2015, ഡിസംബർ 9, ബുധനാഴ്‌ച

"ഒരു കൊച്ച് കൈത്താങ്ങ്‌.."

                                                           

                                                     
                                                                            ആ കെട്ടിടത്തിനു മുന്നില്‍ അവന്‍ കുറേ നേരമങ്ങിനെ അതിശയത്തോടെ നിന്നു.ഗേറ്റ് കടന്ന്‍ മാളിന്റെ കോമ്പൌണ്ടില്‍ പ്രവേശിക്കുമ്പോള്‍ അവന്‍റെ മനസ്സ് ഭയം കൊണ്ട് പെരുമ്പറ പോലെ മുഴങ്ങാന്‍  തുടങ്ങി..കീറിയ യൂണിഫോം നിക്കറും , പല വര്‍ണ്ണത്തിലുള്ള ബട്ടന്‍സുകള്‍ കൊണ്ട് തുന്നി പിടിപ്പിച്ച മങ്ങിയ ഷര്‍ട്ടും , കയ്യിലെ പുസ്തകസഞ്ചിയും, പിടിപാത്രത്തിലെ ഉച്ച കഞ്ഞിയും അവനെ മുഗള്‍ മാളിലേക്ക് കയറുന്നതില്‍ നിന്നും വിലക്കി കൊണ്ടിരുന്നു..സെകുരിറ്റി കൊമ്പന്‍ മീശയെ ഒന്ന്‍ പാളി നോക്കി, അയാള്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍  അവന്‍ രണ്ടും കല്പിച്ച് മാളിലേക്ക് കയറി. അത് വരെ ഒരിക്കലും കാണാത്ത ആ ലോകം അവനെ കുറേ സമയത്തേക്ക് അത്ഭുത ലോകത്തേക്ക് ആനയിച്ചു..

            "വല്യേച്ചീ..അയിനകത്തൊന്നു കാണണം..സിനിമേലൊക്കെ കാണാണ പോലെയാ..കേറണോടത്ത് തന്നെ ഒരു സാധനൊണ്ട്..തോക്കും,കത്തീം, കുന്തോക്കായി കേറ്യാല്‍ അപ്പ കണ്ട് പിടിക്കും..എന്തൂട്ടാ അയിന്റെ പേര്...

            "മെറ്റല്‍ ഡിറ്റക്ടര്‍ ആകും.."  കട്ടിലില്‍ കിടന്ന് കാണാത്ത ലോകത്തെ കുറിച്ച് ചേച്ചി പറയുന്നത് കേട്ടപ്പോള്‍ അവന് അത് നേരിട്ട് കണ്ടതിനേക്കാള്‍ അത്ഭുതം തോന്നി..പിടിപാത്രത്തിലെ അവസാന കഞ്ഞിവെള്ളവും തളര്‍ന്ന്‍ കിടക്കുന്ന ചേച്ചിക്ക് കോരി കൊടുത്ത് അവന്‍ അതിശയ ലോകത്തേക്ക് പോയ കഥ വിവരിക്കാന്‍ തുടങ്ങി..

             "ആയിനകത്ത് കേറ്യാ ..ഓ..ഉള്ളം കോരണ തണവാ...ഉള്ളില് മുഴോന്‍ കണ്ണാടി ചില്ലാ, തറ മുഴോന്‍ മാര്‍വിളും...പിന്നെ വല്യേച്ചീ..സ്വര്‍ണ്ണ കളറുള്ള ഒരു ചിക്കന്‍ വിക്കണ കട..കെ.ഫ്,സിന്ന്‍ പേരായിട്ട്..ഒരച്ചാച്ചന്‍ കോട്ടും സൂട്ടും ഇട്ട് നിക്കണ പടം വെച്ച്..അവടത്തെ മണം.എന്റമ്മേ..കൊത്യാവും...കാശോള്ള പിള്ളാര് വന്ന്‍ അവിടിരുന്ന്‍ തിന്നണ കണ്ടപ്പോ വായീ വെള്ളം പൊങ്ങിയാ വന്നത് ..അവരിക്ക് എന്‍റെ കൊതി കിട്ടീട്ടുണ്ടാകും..ഞാനൊരു ദെവസം വാങ്ങീ കൊണ്ടോരാം..ചേച്ചി കഴ്ച്ചിട്ടില്ലല്ലോ...."

           "കഴിചിട്ടില്ല..പക്ഷെ കേട്ടിട്ടുണ്ട്..അതാണ് കെന്റക്കി ഫ്രയിട് ചിക്കന്‍.." അതിനൊക്കെ വല്യേ പൈസാകും കുട്ടാ.."

                                                      അവന്‍ വീണ്ടും അവള്‍ പറയുന്നത് കേട്ട് അതിശയപ്പെട്ടു..ചേച്ചിക്ക്എല്ലാത്തിനെ കുറിച്ചും അറിയാം..ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷമാണ്‌ ചേച്ചിക്ക് രോഗം വന്നത്..തളര്‍ന്ന്‍ വീണു..പിന്നെ എഴുന്നേറ്റില്ല..അതോടൊപ്പം നിലം പതിച്ചത് ഒരു കുടുംബത്തെ ചുറ്റി പറ്റി നിന്ന പ്രതീക്ഷകള്‍ ആയിരുന്നു.അവന്‍ വീണ്ടും കട്ടിലില്‍ കിടക്കുന്ന  ചേച്ചിയോട് മുഗള്‍ മാള്‍ വിശേഷം പറഞ്ഞു..ദാരിദ്ര്യം വളര്‍ന്നു നില്‍ക്കുന്ന കൂരയുടെ കീഴിലിരുന്ന് അവന്‍ പറഞ്ഞ കഥകള്‍ അവള്‍ കേട്ടു കൊണ്ടിരുന്നു. ആ കഥകളില്‍ ഇടയ്ക്കിടെ കെ.എഫ്.സി. ചിക്കന്‍ ഒരു മോഹമായ് അവനില്‍ നിറഞ്ഞു നിന്നു..വൈകീട്ട് തൊഴിലുറപ്പ് പണിയും കഴിഞ്ഞ് അമ്മ വന്നപ്പോള്‍ അതേ മോഹം അവന്‍ തുറന്നു...

        "കുട്ടാ..അതിനൊക്കെ വല്യേ പൈസാകും..ഇന്ന്‍ അമ്മക്ക് കിട്ട്യ പൈസ ചേച്ചിക്ക് മരുന്ന്‍ വാങ്ങാന്‍ പോലും തെകയൂല..അടുത്ത വിഷൂന് വാങ്ങാം..."

        "എനിക്കല്ല അമ്മേ..ചേച്ചിക്കാ. കെ.എഫ്.സി....ഞാന്‍ അത് കണ്ടില്ലേ..ചേച്ചിയെ കൊണ്ടോയി കാണിക്കാന്‍ പറ്റൂല..അതോണ്ട്..."

                                                     അമ്മ ഒന്നും പറയാതെ അകത്തേക്ക് പോയി. എല്ലാം കൊണ്ടും ദൈവം തെറ്റി നില്‍ക്കുന്ന സമയം..ജരാനര ബാധിച്ച മേല്‍ കൂരയുള്ള വീട്, തളര്‍ന്ന്‍ പോയ മകള്‍, നശിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവ്‌, എട്ടും പൊട്ടും തിരിയാത്ത മകന്‍...അടുക്കളയിലേക്ക് കയറി അരിയിടുന്ന പാത്രം തുറന്ന്‍ നോക്കിയപ്പോള്‍ അതിനുള്ളില്‍ കുറച്ച് അരിമണികള്‍ മാത്രം..സഞ്ചിയെടുത്ത് രണ്ടു മുഴിഞ്ഞ നോട്ടുകള്‍ എടുത്ത് മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കരിങ്കോട്ട വാരി ചാക്കില്‍ നിറക്കുന്ന അവന്‍റെ അടുത്തേക്ക്..സഞ്ചിയും വാങ്ങി അവന്‍ ഓടി പോകുമ്പോള്‍ എതിരെ കുടുംബ നാഥന്‍ ഉത്തരവാദിത്തം ഇടറുന്ന കാലുകളില്‍ ഒതുക്കി  നടന്നു വരുന്നു..

        "മോള്‍ക്ക് മരുന്ന്‍ വാങ്ങീട്ടില്ല..ഒരു നൂറ് രൂപ വേണം..."വിഷമവും കണ്ണീരും കലര്‍ന്ന്‍ അവര്‍ പറഞ്ഞത് അയാള്‍ കേട്ടില്ല..അടി കുഴഞ്ഞ് ഇറയത്ത് വീണു..ഒന്നുമറിയാത്ത ലഹരിയുടെ എന്നുമുള്ള ലോകത്തേക്ക്...അതിനിടയില്‍ കുഴയുന്ന ചില വാക്കുകള്‍..ഒടുവിലെന്നും വിളിക്കുന്ന അസഭ്യത്തോടെ..

       'മല്ല് പണിയായിരുന്നു..സിമെന്റ് ചാക്ക് ചോന്ന്‍ നടുവൊടിഞ്ഞു..മരുന്ന്‍ രണ്ടീസം കഴിഞ്ഞ് വാങ്ങാം.."

                                                          അവര്‍ക്ക് അറിയാം കിട്ടില്ലെന്ന്..അയാളുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തം വൈകീട്ട് ബിവറേജിനു മുന്നിലെ ക്യൂവില്‍ അവസാനിക്കുന്നു.പണിയെടുത്താല്‍ വേദനിക്കുന്ന ശരീരത്തിന് മരുന്ന്‍ കണ്ടെത്താന്‍ തുടങ്ങിയിട്ട് കാലം കുറേ ആയിരിക്കുന്നു.അന്ന്
രാത്രി മകള്‍ക്ക് ചോറ് വാരി കൊടുക്കുമ്പോള്‍ മകന്‍ വീണ്ടും അടുത്ത് വന്നു..

       "ചേച്ചി ഈ കെന്റക്കിന്ന്‍ പറഞ്ഞാ എന്താ??"  അവനറിയാം..ഉത്തരം കിട്ടുമെന്ന്..അറിവിന്‍റെ ലോകമാണ് ചേച്ചി..തളര്‍ന്ന്‍ കിടക്കുമ്പോള്‍ കൊച്ചു റേഡിയോ വഴിയും, പുസ്തകങ്ങള്‍ വഴിയും  ലോകത്തിന്റെ മാറ്റങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന ചേച്ചി..

      "അത് അമേരിക്കേലെ ഒരു സ്ഥലാ..അവടെത്തെ ഒരു സായിപ്പാ ആ ചിക്കന്‍ ആദ്യായിട്ട് ഉണ്ടാക്കീത്.."

                                                          അവര്‍ മാത്രമല്ല, അവന്‍റെ ചേച്ചിയും അവനെ തിരിച്ചറിഞ്ഞു..കെ.എഫ്.സി അവന്‍റെ കൊച്ചു മനസ്സില്‍ ഒരു മോഹമായി മാറിയിരിക്കുന്നു എന്ന സത്യം..അവന് നേരെ നീട്ടാന്‍ പണമില്ലാതെ..ഒന്നും അവന്‍ ഇത് വരെ മക്കള്‍ ആവശ്യപ്പെട്ടില്ലില്ല...പട്ടിണിയാകുന്ന ചില രാത്രികളില്‍ വിശക്കുമ്പോള്‍ കഞ്ഞി പോലും..വൈകീട്ട് തീ പുകയാതെ വരുന്ന ചില ദിനങ്ങളില്‍ അവന്‍ എല്ലാം വേഗം പഠിച്ച് തീര്‍ത്ത് നേരത്തെ ചേച്ചിയുടെ കട്ടിലിനടുത്ത് പായ വിരിക്കും..കിടന്ന് കൊണ്ട് ഉറക്കെ വിളിച്ച് പറയും..

     "അമ്മേ..ഇന്ന്‍ കഞ്ഞി വേണ്ടാ..വെശപ്പില്ല..വയറ് വീര്‍ത്തിരിക്കേണ്..ഉച്ചക്ക് രണ്ട്‌ കിണ്ണം കഞ്ഞീം, ചെറുപയറും അടിചിട്ടാ..."

                                                          മക്കള്‍ നുണ പറഞ്ഞാലും പെറ്റ വയര്‍ തിരിച്ചറിയും..ഇരുള്‍ മൂടുമ്പോള്‍ അവരുടെ കണ്ണുകള്‍ അരും കാണാതെ നിറഞ്ഞൊഴുകും..വ്യഥയുടെ, തീരാ ദുഖത്തിന്റെ  ഏങ്ങലടികള്‍ ഉയരുമ്പോള്‍ വായില്‍ സാരി തലപ്പ്‌ കയറ്റി നിശബ്ദമാക്കും..അപ്പോഴും ഇറയത്ത്‌ നിന്ന് മദ്യത്തിന്റെ ഗന്ധം നിറഞ്ഞ അസഭ്യവാക്കുകള്‍ ഇരുളില്‍ മുഴങ്ങുന്നുണ്ടാകും..

                                                          പിറ്റേന്ന് സ്കൂള്‍ ഇല്ലാത്ത ദിവസമാണ്..കുറേ നാളായി കാത്തിരിക്കുന്ന ദിവസം..രാവിലെ കുളിച്ച് നീണ്ട കുറി തൊട്ട് വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുന്പ് അമ്മയുടെ എന്നോ മരിച്ച മാതാപിതാക്കളെ മുഴുത്ത തെറിയും  വിളിച്ച്, അച്ഛന്‍ പണിക്ക് പോകുന്നതും കണ്ടാണ്‌ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്..കണ്ണീരോടെ അടുക്കളയില്‍ തനിക്കും, പെങ്ങള്‍ക്കും ഉണ്ടാക്കിയ ഗോതമ്പ് അട മൂടി വെച്ച് ഒഴിഞ്ഞ പാത്രവുമായി അമ്മയും ജോലിക്ക്..നോക്കി നിന്നപ്പോള്‍ ദുഃഖം തോന്നി..കണ്ട പറമ്പും, റോഡും കിളക്കാന്‍ പോകുന്ന അമ്മ..അത് കൊണ്ട് എന്നും മുട്ടില്ലാതെ അടുപ്പ് പുകയുന്നു..എന്നാലും ചില പഞ്ഞ മാസത്തിലെ  ദിവസങ്ങളില്‍ ദാരിദ്ര്യം കെട്ടി വരിയും..അടുപ്പിലെ തീയണച്ച്, അമ്മയുടെ കണ്ണില്‍ തോരാ കണ്ണീര്‍ മഴ പെയ്യിച്ച്..

       "വല്യേച്ചീ...ഞാന്‍ ഇന്ന്‍ കെ.എഫ്.സി വാങ്ങി കൊണ്ടോരും ചേച്ചിക്ക്., നോക്കിക്കോ"

                                                                 അന്ന്   അമ്മ കണ്ണില്‍ നിന്നുമകന്നപ്പോള്‍ ചേച്ചിയോട് ആദ്യം പറഞ്ഞ വാക്കുകള്‍..അവള്‍ അവനെ വാത്സല്യത്തോടെ നോക്കി പതുക്കെ വേണ്ടെന്ന്‍ തലയാട്ടി.അവന്‍ നിഷേധിച്ച അനുവാദം കണ്ടില്ലെന്ന മട്ടില്‍ പുറത്തേക്ക് ഇറങ്ങി പഴയ ഒഴിഞ്ഞ ആട്ടിന്‍ കൂട്ടില്‍ നിന്നും രണ്ട്‌ വലിയ ചാക്കുകള്‍ വലിച്ച് പുറത്തിട്ടു..ഉണങ്ങിയ കരിങ്കോട്ട വിത്തുകള്‍ നിറഞ്ഞ ചാക്കില്‍ നിന്നും ഒരു അരണ ചാടിയിറങ്ങി കൂട്ടി വെച്ച പഴയ ഓടുകള്‍ക്കുള്ളില്‍ മറഞ്ഞു..പിന്നെ ഒരു ആവേശമായിരുന്നു..കെ.എഫ്.സി എന്ന മൂന്നക്ഷരം നല്‍കിയ ആവേശത്തിന് പുറത്ത് എല്ലാം തല്ലി പൊട്ടിച്ച് കുരു മാത്രം പുറത്തെടുത്തു..ഉച്ചക്ക് ഒന്നും കഴിക്കാതെ വൈകുന്നേരത്തിനു മുന്പ് പൊട്ടിച്ച കുരു  കവറുകളില്‍ ആക്കി നേരെ നടന്ന്‍ മൂസദ് വൈദ്യരുടെ വൈദ്യ ശാലയിലേക്ക്..എല്ലാം തിരിഞ്ഞും, ചികഞ്ഞും ഒടുവില്‍ മൂസദ് അവന്‍റെ കയ്യില്‍ കുറച്ച് നോട്ടുകള്‍ വെച്ചു കൊടുത്തു...

 "രണ്ട്‌ നൂറിന്‍റെ, മൂന്ന്‍ പത്തിന്‍റെ, പിന്നെ കുറച്ച് ചില്ലറ തുട്ടുകള്‍.."

                                                                    അതും കൊണ്ട് വീട്ടിലേക്ക് ഓടുക തന്നെയായിരുന്നു..മുന്നില്‍ മുഗള്‍ മാളിന്റെ തണുപ്പും, കെ.എഫ്.സി യുടെ ഗന്ധവും മാത്രം..കുളിച്ച് നല്ല വസ്ത്രമിട്ട് പോയി വാങ്ങണം...നാലു കഷ്ണം വാങ്ങാം..രണ്ടെണ്ണം ചേച്ചിക്ക്, ഒന്ന്‍ തനിക്ക്, ഒന്ന്‍ അമ്മക്ക്..അച്ചനു വേണ്ടി വരില്ല..എന്നത്തേയും പോലെ..സന്തോഷത്തോടെ വീട്ടില്‍ എത്തിയപ്പോള്‍ എല്ലാ സന്തോഷവും കാറ്റില്‍ പറന്ന് ഉമ്മറപ്പടിയില്‍ അമ്മ..കാലിന്‍റെ പെരുവിരല്‍ തുണി വെച്ച് കെട്ടി വെച്ചിരിക്കുന്നു...

        "കിളച്ചപ്പോ കൈകോട്ട് തട്ടീതാ"...അത്രയും പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..നിയന്ത്രിക്കാന്‍ കഴിയാത്ത ദുഖവുമായി അവര്‍ കരയാന്‍ തുടങ്ങി.."എന്‍റെ മോള്‍ക്ക് മരുന്ന്‍ വാങ്ങാന്‍ ഇന്നും പറ്റീലാ..നിങ്ങടെ അച്ഛനോട്‌  ചോദിച്ചപ്പോള്‍ തന്നില്ലെങ്കിലും പോട്ടെ...കുടിച്ച് ബോധല്ലാതെ.."

        ''മരുന്ന്‍ വേണ്ടാ..വെഷം വാങ്ങി കൊടുക്കെന്ന്‍..എഴുന്നേല്‍ക്കാന്‍ കഴിയാത്ത ചാവാലി കുരിപ്പ്  ചത്ത് പോട്ടെ...."

                                                                           അവന്‍ ഒന്നും പറയാന്‍ കഴിയാതെ ഉമ്മറപ്പടിയില്‍ കാലില്‍ തല പൂഴ്ത്തി ഇരുന്നു..അടുത്ത് അമ്മയുടെ തേങ്ങലുകള്‍..അച്ഛനോട് അവന് വല്ലാത്ത ദേഷ്യം തോന്നി..വല്യേച്ചി എഴുന്നേറ്റ് നടക്കുന്ന ഒരു ദിവസം സ്വപ്നം കാണുന്നവരില്‍ ഒരാളാണ് താന്‍.അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം...അവന്‍ എന്തോ നിശ്ചയത്തോടെ എഴുന്നേറ്റ് അകത്തേക്ക്..

      'വല്യേച്ചി ..ആ മരുന്നിന്‍റെ ചീട്ട് താ..." കട്ടിലില്‍ കണ്ണീരില്‍ കുളിച്ച് കിടക്കുന്ന അവള്‍ അവനെ മനസ്സിലാകാത്ത പോലെ അവനെ നോക്കി..അതറിഞ്ഞപ്പോള്‍ അവന്‍ ചുരുട്ടിയ കൈ നിവര്‍ത്തി കാണിച്ചു..കരിങ്കോട്ട തല്ലി  ചോര തിണര്‍ത്ത കൈകളില്‍ ചുരുട്ടി പിടിച്ച രൂപ..അവന്‍റെ അധ്വാനത്തിന്റെ ഫലം..

      "കെ.എഫ്.സി പറ്റിപ്പാ...കോഴി വെറും മാവില്‍ പൊതിഞ്ഞ് എണ്ണയില്‍ മുക്കി വറക്കണ പറ്റിപ്പ്‌..നമ്മടെ അമ്മ ഇണ്ടാക്കി തരണ കഞ്ഞീടെ രുചി അയിനോന്നും കാണില്ല..അല്ലേ വല്യേച്ചീ..??."

                                                                        തലയണയുടെ അടിയില്‍ നിന്നും മരുന്ന്‍ ചീട്ടെടുത്ത്‌ കണ്ണുകള്‍ തുടച്ച് ആ പന്ത്രണ്ട്ക്കാരന്‍ പുറത്തേക്ക് പോയപ്പോള്‍ അവള്‍ കൈകള്‍ ഉയര്‍ത്തി ചുവരിലെ "ഗുരുവായൂരപ്പനെ നോക്കി നിറഞ്ഞ കണ്ണുകളാല്‍ തൊഴുത് പോയി..അകത്ത് നിന്നും പലചരക്ക് സാധനങ്ങള്‍ വാങ്ങേണ്ട സഞ്ചിയുമായി അവന്‍ പുറത്തേക്ക് പോകുമ്പോള്‍ എല്ലാം കേട്ട് ഉമ്മറ വാതിലില്‍ നിന്ന അമ്മ പൊട്ടി കരഞ്ഞുകൊണ്ട്‌ അവനെ ചേര്‍ത്ത് പിടിച്ച് ആ നെറുകയില്‍ എണ്ണമില്ലാത്ത ഉമ്മകള്‍ കൊണ്ട് മൂടി..അവന്‍ പതുക്കെ അമ്മയുടെ പിടിയില്‍ നിന്നുമകന്ന്‍ ചിരിച്ച് പറഞ്ഞു...

    "കരിങ്കോട്ട പൊട്ടിച്ചതാ..ഞാന്‍ കുളിച്ചിട്ടില്ല..അമ്മടെ വായ കയ്ക്കും.."

                                                                    ദൃഡ നിശ്ചയത്തോടെ അവന്‍ ഇരുണ്ട് തുടങ്ങിയ മുറ്റത്തേക്ക് ഇറങ്ങി തിരിഞ്ഞ് അമ്മയെ നോക്കി...ബാല്യത്തിന്‍റെ ചാപല്യങ്ങള്‍ മറി കടന്ന വാക്കുകള്‍..

     "എന്‍റെ വല്യേച്ചി ഒരീസം എഴുന്നേറ്റ് നടക്കും..എന്നും കൊടുങ്ങല്ലൂര്‍ നടയില്‍ ഞാന്‍ പ്രാര്‍ത്ഥിക്കണത് അതിനാ..എന്നിട്ട് അമ്മ നോക്കിക്കോ ഞങ്ങ രണ്ട്‌ പേരും കൂടി മുഗള്‍ മാള് കാണാന്‍ പോകും..കെ.എഫ്.സി ലും പോകും...അമ്മ കണ്ടോ.."

                                                                     അവര്‍ അവന്‍ ഇരുളില്‍ ദൂരെ മറയുന്നത് വരെ നോക്കി നിന്നു..കുറച്ച് ദൂരെ എത്തിയപ്പോള്‍ അവന്‍ വലിയ ഒരാളായി മാറിയത് പോലെ..ഉത്തരവാദിത്തമുള്ള മകനും, സ്നേഹമുള്ള കുഞ്ഞാങ്ങളയുമായി വളര്‍ന്ന പോലെ...അത് വരെ നിറഞ്ഞു നിന്ന ആ അമ്മയുടെ കണ്ണുകളില്‍ ഒരിറ്റ് സന്തോഷം നിറച്ച് അവന്‍റെ രൂപം ഇരുട്ടില്‍ മറഞ്ഞു..അമ്മ ഇരുളില്‍ നോക്കി സ്വയം പറഞ്ഞു...

    "കാലമെന്നും ദുഖത്തിന്റെ തീരാകയങ്ങള്‍ കാത്ത് വെക്കില്ല..ഇന്നത്തെ വ്യഥയുടെ ഇരുളിന് പ്രകാശമേകാന്‍, ഒരു നല്ല കാലം മുന്നില്‍ തെളിയിക്കാന്‍ ഒരു സൂര്യന്‍ വളര്‍ന്ന് വരുന്നു..ഒരു കൊച്ചു കൈ താങ്ങ് ബലപ്പെടുന്നു...."

   ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..
                                                                   
harishkdlr.blogspot.com










2 അഭിപ്രായങ്ങൾ: