2015, ജൂൺ 16, ചൊവ്വാഴ്ച

നരലോകം പലനിയമം...പരലോകം..ഒരു നിയമം...

               















        "നമ്മുടെ പ്രിയങ്കരനായ മന്ത്രി ദിവംഗതനായ അതെ ദിവസം തന്നെയാണ് "കള്ളന്‍ കുമാരന്‍" തെങ്ങില്‍ നിന്നും വീണു ചത്തത്."

          മന്ത്രി മരിച്ച ദിവസം മുതല്‍ ഒരാഴ്ച്ച ദുഖാചരണം..ചാനലിലും, പത്രത്തിലും മരിച്ച പ്രമുഖനെ കുറിച്ചുള്ള  പാടി പുകഴ്ത്തലുകള്‍..‍..ഇന്നലെ വരെ അഴിമതി വീരനായിരുന്ന,ജനദ്രോഹിയായിരുന്ന മന്തി ഒരു ദിവസം കൊണ്ട് വീരനായകന്‍, നല്ല നിയമസഭാ സാമാജികന്‍, വികസന ജനനായകന്‍,നല്ല ഹൃദയത്തിന്‍റെ ഉടമ,പ്രതിപക്ഷവും, ഭരണ പക്ഷവും ഒരു പോലെ,വാക്കുകള്‍ ചൊരിഞ്ഞു ഒടുവില്‍ സര്‍വ്വ ബഹുമതിയോടെ വന്‍ ജനാവലി സാക്ഷ്യം വഹിച്ച് പള്ളിയില്‍ വില കൂടിയ കല്ലറയില്‍ അടക്കി.പള്ളി വളപ്പില്‍ നിന്ന പൊലീസ് ആചാരവെടി മുഴക്കി..

        വര്‍ഷങ്ങളോളം ആ മണ്ഡലത്തെ പ്രതിനിധികരിച്ച് ഭരണത്തില്‍ ഇരിക്കെ അഴിമതി നടത്തി "സ്വയം ദൈവത്തിന്റെ കൂടെയെന്ന് വിളിച്ച് പറഞ്ഞ്" ഒരു പാര്‍ട്ടിയെ വളര്‍ത്തിയും,പിളര്‍ത്തിയും,മറുകണ്ടം ചാടിയും, മലക്കം മറിഞ്ഞും, ഒടുവില്‍ ഇനിയൊരു മത്സരത്തിന് ഭാഗ്യമില്ലാതെ അദ്ദേഹം യാത്രയായി ...പുതിയ ലോകത്തേക്ക്..പരലോകം തേടി...പോകുമ്പോള്‍ മന്ത്രിയുടെ ആത്മാവ് താഴെ നോക്കി പൊട്ടി ചിരിച്ചു..എന്നിട്ട്  പറഞ്ഞു..

                    "ഈ മണ്ടന്മാരെ ഇത്രയും പറ്റിക്കാന്‍ സാധിച്ചല്ലോ..പത്തു തലമുറകള്‍ക്ക് തകര്‍ത്ത് ജീവിക്കാന്‍ താന്‍ ഉണ്ടാക്കി വെച്ചത് കണ്ടു പിടിക്കാന്‍ കഴിയാത്ത കഴുതകള്‍..എന്നിട്ടും വീണ്ടും വീണ്ടും എന്നെ ജയിപ്പിച്ചു..മന്ത്രിയാക്കി..എനിക്ക് വേണ്ടി തൊണ്ട പൊട്ടി ഒച്ച വെച്ചവര്‍,പിന്നാലെ നടന്ന്‍ കാല്തേഞ്ഞവര്‍..ജീവിതത്തില്‍ ഒരു തുള്ളി വിയര്‍പ്പ് ഒഴുക്കാതെ,ഒരു പണിയും ചെയ്യാതെ ഇത്രയും കാലം  ഞാന്‍ സുഖമായി ജീവിച്ചു.തലമുറകള്‍ക്ക് സുഖമായി ജീവിക്കാനുള്ള വഴിയൊരുക്കി...ഇനിയും ഞാന്‍ സ്തുതിക്കപ്പെടും..വാഴ്ത്തപ്പെടും..എന്‍റെ ഓര്‍മ്മദിനങ്ങളില്‍..ഒന്നുമറിയാത്ത കഴുതകള്‍ എന്‍റെ അണികള്‍...പൊട്ടന്മാര്‍...വിഡ്ഢികള്‍

.
        കള്ളന്‍ കുമാരന്‍ മരിച്ചത് ഒരു മീന്‍കറിയ്ക്ക് വേണ്ടിയായിരുന്നു...മീന്‍ തേങ്ങ അരച്ച് വെയ്ക്കാനുള്ള ഭാര്യയുടെ പൂതി കള്ളന്‍ കുമാരനെ തെങ്ങില്‍ നിന്നും താഴെ എത്തിച്ചു.."കുമാരനെ കുറിച്ച് ആരും നല്ലത് പറഞ്ഞില്ല.കുമാരന്‍ കള്ളനായിരുന്നു..അമ്പലങ്ങളിലെ, പള്ളികളിലെ നേര്‍ച്ച പെട്ടികളില്‍ നിന്ന്‍  മോഷ്ടിക്കുന്ന കള്ളന്‍...എന്നാല്‍ അഞ്ചു വട്ടം മോഷ്ടിച്ചാല്‍ ആറാം വട്ടം നിയമത്തിനു സ്വമേധയാ കീഴടങ്ങുന്ന ഒരു പാവം കള്ളന്‍..കുമാരന്റെ ഒടിഞ്ഞു തൂങ്ങിയ മൃതദേഹം ഒരു പായയില്‍ പൊതിഞ്ഞുകെട്ടി പൊതു ശ്മശാനം ലക്ഷ്യമാക്കി  കുറേ പാവങ്ങള്‍....കുമാരന്‌ വേണ്ടി ആചാര വെടിഉണ്ടായില്ല...പകരം മൂന്ന് കതിനകള്‍ മുഴങ്ങി..തൊട്ടുതാഴെ ഉള്ള ദേവി ഷേത്രത്തില്‍ നിന്ന്..ആരുടെയോ വക കാര്യാ സാധ്യത്തിനുള്ള  വഴിവാട് വെടി..കുമാരനും യാത്ര തിരിച്ചു...പരലോകം തേടി..കുമാരന്റെ ആത്മാവ് വേദനയോടെയാണ് യാത്ര തിരിച്ചത്.

      തന്‍റെ മകള്‍ക്ക് അടുത്ത സെമസ്റ്റര്‍ ഫീസ്‌..അത് കൊടുക്കാന്‍ സാധിക്കാത്ത വേദന.ഒരു ദിവസം കൂടി ജീവിതം നീട്ടി കിട്ടിയിരുന്നെങ്കില്‍ അയ്യപ്പന്‍ കോവിലിലെ ഭണ്ടാരം മോഷ്ടിച്ച് ഫീസ്‌ അടക്കാന്‍ സാധിക്കുമായിരുന്നു...പക്ഷെ വിധിയും, തെങ്ങും,മീന്‍കറിയും അതിന് വിഘാതമായി.

         പരലോകത്ത് മന്ത്രിയും, കുമാരനും ഒന്നിച്ചാണ് എത്തി ചേര്‍ന്നത്..അവര്‍ ദൈവ സന്നിധിയില്‍.ദൈവം ഇരുവരേയും മാറി മാറി നോക്കി. സ്വര്‍ഗ്ഗവും, നരകവും വിധിക്കുന്നതിന് മുന്പ് ദൈവം എല്ലാവരേയും വിലയിരുത്തും. അതിന്‍റെ മുന്നോടിയായി ആദ്യ ചോദ്യം മന്ത്രിയോട്

       "നിങ്ങള്‍ ഒരു വലിയ കള്ളനും, അഴിമതിക്കാരനും, സ്വജന പക്ഷപതക്കാരനും ആണല്ലേ?"

       "തിരുമേനി...."ഞാന്‍ അങ്ങേക്ക് വേണ്ടി കൂടിയാണ് അഴിമതികള്‍ നടത്തിയത്....പള്ളി പണിതതും, പുതിയ റോഡ്‌ ഉണ്ടാക്കിയതും അങ്ങ് മറക്കരുത്...അതിനിടയില്‍ സ്വന്തം കുടുംബത്തിനു വേണ്ടി കുറച്ച് പണം...

       "നീ ഉണ്ടാക്കിയ പണം എവിടെ..??അതില്‍ നിന്നും നിനയ്ക്ക് ഇവിടേക്ക് വരുമ്പോള്‍ എന്ത് കൊണ്ട് വരാന്‍ സാധിച്ചു??നീ ഉണ്ടാക്കിയ ജീവിത സൗകര്യങ്ങള്‍ എവിടെ??അതില്‍ നിന്നും എന്ത് ഇവിടേക്ക് കൊണ്ട് വന്നു??

       "എനിക്ക് ഒന്നും കൊണ്ട് വരാന്‍ സാധിച്ചില്ല തിരുമേനി..ഞാന്‍ എന്നും അങ്ങയെ പ്രാര്‍ത്ഥിക്കുന്നവന്‍ അല്ലെ??എനിക്ക് സ്വര്‍ഗ്ഗരാജ്യം നല്‍കണം..?"
ഒരവസരം തന്നാല്‍ ഞാന്‍ അങ്ങയെ സേവിച്ച്, അങ്ങയുടെ നാമം വാഴ്ത്തി ഇവിടെ...സ്വര്‍ഗത്തില്‍...

ദൈവം കള്ളന്‍ കുമാരന്‌ നേരെ തിരിഞ്ഞു..

    ''കുമാരാ നീ എന്തിനു മോഷ്ടിച്ചു..??അതും എന്‍റെ നേര്‍ച്ച പെട്ടികളില്‍ നിന്നും??"

പ്രഭോ...ഞാന്‍ മോഷ്ടിച്ചത് എന്റെ നാഥനായ അങ്ങില്‍ നിന്നും മാത്രമാണ്..ഞാന്‍ എന്നും മോഷ്ടിക്കുന്നതിനു മുന്‍പ് അങ്ങയുടെ അനുവാദം വാങ്ങിയിരുന്നു...ഞാന്‍ മോഷ്ടിച്ചത് എന്റെ കുടുംബത്തിന്റെ വിശപ്പ് അകറ്റാന്‍ മാത്രമാണ്..ഞാന്‍ മോഷ്ടിച്ചത്  എന്‍റെ മക്കളുടെ പഠനത്തിനു വേണ്ടിയാണ്..ഓരോ കാര്യസാധ്യവും പറഞ്ഞ് ജനങ്ങള്‍ അങ്ങേക്ക് നല്‍കുന്ന പൈസ അവസാനം എത്തി ചേരുന്നത് അര്‍ഹതയില്ലാത്ത ചില കൈകളില്‍..ഞാന്‍ അതില്ലാതാക്കാന്‍ മോഷ്ടിച്ചു..തെറ്റ് ആണെങ്കില്‍ അങ്ങ് എനിക്ക് നരകം വിധിക്കുക..


      "നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും ആഗ്രഹങ്ങള്‍?"

       "തിരുമേനി എനിക്ക് സ്വര്‍ഗത്തിലെ ഭരണ സമിധിയില്‍ ഒരു ഇടം തരണം..ധനകാര്യ വകുപ്പ് ആയാല്‍ സന്തോഷം.." മന്ത്രി ആത്മാവ് തന്റെ മനം തുറന്നു...

        കള്ളന്‍ കുമാരന്‍ കരയുകയായിരുന്നു..ഒന്നും പറയുവാന്‍ സാധിക്കാതെ..ദൈവം ചോദിച്ചു.. 

       "എന്താ കുമാരന്‍ നിനക്ക് ഒന്നും പറയാനില്ലേ??'"

ദൈവമേ..ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നത് എന്റെ മകളുടെ സെമസ്റ്റര്‍ ഫീസ്‌...ഒരു ദിവസം കൂടി അങ്ങ് തന്നിരുന്നെങ്കില്‍ ഞാന്‍ അയ്യപ്പന്‍ കോവിലിലെ...നേര്‍ച്ച പെട്ടി  മോഷിച്ച് അത് കൊടുത്തേനെ.."

ദൈവം സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറന്നു...അവിടെ കാവല്‍ മാലാഖമാര്‍...ദൈവം മന്ത്രിയെ നോക്കി..പിന്നെ കുമാരനെ നോക്കി..

       "കുമാരന്‍..നിനയ്ക്ക് സ്വര്‍ഗ്ഗരാജ്യം വിധിച്ചിരിക്കുന്നു..പിന്നെ നിന്റെ സങ്കടം.നിന്‍റെ മകള്‍ പഠിക്കും..അതിനു വഴി ഞാന്‍ കാണിച്ചു കൊടുക്കാം..നീ ഭയക്കണ്ട..

    ദൈവം മന്ത്രിയുടെ നേരെ നോക്കി...മന്ത്രി സ്വര്‍ഗ്ഗത്തിന്റെ വാതിലിലൂടെ അതിന്‍റെ സമൃദ്ധി നോക്കി നില്‍കുമ്പോള്‍ വിധി വന്നു...

       "നിനയ്ക്ക് നരകം.."

"ഇതെന്ത് നീതി പ്രഭോ.. ജനസേവകനായ എനിക്ക് നരകം..??ഈ കള്ളനു സ്വര്‍ഗ്ഗം??"

       "അവന്‍ കട്ടത് എന്‍റെ മുതലാണ്‌...സ്വന്തം കാര്യം നടന്ന്‍ കാണാന്‍ വേണ്ടി മാത്രം എനിക്ക്ചിലര്‍ തരുന്ന കൈകൂലിയില്‍ നിന്നും ഒരു പങ്കാണ് മോഷ്ടിച്ചത്.. അവനോടു ക്ഷമിച്ചിരിക്കുന്നു...നീ കട്ടത് അവനെ പോലുള്ള ലക്ഷ കണക്കിന് പാവങ്ങള്‍ അനുഭവിക്കേണ്ട മുതലാണ്‌.പൊതു മുതല്‍ മോഷ്ടിച്ച് നീ നിന്‍റെ നിയമങ്ങള്‍ കൊണ്ട് നിന്നെ സംരക്ഷിച്ചു..നിന്നെ പ്രതിനിധിയക്കിയവരെ വഞ്ചിച്ചു....അവര്‍ ആരും തന്നെ നിന്നോട് ക്ഷമിക്കില്ല..മാത്രമല്ല..നിനയ്ക്കും നിന്റെ പത്ത് തലമുറകള്‍ക്കും നരകമാണ് വിധി..കാരണം ഭൂമിയില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലാണ്‌ ജീവിക്കുന്നത്.."നരലോകം പല നിയമം..പരലോകം ഒരു നിയമം"

"മന്ത്രിയ്ക്ക് മുന്നില്‍ നരകവാതില്‍ തുറക്കപെട്ടു..അവിടെ അയാള്‍ക്ക് പരിചിതമായ പല മുഖങ്ങള്‍...പല പഴയ കാല അഴിമതിക്കാരായ നേതാക്കള്‍...??

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ