2015, ജൂലൈ 15, ബുധനാഴ്‌ച

""കരകാണാപ്പാലം""

         



                                        "ഐക്യ ജനാധിപത്യ മുന്നണിയുടെ കരുത്തനായ സാരഥി ശ്രീ.കെ.മോഹന്‍ദാസിനെ മുകുന്ദപുരം പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും ആന അടയാളത്തില്‍ നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം....

                              തോട്ടിലെ  വെള്ളത്തില്‍ മീന്‍ കുട്ട കഴുകി വൃത്തിയാക്കി കൊണ്ടിരുന്ന മൊയ്തു കടപ്പുറം റോഡിലൂടെ പോകുന്ന അനൌന്‍സ്മെന്റ് വാഹനത്തിനു ചെവി കൊടുത്ത് ആരോടെന്നില്ലാതെ പറഞ്ഞു...

                "അയാള്‍ ജയിക്കട്ടെ പടച്ചോനെ..അഴീക്കോട് കടവില്‍ നിന്നും പ്രസംഗിച്ചപ്പാ..പറയണ കേട്ട്..ജയിച്ചാ പാലം പണിയൂന്നു..എന്തായാലും അന്‍റെ ഓട്ടു ഇത്തവണ ആനയ്ക്കാ.."

                "മൊയ്തു..അരിവാളിനെ മറക്കല്ലേ..പാവപെട്ട തോയിലാളികളുടെ പാര്‍ട്ടിയാ.."

                            തോട്ടിനപ്പുറം ചെളി വാരി ഉന്ത് വണ്ടിയില്‍ നിറച്ച നാണു തന്റെ നിലപാട് വ്യക്തമാക്കി..അവന്‍റെ കൂട്ടാളിയും ചുമട്ട് ക്കാരനുമായ ഔസേപ്പ് അത് കേട്ട് വയറില്‍ നിന്നും ചെളി വടിച്ച് കളഞ്ഞ് തന്‍റെ നിലപ്പാട് അറിയിച്ചു..

               "നാണു..തന്‍റെ പാര്‍ട്ടി ഇത്തവണ പച്ച തോടുല്ലാ...കണ്ടോ.."

                           മൊയ്തു അവരുടെ ചര്‍ച്ചയില്‍ നിന്നും തന്റെ കുട്ടയെടുത്ത് വിട വാങ്ങി..വീടിന്റെ ഇറയത്ത്‌ വന്ന്‍കുട്ട ചാരി കമിഴ്ത്തി വെച്ച് കോലായില്‍ ചടഞ്ഞിരുന്ന്, ഒരു കിംഗ്‌ ബീഡിയ്ക്ക് തീ കൊടുത്തു..മുറ്റത്ത് കളം വരച്ച് വട്ടു കളിച്ചു കൊണ്ടിരുന്ന മകള്‍ പത്ത് വയസ്സ് ക്കാരി കുഞ്ഞി പാത്തു അത് കണ്ടതും വിലക്കിന്റെ ഒരു വാറോല വായിച്ചു..

               "ഉപ്പാ..ബീഡി വലിക്കരുതെന്ന് ഞാന്‍ എത്ര വട്ടം പറഞ്ഞി..ബീഡി വലിച്ചാല്‍ കേന്സര്‍ വരൂന്ന്‍ പദ്മാവതി ടീച്ചര്‍ സ്കൂളില്‍ പഠിപ്പിച്ചി...

                       ആ വാറോലയുടെ മുന്നില്‍ മൊയ്തു ബീഡി കെടുത്തി നിരുപാധികം കീഴടങ്ങി.."അഴീക്കോട് ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അയാളുടെ മക്കള്‍ കുഞ്ഞി പാത്തുവും, കുഞ്ഞഹമ്മദും..തോടിനടുത്തെ വേലിയേറ്റം വരുമ്പോള്‍ വെള്ളം കയറുന്ന പുറമ്പോക്കിലെ കൊച്ചു കുടിലില്‍ അയാളും, ഭാര്യ കദീശുവും, പിന്നെ രണ്ട്‌ കുഞ്ഞി മക്കളും,അഴീക്കോട് മുനമ്പം പാലം വരാന്‍ അയാള്‍ കൊതിക്കുന്നതിന്റെ പ്രധാന കാരണവും, ആ വെള്ളകെട്ടില്‍ നിന്നും ഒരു മോചനം കിട്ടാന്‍ വേണ്ടിയാണ്..പാലം വരുമ്പോള്‍ അവര്‍ അവിടെ നിന്നും അപ്രോച്ച് റോഡിനു വേണ്ടി അവരെ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കേണ്ടി വരും..അങ്ങിനെ ആ ചെളി വെള്ള കെട്ടില്‍ നിന്നും എന്നേക്കുമായി ഒരു മോചനം...അതിനു പുറമേ മീന്ക്കാരന്‍ മോയ്തുവിനു പാലം വരുന്നതിനുള്ള ആഗ്രഹത്തിന് പിന്നില്‍ മറ്റൊരു ലക്‌ഷ്യം കൂടിയുണ്ട്..
          
             "നാരായണ ചോനെ...അഴീക്കോട് പാലം വന്നാ...ഒരഞ്ച് മിനുറ്റ് മതി മൊനംബം വരെ പോയി വരാന്‍..ഇതിപ്പാ കാലത്ത് സുബഹി കേക്കനതിനു മുന്നിക്ക് കെടക്ക പായെന്നു എണീച്ച് കൊട്ടയും ചൊന്നു ഫഷ്ടത്തെ ബോട്ടില് കേറി പോയാ ആഴി ചുറ്റി മണല്‍ തിട്ട മുട്ടാതെ അക്കരെ എത്താന്‍ ഒരു മണിക്കൂറു വേണം..അവടെ മോനന്ബത്ത് ചെന്ന് ലേലം വിളിക്കരോട് മീനും വേടിച്ച് പിന്നേം ബോട്ടീ കയറ്റി തിരിച്ച് വന്നു സൈക്കിളീ കെട്ടി കേയക്കോട്ടു കൂകി വിളിച്ച് ഇങ്ങു  പൂപ്പത്തി വരെ എത്തുമ്പോ നട്ടുച്ച ആകും..അപ്പൊ പിന്നെ നിങ്ങള് പറയൂല മീന്‍ ചീഞ്ഞെന്നും, പുയ്ത്തെന്നും.." പാലം വന്നാ..നിങ്ങടെ ചോത്തി കാലത്ത് പായെന്നു എണീച്ച് വരിമ്പോ ഈ വെട്ടു വഴീല് മീന്‍കാരന്‍ മൊയ്തു പെട പെടക്കണ മീനായിട്ടു വന്നു നിപ്പുണ്ടാകും..എങ്ങനെ???"അതോണ്ടാ പറയണേ ആനയ്ക്ക് ഓട്ടു ചെയ്യാന്‍.."

                       വോട്ട് ചെയ്ത ആള്‍ ജയിപ്പിച്ചപ്പോള്‍ ഒന്ന്‍ നാട് കാണാന്‍ വന്നു..പിന്നെ അഞ്ച് കൊല്ലം മഷിയിട്ട് നോക്കിയിട്ടും അയാളെ കണ്ടില്ല..അയാള്‍ക്ക് പുറമേ പലരും വന്നു..പലരും പോയി..മൊയ്തു അപ്പോഴും പാലം വരുമെന്ന വിശ്വാസവും പേറി കാലത്ത് തുടങ്ങുന്ന ജീവിത സമരവുമായി മുന്നോട്ട് പോയ്‌ കൊണ്ടിരുന്നു...അയാളുടെ വിശ്വാസത്തെക്കാള്‍ വേഗതയില്‍ മക്കള്‍ വളര്‍ന്നു...കുഞ്ഞി പാത്തു വലിയ പെണ്ണായി..അതോടെ പഠിപ്പ് നിര്‍ത്തി..കുഞ്ഞഹമ്മദ് പഠനത്തെക്കള്‍ ശ്രദ്ധ കൊടുത്തത് സിനിമയിലും, ക്രിക്കറ്റിലും ആയിരുന്നു..

            "എടാ ചെക്കാ...നീ പോയി അലവീടെ പീടികെന്നു ഒഴക്ക് വെളിച്ചെണ്ണ ബാങ്ങി ബാ.."

            "നീ പോയി ബാങ്ങിയാ മതി പാത്തു..നിക്ക് കടപൊറത്ത്  ക്രികറ്റ്‌ മേച്ച് ഉണ്ട്"
            "ഡാ...ചയ്ത്താന്‍ മോറാ...ഉച്ചയ്ക്ക് കഞ്ഞിവെള്ളം നെനയ്ക്ക് തരൂല...എന്‍റെ റബ്ബേ...
             ഈ ചെക്കന് കിറുക്കന്‍ കളീന്ന വിചാരം മാത്രേ ഉള്ളൂ..."
                   
                      കദീശുമ്മ പറഞ്ഞ പരിഭവം ചെറുക്കന്‍ കേട്ടില്ല...അത് ഉള്‍ക്കൊള്ളാന്‍ അവന്‍റെ പാകത അവനെ അനുവദിച്ചില്ല..

             "ഞാന്‍ ബാങ്ങി കൊണ്ട് വന്നാ നിങ്ങ എനിക്ക് രണ്ടുര്‍പ്യ താരോ...മുഗള്‍ ടിയെട്ടരില്‍ പുത്യേ സിനിമ വന്നട്ടുണ്ട്...കമലന്തളം...മോഹന്‍ ലാലിന്‍റെ കമലന്തളം.."
           
             "തച്ച് കൊല്ലും നിന്നെ ഞാന്‍ നായെ..." കദീശുമ്മ അലറി..

             "എന്നാ മുസായിബ്‌ തന്നാണേ ഞാന്‍ പോകൂല വെളിച്ചെണ്ണ ബാങ്ങാന്‍..

                     കുഞ്ഞഹമ്മദ് കടപ്പുറത്തേക്ക് ഓടി.മൂന്ന്‍ കമ്പ് കുത്തിവെച്ച് ചുട്ടു പൊള്ളുന്ന പൂഴി മണലില്‍ ക്രിക്കറ്റ്‌ കളിക്കാന്‍..മൊയ്തു അപ്പോഴും തന്റെ സൈക്കിളില്‍ വിറ്റ്  തീരാത്ത മീനുമായി..ഈയിടെയായി അയാള്‍ പതിവിലും വൈകുന്നു..പഴയ ഊര്‍ജ്ജം നഷ്‌ടമായ പോലെ..പലപ്പോഴും കുട്ടയില്‍ മീന്‍ ബാക്കി വരുന്നു.തിരികെ വീട്ടിലെത്തുമ്പോള്‍ കുഞ്ഞി പാത്തു ബാക്കി വരുന്ന മീന്‍ വെട്ടി കഴുകി ഉണക്കിയെടുക്കും..പാലക്കാട്‌ നിന്നും ഉണക്ക മീന്‍ വാങ്ങാന്‍ വരുന്ന ആളുകള്‍ക്ക് കൊടുത്ത്‌ കിട്ടുന്ന വരുമാനം കൊണ്ട് ആഴ്ചയില്‍ റേഷന്‍ അറിയും, മണ്ണെണ്ണയും വാങ്ങും.മൊയ്തു തന്‍റെ പ്രതീക്ഷകള്‍ നിറഞ്ഞ മനസ്സുമായി ഉച്ചയോടെ പൂപ്പത്തി കയറ്റം കയറും..പതിവ്‌ പാട്ടും കൂക്കി വിളിയുമായി..

             "അയീക്കോട് മയ പൈയ്ത്‌ വയീലപ്പടി കൊയ കൊയ...." ഓടി ഓടി വര്..നല്ല പെടക്കണ               പച്ചയില...വാരി കൊടുക്കണ്..ഒരുര്‍പ്യക്ക് അഞ്ചെണ്ണം...പെട പെടപ്പന്‍ അയില..."

                     വേലിയുടെ മറവില്‍ നിന്നും പെണ്ണുങ്ങള്‍, കുട്ടികള്‍, പൂച്ചകള്‍ ഒരു കൂട്ടമായി സൈക്കിളിന്റെ അടുത്തേക്ക്‌..രാവിലെ മുതല്‍ കാത്തിരിക്കുന്ന ശബ്ദം..രാവിലെ മുതല്‍ തേങ്ങ അരച്ച് വെച്ചുള്ള കാത്തിരിപ്പ്‌..മീനിന്‍റെ മണം ഇല്ലാതെ ചോറ് ഇറങ്ങാത്ത കേട്ടിയോന്മാരോടുള്ള പ്രതിബദ്ധത..മീന്‍ കുട്ടയില്‍ നിന്നും മൊയ്തു എറിയുന്ന ഒരു മീനിനു വേണ്ടി കാത്തിരിക്കുന്ന പൂച്ചകള്‍..എല്ലാം മൊയ്തുവിന്റെ ഒരു വിളിയില്‍...ഒരു പാട്ടില്‍ ആകാംഷയുടെ വിരാമം..

            ''മൊയ്തു മാപ്ലേ...അയില പെടക്കണ പോലെ ഞങ്ങട മനസ്സാ ഇപ്പ                    പെടക്കണേ...ഇതൊന്ന് വെട്ടി കഴുകി അടുപ്പത്ത്‌ ആക്കും വരെ...കാലത്ത്‌ ഇതിലെ ലൂണ  വണ്ടീല്‍ മീന്‍ കൊണ്ട് പോകണ ചെല ചെക്കന്മാര്‍ ഒന്ന്‍ വിളിച്ചാ നിക്കില്ല..അവര്‍ടെ   മീന്‍ ചാലക്കുടിക്കാരെ തിന്നൂ...എന്തൊരു കിബര്‍ ആണെന്നാ...പേര്‍ഷ്യക്കാരന്മാരെ  പോലെ.."

                      മൊയ്തു തന്‍റെ കാലില്‍ വന്നു സ്നേഹം നടിച്ച പൂച്ചകള്‍ക്ക് മീന്‍ ഇട്ടു കൊടുത്ത്‌...കാത്ത് നിന്ന പെണ്ണുങ്ങള്‍ക്ക് മീന്‍ പൊതിയാന്‍ ആരംഭിച്ച് തന്‍റെ പതിവ്‌ ശുഭാപ്തി വിശ്വാസം തുറന്നു...

            "അന്നമ്മ താത്തി..നിങ്ങള് കണ്ടില്ലേ...യു.പി.ക്കാരന്മാര് കണ്ണ് ചിമ്മണാ നേരം കൊണ്ട്  കോട്ടപ്പുറത്ത് പാലം പണിതത്‌..ഇപ്പ കൊടുങ്ങല്ലൂര്‍കാര്‍ക്ക്‌ "ശൂന്ന്‍ " കൊച്ചി പോയി  വരാം..പാലം പണി കഴിഞ്ഞിട്ടും യു.പി.കാരന്മാര്‍ അവറ്റിങ്ങടെ സാധനങ്ങള്‍  കൊണ്ടോയിട്ടില്ല..അത് നേരെ അഴീക്കോട് പാലം പണിയാന്‍ കൊണ്ടോരും..ഒരു കോടി  ഉറുപ്യ മതി പാലം പണി തീര്‍ക്കാന്‍..നമ്മടെ വി.കെ.രാജേട്ടന്‍ എം.എല്‍.എ നെയമ സഭേല് ഒള്ളത് എന്തിനാ...രണ്ടു കൊല്ലം കൊണ്ട് പാലം വരും...പാലം വന്നാ പിന്നെ കാലത്ത്‌      നിങ്ങ ചട്ടി കഴുകണേ മുന്ന് മീന്‍ വരും..കണ്ടോ..

                          അയാളുടെ വിശ്വാസങ്ങള്‍ക്കും മീതെ കാലം ഒരു മന്ത്രജാലവും നടത്താതെ വേഗത്തില്‍ കടന്നു പോയി..ഏഴില്‍ തോറ്റ കുഞ്ഞഹമ്മദ് പഠിപ്പ് നിര്‍ത്തി കുറെ നാള്‍ ക്രിക്കറ്റും, സിനിമയും ആയി മുന്നോട്ട് പോയി..ഒടുവില്‍ പുരോഗതിയില്ലാത്ത കുടുംബ ജീവിതത്തില്‍ വയസ്സായി വരുന്ന പിതാവിന്‍റെ വരുമാനം തികയാതെ വന്നപ്പോള്‍ മീന്‍ കുട്ടയെടുത്ത്‌ വില്പന ആരംഭിച്ചു..കഴിക്കുന്ന മീനിന്‍റെ സുഗന്ധം മീന്‍ വിറ്റ്‌ നടക്കുമ്പോള്‍ ശരീരത്തില്‍ ദുര്‍ഗന്ധം സൃഷിക്കുന്ന അവസ്ഥ വന്നപ്പോള്‍ അയാള്‍ മീന്‍ കുട്ട എന്നന്നേക്കുമായി കമിഴ്ത്തി വെച്ച് പുതിയ തരംഗമായ പറമ്പ് കച്ചവട ബ്രോക്കരായ്‌ പുതു വേഷം കെട്ടി..ഉണക്കമീന്‍ വാങ്ങാന്‍ വന്ന യുവാവായ മൊത്ത കച്ചവടക്കാരന്‍ കുഞ്ഞി പാത്തുവിനെ ബീവിയാക്കി കൊണ്ട് പോയി..മൊയ്തു എന്നിട്ടും തന്‍റെ ജീവിത ചക്രം യാതൊരു മാറ്റവുമില്ലാതെ മുന്നോട്ട് കൊണ്ട് പോയി..മില്ലേനിയം ലോകാവസാനം പേടിച്ച് ഉണ്ടായ ആടുകളെ വിറ്റ്‌ പുട്ടടിച്ച കഷ്ടപ്പാട്‌ കൃഷ്ണന്‍ കുട്ടിയും, ചീനവല പണി വേണ്ടാന്ന് വെച്ച് മുനയ്ക്കല്‍ ബീച്ചില്‍ തട്ടുകട തുടങ്ങിയ ലോനച്ചനും, ചെളി വാരി നടന്ന നാണു ഒരൊറ്റ ഓണം ബംബരില്‍ "ലക്ഷം നാണു ആയതും" കാലത്തിന്റെ മാറ്റങ്ങള്‍..ആ മാറ്റങ്ങള്‍ അഴീക്കോട് പാലത്തിന്‍റെ കാര്യത്തില്‍ മാത്രം ഒരു ചോദ്യമായി...ചോദ്യചിഹ്നമായി..

           "നിങ്ങള്‍ കരുതുന്നത് പോലെ അല്ല..ഞങ്ങള്‍ മുന്നോട്ട് വെച്ച എക്സ്പ്രസ് ഹൈവേ  ഹരിതകേരളം രണ്ടായി തീരുമെന്ന് പറഞ്ഞ് ഇല്ലാതാക്കിയത് ആരാണ്? എന്നിട്ട് അവര്‍  ഭരിച്ചപ്പോള്‍ കൊണ്ട് വരാന്‍ ശ്രമിച്ചത്‌ "തെക്ക്‌ വടക്ക്‌ അതിവേഗ പാത..."എന്നിട്ടു  എന്തായി??ഇപ്പോള്‍ ഞങ്ങള്‍ പറയുന്നു..കോഴിക്കോട് വല്ലാര്‍പ്പാടം തീരദേശ ഇടനാഴി ഈ               സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു      കൊടുക്കുമെന്ന്..അതിന്‍റെ ഭാഗമായി അഴീകോട് പാലം തൊണ്ണൂറ് കോടി രൂപ ചിലവില്‍ പണിയും..പരിസ്ഥിതി ആഘാത പഠനം കഴിഞ്ഞാല്‍ ഭരണാനുമതി കിട്ടും...കാലത്ത്‌  കോഴിക്കോട്‌ നിന്ന്‍ യാത്ര തിരിച്ച് കൊച്ചിയില്‍ വന്ന്‍ ജോലി ചെയ്ത് വൈകീട്ട് തിരിച്ച്  പോകുന്ന അവസ്ഥയിലേക്ക് പോകാന്‍ ഇനി അധിക നാള്‍ വേണ്ട...''

                    യുവ നേതാവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ചായകടയില്‍ ഇരുന്ന മൊയ്തുവിന്റെ വയസ്സന്‍ കണ്ണുകളില്‍ വെളിച്ചം വീണു..മൂന്ന് ദശാബ്ദം കാത്തിരുന്ന സ്വപ്നം വീണ്ടും പൂവണിയാന്‍ പോകുന്ന പോലെ..നാട് മാറി..കാലം മാറി..മുനയ്ക്കല്‍ ടൂറിസ്റ്റ്‌ കേന്ദ്രമായി.. ബീച്ചിലെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ ലഹരിയും,പ്രണയവും നിത്യ കാഴ്ചകള്‍..കുഞ്ഞഹമ്മദ് രണ്ട് കുട്ടികളുടെ പിതാവായി..കദീശുമ്മ പുത്തന്‍പള്ളി കബര്‍ സ്ഥാനില്‍ രണ്ട് മീസാന്‍ കല്ലുകള്‍ നെഞ്ചില്‍ വെച്ച് എന്നേക്കുമായി നിദ്രയില്‍..കുഞ്ഞഹമ്മദ് പഴയ വീട് പൊളിച്ച് പുതിയ വീട് പണിതു..ഒരു വെള്ളെഴുത്ത് ഓപ്പറേഷന്‍ നടത്തിയതോടെ മൊയ്തു തന്‍റെ മീന്‍ കുട്ട എന്നേക്കുമായി കമിഴ്ത്തി വിശ്രമ ജീവിതം തുടങ്ങി..തോടിനക്കരെ ടിപ്പറില്‍ മണല്‍ നിറയ്ക്കാനും, ചെളി വാരാനും ബംഗാളില്‍ നിന്നും, ബീഹാറില്‍ നിന്നും അന്യ സംസ്ഥാന തൊഴിലാളികള്‍..മുസിരിസ് തുറമുഖം പുനര്‍ജനിക്കുന്ന വാര്‍ത്തകള്‍...ആഴി ആഴം കൂട്ടല്‍, മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, ദേശീയ ജലപാത, ദിവസവും വാര്‍ത്തകള്‍...പദ്ധതികള്‍,പ്രഖ്യാപനങ്ങള്‍..യുവ നേതാവ്‌ പറഞ്ഞത്‌ പോലെ അവരുടെ ഭരണവും അവസാനിച്ചു..തീരദേശ ഇടനാഴി ഇരു ഇടനാഴി പോലെ വാക്കുകളില്‍ മാത്രമായ്...കുഞ്ഞഹമ്മദിന്റെ ഇളയ കുട്ടിയ മടിയില്‍ ഇരുത്തി മൊയ്തു വാല്‍സല്യത്തോടെ പാടി..

           "പബ്ലിക്കാ റോട്ടില്‍ വെച്ച് പൂട്ട്‌ തിന്നല്ലേ...
            നാട്ടാര് കണ്ടാല് പോക്കണ കേട്..."

                   എന്നും രാവിലെ പത്രം വരുമ്പോള്‍ കുഞ്ഞഹമ്മദിന്റെ മൂത്തമകള്‍ മൊയ്തുവിനെ പ്രധാന വാര്‍ത്തകള്‍ വായിച്ച് കേള്‍പ്പിക്കും..അന്നും അവള്‍ പത്രമെടുത്ത് വായന ആരംഭിച്ചു..കൊച്ചു മകനെ മടിയില്‍ വെച്ച് മൊയ്തു നല്ലൊരു കേള്‍വിക്കാരനായി...

             "മലയാള മനോരമ...രണ്ടായിരത്തി പതിനാറ് ആഗസ്റ്റ്‌...

               കൊടുങ്ങല്ലൂര്‍ തുറമുഖം ഭരണ കക്ഷി തുടര്‍ച്ചായി അധികാരത്തില്‍ വന്നാല്‍  യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി...തുറമുഖം വരുന്നതിനാല്‍   അഴീക്കോട് പാലം പണിയാനുള്ള പ്ലാനിലും മാറ്റങ്ങള്‍ വരുത്തി അടുത്ത ഭരണകാലത്ത്‌  ഗതാഗതത്തിനായി തുറന്ന്‍ കൊടുക്കുമെന്നും അഴീക്കോട് ജെട്ടിയില്‍ നിയമസഭാ തിരഞ്ഞടുപ്പ് യോഗത്തില്‍ സംസാരിക്കവേ മുന്‍ മന്ത്രി വ്യക്തമാക്കി..കാലങ്ങളായി അഴീക്കോട് നിവാസികള്‍ സ്വപ്നം കാണുന്ന അഴീക്കോട്‌ പാലം പണിയാന്‍ ഇരു നൂറ് കോടി രൂപ വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി..

                      മോയ്തുവില്‍ നിന്നും ഒരു നെടു വീര്‍പ്പ് ഉയര്‍ന്നു..അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു..

                "കാട്ടുകള്ളന്മാര്‍..ഇരുനൂറ്‌ കോടി...എന്‍റെ അള്ളാ..ഒരു അമ്പത്‌ ലക്ഷം കൊണ്ട് കാലം  കൊറേ മുന്ന്‍ പണിയാന്‍ പറ്റുമായിരുന്ന പാലത്തിന്റെ ഇന്നത്തെ മാര്‍ക്കറ്റ്‌ വേല  കോടികള്‍.."

                  "മോയ്തുക്കാക്ക.."

                         മുന്നില്‍ ഇലക്ഷന്‍ പ്രചാരണാര്‍ത്ഥം പ്രതിപക്ഷക്കാര്‍..നിലവിലെ എം.എല്‍.എ..അയാളുടെ അണികള്‍..വെളുക്കെ ചിരിച്ച്..സ്ഥാനാര്‍ഥി മൊയ്തുവിന്റെ തഴമ്പ് നിറഞ്ഞ കൈ പിടിച്ച് കുലുക്കി..ജീവിതത്തില്‍ ഒരു പണിയും ചെയ്യാത്ത ഒരു കൈ മൊയ്തു തിരിച്ചറിഞ്ഞു..

                "മോയ്തുക്കാ..മറക്കരുത്‌..വോട്ട് ചെയ്യണം...ഇത്തവണ ഞങ്ങളെ അധികാരത്തില്‍  എത്തിക്കണം..അഴിമതി നിറഞ്ഞ അവരുടെ ഭരണത്തിന് അവസാനം  കാണാന്‍...അഴീക്കോട് പാലം ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പൂര്‍ത്തിയാക്കും...

                "നിങ്ങ ഇപ്പൊ പറഞ്ഞത്‌ ഒരു മുദ്ര കടലാസ്സി എഴുതി ഒപ്പിട്ട് തരോ??"
                     
                     മൊയ്തുവിന്‍റെ ചോദ്യത്തിന് ഉത്തരം പറയാതെ അവര്‍ തിരികെ നടന്നു..അപ്പോള്‍ എതിര്‍ പാര്‍ട്ടിയുടെ അനൌണ്സ്മെന്റ് വാഹനം കടപ്പുറം റോഡിലൂടെ കടന്ന്‍ പോകുന്നുണ്ടായിരുന്നു..

                 "കേരളത്തിന്റെ വികസനം ഉറപ്പ്‌ വരുത്താന്‍ വീണ്ടും അധികാരത്തില്‍   തുടരാന്‍..അഴീക്കോട് പാലം പൂര്‍ത്തികരിക്കാന്‍  നിങ്ങളുടെ വിലയേറിയ   സമ്മതിദാനാവകാശം കൈ അടയാളത്തില്‍..."
                       
                      മൊയ്തു അത് കേട്ട് ചിരിച്ചു...പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു...

                   "അഴീക്കോട് പാലം...ഹും...കരകാണാപ്പാലം..''

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

             





3 അഭിപ്രായങ്ങൾ: