2015, ജൂൺ 12, വെള്ളിയാഴ്‌ച

വാസുദേവ ദുരിതം...

                               


                                               അങ്ങിനെ നീണ്ട ഒരു കാത്തിരിപ്പിന് വിരാമമായി വാസുദേവ എംബ്രാന്തിരിയ്ക്ക് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്നും ഒരു വിളി വന്നു.താത്കാലികമായി ലഭിച്ച കഴകം ഒരു തരത്തില്‍ അയാളുടെ ഒന്നുമില്ലാത്ത അവസ്ഥയ്ക്ക് ഒരു സ്വാന്തനമായി.വയസ്സ് മുപ്പതുകള്‍  പിന്നിട്ടിട്ടും, രണ്ട്‌ എം.എ ബിരുദം ഉണ്ടായിട്ടും, ഒരു പാട് പി.എസ്.സി ടെസ്റ്റ്‌ എഴുതിയിട്ടും കിട്ടാതെ അവസാനം കിട്ടിയ പണി അയാള്‍ നല്ല മനസ്സോടെ സ്വീകരിച്ചു..

                              "അച്യുതം കേശവം രാമ നാരായണം..
                                കൃഷ്ണ ദാമോദരം വാസുദേവം ഹരീം
                               ശ്രീധരം മാധവം ഗോപികാ വല്ലഭം
                                ജാനകി നായകം രാമചന്ത്രം ബജേ...''

                                                ദീപാരാധനയ്ക്ക് അത്യാവശ്യം ആളുകള്‍ വന്നെങ്കിലും പുഷ്പാഞ്ജലിയുടെ എണ്ണം കുറവായിരുന്നു..ദേവസ്വംബോര്‍ഡ് പിശുക്കി നല്‍കുന്ന ശമ്പളം ഒന്നിനും തികയില്ല..കിട്ടുന്ന ദക്ഷിണ കൊണ്ട് കാര്യങ്ങള്‍ നടത്തി വരുമ്പോളാണ് ഒരു മുന്നറിയിപ്പും കൂടാതെ ജയലക്ഷ്മി വാസുദേവന്‍‌ എംബ്രാന്തിരിയുടെ ജീവിതത്തിലേക്ക് കടന്ന്‍ വന്നത്..തുളസി മാല പരസ്പരം ചാര്‍ത്തി സിന്തൂരം അണിയിച്ച് ഒരു പുടവ കൊടുക്കല്‍..മുറപ്പെണ്ണ്‍ ഒരു നല്ല ജോലി അയാള്‍ക്ക് കിട്ടുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ ഒടുവില്‍ അത് സംഭവിച്ചു..

                               ''എല്ലാരും ഗുരുവായൂര്‍ക്ക് ...ഇവിടേം
                                 ദാ ഈ കോവിലില്‍
                                 ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്ന്യാ.."

                                                 എല്ലാവരോടും കഷ്ടപ്പാടും, ദുരിതവും പറയുന്ന കൂട്ടത്തില്‍ വാര്യര്‍ ഡോക്ടറോടും തുറന്നു പറഞ്ഞു പോയി. ദക്ഷിണ വരവ് മഴക്കാലമായതോടെ പകുതിയായി..മൂന്നാമത് ഒരാള്‍ കൂടി ജീവിതത്തില്‍ കടന്നു വരുന്നതിന്‍റെസൂചനകള്‍ ജയലക്ഷ്മിയില്‍ കണ്ടു തുടങ്ങിയിരിക്കുന്നു..

                                 "അത് ശര്യാ എംബ്രാന്തിരി..
                                  പക്ഷെ നമുക്ക് എല്ലാര്ക്കും             
                                  മുതിരന്നവരെക്കാള്‍ ഇഷ്ടം കുഞ്ഞുങ്ങളോടാ..‍     
                                  ഗുരുവായൂര്‍ അമ്പാടി കണ്ണനാ...
                                  ഇവിടെ മുതിരന്ന ശ്രീകൃഷ ഭഗവാനും..."
                                  
                                                
                                                   എന്തായാലും അധികം താമസിയാതെ വാസുദേവ എംബ്രാന്തിരി അത് തിരിച്ചറിഞ്ഞു..വീടിനുള്ളില്‍ ഒരു കുഞ്ഞി കണ്ണന്‍ തന്‍റെ ബാല്യം ആരംഭിച്ചതോടെ..അതിനു ശേഷം ദീപാരാധന കഴിയുമ്പോള്‍ ശ്രീകോവില്‍ അടയ്ക്കുന്നതിന് മുമ്പ് ഭഗവാനോട് തന്‍റെ പരാധീനതകള്‍,ദുരിതങ്ങള്‍ പറയുവാന്‍ അയാള്‍ കൂടുതല്‍ സമയം കണ്ടെത്തി..
എന്തായാലും എല്ലാം കേട്ട് കള്ളകൃഷ്ണന്‍ പുഞ്ചിരിച്ചു...എല്ലാവരെയും നോക്കി ചിരിയ്ക്കുന്നത് പോലെ..നാളുകള്‍ ഏറെ കഴിഞ്ഞപ്പോള്‍ ഒടുവില്‍ അത് സംഭവിച്ചു.."ഐയ്ജ് ഓവര്‍" ആകാന്‍ കുറച്ച് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ വാസുദേവന്‍‌ എംബ്രാന്തിരിയെ തേടി വീണ്ടും ഒരു വിളി വന്നു.എത്രയും വേഗം "കൃഷി വകുപ്പില്‍ ക്ലാര്‍ക്ക് ആയി ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ്..ദിവസം പൂജിയ്കുന്ന ജോലി വിട്ട് മറ്റൊരു നഗരത്തിലേക്ക് കുടുംബം പറിച്ചു നടാനുള്ള സമയം..

                                   "ഈ ഗവര്‍മെന്റ് ജോലി കൊണ്ട് ഒരു കാര്യല്ലാ...
                                    ഒന്നിനും തെകയില്ല എണ്ണി ചുട്ട മാസപ്പടി..
                                    കൈകൂലി വാങ്ങാന്‍ ന്നെ കൊണ്ടാവില്ല..
                                    ഒരു വഴി ദൈവം കാണിച്ച്
                                    തരുമായിരിക്കും..ല്ലേ..ന്റെ കൃഷ്ണാ.."

                                                   വാസുദേവന്റെ ദുരിതം അവിടെയും തീര്‍ന്നില്ല..വാടക വീട്ടില്‍ നിന്നും സ്വന്തമായി കൊച്ചു വീട്.വീട് പണിയാന്‍ ഹൌസിംഗ് ലോണ്‍..മൂത്ത മകന് കൂട്ടായി ഒരു മകള്‍...അയാള്‍ വീണ്ടും വീട്ടിലെ കൊച്ചു പൂജ മുറിയില്‍ ഇരുന്ന്‍ തന്‍റെ ദുരിതങ്ങള്‍ ദൈവത്തിനോട്  പറഞ്ഞു. മകനെ പഠിപ്പിക്കാന്‍ നഗരത്തിലെ പുതിയ സി.ബി.എസ്.ഇ സ്കൂളില്‍ ചേര്‍ത്തതോടെ അയാള്‍ക്ക് ഉറക്കം കുറഞ്ഞു..ജോലിയില്‍ ശ്രദ്ധ ഇല്ലാതായി..ഭാവിയെ കുറിച്ച് ആകുലതകള്‍ കൂടി..ഓരോ ദിവസവും വില കൂടി വരുന്ന പച്ചക്കറികള്‍, മില്‍മ പാല്‍, കരണ്ട് ബില്‍,ബസ്സ് ചാര്‍ജ്ജ് .എല്ലാം ദിവസവും  വാസുദേവന്‍‌ പരാതി പട്ടികയില്‍ ഉള്‍പെടുത്തി.അതിനിടയില്‍ ഒരു വലിയ തലവേദന സൃഷ്ടിച്ചുകൊണ്ട് ഭാര്യ ജയലക്ഷ്മി ഒരു പ്രസ്താവനയിറക്കി..."മൂന്നാമതൊരു കുട്ടി കൂടെ വേണം എന്ന വലിയ ആവശ്യം..വളര്‍ന്നു വരുന്ന ജീവിത ചിലവിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന വാസുദേവന്‍‌ എംബ്രാന്തിരി ആ ആവശ്യം ഒരാവശ്യമാണെന്ന് പറഞ്ഞെങ്കിലും വാമഭാഗം വഴങ്ങിയില്ല..പുതിയ ഒരു സ്ഥാന ചലനം എത്രയും വേഗത്തില്‍ വേണമെന്ന് ചിന്ത വാസുദേവന്റെ തലയില്‍ ഉടലെടുത്തു..പൂജ മുറിയിലെ പരാതികള്‍ കൂടിയപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ വഴി വീണ്ടും ഒരു വിളി വന്നു..

                                    "അല്ല നമ്പൂരി നിങ്ങള്‍ പ്രൊബേഷന്‍
                                      കയിഞ്ഞിട്ട്‌ കാലം ഇച്ചിരി ആയില്ലേ
                                      ലീവെടുത്ത് ഗള്‍ഫില്‍ പോയി കൂടെ..?
                                      ലുലു ന്‍റെ സൂപ്പര്‍ മാര്‍ക്കറ്റില്‍
                                     നല്ല  ചാന്‍സ് വന്നിട്ടിണ്ട്.."

                                                     
                                                  ഒടുവില്‍ അതും സംഭവിച്ചു. ജോലിയില്‍ നിന്നും ലീവെടുത്ത്   വാസുദേവന്‍‌ എംബ്രാന്തിരി ദുബായിലേക്ക് ജോലിയ്ക്ക് പോകാന്‍ തീരുമാനമായി..കാച്ചിയ എണ്ണയും, ഉപ്പിലിട്ടതും, ഭസ്മവും, പിന്നെ ഒടുവില്‍ കൃഷ്ണ ഭഗവാന്റെ ഒരു ചിത്രവും കൊണ്ട് പോകാനുള്ള ബാഗില്‍ സ്ഥാനം പിടിച്ചു..രണ്ട്‌ മക്കളെയും, മൂന്നാമത്തെ കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്ന ഭാര്യയേയും പിരിഞ്ഞ് എംബ്രാന്തിരി, കണ്ണീരോടെ യാത്ര ചൊല്ലി വിമാന താവളത്തില്‍ എത്തി...ലോഞ്ചില്‍ ദുഖിതനായി ഇരിക്കുമ്പോള്‍ മദ്യം മണക്കുന്ന ശരീരവുമായി ഒരാള്‍ അടുത്ത് വന്നിരുന്നു..മുഖവുരയില്ലാതെ അയാള്‍ സ്വയം പരിചയപെടുത്തി.കാനഡയില്‍ ജീവിക്കുന്ന ഒരു ടിപ്പിക്കല്‍ അച്ചായന്‍..ദുബായ് വഴി ട്രാന്‍സിറ്റ്. പൊങ്ങച്ചം നിറഞ്ഞ വാക്കുകള്‍..അതിനൊടുവില്‍ പാവം വാസുദേവന്‍‌ എംബ്രാന്തിരിയുടെ നെഞ്ചില്‍ മറ്റൊരു മോഹത്തിന്റെ തിരി കൊളുത്തി..

                                "നിങ്ങളെ പോലുള്ള ആളുകള്‍ എന്തിന്
                                  ദുബായില്‍ പോയി  ജ...ജീവിതം കളയണം...
                                  അങ്ങ് ക..കാനഡയില്‍ വരൂ..
                                  അവിടെ സുഖ ജീവിതം ന..നയിക്കാം..മൈഗ്രേഷന്‍ 
                                  വ..വളരെ ലളിതം..കുട്ടികള്‍ക്ക് നല്ല വിദ്യയും കിട്ടും.

                                                    എംബ്രാന്തിരി തന്‍റെ പെട്ടിയെ നോക്കി..ദുബായില്‍ എത്തിയാല്‍ ഉടന്‍ തന്നെ പെട്ടിയില്‍ നിന്നും ഭഗവാനെ പുറത്തെടുത്ത് പരാതികളില്‍ ക്യാനഡ ഉള്‍പെടുത്താന്‍ അയാളുടെ മനസ്സ് കൊതിച്ചു..അയാളുടെ വാസുദേവ ദുരിതം കേള്‍ക്കാന്‍ ഭഗവാന്‍റെ ഫോട്ടോ ഉള്‍പെട്ട പെട്ടി കന്വേയര്‍ ബെല്‍റ്റിലൂടെ അടി കളിച്ച് മുന്നോട്ട് പോയി..ദുബായ് വിമാനം ലക്ഷ്യമാക്കി...                         
                               


                                               

                       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ