
ആ ജന്തു വൈകുന്നേരം വിളക്ക് വെച്ചത് മുതല്‍ തുടങ്ങിയ കുരയാണ്..ഇപ്പോഴും നിര്‍ത്തിയിട്ടില്ല..പല വട്ടം ഓടിച്ച് വിട്ടിട്ടും പിന്നേയും തിരിച്ച് വന്നു പോര്‍ച്ചില്‍ നിന്നും മോങ്ങുന്നു..കുരയ്ക്കുന്നു..ഭക്ഷണം കഴിയ്ക്കുവാന്‍ ഇരിക്കുമ്പോള്‍ കുര അസഹ്യമായ അവസ്ഥയില്‍...മനസ്സില്‍ കെട്ടി കിടന്ന ദേഷ്യം പുറത്തേക്ക് തികട്ടി..
" ആ ജന്തുനെ ഞാന്‍ കൊല്ലും..."
എന്റെ വാക്കുകള്‍ അനുജത്തിയ്ക്ക് ഇഷ്ടമാവില്ല...അവള്‍ ഒരാളാണ് ആ വയസ്സന്‍ നായയെ സ്നേഹിക്കുന്നത്...എനിക്ക് അതിനെ കാണുന്നതേ ഇഷ്ടമല്ല...എന്നും കോളേജില്‍ പോകാന്‍ തയ്യാറായി പോര്‍ച്ചില്‍ എത്തുമ്പോള്‍ വാലാട്ടി അടുത്ത് വരും..അത് അരികില്‍ വരുമ്പോള്‍ പുഴുത്ത നാറ്റം...ചുറ്റും പറക്കുന്ന ചെള്ളുകള്‍..ശരീരം നിറയെ മറ്റ്നായകളുടെ കടിയേറ്റ പാടുകള്‍..ഷൂവിട്ട കാല് കൊണ്ട് എന്നും രാവിലെ ഒരു തൊഴി കൊടുക്കും...മോങ്ങി കൊണ്ട് ഓടുമ്പോള്‍ പിന്നില്‍ നിന്നും അനുജത്തി..
"ഞാന്‍ മേനക ഗാന്ധിയ്ക്ക് കത്തെഴുതും.."
"കൂടെ ആ രഞ്ചിനി ഹരിദാസിനും കൂടി എഴുതിക്കോ ..
അവള്‍ക്കുള്ള മറുപടി.അവള്‍ ഒരാളാണ് ആ ജന്തു ജീവനോടെയിരിക്കുന്നതിന് കാരണം.ഒരു ഉപകാരമില്ലാതെ വെറുതെ പോര്‍ച്ചില്‍ കിടക്കുന്ന നായക്ക് അവള്‍ മാത്രമാണ് ഇടയ്ക്ക് ആരും കാണാതെ ഭക്ഷണം കൊടുക്കുന്നത്..പുതിയ ഒരു അല്‍സേഷന്‍ നായയെ കൊണ്ട് വന്നത് മുതല്‍ ആ ജന്തുവിനെ ഒഴിവാക്കാന്‍ പലവട്ടം തുനിഞ്ഞതാണ്..അനുജത്തിയുടെ കണ്ണ്‍ നീര്‍ എല്ലാത്തിനും തടസ്സം..
ഭക്ഷണം കഴിച്ച് പുറത്ത് വന്നു നോക്കുമ്പോള്‍ വീരന്‍ എന്നാ നായ അതെ അവസ്ഥ..കുരയോട് കുര, അസഹനീയമായ കുര...തല്ലി ഓടിക്കാന്‍ വടിയുമായി ഇറങ്ങിയതും പുറകില്‍ നിന്നും അമ്മ..
"ഡാ ചെക്കാ...അതിനു പേ ഇള്കീന്ന തോന്നുന്നേ...ഇങ്ങട് കേറി പോര്.."
അമ്മയുടെ വാക്ക് ശരി വെച്ച് അകത്ത് കയറി ജനലിലൂടെ നോക്കുമ്പോള്‍ പുറത്ത് പോര്‍ച്ചില്‍ നോക്കി ഭ്രാന്ത് പിടിച്ച പോലെ കുരക്കുന്ന വീരന്‍.. ആ ജന്തുവിനെ അവസാനിപ്പിക്കാന്‍ മാര്‍ഗ്ഗം ആലോചിച്ചു...സുഹൃത്ത് വിഷ്ണു പറഞ്ഞ മാര്‍ഗ്ഗം നാളെ ചെയ്യണം..."ഇറച്ചിയില്‍ കാഞ്ഞിര വേര് ഇട്ടു കൊടുക്കണം..അടുത്ത ദിവസം ചത്ത് മലച്ച് കിടയ്ക്കും.."
അനുജത്തി അറിയാതെ ചെയ്യണം...കാഞ്ഞിര വേര് സംഘടിപ്പിക്കാന്‍ വിഷ്ണുവിനെ വിളിച്ച് പറഞ്ഞു..അവന്‍റെ വീടിനടുത്ത് ഒരു മന പറമ്പില്‍ സാധനം ഉണ്ടത്രേ...
ഉറങ്ങാന്‍ കിടയ്ക്കുമ്പോള്‍ ആ കുര കേട്ടു..മനസ്സ്പറഞ്ഞു.."നിന്‍റെ ഒടുക്കത്തെ കുരയാടാ" വീണ്ടും കുര കേള്‍ക്കുന്നു..ഗംഭീരം ഇല്ല..എന്നാലും ഉച്ചത്തില്‍ കേള്‍ക്കാം..പണ്ട് വീരന്‍ എന്ന് പേരുള്ള ഈ നായ എല്ലാവരുടെയും പേടി സ്വപ്നമായിരുന്നു..
ഒരു നാടിനെ വിറപ്പിച്ച വീരന്‍ വയസ്സായപ്പോള്‍ ഒരു ചാവാലി ആയി മാറി..പണ്ട് വീരന്‍ വീരന്‍ തന്നെ ആയിരുന്നു..പാത്ത് പതുങ്ങി പറമ്പിലേക്ക് വരുന്ന കൊടിച്ചി പട്ടികളും,അടുക്കളയിലേക്ക് ഉന്നം വെച്ച് വരുന്ന കാടന്‍ പൂച്ചകളും, രാത്രിയില്‍ കോഴി കോഴികൂടിനടുത്ത് വരുന്ന കുറുക്കന്മാരും, അസമയത്ത് വഴിയിലൂടെ പോകുന്ന ചില മനുഷ്യ ജന്മങ്ങളും വീരന്റെ ഉശിര് അടുത്തറിഞ്ഞവര്‍ തന്നെ..പകല്‍ സമയം ഉറക്കം..രാത്രി വീട് കാവല്‍..അവന്‍റെ നല്ല സമയത്ത് രാജാവായിരുന്നു..എന്നാലിപ്പോള്‍ ചില്ല പട്ടികള്‍ പോലും കടിച്ചവനെ കുടയുന്നു..ഒരു കണ്ണിന് ലേശം കാഴ്ച പോലും നഷ്ടമായിരിക്കുന്നു..അവന്‍ ചിന്തിച്ച് എപ്പോള്‍ ഉറങ്ങി പോയെന്ന്‍ അറിയില്ല..ഉറങ്ങും വരെ നേര്‍ത്ത കുര കേള്‍ക്കാമായിരുന്നു..
പിറ്റേന്ന് പ്രഭാതത്തില്‍ വീരന്റെ കുര കേട്ട് തന്നെ ആണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്..കോളേജില്‍ പോകാന്‍ തയ്യാറായി പോര്‍ച്ചില്‍ എത്തിയതും ആ ജന്തുവിന്റെ ശൌര്യം വര്‍ദ്ധിച്ചു.. വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം എന്‍റെ നേരെ കുരച്ച് മുന്നോട്ട്..പിന്നില്‍ നിന്നും അമ്മ പറഞ്ഞു..
"മോനെ..വേണ്ടാ..പേയിളകിയതാ..ആയിനടുത്ത് പോണ്ടാ..."
കയ്യില്‍ കിട്ടിയ തറ തുടക്കുന്ന ബ്രഷ് എടുത്ത് അതിന്‍റെ വടി ഭാഗം കൊണ്ട് കുരക്കുന്ന ജന്തുവിനെ ഒന്ന്‍ തൊഴിച്ചു..മോങ്ങിക്കൊണ്ട് നായ പോര്‍ച്ചിന് വെളിയിലേക്ക് ഓടി മാറിയ സമയത്ത് വടിയുമായി പുറത്തേക്കിറങ്ങി..ഹെല്‍മെറ്റ് എടുക്കാന്‍ കാര്‍ പോര്‍ച്ചിലെ ഷെല്‍ഫിനു സമീപം എത്തിയപ്പോള്‍ അവന്‍ വീണ്ടും കുരച്ച് അടുത്തെത്തി..വടി ഓങ്ങിയിട്ടും പിന്മാറാന്‍ കൂട്ടാക്കാതെ കലിയോടെ,കുരച്ച്.ഹെല്‍മെറ്റ് എടുത്തതും വീരന്‍ എന്‍റെ മേലേക്ക് ചാടി വീണു..ഒരു കണക്കിന് ഒഴിഞ്ഞു മാറിയതിനാല്‍ ഒന്നും സംഭവിച്ചില്ല...ഹെല്‍മെറ്റ് താഴെ വീണു..കയ്യില്‍ നിന്നും വടി തെറിച്ച് പോയി,,ഭയത്തോടെ ഞാന്‍ അവിടെ നിന്നും പിന്മാറിയപ്പോള്‍ വീരന്‍ ഹെല്‍മെറ്റ് ആക്രമിക്കാന്‍ തുടങ്ങി..പഴയക്കാലത്തെ അവന്‍റെ ശൗര്യം മുഴുവന്‍ വെളിയില്‍ കാണിച്ച് ഹെല്‍മെറ്റ് കടിച്ച് കുടയുന്നു..
ഒരു വേള ഞാന്‍ നോക്കിയപ്പോള്‍ ഹെല്‍മെറ്റിനകത്ത് നിന്നും ഒരു പാമ്പ് പുറത്തേക്ക്...പത്തി വിടര്‍ത്തി വീരന് മുന്നില്‍..പിന്നെ പാമ്പും വീരനുമായി ഒരു യുദ്ധം.. മൂര്‍ഖന്‍ കൊത്തിയിട്ടും വീരന്‍ തന്റെ കടി വിട്ടില്ല...പാമ്പിനെ കടിച്ചു മുറിച്ച് കഷ്ണമാക്കി മാറ്റി അവന്‍ എന്റെ നേരെ നോക്കി...എന്നെ രക്ഷിച്ച കടമയോടെ അവന്‍ ഒന്ന് മോങ്ങി കരഞ്ഞു..പിന്നെ വാടി തളര്‍ന്നു വീണു..മരണത്തിനെ തേടി പോകുമ്പോള്‍ ആ കണ്ണുകള്‍ എന്നെ തന്നെ നോക്കി....കണ്ണുകളില്‍ ഉരുണ്ടു കൂടിയ കണ്ണുനീര്‍ തുള്ളികള്‍ തുടച്ചു ഞാന്‍ അവനെ നോക്കുമ്പോള്‍ കഴിഞ്ഞ ഒരു രാത്രി മുഴുവന്‍ എന്നെ രക്ഷിക്കാന്‍ ശ്രമിച്ച ആ വീരനെ ഞാന്‍ തിരിച്ച് സ്നേഹിക്കാന്‍ തുടങ്ങുകയായിരുന്നു...അപ്പോഴേക്കും അവസാനത്തെ ചലനവും അവനില്‍ നിന്നും വിട്ടകലുന്ന പോലെ...എങ്കിലും ആ കണ്ണുകള്‍ എന്‍റെ നേരെ മാത്രം നോക്കി..കൂടിനുള്ളില്‍ കിടക്കുന്ന പുതിയ അല്‍സേഷന്‍ നായ ഇതൊന്നുമറിയാതെ സുഖമായ പകലുറക്കത്തില്‍ ലയിച്ച്..ചത്ത് കിടക്കുന്ന പാമ്പിനു നേരെ അവന്‍ അവസാനമായി ഒന്ന്‍ മോങ്ങി കുരച്ചു..പിന്നെ ഒന്ന്‍ പിടഞ്ഞ് മരണത്തിലേക്ക്..
മനസ്സ് ദുഖം കൊണ്ട് മൂടി പോയ നിമിഷം..പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്ത് തുടങ്ങിയപ്പോള്‍ കണ്ണുകള്‍ തുടച്ച്, നിശ്ചലമായി കിടക്കുന്ന വീരനെ നോക്കി .മറുതലക്കല്‍ കൂട്ടുക്കാരന്‍ വിഷ്ണു...
"ഡാ,,കാഞ്ഞിര വേര്..കിട്ടിട്ടോ..നിന്‍റെ നായയുടെ ചീട്ട് ഇന്നത്തോടെ വെട്ടിക്കോ..."
മറുപടി പറയാന്‍ കഴിയാതെ ഫോണ്‍ കട്ട് ചെയ്ത് വീണ്ടും വീരനെ നോക്കി..അടര്‍ന്ന് പോയ നീര്‍ തുള്ളികള്‍ തുടച്ച് മനസ്സില്‍ എല്ലാ ദൈവങ്ങള്‍ക്കും കരഞ്ഞുകൊണ്ട് കൊണ്ട് നന്ദി പറഞ്ഞു..അപ്പോഴും ആ കണ്ണുകള്‍ എനിക്ക് നേരെ നീളുന്ന യജമാന സ്നേഹത്തിന്‍റെ മുത്തുകള്‍ പോലെ തിളങ്ങുകയായിരുന്നു............
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..
http://harishkdlr.blogspot.in/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ