2016, മാർച്ച് 4, വെള്ളിയാഴ്‌ച

മരം ഒരു വരം.....





                                      "ഉണ്ണീ..എന്തിനാ ഇന്നലെ നട്ട റോസാ കമ്പ് പൊക്കി നോക്കുന്നേ..അതിനി ഒണങ്ങി പോകും.."

                                      "വേര് വന്നോന്നറിയാനാ ഏട്ടാ.."

             അവന്‍ അവളുടെ കയ്യില്‍ നിന്നും റോസാ കമ്പ് വാങ്ങി തിരികെ ഇളകിയ മണ്ണില്‍ കുഴിച്ചിട്ടു..ഇന്നലെ കിട്ടിയതാണ് ആ റോസാ കമ്പ്..ചെറിയ വീടിനു മുന്നിലെ കൊച്ചു തോട്ടത്തിലെ പുതിയ അതിഥിയായി.

                                       "ഉണ്ണീ..മരമായാലും, ചെടിയായാലും ഒരു വരമാണ്.. ശുദ്ധവായു നല്‍കുന്ന വരം.."

              മൂന്നാം ക്ലാസ് കാരിയുടെ മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങാന്‍ മാത്രം ആ ഏഴാം ക്ലാസ്സുക്കാരന്റെ വാക്കുകള്‍ക്ക് കഴിഞ്ഞില്ല..സ്കൂളിലേക്ക് രാവിലെ പോകുമ്പോഴും അവള്‍ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നു..എന്തിനും, ഏതിനും അവള്‍ക്ക് ഉത്തരം നല്കാന്‍ അവനുണ്ട്..ഏട്ടനായി..

                                      "ഏട്ടാ..ഏട്ടന്‍ പറഞ്ഞില്ലേ ഇലകള്‍ക്ക് പച്ച കളര്‍ വരുന്നത്തിന്‍റെ കാരണം..അപ്പൊ പൂവിനു ചോപ്പ കളര്‍ വന്നതെങ്ങനെ??

                                       "ഉണ്ണീ..ചോപ്പ പൂവുണ്ടാകുന്ന ചെടിയുടെ ഇലയ്ക്ക് പച്ച കളറാ...അത് നോക്കില്ലേ.."

                തൃപ്തി വരാത്ത ഉത്തരം കിട്ടിയാണ് ഉണ്ണി പിന്നില്‍ നടക്കുന്നത്..സ്കൂളില്‍ എത്തി അവന്‍ ഈശ്വര പ്രാര്‍ത്ഥന ചെല്ലുമ്പോഴും, അസംബ്ലിയുടെ ഒടുവില്‍ ദേശീയ ഗാനം ചൊല്ലുമ്പോഴും മുന്നിലെ മരത്തണലില്‍ നില്‍ക്കുന്ന അവളെ ശ്രദ്ധിച്ചു..ഇപ്പോഴും ചിന്തയില്‍ തന്നെ..ചുവന്ന പൂവിന്‍റെ കാരണം തന്നെ ആകും ചിന്തയുടെ കാരണം..

               അസംബ്ലി കഴിഞ്ഞ് എല്ലാവരും തിരികെ ക്ലാസ്സിലേക്ക് പോകുമ്പോള്‍ അവന്‍ കുറച്ച് നേരം സ്കൂള്‍ മുറ്റത്തെ രണ്ട്‌ കൂറ്റന്‍ മട്ടി മരങ്ങളുടെ അടിയില്‍ പോയി നിന്നു..നല്ല തണുപ്പും, കുളിര്‍മയും..കൂറ്റന്‍ കുട പോലെ സ്കൂളിന്‍റെ പകുതി ഭാഗം തണല്‍ നല്‍കുന്ന മരങ്ങള്‍..ദിവസത്തിലൊരിക്കല്‍ ആ മരത്തിനടിയിലാണ് ക്ലാസ്സ്..ആ സുഖം ഒന്ന്‍ വേറെ തന്നെ..

                                          "എന്താ മരത്തിന്‍റെ ചോട്ടില്‍ നിന്ന് സ്വപ്നം കാണുന്നെ..ഇന്നൂടി കണ്ടോ..വൈകീട്ട് സ്കൂള്‍ വിട്ടാ രണ്ടും വെട്ടും..പുതിയ സ്കൂള്‍ കെട്ടിടം പണിയാന്‍ വേണ്ടി..ഒരു ഫലോം തരാത്ത പാഴ്മരം വെട്ടി കളഞ്ഞ് വല്ല പ്ലാവോ, മാവോ വെക്കാനാ തീരുമാനം..."

              പ്യൂണിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവനു തല കറങ്ങുന്നത് പോലെ തോന്നി..ഒരു നൂറ്റാണ്ടായി ഒരു വലിയ ആവാസ വ്യവസ്ഥ പോലെ തണലും, കുളിരും നല്‍കുന്ന മരം ഇല്ലാതാകാന്‍ പോകുന്ന വാര്‍ത്ത...ക്ലാസ്സില്‍ എത്തിയിട്ടും ഒന്നിലും ശ്രദ്ധിക്കാന്‍ തോന്നിയില്ല..ടീച്ചര്‍ ചോദിച്ചപ്പോള്‍ തലവേദനിക്കുവെന്ന കള്ളം പറഞ്ഞു..ഉച്ച കഞ്ഞി കുടിച്ച് നേരെ പോയത് മട്ടി മരത്തിന്‍റെ അടുത്തേക്ക് തന്നെ..എന്നത്തെയും പോലെ അതിന്‍റെ കൂറ്റന്‍ വേരുകളില്‍ ഇരുന്ന്‍ മനസ്സില്‍ കൊച്ചു കൊച്ചു കവിതകള്‍ മനസ്സില്‍ കുറിക്കും..പിന്നീട് അത് മനസ്സില്‍ നിന്നും കടലാസ്സിലേക്ക് പകര്‍ത്തും..അന്ന്‍ അതിലും താല്പര്യം തോന്നിയില്ല..ആ മരങ്ങള്‍ തേങ്ങുന്നത് പോലെ..

             വൈകീട്ട് സ്കൂള്‍ വിടുമ്പോള്‍ മരത്തിനു സമീപം മരം വെട്ടുന്ന തമിഴന്‍ മണിയും, കൂട്ടരും..അതിലൊരുവന്‍ വലിയ കൊലപാതകം നടത്താന്‍ കോടാലിക്ക് മൂര്‍ച്ച കൂട്ടുന്നു..മനസ്സ് തേങ്ങി പോയി..നാളെ ആ മരം അതിന്‍റെ തണല്‍, തണുപ്പ്, പ്രകൃതിയുടെ സുഖം എല്ലാം അന്യം...വരാന്തയില്‍ നില്‍ക്കുന്ന ഹെഡ് മാസ്റ്റര്‍ക്ക് അടുത്തേക്ക് യാന്ത്രികമായി കാല് ചലിച്ചു..

                                             "എന്താ സ്കൂള്‍ ലീഡറെ..വീട്ടീ പോണില്ല..?"

            ഒന്നും പറയാതെ നിറഞ്ഞ കണ്ണോടെ വരാന്തയില്‍ കയറി പൊട്ടി കരഞ്ഞുകൊണ്ട്‌ അവന്‍ പറഞ്ഞു..

         അവന്‍ എന്തോ പറയാന്‍ തുടങ്ങുന്നതിനു  മണിയന്‍ മരത്തിലേക്ക് വലിഞ്ഞു കയറുന്നത് കണ്ടു..അവന്‍ ഒന്നും പറയാതെ ഹെഡ് മാസ്റ്ററുടെ മുറിയുടെ മുന്നിലെ  വലിയ ക്യാന്‍വാസില്‍ ആരോ സയന്‍സ് എക്സിബിഷന് വേണ്ടി വരച്ച ചിത്രത്തിന് മുന്നില്‍ വന്നു നിന്ന് കരയാന്‍ തുടങ്ങി..മാഷ് അവനേയും, ആ ചിത്രത്തെയും മാറി മാറി നോക്കി...

        പച്ച പിടിച്ച ഒരു വലിയ മരത്തിനു മുകളില്‍ കത്തിയെരിയുന്ന സൂര്യന്‍..മരത്തിന്‍റെ തണലില്‍ സൂര്യന്‍റെ ചൂടറിയാതെ കളിക്കുന്ന കുറേ കുട്ടികള്‍...അതിന് താഴെ വടിവൊത്ത അക്ഷരങ്ങള്‍..

                    "മരം പ്രകൃതി നല്‍കുന്ന ഒരു തണല്‍ വരം.."

          ഹെഡ് മാസ്റ്റര്‍ എന്തോ പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് അവന്‍ കൂടുതല്‍ ദുഃഖത്തില്‍ കരയാന്‍ തുടങ്ങി..എങ്ങലടിയുടെ കൂടെ അവന്‍റെ വാക്കുകള്‍..

                              "മരം ഒരു വരമാണന്ന്‍ സാറല്ലേ ഞങ്ങളെ പഠിപ്പിച്ചത്..എന്നിട്ട് എത്രേം തണല്‍ നല്‍കുന്ന ശുദ്ധ വായു നല്‍കുന്ന ആ മരത്തെ എന്തിനാ സാറേ മുറിച്ച് മാറ്റുന്നെ...പൂവും പഴോം തന്നില്ലെങ്കിലും ആ മരങ്ങള്‍ ഞങ്ങള്‍ പാവപ്പെട്ട കുട്ട്യോള്‍ക്ക് വെയിലത്ത്‌ നല്‍കണ തണലല്ലേ മാഷേ ഏറ്റോം വലുത്....??"

        ആ വാക്കുകള്‍ക്ക് അവസാനം അവന്‍ കരഞ്ഞു കൊണ്ട് ഓടി പോയി..മാഷ്  ചുമരിലെ ചിത്രവും അതിനടിയിലെ കുട്ടികളേയും നോക്കി..പിന്നെ സ്കൂള്‍ മുറ്റത്ത് നില്‍ക്കുന്ന രണ്ട്‌ കൂറ്റന്‍ മരങ്ങളേയും..എന്തോ തീരുമാനിച്ച് ഹെഡ് മാസ്റ്റര്‍ മുറ്റത്തേക്ക് ഇറങ്ങി..

       അടുത്ത പ്രഭാതത്തില്‍ അസംബ്ലിയില്‍ ഹെഡ് മാഷ്‌ അവര്‍ക്ക്‌ മുന്നില്‍ നിന്നത് കൂടുതല്‍  പ്രസന്നനായിട്ടായിരുന്നു..ഈശ്വര പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അദ്ദേഹം തനിക്ക്‌ മുന്നില്‍ നില്‍ക്കുന്ന കുട്ടികളേയും, അവര്‍ക്ക്‌ തണലേകി നില്ക്കുന്ന ആ രണ്ടു മരങ്ങളെയും നോക്കി സംസാരിക്കാന്‍ തുടങ്ങി...

                                    "മരം ഒരു വരമാണ്..കൊച്ചു കൊച്ചു സൗകര്യങ്ങള്‍ നമുക്ക്‌ വേണ്ടി ഉണ്ടാക്കാന്‍ പ്രകൃതി നല്‍കിയ വലിയൊരു വരം ഒഴിവാക്കാന്‍ നോക്കിയത് തെറ്റായിരുന്നു..പിന്നില്‍ നില്‍ക്കുന്ന ആ മരവും, ആവാസ വ്യവസ്ഥയും എത്രയോ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണ്..പൂവും,പഴവും തരുന്ന മരങ്ങള്‍ മാത്രമല്ല..തണല്‍ നല്‍കുന്ന മരങ്ങളും നമുക്ക്‌ വേണം..തെറ്റായ ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ തിരുത്താന്‍ മറ്റ്‌ ചിലര്‍ വേണ്ടി വരും..ചിലപ്പോള്‍ നമ്മളെക്കാള്‍ പ്രായം കുറഞ്ഞവര്‍..ചിലപ്പോള്‍ നമ്മുടെ കുട്ടികള്‍..അങ്ങിനെ മരം മുറിക്കാനുള്ള തീരുമാനം മാറ്റാന്‍ എന്നെ പ്രേരിപ്പിച്ചത്‌ നമ്മുടെ സ്കൂള്‍ ലീഡറും,ഏറ്റവും നല്ല വിദ്യാര്‍ഥിയുമായ ഇവനാണ്.."
                     "വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
                       ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍..!

       പിന്നീടുള്ള വാക്കുകള്‍ അവനു കേള്‍ക്കാന്‍ കഴിഞ്ഞില്ല,,ഹെഡ്‌ മാസ്റ്ററുടെ കരവലയത്തില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന മട്ടി മരത്തിന്‍റെ ചില്ലകളില്‍ ഒരു ചെറു കാറ്റ്‌ വീശി..ആ കാറ്റില്‍ നിന്നും ഒരു കുളിര്‍ മര ചുവട്ടില്‍ നില്‍ക്കുന്ന അവരിലേക്ക്‌..,ആ തണലില്‍, ആ സംരക്ഷണത്തില്‍ അവരൊന്നിച്ച് ഒരു സ്വരമായി ഉറക്കെ...

                         "മരം ഒരു വരം..മരം പ്രകൃതി നല്‍കുന്ന സംരക്ഷണ വലയം.."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..







                                   

                 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ