2015, ജൂലൈ 25, ശനിയാഴ്‌ച

ഇന്ദുലേഖ, പിന്നെ അവള്‍, ചില ഓര്‍മ്മകള്‍..

       



     സമര്‍പ്പണം:- "നീലകണ്‌ഠ ശര്‍മ്മയ്ക്കും....കുടുംബത്തിനും.."

                                                   ഇന്ദുലേഖ ആ കവര്‍ തുറന്ന് വീണ്ടും അത് നോക്കി മനസ്സില്‍ പറഞ്ഞു..

                   "നല്ല ഭംഗിയുണ്ട്..ഇതവള്‍ക്ക് നന്നായി ചേരും.."

                                                    അതൊരു കസവ് വെച്ച പട്ടു പാവാട ആയിരുന്നു...പെണ്‍കുട്ടികളില്‍ നിന്നും അന്യമായി പോയ വസ്ത്ര രീതി..ഇപ്പോള്‍ എല്ലാവര്‍ക്കും ഇറുകിയ ജീന്‍സും, അയഞ്ഞ ടോപ്പും, ലെഗ്ഗിന്സും മതി..ആര്‍ക്കും വേണ്ട പട്ടു പാവാട..തന്‍റെ ചെറുപ്പക്കാലത്ത് ഒരു പട്ടു പാവാട കിട്ടാന്‍ കൊതിച്ചിട്ടുണ്ട്..പലരും അണിയുന്നത് കണ്ട് കൊതിയോടെ നോക്കി നിന്നിട്ടുണ്ട് താനും, അനുജത്തി ചന്ദ്രകാന്തയും..ഒടുവില്‍ അച്ചന്‍ ആ ആഗ്രഹം അറിഞ്ഞപ്പോള്‍ ഒരിക്കല്‍ ഓണത്തിന് മുന്‍പ് കാഞ്ഞാണിയില്‍ പോയി തുണി വാങ്ങി വന്ന് തയ്യല്‍ ക്കാരി ജാനകി ചേച്ചിയെ കൊണ്ട് തുന്നിച്ച ആ പട്ടുപാവാട..ഇന്നും അത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്..അച്ഛന്‍..അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍..ഓര്‍മ്മകള്‍ എന്നും കണ്ണുനീരില്‍ കുതിരുന്ന...ഇന്നും ആര്‍.സി,സി.യിലെ ഡോക്ടേഴ്സ് കോളനിയിലെ പത്താം നമ്പര്‍ വില്ലയില്‍ സ്വീകരണ മുറിയില്‍ ആ ഓര്‍മ്മകള്‍ എന്നും തുടച്ച് സൂക്ഷിച്ച് അലമാരയില്‍ സൂക്ഷിക്കുന്നു...

                "അച്ഛന്റെ ഷര്‍ട്ട്‌,മുണ്ട്,അവസാന സമയത്ത് അച്ചന്‍ ഉപയോഗിച്ചിരുന്ന തൊപ്പി, പഴയ വാച്ച്, ചെരിപ്പ്..എല്ലാം നിധിയാണ്‌..ദൈവങ്ങളുടെ പടങ്ങളുടെ കൂടെ അച്ഛന്‍റെ വലിയ ചിത്രവും..ആ ചിത്രത്തിലും അച്ചന്‍ ചിരിച്ചാണ് ഇരിക്കുന്നത്..എല്ലാ വേദനയും ഒളിപ്പിച്ച ആ ചിരി..എവിടെയും അഭിമാനത്തോടെ പറയാറുണ്ട്..അച്ഛന്റെ പേര്..

                " സത്യന്‍.."  അത് കൊണ്ട് തന്നെ തന്‍റെ പേരിനോട് അഭിമാനത്തോടെ ചേര്‍ത്തു..."ഇന്ദുലേഖ സത്യന്‍."

                                                         അടുത്തിരുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ ശബ്ദമാണ് ഇന്ദുലേഖയെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തിയത്..മോണോ റെയില്‍ തിരുവനന്തപുരത്തിന്‍റെ കാഴ്ചകളിലൂടെ...അവള്‍ തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ വരാമെന്നാണ് പറഞ്ഞിരിക്കുന്നത്..കാണാന്‍ കൊതിയാകുന്നു..എത്ര നാളായി കണ്ടിട്ട്..അവളുടെ മുഖം,  ആ കണ്ണുകള്‍...ആ ചിരി..

                  "ഹലോ ഡോക്ടര്‍..ഇന്ദുലേഖ.."

                                                            മുന്നില്‍ നിറഞ്ഞ ചിരിയുമായി ഒരാള്‍..ആരാണെന്ന് ചിന്തിച്ചിട്ട് മനസ്സിലായില്ല..എവിടെയോ കണ്ടു മറന്നത് പോലെ..

                  "എന്നെ മനസ്സിലായില്ല അല്ലേ ? ഞാന്‍ ഡോക്ടര്‍ അനില്‍ നാരായണന്‍..നമ്മള്‍ ഒന്നിച്ച് കുറച്ച് നാള്‍  2020 ജൂലൈ മാസത്തില്‍ ‍ ഹൌസ് സെര്‍ജെന്സി ചെയ്തിരുന്നു....പിന്നീട് ഞാന്‍ കോട്ടയം മെഡിക്കല്‍കോളേജിലെക്ക് മാറി....ഇന്ദുലേഖ ഇപ്പോള്‍ ഏത് ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്നു..

                    "ഓ..ഞാന്‍ ഓര്‍ക്കുന്നു...ആര്‍.സി.സി. യിലാ..സെര്‍ജിക്കല്‍ ഒന്കോലോജി വിഭാഗത്തില്‍..ഡോക്ടര്‍ ഇക്ബാലിന്റെ അസിസ്റ്റന്റ്‌ ആയി..."

                     "ഗ്രേറ്റ്...കണ്ടെതില്‍ വലിയ സന്തോഷം..എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ ആയി..ഞാന്‍ ഹോസ്പിറ്റലില്‍ വരാം..വിരോധമില്ലെങ്കില്‍..."

                                                                 ഇന്ദുലേഖ സമ്മതം മൂളി..അയാള്‍ നിറഞ്ഞ ചിരിയോടെ ഇറങ്ങി പോയി..അവള്‍ വീണ്ടും പഴയ കാലത്തിലേക്ക്..അച്ഛന്‍ ..തന്‍റെയും, ചന്ദ്രകാന്തയുടെയും ജീവിത വിജയങ്ങള്‍ക്ക് പിന്നില്‍ ...അച്ഛന്‍ മാത്രം..രണ്ടില്‍ പഠിക്കുമ്പോള്‍ ഒരു മഴക്കാലത്ത് കരിഞ്ഞ ഒരു ശരീരം പായ കെട്ടില്‍ വീടിന്റെ പൊട്ടി പൊളിഞ്ഞ കോലായില്‍ കൊണ്ട് വന്ന് വെച്ചപ്പോള്‍ മനസ്സിലായില്ല..അമ്മ പൂര്‍ണ്ണമായും ജീവിതത്തില്‍ നിന്നും നഷ്ടമായെന്ന്..പിന്നീട് അച്ഛന്‍ സ്വയം അമ്മയായി മാറുകയായിരുന്നു..രാവിലെ ഉണര്‍ത്തുന്നതും, പല്ല് തേപ്പിക്കുന്നതും, കുളിപ്പിക്കുന്നതും, ഉടുപ്പുകള്‍ ഇട്ട് തരുന്നതും, കണ്ണെഴുതി തരുന്നതും, പുസ്തക സഞ്ചിയെടുത്ത് ചന്ദ്രയെ തോളില്‍ ഏറ്റി തന്റെ കൈ പിടിച്ച് സ്കൂള്‍ വരെ..പലപ്പോഴും സ്കൂളില്‍ നിന്നും വരുമ്പോള്‍ അച്ഛനെ കാണുക വിയര്‍ത്ത് കുളിച്ച് നില്‍ക്കുന്ന രൂപത്തില്‍ ആയിരിക്കും...ആരുടെയെങ്കിലും പറമ്പില്‍ കിളച്ച് കൊണ്ട്, പാടത്ത് മെതിച്ച് കൊണ്ട്, വേലി കെട്ടി കൊണ്ട്, ലോറിയില്‍ വരുന്ന മണലും, സിമെന്റും ഇറക്കി കൊണ്ട്..നേരം ഇരുട്ടും മുന്‍പ് വെട്ടുവഴിയില്‍ ഒരു ചുമ കേള്‍ക്കാം..അച്ഛന്റെ വരവ്..കയ്യില്‍ ഒരു പൊതി ഉറപ്പാ..കപ്പലണ്ടി മിട്ടായി, എള്ളുണ്ട..പിന്നെ സഞ്ചിയില്‍ അരിയും, മീനും, പച്ചക്കറിയും..ചെറിയ വെളിച്ചത്തില്‍ പഠിക്കാന്‍ ഇരിക്കുമ്പോള്‍ അടുക്കളയില്‍ നിന്നും അച്ഛന്റെ തട്ടും മുട്ടും കേള്‍ക്കാം..അതുമല്ലെങ്കില്‍ അലക്ക് കല്ലിനടുത്ത് നിന്ന് തുണി അലക്കുന്ന ശബ്ദം..

                            "ടോ...സത്യാ..തനിക്ക് ഒരു കല്യാണം കഴിച്ചൂടെ..ഇതിപ്പോ അത്രയ്ക്ക് പ്രായമായോ തനിക്ക്..പെണ്ണ് ചെയ്യേണ്ട പണിയെല്ലാം തന്നെ കൊണ്ട് കൂട്ടിയാ കൂടുമോ? പിള്ളേര് വലുതായി വരേണ്.."

                                                                   പലരും അച്ഛനോട് പറയുന്നത് കേട്ടിട്ടും അച്ചന്‍ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞു കണ്ടിട്ടില്ല..അച്ചന്‍ അമ്മയും, അച്ഛനുമായി സ്വയം മാറുകയായിരുന്നു..വറുത്ത മീന്‍ തനിയ്ക്കും, ചന്ദ്രയ്ക്കും ചോറിന്റെ കൂടെ കിള്ളി തരുമ്പോള്‍ ആലോചിട്ടുണ്ട്..അച്ചന്‍ എന്താ കഴിക്കാത്തതെന്നു..അതിനു മറുപടി ഒരു ചിരിയായിരുന്നു...സ്കൂളില്‍ ഇരിക്കുബോള്‍ ഉച്ചയ്ക്ക് ചോറ് കഴിക്കുമ്പോള്‍ ചിന്തിച്ചിട്ടുണ്ട്..അച്ഛന്‍ ചോറ് കഴിച്ചിട്ടുണ്ടാകുമോ..? കുറച്ച് വലുതായപ്പോള്‍ അച്ഛന്‍ ദിവസവും കൊണ്ട് പോകുന്ന ചോറ് പാത്രം പരിശോധിച്ചപ്പോള്‍ അത് കണ്ട് പൊട്ടി കരഞ്ഞു..പാത്രത്തില്‍ കുറച്ച് കഞ്ഞിവെള്ളവും, വറ്റും മാത്രം..ഒരിക്കല്‍ അച്ഛനെ ചോദ്യം ചെയ്തപ്പോള്‍ പതിവ് ചിരിയോടെ അച്ചന്‍ പറഞ്ഞ വാചകം..

                              "നിങ്ങള് രണ്ടാളും പഠിച്ച് വല്യേ ഡോക്ടര്മാര് ആവുമ്പം അച്ഛന് ചോറും,മീന്‍ വറുത്തതും, ഇടയ്ക്ക് ചിക്കന്‍ കറീം വയറു നെറച്ച് കഴിക്കാം..അതോണ്ട്. എന്റെ തങ്ക കൊടങ്ങള്..നന്നായി പഠിച്ചോ.."

                                                                      ആ പറഞ്ഞ വാക്ക് എന്നും സത്യമായിരുന്നു..മുല്ലശ്ശേരി ഉപജില്ലയില്‍ നിന്നും ഏറ്റവും അധികം മാര്‍ക്ക്, പത്താം ക്ലാസ്സില്‍ എല്ലാത്തിനും എ പ്ലസ്..തന്നെ പോലെ ചന്ദ്രകാന്തയും...സ്കോളര്‍ഷിപ്പും, മറ്റുള്ളവരുടെ സഹായവും പിന്നെ അച്ചന്റെ അദ്ധ്വാനവും..കുറച്ച് വലുതായപ്പോള്‍ വീട്ടു ജോലികള്‍ ചെയ്യാന്‍ താനും, ചന്ദ്രയും പഠിച്ചെങ്കിലും അച്ചന്‍ സമ്മതിക്കാത്ത അവസ്ഥ..പക്ഷെ ഞങ്ങള്‍ അച്ഛന്‍ വരുന്നതിനു മുന്‍പ് എല്ലാം തീര്‍ത്ത്...പ്ലസ് ടു പഠിക്കുന്ന സമയത്ത് അച്ഛന്റെ ശരീരം ക്ഷീണിച്ച് വരുന്ന പോലെ തോന്നി..ഒരിക്കല്‍ ഇറയത്ത്‌ ഇരുന്ന്‍ വൈകുന്നേരം അച്ഛന്‍ ഇടുപ്പിനു  താഴെ നോക്കുന്നത് കണ്ടപ്പോള്‍ അടുത്തേക്ക് ചെന്നു.."ഒരു മുഴ" .തന്നെ കണ്ടതും അച്ഛന്‍ അത് വേഗം മുണ്ട് കൊണ്ട് മറച്ചു വെച്ചു..പിന്നെ അതിന്‍റെ പേരില്‍ കുറേ പിണക്കങ്ങളും, നിരാഹാരസമരം വരെ നീണ്ട പ്രതിഷേധം..ഒടുവില്‍ അച്ഛന്‍ ഡോക്ടറെ കാണാനുള്ള ഞങ്ങളുടെ തീരുമാനത്തിന് വഴങ്ങി..എം.ഇ.എസ്സിലെ ഡോക്ടര്‍ മുഹമ്മദ്‌ സൈയ്തിനെ കണ്ടു..ഒരു ചെറിയ സര്‍ജറി..പക്ഷെ വിശ്രമം വേണമെന്ന ഡോക്ടറുടെ നിര്‍ദേശം വകവെക്കാത അച്ചന്‍ ജോലിയ്ക്ക് പോയി..ആശുപത്രിയില്‍ നിന്നും റിസള്‍ട്ട് വാങ്ങി വന്ന്‍ ചിരിയോടെ, നിസ്സാരമായ്...

                                   "ഇപ്പ ഡോക്ടര്‍ ഇന്ദുലേഖയ്ക്ക് സമാധാനയല്ലോ...അത് വെറൊരു കുരു ആരുന്നു..''

                                                                     ആ വാക്കുകളില്‍ ഒളിപ്പിച്ച സത്യം തിരിച്ചറിയാന്‍ വൈകി.."ക്യാന്‍സര്‍.."അതായിരുന്നു അച്ഛന്..എല്ലാം തകരുന്ന അവസ്ഥ..എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ചികിത്സ നടത്താന്‍ തീരുമാനമായി..പക്ഷെ പണം..അച്ഛന് തന്‍റെ മെഡിക്കല്‍ എന്ട്രന്‍സ് കോച്ചിങ്ങും, ചന്ദ്രയുടെ പഠിപ്പും അതായിരുന്നു പ്രധാനം..ആരു പറഞ്ഞിട്ടും കേള്‍ക്കാതെ ജോലിയ്ക്ക് പോകാന്‍ തുടങ്ങി..ഒടുവില്‍ ജോലി ചെയ്യാന്‍ കഴിയാത്ത ആരോഗ്യ സ്ഥിതി ..തന്‍റെ തീരുമാനമായിരുന്നു എല്ലാം വില്‍ക്കാന്‍..തല്‍ക്കാലം വാടക വീട്..അച്ഛന്‍ ചങ്ക് പൊട്ടിയാണ് സമ്മതിച്ചത്..പിന്നെ ആര്‍.സീ.സി.യില്‍ ട്രീറ്റ്മെന്റ്..കീമോതെറാപ്പി..അച്ചന്‍റെ രൂപം മാറുകയായിരുന്നു..കവിളുകള്‍ ഒട്ടി..മുഖമെല്ലാം കരിവാളിച്ച്, മുടിയെല്ലാം നഷ്ടമായ്..എന്നാലും അച്ചന്‍ എല്ലാവര്‍ക്ക് മുന്നിലും സന്തോഷം അഭിനയിച്ചു...ചിരിച്ചു..വേദന മറച്ച് വെച്ച് അഭിനയിച്ചു..പലരും സഹായിക്കാന്‍ മുന്നില്‍ വന്നു..നാട്ടിലെ സംഘടനകള്‍, ക്ലബ്ബുകള്‍,..എന്നാലും എല്ലാം വെറുതെ...ആന്തരിക അവയവങ്ങളെ രോഗം കാര്‍ന്നു തിന്നുന്ന...അച്ഛന്‍ ചിരിച്ചാല്‍ അറിയാം..അത് വേദന കൊണ്ടാണെന്ന്...

               മോണോ റെയിലില്‍ നിന്നും അടുത്ത സ്റ്റോപ്പ്‌ തമ്പാനൂര്‍ ആണെന്ന അനൌന്‍സ്മെന്റ് ചിന്തയില്‍ നിന്നും പിടിച്ചുയര്‍ത്തി..കണ്ണുകള്‍ തുടച്ച് ഇന്ദുലേഖ പുറത്തേക്ക്..ബസ്സ്‌ സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ അച്ഛന്‍ ഇതിലൂടെ നടന്ന കാര്യം ആലോചിച്ചു..തിരക്കിനിടയില്‍ നിന്നും ഒരു വിളി..ഒരു അന്ധനായ യാചകന്‍..

                                 "ചേട്ടാ..ചേച്ചി സഹായിക്കണേ..കണ്ണ്‍ കാണാന്‍ കഴിയാത്ത..."

                 പേഴ്സില്‍ നിന്നും അമ്പത് രൂപ നോട്ട് എടുത്ത് ആ കൈകളില്‍ നല്‍കിയപ്പോള്‍ അച്ഛന്‍ മരിക്കുന്നതിനു മുന്‍പ് പറഞ്ഞ കാര്യം ഓര്‍മ്മ വന്നു..

                                 "ടോ..ഭാവീലെ  ഡോക്ടര്‍ ഇന്ദുലേഖേ..ഞാന്‍ മരിച്ചാല്‍ എനിക്ക് എന്‍റെ കണ്ണുകള് ആര്‍ക്കെങ്കിലും കൊടുക്കണം...അതിനെന്താ വഴി..?? അങ്ങിനെയാണേല്‍ എനിക്ക് പിന്നേം നിങ്ങളെ കാണാലോ.??ആരുടെയെങ്കിലും കണ്ണീ കൂടെ...ഞാന്‍ കണ്ട് രസിച്ച ഈ ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം കൊടുക്കട്ടെ...ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്റെ കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും...."

                  അത് പറഞ്ഞു അച്ചന്‍ പതിവ് പോലെ പൊട്ടി ചിരിച്ചു...എന്‍റെ കണ്ണുകളില്‍ ഉരുണ്ട് കൂടിയ കണ്ണ് നീര്‍ തുള്ളികള്‍ കണ്ടപ്പോള്‍ അച്ഛന്റെ മുഖം മാറുന്നത് കണ്ടു..പക്ഷെ അച്ഛന്‍ പറഞ്ഞത് പോലെ ചെയ്യ്തു..കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതപത്രത്തില്‍ ഒപ്പ് വെച്ചു...അതിനു പുറകെ ഒരു ദിവസം അച്ഛന്‍ തിരിച്ചത് വന്നത് മറ്റൊരു ആവശ്യമായാണ്‌..."എന്നെയും, ചന്ത്രകാന്തയെയും ശാരദാ മഠത്തില്‍ ആക്കാനുള്ള തീരുമാനം..എതിര്‍ത്ത് നോക്കി...ഒടുവില്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങി കൊടുത്തു..അച്ഛന്‍ അടുത്തില്ലാത്ത ലോകം..അവസാന നാളുകളില്‍ അച്ചന്‍ വളരെ സന്തോഷവാനായിരുന്നു...അച്ഛന് സന്തോഷം ഇരട്ടിയാക്കി കൊണ്ടായിരുന്നു  മെഡിക്കല്‍കോളേജ് എന്ട്രന്‍സ് പാസ്സായത്..അച്ഛന്‍ ചിരിച്ച് കൊണ്ട് വിരലില്‍ തൊട്ട് പറഞ്ഞു...

                                  "ഡോക്ടര്‍ ഇന്ദുലേഖ...ഇനി ചന്ത്രകാന്തയെയും ഒരു ഡോക്ടര്‍ ആക്കണം..രണ്ടു പേരും ക്യാന്‍സര്‍ രോഗത്തിനു ചികിത്സ നടത്തുന്ന വല്യേ ഡോക്ടര്‍മാര്‍ ആകണം.."

                 അന്ന്‍ അച്ചന്‍ സ്വപ്നം കണ്ടത് ഇന്ന്‍ യഥാര്‍ത്ഥമായിരിക്കുന്നു..ഡോക്ടര്‍ ഇന്ദുലേഖ സത്യന്‍..കോഴിക്കോട് ഹൌസ് സെര്‍ജെന്സി ചെയ്യുന്ന ഡോക്ടര്‍ ചന്ത്രകാന്ത സത്യന്‍...കാലം വരുത്തിയ ആ മാറ്റങ്ങള്‍ കാണാന്‍ അച്ഛന്‍ ഇല്ല...ജീവിതത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍, ഏറ്റവും ആരാധിക്കുന്ന ദൈവം..അതായിരുന്നു അച്ചന്‍..നടന്ന്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ദൂരെ കണ്ടു...അവളെ..മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടി...അവള്‍ കുറേ കൂടി വലുതായിരിക്കുന്നു..തന്നെ കണ്ടതും അവള്‍ ദൂരെ നിന്ന് ഓടി വരാന്‍ തുടങ്ങി..അവള്‍ അടുത്ത് വന്നു..നിറഞ്ഞ കണ്ണുകള്‍..ആ കണ്ണുകള്‍...ദൈവമേ..അവള്‍ സ്വയം മറന്ന്‍ ആ പെണ്‍കുട്ടിയെ കെട്ടി പിടിച്ചു..പരിസരം മറന്നു പോയ നിമിഷങ്ങള്‍...അവളുടെ ഇരു കണ്ണുകളിലും ഇന്ദുലേഖ ഉമ്മ വെച്ചു...ആ കണ്ണുകള്‍..

"തന്‍റെ അച്ഛന്റെ കണ്ണുകള്‍..."

NB:-"നേത്രദാനം...മഹാദാനം...അവയവ ദാനം..ജീവ ദാനം.."

എന്റെ അയാള്‍, അവര്‍, പിന്നെ മറ്റ് ചിലര്‍ കഥയുടെ തുടര്‍ച്ച പോലെ എഴുതിയതാണ്..ഇതും ഒരു കഥ തന്നെ...നമുക്ക് പണം നല്‍കി ആരെയും സഹായിക്കാം..ജീവിച്ചിരിക്കുമ്പോള്‍...എന്നാല്‍ ചില സാഹചര്യങ്ങളില്‍ പണം പോലും ഒരു ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കാതെ വരുമ്പോള്‍..?ഒരാള്‍ മരിച്ചതിനു ശേഷം കുറച്ച് സമയത്തേക്ക് ജീവനോടെ ഇരിക്കുന്ന അവയവങ്ങള്‍..അത് രക്ഷിക്കുന്നത് മറ്റൊരു ‍ ജീവന്‍ ആയിരിക്കും.."മറ്റൊരു ജീവിതമായിരിക്കും...
               













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ