞരമ്പില്‍ മെല്ലെ വിരലോടിച്ചു...മരണത്തിന്‍റെ മിടിപ്പ്...അത് കൈകളിലേക്ക്...കണ്ണുകള്‍ അടച്ച് ഇരുട്ടാക്കി...ഇടനാഴിയില്‍ നിന്നും കടന്ന്‍ വരുന്ന ജീവന്‍റെ വെളിച്ചം പോലും ഇരുട്ടാക്കി...തുടുത്ത ഞരമ്പുകള്‍ വീണ്ടും വേഗതയില്‍ മിടിക്കാന്‍ തുടങ്ങി...മരണത്തിന്‍റെ സംഗീതം...അതടുത്തടുത്ത് ..വളരെ അടുത്ത്...



NB:- "കുറച്ച് ദിവസം മുന്‍പ് നഷ്‌ടമായ പ്രിയ കൂട്ടുക്കാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരിറ്റ് കണ്ണീരോടെ.....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....



   











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ