2015, ജൂൺ 16, ചൊവ്വാഴ്ച

കാട്ടു ചൊടല...."





              മീനവെയില്‍ കത്തിയെരിഞ്ഞ ശിരുവാണി മേടുകള്‍ അന്തി നേരം വന്നപ്പോള്‍ ചുവന്നു തുടുത്തു. കാട്ടു ചൊടല തേന്‍ എടുക്കാന്‍ കയറിയ മരത്തിന്‍റെ മുകളില്‍ നിന്നും പടിഞ്ഞാറ് ദിക്കിലേക്ക് നോക്കി..കൊടുങ്ങല്ലൂര്‍ കാവില്‍ ഭരണി കൊടി കയറുന്ന സമയം..ചെമ്പട്ട് വിരിയിച്ച കാവില്‍ കോഴികല്ല് മൂടുന്ന ചടങ്ങ് നടക്കുന്നുണ്ടാകും..എല്ലാ വര്‍ഷവും മുറ തെറ്റാതെ ആനക്കട്ടിയില്‍ നിന്നും പോകുന്ന മലയരയന്മാരില്‍ ഒരാളായി ചൊടലയും ..ചെമ്പട്ട് പുതച്ച് വാളും, ചിലമ്പും,അരമണിയും അണിഞ്ഞു കാവിനു ചുറ്റും ചുടുനിണം ഒലിപ്പിച്ച്, പാട്ടും പാടി നടയ്ക്കുമ്പോള്‍ ഒരു വര്‍ഷം കാത്തിരുന്ന അമ്മദൈവ അനുഗ്രഹം കിട്ടുമെന്ന വിശ്വാസം..അയാള്‍ കാത്തിരിക്കുകയാണ്...രേവതി നാള്‍ വരുന്നതിനായി..കൂട്ടിവെച്ച പണം തികയും..അമ്മയെ കാണാന്‍ കൊടുങ്ങല്ലൂര്‍ പോകാനും, അമ്പലത്തിനു ചുറ്റും ഓടി നടന്നു തകര മേല്‍ക്കൂരയില്‍ കോലടിച്ച് കാവ് തീണ്ടാനും, അമ്പല വട്ടത്തില്‍ കാണുന്ന ബാറില്‍ നിന്നും ഒരല്‍പ്പം മദ്യം നുകരാനും ഭരണി തന്നെ വരണം...വര്‍ഷങ്ങളായി മുടക്കിയിട്ടില്ല...മുപ്പത്കൊല്ലം കൂടെ  ജീവിച്ച "ചെറുത്ത" മരണത്തിനു കീഴടങ്ങിയിട്ടും മുറ തെറ്റാത്ത ആചാരം..

              മരത്തില്‍ നിന്നും താഴെ ഇറങ്ങി ചോരക്ക കുംഭം അരയില്‍ തിരുകി മുന്നോട്ട് നടക്കുമ്പോള്‍ ചൊടല അറിയാതെ ഒരു കോമരമായി മാറുകയായിരുന്നു...പടിഞ്ഞാറ് ദിക്കില്‍ നോക്കി ഒരു മുഴുത്ത തെറി കലര്‍ന്ന പാട്ടും പാടി ചൊടല ഊരിലെക്ക് നടന്നു..അവിടെ കുടിയില്‍ മകള്‍ മാത്രം..മകള്‍ നിലവിളക്ക്..അച്ചന്‍ ചൊടല പോലെയോ, അമ്മ ചെറുത്ത പോലെയോ അല്ല...പേര് പോലെ സുന്ദരി...ഊരിലെ പല യുവാക്കളിലും തീ പടര്‍ത്തിയ പതിനേഴ്‌ക്കാരി..പലരും ചോടലയെ നോക്കി ചോദിച്ചു...

                               "ഇന്ക്കങ്ങനെ ഒളുണ്ടായി"??ഒള് ചുന്ത്രിയല്ലേ??
                               "കന്തെര്‍വെന്‍ കാമിച്ച് ചെരുത്തെനെ...കാട്ടീ വെച്ചു..."

              ചൊടല കുടിയിലേക്ക് നടക്കുമ്പോള്‍ വഴിയരികില്‍ അന്നും കണ്ടു...ഫോറസ്റ്റ് ക്കാരന്‍ ചെക്കനെ..തന്‍റെ വീടിനു മുന്നില്‍ അവനെ കാണാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി..ഇടയ്ക്ക് കാലത്ത് മുറ്റം തൂത്തപ്പോള്‍ സിഗരെറ്റ്‌ കുറ്റികള്‍..പിന്നെ കാക്കി നിറമുള്ള ബട്ടന്‍സ്,വീടിന്‍റെ അകത്തും സിഗരെറ്റിന്റെ ഗന്ധം..ചൊടല ഓല മറയില്‍ കൊളുത്തിയിട്ട കൊടുങ്ങല്ലൂര്‍ അമ്മയുടെ ചിത്രം നോക്കി..പിന്നെ പനമ്പ് പായയില്‍ ഉറക്ക ചുവടോടെ ഇരിക്കുന്ന മകളെയും..ഇറയില്‍ തിരുകിയ മടവാളും നോക്കി..പിന്നെ പുറത്തേക്ക്..മഴ നെഞ്ചില്‍ ഒളിപ്പിച്ച കരിമേഘം പെയ്യാന്‍ തുടങ്ങുന്നു...അയാള്‍ ഇറയത്ത്‌ ഇരുന്നു..അകലെ അരയാലുകള്‍ നിറഞ്ഞ ദേവി സന്നിധിയില്‍ ഉറഞ്ഞു തുള്ളുന്ന കോമരങ്ങള്‍, അതില്‍ ഒരുവനാകാന്‍ അയാളും മോഹിച്ചു..എല്ലാം മറന്നു തന്നാരം പാടാന്‍ കൊതിച്ചു..കുത്തിയൊലിച്ചു പെയ്യുന്ന മഴയത്ത് ഓര്‍മ്മയിലേക്ക് കടന്നു വന്ന ചില ഭൂതക്കാല സ്മരണകള്‍...കണ്ണടച്ച് അയാള്‍ കണ്ടു..കെട്ടിയ പെണ്ണ്ചെറുത്ത പൊളിഞ്ഞ നിലത്ത് കിടക്കുന്നു..തുറന്ന വാതിലിലൂടെ കൊമ്പന്‍മീശ മീശ പിരിച്ചു കണ്ണുരുട്ടി തോക്കുമായി അയാള്‍..കാടു കാക്കാന്‍ വന്നവന്‍, കണ്ണില്‍ നിന്നും അടര്‍ന്ന കണ്ണീരില്‍ അയാളെ രൂക്ഷമായി നോക്കിയപ്പോള്‍ തോക്കിന്റെ തണുത്ത സ്പര്‍ശം കഴുത്തില്‍..പേടിയോടെ ചൊടല തൊഴുത് പിന്മാറി..അങ്ങിനെ ചൊടലയുടെ ഗന്ധര്‍വന്‍ രൂപപെട്ടു..നിലവിളക്ക് ജനിച്ചപ്പോള്‍ അവള്‍ക്ക് ആ കൊമ്പന്‍ മീശ ഗന്ധര്‍വന്‍റെ ചായയായിരുന്നു..

                      രേവതി കാവിനു മുമ്പേ കൊടുങ്ങല്ലൂര്‍ എത്തണം..ആനക്കട്ടിയില്‍ നിന്നും ഏഴര വെളുപ്പിന് പോകണം..ആനക്കട്ടി,മുള്ളി, അഗളി, എല്ലാ ഊരില്‍ നിന്നും മലയരയന്മാര്‍..നട തള്ളാനുള്ള ആടും, നടയില്‍ സമര്‍പ്പിക്കാനുള്ള പൂവന്‍ കോഴിയും...


                      അവര്‍ക്ക് മുന്നില്‍ അവലും,മലരും,നാളികേരവും..മൂപ്പന്‍ പോതിയെ ഉറക്കെ വിളിച്ചു..അമ്മയെ കാണാന്‍ പോകുമ്പോള്‍ വസൂരി മാലയ്ക്ക് കാണിക്കയിടാന്‍ തുണികെട്ടില്‍ മഞ്ഞപൊടി നിറച്ചു..ക്ഷേത്രപാലന് നല്കാന്‍ കാട്ടു കദളി പഴം നിറച്ചു...അവരില്‍ ഒരാളായി ചൊടല..കൂട്ടത്തില്‍ നിലവിളക്ക് മാത്രം കാണുന്നില്ല..അയാള്‍ ചുറ്റും നോക്കി..ഇടയ്ക്ക് ഇരുട്ടില്‍ തന്റെ കുടിയിലേക്കുള്ള വഴിയില്‍ നിന്നും കാക്കി ധരിച്ച ഒരു രൂപം സിഗരെറ്റ്‌ പുകയില്‍ നിറഞ്ഞു പോകുന്നത് കണ്ടു...എല്ലാ ചടങ്ങും കഴിഞ്ഞ് ചൊടല കുടിയില്‍ എത്തിയപ്പോള്‍ അവിടെ ഒരാള്‍കൂട്ടം...ഇറയത്ത്‌ തളര്‍ന്നു കിടക്കുന്ന മകള്‍..അയാള്‍ അടുത്ത് ചെല്ലുമ്പോള്‍ ആരോ പതുക്കെ പറഞ്ഞു...

                                   ഒളുക്ക് പള്ളേല്.."

                    മലയരയന്മാര്‍ ഭരണി കൂടാന്‍ പുറപെട്ടു..കോമരങ്ങള്‍ ഉറഞ്ഞു തുള്ളി..അമ്മ ദൈവത്തെ സ്തുതിച്ച് തെറി പാട്ടുകള്‍ പാടി..നെറ്റി പിളര്‍ന്നു ചുടു നിണം കുടിച്ചു..കുന്നിനു നെറുകയില്‍ നിന്നും ചൊടല എല്ലാം കണ്ടു..അയാള്‍ക്ക് പിന്നില്‍ ഉറഞ്ഞു കൂടിയ കറുത്ത മേഘങ്ങള്‍..കരഞ്ഞു തീരാത്ത കണ്ണുകള്‍ പോലെ..വഴിനടക്കാരില്‍ ആരോ ചോദിച്ചു

                                 "നെലെവേളക് പെയച്ചാ"

                                  ഒളുക്ക് കേന്തര്‍വന്‍ കാമിച്ച്.."

                     വേദനയോടെ മറുപടി പറഞ്ഞു. ചൊടല പിന്നെയും പടിഞ്ഞാറു ദിക്കിനെ നോക്കി...സൂര്യന്‍ ചെമ്പട്ട് വിരിയിച്ച് കാവ് തീണ്ടാന്‍ ഒരുങ്ങിയിരിക്കുന്നു...കോമരങ്ങള്‍ പോലെ തുള്ളുന്ന കാട്ടുമരങ്ങള്‍..അമ്മദൈവം കൈ വെടിഞ്ഞ മീനമാസത്തിലെ അന്തിവെയില്‍ പൂകി ചൊടല കണ്ണുകള്‍ നിറഞ്ഞു പാടാന്‍ തുടങ്ങി..ഉറക്കെ...ആ പാട്ട് കൊടുങ്ങല്ലൂര്‍ കാവിലെ അരയാല്‍ മരങ്ങള്‍ ഏറ്റ് പാടി...

                                  "താനാരം തന്നാരം തക താനാരം തന്നാരം

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ