2015, ജൂലൈ 11, ശനിയാഴ്‌ച

"ഇരുപതാമാണ്ട്.."

                                                                     
                                                            ഡോക്ടര്‍ ലോപ്പസ് കുര്യന്‍ കണ്ണാടിയിലേക്ക് നോക്കി..നര പടര്‍ന്ന തലയും, ഫ്രഞ്ച് താടിയും, ഇരുപത് വര്ഷം തന്നില്‍ വരുത്തിയ മാറ്റങ്ങള്‍.രാവിലെ വാട്ട്സ് ആപ്പില്‍ രഞ്ചിത്ത് അയച്ച മെസ്സേജ്, അത് വായിച്ചപ്പോള്‍ കടന്നു പോയ കാലം,പ്രായം എല്ലാം ഓര്‍മ്മകളിലേക്ക്...ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്ത ആ ദിനത്തിന്..ഇരുപത് വര്‍ഷത്തിന്റെ പഴക്കമാകാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം...അയാള്‍ ചായ കപ്പും എടുത്ത് വരാന്തയിലേക്ക് നടന്നു..ദൂരെ "നോല"(ന്യൂ ഓര്‍ലിയന്‍സ്)യുടെ കാഴ്ചകള്‍..കെട്ടിടങ്ങള്‍ക്ക് മറവില്‍ ദൂരെ കാണുന്ന നില നിറം..മിസിസിപ്പി കടലിനോട് ചേരുന്ന ആഴി മുഖം...അവിടെ ചെറിയ തിരകളുടെ ആരവം..അയാള്‍ വേദനയോടെ ഒന്ന്‍ നോക്കി മുഖം തിരിച്ചു..നോലയില്‍ വന്നിട്ട് ഇത് വരെ കാണാന്‍ പോകാത്ത, ഒരിക്കലും കാണാന്‍ ഇഷ്ടമില്ലാത്ത നീല നിറം..കടല്‍..

                                                         അയാള്‍ വീണ്ടും ഫോണിലെ മെസ്സെജില്‍ കണ്ണോടിച്ചു..അതിലെ വരികള്‍..അതിലെ വേദന..

                 "ലോപ്പസ്..ഇരുപത് വര്‍ഷമാകുന്നു..നമുക്ക് എല്ലാര്‍ക്കും അവിടെ വരെ പോകണ്ടേ? ഇത് വരെ ഞാനും നീയും അവിടെ  പോയിട്ടില്ല.....അവനെ കാണണം..നിനയ്ക്ക് ഒന്ന്‍ വന്നു കൂടെ..നമ്മള്‍ മൂന്ന് പേര്‍..ഞാനും,നീയും, കിച്ചുവും..."

                 "what happens Lopez" പുറകില്‍ ഭാര്യ ഡോക്ടര്‍ ലിഡിയ ലോപ്പസ്..
അയാള്‍ ഫോണ്‍ എടുത്ത് മെസ്സേജ് അവളെ കാണിച്ചു..ആ മുഖത്ത് വിഷമം പടരുന്ന കാഴ്ച അയാള്‍ തിരിച്ചറിഞ്ഞു..അവര്‍ അയാളുടെ ചുമലില്‍ കൈ വെച്ച് പോകണം എന്ന അര്‍ഥം വെച്ച് ദൂരേക്ക് നോക്കി..കടലിന്റെ നീലനിറം..ലോപ്പസ് കണ്ണുകള്‍ തുടച്ച് ഭാര്യയോട്

               "ലിഡിയ...how i..?"ഇനി ഒരിക്കലും പോകരുതെന്ന് ഉറപ്പിച്ച സ്ഥലത്തേക്ക്..??"

ലിഡിയ അയാളുടെ വിഷമം തിരിച്ചറിഞ്ഞ് അയാളെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു..

               "ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം..ഒരു 7 days..that i will manage myself..don't worry darling.."എനിക്കറിയാം..കടലിനെ വെറുക്കുന്നുവെന്ന സത്യം...but you must go..അവര്‍ എല്ലാം ഉണ്ടാകില്ലേ....എന്റെ മോന്‍ ഒരു ഏഴ് ദിവസം ഈ നോലയില്‍  നിന്നും വിട്ടു നില്‍ക്കുന്നു..നാട്ടില്‍ പോകുന്നു..OK??..be my good boy.."

                                                         .നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങി പുറത്ത് ചെല്ലുമ്പോള്‍ സ്വതസിദ്ധമായ വളിച്ച ചിരിയോടെ സുപ്രസിദ്ധ സംവിധായകന്‍ രഞ്ചിത്ത് മേനോന്‍ പുറത്ത്..ഒരു വലിയ ആലിംഗനം..ഒടുവില്‍ സംവിധായകന്‍ കുതറി മാറി തെന്നി പോയ വിഗ്ഗ് തലയില്‍ ശരിക്കും ഉറപ്പിച്ച് ചുറ്റും നോക്കി..മറ്റാരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി..

               "ഡാ..നാണം കെടുത്തല്ലേ..വിഗ്ഗും, പിന്നെ ഒന്നാന്തരം കളറും കൊണ്ട് ഒരു കണക്കിന് സിനിമ ഗ്ലാമറില്‍ ജീവിച്ച് പൊയ്ക്കോട്ടെ..." വാ നടക്ക്.."

                                                  കാറില്‍ ഇരുന്ന്‍ രഞ്ചിത്ത് കൂടതല്‍ സംസാരിച്ചത് അയാളുടെ തകര്‍ന്ന ദാമ്പത്യത്തെ കുറിച്ചാണ്..മെഡിസിന്‍ കഴിഞ്ഞിട്ടും, രണ്ടും കല്പിച്ച് ഫിലിം ഫീല്‍ഡില്‍ ഇറങ്ങി, ഹിറ്റുകള്‍ മാത്രം കൊയ്ത, സൂപ്പര്‍ സംവിധായകന്‍..അയാളുടെ തന്നെ സിനിമയില്‍ നായികയായി അരങ്ങേറി താര റാണിയായി മാറിയ നടിയെ ജീവിത സഖിയാക്കിയ കഥ..ഒടുവില്‍ പൊരുത്ത പെടാതെ ഇരുവരും പിരിഞ്ഞ കഥ..അവര്‍ക്കിടയില്‍ അകപെട്ടുപോയ രണ്ടു കുഞ്ഞുങ്ങളുടെ കഥ..

              "ലോപ്പസേ...ഈ ഫീല്‍ഡ് പുറത്ത് നിന്ന് നോക്കുമ്പോള്‍ കാണുന്ന തിളക്കം മാത്രമേ ഉള്ളൂ..അകത്ത് ചീഞ്ഞു നാറുന്ന കഥകളാ...എന്‍റെ ഭാര്യ ആയിരുന്ന മഹാ നടി..ജീവിതത്തിലേക്ക് വന്നിട്ടും സിനിമ എന്ന വിസ്മയ ലോകത്തിന്‍റെ പിടിയിലായിരുന്നു..പ്രസവിച്ച കുഞ്ഞിനു പോലും മുലപ്പാല്‍ നിഷേധിച്ച മാതൃത്വം...അവള്‍ക്ക് അവളുടെതായ ന്യായങ്ങള്‍..ഫിറ്റ്നസ്,ഗ്ലാമര്‍..ഒടുവില്‍ ഇപ്പൊ സിനിമയില്‍ വീണ്ടും സജീവം..അമ്മ വേഷങ്ങളില്‍.."

                                                     കുറേ ദൂരം പിന്നിട്ടപ്പോള്‍ വഴിയില്‍ കിച്ചു..എന്ന കൃഷ്ണന്‍കുട്ടി..തടിച്ച് വയര്‍ ചാടി മുടി നരച്ച ഒരു ടിപ്പിക്കല്‍ ഗവര്‍മെന്റ് ജീവനക്കാരന്‍..അവനെയും ലോപ്പസ് കുറേ നേരം ചേര്‍ത്ത് പിടിച്ചു..വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ വിഷമത്തില്‍ കരഞ്ഞു..

           "ഇപ്പോള്‍ ഡി.എം.ഓ '' ആയി..കഴിഞ്ഞ ജൂണില്‍ പ്രൊമോഷന്‍..ഞാന്‍ കുറേ നാള്‍ അവന്‍റെ നാട്ടില്‍ ആയിരുന്നു..ഹെല്‍ത്ത് സെന്‍റരില്‍..മനസ്സ് മരവിച്ച്, അവിടെ...ആ കടല്‍ കാണുമ്പോ ചങ്ക് പൊട്ടും..ഓരോ മാസവും ഒരാളെങ്കിലും...ഹോ മടുത്തിട്ടാ ട്രാന്‍സ്ഫര്‍ വാങ്ങിയത്..എന്നാലും ഞാന്‍ ഇടയ്ക്ക് പോകും..അവിടെ ആ കോട്ടയുടെ മറവില്‍ ഇരുന്ന്‌ പുല്ലാങ്കുഴല്‍ വായിക്കും..അവന് വേണ്ടി.."

                                              കൃഷ്ണന്‍ക്കുട്ടി പറയുന്നത് കേട്ടപ്പോള്‍ അവരിലും ദുഃഖം നിറഞ്ഞു..കാര്‍ മുന്നോട്ട് നീങ്ങി ഒരു നാല്‍ക്കവല തിരിഞ്ഞപ്പോള്‍ ഡോക്ടര്‍ കൃഷ്ണന്‍ക്കുട്ടി കാര്‍ നിര്‍ത്താന്‍ പറഞ്ഞു..മുന്നില്‍ ഒരു നരച്ച രൂപം..ഒരു കിഴവന്‍..ഒരു വശം ഒടിഞ്ഞ് തൂങ്ങി ..വടിയുമായി..തമ്പി സാറിനെ പോലെ..അവരുടെ പരിഭ്രമം തിരിച്ചറിഞ്ഞ് കൃഷ്ണന്‍ക്കുട്ടി ചിരിയോടെ പറഞ്ഞു...

        "ആളെ മനസ്സിലായില്ല അല്ലേ..ഇത് നമ്മുടെ പഴയ കവല ചേട്ടനാ..."

                                         വൃദ്ധന്‍ അവരെ മാറി മാറി നോക്കി....കൃഷ്ണന്‍ക്കുട്ടി അയാളെ പിടിച്ച് കാറില്‍ കയറ്റി...ആ കണ്ണുകള്‍ നിറഞ്ഞ്‌ ഒഴുകുന്നു..കണ്ടാല്‍ അറിയാം ഒരു വശം പരാലിസിസ് ബാധിച്ച് അവശനെന്നു..ഒന്നും സംസാരിച്ചില്ല..ഊര്‍ജ്ജമില്ലാത്ത മുഖം..കടലിനേക്കാള്‍ ആഴമുള്ള ദുഃഖം നിറഞ്ഞ കണ്ണുകള്‍.പണ്ട് "കവലേ"എന്ന് വിളിക്കുന്നവര്‍ക്ക് നല്ല പുളിച്ച തെറിയും, പിന്നെ മുണ്ട് പൊക്കി കാണിക്കലും.."ഇന്ന്‍ മൗനം...ദുഃഖം...കടലിനോളം ആഴത്തില്‍ കണ്ണ് നീര്‍....

                                       "ചേട്ടന് എന്നെ മനസ്സിലായോ??"

                                          രഞ്ജിത്തിന്റെ ചോദ്യത്തിന് ആ വൃദ്ധന്‍ ഒന്നും മറുപടി പറഞ്ഞില്ല....ദൂരെ കാണുന്ന കടലിന്റെ നീല നിറത്തില്‍ ആയിരുന്നു ആ നിറഞ്ഞ കണ്ണുകള്‍..അവ്യക്തമായ ശബ്ദങ്ങള്‍ ആ ചുണ്ടുകളില്‍ കണ്ടു..കരുണ തോന്നുന്ന മുഖഭാവത്തില്‍ ഇടയ്ക്ക് മിന്നി മറയുന്ന വേദനയുടെ കടലലകള്‍..

       "കവല ചേട്ടന്‍ സംസാരിക്കില്ല...അന്ന്‍ അമ്മാവന്‍ കടലില്‍ പോയതിനു ശേഷം അദ്ദേഹം സംസാരിച്ചിട്ടില്ല..ഒരു വശം തളര്‍ന്നു..കുറേ നാള്‍ ഞാനാണ്‌ ചികിത്സ നല്‍കിയത്..നിങ്ങള്‍ക്ക് ഓര്‍മ്മുണ്ടോ..അവന്‍റെ വീട്ടില്‍ അന്നുണ്ടായ മുറപ്പെണ്ണ്‍.."നളിനി" അവരാണ് ചേട്ടനെ ഇപ്പോള്‍ നോക്കുന്നത്..അമ്മാവന്‍ പോയപ്പോള്‍ ആ വീടും, പറമ്പും നളിനിയ്ക്ക് ‍ അവന്‍റെ അമ്മ എഴുതി  നല്‍കി..അവര്‍ തന്നെ മുന്‍കൈ എടുത്ത് കല്യാണവും നടത്തി..ഇപ്പോള്‍ നന്നായി ജീവിക്കുന്നു..എന്തായാലും കവല ചേട്ടനെ അവര്‍ മറന്നില്ല...ഇന്നും എത്ര വൈകി ചെന്നാലും ഈ പാവത്തിന് ഒരു പിടി ചോറ് ആ വീട്ടില്‍ ഉണ്ടാകും.."പക്ഷെ അവന്‍റെ പഴയ കാമുകി ഭദ്ര...അവരുടെ കാര്യമാണ് കഷ്ടം..ആള് ഡല്‍ഹിയില്‍ ഉണ്ട്..ഒരു ഇന്‍റര്‍ നാഷണല്‍ പബ്ലിക്ക് സ്കൂളില്‍ പ്രിന്‍സിപ്പല്‍..well known human activist..പക്ഷെ ഇന്നും അവന്റെ ഓര്‍മ്മകളില്‍..വിവാഹം കഴിക്കാതെ...അല്ലെങ്കിലും ആര്‍ക്കാ അവനെ മറക്കാന്‍ കഴിയാ.."

                                                 കടല്‍ അടുത്ത് വരുന്തോറും ലോപ്പസിന്റെ നെഞ്ച് പിടച്ചു.ഒരിക്കലും വരില്ലെന്ന് രഞ്ജിത്തിനു വാക്ക് കൊടുത്ത സ്ഥലം..അവിടേക്ക് വീണ്ടും..അവന്റെ ഓര്‍മ്മകള്‍, ആ ചിരി, ലോപ്പസിനെ ആരോ പിടിച്ച് വലിക്കുന്ന പോലെ..ഇരുപത് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക്...അന്ന്‍ ആ കടല്‍ത്തീരത്ത് ഓടി നടന്നതെല്ലാം കണ്ണില്‍ നിറയുന്നു..തിര, തിരമാലകള്‍, അതില്‍ പെട്ട്, നിലവിളി, ആര്‍ത്ത് വിളിച്ച ശബ്ദങ്ങള്‍, എല്ലാം മനസ്സില്‍ നിറയുന്നു..കാറില്‍ നിന്നും പഞ്ചാര മണലില്‍ കാല് കുത്തിയപ്പോള്‍ ഷോക്കടിച്ച പോലെ,അങ്ങകലെ കടല്‍ തിരമാലകളില്‍ ചാടി മറയുന്നു അവന്‍..മാടി വിളിക്കുന്നു..അവര്‍ക്കൊപ്പം കടല്‍ തീരത്തേക്ക് നടക്കുമ്പോള്‍ ലോപ്പസ് ഒരു അപ്പൂപ്പന്‍ താടി പോലെ..ഇരുപത് വര്‍ഷത്തിനു ശേഷം കടല്‍ തീരത്ത്..ജീവിതത്തില്‍ ഒരു കാലത്ത് ഏറെ പ്രിയവും, ഇപ്പോള്‍ ഏറ്റവും വെറുപ്പും തോന്നിക്കുന്ന സ്ഥലം..കടല്‍..മുന്നില്‍ നടക്കുമ്പോള്‍ അവിടെ ഒരാള്‍ കൂട്ടം..പോലീസ്..ആരോ പറയുന്നത് കേട്ട്..

    "ഇന്നും പോയി..അതും അവരുടെ ഏക മകന്‍..പ്ലസ്‌ ടു പഠിക്കുന്ന ചെക്കന്‍..കോട്ടയുടെ അടുത്ത് കുളിക്കാന്‍ പോയതാ..പോയി..ഇനി "മൂന്നാം പക്കം"... കടല്‍ കൊണ്ട് വന്നാലായി..അതാണ് കടലമ്മയുടെ നിയമം.."

                                             വേദനയോടെ പഴയ ഓര്‍മ്മകളില്‍ ചവിട്ടി അവരെ കവല ചേട്ടന്‍ മുന്നോട്ട് നയിച്ചു..ആ കാണാതെ പോയ പയ്യന്‍ അവന്‍ ആണോ??ലോപ്പസ് കടലിലേക്ക് നോക്കി..അവന്റെ ശബ്ദം..അവന്‍ വിളിക്കുന്നു..ഇടയ്ക്ക് കടല്‍ വെള്ളം കാലില്‍ പുരണ്ടപ്പോള്‍ ചുട്ടു പൊള്ളിയത് പോലെ..നടന്ന്‍ നടന്ന്‍ ബലി പുരയുടെ അരികില്‍..അവിടെ വന്നപ്പോള്‍ കൃഷ്ണന്‍ക്കുട്ടി നിന്നൂ..അയാള്‍ ലോപ്പസിനെയും, രഞ്ചിത്ത് മേനോനെയും നോക്കി..

     "അവനു വേണ്ടി ബലിയിടനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചത്..ആരുമില്ല അവന്..വേണ്ടി..നമ്മുടെ ഭാസ്ക്കര്‍..നമ്മുടെ പാച്ചൂന് വേണ്ടി...നമുക്കത് ചൈയ്തൂടെ ഒരു വട്ടം.."

                                                 പൊട്ടി കരയുന്ന കൃഷ്ണന്‍കുട്ടിയുടെ കൈകളില്‍  ലോപ്പസും, രഞ്ജിത്തും ‍ ഞങ്ങള്‍ ഉണ്ട് എന്ന വാക്ക് പോലെ മുറുകെ പിടിച്ചു..ഒടുവില്‍ അവനു വേണ്ടി ബലിധര്‍പ്പണം...പൂജാരി വാക്കുകള്‍ ചൊല്ലി..അവര്‍ അത് ചൊല്ലി..കാക്കകള്‍ പാറി പറന്നു..കവല ചേട്ടന്‍ സന്തോഷത്തോടെ കണ്ണ് നീര്‍ ഒഴുക്കി..മൂവരും കടലിലേക്ക്..ലോപ്പസ് ഭീതിയോടെ..അവനെ കൃഷ്ണന്‍ക്കുട്ടിയും, രഞ്ജിത്തും ചേര്‍ത്ത് പിടിച്ചു..മൂവരും ആ തിരമാലയില്‍ നിന്ന് ഉറക്കെ വിളിച്ചു...

                             ""ഭാസീ......""

                                                  മുങ്ങിയെഴുന്നെറ്റ് കരയില്‍ കയറുമ്പോള്‍ അവരുടെ കാലില്‍ തഴുകിയ തിരകള്‍ക്ക് അവരുടെ ഭാസിയുടെ സമീപ്യമുണ്ടായിരുന്നു..അവന്‍റെ മുത്തച്ചന്‍ തമ്പി സാറിന്‍റെ വാത്സല്യം ഉണ്ടായിരുന്നു....



             

2 അഭിപ്രായങ്ങൾ:

  1. കവലചേട്ടനെ കുറിച്ച് വായിച്ചപ്പോൾ പരിചയമുള്ള ഒരു പഴയ മുഖം ഓർമവന്നു. കൊള്ളാം.. ഇടയ്ക്ക് എവിടെയൊക്കെയോ ഒരു അവ്യക്തത തോന്നി. :) ആശംസകൾ

    മറുപടിഇല്ലാതാക്കൂ