2015, ജൂൺ 16, ചൊവ്വാഴ്ച

ദൈവത്തിന്‍റെ മക്കള്‍..

 















                            "എന്താ അമ്മേ  ഈ കോളനീന്ന് ഞാന്‍ ഒരാള്  മാത്രം സര്ക്കാര് സ്കൂളില്‍  പഠിക്കണത്??എന്റെ ക്ലാസ്സില്‍ ഞാനും എന്റെ ടീച്ചറും മാത്രള്ളൂ...."

            മകളുടെ ചോദ്യത്തിനു ഒരു തുള്ളി കണ്ണുനീര്‍ മാത്രമായിരുന്നു അവരുടെ ഉത്തരം..അവളുടെ അച്ചന്‍ ഉണ്ടായിരുനെങ്കില്‍ ഒരു പക്ഷെ അവള്‍ക്കും നല്ല സ്കൂളില്‍ പോകാമായിരുന്നില്ലേ?? അവര്‍ ആ ചോദ്യം മനസ്സാക്ഷിയോട് ചോദിച്ചു...തീക്ഷണമായ ജീവിതം തന്‍റെ മുന്നില്‍ തന്ന് ഏതോ അഞ്ജാത വാഹനത്തിന്റെ  രാത്രി പാച്ചിലിന്‍റെ  ഇരയായി മാറി, വിട്ടു പോയ ആ സ്നേഹം, ജാതിയും മതവും മറന്ന്‍ അവരെ കൈ പിടിക്കുമ്പോള്‍ പറഞ്ഞ ഒരു വാക്ക് "

                          എനിക്ക് ജീവനുള്ള കാലം വരെ നിന്നെ ഞാന്‍ പോന്നു പോലെ നോക്കും.."

           വാക്ക് സത്യമായിരുന്നു,..അത്രയ്ക്കും സ്നേഹം..പ്രണയം, ലാളന...അയാള്‍ നല്‍കി...അവര്‍ക്കിടയില്‍ മതം, ജാതി എന്ന മതിലുകള്‍ വളര്‍ന്നില്ല..പകരം സ്നേഹം മാത്രം..അതായിരിക്കും അവര്‍ ഇരുവരെയും ബന്ധു വലയങ്ങളില്‍ നിന്നും അകറ്റി മാറ്റിയത്..ഒറ്റപ്പെടുത്തിയത്. ഒടുവില്‍ വിധി വീണ്ടും അവരുടെ ജീവിതത്തില്‍ അകാല വൈധവ്യം നല്‍കിയപ്പോള്‍ അവര്‍ പിന്നെ ജീവിച്ചതും, ഇപ്പോള്‍ കൊടുങ്ങല്ലൂരിലെ ഒരു  തുണി കടയിലെ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നതും  മകള്‍ക്ക് വേണ്ടി..

           വൈധവ്യം ഒരു ഭീകരമായ അവസ്ഥയാണ്‌..അതും അതി സുന്ദരമായ ഒരു ശരീരം ഉണ്ടെങ്കില്‍...പല വട്ടം അവര്‍ തിരിച്ചറിഞ്ഞ ഒരു സനാതന സത്യം...ജോലിയ്ക്ക് പോകുമ്പോഴും, കടയിലും, ആ സത്യം അവരെ വേട്ടയാടി കൊണ്ടിരുന്നു...കടയുടമ പോലും കറുത്ത കണ്ണട മുഖത്ത് വെച്ച് ആഴത്തില്‍ നോക്കിയത് അവരുടെ ദേഹത്തെ ആയിരുന്നു..ഉടുക്കുന്ന വസ്ത്രം ഒന്ന് കാറ്റില്‍ പറന്നാല്‍ പിന്തുടരുന്ന കണ്ണുകള്‍..ആര്‍ത്തി നിറഞ്ഞ നോട്ടങ്ങള്‍..വഴിയരികിലെ ചില കമന്‍റുകള്‍...ദേഹം ഒരു ദുരിതമായി തീര്‍ന്ന അവസ്ഥ...വേദന നല്‍കുന്ന അവസ്ഥ..സ്വകാര്യത പോലും ക്യാമറ കണ്ണുകളാല്‍ വേട്ടയാടപ്പെടുന്നു..സ്ഥിരം വൃത്തി കേട്ടൊരു  നോട്ടവും, ഒരു രാത്രിയിലെ ആവശ്യവും ഉന്നയിച്ച സമൂഹത്തിന് അധിക ഭാരമായി നടക്കുന്ന  ഒരുത്തനെതിരെ പരാതിയുമായി നിയമ പാലകരെ തേടി ചെന്നപ്പോള്‍ അവിടെയും തുറിച്ചു നോട്ടം..ദഹിപ്പിക്കുന്ന നോട്ടം..ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതിന്‍റെ, വിധവ ആയതിന്‍റെ, ഒരു നല്ല ശരീരത്തിന്‍റെ ഉടമയയതിന്റെ ദൂക്ഷ്യഫലങ്ങള്‍...ദുരിതങ്ങള്‍, വേദനകള്‍..

             "വേട്ടക്കാര്‍ക്ക് അറിയാം ഇര തനിച്ചാണെന്ന്. അവര്‍ സദാചാര മതിലുകള്‍ തീര്‍ത്ത് ഇരയെ വേട്ടയാടുന്നു..ഇര കെണിയില്‍ അകപ്പെടുന്ന വരെ തുടരുന്ന വേട്ട.."

        അവര്‍ അതിസുന്ദരിയാണ്..അവരുടെ മകളും..ഇരുവരും അരക്ഷിതമായ ഒരു ഒറ്റ മുറി വീടിനുള്ളില്‍..ഇരുളുമ്പോള്‍ മുറിക്കുള്ളില്‍ ഭീതി വളരുന്ന കൊച്ചു വീട്..ഏത് നായാട്ട്ക്കാരനും ക്ഷണിക നേരം കൊണ്ട് അതിക്രമിച്ച് കയറാന്‍ കഴിയുന്ന കൊച്ചു വീട്.. പാതിരാവില്‍ പകല്‍ മാന്യന്മാര്‍ ആ വീടിന്‍റെ വാതിലില്‍ മുട്ടി..അസഭ്യം വിളിച്ചു, അകത്ത് കയറിയവനെ ഇറക്കി വിടാന്‍ ഭീഷണി മുഴക്കി...അവരുടെ ആവശ്യം പകല്‍ അവരെ കൊതിപ്പിക്കുന്ന, മോഹിപ്പിക്കുന്ന, ആ ശരീരം മാത്രം.പ്രതികരിക്കാന്‍ കഴിയാതെ ,ഭീതിയോടെ അവരും,മകളും...ചിലപ്പോള്‍,  മനസ്സ് തകര്‍ക്കുന്ന അനുഭവങ്ങള്‍.ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നുന്ന നിമിഷങ്ങള്‍...ഒരിക്കല്‍ വൈകീട്ട് തിരക്കാര്‍ന്ന ബസ്സില്‍ തന്‍റെ സ്വകാര്യതയിലേക്ക് നീണ്ട കൈ വിരലുകള്‍ തട്ടി മാറ്റി തിരിഞ്ഞു നോക്കിയപ്പോള്‍ മനസ്സ് തകര്‍ന്നു..ബാല്യത്തിന്‍റെ ചാപല്യം തീരാത്ത ഒരു പതിനാലുക്കാരന്‍..അവന്‍റെ അമ്മയാകാനുള്ള പ്രായം...."

        എപ്പോഴോ അവര്‍ അവരുടെ ശരീരത്തെ വെറുക്കാന്‍ തുടങ്ങി..വികൃതമായ ഒരു മുഖം, ശരീരം അവര്‍ കൊതിച്ചു..തന്നെ തേടി വരുന്ന കാമകീടങ്ങളെ അകറ്റാന്‍ വൈകൃതം .അതിലും ഭയാനകമായി അവര്‍ കണ്ടത് മകളുടെ വളര്‍ച്ച..അവളുടെ ദേഹത്ത് കാലം വാരിയെറിയുന്ന  മാറ്റങ്ങള്‍..ആ കൊച്ചു കുഞ്ഞും വളര്‍ച്ചയില്‍,  അവരെ പോലെ , അവരെക്കാള്‍ സുന്ദരിയായി കാലം അവളെ അണിയിച്ചൊരുക്കുന്ന കാഴ്ചകള്‍ ... അതവരെ  വേദനിപ്പിച്ചു..പിന്നെ പിടയുന്ന മനസ്സില്‍ ഭീതിയുടെ ചിത്രങ്ങളൊരുക്കി....അതിന് മേമ്പോടിയായി ചില പത്ര വാര്‍ത്തകള്‍..പിന്നെ സാക്ഷ്യം പോലെ ചില അനുഭവങ്ങള്‍...ഇടയ്ക്ക് അവളുമായി പുറത്ത് പോകുമ്പോള്‍ തന്റെ നേരെ നീളുന്ന അതെ തുറിച്ചു നോട്ടം അവളിലേക്കും.ഇടയ്ക്ക് അവള്‍ സ്കൂളില്‍ നിന്നും വരുമ്പോള്‍ പറയുന്ന പരാതികള്‍..ചില കടന്ന്‍ കയറ്റങ്ങള്‍ ..പരാതി പറയാന്‍ ദൈവം മാത്രം..നിസ്സഹായനായി ചുമരിലെ ചിത്രത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ദൈവം..കാലം മുന്നോട്ട് പോകുമ്പോള്‍ അവരില്‍ സ്ത്രീ സൗന്ദര്യം സൃഷ്ടിക്കുന്ന ആകുലതകള്‍..ഒരു പേടി സ്വപനം പോലെ..

         അന്നും പാതിരാ നേരത്ത് വേട്ടപ്പട്ടികള്‍ വാതിലില്‍ മുട്ടി. വാതില്‍ തുറക്കാതെ വന്നപ്പോള്‍ അസഭ്യങ്ങള്‍..ഭീഷണികള്‍..അവര്‍ ചുമരില്‍ തൂങ്ങുന്ന കലണ്ടറിലെ ദൈവത്തിനെ നോക്കി..ദൈവം അവരെ ഒന്ന് നോക്കാന്‍ പോലും കഴിയാതെ ദൂരെ മിഴി നട്ട്..ഇനിയും ഇങ്ങിനെ ജീവിച്ചാല്‍ താനും മകളും ഒരു പത്ര വാര്‍ത്ത ആയി തീരുമെന്ന് അവര്‍ക്ക് തോന്നി..ഏത് നിമിഷവും തങ്ങളില്‍ ഒരാള്‍ വെട്ടയാടപ്പെടാം ...കടിച്ചു കീറപ്പെടും..മാംസം പങ്കിടാന്‍ ഒരവസരം കാത്തിരിക്കുന്നവരില്‍ നിന്നും ഒരു രക്ഷ...നിയമവും, നീതിയും, പരിരക്ഷയും വിദൂരം..ആക്രമിക്കാന്‍ ഒരുങ്ങുന്ന കാമകീടങ്ങളില്‍ നിന്നും ഒരു രക്ഷ..അത് വേണം..അതൊരു ഉറച്ച തീരുമാനമായി അവരുടെ രാത്രി ചിന്തയില്‍ ഉരി തിരിഞ്ഞു..ആരോരുമില്ലതവര്‍ക്ക് ദൈവം തുണ..ദൈവ സന്നിധിയില്‍ അഭയം..അവിടം സുരക്ഷിതം..

              അടുത്ത ദിവസം അവര്‍ ജോലി കഴിഞ്ഞ് വന്നത് മകള്‍ക്ക് ഏറെ ഇഷ്ടമുള്ള ഐസ്ക്രീമുമായാണ്...കഴിക്കുന്നതിനു മുന്‍പ് അവര്‍ മകളോട് പറഞ്ഞു...

                        "ഇന്ന് നമ്മള്‍ ഒരു യാത്ര പോകുന്നു.."

            ആ കുഞ്ഞു വെള്ളാരം കണ്ണുകള്‍ തിളങ്ങി..

                       "എവിടേക്ക്"

            അവര്‍ വിതുമ്പല്‍ ചുണ്ടില്‍ അമര്‍ത്തി പറഞ്ഞു..

                     "ദൈവത്തിനടുത്തെക്ക്.....നമ്മള്‍ ദൈവത്തിന്‍റെ മക്കളാണ്..."

           അവര്‍  പറഞ്ഞത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ആ കുരുന്നിന് കഴിഞ്ഞു..അവര്‍ പറഞ്ഞതിന്‍റെ അന്തസത്ത ഉള്‍കൊണ്ട് തന്നെ ആഹ്ലാദത്തോടെ അതിരുചിയോടെ,  അവര്‍ ഇരുവരും ഐസ്ക്രീം പങ്കിട്ടു.എല്ലാം അവസാനിച്ച് വെളുത്ത വസ്ത്രം ധരിച്ച് മാലാഖമാരെ പോലെ അവസാനത്തെ ആശ്രയമായ മഹാശക്തി സ്രോതസ്സിന്റെ സന്നിധിയില്‍ അഭയം തേടാന്‍ അമ്മയും, മകളും..
അവസാനത്തെ സ്പൂണ്‍ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ കുട്ടി അവരോടു പറഞ്ഞു..

                    "ദൈവത്തെ കാണുമ്പോള്‍ ഞാന്‍ ഒരു കാര്യം അവശ്യപ്പെടും..

വിതുമ്പലോടെ അവള്‍ അവരുടെ തലയില്‍ മടി ചായ്ച്ച് പറഞ്ഞു..

                    "അടുത്ത ജന്മത്തിലും അമ്മയുടെ മകളായി തന്നെ ജനിക്കണമെന്ന്..അടുത്ത ജന്മത്തിലെങ്കിലും എന്‍റെ അച്ചന് ദീര്‍ഘായുസ്സ് നല്കണേന്നും.."

കരച്ചിലോടെ അവര്‍ മകളെ ചേര്‍ത്ത് പിടിച്ചു..ആ നെറുകയില്‍ ഉമ്മ വെച്ച് അവളുടെ കുഞ്ഞു മുഖത്ത് തല ചായ്ച്ച്.കാത്തിരുന്നു..ദൈവം വിളിക്കുന്നത് കാത്ത്..

            അന്നും പാതിരായ്ക്ക് വേട്ടക്കാര്‍ വന്നു..വാതിലില്‍ മുട്ടി..അസഭ്യം മുഴക്കി..അകത്ത് ഉള്ളവനെ പുറത്ത് വിടാന്‍ ഭീഷണി മുഴക്കി..അവരും മകളും ഒന്നും കേള്‍ക്കാതെ ഉറങ്ങി...ചുമരില്‍ തൂങ്ങുന്ന കലണ്ടറിലെ ദൈവചിത്രം പ്രകാശിച്ചത് പോലെ..അവര്‍ യാത്രയിലായിരുന്നു..സുരക്ഷിതമായ അഭയ കേന്ദ്രം തേടി....

            അടുത്ത ദിവസം പകല്‍ ഏറെ വളര്‍ന്നപ്പോള്‍ ആ വീടിന്‍റെ വാതില്‍ ചവിട്ടി തുറക്കപെട്ടു...രാത്രി മുട്ടി വിളിക്കുന്ന ചില പകല്‍ മാന്യന്മാര്‍ ഉണ്ടായിരുന്നു ആ കൂട്ടത്തില്‍..സദാചാരത്തിന്റെ മുഖം മൂടി ധരിച്ചവര്‍...ഇരുളിന്‍റെ മറവില്‍ ലഹരി നിറയുമ്പോള്‍ വേട്ടക്കാരായി രൂപാന്തരപ്പെടുന്നവര്‍..ആരെല്ലാമോ ദുഃഖം കടിച്ചമര്‍ത്തി  നില്ക്കുമ്പോള്‍ ചിലര്‍ ഒരു ക്യാമറ കണ്ണില്‍ പകര്‍ത്തി എത്രയും വേഗം സോഷ്യല്‍ മീഡിയായില്‍ പതിക്കാന്‍ വെമ്പല്‍ കൊണ്ടു..മറ്റ് ചിലര്‍  നോക്കിയത് സാരി മാറി കിടക്കുന്ന അവരുടെ മാംസളമായ ദേഹത്തിലേക്കും, ഉറുമ്പരിച്ച് തുടങ്ങിയ ആ കുരുന്നിന്റെ കാലുകളിലും .....അനുഭവിക്കാന്‍ കഴിയാതെ പോയ,.പങ്കിടാന്‍ കഴിയാതെ മാംസത്തെ കുറിച്ചുള്ള ദുഖമായിരുന്നു ആ കപട മുഖങ്ങളില്‍..


ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....

7 അഭിപ്രായങ്ങൾ: