
ഓരോ മനുഷ്യര്‍ക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില ദിനങ്ങളുണ്ട്...പ്രതീക്ഷിച്ച ചില അതിഥികള്‍ സന്തോഷത്തോടെ ജീവിത യാത്രയില്‍ ചേരുന്ന ദൈവികമായ നിമിഷം...അതുമല്ലെങ്കില്‍ ജീവിതത്തിന്‍റെ ഗതിവികതിയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുന്ന മുഹൂര്‍ത്തം..അങ്ങിനെയൊരു സുന്ദരമായ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിന്‍റെ തലേന്ന് രാത്രിയില്‍.........
പതിനൊന്നാം തിയ്യതി ഏപ്രില്‍ രണ്ടായിരത്തി ആറു..(11/04/2006)
തുറന്നിട്ട ജനലിലൂടെ ഇരുട്ടില്‍ വെളിച്ചം വിതറുന്ന അലങ്കാര ബള്‍ബുകള്‍ മാറി മാറി എന്‍റെ മുഖത്ത് നീലയും, പച്ചയും, ചുവപ്പും വര്‍ണ്ണങ്ങള്‍ തീര്‍ത്തു..ആളുകള്‍ ഒഴിഞ്ഞു പോയിട്ടും സന്തോഷത്തോടെ കത്തുന്ന വിളക്കുകള്‍.മതിലിനപ്പുറം റോഡില്‍ നിന്നും ഒരു ചില്ല് കുപ്പി ഉരുളന്നതിന്റെ ശബ്ദം..അവസാനത്തെ ലഹരിയും വിഴുങ്ങി ആനന്ദം കൊള്ളുന്ന സൗഹൃദങ്ങള്‍.അവരിലാരോ ആണ് കുറച്ചു മുന്‍പ് പന്തലില്‍ ഇരുന്ന എന്നെ സ്നേഹത്തോടെ ശകാരിച്ചത്..
"പോയി കിടന്നുറങ്ങടാ ചെക്കാ..അല്ലെങ്കില്‍ നാളെ ക്ഷീണമാകും.."
"ഒറക്കം വരണില്ലെങ്കില്‍ രണ്ടെണ്ണം അടിച്ചോ..."
കൂടുതല്‍ ഒന്നും പറയാതെ മുറിയിലേക്ക് പോരുകയായിരുന്നു..മനസ്സില്‍ സന്തോഷം, അതിനേക്കാള്‍ കൂടുതല്‍ പരിഭ്രമം..ഇത് വരെ ജീവിച്ച ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി എന്തിനും, ഏതിനും ഒരാളുടെ കൂടെ പങ്കാളിത്തം ഉറപ്പിക്കുന്ന ദിവസമാണ് നാളെ..സുഖമായാലും ദുഃഖമായാലും പരസ്പരം പങ്കിടാന്‍ തുടങ്ങുന്ന ദിവസം..ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക്, സങ്കല്‍പ്പങ്ങള്‍ക്ക്, കൂടെ ഉണ്ടാകാന്‍ ഒരു വാഗ്ദാനം നല്‍കുന്ന ദിവസം..മനസ്സില്‍ ആ നിമിഷത്തെ കുറിച്ചായിരുന്നു ഏറെ ഭയം...അലമാര തുറന്ന്‍ താലിമാല കയ്യില്‍ എടുത്ത് പരിശോധിച്ചു..ഒരല്പം അഹങ്കാരം തോന്നിയ നിമിഷം..
"എന്‍റെ അധ്വാനം..അത് കൊണ്ട് വാങ്ങിയ മാല..ഒരാളില്‍ നിന്നും പങ്ക് പറ്റാതെ നാളെ എന്‍റെ ജീവിതത്തിന് നേരെ ഞാന്‍ നീട്ടുന്ന മാല, അതൊരു ലോഹക്കൂട്ട് മാത്രമല്ല...ജീവിതത്തില്‍ ഒരു വഴി തിരിവുണ്ടാക്കാന്‍ ഒരാള്‍ കൂടി കടന്ന്‍ വരുമ്പോള്‍ അതിന്‍റെ തെളിവായി വരും നാളുകളിലേക്ക് കരുതി വെക്കുന്ന ഒരു മൂല്യമാണ്.ഒരു വിശ്വാസമാണ്.മാലയുടെ കൊളുത്ത് നോക്കിയപ്പോള്‍ വീണ്ടും മനസ്സില്‍ ആ നിമിഷത്തെ കുറിച്ചുള്ള ശങ്ക വീണ്ടുമുണര്‍ന്നു...
"ഇത് പൂട്ടാന്‍ കഴിയോ?..ഇതെങ്ങനെ കെട്ടണം..ഇടത് നിന്ന് വലത്തോട്ട്?? വലത്ത് നിന്ന് ഇടത്തോട്ട്?? കെട്ടുമ്പോള്‍ താലി മറയുമോ?? കൈകള്‍ വിറക്കുമോ??
പലരോടും ആ നിമിഷത്തെ കുറിച്ച് ചോദിച്ച് മനസ്സിലാക്കിയിരുന്നു...കല്യാണം കഴിഞ്ഞ സുഹ്രുത്തുക്കളോട്, ചേട്ടന്മാരോട്..എല്ലാവര്‍ക്കും ഒരേ അഭിപ്രായം...ആ ഒരു നിമിഷത്തില്‍ പതറിയ മനസ്സാണ് എല്ലാവര്‍ക്കും..ഒരു ചെറിയ ശങ്ക..ഒരു വിറയല്‍..അല്ലെങ്കില്‍ ഒരു കൊച്ചു ഭയം..ചിലത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്..എല്ലാം കൂടി കൂടി കിഴിക്കുമ്പോള്‍ അതെ ഭയം എന്നിലേക്കും പടരുന്നു.സന്തോഷത്തിന്‍റെ ഉന്നതിയില്‍ നില്‍ക്കുന്ന സമയത്തെ ഒരു കുഞ്ഞു ഭയം..കിടക്കയില്‍ കിടക്കുമ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു..നാളെ മുതല്‍ നീ ഒറ്റയ്ക്കല്ല...അടുത്ത് നിന്‍റെ കൂടെ മറ്റൊരാള്‍ കൂടി....ഉറങ്ങി എഴുന്നേല്‍ക്കാന്‍ പോകുന്ന ദിവസത്തെ കുറിച്ച് ചിന്തിച്ച് മെല്ലെ കണ്ണുകള്‍ അടച്ച് ഉറക്കത്തിലേക്ക്..നാളെ ഉണരാന്‍ പോകുന്നത് ജീവിതത്തിലെ ഏറ്റവും വര്‍ണ്ണാഭമായ ദിവസത്തിലേക്ക്...
പന്ത്രണ്ടാം തിയ്യതി ഏപ്രില്‍ രണ്ടായിരത്തി ആറു..(12/04/2006)
ശുഭ വസ്ത്രം, ശുഭ പ്രതീക്ഷ, ശുഭകാര്യം... എല്ലാ പ്രതീക്ഷകള്‍ക്കും അര്‍ത്ഥം കണ്ടെത്തുന്ന പുരുഷായുസ്സിലെ പ്രധാനപ്പെട്ട ആ ദിവസം..പതിവ് പോലെ ഞാനും പ്രഭാതത്തില്‍ അമ്പല മുറ്റത്ത് നിന്നും ആരംഭിച്ചു..ഏപ്രില്‍ മാസത്തില്‍ അതി രാവിലെ വീശുന്ന വിഷു കാറ്റില്‍ മുല്ലപ്പൂ ഗന്ധവും, പിന്നെ പ്രകൃതിയില്‍ കണി കൊന്നയുടെ നിറവും...ഏറ്റവും നല്ല വസ്ത്രം ധരിച്ച്, ഏറ്റവും സന്തോഷത്തോടെ ബന്ധുക്കള്‍, മിത്രങ്ങള്‍, എന്‍റെ ജീവിതയാത്രയുടെ പ്രധാന ഘട്ടത്തിന് സാക്ഷ്യം വഹിക്കാന്‍..പൂമാലയുടെ ഗന്ധം നിറഞ്ഞ കാറില്‍ കയറുമ്പോള്‍ മനസ്സ് തുടിച്ചു...തലയില്‍ മുല്ലപൂ ചൂടി, ആഭരണ വിഭൂഷിതയായ എന്‍റെ പെണ്ണിനെ കാണാന്‍..ഇനി കുറച്ച് കഴിയുമ്പോള്‍ ആകാശവും, ഭൂമിയും, നിറ ദീപവും സാക്ഷി നിരത്തി ക്ഷേത്രനടയില്‍ അവളെ എന്‍റെ ജീവിതവുമായി ബന്ധിപ്പിക്കുന്ന ആ നിമിഷം..കാറില്‍ ആരെല്ലാമോ എന്തെല്ലാം പറയുന്നുണ്ടെങ്കിലും ഒന്നും മനസ്സില്‍ തങ്ങിയില്ല..എവിടെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആ ശങ്ക തിരികെ വന്നിരിക്കുന്നു..വഴിയില്‍ കണ്ട ദേവാലയങ്ങള്‍ മുഴുവന്‍ നോക്കി മനസ്സാല്‍ പ്രാര്‍ത്ഥിച്ചു...
"ബലം നല്കാന്‍...എല്ലാം ഭംഗിയാക്കാന്‍..."
ഹാളിനു മുന്നില്‍ കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ മുഖത്ത് പതിച്ച് വീഡിയോ വെളിച്ചത്തില്‍ നിന്നും തല തിരിച്ച് നോക്കിയപ്പോള്‍ ഹാളിനു മുകളിലെ ജാലകത്തിനരികെ കുറേ സുന്ദര മുഖങ്ങള്‍ക്കിടയില്‍ കണ്ടു...അവളെ..കുറച്ച് സമയം കഴിയുമ്പോള്‍ എന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ടവളായി തീരേണ്ട പെണ്‍കുട്ടി..മനസ്സില്‍ തോന്നി..ആ മുഖത്തും കത്തി നില്‍ക്കുന്ന സന്തോഷത്തിന് മീതെ ചെറിയ ഒരു ശങ്ക, ഭയം ഇല്ലെയെന്ന്...ഉണ്ടാകാം..എന്നെ പോലെ അവള്‍ക്കും ജീവിതം വഴി തിരിയുന്ന ഒരവസ്ഥ. എന്തായാലും ഉണ്ടാകാം..പിന്നെയും കാത്തിരിപ്പ്...ആ നിമിഷമാകാന്‍..ഒരു നിമിഷം ഒരു മണിക്കൂര്‍ പോലെ...ഒരു മിനിറ്റ് ഒരു കൊല്ലം പോലെ..പ്രകൃതി നിശ്ചയിച്ച ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്..അമ്പല നടയില്‍...ഏറി തീയില്‍ എണ്ണ ഒഴിക്കും പോലെ അടുത്ത സ്നേഹിതന്‍....
"എന്താ പേടിണ്ടാടാ...സൂക്ഷിച്ച് കെട്ടിയാല്‍ മതി..താലി മറയാന്‍ പാടില്ല..."
മനസ്സില്‍ പറഞ്ഞു..എന്തിനാടാ നീയിതിപ്പോള്‍ ഓര്‍മ്മിപ്പിച്ചത്?? ഉള്ളില്‍ ഒരു പെരുമ്പറ മുഴങ്ങി തുടങ്ങി..മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്പലം വലം വെച്ച് ചുവന്ന പട്ടു സാരിയില്‍ പതുക്കെ ചുറ്റ് വഴിയിലൂടെ എന്‍റെ ജീവിതത്തിലേക്ക് ഒറ്റയടി വെച്ച് അവള്‍ നടന്ന്‍ വരുന്നു..ഒരു നിമിഷം മനസ്സ് അബോധ തലത്തിലേക്ക് പോയോ...ഭയം അതിന്‍റെ നിറ കോടിയില്‍..അവള്‍ വന്ന് മുന്നില്‍ നിന്നപ്പോള്‍, നോക്കി ചിരിച്ചപ്പോള്‍ മാത്രം ഒരല്പം ശങ്ക വിട്ടു മാറി..എന്നാലും ആ നിമിഷം മറികടക്കാനുള്ള ഊര്‍ജ്ജം സംഭരിക്കാന്‍ ചുറ്റും നോക്കിയപ്പോള്‍ പരിഹാസ ചിരികള്‍, ചില കമന്‍റുകള്‍...അങ്ങിനെ കാത്ത് നിന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷം അടുത്ത് വന്നു...
ജീവിതത്തിലെ ഏറ്റവും പ്രധാനമായ ആ നിമിഷം.....
അമ്പലത്തിനുള്ളില്‍ നിന്നും പൂജിച്ച് കിട്ടിയ താലി മാല സ്വയം മറന്ന്‍ നില്‍ക്കുന്ന എന്‍റെ കയ്യില്‍ ആരോ തന്നു..പ്രകൃതി സ്ത്രീയേയും, പുരുഷനേയും തമ്മില്‍ കൂട്ടി ചേര്‍ക്കുന്ന ആ ശുഭ മുഹൂര്‍ത്തം..ചുറ്റും നില്‍ക്കുന്നവരോ, ദീപ നാളമോ ഒന്നും കണ്മുന്നിലെ കാഴ്ചയില്‍ ഇല്ല...ഭയം അതിന്‍റെ ഉച്ചസ്ഥായിയില്‍..ആരോ പറയുന്നത് കേട്ടു..
"ഇനി താലി കെട്ടിക്കോളൂ..."
വിറയാര്‍ന്ന കൈകള്‍, പെരുമ്പറ പോലെ മിടിക്കുന്ന ഹൃദയം..ആ കഴുത്തിന് നേരെ കൈകള്‍ നീണ്ടത് തികച്ചും യാന്ത്രികമായി..അവളും സ്വയം മറന്ന്‍ നില്‍ക്കുന്നു...ഞങ്ങള്‍ക്കിടയില്‍ ഞാനും, അവളും, പിന്നെ പ്രകൃതിയെന്ന ദൈവ സാന്നിധ്യവും...എങ്ങിനെ താലിയുടെ കൊളുത്ത് കൊളുത്തിയെന്ന്‍ ഓര്‍മ്മയില്ല.എനിക്ക് എന്‍റെ ജീവിത സഖിയെ സമ്മാനിച്ച ആ നിമിഷം മറി കടന്ന്‍ ഞാന്‍ മങ്ങിയ കാഴ്ചയില്‍ നിന്നും തിരികെ വന്ന് നിറ മനസ്സോടെ അവളെ നോക്കുമ്പോള്‍ എന്‍റെ നേരെ അനുഗ്രഹം ചൊരിയുന്ന പോലെ ആ മാലയില്‍ കൊരുത്ത താലി..ചുറ്റും കൂടി നിന്നവരുടെ പുഷ്പ വൃഷ്ടികള്‍ അനുഗ്രഹം ചൊരിയുമ്പോള്‍ ഞാന്‍ അവളെ നോക്കി..
കണ്ണുകള്‍ അടച്ച് അനന്തകണ്ണീര്‍ നിറഞ്ഞ് എന്‍റെ ഭാര്യ..ആ നിമിഷം മുതല്‍ അവള്‍ എന്‍റെ ഭാര്യ..അതൊന്ന് ഉറപ്പിക്കുന്ന രീതിയില്‍ വെളുത്ത സീമന്ത രേഖയെ കുങ്കുമം കൊണ്ട് അരുണാഭമാക്കി എല്ലാ ഭയാശങ്കകളും മനസ്സില്‍ നിന്നകറ്റി ചുറ്റും അനുഗ്രഹം വര്‍ഷം ചൊരിയുന്ന എല്ലാവരേയും സന്തോഷത്തോടെ നോക്കി വീണ്ടും ഞങ്ങള്‍ ഇരുവരും തൃപ്രയാറപ്പന് നേരെ തിരിഞ്ഞ് ഒരു മനസ്സോടെ പ്രാര്‍ത്ഥിച്ചു...
" എല്ലാ അനുഗ്രഹങ്ങളും, സൗഭാഗ്യങ്ങളും ഞങ്ങള്‍ക്ക്ന ല്‍കണേ..."
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....
harishkdlr.blogspot.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ