2016, ഏപ്രിൽ 13, ബുധനാഴ്‌ച

കരിയും, കരിമരുന്നും.....




               "കിട്ടിടോ തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ...തെക്കുംഭാഗം പാമ്പാടി രാജനെ കൊണ്ടൊന്നു നിര്‍ത്ത്യാലും തല പൊക്കത്തില്‍ ഒപ്പെത്തില്ല.."

വടക്കുംഭാഗം ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ ഇത്രയും സന്തോഷവാനായി കണ്ടിട്ടില്ല...കുറച്ച് വര്‍ഷായി ചേരി തിരിവ്...എല്ലാത്തിനും മത്സരം...ഞങ്ങള്‍ വടക്ക് ഭാഗം ദാരിദ്യ രേഖക്ക് താഴെയാണെന്ന് പറയുന്ന ചില വിരുതരുണ്ട്..അവരുടെ മുന്നില്‍ ഇത്തവണ പൂരത്തിന് ഞെളിഞ്ഞെ നില്‍ക്കൂ..

              "ആന രാമചന്ദ്രന്‍, മേളം പെരുവനം, സദ്യ അംബി സ്വാമി...പിന്നെ വെടിക്കെട്ട് കൂട്ടാല ജോസ്...എല്ലാം കൂടി ഒരു സി വേണ്ടി വരും..പിരിവാര് എല്ലാടത്തും കേറി ഇറങ്ങി ശരിക്കും തകര്‍ക്കാന്‍ പറയ്‌ വാസൂ..ഇനി ശ്രീ കോവിലില്റെ ഉള്ളില് പരസ്യം വെക്കണോ...സ്വര്‍ണ്ണ കടയുടെ..ചൊള കിട്ട്യാ അതും ചെയ്യും..ഉത്സവം നടത്താന്‍ ഉത്സാഹം വേണം..അയിനോപ്പം ക്യാഷും വേണം.....ഇത്തവണ നീയ് കണ്ടോ..നമ്മടെ സെറ്റപ്പ് കണ്ട് തെക്കും ഭാഗം  പിണ്ടിയിടും .."

             "ഇത്രേം ഏക്കം കൊടുത്ത് ആന വേണോ നാണു..?? ആ കരളു മാറ്റാന്‍ അമൃതേല് കെടക്കണ കൊച്ചിന് കൊറച്ച് കാശ് കൊടുത്ത് സഹായിച്ചാലോ??"

അത് കേട്ടപ്പോള്‍ ചെയര്‍മാന്‍ നോക്കിയ ആ നോട്ടത്തില്‍ നിന്നും മനസ്സിലായി പത്ത് രൂപ കൊടുക്കില്ലാന്നു..."കരള്‍ കിട്ടാനുണ്ട്..കാശില്ല...ഒരു ചെറു ബാല്യക്കാരി...നന്നായി പാട്ട് പാടുന്ന ഒരു കുട്ടി...''

             "എടൊ..ദൈവത്തിന്‍റെ കാര്യാ...ഇതീന്ന് കരളിനു പത്ത് പൈസ കിട്ടോന്ന് കരുതണ്ടാ...അല്ലേലും അമൃത ചാരിറ്റി അശൂത്രിയല്ലോ..പിന്നിപ്പോ  എന്തിനാ ഓപ്പറേഷന്‍ ചെയ്യണ കാര്യത്തിന് കാശ് ചോദിക്കണേ..."

            "കരിയും,കരിമരുന്നും വേണ്ടാന്നാ ഗുരുദേവന്‍ പറഞ്ഞേ..."

അതിനു മറുപടി അമ്പല മുറ്റത്തേക്ക് ഒരു നീട്ടി തുപ്പല്‍...അവിടമാകെ ചുവപ്പ് നിറം പകര്‍ന്നു വികൃതമായി...ചെയര്‍മാന്‍ തുപ്പിയ ചുവപ്പില്‍ ഏതോ വിദേശ മദ്യത്തിന്‍റെ രൂക്ഷ ഗന്ധം..ചെയര്‍മാന്‍റെ അടക്കം ഒരു പത്ത് ഡസന്‍ ചുവന്നു ചോരച്ച കണ്ണുകള്‍ ഒരുമിച്ച് ഉത്തരം തന്നു...

          "ആനേം, അമ്പാരീം വേണ്ടത്തോര്‍ക്ക് വടക്കുംഭാഗം വിട്ടു പോകാം..ആചാരാ..മാറ്റാന്‍ നോക്കി വെറുതെ കൂട്ടത്തീന്നു മക്കാരാകണ്ടാ..."

മറുപടി പറയാതെ ആട്ടി ഇറക്കും മുന്‍പേ പടിയിറങ്ങുമ്പോള്‍ അവിടെ നിന്നും ദേവിയെ ഒന്ന്‍ നോക്കി..പുതിയ പെയിന്‍റ്, പിച്ചള മേഞ്ഞ മേല്‍ക്കൂര...എന്നാല്‍ ദേവിയുടെ മുഖ പ്രസാദം അതെവിടെയോ നഷ്ടം...കോവിലിനു മുറ്റത്തെ ചുവന്ന അടയാളവും, കാവില്‍ വിരിഞ്ഞു നില്‍ക്കുന്ന ചെത്തി പൂവിന്‍റെ മണത്തിന് മേല്‍ പരക്കുന്ന മദ്യ ഗന്ധവും കടന്നു വന്നതില്‍ പിന്നെ ദേവിയുടെ മുഖത്ത് എന്നും ഒരു ദൈന്യത..."

         "അവിടെ എല്ലാത്തിനും പ്രാന്താ..ഒരു കോടി രൂപ കൊണ്ടാ ഉത്സവം പൊടിക്കാന്‍ പോണത്...അമ്പലത്തിനോട്‌ ചേര്‍ന്നുള്ള ദേവസം സ്കൂളീ മൂട് കീറിയ ട്രൌസറിട്ടാ പാവപ്പെട്ട കൊച്ചുങ്ങള് പഠിക്കാന്‍ വരണത്..വടക്കും ഭാഗത്ത് ഓല കെട്ടി മേഞ്ഞ എത്ര കുടിലാന്നോ, കക്കൂസ്സില്ലാതേ പൊറം പറമ്പിലും, റെയില്‍ ട്രാക്കിലും  കാര്യം സാധിക്കുന്നോര്‍ വേറെ...എന്തൂട്ടിനാപ്പാ ഈ ഉത്സവം..."

പറഞ്ഞത് ആര് കേള്‍ക്കാന്‍...ഒരു കോടി രൂപ കൊണ്ട് ഒത്തിരി കാര്യങ്ങള്‍..എന്നിട്ടും ഒരു ദിവസത്തെ കാഴ്ചയുടെ കെട്ടു മാറാപ്പിനു വേണ്ടി...ഒരു രാത്രിയിലെ ആകാശ കാഴ്ചകള്‍ക്കും, ശബ്ദത്തിനും വേണ്ടി എല്ലാവരും ചേര്‍ന്നു...

       "കൂട്ടാല ജോസ്..നെന്മാറ വല്ലങ്ങിക്കും, തൃശ്ശൂര്‍ പൂരത്തിനും പൊട്ടിച്ച ആ മൊതലിന്റെ പത്ത് മടങ്ങ്‌ ഗുമ്മുള്ള ഒരു മോതലും ഇവിടെ പൊട്ടിക്കില്ല..ആ നെടൂളാനെ പണി പഠിപ്പിച്ചത് എന്റെപ്പനാ...ഉത്രളിക്കാവില് അവന്‍ എന്‍റെ മുന്നില്‍ തൂറ്റിതാ...ഏറു പടക്കം പോലെ...ഞാനെ കതിന നാരാണനാ..എന്‍റെ ഒരു ഗര്‍ഭം കലക്കി ചെവി പൊത്താതെ കേള്‍ക്കാന്‍ ഏതെങ്കിലും ഒരുത്തന്‍ തയ്യാറായ അന്ന്‍ നിര്‍ത്തും നാരാണന്‍ ഈ വെടി വെപ്പ്..."

വടക്കും ഭാഗത്ത് നിന്നും തെക്കോട്ട് പോയാലും സംഗതി അത് തന്നെ...ദേശങ്ങള്‍ തമ്മിലുള്ള മത്സരം..അമ്പലത്തി നേക്കാള്‍ വലിയ ആഘോഷ കമ്മിറ്റി ഓഫീസും മത്സരിക്കാന്‍ നാട്ടിലെ പ്രമുഖരും...ഒരു നേരത്തെ വയറിന്റെ വിശപ്പോ, കേറി കിടക്കാനുള്ള ഒരു കിടപ്പാടമോ ആര്‍ക്കും വിഷയമല്ല...പാവപ്പെട്ടവന്‍ പട്ടിണി കൊണ്ട് മരിച്ചു വീണാലും  ഒരു രാത്രിയില്‍ ആകാശത്ത് പൊട്ടി വിടരുന്ന വര്‍ണ്ണ ശബ്ദ വിസ്മയങ്ങള്‍ക്ക് വേണ്ടി കോടികള്‍ പൊടിക്കണം...

     "നമ്മടെ ദേശത്തെ കുട്ടിയാ..അതിന് വേണ്ടി ..ഒരഞ്ച് ഉറുപ്യേടെ കൊറവ്..അതൂടി ഉണ്ടായാല്‍ ഓപ്പറേഷന്‍ നടക്കും...ഒന്ന് സഹായിക്കോ..''

    " അഞ്ച് ലച്ചം...ഉണ്ടേല് ഡിസ്ക്കോ രമണി...മമ്ടെ സിനിമാക്കാരി ഇവിടെ വരും...ഡാന്‍സ് കളിക്കാന്‍..കണ്ണിന് ഇമ്പം തരണ ഡാന്‍സ്  കാണണോ, കരളു മാറ്റണോ...??:"

ദേഷ്യം തോന്നി..സ്വന്തം കുടുംബത്തില്‍ ഒരാള്‍ക്ക് വന്നാലെ അതിന്‍റെ വിഷമം അറിയൂ...ദൈവത്തിന് മുന്നില്‍ മത്സരം നടത്തുന്ന കോമാളികള്‍..മനസ്സ് വിഷമിച്ച് തിരികെ നടക്കുമ്പോള്‍ എല്ലാ ബിംബങ്ങളോടും ദേഷ്യം തോന്നി...പിന്നെ മനസ്സിനെ  സ്വയം പറഞ്ഞു പഠിപ്പിച്ചു...

     "ദൈവങ്ങള്‍ എന്ത് ചെയ്യാന്‍..അവര്‍ക്ക് പ്രതികരിക്കാനും , പരിതപിക്കാനും അവസരമില്ല..ഉണ്ടായിരുന്നെങ്കില്‍ ചൂടന്‍ മണ്ണില്‍ നിര്‍ത്തി കരിവീരന്മാരെയും, അന്തരീഷം മലിനമാക്കുന്ന കരി മരുന്നിനേയും എന്നെ വര്‍ഷ കാഴ്ച്ചയില്‍ നിന്നും ഒഴിവാക്കിയേനെ..പകരം ജീവിക്കാന്‍ സാഹചര്യം നഷ്ടമായവരെ ഉത്സവ ദിവസം മുന്നില്‍ നിര്‍ത്തി അവര്‍ക്ക് മുന്നില്‍ സഹായങ്ങള്‍ നിരത്തി യേനെ..അവരുടെ കണ്ണീര്‍ ചാലുകള്‍ ഒപ്പിയേനെ..."

കോടികള്‍ നാളെ മുതല്‍ ഇവിടെ പൊട്ടിച്ച് കളയും..കരിമരുന്നിന്റെ മണം പടരും...തെക്കും ഭാഗവും, വടക്കും ഭാഗവും മത്സരിക്കും..തല പോക്കത്തിനു വേണ്ടി രാമചന്ദ്രനും,  രാജനും മത്സരിക്കും...ഒടുവില്‍ വെടിക്കെട്ട് വിഭവങ്ങള്‍ വിളംബാന്‍ ജോസും, നാരായണനും...അവരുടെ സന്തോഷത്തിനിടയില്‍ ജീവന് വേണ്ടി പിടയുന്ന ഒരു പെണ്‍കുട്ടിയുടെ വേദന ആരറിയാന്‍????

പിറ്റേന്നത്തെ പാത്രം വായിച്ച് ആദ്യം അമ്പല നടയിലേക്ക് വന്നത് കതിന നാരയണന്‍..അയാള്‍ക്ക് പിന്നാലെ കൂട്ടാല ജോസ്..

     'ചെയര്‍ മാന്‍ സാറേ..എന്നെ ഒഴിവാക്കണം..ഇനി ഒരിക്കലും ഇനിക്കീ പണി ചെയ്യാന്‍ കഴിയൂല..ഞാന്‍ നിര്‍ത്തി...പട്ടിണി കെടന്നാലും വേണ്ടാ..ഇത് വേണ്ട...എന്ത് നഷ്ടം വന്നാലും നാരാണന്‍ നേരിട്ടോളം...വയ്യ..മനസ്സ് കൊണ്ട് വയ്യ...ഇനിതിന്..''

അതേ വാചകം തന്നെ ജോസും അറിയിച്ചു...ആര്‍ക്കൊന്നും തിരിച്ച് പറയാന്‍ കഴിയാത്ത അവസ്ഥ..ഒരു വലിയ മൗനം അവര്‍ക്ക് മുകളില്‍ ...പരസ്പരം നോക്കി ഒന്നും പറയാതെ കുറേ മുഖങ്ങള്‍....ചെറിയ തേങ്ങലുകള്‍...

    "എടൊ മാഷേ...അമൃതേല് കെടക്കണ കൊച്ചിന് വടക്കുംഭാഗം വക പത്ത് ലക്ഷം...ബാക്കി കാശോണ്ട് വീടില്ലാത്തോര്‍ക്കും, ജീവിക്കാന്‍ ത്രാണിയില്ലാത്ത പാവങ്ങള്‍ക്കും സഹായം..നന്നായി പഠിക്കണ കുട്ടോള്‍ക്ക് പഠിക്കാനും സഹായം നല്‍കാം....ഇത്തവണ വെടിക്കെട്ടില്ല..അടുത്ത തവണ ആനയുമില്ല.ആ പണം നമുക്ക് നല്ല കാര്യത്തിന് വേണ്ടീട്ട് ....."

തെക്കും ഭാഗവും പിന്നോക്കം പോയില്ല...വടക്കും ഭാഗത്തിനോട് ചേര്‍ന്ന്‍ തീരുമാനങ്ങള്‍ വന്നപ്പോള്‍ അതൊരു ദേശമായി മാറി..ഭാഗം ദേശത്തിന് മുന്നില്‍ എന്നേക്കുമായി വഴി മാറുന്നു...

     ''അവളെ രക്ഷിക്കണം...ഒരു ദിവസത്തെ സന്തോഷം തരുന്ന വര്‍ണ്ണ വിസ്മയങ്ങളല്ല നമുക്ക് വേണ്ടത്...പകരം ഒരു ജന്മം മുഴുവന്‍ നില്‍ക്കണ കടപ്പാടാ വേണ്ടേ..''

അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷിക്കാന്‍ തോന്നിയില്ല...പകരം കണ്ണുകള്‍ വേദനയോടെ ആ വാക്കുകള്‍ തേടി പോയി...എല്ലാ മനസ്സിനേയും ഒരൊറ്റ രാത്രി കൊണ്ട് മാറ്റിയ ആ വാക്കുകള്‍...കരിയും, കരിമരുന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ  വാക്കുകള്‍....പത്രത്തിലെ ആദ്യ പേജില്‍...

        "പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ......................................................"


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ