2015, ജൂൺ 16, ചൊവ്വാഴ്ച

അമ്മായിയമ്മ....















                     
                     "വീട്ടില്‍ ഉടുക്കാന്‍ വില കൂടിയ സാരി, കഴുത്തിലും, കാതിലും അനാവശ്യമായി ആഭരണങ്ങള്‍, നെറ്റിയില്‍ സീമന്ത രേഖയില്‍ നൂറു ഗ്രാം കുങ്കുമം, ആണ്‍ മക്കളേക്കാള്‍ പ്രായം  കുറഞ്ഞ അമ്മ, അതും പഴയ കാല അശ്ലീല ചിത്രങ്ങളിലെ പേര്നാ കേട്ട ഒരു നായിക,ഒന്നിനും പ്രതികരിക്കാത്ത, ഒരു റോളുമില്ലാത്ത വടുകന്‍ ഭര്‍ത്താവ്, മക്കളുടെ ഭാര്യമാര്‍ക്കെതിരെ യുദ്ധം നയിക്കുന്ന മാസങ്ങള്‍ നീളുന്ന എപ്പിസോഡുകള്‍, എല്ലാം സഹിക്കുന്ന മരുമകള്‍ , പല സ്ത്രീ ബന്ധം, പര സ്ത്രീ ബന്ധം  മാത്രമുള്ള കഥ ആഖ്യാനം. വെറുപ്പും, വിധ്വേക്ഷവും, കുശുമ്പും, കുന്നായ്മയും, നിറഞ്ഞ സംഭാക്ഷങ്ങള്‍.... "എന്തായാലും ആ വീട്ടിലും വൈകീട്ട് ആറര മുതല്‍ ഒമ്പതര വരെ കരച്ചിലും, പിഴിച്ചിലും,വിഷം നിറഞ്ഞ സീരിയലുകള്‍... അത് കണ്ടിരിക്കാന്‍ ഒരു പാവം അമ്മായിയമ്മയും..
                       ഇടയ്ക്ക് ഒരു ദിവസം സീരിയല്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ സീരിയലിലെ അമ്മായിയമ്മ ടി.വി. സ്ക്രീനില്‍ നിന്നും ഇറങ്ങി വന്നു സീരിയല്‍ കണ്ടു കൊണ്ടിരുന്ന അമ്മായിയമ്മയുടെ ശരീരത്തില്‍ സന്നിവേശിച്ചു..അത്ര നാള്‍ വരെ മരുമകളെ സ്വന്തം മകളെ പോലെ കരുതിയ അവര്‍ക്കുള്ളില്‍ സീരിയല്‍ അമ്മായിയമ്മ വിഷം കുത്തി നിറച്ചു.അവരെ മാറ്റിയെടുത്തു.അവര്‍ മാറുകയായിരുന്നു...ആടുന്ന കസേരയില്‍ ഇരുന്ന്‍ മൂക്കത്ത് വിരല്‍ വെച്ച് അമ്മായിയമ്മ ചിന്ത തുടങ്ങി..ഉറക്കമൊഴിഞ്ഞ് യുദ്ധത്തിനായി നാവിനെ ആയുധമാക്കാന്‍ വാക്കുകള്‍ മൂര്‍ച്ച കൂട്ടി തുടങ്ങി...പിറ്റേന്ന് പുലര്‍ച്ച മുതല്‍ അടുക്കളയില്‍ വെച്ച് യുദ്ധം പൊട്ടി പുറപെട്ടു..മരുമകള്‍ അപ്രതീക്ഷിതമായി കണ്ട അമ്മായിയമ്മ ഭാവമാറ്റത്തില്‍ പകച്ചു നിന്നൂ..അവള്‍ കണ്ടത് ഒരു കാളീ രൂപമായിരുന്നു..അമ്മായിയമ്മയ്ക്ക് കൊമ്പും, ധംഷ്ട്രകളും മുളച്ചത് പോലെ..ഏകപക്ഷീയമായ യുദ്ധം വ്യാപിക്കാന്‍ തുടങ്ങി..
                       എല്ലാം കുറ്റങ്ങള്‍, വീടിന്റെ വൃത്തി, നിത്യോപയോഗ സാമഗ്രികളുടെ ഉപയോഗം, ഭക്ഷണത്തിന്റെ രുചി, മകന്‍ ഗള്‍ഫില്‍ നിന്നും അയക്കുന്ന പണം, മരുമകള്‍ക്ക് വരുന്ന ഫോണ്‍ കോളുകള്‍ എല്ലാം ചോദ്യം ചെയ്യപെട്ടു..അമ്മായിയമ്മ വില കൂടിയ സാരി ഉടുക്കാനും, ആഭരണങ്ങള്‍ അണിയാനും, സിന്ധൂര രേഖ ശോണിതമാക്കാനും തുടങ്ങി..അവര്‍ പുതിയ യുദ്ധ മുറകള്‍ സീരിയലില്‍ നിന്നും കടമെടുത്ത് മരുമകള്‍ക്ക് നേരെ പ്രയോഗിച്ചു തുടങ്ങി..മരുമകള്‍ എല്ലാം സഹിച്ചും,ഭര്‍ത്താവിനെ പോലും അറിയിക്കാതെ തന്‍റെ ദിവസത്തിനായി കാത്തിരുന്നു..അമ്മായിയമ്മ ദിവസവും നാക്ക്‌ കൊണ്ട് ഉതിര്‍ത്ത വാക്ക് ശരങ്ങള്‍ അവള്‍ ഒരു ചെവി കൊണ്ട് കേട്ടു മറു ചെവിയാല്‍ പുറത്ത് കളഞ്ഞു..അവള്‍ കാത്തിരുന്ന പോലെ ആ ദിനം മുന്നില്‍ വന്നു..ഒരു ഉച്ച സമയത്ത് ഒരു ടെലിവിഷന്‍ പ്രോഗ്രാമിലൂടെ....
                      ഉച്ചയൂണ് കഴിഞ്ഞ് മരുമകളെ വാക്കുകള്‍ കൊണ്ട് മലിനമാക്കി ആടുന്ന കസേരയില്‍ ഇരിക്കുമ്പോള്‍ മരുമകള്‍ വന്നു ടി.വി. കാണാന്‍ തുടങ്ങി..വനിതാ വേദിയിലെ ചര്‍ച്ചകള്‍...ഗാര്‍ഹിക പീഡനം, അതിനുള്ള ശിക്ഷകള്‍, പീഡനം അറിയിക്കാന്‍ ഉള്ള ഫോണ്‍ നമ്പരുകള്‍, എല്ലാം വെളിപെടുത്തി കൊണ്ട് ഒരു പ്രോഗ്രാം..ആ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ടെലിവിഷനില്‍ ശ്രദ്ധിച്ചിരുന്ന  അമ്മായിയമ്മയുടെ കസേരയുടെ ആട്ടം നേര്‍ത്ത്‌ ഒടുവില്‍ നിലയ്ക്കുന്ന അവസ്ഥ എത്തിയത് മരുമകള്‍ അതിവേഗം തിരിച്ചറിഞ്ഞു...ജയിലറയില്‍, ഏകയായി നില്‍ക്കുന്ന ഒരു ചിത്രം അമ്മായിയമ്മയുടെ മനസ്സിലൂടെ കടന്നു പോയി...അത്ര നേരം വരെ അവരില്‍  കൂടിയിരുന്ന സീരിയല്‍ അമ്മായിയമ്മയുടെ പ്രേതം ശരീരത്തില്‍ ചാടി ഇറങ്ങി മുന്‍ വാതിലിലൂടെ ജീവനും കോണ്ട് ഓടിയത് പോലെ മരുമകള്‍ക്ക് തോന്നി..അമ്മായിയമ്മ വിയര്‍ത്ത് കുളിച്ച് വറ്റി വരണ്ട നാവുമായി മരുമകളെ നോക്കി..അത് തിരിച്ചറിഞ്ഞ മരുമകള്‍ അമ്മായിയമ്മയ്ക്ക് തണുത്തവെള്ളം നല്‍കി..യുദ്ധം അവസാനിച്ചതിന്റെ കരാര്‍ പോലെ അവര്‍ അത് വാങ്ങി കുടിച്ചു..തല കുനിച്ചിരിക്കുന്ന അമ്മായിയമ്മ..മരുമകള്‍ റിമോട്ട് എടുത്ത് ചാനല്‍ മാറ്റി....:"എങ്ങിനെ നല്ല കുടുംബം സൃഷ്ടിക്കാം" അതായിരുന്നു ആ ചാനലിലെ ചര്‍ച്ച..അത് കണ്ട് കൊണ്ടിരിക്കെ അമ്മായിയമ്മ മരുമകളെ സ്നേഹത്തോടെ നോക്കി..കൂറെ നാളുകള്‍ക്ക് മുന്‍പേ അവള്‍ കണ്ട അമ്മായിയമ്മ മുന്നില്‍ നില്‍ക്കുന്നത് പോലെ മരുമകള്‍ക്ക് തോന്നി...
                     അടുത്ത ദിവസം ആറര മുതല്‍ ഒമ്പതര വരെ ആ വീട്ടില്‍ ടി.വി. തുറന്നില്ല...വിഷം നിറയുന്ന സീരിയലുകളും, അമ്മായിയമ്മ കഥാപാത്രങ്ങളും ആ വീട്ടില്‍ നിന്നും എന്നേക്കുമായി പടിയിറങ്ങി..സ്നേഹവും, ശാന്തിയും പരസ്പര ബഹുമാനവും തിരികെ വന്നു..കൊച്ചു  മകനെ മടിയില്‍ ഇരുത്തി  സ്നേഹത്തോടെ അമ്മായിയമ്മ..സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട്  എഴുതി കൊടുത്തു...
"സന്തുഷ്ട കുടുംബം"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ