2016, മാർച്ച് 30, ബുധനാഴ്‌ച

ഉലഹന്നോയിസം

               



     
                                     "ടീ സരിത കൊച്ചേ...എന്‍റെ ഖദര്‍ മുണ്ട് എന്തേടീ"

അടുക്കളയില്‍ നിന്നും തീകൊള്ളിയുമേന്തി,  തീ പോലെ ചുവന്ന മോന്തയുമായി ശ്രീമതി സരിത വന്നു നോക്കിയ നോട്ടത്തില്‍ ഞാനങ്ങ് വെന്തു പോയി കേട്ടോ...!ചില സമയത്ത് അവളുടെ മുഖത്ത് വരുന്ന ഭാവങ്ങള്‍ക്ക് "ദേശീയ അവാര്‍ഡ് കൊടുക്കേണ്ടി വരും.."

                                   ''ഇതിയാനെ ഞാന്‍ നിങ്ങളോട് ഒത്തിരി പറഞ്ഞി ട്ടോള്ളതാ...ആ ഒരുമ്പെട്ട പേര് എന്നെ വിളിക്കരുതെന്ന്...എന്നെ മേരീന്നു വിളിച്ചാലും  ഞാന്‍ വിളി കേള്‍ക്കും..."

                                   'അതെന്നതാടീ നെന്‍റെ അപ്പന്‍ വെള്ളത്തൂവല് ക്കാരന്‍ പൈലോത് നെനെക്ക് പള്ളീല് വെച്ച പെരല്ലോടീ യത്..സരിത..."

ഭാര്യ ചവിട്ടി കുലുക്കി രംഗത്ത് നിന്നും വിട പറഞ്ഞപ്പോള്‍ ഉടുത്ത ചീട്ടി തുണിയുടെ വള്ളി നിക്കരുമിട്ട് ഞാനങ്ങ് പുറത്തേക്ക് ഇറങ്ങി...കാലത്ത് മുതല്‍ അലക്ക് കല്ലില്‍ എന്നോടുള്ള എല്ലാ ദേഷ്യവും ചേര്‍ത്ത് അടിച്ചു അലക്കി ഊരിയെടുത്ത കുറേ നിക്കറുകള്‍..അതിനപ്പുറം ഉണക്കാനിട്ട മുണ്ട് ദാണ്ടേ..അമ്മിണി പശു മേലാകെ പൊതച്ച് നടക്കുന്നു..ഖദര്‍ പുതച്ച ഗോമാതാവ്.

                             "ഗോമാതാവേ..ക്ഷമി..നിനക്ക് ഖദര്‍ ശരിയാകത്തില്ലട്ടോ....ഞാനങ്ങ്ഡി .സി.സി. പോയി വരുമ്പോ ഒരു കാവി പൊതപ്പ് വാങ്ങി കൊണ്ട് വരാം..."

മുണ്ട് മുറുക്കി ഉടുക്കുന്നതിനു മുന്നേ വെട്ടു വഴീന്നു വിളി വന്നു...അവിടെ നിറയെ ഖദറിന്റെ പ്രളയം...പതിനേഴ്‌ ക്കാരന്‍ പാച്ചു മുതല്‍ തൊണ്ണൂറ്റി മൂന്ന്‍ വയസ്സുള്ള ചീക്കു ചേട്ടന്‍ വരെ വണ്ടിയില്‍...ഒരു നിയമ സീറ്റിനു വേണ്ടി ഇത്രേം പേരോ..എന്‍റെ അന്തോണീസ്‌ പുണ്യാളാ.

                            "ഇതെന്നാതാടാ ഉവ്വേ...ഇവരെങ്ങോട്ടാ.."

                            "ഞങ്ങളേം ജില്ലാ കമ്മിറ്റി  വിളിപ്പിച്ചിട്ടുണ്ട്..."

 വണ്ടി പോകുന്ന വഴിയരികിലെ  മതിലില്‍ ഒരു അരിവാള് മാത്രം വരച്ച് വെച്ചിരിക്കുന്നു..കതിരാണോ, ചുറ്റികയാണോ ....അതിനിയും വിരിഞ്ഞിട്ടില്ല...
അതിവേഗം ബഹുദൂരം...ഇനിയും ഞങ്ങള്‍ക്ക് അധികാരം നല്‍കൂ....സമഗ്ര വികസനത്തിന്‌ ..............പേര് മാത്രം ഇല്ല...അടയാളം മാത്രം..ഒരു അഞ്ച് വിരല്‍ നിവര്‍ന്നിരിക്കുന്നു..അതിലാകെ അഴിമതി കറ...അല്ലാട്ടോ ആരോ കരി മനപ്പൂര്‍വ്വം തേച്ചാതാ..

ഇത്തവണ നമ്മുടെ മണ്ഡലത്തില്‍ നിന്നും ജനപ്രിയനായ ഉലഹന്നാന്‍ മത്സരിക്കട്ടെ...വിജയം സുനിശ്ചിതം...കെ.പി. എ. സി. പ്രസിഡന്റിനെ കെട്ടി പിടിക്കാന്‍ തോന്നി ആ വാക്കുകള്‍ കേട്ടപ്പോള്‍..വര്ഷം കുറെയായി പാര്‍ട്ടിക്ക് വേണ്ടി വീട്ടീന്ന്‍ ഇറങ്ങീയിട്ട്..പഞ്ചായത്തില്‍ മൂന്ന്‍ വട്ടം മത്സരിച്ചു..മൂന്ന്‍ വട്ടോം നാട്ടിലെ പ്രബുദ്ധരായ വോട്ടനമാര്‍ അറിഞ്ഞു തന്നെ തോല്പിച്ചു...ചില തോല്‍വി...അതെന്നാ തോല്‍വിയാന്നോ....

                     "ഏയ്‌..അത് ശരിയാകില്ല..ഉലഹന്നാന് മണ്ണിന്‍റെ മണമില്ല..."

മണ്ഡലം പ്രസിടന്റ്റ് ചീക്കു..കുഴിയിലേക്ക് കാലും നീട്ടി ഇരുന്നിട്ടും അയാള്‍ക്ക് വേണം എം.എല്‍,എ സീറ്റ്...നിയമ സഭയില്‍ ചെന്നാ മതി ഇരുന്ന സീറ്റില്‍ തന്നെ മൂത്രോഴിക്കും...അതോണ്ടായിരിക്കും തന്‍റെ മണം പിടിക്കാന്‍ നോക്കിയത്.

                    "നിങ്ങളെന്താ യൂത്തരെ ഒഴിവാക്കുന്നത്...അധികാരം യുവാക്കളില്‍ നിന്നും ...അതാ ഡല്‍ഹിലെ നമ്മടെ  ജി പറഞ്ഞേക്കുന്നത്....."

വഴിയിലൂടെ പോകുന്ന എല്ലാ പെണ്ണുങ്ങള്‍ക്ക് നേരെ ആര്‍ത്തി നോട്ടം നോക്കി ജീവിക്കുന്ന മറ്റൊരു പരാദം...നാല്പത്തിയഞ്ച് കഴിഞ്ഞ യുവ നേതാവ്..അവനും വേണം സീറ്റ്..പഞ്ചായത്ത് തിരിഞ്ഞെടുപ്പില്‍ അമ്പത്തൊന്നു വോട്ട് കിട്ടിയവനാ....

വീണ്ടും തര്‍ക്കങ്ങള്‍...ആരും വിട്ടു കൊടുക്കുന്നില്ല...എനിക്ക് വേണ്ടി വാദിച്ചവര്‍ ഊണ് കഴിക്കാന്‍ പോയപ്പോള്‍ കഴിച്ച ബിരിയാണിയുടെ കൂറില്‍ ഏമ്പക്കം വിട്ട് ദാണ്ടേ യൂത്തന് വേണ്ടി ന്‍ നിന്ന്  വാദിക്കുന്നു...റേഷന്‍ കടയില്‍ മണ്ണെണ്ണ വാങ്ങിക്കാന്‍ പോയപ്പോള്‍ ബ്ലൌസിന് മുകളില്‍ ഒരു ഖദര്‍ ഷാള്‍ പുതച്ച് വന്ന കോമാള ചേച്ചിയെ ആരോ പിടിച്ചോണ്ട് വന്നിരിക്കുന്നു..സ്ത്രീ സംവരണം....

                   "എന്നായാലും ഉലഹന്നാന്‍ ചേട്ടായി വേണ്ട..ജനം ഓട്ടു ചെയ്യത്തില്ല...അങ്ങേര്‍ക്കട ഭാര്യേടെ പേര് സരിതേന്നാ"

                   "അല്ല മേരീന്നാ..ഞാനും, അവളും അവളെ വിളിക്കണത് മേരീന്നാ..."

ആരോട് പറയാന്‍..ആരു കേള്‍ക്കാന്‍...തര്‍ക്കം മൂത്തപ്പോള്‍ അവസാനം തീരുമാനം വന്നു..അങ്ങ് ഹൈ കമാന്‍ഡില്‍ നിന്ന്....സീറ്റ് പഴയ മാദക നടിക്ക്...ചുണ്ടിനും, വയറിനും പിന്നെ പണ്ട് സ്ക്രീനില്‍ കാണിച്ച എന്തോ സാധനങ്ങള്‍ക്കും എല്ലാം പ്രത്യുപകാരമായി ആരാധകരുടെ വോട്ട് കിട്ടോന്ന്..അത് കേട്ടതും ദാണ്ടേ ഡി.സി,സി പ്രസിഡണ്ട്‌ പിടകോഴി ഇല്ലാത്ത വീട്ടില്‍ വളര്‍ത്തുന്ന പൂവനെ പോലെ ഉറക്കെ കൂവാന്‍ തുടങ്ങി..കൂടെ കൊറേ കുഞ്ഞി പൂവന്മാരും..

                     "ധീരേ..ധീരേ നേതാവേ...ധീരതയോട് കുളിചോളൂ..."

ആവേശം കൊടുമുടി കയറിയപ്പോള്‍ പണ്ട് കണ്ട കുളി സീന്‍ ആലോചിച്ച കാരണം നേതാവ് വെള്ളി വിളിച്ച് കൂവി...ആ വെള്ളി അണികള്‍ ഏറ്റ് പാടി...അത് കേട്ട് നില്ക്കാന്‍ മനസ്സങ്ങു വഴങ്ങുന്നില്ല...ജില്ലാ പ്രസിഡണ്ടിനെ മുണ്ട് ഊരി നിക്കറും, പിന്നെ സെന്‍ട്രല്‍ കമ്മറ്റിയും കാണിച്ച് നേരെ അങ്ങ് ഇറങ്ങി പോന്നു..പോകുന്ന പോക്കിന്  പാര്‍ട്ടി ആഫീസ്പടിയില്‍ ഒരിച്ചിരി മുള്ളിയും വെച്ചു..നായനെ പോലെ...ഒരിക്കല്‍ തിരിച്ച് ഒരിക്കല്‍ വന്നാല്‍ വഴി മറക്കരുതല്ലോ...

                   എന്നാ ഉലഹന്നാന്‍ ചേട്ടായി ഇടത് വശത്തേക്ക് പോരണോ...??പിന്തുണ തരാം. നല്ല ചുകപ്പന്‍ പിന്തുണ...."

അരിവാള് പിടിച്ച കൊയ്ത്ത് ക്കാരനും, ചുറ്റിക പിടിച്ച കരിങ്കല്ല് പണിക്കാരനും കൂടി ഒരു ചൂണ്ടയിടല്‍..നേരെ അങ്ങ് അന്തോണിസിന്‍റെ തുണി പീടികയില്‍ ചെന്ന്‍ നിക്കര്‍ ഊരിയെടുത്ത് കൊക്കയില്‍ എറിഞ്ഞു..ഒരു ചുവന്ന വി.ഐ.പി ഫ്രെഞ്ചി കൊണ്ട് ലോക്കല്‍ കമ്മിറ്റി മറച്ച്..ഒരു ചുവന്ന കുപ്പായം ധരിച്ച് നേരെ റെഡ് സലൂട്ട് വാങ്ങി കേറി ഒരു പോക്കാ...പാര്‍ട്ടി ഓഫീസിലേക്ക്..അവിടെ  ചുമരില്‍ ദാണ്ടേ ജീവനുണ്ടായിരുന്നെങ്കില്‍ അവിടെ വരുന്നവരെ മുഴോന്‍ കൊല്ലാനുള്ള കലിപ്പ് ലുക്കില്‍ സ്റ്റാലിന്‍, ലെനിന്‍ പിന്നെ എല്ലാവരേയും കളിയാക്കി കൊണ്ട് ഈ.എം.എസ്സും....

എന്തായാലും ലോക്കല്‍ സെക്രട്ടറി യുടെ ബുദ്ധിജീവിത്തരം പരീക്ഷിക്കാനുള്ള ഒരാശ കൊണ്ട് ഞാനങ്ങ് ചോദിച്ച് പോയതാ...ഊശാന്‍ താടിയും, കണ്ണടയും, പിന്നെ സ്വയം പ്രഖ്യാപിത പാര്‍ട്ടി ബുദ്ധിജീവി സങ്കല്പവും കണ്ടപ്പോള്‍ ഏത് കട്ടപ്പനക്കാരനും തോന്നുന്ന ഒരു ചെറ്യേ തംശയം..."

                "കോമ്രേഡ് എന്താണ് ഇങ്കിലാബ് സിന്ദാബാദ്"

ലോക്കല്‍ കമ്മിറ്റിയുടെ രണ്ട്‌ കണ്ണുകള്‍ കണാരന്റെ കടയിലെ പൂട്ട് കണയില്‍ നിന്നും പുറത്ത് വരുന്ന പൂട്ട് പോലെ പുറത്തേക്ക് ദേ തള്ളി പോയി..കനത്ത നിശബ്ദതയില്‍ കോമ്രേഡ്കള്‍ പരസ്പരം നോക്കി..അറിവില്ലായ്മ കൊണ്ട് ചോദിച്ചതാണേ ചെന്താരങ്ങളെ..ക്ഷമി...

               "കോമ്രേഡ് ഉലഹ്..ഇങ്കിലാബ് എന്നതിനു വലിയ അര്‍ത്ഥം ഒന്നുമില്ല..സിന്ദാബാദ് എന്ന് പറഞ്ഞാല്‍ സിന്ദാബാദ് എന്നാണ് അര്‍ത്ഥം..കമൂണിസ്റ്റ് ആശയം രൂപം കൊണ്ട റഷ്യയിലെ ചില ഗ്രാമങ്ങളില്‍ നിന്നും ഉരി തിരിഞ്ഞ അതി തീഷ്ണമായ ആശയ സംഹിതയാണു ഇങ്കിലാബ് സിന്ദാബാദ്"

ഉത്തരം പറഞ്ഞ ലോക്കല്‍ സെക്രട്ടറിയെ വെടി വെച്ച് കൊല്ലാന്‍ ഭഗത് സിങ്ങ് ഇല്ലാതെ പോയതിന്റെ അവസ്ഥ...മുന്നിലെ ബഞ്ചില്‍ പാര്‍ട്ടി പാത്രവും, പാര്‍ട്ടി ചാനലും കണ്ട കുഴി നഖം കുത്തിയും, പുഷ്ടം മാന്തിയും ഇരിക്കുന്ന ഒരുവനും ഇല്ലപ്പോ ലോക വിവരം...."

                 "കോമ്രേഡ് ഉലഹു...പാര്‍ട്ടി ഗ്രന്ഥങ്ങള്‍ വാങ്ങിക്കേണ്ടി വരും.ചില പാര്‍ട്ടി സൂക്തങ്ങള്‍ പഠിക്കേണ്ടി വരും...സീറ്റിന്‍റെ കാര്യത്തി സ്റേറ്റ് കമ്മിറ്റി തീരുമാനം നാളെ അറിയാം..കോമ്രേഡ് ഇപ്പോള്‍ പോയി നാളെ വാ...."


                  എന്നാത്തിനാ വീട്ടി പോണേ..ഞാന്‍ അപ്പീസി കിടക്കാം..ഒരു തീരുമാനം ആകും വരെ,,പാര്‍ട്ടി ചേര്‍ന്ന പിന്നെ വീട്ടിലാണേ പട്ടീടെ വെലയാ."

ലോക്കല്‍ കമ്മിറ്റി അടുത്ത് കൂടെ പോയപ്പോള്‍ അതാ മണ്ണിന്റെ മണം...ജാതിക്ക വാറ്റി മണ്ണില്‍ കുഴിച്ചിട്ട് ഉണ്ടാക്കിയ "നാടന്‍ പീലിപ്പോസ് " മണം..അതിന്‍റെ ഉറവിടമായ അഫീസിനു പിന്നിലെ ചായ്പില്‍ വെച്ചിരിക്കുന്ന പാര്‍ട്ടി സമ്മേളനത്തിന്‍റെ ഫ്ലാക്സിനു പുറകെ ബുദ്ധി ജീവി പോയി ഒളിച്ചു...ആരെങ്കിലും ഒരു പരിപ്പ് വടയും ചായയും കൊണ്ട് വരുമെന്ന പ്രതീക്ഷയും ആസ്ഥാനം..സമയമായപ്പോള്‍ എല്ലാവരും കണാരന്റെ കടയില്‍ പോയി പാര്‍ട്ടി ചിലവില്‍ ബീഫും, പുട്ടും തിന്ന് "മറ്റവന്മാര്‍ക്ക് എതിരെ പ്രതിഷേധിച്ചു...

                 "കോമ്രേഡ് ഉലഹൂ....പാര്‍ട്ടി തീരുമാന പ്രകാരം ഇവിടെ കോവാലന്‍ മൊതലാളിയുടെ മകള്‍ സരളയാണ് മത്സരിക്കുന്നത്..സ്റേറ്റ് കമ്മിറ്റി തീരുമാനമാ..പാര്‍ട്ടിക്ക് വേണ്ടി വാരി കോരി തരുന്നോരോ കോവാലന്‍ ഗൂപ്പ്.."

പിറ്റേന്ന് അതിരാവിലെ ദാണ്ടേ നേതാവ് പല്ല് പോലും തേക്കാതെ പ്രസ്ഥാനത്തിന്റെ തീരുമാനം അറിയിച്ചിരിക്കുന്നു...ചാടിയതും, ഉറക്കമുളച്ചതും മിച്ചം...ഞാനങ്ങ്  വാ  കൊണ്ട് എല്ലാ കൊമ്രാടികളെ കൊഞ്ഞനം  കാണിച്ച് ഞാനങ്ങ് കോണി പ്പടി ഇറങ്ങി പുറത്ത് വന്നതും മുന്നില്‍ ഒരു താമര പൂവുമായി ഒരു കൂട്ടം എന്നെ കണ്ടതും ലവന്മാര്‍ മുഴോന്‍ ചേര്‍ന്ന്‍ വന്ദേ മാതരം നല്ല ഒന്നാന്തരം ഭംഗിയില്ലാതെ വരികള്‍ തെറ്റിച്ച് ഉറക്കെ പാടി കേള്‍പ്പിച്ചു.....നൂന പക്ഷ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് സ്വാഗതം...അഖണ്ട ഭാരത ശില്‍പികള്‍, രാജ്യ സ്നേഹികള്‍, സംശുദ്ധമായ രാജ്യം കെട്ടി ഉയര്‍ത്താന്‍ വരൂ

                "വരുന്നോ ഭാരത പുത്രാ ഉലഹന്നാന്‍ ഞങ്ങള്‍ടെ കൂടെ..."

               "പോകണോ വേണ്ടയോ, പോകണോ, വേണ്ടയോ....?"


സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയെ പോലെ ലോകസഞ്ചാരം ചെയ്യുന്ന നേതാവ് ഒരുവന്‍റെ കയ്യിലിരുന്ന പടമായ് ദേ എന്നെ അങ്ങോട്ട്‌ വിളിക്കുന്നു..വരൂ
സീറ്റ് തരാം...സീറ്റ് കെടച്ചാ ഭംഗിയായി തൊല്‍കും..കെട്ടി വെച്ച കാശ് തിരുപ്പി കിട്ടില്ല..തോറ്റ എം.എല്‍.എ ആയി അറിയപ്പെടാം.എന്തും വരട്ടെ.. മുണ്ട് ഊരി കാവി പുതച്ച് അവന്മാരുടെ കൂടെ ഒരു പോക്കാ നൂറേ നൂറില്‍.പോകണ ഒരു പോക്കിന് കഷണ്ടി കയറിയ തലയില്‍ ഒരു താമര പൂവും കുത്തി വെച്ചു.മുന്ന് .ഊരി എറിഞ്ഞ മുണ്ട് ചെന്ന്‍ വീണത് ചാണക ലോറിയില്‍..ചാണകം കൊണ്ട് നാറി പോകട്ടെ...

                 "ഒരു ത്രികോണ മത്സരത്തിനാ സന്നാഹം...ശക്തരായ എതിരാളികള്‍...സിനിമാ നടി, കോടീശ്വരി.....പെയ്മെന്റ് സീറ്റുകള്‍ക്ക് എതിരെ വേണം പട പൊരുതാന്‍...എന്താ കഴിയോ???"

ഭാരത പുത്രന്‍ ഉലഹ് ചിന്തിച്ചു..സ്വന്തം ഭാര്യയുടെ വോട്ട് പോലും കിട്ടില്ല..എന്നാലും വിട്ട് കളയണ്ട..മത്സരിച്ച് തോറ്റ ഉലഹന്നാന്‍..നാളെ മക്കളുടെ കല്യാണ ആലോചനയുമായി വരുമ്പോള്‍ പറയാം...

               "ഐ അം ദ തൊറ്റ എം.എല്‍.എ...."

               "രാജ്യ സ്നേഹി കൊറച്ച് പണം മോടക്കേണ്ടി വരും..ഒരു ഫിഫ്റ്റി എല്‍..അമ്പത് ലച്ചം..പറ്റോ"

ഉലഹന്നാന്‍റെ  അടി വയറ്റില്‍ ഒരു സന്ദേശം വന്‍ കുടല്‍ വഴി ചെറുകുടലില്‍ പ്രവേശിച്ച് ഒരു സ്ഫോടനത്തിന് തയ്യാറായി...അമ്പത് ലക്ഷം കൊടുക്കണം സീറ്റിനു...മോളുടെ മെഡിക്കല്‍കോളേജ് മേടിക്കല്‍ സീറ്റ് ഇരുപത് സി മാത്രമാണ് ആയത്..അതും ഭാര്യ ലോണ്‍ എടുത്ത ഇരുപത്... തോല്‍ക്കാന്‍ വേണ്ടി ഇനീം അമ്പത് ലക്ഷം...വേണ്ടായേ...

                   ഞാനാകെ മുപ്പത് "എല്‍" കടത്തിലാ ഭാരത പുത്രാ..."

അത് കേട്ടതും ദാണ്ടേ നേതാവ് തിരുവനന്തപുരത്തോട്ട് വിളി...നമ്മടെ ക്രിക്കറ്റ് കളിക്കണ ചെക്കന്‍ മതി...ഉലഹാന്നനും, ഒലക്കയും വേണ്ടാ...കാശില്ലാത്തോനാ മത്സരിക്കാന്‍ വന്നേക്കുന്നത്...'

മുണ്ടും പോയി നാണക്കേടും..സീറ്റ് കിട്ടില്ല...എല്ലാ രാജ്യ സ്നേഹികളോടും വിട പറഞ്ഞു മുന്നോട്ട് പോകുമ്പോള്‍ ദാ നിക്കണ്..ചൂലും,ബക്കറ്റുമായി  തൊപ്പീം വെച്ച് "ആദ്മിക്കാര്"വെളുത്ത സാറാ ചേടത്തി ദാണ്ടേ കുറ്റി ചൂലും പിടിച്ച്..

               "രാജ്യം വൃത്തിയാക്കാന്‍ ഞങ്ങള്‍ടെ കൂടെ കൂടുന്നോ...?"

അത് കണ്ടില്ലെന്ന് നടിച്ച് പിന്നേം മുന്നീ പോയപ്പോള്‍ ദാ അവരുടെ പുറകില്‍ പിന്നേം കണ്ട് ഓരോ ദിവസമോ വളര്‍ന്ന്‍ പിളര്‍ന്നു മുപ്പത്തി മുക്കോടി കഷ്ണമായ പാര്ട്ടി...വീടും, കുടുംബോം മറന്ന്‍ നാടിനു വേണ്ടി മാത്രം ജീവിച്ച അപ്പനും, മോനും...പിന്നെ വാലാട്ടി പൂച്ചുട്ടികളും.....

               "ഉലഹന്നാനെ പോരുന്നോ പാലായിലേക്ക്.നല്ല കപ്പേം, മീന്‍ കറീം തരാം..പിന്നെ മലബാറില് ഒരു സീറ്റും തരാം..."

പിന്നെ പാര്‍ട്ടി ഗ്രാമത്തിലെ പോയി മത്സരിച്ച് ബലി കുടീരമാകാന്‍ ഞാനില്ലപ്പോ...എന്നെ വിട്ടേര് സ്വാമീ...ഓടി കിതച്ച് അവന്മാരില്‍ നിന്നും മുന്നോട്ട് പോയപ്പോ അവര്‍ക്ക് പിന്നീ കോണീം കൊണ്ട് കുഞ്ഞപ്പ..കേരള യാത്രേം കഴിഞ്ഞ് പെട്ടി കടയുടെ മുന്നി പച്ച കരിക്കും കുടിച്ച്, പച്ച ലഡ്ഡുവും തിന്ന്..എന്നേം നോക്കി ചിരിച്ച്...പിന്നാലെ ദേ കൊറേ പച്ച ഉറുമാല്‍ പുതച്ച  മോന്ജന്‍ കുണ്ടാന്മാര്..

               "ഉലഹന്നാന്‍ ഇക്കാക്ക പോരുന്നോ കോണി കേറാന്‍..ഞമ്മക്ക് ഒരുമിച്ച് കേറാം..ഇങ്ങള് മുന്നില്..ഞമ്മള് ഇങ്ങടെ തൊട്ടു പിന്നില്...എന്തേ??"

പേടിച്ച് തിരിഞ്ഞ് നോക്കി ചെന്ന്‍ പെട്ടതോ ...ബിവറേജസിനുമുന്നിലെ നീണ്ട വരിയില്‍...അവിടെ എന്തൊരു സഹിഷ്ണുത...ജാതിയില്ല, മതമില്ല, പാര്‍ട്ടിയില്ല, തീണ്ടായ്മയില്ല....

               "ചേട്ടായീ ഇങ്ങോട്ട് നിക്കൂന്ന്‍..സ്വന്തന്ത്രനായി ഞങ്ങള് ജയിപ്പിച്ച് തരാന്ന്..ഒരു നാലെണ്ണം വിട്ടാ ചേട്ടന് ജയിക്കാന്ന്‍..വോട്ടിനു നിക്കാതെ മന്ത്രി വരെ ആകാം..ഒരു രണ്ടെണ്ണം കൂടി വിട്ടാ...വാ ചേട്ടായീ ..ഷെയര്‍ ഇട്..."

എല്ലാരും ചേര്‍ന്ന്‍ പിടിയും വലിയുമായി ഞമ്മടെ ജീവന്‍ പകുത്ത് എടുക്കുമെന്ന കണ്ടീഷന്‍ ...അവിടെ നിന്ന് ഓടി പാഞ്ഞു കണ്ടം ചാടി തിരിഞ്ഞ് ചൊറിഞ്ഞനോം, തോട്ടാവാടീം തീണ്ടി തിരിഞ്ഞ് നോക്കാതെ , ചെളി കുണ്ടില്‍ വീണ്  വീടിന്‍റെ പഠിക്കല്‍ ഉടു മുണ്ടില്ലാതെ വന്നു ഞാനങ്ങു നിന്നതും ദാണ്ടേ വരുന്നു..സരിത...അല്ല മേരി...

             "എന്നാ മനുഷ്യ നിങ്ങളെ ആര്‍ക്കും വേണ്ടാല്ലേ...?"

മറുപടി പറയാതെ നഖചിത്രം എഴുതി നില്ക്കുമ്പോള്‍ വീട്ടിലെ വരണാധികാരി എന്‍റെ പത്രിക നിഷ്കരുണം തള്ളി ...വിവരകാശം പോലും നിഷേധിച്ച് സരിത മേരി കമ്മീഷണര്‍ വക വാറോല...

          "ഇങ്ങോട്ട് നോക്കിക്കേ...പറമ്പി പോയി മേലനങ്ങി പണിയാന്‍ പറ്റത്തില്ലെങ്കി നാളെ ഈ വീട്ടിലെ പാര്ട്ടീന്നും  നിങ്ങള് പൊറത്താ..ഈ മണ്ഡലം പ്രസിടണ്ട് ഞാനാ...കഞ്ഞീം, കിടക്കാന്‍ ഇടോം വേണേല്‍ തൂമ്പ എടുത്തോ..."

പുതിയ അഗ്രിമെന്റ് ഒപ്പിട്ട് കയറുമ്പോള്‍ സരിത മേരി  ദാണ്ടേ പിന്നെയും പറയണ് പാരായണം...

          'മനുഷ്യാ..ഈ പാര്ട്ടീന്നു പറഞ്ഞു നടക്കണ ചെളുക്കകളീ ഭൂരി ഭാഗോം  ഒരു പണീം ചെയ്യാന്‍ ചെയ്യാന്‍ മേലനങ്ങാന്‍ തയ്യാറല്ലാത്ത സാധനങ്ങളാ ..കണ്ടവന്റെ പാത്രത്തില്‍ കൈയ്യിട്ട് വാരി .വെറുതെ തിന്നും കുടിച്ചും..ലിറ്റര്‍ കണക്കിന് മൂത്രോം, കിലോ കണക്കിന് പിണ്ടോം  മാത്രം ഉണ്ടാക്കണ  ജീവികള്...എല്ലാരുല്ലാ..എന്നാ കൊറേ പേര്..അതോണ്ടല്ലേ..കള്ളന്‍ എന്ന് പേര് വീണിട്ടും, വയസ്സായിട്ടും ജന ചെവനത്തിനു തേച്ച് മിനുക്കിയ കുപ്പോയോമിട്ട് ഏ.സി കാറില്‍ നടക്കണേ...."

മുന്നില്‍ സരിത മേരി ദാ ഒരു വെളുത്ത മാലാഖയെ പോലെ വളര്‍ന്നു നില്‍ക്കുന്നു...ആരെയും വിടാനുള്ള ഭാവമില്ലാതെ.

     "എം.എല്‍.എ, എം.പി, മന്ത്രി, വേണ്ടാ പഞ്ചായത്ത് മെമ്പര്‍ അതെല്ലാം വിട്...അവര്‍ക്ക് ചെറ്യേ ശമ്പളം സര്ക്കാര് നല്‍കും...ബാക്കി പാര്‍ട്ടി സെക്രട്ടറി, പ്രസിടന്റ് എന്നിങ്ങനെ നടക്കണ മാക്രികള്‍ക്ക് എന്താ വരുമാനം??? അവന്മാര്‍ക്ക് ആരാ ശമ്പളം കൊടുക്കുന്നേ?? ഗവര്‍മെന്റ് ശമ്പളം കൂട്ടാനും, കൂലി കൂട്ടാനും സമരം ചെയ്യുന്നോരെ കണ്ടിട്ടുണ്ട്..എന്നെങ്കിലും ജനസേവനത്തിന് ശമ്പളം ചോദിച്ച്, കിട്ടുന്നത് കൂട്ടാന്‍ വേണ്ടീം ഇവര് സമരം ചെയ്തിട്ടുണ്ടോ???

മേരി സരിത പറഞ്ഞ കാര്യങ്ങള്‍ ശരി തന്നെ...അവള്‍ക്ക് സാമൂഹ്യ വിവരോണ്ട്...ഉദാഹരണമായി ചിന്തിച്ചാല്‍ ദാണ്ടേ നമ്മടെ മണ്ഡലം പ്രസിഡന്‍ണ്ട് കുലുക്കത്തില്‍ ഇട്ടിയപ്പന്‍ ജോലിയില്ലാത്ത മനുഷ്യന്‍..ഭാര്യക്കും ജോലിയില്ല..മറ്റ് വരുമാനമില്ല..എന്നാലും എന്‍റെ പരുമല പള്ളീ.. ടൗണില്‍ അയാള്പണിത വീട്..മൂവായിരം സ്ക്വയര്‍ ഫീറ്റ്‌.പുള്ളാര് പഠിക്കണത് അങ്ങ് ഇന്റര്‍നാഷണല്‍ സ്കൂളില്..വീടില് കാവല്‍ ക്കാരന്‍, വേലക്കാരന്‍, ഡ്രൈവര്‍..

.മതിയാക്കുന്നു മേരി പാര്‍ട്ടി പ്രവര്‍ത്തനം..നാളെ മുതല്‍ ഞാനും ഒരു കഴുത..പൊതുജനം കഴുത എന്ന വിഭാഗത്തിലെ മറ്റൊരു കഴുത...

         'ശരി സരി...സോറി മേരി..നാളെ മൊതല്‍ എനിക്ക് സ്വന്തം പാര്‍ട്ടി.. പ്രവര്‍ത്തന മണ്ഡലം സ്വന്തം വീട്....അടയാളം തൂമ്പ..അതാണ് ഉലഹന്നോയിസം..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....



 

               




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ