2015, ഡിസംബർ 22, ചൊവ്വാഴ്ച

"തിരിച്ചറിവിലൂടെ ഒരു തിരിച്ചുവരവ്"

                                                         


                                                              ആദ്യത്തെ അടി കിട്ടിയത് മുഖത്താണ്..ഇരുട്ടില്‍ കണ്ണുകള്‍ കുറച്ച് സമയത്തേക്ക് കാഴ്ച നഷ്ടമായത് പോലെ.. ചെത്തി തേക്കാത്ത ചുവരിലേക്ക് കുഴഞ്ഞു വീണതിന് പുറകെ വയറ്റിലൊരു ചവിട്ടും, മുഴുത്ത തെറിയും..കുട്ടികളുടെ  നിലവിളി പുറത്ത് പെയ്യുന്ന മഴയില്‍ തട്ടി തിരികെ വന്നു..

               "#@##@##@ '' നീ ഓട്ടോറക്ഷ ഓടിക്കണ ചെക്കന്‍റെ കൂടെ എവിടെക്കാടീ കൊടിച്ചി പട്ടി  പോയത്??

                                                               അയാളുടെ കയ്യും, കാലും തളരും വരെ അടിയും, ചവിട്ടും, അര്‍ദ്ധ ബോധാമായ് തറയില്‍ അനക്കമില്ലാതെ കിടക്കുമ്പോള്‍ മങ്ങിയ വെട്ടത്തില്‍ ചോറ് വെച്ച കലം പുറത്തേക്ക് എറിയുന്നത് കണ്ടു..കുട്ടികളുടെ നേരെ കാലുയര്‍ത്തി ചെല്ലുന്നത് കണ്ടപ്പോള്‍ നിലത്ത് കിടന്ന് കൊണ്ട് അയാളുടെ കാലില്‍ കയറി പിടിച്ചു..അതിന്‍റെ പ്രതിഫലം പോലെ  ചവിട്ടും, തൊഴികളും , കുട്ടികള്‍ പുറത്തെ ഇരുട്ടില്‍ എന്നത്തെയും പോലെ  എവിടെയോ ഓടി മറഞ്ഞു..ഒച്ചയും, പുലയാട്ടും പെരുമഴയില്‍ അലിഞ്ഞപ്പോള്‍ അയല്‍ക്കാര്‍ പോലും ഒന്നുമറിഞ്ഞില്ല..ആരും പ്രതികരിച്ചില്ല..മുറ്റത്ത് കെട്ടിയിട്ട നായ മാത്രം അയാള്‍ക്ക് നേരെ കുരച്ച് പ്രതിഷേധം അറിയിച്ചു..കാലുയര്‍ത്തി നാഭിയില്‍ ഒരു ചവിട്ട് ചവിട്ടി  മുഖത്ത് കാറി തുപ്പി അയാള്‍ പുറത്തേക്ക്...

                                                                  നായ കുതിച്ച് ചാടിയപ്പോള്‍ അതിനേയും ചവിട്ടി..മുറ്റത്ത് നിന്നും ഒരു മോങ്ങല്‍..പിന്നെ നായക്ക് നേരെയും ചില ചീത്ത വാക്കുകള്‍..തറയിലൂടെ ഇഴഞ്ഞു ഉമ്മറപ്പടിയില്‍ എത്തിയപ്പോള്‍ ചിന്ത മക്കളെ കുറിച്ചായിരുന്നു..ഇരുളില്‍ പേടിയോടെ മറഞ്ഞ കുഞ്ഞുങ്ങളെ വേദന കലര്‍ന്ന പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു..ശബ്ദം പുറത്തേക്ക് വരുന്നില്ല. തൊണ്ട കുഴിയില്‍ തട്ടി തടഞ്ഞ്‌ ഇല്ലാതെയാകുന്നു. മഴത്തുള്ളികള്‍ മുഖത്തും, ചുണ്ടിലും പരന്നു..എവിടെയെല്ലാമോ വേദന..രക്തം പൊടിഞ്ഞ മുറിവുകള്‍..കുറേ കൂടി ഇഴഞ്ഞു മഴയിലേക്ക്..മുറ്റത്ത് കെട്ടിയിട്ട നായ അത് കണ്ടിട്ടാകണം വേദന കൊണ്ട് കരഞ്ഞു ചങ്ങല പൊട്ടിക്കാന്‍ നോക്കി....

             "അമ്മേ..അച്ഛന്‍ പോയോ?? ഒരു പാട് തല്ലിയോ??"

                                                                 വേദനയില്‍ ഒരു ചെറിയ സന്തോഷം പകര്‍ന്ന് മൂത്ത മകളുടെ വാക്കുകള്‍..പിന്നില്‍ പേടിയോടെ രണ്ടാമത്തവള്‍..അവരുടെ  കരച്ചില്‍ കേട്ടപ്പോള്‍ പതുക്കെ എഴുന്നേറ്റ് ഇരിക്കാന്‍ ശ്രമിച്ചു..ഒടുവില്‍ ശീതന്‍ നിറഞ്ഞ വരാന്തയില്‍ മഴവെള്ളത്തില്‍ പൊട്ടിയ മുറിവുകളുടെ നീറ്റലുമായി മെല്ലെ കണ്ണുകള്‍ തുറന്നപ്പോള്‍ മഴവെള്ളത്തില്‍ ഒഴുകി നടക്കുന്ന ചോറ് വെച്ച കലം..രണ്ടു മക്കളേയും ചേര്‍ത്ത് പിടിച്ച് കുറേ നേരം കരഞ്ഞു..കണ്ണീര്‍ തുള്ളികള്‍ മഴത്തുള്ളികളെ പോലെ വരാന്തയില്‍ പടര്‍ന്ന്‍ ദുരിത ചിത്രങ്ങള്‍ വരച്ചു..

           "മക്കള് അകത്തേക്ക് പൊയ്ക്കോ..മഴ നനയണ്ടാ.."

                                                                 പതുക്കെ എഴുന്നേറ്റപ്പോള്‍ വീണു പോകുമെന്ന് തോന്നി..എഴുന്നേറ്റ് നില്‍ക്കുന്നത് കണ്ടപ്പോള്‍ നായ ആഹ്ലാദം കൊണ്ട് വാലാട്ടി  കാണിച്ചു...പിടിച്ച് പിടിച്ച് അകത്തേക്ക് ചെല്ലുമ്പോള്‍ മുറിയില്‍ വലിച്ച് വാരിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, താഴെ വീണു കിടക്കുന്ന അരി പാത്രം..അതിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരുന്ന പൈസ മാത്രം കാണാനില്ല..വേദനയോടെ ചുമരില്‍ കൊളുത്തിയിട്ട നിറം മങ്ങിയ വിവാഹ ഫോട്ടോയിലേക്ക് നോക്കി..സംരക്ഷിക്കാന്‍ വാക്ക് നല്‍കിയ മനുഷ്യന്‍...

           "മോളുടെ കാത് കുത്തി ഒരു തരി പോന്നിടാന്‍ കാത്ത് വെച്ചതാ..അയാള്‍ അതും കൊണ്ട് പോയി..ഒടുക്കത്തെ കുടി കുടിക്കാന്‍.."

                                                                     അകത്തേക്ക് പോയി ഒരു പായയില്‍ തളര്‍ന്നിരുന്നു..കൂടെ ചിണുങ്ങി കരഞ്ഞുകൊണ്ട്‌ മക്കളും..ഒരു ദിവസം പോലും സമാധാനമായി ആരും ഉറങ്ങിയിട്ടില്ല ആ വീട്ടില്‍ .എന്നും തല്ലും വഴക്കും..ഓരോരോ കാരണങ്ങള്‍..കൊടുങ്ങല്ലൂരിലെ ഒരു ഫര്‍ണീച്ചര്‍  കടയില്‍ തനിക്കൊരു ജോലിയുള്ളതിനാല്‍ കുടുംബം പട്ടിണി കിടക്കാതെ മുന്നോട്ട് പോകുന്നു..ഇന്നിപ്പോള്‍ തല്ലിയതും, കഴിഞ്ഞ കുറേ ദിവസമായി ക്രൂരമായി തല്ലുന്നതും അതേ കാരണത്താല്‍. ജോലി കഴിഞ്ഞ് വരുമ്പോള്‍  ഇരുട്ടുന്നതിനു മുന്‍പ്  വീടിലെത്താന്‍ പരിചയമുള്ള ഒരാളുടെ ഓട്ടോയില്‍ കയറി വന്ന കാരണത്തിനായിരുന്നു ഇന്നത്തെ കൊലവിളി....എന്നും വൈകുന്നേരം തലക്ക് ലഹരി പിടിക്കുമ്പോള്‍ ...മടുത്ത് തുടങ്ങി..അത്രയും ദുരനുഭവങ്ങള്‍..

        "അമ്മേ നമുക്ക് ഇവ്ടെന്ന് പോകാം..അല്ലെങ്കില്‍ അച്ഛന്‍ ഒരീസം നമ്മളെല്ലാം  കൊല്ലും.."

                                                                    മൂത്ത മകളുടെ വാക്കുകള്‍..കാര്യങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നു..ഈയിടെയായി അയാളുടെ കാലുകളും, കൈകളും അവള്‍ക്ക് നേരെയും നീളുന്നു..കുട്ടികള്‍ അത് കൊണ്ട് തന്നെ അയാളുടെ നിഴല്‍ വീടിന്‍റെ പരിസരത്ത്കാ ണുമ്പോള്‍ ഓടി ഒളിക്കാന്‍ തുടങ്ങിയിരിക്കുന്നു..ഇളയവള്‍ക്ക് മനസ്സിലാകാനുള്ള പ്രായമായില്ല. എങ്കിലും ഒന്നറിയാം..അമ്മയെ തല്ലാന്‍ മാത്രമാണ് ഇരുട്ടുമ്പോള്‍ അച്ഛന്‍ വീട്ടില്‍ വരുന്നതെന്ന്..

      "അമ്മേ..നമ്മടെ തള്ള കോഴീം, കുട്ടികളും അമ്മി കടക്കല് മഴേത്താ..പിടിച്ച് അകത്ത് കൊണ്ടോരട്ടെ.."

                                                                   തലയാട്ടിയപ്പോള്‍ സന്തോഷത്തോടെ ഓടി പോയി.അവരുടെ വിശപ്പിനെ കുറിച്ചായിരുന്നു ചിന്തിച്ചത്..ചോറ് വെച്ച കലം ഗതി കിട്ടാതെ പുറത്തെ മഴ വെള്ളത്തില്‍. വേദന നിറഞ്ഞ കണ്ണുകള്‍ കൊണ്ട് മൂത്ത മകളെ നോക്കി..

      "മോളെ  ഒരു ഗ്ലാസ്‌ അരിയിട്..കുഞ്ചുനു വെശക്കുന്നുണ്ടാകും ..അമ്മ ഇത്തിരി നേരം കെടക്കട്ടെ..വല്ലാത്ത വേദന..."

                                                                       അവള്‍ എഴുന്നേറ്റ് പോകുമ്പോള്‍ കുറേ കൂടി വളര്‍ന്ന്‍ വലിയ പെണ്ണായത് പോലെ..ഒരു അരക്ഷിത വലയം അവര്‍ക്ക് ചുറ്റും വ്യാപിക്കുന്നത് പോലെ..മദ്യം സ്വഭോധം നശിപ്പിക്കുന്ന ചില രാത്രികളില്‍ അയാളുടെ  കയ്യേറ്റങ്ങള്‍ തന്നിലേക്കെന്ന പോലെ അവളിലേക്കും നീളുന്നു.?.ഈയിടെയായി അയാള്‍ക്ക്സംശയം കൂടുന്നു?.അവളുടെ പിത്രുത്വം പോലും ആരിലോ അടിച്ചേല്‍പ്പിക്കാനുള്ള അബോധ പൂര്‍വ്വമായ ചില ശ്രമങ്ങള്‍..ലഹരിയുടെ ലോകത്തെ നാശത്തിന്റെ അവസാന ഘട്ടത്തിലാണ് അയാള്‍..പകല്‍ എന്തെങ്കിലും ജോലി ചെയ്യും..ഉച്ച മുതല്‍ കിട്ടുന്നത് കൊണ്ട്  മുഴുവന്‍ കുടിക്കും..പിന്നെ വഴക്കും, തല്ലും..ഒന്നിലെങ്കില്‍ സ്വന്തം വീട്ടില്‍ അല്ലെങ്കില്‍ തെരുവില്‍ ആരോടെങ്കിലും..

                                                                         മഴ അവസാനിച്ച് ആകാശത്ത് ഇടി മിന്നലുകള്‍ പ്രകാശം ചൊരിയാന്‍ തുടങ്ങിയ സമയത്ത് പുറത്ത് നിന്നും വീണ്ടും മോശം വാക്കുകള്‍..അയാള്‍ തിരികെ വന്നിരിക്കുന്നു..ചൂടുള്ള കഞ്ഞി കുട്ടികളുടെ കൂടെ വേദനയോടെ കുടിക്കുമ്പോള്‍ വരാന്തയില്‍ നിന്നും പെറോട്ടയുടേയും, ഇറച്ചിയുടെയും ഗന്ധം,,ഒപ്പം വില കുറഞ്ഞ മദ്യത്തിന്‍റെയും..വിളക്കണച്ച് വാതില്‍ ഭദ്രമായി അടക്കുമ്പോള്‍ ഭീതി പിന്നെയും സുരക്ഷിതമല്ലാത്ത വാതില്‍ പാളിയായ് മുന്നില്‍ വന്നു..ഞങ്ങള്‍ ഉറങ്ങുമ്പോള്‍ സ്വബോധം നഷ്‌ടമായ കാലുകള്‍ അതിനെ ചവിട്ടി മെതിച്ച് തന്‍റെ നേരെ വീണ്ടും..മകളുടെ നേരെ. ഭയം..അതിനൊപ്പം മനസ്സിനെ വഴി തെറ്റിക്കുന്ന ചില മരണ ചിന്തകള്‍..അത് കൂടെ കൂടാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായിരിക്കുന്നു,ആത്മ ഹത്യയുടെ രൂപത്തില്‍ മരണം അടുത്ത് വന്നു നില്‍ക്കുന്നത് പോലെ.

                                                                     മക്കളെ ചേര്‍ത്ത് പിടിച്ച് കിടക്കുമ്പോള്‍ മനസ്സില്‍ ഭീതിയും, ആധിയും കൂടി കൂടി വന്നു..ഇങ്ങിനെ ജീവിച്ച് മരിക്കുന്നതില്‍ ഭേദം മക്കളുടെ കൂടെ ജീവിതം അവസാനിപ്പിക്കുന്നതല്ലേ??ഈയിടെ പലവട്ടം തോന്നുന്ന ചിന്ത..

          "സഹിക്കാന്‍ പറ്റാതെ വരുന്ന ഒരു ദെവസം ചേച്ചി ഞാന്‍ കുട്ടികളുടെ കൂടെ ഇതങ്ങട് അവസാനിപ്പിക്കും..."

          "എന്തിനാ നീയ് കുട്ടികള്‍ടെ കൂടെ ചാവണത്??വാങ്ങി കൊണ്ട് വെച്ചിരിക്കണ ബ്രാണ്ടി കുപ്പിയില്‍ വല്ല വെഷം വാങ്ങി കലക്കി വെക്ക്..കുടിച്ച് ആ കുരിപ്പ് ചാവട്ടെ.."

                                                                       രണ്ട്‌ ദിവസം മുന്‍പ് കടയിലിരുന്ന് കണ്ണീരോടെ കൂടെ ജോലി ചെയ്യുന്ന ചേച്ചിയോട് പറഞ്ഞ വാക്കുകള്‍. അങ്ങിനെ മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ല...അരക്ഷിതമായ ലോകത്ത് നിന്നും താനും, രണ്ടു പെണ്‍കുട്ടികളും ഇല്ലാതായി തീരണം...

      "അങ്ങനെ തോന്നണില്ല ചേച്ചി..എന്തൊക്കെ ആയാലും, എത്ര ക്രൂരനായാലും എന്നെ താലി കെട്ടിയ ആള്‍ അല്ലേ? എന്‍റെ രണ്ട്‌ കുട്ടികള്‍ടെ അച്ഛനല്ലേ??

       "അത്രക്ക് ദെണ്ണന്നാല്‍ നീ ചാവ്..കിട്ടണ തല്ല് എല്ലിന്‍റെ എടേല്‍ കയറീട്ട് നെനക്കാ സൂക്കേട്....ഞാന്‍ ആണേല്‍ തിരിച്ചു നല്ല മുട്ടന്‍ വടി എടുത്ത് അയാളുടെ തലമണ്ട തല്ലി പൊളിക്കും.."

                                                                         അവസാനം ചേച്ചി പറഞ്ഞ വാക്കുകള്‍ അത് അടുത്തടുത്ത് വരുന്നത്  പോലെ...ഈയിടെ മനസ്സില്‍ ഇപ്പോഴും മരണ ചിന്ത..കൈ എത്തുന്ന ദൂരത്തില്‍..ചാച്ചിറക്കിലെ പനമ്പ് തട്ടികയില്‍ കുറച്ച് ദിവസം മുന്‍പാണ്‌ "വിഷം"വാങ്ങി കൊണ്ട് വന്ന് വെച്ചത്..പിന്നെ മുറ്റത്തെ അഴ കെട്ടിയ പ്ലാസ്ടിക്ക് കയര്‍...അതും അഴിച്ച് വെച്ചിരിക്കുന്നു..മനസ്സില്‍ അവസാനത്തെ തീരുമാനം മൂന്ന്‍ മരണം..അവിടെ എല്ലാം അവസാനിക്കും. നല്ല ചിന്തകള്‍ മറി കടന്ന്‍ ഒടുവില്‍ മരിക്കാനുള്ള തീരുമാനം മനസ്സില്‍ ദൃഡമായി ഉറപ്പിച്ചു..

     "നാളെ ഞായര്‍...പായസം വെക്കണം..പായസത്തില്‍ ചേര്‍ത്ത്...ആദ്യം മക്കള്‍..പിന്നെ ഞാന്‍..."

                                                                        ഇറയത്ത്‌ നിന്നും വീണ്ടും കുഴഞ്ഞ തെറി വാക്കുകള്‍..പിന്നെ നീണ്ട കൂര്‍ക്കം വലി..എപ്പോള്‍ കണ്ണടച്ച് പോയെന്ന്‍ അറിഞ്ഞില്ല..ഇടയില്‍ എപ്പോഴോ ഒരു  ചീത്ത സ്വപ്നം...മുറ്റത്ത് തള്ള കോഴിയും, കുഞ്ഞുങ്ങളും..സന്തോഷത്തോടെ ഓടി ചാടി..ഒടുവില്‍ പാത്രത്തില്‍ വെച്ച തവിട് തിന്നാന്‍ തുടങ്ങി..വിഷം കലര്‍ത്തിയ തവിട്..ആദ്യം ആദ്യം കുഞ്ഞുങ്ങള്‍...വിഷം കലര്‍ന്ന തവിട് തിന്ന്‍..ഒടുവില്‍ തള്ള കോഴിയും കരച്ചിലോടെ പിടഞ്ഞ് വീണു..മരണം..മുന്നില്‍ മരണം...കണ്ണ്‍ തുറന്നപ്പോള്‍ മേത്തല അമ്പലത്തില്‍ നിന്നും പാട്ട് കേള്‍ക്കാന്‍ തുടങ്ങി..നേരം പുലര്‍ന്നിരിക്കുന്നു..അവസാനത്തെ പ്രഭാതം...നാളെ കാത്തിരിക്കുന്നത് മൂന്ന്‍ വെളുത്ത തുണി കെട്ടുകള്‍ മാത്രം...

                                                                       കാലത്ത് കുളി കഴിഞ്ഞപ്പോള്‍ നോവുകള്‍  ഇല്ലാതായിരിക്കുന്നു.. നല്ലൊരു സാരി ചുറ്റി പുറത്ത് വന്നു നോക്കിയപ്പോള്‍ വരാന്തയില്‍ കാലിയായ കുപ്പിയും, ഈച്ച ആര്‍ക്കുന്ന ഭക്ഷണ ശകലങ്ങളും, സിഗരെറ്റ്‌ കുട്ടികളും....ഒപ്പം ശര്‍ദ്ദിലും..അതില്‍ നിന്നെല്ലാം നായ പോലും വെറുപ്പോടെ മുഖം തിരിച്ചിരിക്കുന്നു..എല്ലാം വൃത്തിയാക്കി അടിച്ച് തുടച്ച് അകത്തേക്ക് കയറിയപ്പോള്‍ മാലാഖ കുട്ടികള്‍ രണ്ട്‌ പേരും കുളിച്ച് സുന്ദരികളായി..

      "അമ്മ ഇന്ന്‍ പായസം ഉണ്ടാക്കാന്‍ പോണു"

      "ഇന്നാരുടെ പെറന്നാള്‍ ആണമ്മേ??"

     "പെറന്നാളല്ല കുഞ്ചു...നമ്മടെ മൂന്ന്‍ പേര്ടേം ജീവിതത്തിലെ ഒരു പ്രധാന ദെവസം..അതാണിന്ന്." ആ വാക്കുകള്‍ പറയുമ്പോള്‍ അതില്‍ വേദന നിറഞ്ഞിരുന്നു.

                                                                      ഇളയവള്‍ മുറ്റത്ത് ചിക്കി നടക്കുന്ന തള്ള കോഴിയുടെ പുറകെ ഓടി പോയി..രാത്രി കണ്ട സ്വപ്നം..വിഷം കലര്‍ന്ന തവിട് തിന്നുന്ന തള്ളകോഴി, കുഞ്ഞി കോഴികള്‍..അമ്മയുടെ മുന്നില്‍ പിടഞ്ഞ് വീഴുന്ന മരണം..അര്‍ത്ഥമുള്ള സ്വപ്നം.ഒരിറ്റ് കണ്ണ് നീര്‍ തുള്ളിയുമായി അകത്തേക്ക് പോകുമ്പോള്‍ ചുമരില്‍ ചാരി വെച്ചിരിക്കുന്ന കൃഷ്ണ ബിംബത്തിലെക്ക് നോക്കി...ചിരി തന്നെ എന്നത്തേയും പോലെ കള്ള ചിരി..

                                                                   അടുക്കളയില്‍ പായസം വെക്കാനുള്ള പാത്രത്തില്‍ പാല്‍ നിറച്ച് തിളപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സും തിളക്കാന്‍ തുടങ്ങി..മക്കള്‍..പൊന്നോമനകള്‍..അവര്‍ വളര്‍ന്ന്‍ സുന്ദരികള്‍..അവരുടെ വളര്‍ച്ച കാലഘട്ടം..അതിനെ ഭീതി പെടുത്തും പോലെ ലഹരി നിറഞ്ഞ ഒരു കാല്...വേണ്ട,,ജീവിക്കണ്ടാ..മരിക്കണം.ഇന്നത്തോടെ എല്ലാം അവസാനം..ഒരു ഭ്രാന്തിന്‍റെ പിടിയില്‍ അമര്‍ന്ന് അവസാന തീരുമാനത്തിലേക്ക്.ചാച്ചിറക്കില്‍ സൂക്ഷിച്ച  വിഷം എടുത്ത് അടുക്കളയിലേക്ക്..വെട്ടി തിളയ്ക്കുന്ന പാല്‍...പുക നിറഞ്ഞ അടുക്കളയുടെ ജനലിലൂടെ മക്കള്‍ രണ്ട്‌ പേരും മുറ്റത്ത് നില്‍ക്കുന്നത് കാണാം.ഭൂലോകത്ത് ആ മാലാഖ കുഞ്ഞുങ്ങളുടെ അവസാന നിമിഷങ്ങള്‍..

    "മാപ്പ് മക്കളെ..ഈ അമ്മക്ക് മാപ്പ്..നിങ്ങളുടെ ചുറ്റുമുള്ള നമ്മുടെ  ലോകം അരക്ഷിതം..."

                                                                    വിഷ പൊതി കയ്യിലെടുത്ത് പാലില്‍ കലര്‍ത്താന്‍ തുറന്നപ്പോള്‍  കുട്ടികളുടെ  ജനനം മുതല്‍ ഇന്ന്‍ വരെയുള്ള ജീവിതം മനസ്സില്‍ തെളിഞ്ഞു..വിഷ പൊതി കലത്തിന് മീതെ എത്തിയതും മുറ്റത്ത്  നിന്നും ഒരു കൂട്ടക്കരച്ചില്‍..പൊതി താഴെയിട്ട് ഓടി മുറ്റത്ത് ചെല്ലുമ്പോള്‍...!!

                                                                   കോഴികുഞ്ഞിനെ റാഞ്ചാന്‍ വന്ന ഒരു പരുന്തിനെ പറന്ന് കൊത്തി താഴെയിട്ട് വീണ്ടും വീണ്ടും കൊത്തുന്ന തള്ള കോഴി..അതിന് മുകളില്‍ രണ്ട്‌ മക്കളുടെ കരച്ചില്‍, ഒപ്പം നായയുടെ കുര..അയല്‍വക്കത്ത് നിന്നും ആരെല്ലാമോ ഓടി വന്നു..കുറച്ച് സമയത്തിനുള്ളില്‍ പരുന്തിനെ കൊത്തി പായിച്ച് തള്ള കോഴി തിരികെ വന്ന് എല്ലാ കുഞ്ഞുങ്ങളെയും ചിറകിനുള്ളിലാക്കി വീണ്ടും കലിയോടെ ആകാശത്തേക്ക് നോക്കി...മനസ്സില്‍ എവിടെയോ ഒരു തിരച്ചറിവിന്‍റെ  വെളിച്ചം..അതിനെ ഉറപ്പിക്കും പോലെ അയല്‍വാസിയുടെ വാക്കുകള്‍...

     "ഇതാണമ്മ..ആറ്റ് നോറ്റ് വളര്‍ത്തിയ ഒരു കുഞ്ഞിനേയും പരുന്ത് കാലില്‍ വിട്ടു കൊടുക്കാത്ത അമ്മ...ഇങ്ങിനെ വളര്‍ത്തിട്ട് കൊലക്ക് കൊടുക്കാന്‍ ഒരമ്മയും തയ്യാറാവില്ല..."

                                                                    ഉള്ളില്‍  നിന്ന് തേട്ടി വന്ന കരച്ചില്‍..വീണ്ടു  വിചാരം..തിരച്ചറിവ്..എല്ലാവരും പോയപ്പോഴും രണ്ട്‌ മക്കളെ മടിയില്‍ പിടിച്ചിരുത്തി മുറ്റത്തേക്ക് നോക്കിയിരുന്നു..തള്ള കോഴി അപ്പോഴും കുഞ്ഞുങ്ങളെ സംരക്ഷിച്ച് ആകാശത്തേക്ക് മിഴി നട്ട് എന്തും നേരിടാന്‍ തയ്യാറായി..മനസ്സില്‍ ആ ചിത്രം ബലം നല്‍കി..എന്തും നേരിടണം..ജീവനുള്ള കാലം വരെ. മക്കള്‍ക്ക് വേണ്ടി ജീവിക്കണം..അവര്‍ക്ക് നല്ല ജീവിതം നല്‍കണം..

                                                                  മക്കളേയും ചേര്‍ത്ത് അകത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ പുതിയ ഒരു വെളിച്ചം..തിരച്ചറിവ് നല്‍കിയ തിരിച്ചു വരവ്.ജീവിക്കണം..എല്ലാ പ്രതിസന്ധിയും മറി കടന്ന്‍ ജീവിക്കണം..ജീവിക്കും. എല്ലാം നേരിടും..എന്നെങ്കിലും ഒരു പ്രത്യാശയുടെ പുതു വെളിച്ചം കാണും വരെ..മനസ്സില്‍ സന്തോഷം തോന്നി മക്കളെ രണ്ട്‌ പേരെയും മാറി മാറി നിറഞ്ഞ കണ്ണുകളോടെ ചുംബിച്ചു..പിന്നെ ചേര്‍ത്ത് പിടിച്ചു..

    "എന്താ അമ്മേ ഇന്ന്‍ വിശേഷം..പായസം എന്തിനാ??"

   'ഇന്ന്‍ അമ്മക്ക് ന്‍റെ മക്കളെ തിരിച്ച് കിട്ടിയ ദിവസാ..."


NB:- "ചില ദുരിത ചിത്രങ്ങള്‍ കാലം മാറ്റി വരച്ചേക്കാം...പുതിയ സന്തോഷം നിറച്ച്..അങ്ങിനെ അവരുടെ ജീവിതത്തിലും സുഖം, സന്തോഷം, തൃപ്തി എന്നിവ  ഒരുക്കാന്‍  ഒരു സൂര്യോദയം എന്നെങ്കിലും ഉണ്ടായേക്കാം..അന്ന്‍ തുടങ്ങും ഭൂമിയിലെ ജീവിതത്തിലെ അവരുടെ സ്വര്‍ഗ്ഗ കാലഘട്ടം.

                                                                   
 ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.                                                                









                                                            

2015, ഡിസംബർ 17, വ്യാഴാഴ്‌ച

""ഉള്ളിന്റെയുള്ളില്‍ ഒരു കള്ളന്‍...""

                               



                                  ബാഗ്ളൂര്‍ കന്യാകുമാരി ഐലണ്ട് എക്സ്പ്രസ്സിന്‍റെ S-9 കോച്ചിനടുത്തേക്ക് ഓടി കിതച്ചാണ്‌ അവള്‍ എത്തിയത് എത്തിയത്.ഇന്ദിര നഗറില്‍ നിന്ന് സിറ്റി ജങ്ങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ വരെ എത്താന്‍ ഒരു മണിക്കൂര്‍...

                                   നഗരത്തില്‍ വൈകുന്നേരം ലക്‌ഷ്യം തേടി പായുന്ന ലക്ഷങ്ങള്‍, ജനം ഒഴുകുകയാണ്...ആ ഒഴുക്കിലൂടെയാണ് വാഹനങ്ങള്‍ നീന്തേണ്ടത്..അത് മുന്നില്‍ കണ്ടാണ്‌ മുറിയില്‍ നിന്നും കുറച്ച് നേരത്തെ ഇറങ്ങിയത്..

                                       കോച്ചിന്‍റെ മുന്നില്‍ പതിച്ച റിസര്‍വേഷന്‍ ലിസ്റ്റില്‍ എന്നത്തേയും പോലെ ഭയത്തോടെ കണ്ണോടിച്ചു നോക്കി അവള്‍ ആശ്വാസത്തോടെ ഒരു നെടുവീര്‍പ്പിട്ടു..കൂടെ യാത്രക്കാരില്‍ അച്ഛനും, അമ്മയും, രണ്ട്‌ കുട്ടികളും ചേര്‍ന്ന്‍ ഒരു കുടുംബം..അപ്പര്‍ ബര്‍ത്തും, മിഡില്‍ ബര്‍ത്തും അവരുടേത്..ഇടത് വശത്ത് താഴെ താനും, എതിര്‍ വശത്ത് അറുപത് വയസ്സുള്ള ഒരാളും...

    "ആശ്വാസം..അച്ഛന്‍റെ പ്രായമുള്ള ഒരാള്‍..പിന്നെയൊരു കുടുംബം."

                                      മുന്‍ യാത്രയില്‍ ബാഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് ബസ്സില്‍ നിന്നുമുണ്ടായ ഒരനുഭവമാണ് ട്രെയിനിലേക്ക്  യാത്രകള്‍ മാറ്റാന്‍ ഇടയാക്കിയത്..ബസ്സില്‍ ഇരുള്‍ പടര്‍ന്നപ്പോള്‍ പിന്‍ സീറ്റില്‍ നിന്നും കൈകള്‍ തന്‍റെ സ്വകാര്യ ഭാഗത്തിലേക്ക്..തിരിഞ്ഞ് നോക്കിയപ്പോള്‍ സ്വന്തം ഭാര്യയുടെ കൂടെ യാത്ര ചെയ്യുന്ന ഒരുവന്‍..സുഖമായി ചാരി ഉറങ്ങുന്ന ഭാര്യയെ വെട്ടിച്ച് അയാളുടെ ഉള്ളിന്റെയുള്ളില്‍ നിന്നും ഒരു കള്ളന്‍..പ്രതികരിക്കാന്‍ നിന്നില്ല..ആ കുടുംബം തകര്‍ക്കാന്‍ കാരണമാകേണ്ടയെന്ന്‍ കരുതി മുന്നിലേക്ക് മാറിയിരുന്നു..അന്ന്‍ നിര്‍ത്തി ബസ്സ്‌ യാത്രകള്‍..

                                     ഒരു കുപ്പി വെള്ളവും, രണ്ട്‌ പാക്കറ്റ് ചിപ്സും വാങ്ങി ട്രെയിനില്‍ കയറി നേര്‍ത്ത വെട്ടത്തില്‍ സീറ്റ് കണ്ടെത്തിയപ്പോള്‍ ആശ്വാസം..എതിര്‍ വശത്ത് ഒരു പുസ്തകത്തില്‍ കണ്ണോടിച്ച് അദ്ദേഹം..താന്‍ കയറി വന്നിട്ടും, ബാഗ്‌ മുകളില്‍ വെച്ചിട്ടും, ബുക്കില്‍ നിന്നും കണ്ണെടുക്കാതെ വായനയില്‍ മുഴുകി..ട്രെയിന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ലിസ്റ്റില്‍ കണ്ട കുടുംബത്തെ കണ്ടില്ല...അവര്‍ ഇനിയും വന്നിട്ടില്ല..ഒരു പക്ഷെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരിക്കും..എന്തായാലും കൂടെ യാത്ര ചെയ്യന്നത് അച്ഛന്റെ പ്രായമുള്ള ഒരാളല്ലേ..അത് തന്നെ ആശ്വാസം..

                                       യാത്ര തുടങ്ങുമ്പോള്‍ എന്നും ചില സമയത്ത് പഴയ ഓര്‍മ്മകള്‍ കടന്ന്‍ വരും..ട്രെയിനിന്‍റെ ജാലകത്തിലൂടെ തണുത്ത കാറ്റിനൊപ്പം ഇത്തവണ ഓര്‍ത്തത് അച്ഛനെ കുറിച്ചാണ്..അച്ഛനായിരുന്നു കഴിഞ്ഞ വര്‍ഷം നാളത്തെ ദിവസം വരെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്ത്..ഒരു അമ്മയേക്കാള്‍ തന്നെ കൂടുതല്‍ സ്നേഹിച്ചത് അച്ചനായിരുന്നോ?? തോന്നലുകള്‍ ആകാം..വൈകീട്ട് ഉറങ്ങുന്നതിന് മുന്പ് അച്ഛന്റെ വയറില്‍ തല ചായ്ച്ച് കുറച്ച് നേരം ടി.വി. കാണും..മുതിര്‍ന്നിട്ടും ആ പതിവ് തുടര്‍ന്നു..ആ കൈകള്‍ അപ്പോഴും തലമുടിയില്‍ തഴുകുന്നുണ്ടാകും..വാത്സല്യത്തോടെ...

    "പെണ്ണിനെ കെട്ടിച്ച് വിടാറായി..ബാഗ്ളൂര്‍ത്തെ പഠിത്തം കഴിഞ്ഞാല്‍ നോക്കണം..എന്നിട്ടും അച്ഛന്‍ പുന്നാരം മാറിയിട്ടില്ല..."

                                                അടുക്കളയില്‍ നിന്നും അമ്മയുടെ വക..തിരികെ വിളിച്ച് പറയും അമ്മയെ വെറുതെ പിരി കയറ്റാന്‍...

   "അമ്മക്ക് കുശുമ്പാ..എന്നോട്...അങ്ങിനെ ഒരുത്തന്‍ കെട്ടി കൊണ്ടോയാലും ഞാന്‍ സമയം കിട്ടുമ്പോ ഈ വയറ്റില്‍ തല ചായ്ച് കെടക്കും..പണ്ട് അമ്മ എന്നെ പ്രെഗ്നന്റ് ആയിരിക്കുമ്പോ ആ വയറിനുള്ളില്‍ കിടന്നിതിനേക്കാള്‍ സുഖമാ  അച്ഛന്റെ വയറില്‍ തല ചായ്ച്ച് കിടക്കുമ്പോ."

                                        ട്രെയിന്‍ ഒന്ന്‍ ഉലഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ നിന്നും തിരിച്ച് വന്നു..കണ്ണില്‍ പൊടിഞ്ഞ കണ്ണ് നീര്‍ തുടച്ച് എതിര്‍ വശത്തേക്ക് നോക്കിയപ്പോള്‍ തോന്നി ആ കണ്ണുകള്‍ അത്രയും നേരം തന്നില്‍ ആയിരുന്നുവെന്ന്. സംശയം ഒരു രോഗമാണെന്ന പൊതു തത്വം തിരിച്ച് മനസ്സില്‍ തോന്നിയപ്പോള്‍ കുറച്ച് ദുഃഖം തോന്നി..മാന്യനായ ആ മനുഷ്യനെ സംശയിച്ചതില്‍...അതും അച്ഛന്റെ പ്രായമുള്ള ഒരാള്‍..

                                        പക്ഷെ എല്ലാ സംശയവും കാറ്റില്‍ പറത്തി പിന്നീട് ആ കണ്ണുകള്‍ തന്നെ ആരുമറിയാതെ ശ്രദ്ധിക്കുന്നുവെന്ന സത്യം തിരിച്ചറിഞ്ഞു..പുസ്തകം ഒരു മറ മാത്രം..കണ്ണുകള്‍ വേട്ടയാടുന്നു..നഗ്നമായ കാല്‍പാദം മുതല്‍ മേലേക്ക് ഇടയ്ക്കിടെ കാമം പുരണ്ട നോട്ടം കൊണ്ട് ചുഴിയുന്ന കണ്ണുകള്‍..അച്ഛന്റെ പ്രായമുള്ള അയാളുടെ ഉള്ളിന്റെയുള്ളില്‍ ഒരു കള്ളനുണ്ട്..ആ തിരിച്ചറിവ് വേദനിപ്പിച്ചു..ഒപ്പം ഒരു രാത്രി യാത്ര അയാളുടെ കൂടെ യാത്ര ചെയ്യുന്നതിലുള്ള ഭീതിയും ..

                                        ഭക്ഷണം കഴിച്ച് ടോയ്‌ലറ്റിലേക്ക് നടക്കുമ്പോള്‍ ആ കണ്ണുകള്‍ പിന്തുടരുന്നത് പോലെ..തിരികെ സീറ്റിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനിന്‍റെ വാതിലിനരികില്‍ അയാളെ കണ്ടു..കയ്യിലൊരു മൊബൈല്‍ ഫോണുമായി..ആ ഫോണിന്റെ മറഞ്ഞിരിക്കുന്ന കണ്ണുകള്‍ തന്നില്‍ പതിയുന്നോ? മുന്നോട്ട്ന ടക്കുമ്പോള്‍ ആ കൈകള്‍ തന്‍റെ ദേഹത്ത് മനപൂര്‍വ്വം തട്ടിയതായി തോന്നി..വേഗം സീറ്റില്‍ എത്തി പേടിയോടെ അപ്പര്‍ ബെര്‍ത്തില്‍ കയറി തല മൂടി പുതച്ച് കിടന്നു..ഇരുളില്‍ ഭയത്തേക്കാളുപരി മനസ്സിന് വേദനയായിരുന്നു...

      "അച്ഛന്റെ പ്രായമുള്ള മനുഷ്യന്‍.."

      "അയാള്‍ക്കുമുണ്ടാകില്ലേ  കുടുംബം..പെണ്മക്കള്‍??"

                                     ഉറങ്ങുന്നതിനു മുന്പ് എന്നും പ്രാര്‍ത്ഥിക്കും..അച്ഛനെ ഒരു നിമിഷം മനസ്സില്‍ ഓര്‍ക്കും..മനസ്സില്‍ സൂക്ഷിക്കുന്ന ദൈവങ്ങളില്‍ ഒന്ന്‍..കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അച്ഛന്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍..ഒന്നുമുണ്ടായില്ല..ഒരു നെഞ്ച് വേദന..മരിക്കുന്നതിന്‌ മുന്പ് വരെ കളിയും, തമാശയും..

     "പെണ്‍കുട്ടികള്‍ വീടിന്‍റെ വിളക്കാ..അവരില്ലെങ്കില്‍ വീട് എത്ര വെളിച്ചമുണ്ടായാലും മങ്ങിയിരിക്കും..മോള് ബാഗ്ളൂര്‍ പഠിക്കാന്‍ പോയതില്‍ പിന്നെ നമ്മുടെ വീട്ടിലും ഒരു മങ്ങലാ.."

                                       ഐ.സി,യു വില്‍ കിടക്കുമ്പോള്‍ അവസാനം കാണാന്‍ വന്ന അടുത്ത സ്നേഹിതനോട് പറഞ്ഞ വാക്കുകള്‍..അച്ഛന്‍ ഇല്ലാതായപ്പോള്‍ മാത്രമാണ് ആ ഒരു സ്ഥാനം ജീവിതത്തില്‍ എത്ര പ്രധാനമെന്ന് മനസ്സിലാക്കിയത്. എല്ലാത്തിലും, എന്തിനും ഒരു ബലവും, സുരക്ഷയുമായിരുന്നു അച്ഛന്‍..അത് കൊണ്ട് തന്നെ ഇപ്പോള്‍ അച്ഛന്റെ പ്രായമുള്ള ആരെ കണ്ടാലും സങ്കടമാണ്..ആ സങ്കടമാണ് ഇപ്പോള്‍ ഒരു വേദനയായി എതിര്‍ വശത്തെ സീറ്റില്‍ തനിക്ക് നേരെ കത്തുന്ന കനലായി നീളുന്നത്..

                                     കാലില്‍ എന്തോ ഇഴയുന്ന പോലെ ..സത്യം തിരിച്ചറിയാന്‍ കഴിഞ്ഞു..മനസ്സില്‍ ആയിരം മുള്ളുകള്‍ തറയുന്നു..എങ്ങിനെ പ്രതികരിക്കണം...വിളിച്ച് കൂവാന്‍ തോന്നി..ചാടി എഴുന്നേറ്റ് കരണത്ത് ഒന്ന്‍ പൊട്ടിക്കാന്‍  തോന്നി..അല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ തോന്നി..ഒരു നിമിഷം മനസ്സില്‍ അച്ഛനെ ഓര്‍ത്തു..അച്ഛന്‍ മുന്നില്‍ വന്ന് പറഞ്ഞത്  പോലെ..

        "അരുത്.അതല്ലാ പ്രതികരിക്കാനുള്ള മാര്‍ഗ്ഗം."


                                   മനസ്സിലേക്ക് ഒരു ബലം വന്നത് പോലെ..പുതപ്പിനുള്ളില്‍ നിന്നും ചാടി ഉണര്‍ന്ന്‍ കുറച്ചുറക്കെ മുന്നില്‍ ഉള്ളിന്റെയുള്ളില്‍ കള്ളനെ ഒളിപ്പിച്ച് തനിക്ക് നേരെ  നീണ്ട കയ്യില്‍ മുറുകെ പിടിച്ചു കരഞ്ഞുകൊണ്ട്‌

     "അച്ചാ.."

                                 ആ വിളിയില്‍ എല്ലാമുണ്ടായിരുന്നു..വീണ്ടും ആ മുഖത്ത് നോക്കി ഉറക്കെ..

     "അച്ഛന്‍ എന്താണീ ചെയ്യണത്..."

                                        അയാള്‍ ഷോക്കടിച്ച പോലെ സീറ്റിലേക്ക് തിരിച്ചിരുന്നു. ഒന്നും മിണ്ടാന്‍ പോലും കഴിയാതെ..പതുക്കെ അപ്പര്‍ ബെര്‍ത്തില്‍ നിന്നും ഇറങ്ങി വീണ്ടും താഴെത്തെ സീറ്റില്‍ വന്നിരുന്ന്‍ അയാളുടെ മുഖത്ത് നോക്കി വീണ്ടും വിളിച്ചു...

     "അച്ചാ.."

                                      ഇത്തവണ അദ്ദേഹം വിളി കേട്ടു..ഒരു മകളുടെ വിളി..അവളെ പതുക്കെ നിറഞ്ഞ കണ്ണുകള്‍ കൊണ്ട് നോക്കി..തിരിച്ചറിവുകള്‍ മനസ്സിലേക്ക്..ഒന്നും പറയാന്‍ കഴിയാതെ.

     "അച്ചന്റെ മോളെ പോലെ തന്നെയാ ഞാനും..എനിക്ക് അച്ഛനില്ല..കഴിഞ്ഞ വര്‍ഷം എന്നെ വിട്ടു പിരിഞ്ഞ് പോയ അച്ഛന്റെ അതേ പോലയാ എനിക്ക് നിങ്ങളെ കണ്ടപ്പോള്‍ തോന്നിയത്..

                                             ആ വാക്കുകള്‍ വീണ്ടും അയാളെ കുത്തി നോവിച്ചു..മനസ്സിലേക്ക് വേദനയോടെ ദൂരെ കാത്തിരിക്കുന്ന മകളും, അവളുടെ കൊച്ചു മകളും കടന്ന്‍ വന്നു..എതിരെ ഇരിക്കുന്ന പെണ്‍കുട്ടിക്ക് അതേ രൂപം പോലെ..ദൈവം പോലും പൊറുക്കാത്ത തെറ്റ്.എന്നോ ജീവിത കാല ചക്രത്തില്‍ മനസ്സില്‍ കൂടിയതാണ് ആ കള്ളന്‍..ആരുമറിയാതെ സ്ത്രീകളുടെ സൗന്ദര്യം ആസ്വദിക്കുന്ന കള്ളന്‍..വയസ്സ് അറുപത് കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും വിട്ടു പോകാത്ത കള്ളന്‍.അതിന്‍റെ ഏറ്റവും ക്രൂരമായ വശത്തിലേക്ക് മനസ്സ് കൈകളെ കൊണ്ട് പോയിരിക്കുന്നു.അയാള്‍ തെറ്റ് ഏറ്റ് പറയാന്‍ തുടങ്ങി...

    "'.തെറ്റ് പറ്റി..ക്ഷമിക്കണം...ഞാന്‍ അറിയാതെ.."

                                            അയാള്‍ എഴുന്നേറ്റ് വേഗത്തില്‍ പുറത്തേക്ക് പോയി..ടോയ്‌ലറ്റില്‍ കയറി മനസ്സ് തുറന്ന്‍ കരഞ്ഞു.കണ്ണ് നീര്‍ കൊണ്ട് മനസ്സില്‍ എന്നോ പറ്റിയ കറ കഴുകി കളഞ്ഞു..വകതിരിവിന്റെ വെളിച്ചം വീശാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മങ്ങിയ കണ്ണാടിയില്‍ നോക്കി. അതില്‍ ഒരച്ഛന്റെ പ്രതി രൂപം.ഒടുവില്‍ മുഖം വൃത്തിയാക്കി തിരിച്ച് വന്ന് അവളുടെ അടുത്തിരുന്നു..ഒരച്ഛന്റെ വാത്സല്യത്തോടെ ആ കണ്ണുകളില്‍ നോക്കി പതുക്കെ പറഞ്ഞു..

     "മോള് പോയി കിടന്ന് ഉറങ്ങിക്കോ..അച്ചന്‍ ഉണ്ടാകും..നേരം പുലരും വരെ കാവലിന്..."

                                           സന്തോഷത്തോടെ അവള്‍ അപ്പര്‍ ബെര്‍ത്തില്‍ കയറി സുരക്ഷിതബോധത്തോടെ ഉറങ്ങാന്‍ കിടന്നു..അച്ഛന്‍ താഴെ ഉണ്ടെന്ന വിശ്വാസത്തോടെ..അയാള്‍ പതുക്കെ പുസ്തകം എടുത്തു..അതിലെ വരികള്‍ വായിച്ചു തുടങ്ങി..മനസ്സില്‍ നിറയെ നന്മയുടെ ചിന്തകളുമായി..

    "കണ്ണുകളല്ല മാറേണ്ടത്..കാഴ്ചപ്പാടാണ്..മാറേണ്ടത്..."

                                            അതോടൊപ്പം അയാള്‍ മുകളിലേക്ക് നോക്കി...ആ കണ്ണുകള്‍ കാഴ്ചയെ മാറ്റിയത് തിരിച്ചറിഞ്ഞു..കണ്ണുകള്‍ മനസ്സിലേക്ക് തിരിച്ചറിവിന്‍റെ വെളിച്ചം വീശി തുടങ്ങി ..അത് വരെ ഉള്ളിന്റെയുള്ളില്‍ കൂടിയ ഒരു കള്ളന്‍ അയാളില്‍ നിന്നും അടര്‍ന്ന് മാറി എന്നേക്കുമായി ഇരുളില്‍ മറഞ്ഞു.. എന്നന്നേക്കുമായി...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...


                                   


                                       

                                       

                                   

   

2015, ഡിസംബർ 9, ബുധനാഴ്‌ച

"ഒരു കൊച്ച് കൈത്താങ്ങ്‌.."

                                                           

                                                     
                                                                            ആ കെട്ടിടത്തിനു മുന്നില്‍ അവന്‍ കുറേ നേരമങ്ങിനെ അതിശയത്തോടെ നിന്നു.ഗേറ്റ് കടന്ന്‍ മാളിന്റെ കോമ്പൌണ്ടില്‍ പ്രവേശിക്കുമ്പോള്‍ അവന്‍റെ മനസ്സ് ഭയം കൊണ്ട് പെരുമ്പറ പോലെ മുഴങ്ങാന്‍  തുടങ്ങി..കീറിയ യൂണിഫോം നിക്കറും , പല വര്‍ണ്ണത്തിലുള്ള ബട്ടന്‍സുകള്‍ കൊണ്ട് തുന്നി പിടിപ്പിച്ച മങ്ങിയ ഷര്‍ട്ടും , കയ്യിലെ പുസ്തകസഞ്ചിയും, പിടിപാത്രത്തിലെ ഉച്ച കഞ്ഞിയും അവനെ മുഗള്‍ മാളിലേക്ക് കയറുന്നതില്‍ നിന്നും വിലക്കി കൊണ്ടിരുന്നു..സെകുരിറ്റി കൊമ്പന്‍ മീശയെ ഒന്ന്‍ പാളി നോക്കി, അയാള്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍  അവന്‍ രണ്ടും കല്പിച്ച് മാളിലേക്ക് കയറി. അത് വരെ ഒരിക്കലും കാണാത്ത ആ ലോകം അവനെ കുറേ സമയത്തേക്ക് അത്ഭുത ലോകത്തേക്ക് ആനയിച്ചു..

            "വല്യേച്ചീ..അയിനകത്തൊന്നു കാണണം..സിനിമേലൊക്കെ കാണാണ പോലെയാ..കേറണോടത്ത് തന്നെ ഒരു സാധനൊണ്ട്..തോക്കും,കത്തീം, കുന്തോക്കായി കേറ്യാല്‍ അപ്പ കണ്ട് പിടിക്കും..എന്തൂട്ടാ അയിന്റെ പേര്...

            "മെറ്റല്‍ ഡിറ്റക്ടര്‍ ആകും.."  കട്ടിലില്‍ കിടന്ന് കാണാത്ത ലോകത്തെ കുറിച്ച് ചേച്ചി പറയുന്നത് കേട്ടപ്പോള്‍ അവന് അത് നേരിട്ട് കണ്ടതിനേക്കാള്‍ അത്ഭുതം തോന്നി..പിടിപാത്രത്തിലെ അവസാന കഞ്ഞിവെള്ളവും തളര്‍ന്ന്‍ കിടക്കുന്ന ചേച്ചിക്ക് കോരി കൊടുത്ത് അവന്‍ അതിശയ ലോകത്തേക്ക് പോയ കഥ വിവരിക്കാന്‍ തുടങ്ങി..

             "ആയിനകത്ത് കേറ്യാ ..ഓ..ഉള്ളം കോരണ തണവാ...ഉള്ളില് മുഴോന്‍ കണ്ണാടി ചില്ലാ, തറ മുഴോന്‍ മാര്‍വിളും...പിന്നെ വല്യേച്ചീ..സ്വര്‍ണ്ണ കളറുള്ള ഒരു ചിക്കന്‍ വിക്കണ കട..കെ.ഫ്,സിന്ന്‍ പേരായിട്ട്..ഒരച്ചാച്ചന്‍ കോട്ടും സൂട്ടും ഇട്ട് നിക്കണ പടം വെച്ച്..അവടത്തെ മണം.എന്റമ്മേ..കൊത്യാവും...കാശോള്ള പിള്ളാര് വന്ന്‍ അവിടിരുന്ന്‍ തിന്നണ കണ്ടപ്പോ വായീ വെള്ളം പൊങ്ങിയാ വന്നത് ..അവരിക്ക് എന്‍റെ കൊതി കിട്ടീട്ടുണ്ടാകും..ഞാനൊരു ദെവസം വാങ്ങീ കൊണ്ടോരാം..ചേച്ചി കഴ്ച്ചിട്ടില്ലല്ലോ...."

           "കഴിചിട്ടില്ല..പക്ഷെ കേട്ടിട്ടുണ്ട്..അതാണ് കെന്റക്കി ഫ്രയിട് ചിക്കന്‍.." അതിനൊക്കെ വല്യേ പൈസാകും കുട്ടാ.."

                                                      അവന്‍ വീണ്ടും അവള്‍ പറയുന്നത് കേട്ട് അതിശയപ്പെട്ടു..ചേച്ചിക്ക്എല്ലാത്തിനെ കുറിച്ചും അറിയാം..ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷമാണ്‌ ചേച്ചിക്ക് രോഗം വന്നത്..തളര്‍ന്ന്‍ വീണു..പിന്നെ എഴുന്നേറ്റില്ല..അതോടൊപ്പം നിലം പതിച്ചത് ഒരു കുടുംബത്തെ ചുറ്റി പറ്റി നിന്ന പ്രതീക്ഷകള്‍ ആയിരുന്നു.അവന്‍ വീണ്ടും കട്ടിലില്‍ കിടക്കുന്ന  ചേച്ചിയോട് മുഗള്‍ മാള്‍ വിശേഷം പറഞ്ഞു..ദാരിദ്ര്യം വളര്‍ന്നു നില്‍ക്കുന്ന കൂരയുടെ കീഴിലിരുന്ന് അവന്‍ പറഞ്ഞ കഥകള്‍ അവള്‍ കേട്ടു കൊണ്ടിരുന്നു. ആ കഥകളില്‍ ഇടയ്ക്കിടെ കെ.എഫ്.സി. ചിക്കന്‍ ഒരു മോഹമായ് അവനില്‍ നിറഞ്ഞു നിന്നു..വൈകീട്ട് തൊഴിലുറപ്പ് പണിയും കഴിഞ്ഞ് അമ്മ വന്നപ്പോള്‍ അതേ മോഹം അവന്‍ തുറന്നു...

        "കുട്ടാ..അതിനൊക്കെ വല്യേ പൈസാകും..ഇന്ന്‍ അമ്മക്ക് കിട്ട്യ പൈസ ചേച്ചിക്ക് മരുന്ന്‍ വാങ്ങാന്‍ പോലും തെകയൂല..അടുത്ത വിഷൂന് വാങ്ങാം..."

        "എനിക്കല്ല അമ്മേ..ചേച്ചിക്കാ. കെ.എഫ്.സി....ഞാന്‍ അത് കണ്ടില്ലേ..ചേച്ചിയെ കൊണ്ടോയി കാണിക്കാന്‍ പറ്റൂല..അതോണ്ട്..."

                                                     അമ്മ ഒന്നും പറയാതെ അകത്തേക്ക് പോയി. എല്ലാം കൊണ്ടും ദൈവം തെറ്റി നില്‍ക്കുന്ന സമയം..ജരാനര ബാധിച്ച മേല്‍ കൂരയുള്ള വീട്, തളര്‍ന്ന്‍ പോയ മകള്‍, നശിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവ്‌, എട്ടും പൊട്ടും തിരിയാത്ത മകന്‍...അടുക്കളയിലേക്ക് കയറി അരിയിടുന്ന പാത്രം തുറന്ന്‍ നോക്കിയപ്പോള്‍ അതിനുള്ളില്‍ കുറച്ച് അരിമണികള്‍ മാത്രം..സഞ്ചിയെടുത്ത് രണ്ടു മുഴിഞ്ഞ നോട്ടുകള്‍ എടുത്ത് മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കരിങ്കോട്ട വാരി ചാക്കില്‍ നിറക്കുന്ന അവന്‍റെ അടുത്തേക്ക്..സഞ്ചിയും വാങ്ങി അവന്‍ ഓടി പോകുമ്പോള്‍ എതിരെ കുടുംബ നാഥന്‍ ഉത്തരവാദിത്തം ഇടറുന്ന കാലുകളില്‍ ഒതുക്കി  നടന്നു വരുന്നു..

        "മോള്‍ക്ക് മരുന്ന്‍ വാങ്ങീട്ടില്ല..ഒരു നൂറ് രൂപ വേണം..."വിഷമവും കണ്ണീരും കലര്‍ന്ന്‍ അവര്‍ പറഞ്ഞത് അയാള്‍ കേട്ടില്ല..അടി കുഴഞ്ഞ് ഇറയത്ത് വീണു..ഒന്നുമറിയാത്ത ലഹരിയുടെ എന്നുമുള്ള ലോകത്തേക്ക്...അതിനിടയില്‍ കുഴയുന്ന ചില വാക്കുകള്‍..ഒടുവിലെന്നും വിളിക്കുന്ന അസഭ്യത്തോടെ..

       'മല്ല് പണിയായിരുന്നു..സിമെന്റ് ചാക്ക് ചോന്ന്‍ നടുവൊടിഞ്ഞു..മരുന്ന്‍ രണ്ടീസം കഴിഞ്ഞ് വാങ്ങാം.."

                                                          അവര്‍ക്ക് അറിയാം കിട്ടില്ലെന്ന്..അയാളുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തം വൈകീട്ട് ബിവറേജിനു മുന്നിലെ ക്യൂവില്‍ അവസാനിക്കുന്നു.പണിയെടുത്താല്‍ വേദനിക്കുന്ന ശരീരത്തിന് മരുന്ന്‍ കണ്ടെത്താന്‍ തുടങ്ങിയിട്ട് കാലം കുറേ ആയിരിക്കുന്നു.അന്ന്
രാത്രി മകള്‍ക്ക് ചോറ് വാരി കൊടുക്കുമ്പോള്‍ മകന്‍ വീണ്ടും അടുത്ത് വന്നു..

       "ചേച്ചി ഈ കെന്റക്കിന്ന്‍ പറഞ്ഞാ എന്താ??"  അവനറിയാം..ഉത്തരം കിട്ടുമെന്ന്..അറിവിന്‍റെ ലോകമാണ് ചേച്ചി..തളര്‍ന്ന്‍ കിടക്കുമ്പോള്‍ കൊച്ചു റേഡിയോ വഴിയും, പുസ്തകങ്ങള്‍ വഴിയും  ലോകത്തിന്റെ മാറ്റങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന ചേച്ചി..

      "അത് അമേരിക്കേലെ ഒരു സ്ഥലാ..അവടെത്തെ ഒരു സായിപ്പാ ആ ചിക്കന്‍ ആദ്യായിട്ട് ഉണ്ടാക്കീത്.."

                                                          അവര്‍ മാത്രമല്ല, അവന്‍റെ ചേച്ചിയും അവനെ തിരിച്ചറിഞ്ഞു..കെ.എഫ്.സി അവന്‍റെ കൊച്ചു മനസ്സില്‍ ഒരു മോഹമായി മാറിയിരിക്കുന്നു എന്ന സത്യം..അവന് നേരെ നീട്ടാന്‍ പണമില്ലാതെ..ഒന്നും അവന്‍ ഇത് വരെ മക്കള്‍ ആവശ്യപ്പെട്ടില്ലില്ല...പട്ടിണിയാകുന്ന ചില രാത്രികളില്‍ വിശക്കുമ്പോള്‍ കഞ്ഞി പോലും..വൈകീട്ട് തീ പുകയാതെ വരുന്ന ചില ദിനങ്ങളില്‍ അവന്‍ എല്ലാം വേഗം പഠിച്ച് തീര്‍ത്ത് നേരത്തെ ചേച്ചിയുടെ കട്ടിലിനടുത്ത് പായ വിരിക്കും..കിടന്ന് കൊണ്ട് ഉറക്കെ വിളിച്ച് പറയും..

     "അമ്മേ..ഇന്ന്‍ കഞ്ഞി വേണ്ടാ..വെശപ്പില്ല..വയറ് വീര്‍ത്തിരിക്കേണ്..ഉച്ചക്ക് രണ്ട്‌ കിണ്ണം കഞ്ഞീം, ചെറുപയറും അടിചിട്ടാ..."

                                                          മക്കള്‍ നുണ പറഞ്ഞാലും പെറ്റ വയര്‍ തിരിച്ചറിയും..ഇരുള്‍ മൂടുമ്പോള്‍ അവരുടെ കണ്ണുകള്‍ അരും കാണാതെ നിറഞ്ഞൊഴുകും..വ്യഥയുടെ, തീരാ ദുഖത്തിന്റെ  ഏങ്ങലടികള്‍ ഉയരുമ്പോള്‍ വായില്‍ സാരി തലപ്പ്‌ കയറ്റി നിശബ്ദമാക്കും..അപ്പോഴും ഇറയത്ത്‌ നിന്ന് മദ്യത്തിന്റെ ഗന്ധം നിറഞ്ഞ അസഭ്യവാക്കുകള്‍ ഇരുളില്‍ മുഴങ്ങുന്നുണ്ടാകും..

                                                          പിറ്റേന്ന് സ്കൂള്‍ ഇല്ലാത്ത ദിവസമാണ്..കുറേ നാളായി കാത്തിരിക്കുന്ന ദിവസം..രാവിലെ കുളിച്ച് നീണ്ട കുറി തൊട്ട് വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുന്പ് അമ്മയുടെ എന്നോ മരിച്ച മാതാപിതാക്കളെ മുഴുത്ത തെറിയും  വിളിച്ച്, അച്ഛന്‍ പണിക്ക് പോകുന്നതും കണ്ടാണ്‌ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്..കണ്ണീരോടെ അടുക്കളയില്‍ തനിക്കും, പെങ്ങള്‍ക്കും ഉണ്ടാക്കിയ ഗോതമ്പ് അട മൂടി വെച്ച് ഒഴിഞ്ഞ പാത്രവുമായി അമ്മയും ജോലിക്ക്..നോക്കി നിന്നപ്പോള്‍ ദുഃഖം തോന്നി..കണ്ട പറമ്പും, റോഡും കിളക്കാന്‍ പോകുന്ന അമ്മ..അത് കൊണ്ട് എന്നും മുട്ടില്ലാതെ അടുപ്പ് പുകയുന്നു..എന്നാലും ചില പഞ്ഞ മാസത്തിലെ  ദിവസങ്ങളില്‍ ദാരിദ്ര്യം കെട്ടി വരിയും..അടുപ്പിലെ തീയണച്ച്, അമ്മയുടെ കണ്ണില്‍ തോരാ കണ്ണീര്‍ മഴ പെയ്യിച്ച്..

       "വല്യേച്ചീ...ഞാന്‍ ഇന്ന്‍ കെ.എഫ്.സി വാങ്ങി കൊണ്ടോരും ചേച്ചിക്ക്., നോക്കിക്കോ"

                                                                 അന്ന്   അമ്മ കണ്ണില്‍ നിന്നുമകന്നപ്പോള്‍ ചേച്ചിയോട് ആദ്യം പറഞ്ഞ വാക്കുകള്‍..അവള്‍ അവനെ വാത്സല്യത്തോടെ നോക്കി പതുക്കെ വേണ്ടെന്ന്‍ തലയാട്ടി.അവന്‍ നിഷേധിച്ച അനുവാദം കണ്ടില്ലെന്ന മട്ടില്‍ പുറത്തേക്ക് ഇറങ്ങി പഴയ ഒഴിഞ്ഞ ആട്ടിന്‍ കൂട്ടില്‍ നിന്നും രണ്ട്‌ വലിയ ചാക്കുകള്‍ വലിച്ച് പുറത്തിട്ടു..ഉണങ്ങിയ കരിങ്കോട്ട വിത്തുകള്‍ നിറഞ്ഞ ചാക്കില്‍ നിന്നും ഒരു അരണ ചാടിയിറങ്ങി കൂട്ടി വെച്ച പഴയ ഓടുകള്‍ക്കുള്ളില്‍ മറഞ്ഞു..പിന്നെ ഒരു ആവേശമായിരുന്നു..കെ.എഫ്.സി എന്ന മൂന്നക്ഷരം നല്‍കിയ ആവേശത്തിന് പുറത്ത് എല്ലാം തല്ലി പൊട്ടിച്ച് കുരു മാത്രം പുറത്തെടുത്തു..ഉച്ചക്ക് ഒന്നും കഴിക്കാതെ വൈകുന്നേരത്തിനു മുന്പ് പൊട്ടിച്ച കുരു  കവറുകളില്‍ ആക്കി നേരെ നടന്ന്‍ മൂസദ് വൈദ്യരുടെ വൈദ്യ ശാലയിലേക്ക്..എല്ലാം തിരിഞ്ഞും, ചികഞ്ഞും ഒടുവില്‍ മൂസദ് അവന്‍റെ കയ്യില്‍ കുറച്ച് നോട്ടുകള്‍ വെച്ചു കൊടുത്തു...

 "രണ്ട്‌ നൂറിന്‍റെ, മൂന്ന്‍ പത്തിന്‍റെ, പിന്നെ കുറച്ച് ചില്ലറ തുട്ടുകള്‍.."

                                                                    അതും കൊണ്ട് വീട്ടിലേക്ക് ഓടുക തന്നെയായിരുന്നു..മുന്നില്‍ മുഗള്‍ മാളിന്റെ തണുപ്പും, കെ.എഫ്.സി യുടെ ഗന്ധവും മാത്രം..കുളിച്ച് നല്ല വസ്ത്രമിട്ട് പോയി വാങ്ങണം...നാലു കഷ്ണം വാങ്ങാം..രണ്ടെണ്ണം ചേച്ചിക്ക്, ഒന്ന്‍ തനിക്ക്, ഒന്ന്‍ അമ്മക്ക്..അച്ചനു വേണ്ടി വരില്ല..എന്നത്തേയും പോലെ..സന്തോഷത്തോടെ വീട്ടില്‍ എത്തിയപ്പോള്‍ എല്ലാ സന്തോഷവും കാറ്റില്‍ പറന്ന് ഉമ്മറപ്പടിയില്‍ അമ്മ..കാലിന്‍റെ പെരുവിരല്‍ തുണി വെച്ച് കെട്ടി വെച്ചിരിക്കുന്നു...

        "കിളച്ചപ്പോ കൈകോട്ട് തട്ടീതാ"...അത്രയും പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..നിയന്ത്രിക്കാന്‍ കഴിയാത്ത ദുഖവുമായി അവര്‍ കരയാന്‍ തുടങ്ങി.."എന്‍റെ മോള്‍ക്ക് മരുന്ന്‍ വാങ്ങാന്‍ ഇന്നും പറ്റീലാ..നിങ്ങടെ അച്ഛനോട്‌  ചോദിച്ചപ്പോള്‍ തന്നില്ലെങ്കിലും പോട്ടെ...കുടിച്ച് ബോധല്ലാതെ.."

        ''മരുന്ന്‍ വേണ്ടാ..വെഷം വാങ്ങി കൊടുക്കെന്ന്‍..എഴുന്നേല്‍ക്കാന്‍ കഴിയാത്ത ചാവാലി കുരിപ്പ്  ചത്ത് പോട്ടെ...."

                                                                           അവന്‍ ഒന്നും പറയാന്‍ കഴിയാതെ ഉമ്മറപ്പടിയില്‍ കാലില്‍ തല പൂഴ്ത്തി ഇരുന്നു..അടുത്ത് അമ്മയുടെ തേങ്ങലുകള്‍..അച്ഛനോട് അവന് വല്ലാത്ത ദേഷ്യം തോന്നി..വല്യേച്ചി എഴുന്നേറ്റ് നടക്കുന്ന ഒരു ദിവസം സ്വപ്നം കാണുന്നവരില്‍ ഒരാളാണ് താന്‍.അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം...അവന്‍ എന്തോ നിശ്ചയത്തോടെ എഴുന്നേറ്റ് അകത്തേക്ക്..

      'വല്യേച്ചി ..ആ മരുന്നിന്‍റെ ചീട്ട് താ..." കട്ടിലില്‍ കണ്ണീരില്‍ കുളിച്ച് കിടക്കുന്ന അവള്‍ അവനെ മനസ്സിലാകാത്ത പോലെ അവനെ നോക്കി..അതറിഞ്ഞപ്പോള്‍ അവന്‍ ചുരുട്ടിയ കൈ നിവര്‍ത്തി കാണിച്ചു..കരിങ്കോട്ട തല്ലി  ചോര തിണര്‍ത്ത കൈകളില്‍ ചുരുട്ടി പിടിച്ച രൂപ..അവന്‍റെ അധ്വാനത്തിന്റെ ഫലം..

      "കെ.എഫ്.സി പറ്റിപ്പാ...കോഴി വെറും മാവില്‍ പൊതിഞ്ഞ് എണ്ണയില്‍ മുക്കി വറക്കണ പറ്റിപ്പ്‌..നമ്മടെ അമ്മ ഇണ്ടാക്കി തരണ കഞ്ഞീടെ രുചി അയിനോന്നും കാണില്ല..അല്ലേ വല്യേച്ചീ..??."

                                                                        തലയണയുടെ അടിയില്‍ നിന്നും മരുന്ന്‍ ചീട്ടെടുത്ത്‌ കണ്ണുകള്‍ തുടച്ച് ആ പന്ത്രണ്ട്ക്കാരന്‍ പുറത്തേക്ക് പോയപ്പോള്‍ അവള്‍ കൈകള്‍ ഉയര്‍ത്തി ചുവരിലെ "ഗുരുവായൂരപ്പനെ നോക്കി നിറഞ്ഞ കണ്ണുകളാല്‍ തൊഴുത് പോയി..അകത്ത് നിന്നും പലചരക്ക് സാധനങ്ങള്‍ വാങ്ങേണ്ട സഞ്ചിയുമായി അവന്‍ പുറത്തേക്ക് പോകുമ്പോള്‍ എല്ലാം കേട്ട് ഉമ്മറ വാതിലില്‍ നിന്ന അമ്മ പൊട്ടി കരഞ്ഞുകൊണ്ട്‌ അവനെ ചേര്‍ത്ത് പിടിച്ച് ആ നെറുകയില്‍ എണ്ണമില്ലാത്ത ഉമ്മകള്‍ കൊണ്ട് മൂടി..അവന്‍ പതുക്കെ അമ്മയുടെ പിടിയില്‍ നിന്നുമകന്ന്‍ ചിരിച്ച് പറഞ്ഞു...

    "കരിങ്കോട്ട പൊട്ടിച്ചതാ..ഞാന്‍ കുളിച്ചിട്ടില്ല..അമ്മടെ വായ കയ്ക്കും.."

                                                                    ദൃഡ നിശ്ചയത്തോടെ അവന്‍ ഇരുണ്ട് തുടങ്ങിയ മുറ്റത്തേക്ക് ഇറങ്ങി തിരിഞ്ഞ് അമ്മയെ നോക്കി...ബാല്യത്തിന്‍റെ ചാപല്യങ്ങള്‍ മറി കടന്ന വാക്കുകള്‍..

     "എന്‍റെ വല്യേച്ചി ഒരീസം എഴുന്നേറ്റ് നടക്കും..എന്നും കൊടുങ്ങല്ലൂര്‍ നടയില്‍ ഞാന്‍ പ്രാര്‍ത്ഥിക്കണത് അതിനാ..എന്നിട്ട് അമ്മ നോക്കിക്കോ ഞങ്ങ രണ്ട്‌ പേരും കൂടി മുഗള്‍ മാള് കാണാന്‍ പോകും..കെ.എഫ്.സി ലും പോകും...അമ്മ കണ്ടോ.."

                                                                     അവര്‍ അവന്‍ ഇരുളില്‍ ദൂരെ മറയുന്നത് വരെ നോക്കി നിന്നു..കുറച്ച് ദൂരെ എത്തിയപ്പോള്‍ അവന്‍ വലിയ ഒരാളായി മാറിയത് പോലെ..ഉത്തരവാദിത്തമുള്ള മകനും, സ്നേഹമുള്ള കുഞ്ഞാങ്ങളയുമായി വളര്‍ന്ന പോലെ...അത് വരെ നിറഞ്ഞു നിന്ന ആ അമ്മയുടെ കണ്ണുകളില്‍ ഒരിറ്റ് സന്തോഷം നിറച്ച് അവന്‍റെ രൂപം ഇരുട്ടില്‍ മറഞ്ഞു..അമ്മ ഇരുളില്‍ നോക്കി സ്വയം പറഞ്ഞു...

    "കാലമെന്നും ദുഖത്തിന്റെ തീരാകയങ്ങള്‍ കാത്ത് വെക്കില്ല..ഇന്നത്തെ വ്യഥയുടെ ഇരുളിന് പ്രകാശമേകാന്‍, ഒരു നല്ല കാലം മുന്നില്‍ തെളിയിക്കാന്‍ ഒരു സൂര്യന്‍ വളര്‍ന്ന് വരുന്നു..ഒരു കൊച്ചു കൈ താങ്ങ് ബലപ്പെടുന്നു...."

   ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..
                                                                   
harishkdlr.blogspot.com










2015, ഡിസംബർ 5, ശനിയാഴ്‌ച

സ്വര്‍ഗ്ഗത്തിലൊരു സുഖവാസം...

                                                             

                                                                   
                                                                  മുകളിലേക്കുള്ള പടികള്‍ കയറി ജോയ്സണ്‍ തിരിഞ്ഞ് നോക്കി..താഴെ ബോഗന്‍ വില്ലകള്‍ അതിരിട്ട വെയിലില്‍ തിളങ്ങുന്ന മാര്‍ബിള്‍  കല്ലറകള്‍ നിറഞ്ഞ  സെമിത്തേരി പറമ്പ്.കാലത്തെ വെയിലിന്‍റെ ചൂടില്‍ മങ്ങിയ കാഴ്ചയായി ദൂരേ അമ്പൂരി മല..വെയിലില്‍ ഒലിച്ചിറങ്ങിയ വിയര്‍പ്പിനൊപ്പം കണ്ണില്‍ പൊടിഞ്ഞ കണ്ണ് നീര്‍ കലര്‍ന്ന്‍ ഒഴുകുന്നത് കണ്ടപ്പോള്‍ സിന്‍സി സാരി തലപ്പ്‌ കൊണ്ട് ആ മുഖം തുടച്ചു കൊടുത്തു..

             "അപ്പാ..ആര്‍ യു ഓ.കെ..?"

                                                                നിറകണ്ണുകള്‍ കണ്ടപ്പോള്‍ മകനും, മകള്‍ക്കും സംശയം..അവര്‍ക്കറിയില്ല മനസ്സിന്‍റെ വ്യഥ..കൊച്ചു കുട്ടികളെ അറിയിക്കാന്‍ നിന്നിട്ടില്ല..കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മഴക്കാലത്ത് അമ്പൂരി മലയില്‍ ഉരുള്‍ പൊട്ടി ഒലിച്ചിറങ്ങി പോയ ജീവിതങ്ങളില്‍ ഏഴെണ്ണം..അച്ഛന്‍, അമ്മ, കൂടപിറപ്പുകള്‍..ഒരൊറ്റ ദിവസം കൊണ്ട് അനാഥനാക്കി മാറ്റിയ പ്രകൃതി..അതിലും വലിയ ദുഃഖം നല്‍കുന്നത് ഓര്‍മ്മ ദിവസങ്ങളില്‍ അവരെ അടക്കിയ കല്ലറ കണ്ടെത്താന്‍ കഴിയാതെ പോയത്..അന്ന്‍ അടക്കിയ സ്ഥലത്ത് കാലം മറ്റുള്ളവര്‍ക്കായി മാര്‍ബിള്‍ കല്ലറകള്‍ തീര്‍ത്തിരിക്കുന്നു..കണ്ടു പിടിക്കാന്‍ പോലും കഴിയാത്ത നിസ്സഹായാവസ്ഥ.

                                                               പിന്നില്‍ ഒരു മുരടനക്കം കേട്ടാണ് ഓര്‍മ്മകളില്‍ നിന്നും തിരികെ വന്നത്.."എടത്തനച്ചന്‍" കുട്ടിക്കാലം മുതല്‍ കാലത്തെ കുര്‍ബാന കൊള്ളാന്‍ വരുമ്പോള്‍ കാണുന്ന അതേ ദിവ്യ രൂപം..കുറച്ച് പ്രായമായിരിക്കുന്നു..

        "ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.."

         "ഇപ്പോഴും എപ്പോഴും..."

                                                                   അച്ഛന്‍ വാത്സല്യത്തോടെ മക്കളെ നോക്കി..പിന്നെ സിന്‍സിയെ ചേര്‍ത്ത്പിടിച്ചു..അവള്‍ കരയുകയായിരുന്നു. അത്രക്കും കടപ്പാടുണ്ട് അവള്‍ക്ക് എടത്തനച്ചനോട്.ഒരു അനാഥ ശാലയുടെ ഡോര്‍മിട്ടറി ജീവിതത്തില്‍ നിന്നും ജനീവയിലെ എന്‍റെ ജീവിതത്തിലേക്ക് അവളെ കൈ പിടിച്ചുയര്‍ത്തിയത് അച്ഛന്‍ തന്നെയായിരുന്നു. ഈ പള്ളിയില്‍ വെച്ച് മിന്നു കെട്ടാന്‍  അവള്‍ മുന്നില്‍ നില്ക്കുമ്പോള്‍ മനസ്സ് സന്തോഷിച്ചു..

         "ദുരന്തം മൂലം അനാഥനായ എനിക്ക്..ജന്മം കൊണ്ട് അനാഥയായ ഒരു പെണ്ണിന് ജീവിതം കൊടുക്കാനാണ് ആഗ്രഹം അച്ചോ.."

                                                                  അന്ന്‍ പറഞ്ഞ വാക്കും പൂര്‍ത്തിയായത് ഈ പള്ളിയുടെ ആള്‍ താരയില്‍ വെച്ചാണ്‌..അതിന് കാര്‍മ്മികത്വം വഹിച്ചതും എടത്തനച്ചന്‍ തന്നെ..

        "എന്നാ വന്നത് താന്‍.?"

        "ഇന്നലെ എത്തീതാ അച്ചോ..യാത്ര ക്ഷീണം കൊണ്ട് വരാന്‍ കഴിഞ്ഞില്ല..."

        "വെയിലത്ത് നില്ക്കണ്ടാ...പള്ളി മേടയിലെക്ക് പോയേക്കാം..

                                                                     വീണ്ടും പടികെട്ടുകള്‍ കയറുമ്പോള്‍ ഇളയ മകള്‍ ജനീവയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ മുതല്‍ ചോദിച്ച ചോദ്യം വീണ്ടും ചോദിച്ചു..

         "അപ്പാ..ഐ വാണ്ട് ടു സീ വല്യമ്മച്ചി.."

                                                                       അത് കേട്ടിട്ടാകണം എടത്തനച്ചന്‍ നോക്കിയത്..ആ നോട്ടം ഒന്ന്‍ തെന്നി മാറി അമ്പൂരി മലയുടെ അടിവാരത്തിലേക്ക് പോയത് പോലെ..വീണ്ടും സന്തോഷത്തോടെ അച്ഛന്‍ മകളുടെ കവിളില്‍ വാത്സല്യത്തോടെ തട്ടി പറഞ്ഞു..

        "കാണാല്ലോ..വല്യമ്മച്ചി ഇവിടെ തന്നെ ഉണ്ട്..സ്വര്‍ഗ്ഗത്തില്‍..."
         
                                                                       അവള്‍ക്ക് മാത്രമല്ല, ഞങ്ങള്‍ക്ക് ആര്‍ക്കും മനസ്സിലായില്ല..എങ്കിലും ആ കുഞ്ഞു കണ്ണുകളില്‍ കാത്തിരിപ്പിന്‍റെ പ്രതീക്ഷകള്‍ സന്തോഷമായി വിരിയുന്നത് പോലെ..ആ പ്രതീക്ഷ നില നിര്‍ത്തി കൊണ്ട് എടത്തനച്ചന്റെ പുറകെ പള്ളി മേടയിലേക്ക്...

         "ഇനിയിപ്പോ എന്താ പരിപാടി..വേറെ എന്തെങ്കിലും ടൂര്‍ പ്ലാന്‍സ്.."

         "അച്ചോ..ഇവിടുന്ന് നാളെ ഡല്‍ഹിക്ക്..അവിടുന്ന് പട്ടായ, ബാങ്കോക്ക്..ഒരാഴ്ച കറക്കം..ഇവിടെ ഞങ്ങള്‍ക്ക് മറ്റാരേയും കാണാന്‍ ഇല്ലല്ലോ....അച്ഛനൊഴികെ.."

                                                                      ഇത്രയും പറഞ്ഞ് നോക്കിയത് മക്കളുടെ മുഖത്തേക്ക്..ആ കൊച്ചു കണ്ണുകളില്‍ അത് വരെ ഉണ്ടായ പ്രതീക്ഷകളുടെ തിളക്കം കുറഞ്ഞത് പോലെ..നാട്ടില്‍ വരുമ്പോള്‍ വല്ലിപ്പച്ചനേയും, വല്ലിമ്മച്ചിയേയും കാണാമെന്ന പ്രതീക്ഷ നല്‍കിയതാണ് തകരാന്‍ പോകുന്നത്.. കുട്ടികളുടെ ഏറ്റവും വലിയ ആഗ്രഹവും അത് തന്നെ..ദുരന്തം അനാഥമാക്കിയതും,ജന്മം കൊണ്ട് അനാഥമായതും കുട്ടികളില്‍ നിന്നും മറച്ച് വെച്ചത് തെറ്റായി പോയി..

        "പപ്പാ...യൂ പ്രോമിസ് മീ..ഡോണ്ട് വൊബിള്‍...എവിടെ വല്ലിപ്പച്ചാ ആന്‍ഡ്‌ വല്ലിമ്മച്ചി..?"

                                                                     വാ..നമുക്ക് അവരെ കാണാം..അവര് സ്വര്‍ഗ്ഗത്തിലുണ്ട്..കം വിത്ത് മീ..."

                                                                     എടത്തനച്ചന്റെ വാക്കുകള്‍ കേട്ട് കുട്ടികള്‍ സന്തോഷത്തോടെ എഴുന്നേറ്റു..അവര്‍ക്ക് പിന്നാലെ പള്ളിമേടയുടെ പുറത്തേക്ക് അറിയാത്ത ഭാവത്തില്‍ സിന്‍സിയുടെ കൂടെ...പൂന്തോട്ടങ്ങളും, നെഞ്ചൊപ്പം വളര്‍ന്ന്‍ നില്‍ക്കുന്ന വെട്ടിയൊതുക്കിയ ബുഷും കടന്ന്‍ പള്ളി വളപ്പിലെ പഴയ കെട്ടിടത്തിലേക്ക്..പിടയുന്ന മനസ്സോടെ സിന്‍സി..ഓര്‍മ്മകള്‍.. "ഇന്ഫെന്റ്റ് ജീസസ് ഹോം.." അനാഥ ശാല..അവിടെ ആയിരുന്നു സിന്‍സി ഓര്‍മ്മ വെച്ചത് മുതല്‍ വളര്‍ന്നതും, ജീവിച്ചതും..ഓരോ അടി മുന്നോട്ട് വെക്കുമ്പോള്‍ അവള്‍ കൈകള്‍ കൊണ്ട് ജോയ്സനെ മുറുകെ പിടിച്ചു..കെട്ടിടത്തിനു മുന്നിലെത്തിയപ്പോള്‍ പുതിയ ചായം തേച്ച ചുമരില്‍ തിളങ്ങുന്ന പരിശുദ്ധിയുടെ വെളുത്ത അക്ഷരങ്ങള്‍...

                              "സ്വര്‍ഗ്ഗം"

                                                                  ഒന്നും മനസ്സിലാകാതെ നില്‍ക്കുന്ന അവരെ നോക്കി എടത്തനച്ചന്‍ ചിരിച്ചു..

           "ഇതാണ് സ്വര്‍ഗ്ഗം...പണ്ടിത് "ഇന്ഫെന്റ്റ് ജീസസ് ഹോം ആയിരുന്നു..(സിന്‍സിയെ നോക്കി) കൊച്ചു കുട്ടികള്‍ക്കുള്ള ആലയം..കുറച്ച് നാള്‍ മുന്‍പ് അതങ്ങ് നിര്‍ത്തി..കുട്ടികളില്ല..ഈ ഭാഗത്ത് കുട്ടികള്‍ അധികം അനാഥരായി മാറുന്നില്ല.ജനിക്കുന്നില്ല...(ഇടറിയ സ്വരത്തോടെ അച്ഛന്‍) ..പക്ഷെ ഇതിനകത്ത് അന്തേവാസികളായി ഇപ്പോള്‍ ചില കുട്ടികളുണ്ട്..പതിനെട്ടു പേരോളം..വാര്‍ദ്ധക്യമെന്ന ബാല്യവസ്ഥയില്‍ മക്കള്‍ ഉപേക്ഷിച്ച് പോയ കുട്ടികള്‍..ജനിക്കുന്ന കുട്ടികളേക്കാള്‍ ഇന്ന്‍ അധികം ഉപേക്ഷിക്കപ്പെടുന്നത് ആര്‍ക്കോ വേണ്ടി ജീവിച്ച്, വളര്‍ത്തി വലുതാക്കി ഒടുവില്‍ അവരാല്‍ തന്നെ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധ ജനങ്ങളാണ്..അവരാണ് ഈ സ്വര്‍ഗ്ഗത്തിലെ താമസക്കാര്‍..വരൂ.."

                                                                   അച്ഛന്റെ കൂടെ ആ പടികള്‍ കയറുമ്പോള്‍ ഒരു വിറയല്‍ പടര്‍ന്നു..ഒരു വലിയ ദുഃഖം നെഞ്ചിലും..വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ച് പോയവരോട് ദേഷ്യവും..ഇല്ലാത്തതിന്‍റെ വില നന്നായി അറിയാം..ഒരു കൂരയില്‍ നിന്നും വളര്‍ന്ന്‍ നല്ല ജോലിയും, ജീവിത സാഹചര്യവും മുന്നില്‍ വന്നപ്പോള്‍ അതനുഭവിക്കാന്‍ യോഗമില്ലാതെ ഒരു മലവെള്ള പാച്ചിലില്‍ തുടച്ച് മാറ്റപ്പെട്ട് ഈ മണ്ണിലെവിടെയോ ഉറങ്ങുന്ന ഉറ്റവര്‍..


                                                                   പ്രധാന ഹാളിലേക്ക് കയറിയപ്പോള്‍ നിരത്തിയിട്ടിരിക്കുന്ന കട്ടിലുകളില്‍ വെളുത്ത വസ്ത്രം ധരിച്ച ദൈവങ്ങള്‍. ഉപേക്ഷിക്കപ്പെട്ട ദൈവങ്ങള്‍...മക്കളുടെ ഭാഷയില്‍ കുറേ വല്ലിപ്പച്ചന്മാര്‍, വല്ലിമ്മച്ചിമാര്‍...പരുങ്ങി നിന്ന കുട്ടികളെ നോക്കി എടത്തനച്ചന്‍ സന്തോഷത്തോടെ പറഞ്ഞു...

       "ദാ..ഇവരെല്ലാം നിങ്ങള്‍ടെ വല്ലിപ്പച്ചനും, വല്ലിമ്മച്ചിമാരുമാ..."

                                                                   കുട്ടികള്‍ അടുത്ത് ചെന്നപ്പോള്‍ പലരും പൌത്ര, പൌത്രി വാത്സല്യത്തോടെ അവരെ വാരി പുണര്‍ന്നു..എന്നോ നഷ്‌ടമായ സ്നേഹവും, വാത്സല്യവും തിരികെ..ഓരോരുത്തരും ആ കുരുന്നുകളെ ലാളിച്ചു..പല്ലില്ലാത്ത ഒരു വല്ലിമ്മച്ചിയുടെ വായില്‍ മകള്‍ ചോക്ക്ലേറ്റ് പൊളിച്ച് നല്‍കിയപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ചുടു നീര്‍ ഒലിച്ചിറങ്ങി..മകളെ കെട്ടി പിടിച്ച് കരഞ്ഞുകൊണ്ട്‌ അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു..

        "രണ്ട്‌ വര്‍ഷായി കണ്ടിട്ട്..രണ്ട്‌ വയസ്സുള്ളപ്പോ കണ്ടതാ..എന്നേം ഇവിടാക്കി കൊച്ചിനേം കൊണ്ട് എന്‍റെ മോനും, കെട്ട്യോളും  അമേരിക്കക്ക് പോകുമ്പോ എല്ലാ കൊല്ലോം വരാന്ന്‍ പറഞ്ഞ വാക്ക്...നൊണയാ..ചാവുമ്പോ വന്നാലായി..."

                                                                  ആ വാക്കുകള്‍ ജോയ്സനിലും, സിന്‍സിയിലും കടുത്ത ദുഃഖം സൃഷ്ടിച്ചു..ഓരോ വല്ലിമ്മച്ചിമാര്‍ക്കും, വല്ലിപ്പച്ചന്മാര്‍ക്കും സനാഥമായ കഥകള്‍ പറയാനുണ്ടായിരുന്നു..അവരുടെ വേണ്ടപ്പെട്ടവര്‍ ഭൂമിയില്‍ സുഖമായി ജീവിച്ചിരിക്കുന്നു..കുട്ടികള്‍ അവരുടെ സന്തോഷം തിരികെ കൊണ്ട് വന്നത് പോലെ..അവിടെ കുറച്ച് നേരമെങ്കിലും സ്വര്‍ഗ്ഗമായി തീര്‍ന്നത് പോലെ..

                                                                 ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ ജോയ്സണ്‍ മടിച്ച് മടിച്ചാണ് അച്ചനോട് ചോദിച്ചത്..കുറേ നേരം മുന്പ് സിന്‍സിയുമായി കൂടിയാലോചിച്ച്  തീരുമാനിച്ച ചോദ്യം..മക്കള്‍ അനുഭവിക്കുന്ന ആ സന്തോഷം കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...

           "അച്ചോ..ചോദിക്കുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കണം..കുട്ടികളെ ദത്തെടുക്കുന്ന പോലെ...അവിടെ നിന്നും രണ്ട്‌ പേരെ ഞങ്ങളുടെ മക്കളുടെ വല്ലിപ്പച്ചനും, വല്ലിമ്മച്ചിയുമായി ഞങ്ങളുടെ അച്ഛനും, അമ്മയുമായി എടുക്കാന്‍ ...??"

                                                                 ചോദിച്ച് മുഴുവനാക്കാന്‍ കഴിഞ്ഞില്ല..അതിനു മുന്പ് എടത്തനച്ചന്‍ ഉത്തരമായി മുന്നില്‍ വന്നു..

            "നമ്മുടെ നിയമം അത് അനുവദിക്കുന്നില്ല..മാത്രല്ലാ..ഇവിടെ താമസിക്കുന്ന എല്ലാവര്‍ക്കും മക്കളും, മരുമക്കളും, ബന്ധുക്കളുമുണ്ട്.. അവര്‍ക്ക് നോക്കാന്‍ കഴിയാതെ ഏല്പിച്ച് പോയതാ..ഒരു നാള്‍ തിരികെ കൊണ്ട് പോകും...ഒന്നുകില്‍ വെളിപ്പാട് വരുമ്പോള്‍..അല്ലേല്‍ മരിക്കുമ്പോള്‍...മനുഷ്യന്‍ ബന്ധങ്ങള്‍ മറന്ന്‍ ജീവിക്കാന്‍ തോടങ്ങുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ ഒരു ഭാരാകും..ആ ഭാരം താല്‍കാലികമായി ഒഴിവാക്കുന്ന ഒരു ആലയം മാത്രാണിത്...''

          "അപ്പാ..ഗിവ് മീ ദെ ഐ പാഡ്.. പ്ലീസ്...ലെറ്റ്‌ മി ഷോ ദേം ഔര്‍ ഫോട്ടോസ്.."

                                                                  കുട്ടികള്‍ ഭക്ഷണം പോലും കഴിക്കാതെ വല്ലിമ്മച്ചിമ്മാരുടെയും വല്ലിപ്പച്ചന്മാരുടെയും കൂടെയാണ്..അവരെക്കാള്‍ സന്തോഷം ആ വൃദ്ധ ജനങ്ങള്‍ക്ക്..നഷ്‌ടമായ സ്നേഹം തിരികെ വന്നത് പോലെ അവരും കുട്ടികളായി മാറി..കുട്ടികള്‍ക്ക് അവരെ വിട്ടു പിരിയാന്‍ പോലും കഴിയാത്ത ഒരു ലോകം അവിടെ സൃഷിക്കപ്പെട്ടിരിക്കുന്നു..ഭക്ഷണം കഴിച്ച് പള്ളി വരാന്തയില്‍ ഇരുന്ന്‍ ആ ലോകം വീക്ഷിക്കുമ്പോള്‍ ജോയ്സണ്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു..സിന്‍സിയുടെ കൈ പിടിച്ച് പള്ളി മേടയില്‍ പോയി പ്രാര്‍ത്ഥിച്ച് തിരകെ വരുമ്പോള്‍ മുന്നില്‍ വീണ്ടും എടത്തനച്ചന്‍..

         "എന്താ പോകണ്ടേ..കൊച്ചിയിലെത്താന്‍ സമയം പിടിക്കും..റോഡ്‌ മോശാ..
നാളെ തായ് ലാന്‍ഡ്‌ പോകണ്ടേ??"

         "അച്ചോ...ആ പ്ലാന്‍ ഞങ്ങള്‍ ക്യാന്‍സല്‍ ചെയ്തു..ആ സുഖവാസ കേന്ദ്രത്തില്‍ കിട്ടുന്ന സുഖത്തേക്കാള്‍ എന്‍റെ മക്കള്‍ക്ക്  സ്വര്‍ഗ്ഗീയ സുഖം, സ്നേഹം ഈ സ്വര്‍ഗ്ഗത്തില്‍ നിന്നും കിട്ടുന്നുണ്ട്..അത് മതിയച്ചോ..ഒരാഴ്ച അവരുടെ കൂടെ ഇവിടെ താമസിക്കാന്‍ അച്ഛന്‍ ഞങ്ങളെ അനുവദിക്കണം.."

        "..ഈ മേടയുടെ നാഥനായ കര്‍ത്താവ് പോലും സമ്മതിക്കും..നഷ്‌ടമായ സ്നേഹം തിരിച്ച് കിട്ടുമ്പോള്‍ ആ പതിനെട്ട് മുഖങ്ങളില്‍ വിരിയുന്ന സന്തോഷം.ആ അനുഗ്രഹം...അതിന്‍റെ ഒരു നുള്ള് മാത്രം മതി..നിങ്ങളുടെ ജീവിതം മനോഹരകാന്‍..നല്ല തീരുമാനം മക്കളെ..കര്‍ത്താവ് അനഗ്രഹിക്കട്ടെ"

                                                               അച്ഛന്‍ തിരിച്ച് നടക്കുമ്പോള്‍ ജോയ്സണ്‍, സിന്‍സിയുടെ കൈകള്‍ പിടിച്ച് പള്ളി മേടയിലെ കവാടത്തിനു മുന്നില്‍ നില്‍ക്കുന്ന ക്രൂശിത രൂപത്തെ നോക്കി..അവിടെ ഒരു പ്രകാശ വലയം സൃഷ്ടിക്കപ്പെട്ടത് പോലെ..അതിനപ്പുറം സ്വര്‍ഗ്ഗത്തിന്റെ മുറ്റത്ത് കൊച്ചു മകളുടെ പുറകെ വൃദ്ധയായ വല്ലിമ്മച്ചി ഓടി നടക്കുന്നത് കണ്ടപ്പോള്‍ കണ്ണില്‍ നിന്നും അടര്‍ന്ന് വീണ തുള്ളികളെ തലോടി സിന്‍സിയെ ചേര്‍ത്ത് പിടിച്ച് ജോയ്സണ്‍ പതുക്കെ പറഞ്ഞു..

          "ഇനിയെല്ലാ വര്‍ഷവും നമ്മള്‍ ഇവിടെ വരും..താമസിക്കും..നമ്മള്‍ അനാഥരല്ല.നമുക്ക് ഇവരെല്ലാമുണ്ട്..."
 


ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.....                                                    
                                         















                                                                   



     






           

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

"ഗുരുതിപ്പാല പൂക്കള്‍.."

                         

                     
                            "ട്യേ..ഈ പെണ്ണിന് യക്ഷി കൂടീട്ടുണ്ടുന്നാ തോന്നണേ..."

                       പല ചരക്ക് കടയില്‍ അര കിലോ അരി വാങ്ങാന്‍ പോയി നിന്നപ്പോള്‍ നാട്ടിലെ അറിയപ്പെടുന്ന കരിങ്കണ്ണി അമ്മൂമ്മ നാരായണി തള്ളയുടെ നാവില്‍ നിന്നും വീണ വാക്കുകള്‍ വളരെ വേഗം നാട്ടില്‍ പരന്നു.."ചത്ത് പോയ മരം വെട്ടുക്കാരന്‍ ശങ്കുരുവിന്റെ പതിനൊന്ന് വയസ്സുള്ള  മോള്‍ സീത പെണ്ണിന് യക്ഷി ബാധ." വാര്‍ത്ത സത്യം മനസ്സിലാക്കാതെ നാട് മുഴുവന്‍ പല നാവില്‍ നിന്നും പല ചെവിയിലേക്ക് പടര്‍ന്നു പന്തലിച്ച്, പിന്നെയ്യോന്നു  തിരുത്താന്‍  പോലും കഴിയാതെ ..

                           "എന്താ അമ്മേ..എന്നെല്ലാരും യക്ഷീന്നു വിളിക്കണേ..."

                         കുഞ്ഞു സീതപെണ്ണ്‍ സ്വതവേ വലിയ ഉണ്ട കണ്ണുകള്‍ വിടര്‍ത്തി അമ്മയോട് ചോദിച്ചു. അതിനുത്തരം ലീല നല്കാന്‍ കഴിയാതെ നിറഞ്ഞ കണ്ണോടെ മകളെ നോക്കി..നീണ്ട് മുട്ടൊപ്പം നില്‍ക്കുന്ന മുടി, വിടര്‍ന്ന പൂച്ച  കണ്ണുകള്‍, ജ്വലിക്കുന്ന സൗന്ദര്യം..പിന്നെ വീടിനു മുന്നിലെ വെട്ടുവഴിയില്‍ ഗുരുതി പ്പാലകള്‍ പൂക്കുന്ന മനപ്പറമ്പിലെ വിഷകാവ്, അതിനുള്ളില്‍ ഇരുള്‍ വീഴുമ്പോള്‍ ചലിക്കുന്ന സാങ്കല്പിക നിഴലുകള്‍..പിന്നെ കഥകള്‍ക്ക് നിറം ചാര്‍ത്തുന്ന നിഷ്കളങ്ക ഗ്രാമ ചിത്രങ്ങള്‍..എല്ലാം കൂടി കലര്‍ന്ന്‍ കൊച്ചു സീതയെ വേഗം യക്ഷിയാക്കി..

                           "നക്ഷത്രം അത്തമാ....കണ്ടില്ലേ..അത്തം നക്ഷത്രക്കാരി അച്ഛനോളമായപ്പോള്‍ വെട്ടുക്കാരന്‍ ചങ്കുരു തെങ്ങേല്‍ന്ന്‍ വീണു ചത്തത്..എല്ലാം യക്ഷീടെ കളികളാ..ചില്ലറ ക്കാരിയല്ല..കൊച്ചിന്റെ ചന്തം കണ്ട് കൂടിതാ..നാഗയക്ഷി.ഒഴിയാന്‍ ഇച്ചിരി പാടാ..ചെലപ്പം അജീവനാന്തക്കാലം ചോമക്കേണ്ടി  വരും..."

                         പോലീസ് ബാലന്‍റെ വീട്ടിലെ കിണറ്റില്‍ നിന്നും കുടി വെള്ളമെടുക്കാന്‍ പോയപ്പോള്‍ ചില നാവുകളില്‍ നിന്നും ലീല നേരിട്ട് കേട്ട പൊടിപ്പുകള്‍, തൊങ്ങലുകള്‍, നിറം ചാര്‍ത്തിയ കഥകള്‍,ഒന്നും പറയാന്‍ കഴിയാതെ മനസ്സില്‍ വേദനയുടെ ഭാരം കയറ്റി വെച്ച്, തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ മകള്‍ ഒറ്റക്ക് വീടിനു മുന്നില്‍ കളം വരച്ച് വട്ട് കളിക്കുന്നത് കണ്ടു..ഈയിടെ അവളെ ആരും കളിക്കാനും കൂട്ടുന്നില്ല..സ്ക്കൂളിലും ഒറ്റപ്പെടല്‍, അടുക്കാന്‍ ഭയക്കുന്നവര്‍, മുഖത്ത് പോലും നോക്കാതെ വഴിയില്‍ നിന്നും തെന്നി മാറുന്നവര്‍

                        "ഒന്ന്‍ കളത്തിനു ഇരുത്തി നോക്ക്..തറവാട്ട് ക്ഷേത്രം വേണോന്നില്ല...അടുത്ത് എവെട്ങ്കിലും യക്ഷിക്കളം ഉണ്ടെങ്കീ..ഇനിപ്പോ അതോണ്ടായില്ലെങ്കില്‍ കീഴ് കാവില് പോകേണ്ടി വരും..എന്താ പറ്റോ??

                     ലീല വേദനയോടെ തലയാട്ടിക്കൊണ്ട് ആശാനെ നോക്കി..അപ്പോഴും സീത ഒന്നും മനസ്സിലാകാതെ,അവള്‍ക്ക് ഈയിടെ അമ്മ ചെയ്യുന്ന‍ പല കാര്യങ്ങളും മനസ്സിലാകുന്നില്ല..സ്കൂളില്‍ പോകുന്നത് മുടക്കിയതും, കടയില്‍ പോകുന്നതും, വെളിയിലിറങ്ങുന്നതും..എല്ലാത്തിലും വിലക്കുകള്‍.കാണുന്ന ചില മുഖങ്ങള്‍, ഭീതിയാര്‍ന്ന തുറിച്ച് നോട്ടം, കുട്ടിത്തം ആരോ ബലമായി അവളില്‍ നിന്നും പിടിച്ച് വാങ്ങി, അറിയാത്ത ഒരു ഭീതി ഭാവം വിധിച്ചിരിക്കുന്നു..കടും നിറമുള്ള കഥകള്‍ ആ ബാല്യത്തെ വലിഞ്ഞു മുറുക്കി ഒറ്റമുറിയുടെ ഇരുട്ടില്‍ തളച്ചിരിക്കുന്നു.

                      "കൈതാരം പ്രഭാകരന്‍റെ കളമാ...അതും യക്ഷി കളം..തുള്ളാന്‍ ഇരുത്തി നോക്ക്.."  വീണ്ടും ഉപദേശങ്ങള്‍..

                           കുരുത്തോലകള്‍ കൊണ്ട് അതിര്‍ വരമ്പുകള്‍ തീര്‍ത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറി എഴുതിയ ഭയം തോന്നിപ്പിക്കുന്ന യക്ഷി രൂപത്തിന് മുന്നില്‍ മൂന്ന്‍ പെണ്‍കുട്ടികള്‍, മുടി വിടര്‍ത്തി പാട്ടിനൊപ്പം താളമിട്ടു അതിലൊരാള്‍ സീതപെണ്ണ്‍..എല്ലാം നോക്കി മനമുരുകി പ്രാര്‍ഥിച്ചു കൊണ്ട് ലീല..രാത്രി വളര്‍ന്നപ്പോള്‍ പുള്ളോന്‍ കുടവും, വീണയും പാട്ടിനൊപ്പം ഭീതിതമായ ഒരു സംഗീതം സൃഷിച്ചു..പൂക്കുല പിടിച്ച പെണ്‍കുട്ടികള്‍ വിറക്കാന്‍ തുടങ്ങിയപ്പോഴും സീതപെണ്ണ്‍ അനങ്ങിയില്ല.മനസ്സ് എവിടെയോ മറന്ന്‍ വെച്ച് ചുറ്റും നടക്കുന്നതില്‍ നിന്നും അകന്ന്‍ ഒരു വികാരവുമില്ലാതെ രണ്ട്‌ പെണ്‍കുട്ടികള്‍ക്കിടയില്‍ സുന്ദരിയായ സീതപെണ്ണ്‍..പാട്ടും, സംഗീതവും അതിന്‍റെ ഉച്ചിയില്‍ എത്തി കൂടി നിന്നവരില്‍ ഭയത്തിന്‍റെ ശീലുയര്‍ത്തിയ ഏതോ ഒരു നിമിഷത്തില്‍ പൂക്കുലയേന്തിയ പെണ്‍കൊടികള്‍ മുടിയഴിച്ച് തുള്ളാന്‍ തുടങ്ങി, ബഹു വര്‍ണ്ണങ്ങള്‍ നിറഞ്ഞ കളം മായ്ച്ച് ഒരു വര്‍ണ്ണമാക്കി മാറ്റുമ്പോള്‍ സീതപെണ്ണ്‍ മാത്രം ഏതോ അജ്ഞാത ലോകത്ത്..

                           "കണ്ടാ നാഗയക്ഷി അനങ്ങാപ്പാറ പോലെ ഇരിക്കണത്..മുന്ത്യെ എനമാ..വിട്ടൊഴിയില്ല...ലീലേ..ഇടക്ക് മനപ്പറമ്പിലെ കാവില് പാലും, നൂറും കൊടുത്തോ." ഇനിപ്പോ ചോറ്റാനിക്കര പോണത് താമസിക്കണ്ടാ..അവിടെ ചെന്നാ ഇളകും..ഏത് വല്യേ നാഗയക്ഷീം..."

                         ബഹുജനം പല അഭിപ്രായം..മനപ്പറമ്പിലെ വെളിച്ചം വീണ പകലുകളില്‍ പാലും, നൂറും നല്‍കിയിട്ടും നാവുകള്‍ നിശബ്ദമായില്ല.വീണ്ടും അവരുടെ സങ്കല്പങ്ങളില്‍ കഥകള്‍ മൊട്ടിട്ടു..എല്ലാം സീതയില്‍ അവസാനിക്കുന്ന കഥകള്‍...ലീല മകളെയും കൊണ്ട് ചോറ്റാനിക്കര പോയി, കീഴ് കാവില്‍ തൊഴുതു..ഗുരുതി പ്രസാദം സീതയുടെ നെറ്റിയില്‍ തൊട്ടു..ഇളക്കം മാത്രം ഉണ്ടായില്ല..പകരം ആ കൊച്ചു കണ്ണുകളില്‍ കൗതുകം നിറഞ്ഞു. ആണികള്‍ തറച്ച ആല്‍മരത്തിനു ചുവട്ടില്‍ കുറേ നേരം ഇരുന്നു.തിരിച്ച് പോരുമ്പോള്‍ സീതപെണ്ണ്‍ അമ്മയുടെ കാതില്‍ പതുക്കെ സ്വകാര്യം പറഞ്ഞു..

                              "അമ്മേ നിക്ക്..വല്ലാത്ത വയറു വേദന..."""

                           ചുവന്ന സൂര്യന്‍ കത്തിയെരിയുന്ന മുഖം.സീതപെണ്ണ്‍ മാറുകയായിരുന്നു..അവള്‍ക്കുള്ളില്‍ ഒരു ചുവന്ന സൂര്യന്‍ ആദ്യമായ് ഉദിച്ചുയുര്‍ന്നു. പിറ്റേന്ന് വിഷ കാവിനടുത്തെ കറുക മരത്തില്‍ നിന്നും കറുകയില പറിക്കാന്‍ പോയ മകളെ നോക്കി ലീല വിലക്കിന്റെ പുതിയ വാറോല വായിച്ചു...

                             "മോളെ..നീ തീണ്ടാരിയാ..വൃത്തീം വെടുപ്പുമില്ലാണ്ട് കാവിനടുത്ത് പോകാന്‍ പാടില്ല..

                             അങ്ങിനെ പല വട്ടം ശുദ്ധിയില്ലാത്ത മാസങ്ങളുമായി വര്‍ഷങ്ങള്‍ കടന്നു പോയി..സീതപെണ്ണ്‍ വളര്‍ന്നപ്പോള്‍ അവളില്‍ കാലം സൗന്ദര്യം ആവശ്യത്തിലധികം  വാരിയെറിഞ്ഞു .അതോടൊപ്പം ചാര്‍ത്തിയ യക്ഷി പരിവേഷവും..അതിനെ പരിരക്ഷിക്കുന്ന പോലെ നാട്ടുക്കാരില്‍ ഭയം, ഭീതി ഭാവവും വളര്‍ന്നു..അതിനൊപ്പം കഥകള്‍ പിന്നെയും പിന്നെയും പുതിയ രൂപങ്ങളില്‍, സീതയുടെ പുതിയ ഭാവങ്ങളില്‍..

                              ഒരു മഴ കാലത്ത് ആകാശത്തോളം വളര്‍ന്ന്‍ നിന്ന പ്ലാവ് ചായ്പിന്റെ നെഞ്ച് തകര്‍ത്ത് നിലം പതിച്ചപ്പോള്‍ അതിനിടയില്‍ വയസ്സിയായ ലീലയുമുണ്ടായിരുന്നു..അന്ന്‍ മുതല്‍ സീതപെണ്ണ്‍ തനിച്ചായി..ഭയം പൊതിഞ്ഞ് നില്‍ക്കുന്ന ആ വീട്ടില്‍ ആരുമില്ലാതെ...അവളെ മോഹിച്ചവരും, മനസ്സിലേറ്റി നടന്നവരും "യക്ഷി" എന്ന ഭയ വലയത്തില്‍ അകപ്പെട്ട് ഇരുള്‍ വീഴുമ്പോള്‍ അകന്ന്‍ മാറി...വരത്തന്‍ ഡ്രൈവര്‍  കൃഷ്ണന്‍ ഒഴികെ..

                              'യക്ഷി..കുന്താണ്..അവളെ കേട്ട്യാല്‍ തെറിക്കണ തല അങ്ങട് തെറിക്കട്ടെ..അവക്ക് സമ്മതാണേല്‍ ഈ കൃഷ്ണന്‍ അവളെ കെട്ടും..ഒരു ജ്യാതി കള്ള കഥ കേട്ട് പിന്മാറാന്‍ എന്നെ കിട്ടൂല..."

                            സീതപെണ്ണ്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാക്ക്.എല്ലാ എതിര്‍പ്പും മറികടന്ന്‍ യക്ഷിയെ കൃഷ്ണന്‍ എന്ന ഡ്രൈവര്‍ ഗന്ധര്‍വന്‍ കല്യാണം കഴിച്ചപ്പോള്‍ പലരും മൂക്ക് ചുളിച്ചു. ചിലര്‍ കൃഷ്ണന്റെ അവസാനം അടുത്തെന്ന് വിശ്വസിച്ചു.

                              "തുടുത്ത ഇറച്ചി കണ്ട് കൂടിതാ...യക്ഷി ചോര കുടിച്ച് തുപ്പുമ്പോള്‍ കാണാം കൂത്ത്..അല്ലെങ്കില്‍ ഒരീസം തലയുടെ കല്ലിളകി അവന്‍ ഓടി പോകും..കളി നാഗയക്ഷി നോടാ..."

                          എന്തായാലും മധു വിധുവിന്‍റെ ചൂട് മാറിയ ഒരു വേനല്‍ കാലത്ത് നാട്ടിലേക്ക്  പോയ കൃഷ്ണന്‍ പിന്നെ തിരികെ വന്നില്ല..അവസാനത്തെ ബസ്സിന് കയറി പോയത് കണ്ടവരുണ്ട്..പിന്നെ  തിരിച്ച് വന്നില്ല..ആ തിരോധാനവും സീതയുടെ യക്ഷി കഥകളില്‍ ചാലിക്കാന്‍ നാവുകള്‍ക്ക്ആയിരം പ്രചോദനമേകി.. പല പകലുകള്‍, പിന്നെ രാത്രികള്‍  ഉറങ്ങാതെ , കണ്ണുകളില്‍ പ്രതീക്ഷ നിറച്ച് സീതപെണ്ണ്‍.. കാത്തിരിപ്പിനൊടുവില്‍ ഒരു ദിവസം അടി വയറിനുള്ളിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍  തളര്‍ന്നില്ല...ആരും തിരിഞ്ഞ് നോക്കാനില്ലാതെ ഒരു മഴ നിറഞ്ഞ പകലില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അനാഥ ലോകത്തേക്ക് ശ്രീകല പിറന്ന് വീണു. വിടര്‍ന്ന പൂച്ച കണ്ണുകളുമായി, ജ്വലിക്കുന്ന സൗന്ദര്യവുമായി..

                        "ഗുരുതി പാലയുടെ പൂക്കള്‍ പോലെയാ..കാണാന്‍ നല്ല ചന്തമുണ്ട്..പക്ഷെ ആരും തലയില്‍ ചൂടില്ല..ഒരു നല്ല  പൂജക്കും എടുക്കില്ല."

                         ജീവിതം നോക്കി ചിലര്‍ പറയുന്നത് സീതപെണ്ണ്‍ കേട്ടു..പതുക്കെ പതുക്കെ ആ വാക്കുകള്‍ കൊച്ചു ശ്രീകലയിലേക്കും നീളുന്നു..മൂടി വെക്കാന്‍ കഴിയാത്ത നാവുകള്‍ വേട്ടയാടാന്‍ തുടങ്ങുന്നു.

                        പലചരക്ക് കടയില്‍ നിന്നാണ് ആദ്യം സീതപെണ്ണ്‍ ആ വാക്കുകള്‍ കേട്ടത്..ശ്രീകലയുടെ നേരെ നീണ്ട വാക്കുകള്‍..കണ്ണിന് കാഴ്ച കുറവുള്ള നാരായണി തള്ള കൂനി കൂനി വന്ന് ശ്രീകലയെ നോക്കി പറഞ്ഞ വാക്കുകള്‍..ആ വാക്കുകള്‍ക്ക് കാതോര്‍ത്ത് ഒരു സമൂഹം..

             'പെണ്ണിന്‍റെ ഒരു മുടിയും, പൂച്ച  കണ്ണും..യക്ഷി കൂടീട്ടുണ്ടുന്നാ തോന്നണേ...കളത്തിനു ഇരുത്തി നോക്കിക്കോ പെണ്ണെ.."

                       ചുറ്റും കൂടുന്നവര്‍  പറയുന്നത് ഒന്നും മനസ്സിലാക്കാന്‍ കുഞ്ഞ് ശ്രീകലയ്ക്ക് സാധിച്ചില്ല..നീണ്ട മുട്ടൊപ്പം നില്‍ക്കുന്ന മുടിയും, വിടര്‍ന്ന കണ്ണുമുള്ള ആ അഞ്ച് വയസ്സുക്കാരിയിലെക്ക് ബാധ അടിച്ചേല്‍പിക്കാന്‍ നിറം ചാര്‍ത്തിയ കഥകള്‍ മെനയാന്‍ നാവുകള്‍..ഒറ്റപ്പെടലിന്‍റെ ദൈന്യമായ അവസ്ഥാന്തരം ആവര്‍ത്തിക്കാന്‍ തുടങ്ങുന്നു..മൂര്‍ച്ചയുള്ള വാക്കുകള്‍ വേട്ടയാടുന്നു..എല്ലാരില്‍ നിന്നുമകന്നു ഉമ്മറ കൊലയിയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വേദനയുമായി ആ കൊച്ചു കുഞ്ഞിരിക്കുമ്പോള്‍  ഇരുള്‍ വീണ മനപ്പറമ്പിലെ വിഷ കാവില്‍ ..കൊഴിഞ്ഞു വീണ പാലപൂക്കള്‍ക്കിടയില്‍ ..വെളുത്ത പാല പൂക്കള്‍ക്കിടയില്‍ ... ഒരു നിഴല്‍ മറഞ്ഞത് പോലെ..സാങ്കല്പികമായ ഒരു നിഴല്‍...


ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...