2016, ഏപ്രിൽ 16, ശനിയാഴ്‌ച

"മുചിരിയിലെ ചാത്തോമ്മൂഞ്ഞി.."

                                                     

                                                      പണ്ട് വളരെ വളരെ പണ്ട്..സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ്, പറങ്കികള്‍ കുരുമുളകും, പട്ടയും, ഏലവും തേടി കോഴിക്കോട് വരുന്നതിനു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ പതിനാലാം നൂറ്റാണ്ടിലെ വെള്ളപോക്കത്തിനു കുറച്ച് ആണ്ടുകള്‍ക്ക് മുന്‍പ്, എന്‍റെ മുന്‍ തലമുറയിലെ  പ്രപിതാമഹനായ തേവാലില്‍ ചാത്തുവിന്റെ കാലത്ത് ...

                                                       അറബി കടലിലൂടെ ഒരു പായ വഞ്ചി നിറയെ കുരുമുളക് ചാക്കും, കറുക പട്ടയും, ഏലവും, അങ്ങിനെ സുഗന്ധ പൂരിതമായ അന്തരീക്ഷവുമായി ഓളങ്ങളെ കീറി മുറിച്ച് ദേശിങ്ങനാട് എന്ന കൊല്ലത്ത് നിന്നും മുസിരിസ് എന്ന മുചിരിയെന്ന കൊടുങ്ങല്ലൂരിലെക്ക്  ലക്‌ഷ്യം വെച്ച്...അതിനുള്ളില്‍ ചങ്ങാതിമാരായ മൂന്ന്‍ മഹാന്മാര്‍..തേവാലില്‍ ചാത്തു, അയ്യാലില്‍ അടിമ മുഹമ്മദ്‌ എന്ന മമ്മൂഞ്ഞി, കുരിശിങ്കല്‍ തൊമ്മന്‍ ...

    "തൊമ്മാപ്ലെ...ദേശിങ്ങ കഴിഞ്ഞാ പായ ഇടം വെച്ചോ..കാറ്റിന്റെ കൂറ്റ് .തെക്കോട്ടാ...മുന്നീ വെള്ളത്തീ ഓടനാട് തിരുടന്മാര്‍ മൊളക് ചാക്ക് കക്കാന്‍ വടീം, കുന്തോമായി വരും...നേരം പോലരാന്‍ ഇനിമോണ്ട് പയിമൂന്നു നാഴിക..."

     "ചാത്തോ..പള്ള പയിച്ച് തൊടങ്ങി...ഞമ്മക്ക് കഞ്ഞി കുടിച്ചാലോ..."

     "തൊമ്മാപ്ലെ ..എന്നാ പായ മടക്ക്‌..:ഇനി കുടിച്ചിട്ടാകാം.''


                                                       മണ്‍ കലത്തില്‍ നിന്നും ഒരു  ഓട്ടു കിണ്ണത്തിലേക്ക് ചൂടുള്ള കഞ്ഞി പകര്‍ന്നു..ഇലച്ചീന്തില്‍ ചേമ്പിത്ത് പുഴുങ്ങിയതും, തൊട്ടു നക്കാന്‍ കാന്താരി ഇടിച്ചതും...മൂവരും മങ്ങിയ വെട്ടത്തില്‍ ഒരേ ഓട്ടു കിണ്ണത്തില്‍ നിന്നും പ്ലാവില കയില്‍ കൊണ്ട് ചൂടന്‍ കഞ്ഞി കുടിക്കാന്‍ തുടങ്ങി...ആ സൗഹൃദം എന്നാണ് തുടങ്ങിയത്...ചാത്തു തൊമ്മനെ കണ്ടത് കാവിലെ എഴുത്ത് പള്ളിയില്‍ വെച്ചാണ്‌...നിലത്താശന്‍ മണ്ണില്‍ എഴുതി പഠിപ്പിക്കുമ്പോള്‍ കോണകത്തിന്‍റെ കുത്തില്‍ പിടിച്ച് പൂഴിമണ്ണ്‍ വാരിയിട്ട് തൊമ്മനെ ചാത്തു സുഹൃത്താക്കി...മുചിരിയിലെ കാവിലമ്മയുടെ  ഭരണിക്ക് (കൊടുങ്ങല്ലൂര്‍ ഭരണി) പോയപ്പോള്‍ പാണ്ടിയില്‍ നിന്നും വന്ന പെണ്ണിന്‍റെ കയ്യില്‍ നിന്നും  വേണ്ടാതീനം കാട്ടിയതിനു നല്ല തൊഴിയും, ചീത്തയും പങ്ക് വെച്ചത് മുതലാണ് മമൂഞ്ഞി വേണ്ടപ്പെട്ടവനായത്, അന്ന് മുതല്‍ മൂവരും നല്ല സുഹൃത്തുക്കള്‍, പങ്ക് കച്ചവടക്കാര്‍...ദേശാന്തരം താണ്ടുന്നവര്‍..

                                                         ദേശിങ്ങനാട് തിണ്ടിയില്‍ പോയി പാണ്ടികളുടെ കയ്യില്‍ നിന്നും മുളകും, പട്ടയും കയറ്റി മുചിരിയിലെ തെരുവില്‍ അറബിക്കാരന്മാര്‍ക്കും, ചീനമാര്‍ക്കും, യവനമാര്‍ക്കും കൊടുത്ത് പട്ടും, പൊന്നും പകരം വാങ്ങുന്ന ഏര്‍പ്പാട്..മുചിരിയിലെ കുള്ളി (പെരിയാര്‍) തീരത്ത് ക്നാനായ തൊമ്മന്‍ കെട്ടിയ കുരിശ് പള്ളി മുതല്‍ പടിഞ്ഞാറു കുള്ളി കടലുമായി ചേരുന്ന ഇടം വരെ തെരുവില്‍ ആനയോളം പൊക്കത്തില്‍ കൂട്ടിയിട്ട മുളകും, പട്ടയും, ഏലവും...അത് വാങ്ങാന്‍ അലയുന്ന വരത്തന്മാര്‍,


                                                     മുചിരിയിലെ ചില പെമ്പ്രന്നോത്തികള്‍ പൊന്നിന്റെ തോടയും, കാപ്പും, പട്ടിന്റെ മുണ്ടും, റൗക്കയും അണിഞ്ഞു കാവിലെ താലപ്പൊലിക്ക് പോകുമ്പോള്‍ തീണ്ടാ പാവങ്ങള്‍ വഴി മാറി നിന്ന് ഒളിച്ച് നോക്കും...പല്ലക്കില്‍ ഇരിക്കുന്ന കെട്ടിലമ്മ മാരുടെ വയരിലേക്കും, മാറിലേക്കും..ദേശം താണ്ടി കറുത്ത പൊന്ന് തേടി വരുന്ന വടക്കന്മാരും, മഞ്ഞ നിറമുള്ള ചീനന്മാരും, രാക്ഷസ രൂപമുള്ള യവനന്മാരും കണ്ണ്‍ വെച്ച കെട്ടിലമ്മമാര്‍..

     "ചാത്തോ..ഇയ്..കിനാവ് കാണേ....അന്‍റെ പെണ്ണ് വയറ്റ് കണ്ണിയല്ലേ.."

     "ഉം...ചിങ്ങം കൊയ്യുന്നതിനു മുന്നേ വയറ്റാട്ടിയെ കൊണ്ടോരണം..ആറാമത്തെ കാലാ...ഇത്തവണ പെണ്ണാകും.."

                                                         കടലിനു മീതെ ആകാശം മിന്നാന്‍ തുടങ്ങി..ദൂരെ എവിടെയോ ഇടി നാദവും, പിന്നെയൊരു കുളിര്‍ക്കാറ്റും...അതവരുടെ വഞ്ചിയുടെ മീതെ ഒരു മഴയുടെ പ്രതിദ്ധ്വനി തീര്‍ത്തു..

     "മമ്മൂഞ്ഞി ഇടവപ്പാതിക്ക് ഇഞ്ഞീം നാള്ണ്ടല്ലോ...എന്താ മോളിലൊരു തട്ടും, മുട്ടും, കുടുക്കോം.."

      "ചാത്തോ അത് ഇങ്ങെടെ ദേവേന്ദ്രന്‍ ഉണക്കാനിട്ടിരുന്ന ചെരട്ട വാരി പറത്തില്‍ നെറക്കണ പുകിലാ..."

     ''അപ്പൊ മിന്നണതൊ ??"

     അത് ഓന്റെ കടുക്കന്‍ തിളങ്ങണതാ..."

                                                              പായ ഇടം കെട്ടി തൊമ്മന്‍ താഴെ വന്നു ഇരുട്ടിലേക്ക് നോക്കി ഊഹം പറഞ്ഞു..

    "ഇനീമൊരു പയിനോന്നു യോജന ..അല്ലേ മമ്മൂഞ്ഞി....'

    "ആനക്ക് എന്താ തെരക്ക് തോമ്മാ?? ഓന്റെ പൊരേല് പുത്യേ മാപ്ലാച്ചിയാ..സിലോണിന്നു വീഷണ കാറ്റ് മുട്ടീപ്പോ ഏനക്കേട്..ല്ലേ??"

                                                              തൊമ്മന്‍ ആര്‍ത്ത് ചിരിച്ചു..ആ ചിരിയില്‍ എല്ലാവരും പങ്ക് ചേര്‍ന്നു..അതാണ് സൗഹൃദം...മൂവരും മൂന്ന്‍ മതസ്ഥര്‍..മതത്തെയും,വ്യവസ്ഥയേയും മറി കടന്നൊരു മനുഷ്യ സൗഹ്രദം..

    "ഇയ് ഇവിട കുത്തിരി  തോമ്മോ ..മഞ്ചി നയിച്ചോളും..ഞമ്മക്കിത്തിരി പൊളി പറയാന്ന്..ഏത്??"
                                             
                                                             ചാത്തു വെള്ളി കെട്ടിയ മുറുക്കാന്‍ ചെല്ലം മൂവര്‍ക്കും മുന്നില്‍ നിരത്തി വെച്ചു..തളിര്‍ വെറ്റിലയില്‍ നൂറു തേച്ച്, പഴുക്കടുക്കയും, ഒരു തരി പുകയിലേം കൂട്ടി ഒരു പിടുത്തം..ചുവന്ന തുപ്പല്‍ നീട്ടി തുപ്പി ചാത്തു പൊളി പറയാന്‍ തുടങ്ങി...

    "നിങ്ങളറിഞ്ഞോ ..നുമ്മടെ പണ്ടാരി വെളുത്തെരി നായരുടെ കഥ...നായര് പന്തലായനി പോയി ഒരു ദേഹണ്ണം കഴിഞ്ഞ് കാവിലെ പടിഞ്ഞാറുള്ള പെരേല് എത്തിപ്പോള്‍ പടി വാതിലില്‍ കുഞ്ഞുണ്ണി നമ്പൂരിടെ മെതിയടി...പിന്നെ കുത്തഴി മറച്ച് ആയമ്മയുടെ ഉടുമുണ്ടും....വെളുത്തെരി മൂന്ന്‍ രാവും, പകലും കുന്തു കാലില്‍ ഇരുന്നിട്ടും മെതിയടി പോയില്ല, മുണ്ടും മാറിയില്ലത്രെ.."കുളീം ജപോം ഇല്ലാതെ ഒടുക്കം അയാള് തിരിച്ചു പോയപ്പം ആയമ്മ  ഉടുമുണ്ട് കഴുകി പെട്ടി വെച്ചു..മെതിയടി തട്ടും പൊറത്തും..വെളുത്തെരിയെ ഓടിക്കാന്‍ ചെയ്ത വേലയാ..പെണ്ണിന്‍റെ ഒരു ഒരുംബെടല്‍..."

   ''തൊമ്മാപ്ലേ.. ഇന്റെ പെണ്ണ് പുതു മോടിയാ...ചിക്കപായില്‍ ഒറ്റക്കും...നമ്പൂരിമാരു കണ്ടോടത്ത് മെതിയടി വെക്കണ കാലാണ്"

   "എനക്ക് ഒരു പെണ്ണിന്‍റെ കാര്യം...നെനക്കോ മമ്മൂഞ്ഞി മൂന്ന്‍ ബീവിമാരെ പോറ്റണ്ടേ..അവറ്റകള്‍ക്ക് നാലാം വേദം തീണ്ടായ്മല്ലാ.."

                                                             വീണ്ടും കൂട്ടച്ചിരി..അവര്‍ വീണ്ടും പൊളികള്‍ പറഞ്ഞും, രസിച്ചും കാറ്റിന്റെ കൂറ്റില്‍ ഓരോ നാഴികയും താണ്ടി മുസിരിസ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു...ദൂരെ വെളുത്ത പൊട്ടുകള്‍ വിതറി വെളിച്ചം വരാന്‍ തുടങ്ങിയപ്പോള്‍ തൊമ്മന്‍ കരുപ്പെട്ടി കാപ്പിയുണ്ടാക്കി..കോപ്പയില്‍ നിറച്ച കാപ്പിയും കുടിച്ച് മൂന്ന്‍ പേരും കര കാണാത്ത കടല്‍ നോക്കി അടുത്തടുത്ത് ഇരുന്നു...മുന്നില്‍ ഏറെ മുന്നിലുള്ള ഭാവിയിലേക്ക് കണ്ണും നട്ട്..

  "തൊമ്മാപ്ലെ കൊറേ ആണ്ടു കഴിയുമ്പോ നമ്മടെ പുള്ളാരും ഇങ്ങിനെ ചങ്ങായിമാര് ആയി ഇതേ പോലെ കഴിയോ??''

   "കയിയും ചാത്തു..ഞാന്‍ ഇന്റെ പോരേല്‍ വന്നു പയിക്കുമ്പോ തിന്നണ പോലെ, ഇയ് എന്‍റെ പോരെ വന്ന് മൂരിയെറച്ചി പത്തിരി കൂട്ടി തിന്നണ പോലെ ഞമ്മട തലമുറ ജാതില്ലാതെ..മനുസ്സന്മാരായി ഞമ്മളെ പോലെ ജീവിക്കും.."

   ''അതെ..ദൈവം മനുഷ്യനെ ഇണ്ടാക്കി വെച്ചപ്പോള്‍ പുത്തി കൊടുത്തത് എന്തിനാ..ആലോചിക്കാന്‍...നമ്മടെ തലമുറയും നമ്മളെ പോലെ ആകും..."

    ''എനിക്കിപ്പോ ഒരൂട്ടത്തിനാ കൊതി..ഇവിടിരുന്നു ഇങ്ങനെ ഇരുന്ന്‍ എന്‍റെ പെണ്ണിനോട് മിണ്ടാനും, കാണാനും ഒരു സൂത്രം ഉണ്ടായാല്‍..അങ്ങിനെ ഒരു സൂത്രം ആരെങ്കിലും ഒണ്ടാക്കും..ആരേലും..."

   "തൊമ്മാപ്ലെ ഉണ്ടാകും..നമ്മടെ പിന്നാലെ വരണ പിള്ളാര്‌ ഒണ്ടാക്കും...പക്ഷെ എന്ത് ഒണ്ടാക്കിയാലും ഇപ്പളത്തെ പോലെ ഒരുമയോടെ ജീവിച്ചാ മതി..കണ്ടില്ലേ പട്ടികളെ..വെറുത കടി പിടിക്കണത്..അത്പു ത്തിയില്ലാത്തോണ്ടാ....

   "ചാത്തോ, തോമ്മാ...കൊറേ ആണ്ടു കഴിഞ്ഞാ ഞമ്മള് നിങ്ങളെ വിട്ട് പോകും..മയ്യത്താണ മുന്നേ മക്കത്തോന്നു പോണം...''

     "മമ്മൂഞ്ഞി ഇന്നേ ഞങ്ങള് കൊണ്ടോകും..ഈ മഞ്ചീല്‍ അറബി നാട് വരെ..പോരെ?"

                                                               അങ്ങിനെ പല മോഹങ്ങളും, ഒരൊറ്റ മനസ്സുമായി ആ വഞ്ചി പിന്നെയും പല യോജനകള്‍ താണ്ടി..മൂന്ന്‍ പേരായി, മൂന്ന്‍ മതസ്ഥരായി, ഒരൊറ്റ ചിന്തയോടെ..പതിനാലാം നൂറ്റാണ്ടില്‍..മുസിരിസില്‍ ജീവിച്ചു...മരിച്ചു...ആ തലമുറയില്‍ നിന്നും പിന്നെയും വേരുകള്‍ പൊട്ടി മുളച്ചു...വംശ പരമ്പര വൃക്ഷം പല ശാഖകളായി, ഉപ ശാഖകളായി....മരം വളര്‍ന്നപ്പോള്‍ അതിര്‍ത്തികള്‍ വളര്‍ന്നു..മനസ്സിലെ വേലിക്കെട്ടുകള്‍ വളര്‍ന്നു...മതം മനുഷ്യനെ വിഴുങ്ങി...അന്ന്‍ മുചിരിയില്‍ നിന്നും തിണ്ടിയിലേക്ക് പോയ വഞ്ചി പോലും മൂന്നായി മാറി..

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.....

                                                           


                                                             







      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ