2015, ജൂൺ 10, ബുധനാഴ്‌ച

നക്സല്‍ബാരി സിന്ദാബാദ്..




" ഇങ്കിലാബ് സിന്ദാബാദ്..
നക്സല്‍ബാരി സിന്ദാബാദ്..
ഇന്ദിരാഗാന്ധി മൂര്ധാബാദ്
അടിയന്തിരാവസ്ഥ തുലയട്ടെ..."
                             ബാലനുബോധിനി സ്ക്കൂള്‍ മുതല്‍ എടമുക്ക് ജുമാമസ്ജിദ് വരെയും, കണ്ടംകുളം ശിവ ക്ഷേത്രം വരെയും ഒരു രാത്രി കൊണ്ട് പ്രത്യക്ഷമായ പോസ്റ്റുകള്‍..ന്യൂസ്പേപ്പര്‍ താളില്‍ കരി കൊണ്ട് എഴുതി വെച്ച വാക്കുകള്‍..അടിയന്തിരാവസ്ഥയുടെ നിശബ്ദത ചോദ്യം ചെയ്യപെട്ട മുദ്രാവാക്യങ്ങള്‍..മേത്തലയില്‍ രഹസ്യമായി പടരുന്ന നെക്സല്‍ വേരുകള്‍ രാത്രിയില്‍ എഴുതി വെച്ച പ്രതിക്ഷേധങ്ങള്‍...രാവിലെ തന്നെ തന്‍റെ കൊല്ലിസൈക്കിളില്‍ റോന്തു ചുറ്റാനിറങ്ങിയ ഹെഡ് കുട്ടന്‍ പിള്ളയും, കേശവന്‍ പോലീസും ആ എഴുതി വെച്ച വാക്കുകള്‍ കണ്ടു കോപം കൊണ്ട് വിറച്ചു..കാക്കി കളസം വലിച്ച് കയറ്റി മീശ വിറപ്പിച്ച് കേശവന്‍ പോലീസ് അലറിവിളിച്ചു....
                          "ഏത്..................മകന്‍ ആണടാ ഇതേഴുതിയെ??"

                            ഉത്തരം നല്കാന്‍ ആരുമില്ല..കലി പൂണ്ട് പോസ്റ്ററുകള്‍ വലിച്ച് കയറി മുന്നില്‍ ചെല്ലുമ്പോള്‍ മുന്നില്‍ കണ്ട തെങ്ങ് കയറ്റക്കാരന്‍ കോരന്‍..അവന്‍റെ കരണത്ത് അകാരണമായി ഒന്ന്‍ പൊട്ടിച്ചു.
ചായകടയില്‍ കാലത്തേ ചായയ്ക്ക് വേണ്ടി കാത്ത് നിന്നവരെ ആട്ടി ഓടിച്ചു..പിന്നെ ആക്രോശിച്ചു..
                         "നെത്തലുകളെയും, അവന്മാര്‍ക്ക് കൂട്ട് നിക്കുന്നവരെയും വെറുത വിടൂല്ല...ചോവ്വൂര്‍ന്ന്‍ കടഞ്ഞു കൊണ്ട് വന്ന ഒലക്ക ഒരുത്തനെ കിട്ടാന്‍ കാത്തിരിക്കെയാ"
                         പ്രഭാത സവാരിയ്ക്ക്‌ ശേഷം ഇരുവരും തിരികെ പോകും വഴി പ്രശസ്തമായ നാട്ടിലെ അഭിസാരികയുടെ പേരിലുള്ള വളവില്‍ എത്തിയെപ്പോള്‍ ഹെഡ് കുട്ടന്‍പിള്ളയുടെ നോട്ടം ആ വേലി കെട്ടിനകത്തെക്ക്..അയാള്‍ ഒന്ന് ചുമച്ചു...മറുപടിയായി ഒരു എതിര്‍ ലിംഗ ചുമ വേലി കേട്ടിനകത്ത് നിന്നും...പിള്ളയുടെ യാത്ര അവിടെ അവസാനിച്ചു..നാട് മുഴുവന്‍ വ്യാപിച്ച നെക്സല്‍ ഭീക്ഷണി തുരത്താന്‍ ചട്ടി പോലീസ് എത്തിയപ്പോള്‍ പല പോലീസ് ജന്മങ്ങളും അന്തിയുറങ്ങിയ പ്രസിദ്ധമായ വീട്..അവിടുത്തെ സ്ഥിരം അന്തേവാസിയാണ് ശ്രീമാന്‍  പിള്ള..അയാള്‍ വന്നതിന്‍റെ അടയാളം പോലെ ഉമ്മറത്തെ ബെഞ്ചില്‍ തൊപ്പിയും, ബൂട്ടും കാണാം..അത് കണ്ടാല്‍ അന്തിയാകുമ്പോള്‍ ആ വേലി കടക്കാന്‍ ഒരുത്തനും വരില്ല..
                          കേശവന്‍ പോലീസ് ദ്വി ഭാര്യ വ്രതത്തിലാണ്...ഒറ്റ പുത്രന്‍ ഉത്തമനെ ആദ്യ ഭാര്യ ഉദരത്തില്‍ വഹിച്ചപ്പോള്‍ ചേച്ചിയെ നോക്കാന്‍ വന്ന അനുജത്തി അതിവേഗം കേശവന്‍ പോലീസിന്‍റെ പുരുഷ ഹൃദയം കീഴടക്കി അതിനുള്ളില്‍ കയറി നിയമപരമല്ലാത്ത ഭാര്യസ്ഥാനം വഹിക്കാന്‍ തുടങ്ങി..അതിന്നും തുടരുന്നു...രണ്ട്‌ ഭാര്യമാരും, അവര്‍ തമ്മിലുള്ള സ്ഥിര വൈര്യവും,കലഹങ്ങളും, അവരെ ഒതുക്കാന്‍ കേശവന്‍ പോലീസ് നടത്തുന്ന മൂന്നാം മുറകളും, വൈകുന്നേരം അതിനിടയില്‍ നടക്കുന്ന ബഹളങ്ങളും അയാളുടെ വീടിനെ ഒരു കലാപ ഭവനമാക്കി മാറ്റി...ഇതിനിടയില്‍ ഏക മകന്‍ ഉത്തമനെ അയാള്‍ കണ്ണിലുണ്ണിയായി വളര്‍ത്തിയെടുത്തു...കെ.കെ.ടി.എം കോളേജില്‍ ബി.എ പഠിക്കുന്ന മകന്‍ അയാളുടെ ഭാവി പ്രതീക്ഷയാണ്..പക്ഷെ അവന്‍ കൊടുങ്ങല്ലൂര്‍ പഞ്ചായത്ത് ലൈബ്രറിയില്‍ മണിക്കൂറുകള്‍ ചിലവിട്ട് പുസ്തകം വായിക്കുന്നതും, രാത്രി വൈകി വീട്ടില്‍ വരുന്നതും കേശവന്‍ പോലീസില്‍ ഒരല്പമെങ്കിലും  ഭീതി വളര്‍ത്തി..നാട് മുഴുവന്‍ ഒരു മീശ പിരി കൊണ്ട് വിറപ്പിക്കുന്ന പിള്ളയ്ക്ക് മകനെ ശാസിക്കാന്‍ ഭയമായിരുന്നു..

                          നാട്ടില്‍ അടിയന്തിരാവസ്ഥ നിലവില്‍ വന്നതോടെ പഞ്ചായത്തിലും, അതിന്‍റെ അതിര്‍ വരമ്പുകളിലും നെക്സല്‍ പ്രസ്ഥാനം വളരാന്‍ തുടങ്ങി..ആരൊക്കെ അതില്‍ അംഗമെന്ന് അറിയാത്ത അവസ്ഥ..സംശയം തോന്നിയവരെ, കയ്യില്‍ കിട്ടുമ്പോള്‍ ലോക്കപ്പില്‍ കയറ്റി നന്നായി പെരുമാറും..ഉരുട്ടലും, പച്ചീര്‍ക്കിലി പ്രയോഗവും...അതിനൊടുവില്‍ കുറ്റസമ്മതവും, ഇരിഞ്ഞാലക്കുട സബ്ജയില്‍ നിറഞ്ഞു കഴിഞ്ഞു...അതില്‍ കുറേ നിരപരാധികള്‍..ഞെട്ടിച്ചത് നാരായണന്‍ എംബ്രാന്തിരി ആയിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായ അയാള്‍ പിടിക്കപെട്ടപ്പോള്‍ നെക്സല്‍ ആണെന്ന് സമ്മതിച്ചത് എല്ലാവരെയും ഞെട്ടിച്ചു..ആരു ആരാണെന്ന് അറിയാത്ത അവസ്ഥ...എന്ത് ചെയ്യാം രാജ്യം ഭരിക്കുന്ന സ്ത്രീ കല്പിച്ച ഉത്തരവ് പാലിക്കണം..അതിനു വേണ്ടി തൊപ്പിയും,കളസവും ധരിച്ച് നാട് മുഴുവന്‍ അലയണം..
                         അടുത്ത രാത്രിയില്‍ വീണ്ടും ബീറ്റ്..കോട്ടപ്പുറം ഭാഗത്ത്..ഒഴിഞ്ഞ റോഡിലൂടെ കേശവന്‍ പോലീസും, കുട്ടന്‍ പിള്ളയും.. നാട്ടു വഴിയിലൂടെ മങ്ങിയ വെളിച്ചത്തില്‍ സൈക്കിളില്‍ മുന്നോട്ട് പോകുമ്പോള്‍ കണ്ടു രണ്ടു ഇരുണ്ട രൂപങ്ങള്‍ മുള്ള് വേലിയില്‍ പോസ്റ്ററുകള്‍ പതിക്കുന്നത്..കേശവന്‍ പോലീസ് സിംഹം ഉണര്‍ന്നു..അതിനു മുമ്പേ രൂപങ്ങള്‍ വേലി ചാടി കടന്ന്‍ ഓടാന്‍ തുടങ്ങി..പിന്നാലെ കേശവന്‍ പോലീസും..കുട്ടന്‍പിള്ള ഒന്നിനും ശേഷിയില്ലാതെ കാഴ്ചക്കാരനായി പിന്നില്‍...ഒരുത്തനെ കേശവന്‍ പോലീസ് പിടി കൂടി..ഇരുട്ടില്‍ മുഖം കാണാന്‍ കഴിയുന്നില്ല..പിടി കൂടിയവന്‍ കേശവന്‍ പോലീസിന്‍റെ കൈ തണ്ടയില്‍ അവന്റെ പല്ലുകള്‍ കൊണ്ട് ഒരു പ്രത്യാക്രമണം നടത്തി..പോലീസിന്‍റെ പിടിയില്‍ നിന്നും സ്വതന്ത്രനായി ഓടി ഇരുട്ടില്‍ മറഞ്ഞു..വേദനയോടെ കേശവന്‍ പോലീസ് ഇരുട്ടില്‍ നോക്കി..കയ്യില്‍ തടഞ്ഞത് ഒരു തുണി സഞ്ചി.. ആ സഞ്ചിയുടെ ഗന്ധം അയാള്‍ തിരിച്ചറിഞ്ഞു..അതും എടുത്ത് കേശവന്‍ പോലീസ് പോസ്റ്റ്‌ കാലിന്റെ താഴെ മങ്ങിയ വെളിച്ചത്തിലേക്ക് ...സഞ്ചി തുറക്കുമ്പോള്‍ നെഞ്ച് പിടഞ്ഞുപോയി...അതിലെ ഒരു  പുസ്തകമെടുത്ത് ആദ്യ പേജ് നോക്കി..
ഉത്തമന്‍.കെ
ബി.എ.മലയാളം
കെ.കെ.ടി.എം.കോളേജ് 
പുല്ലുറ്റ്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ