2016, മാർച്ച് 2, ബുധനാഴ്‌ച

വര്‍ണ്ണ ചിത്രങ്ങള്‍...

                                           


                
                                                                  നോട്ടുകെട്ടുകള്‍ മുഴുവന്‍ എണ്ണി തീര്‍ന്നപ്പോള്‍ ശങ്കരേട്ടന്‍ വിയര്‍ത്തു പോയി.എ.സി യുടെ തണുപ്പിലും നെറ്റിയില്‍ നിന്നും ചാലിട്ടൊഴുകുന്ന വിയര്‍പ്പ് തുള്ളികള്‍..

           "ശങ്കരേട്ടാ എണ്ണി കഴിഞ്ഞോ..."

           "ഉവ്വ്...നാല്പത്തഞ്ച്ണ്ട്.."

                                                              നാല്പത്തിയഞ്ച് ലക്ഷം കെട്ടുകളാക്കി പെട്ടിയില്‍ വെക്കുമ്പോള്‍ മുതലാളി കേള്‍ക്കാതെ അടുത്ത് നിന്ന സുദേവന്‍ പറയുന്നത് കേട്ടു..

          "നോട്ട് എണ്ണാന്‍ മെഷീന്‍ ഉണ്ടായിട്ടും മോതലാളിക്ക് ശങ്കരേട്ടന്‍ കൈ കൊണ്ട് എണ്ണി നോക്കിയാലെ വിശ്വാസം വരൂ..എത്ര കാലായി ഇത് തൊടങ്ങീട്ട്..ഒരു കണക്കിന് നോക്ക്യാ ശങ്കരേട്ടന്‍ കൊടുങ്ങല്ലൂര്ത്തെ ഒരു കോടീശ്വരനാ...ദെവസോം കോടികള്‍ കയ്യിലൂടെ പോകുന്ന കോടീശ്വരന്‍.."

                                                             ബാങ്കില്‍ അന്നത്തെ തലേന്നത്തെ കളക്ഷന്‍ അടക്കാന്‍ ചെന്നപ്പോള്‍ ബാങ്കിലെ കാഷ്യറും പറഞ്ഞത് അത് തന്നെ...

         "ശങ്കരേട്ടാ..നിങ്ങള് ഓരോ ദിവസോം എണ്ണുന്ന കാശിന്റെ കണക്ക് നോക്കുമ്പോള്‍ അതിശയാ..ഈ മുപ്പത്തിമൂന്ന് കൊല്ലം കൊണ്ട് എത്ര കോടികളാ നിങ്ങള് ഈ കൈ കൊണ്ട് എണ്ണീത്..ഭാഗ്യം ചെയ്യ്ത കൈ തന്നെ.."

                                                              ശങ്കരേട്ടന്‍ ഒന്ന്‍ ചിരിച്ചു..ആ ചിരിയുടെ അപ്പുറത്തെ വലിയ വേദന മറച്ച് വെച്ച്..തിരികെ ഒഴിഞ്ഞ ബാഗുമായി ജുവല്ലറിയിലേക്ക് നടക്കുമ്പോള്‍ ഓര്‍ത്തു..എല്ലാവരും പറയുന്നതാണ് ശരി..ഓരോ ദിവസം അര കോടി രൂപ ഈ കൈകളിലൂടെ കടന്ന്‍ പോകുന്നു..കിലോ കണക്കിന് സ്വര്‍ണ്ണം കൈകാര്യം ചെയ്യുന്നു..കൈ ഭാഗ്യം ചെയ്യ്തത് തന്നെ..പക്ഷെ....????

                                                             കടയിലേക്ക് കയറുമ്പോള്‍ തന്നെ വലിയ തിരക്ക്...സ്വര്‍ണ്ണം വാങ്ങാനുള്ള ആളുകളുടെ നെട്ടോട്ടം..മഞ്ഞ ലോഹത്തിനു മുന്നില്‍ കൊതിയോടെ മിഴിച്ച് നില്‍ക്കുന്ന പെണ്ണുങ്ങള്‍...തൊട്ട്നോക്കിയിട്ടും, കഴുത്തില്‍ അണിഞ്ഞിട്ടും തൃപ്തി വരാത്തവര്‍...പോക്കറ്റിലും, പെഴ്സിലും, മടികുത്തിലും ,ബാഗിലും സ്വര്‍ണ്ണമാകാന്‍ കാത്തിരിക്കുന്ന നോട്ടുകള്‍..കൌണ്ടറില്‍ കയറി ഇരുന്നതേ ശങ്കരേട്ടന് ഓര്‍മ്മയുള്ളൂ..പിന്നെ ഇടതടവില്ലാതെ ഗാന്ധിയുടെ ചിത്രം പതിച്ച വില പിടിച്ച കടലാസ്സ് കഷ്ണങ്ങള്‍ കൈയിലൂടെ...അച്ചടി കടലാസ്സിന്റെ പുതു മണമുള്ള, ഏതോ ഉത്സവത്തിന്‍റെ മഞ്ഞപ്പൊടി നിറമുള്ള, ഒരു മത്സ്യ വില്പന ക്കാരന്റെ വിയര്‍പ്പില്‍ കുതിര്‍ന്ന്‍  മീന്‍ ചിതമ്പല്‍ ഒട്ടിയ, ..അങ്ങിനെ പല വിധ നോട്ടുകള്‍..

        "ശങ്കരേട്ടാ ചായ കൊണ്ട് വരട്ടെ..."

        "വേണ്ടാ തെരക്കൊന്നു കഴിയട്ടെ..."

                                                            ആ ചായ ഒരിക്കലും കുടിക്കാറില്ല...തിരക്ക് ഒഴിയാറുമില്ല..അതിനിടയില്‍ ഉച്ച സമയത്ത് വീട്ടില്‍ നിന്നും പൊതിഞ്ഞ് കൊണ്ട് വന്ന ചോറ് കഴിക്കാനും, അതിന് ശേഷമുള്ള പ്രഷറിന്റെ ഗുളിക കഴിക്കാനും കുറച്ച് സമയം..

       "ഇങ്ങിനെ ശരീരം നോക്കാതെ പണിയെടുക്കല്ലേ ശങ്കരേട്ടാ.."

       "ശങ്കരേട്ടന്റെ ബാങ്കില്‍ നല്ല നീക്കിയിരിപ്പ് ഉണ്ടാകും..പൊറത്ത് നിന്നും ഒരു പത്ത് പൈസയുടെ മിട്ടായി ശങ്കരേട്ടന്‍ വാങ്ങില്ല..എല്ലാം സമ്പാദ്യ."

                                                             ഊണ് കഴിക്കുമ്പോള്‍  സഹപ്രവര്‍ത്തകരുടെ കമന്റുകള്‍..എല്ലാത്തിനും നേരെ ഒരു ചിരി മാത്രം മറുപടി കൊടുത്ത് വീണ്ടും കൌണ്ടറിലേക്ക്...ഭാഗ്യം മുതലാളി അവിടെയുണ്ട്..മനസ്സില്‍ വിചാരിച്ചത് ചോദിക്കണം..കടയില്‍ തിരിക്കുമില്ല, മറ്റാരുമില്ല..

        "എനിക്കീ മാസം ഒരു ഇരുപതിനായിരം രൂപ വേണമായിരുന്നു..മൂന്നാല് മാസത്തെ ശമ്പളത്തീന്നു പിടിച്ചോ.."

        "ശങ്കരേട്ടാ ആറു മാസം മുന്‍പ് വാങ്ങിയ അഡ്വാന്‍സ് മുഴുവന്‍ പിടിച്ച് കഴിഞ്ഞിട്ടില്ല..ചെക്കന്‍റെ എഞ്ചിനിയറിങ്ങ്   സെമെസ്റ്റര്‍ ഫീസ്‌ അടക്കാന്‍ വാങ്ങീത്.മാത്രല്ലാ..പുതിയ ഷോറൂം തുടങ്ങാന്‍ പോണതിന്‍റെ ചെറിയ ടൈറ്റാ..ഒരയ്യായിരം വാങ്ങിക്കോ..അതെ ഇപ്പൊ നിവൃത്തിയുള്ളൂ..."

                                                            മുന്നിലിരിക്കുന്ന മേശയിലെ വലിപ്പില്‍ ഉറങ്ങുന്ന ലക്ഷങ്ങള്‍ തന്നെ കളിയാക്കി ചിരിക്കുന്നത് പോലെ  തോന്നി..ഭാഗ്യം കൈകള്‍ മാത്രം...നോട്ടുകള്‍ ഓരോ ദിവസവും എണ്ണി തീര്‍ക്കാന്‍..നിര്‍ഭാഗ്യം പോക്കറ്റിനു..എന്നും ഒഴിഞ്ഞിരിക്കാന്‍...മറ്റുള്ളവരുടെ മുന്നില്‍ എന്നും ലക്ഷങ്ങള്‍ എണ്ണുന്നവന്‍...തനിക്ക് അറിയാം..മകളുടെ വിവാഹത്തിന് വാങ്ങിയ ലോണ്‍ തിരിച്ച് അടക്കാന്‍ ഓരോ മാസവും ചെയ്യുന്ന പെടാപ്പാടുകള്‍.മകനെ പഠിപ്പിക്കാന്‍ വേണ്ട ചിലവുകള്‍..കൈകളിലൂടെ കടന്നു പോകുന്ന  പണം കണ്ട് മഞ്ഞളിച്ചിട്ടില്ല..ലക്ഷങ്ങള്‍ എന്നും വിശ്രമിക്കുന്ന പെട്ടിയില്‍ നിന്നും അനര്‍ഹമായി ഒരു രൂപ പോലും എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും എടുത്തിട്ടില്ല..എണ്ണി കൊടുക്കുന്നതിന്റെ, കാത്ത് സൂക്ഷിക്കുന്നതിന്റെ പ്രതിഫലം മാത്രം മാസാവസാനം വാങ്ങും..അര്‍ഹാമായത് മാത്രം..

                                                            വൈകീട്ട് സ്വര്‍ണ്ണ കട അടക്കുന്ന സമയത്ത് മുതലാളി അഞ്ചു ആയിരത്തിന്റെ നോട്ടുകള്‍ പോക്കറ്റില്‍ തിരുകി തന്നു..അതിന്‍റെ കൂടെ ഇനിയും കൂട്ടി ചേര്‍ക്കണം..നരച്ച പേഴ്സില്‍ ശേഷിക്കുന്നത് ഏതാനും നൂറു രൂപ നോട്ടുകള്‍ മാത്രം..അത് കൊണ്ട് ഇനിയും ഒരു മാസം തികക്കാന്‍ കുറച്ച് ദിനങ്ങള്‍ ഓടിക്കണം..ആരോടും പരിഭവമില്ലാതെ ബാഗും, ടോര്‍ച്ചുമെടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ പകല്‍ നീക്കി വെച്ച തിരക്കില്‍ നിന്നും ഒരല്പം മോചനം കിട്ടിയത് പോലെ കൊടുങ്ങല്ലൂര്‍ നഗരവും, മങ്ങിയ വെളിച്ചത്തില്‍ കുളിച്ച് അമ്പലവും..ലക്ഷങ്ങള്‍ കണക്ക് കൂട്ടിയ പകലില്‍ നിന്നും ആയിരങ്ങള്‍ കണക്ക് കണക്ക് കൂട്ടിയൊപ്പിക്കാന്‍ കഴിയാത്ത വ്യഥയോടെ ശങ്കരേട്ടന്‍..

                                                              വീടിനു മുന്നിലെ മങ്ങിയ നിലവിളക്ക് വെട്ടത്തില്‍ രണ്ട്‌ കണ്ണുകള്‍..അവര്‍ ശങ്കരേട്ടനെ കണ്ടതും എഴുന്നേറ്റ് കയ്യില്‍ നിന്നും ബാഗും, ടോര്‍ച്ചും വാങ്ങി അകത്തേക്ക്..കസേരയില്‍ ചാരിയിരുന്ന് ചായം നഷ്ടപ്പെട്ട ചുമരിലെ വിവാഹ ഫോട്ടോയിലേക്ക് നോക്കി ശങ്കരേട്ടന്‍ ഇരുന്നു..

         "ഇരുപത് പവനും, രണ്ട്‌ ലക്ഷം രൂപേം....അത് കിട്ടണം അല്ലാതെ ഈ കല്യാണം നടക്കൂല്ല.."

                                                           അഞ്ച് വര്ഷം മുന്‍പ് പുതിയ ചായം പൂശിയ ഇതേ വീട്ടില്‍ അതേ വരാന്തയില്‍ ഇരുന്ന്‍ മകളുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നും നോക്കിയില്ല...ലോണ്‍ എടുത്തും, കടം വാങ്ങിയും ഒന്നിനെ ഒരുത്തന്‍റെ കൂടെ പറഞ്ഞു വിടുമ്പോള്‍ ഇളയ മകന്‍  ഉണ്ടെന്ന് കൂടി ഓര്‍ത്തില്ല..അവ..നീക്കിയിരിപ്പ് കുറേ കടവും, രോഗങ്ങളും..ഒന്ന്‍ നെടുവീര്‍പ്പിട്ട് മുന്നില്‍ നീട്ടിയ കാപ്പി ഗ്ലാസ്‌ വാങ്ങുമ്പോള്‍ ആ കണ്ണുകളില്‍ ഒരു ചോദ്യം കണ്ടു..

        "അയ്യായിരം കിട്ടി..ഇരുപതാ  ചോദിച്ചത്.. തന്നില്ലാ..പണത്തിനു പകല്‍ കാവലിരിക്കാനാ എന്‍റെ യോഗം..അനുഭവിക്കാന്‍ തീരേയില്ല.."

                                                            മറിച്ച് ഒന്നും പറയാതെ അവര്‍ കഴുത്തിലെ നൂല്‍ മാല ഊരി, താലി ഊരിയെടുത്ത്  അയാള്‍ക്ക് നേരെ നീട്ടി..ആ ശരീരത്തില്‍ അവശേഷിക്കുന്ന അവസാന തരി പൊന്ന്..ശങ്കരേട്ടന്‍ വാങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ ആ കൈകളില്‍ വെച്ച് കൊടുത്ത് മുഖത്ത് സന്തോഷം കൃത്രിമമായി ഉണ്ടാക്കി..

      "ഇന്നലേം പൈപ്പിന്‍ ചോട്ടില്‍ വെള്ളമെടുക്കാന്‍ വന്ന ഒരു പെണ്ണിന്‍റെ മാല ബൈക്കില് വന്ന ചെക്കന്മാര്‍ പൊട്ടിച്ചോണ്ട് പോയി..ഇത് കഴുത്തീ കെടന്നാ പൊറത്ത് ഇറങ്ങാന്‍ എനിക്ക് പേടിയാ...പണയം വെച്ചോ..കാശ് ഉണ്ടാകുമ്പോ തിരിച്ചു എടുക്കാം..കള്ളന്മാര് കൊണ്ടോകണതിലും നല്ലതാ ബാങ്കില്‍ പണയം വെക്കണത്.."

                                                               ദിവസവും കിലോ കണക്കിന് മഞ്ഞലോഹവും, ലക്ഷക്കണക്കിന്‌ രൂപയും കൈ കൊണ്ട് വാങ്ങുന്ന ശങ്കരേട്ടന്‍ ആ നൂലുമാല വാങ്ങിയത് വിറക്കുന്ന കൈകള്‍ കൊണ്ടാണ്..അയാള്‍ മനസ്സിലോളിപ്പിച്ച ദുഃഖം പുറത്തേക്ക് ഒഴുകുന്നതിനു മുന്‍പ് അവര്‍ അയാളെ നോക്കി ആശ്വസിപ്പിക്കുന്ന ഭാവത്തില്‍ പറഞ്ഞു..

      "എന്നും ഒരേ പോലെയാകില്ല നമ്മടെ ജീവിതം...നമുക്കും വരൂന്നു .. ഒരു നല്ല കാലം..വെഷമിക്കണ്ട.."

                                                               അവര്‍ അകത്തേക്ക് പോയപ്പോള്‍ അയാള്‍ ചുമരിലെ അലമാരയില്‍ നിരത്തിയ മെഡലുകളും, ട്രോഫികളും, അതിനുള്ളില്‍ ചിരിച്ച് നില്‍ക്കുന്ന മകന്‍റെ ഫോട്ടോയും നോക്കി..അത് വരെ വിഷമിച്ച് നിന്ന അയാളുടെ മനസ്സിലേക്ക് പ്രതീക്ഷയുടെ ഒരു തണുത്ത കാറ്റ് പോലെ ആ ചിത്രങ്ങള്‍..കാലം മാറ്റി വരക്കാന്‍ കാത്തിരിക്കുന്ന വര്‍ണ്ണ ചിത്രങ്ങള്‍...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

     






















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ