2015, ജൂൺ 16, ചൊവ്വാഴ്ച

അതിര്‍ത്തികള്‍ ഇല്ലാതിരുനെങ്കില്‍.....

             
                   
                   "കറാച്ചി ജിന്ന ഇന്റര്‍നാഷണല്‍" വിമാനത്താവളത്തില്‍ എമിരേറ്റ്സ് എയര്‍വെയ്സ് വിമാനത്തില്‍ വന്നിറങ്ങിയപ്പോള്‍ വിരലില്‍ നിന്നും തല വരെ ഒരു വിറയല്‍ പടര്‍ന്നു..നല്ല അയല്‍ക്കാരല്ലാത്ത രണ്ടു രാജ്യങ്ങള്‍..അതിലൊരു രാജ്യത്തിന്റെ മലയാളി പരിവേഷത്തില്‍ ഞാന്‍..വിമാനത്തില്‍ കണ്ട അതെ തുറിച്ചു നോട്ടമായിരുന്നു എനിക്ക് കറാച്ചിയിലും ലഭിച്ചത്..ഉദ്യോഗസ്ഥര്‍ മുതല്‍ ക്ലീനിംഗ് ജോലിക്കാര്‍ വരെ നോക്കി..ആ നോട്ടത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലായിരുന്നു..

"നിനെക്കെന്താ പാകിസ്താനില്‍ കാര്യം??" "റോ" അയച്ച ചാരന്‍??

                മനുഷ്യന്‍ എല്ലായിടത്തും ഒന്ന് പോലെ തന്നെ..ഈ പാകിസ്ഥാനി സഹോദരന്‍ നാളെ ഞങ്ങളുടെ കൊടുങ്ങല്ലൂര്‍ നഗരത്തിലൂടെ നടന്നാല്‍ ഇതേ സംശയ കണ്ണുകള്‍, എന്റെ കണ്ണുകള്‍ അടക്കം അവനെ പൊതിയില്ലേ??

തീര്‍ച്ചയായും..

              എമിഗ്രേഷന്‍ ഒരു നീണ്ട ചടങ്ങ് തന്നെ ആയിരുന്നു..കൊച്ചി വിമാനത്താവളത്തില്‍ ഇടയ്ക്ക് അനുഭവപെടുന്ന അതേ അവസ്ഥ. പേര് വായിച്ചും, വിസ നോക്കിയും, പാസ്പോര്‍ട്ട് പല വട്ടം മറിച്ച് നോക്കിയും,സ്കാന്‍ ചെയ്യാന്‍ പ്രധാന പേജ് ഉരച്ച് നോക്കിയും, പിന്നെയും മുഖത്ത് നോക്കിയും,

"തും കിതര്‍ ജാത്താ ഹേ..കൊണ്സി കമ്പനി ഹേ.."

             എല്ലാം വിസയില്‍ ലേഖനം ചെയ്തിട്ടും ചോദ്യങ്ങള്‍..മിത്സുബിഷി ഹെവി ഇന്ടസ്ട്ര്യിയില്‍ ആണെന്നും, സിന്ദ് നൂരിയാബാദ് പവര്‍ കമ്പനിയുടെ 100 മെഗാവാട്ട് ഗ്യാസ് ടര്‍ബൈന്‍ കമ്മീഷന്‍ ചെയ്യാന്‍ വന്നതാണെന്നും, പല വട്ടം പറഞ്ഞപ്പോള്‍ പാസ്പോര്‍ട്ടില്‍ സീല്‍ പതിച്ചു..അങ്ങിനെ പാക്കിസ്ഥാന്‍ എന്ന അയല്‍രാജ്യം എന്നെ സ്വാഗതം ചെയ്യ്തു..ജിന്ന എയര്‍പോര്‍ട്ടിന്റെ പുറത്ത് എന്റെ സാരഥി കാത്തിരിക്കുന്നുണ്ടായിരുന്നു..എന്റെ നെയിം കാര്‍ഡ് തല തിരിച്ചു പിടിച്ചു..ഒരു ടിപ്പിക്കല്‍ പത്താന്‍...കണ്ണുകള്‍ ...നീണ്ട കുര്‍ത്തയും, പൈജാമയും..തടിയും, താടിയും..എനിക്ക് അയാളെ കണ്ടു പിടിക്കാന്‍ സാധിച്ചില്ല..പക്ഷെ അയാള്‍ക്ക് സാധിച്ചു..ഇറങ്ങിയവരില്‍ അവന്റെ ഭാഷയില്‍ ഒരേയൊരു മലബാറി ഞാന്‍ മാത്രം..

            കറാച്ചി ഹൈദ്രാബാദ് m9 മോട്ടോര്‍ വേയിലൂടെ പാക്‌ സുസുക്കി ജിമ്നി വാനില്‍ കറാച്ചിയുടെ വ്യാവസായിക മേഘലകള്‍ പിന്നിട്ടു ഡ്രൈവര്‍ ജാവേദിന്റെ ഉര്‍ദു ഗാനവും ആസ്വദിച്ച് നൂരിയാബാദ് ലക്ഷ്യമിട്ട്..കറാച്ചി വിട്ടതും പിന്നെ സിന്ധിലെ കൃഷിയിടങ്ങള്‍..സിന്ധു നദി ഫലപൂയിഷ്ടമാക്കി പട്ടാണി കര്‍ഷകര്‍ക്ക് കരിമ്പും,ചോളവും,ഗോതമ്പും വിളയിക്കാന്‍ ഒരുക്കിവെച്ച ഭൂമിയിലെ സ്വര്‍ഗ്ഗം..ട്രാക്ടറുകള്‍ ഉഴുത് മറിച്ച് സ്വര്‍ണ്ണം വിളയിക്കാന്‍ തയ്യാറാക്കി വെച്ച സ്വര്‍ണ്ണ നിറമുള്ള സിന്ധിലെ മണ്ണ്...ജാവേദിന്റെ ജിമ്നി ദുംബ നഗരവും കടന്നു മാലിര്‍ നദിയിലെ പാലങ്ങള്‍ മറികടന്ന്‍ 190 കിലോമീറ്റര്‍ സഞ്ചരിച്ച് കാലു നദി തീരത്തുള്ള കൊച്ചു നഗരത്തില്‍.."നൂരിയബാദ്"

           ദീര്‍ഘ ദൂര യാത്ര വയറിനെ കത്തി ജ്വലിച്ചപ്പോള്‍ ജാവേദ് എന്നെ നയിച്ചത് ഒരു അവിസ്മരണീയമായ കാഴ്ചയിലേക്ക് ആയിരുന്നു..ഞാന്‍ ഒരു "മലയാളി അവന്‍റെ ഭാഷയില്‍ "മല്‍ബാരി" ആണെന്ന തിരിച്ചറിവിന്‍റെ പുറത്തായിരിക്കണം ജാവേദ്‌ എന്നെ ആ സ്ഥലത്തേക്ക് കൊണ്ട് പോയത്.അലി ബാബ സി.എന്‍.ജി. പമ്പിന്റെ സമീപത്ത് ഇംഗ്ലീഷ് ഭാഷയിലും, ഉര്‍ദുവിലും നിലാവിന്റെയും നക്ഷത്രതിന്റെയും തിളക്കത്തില്‍ "മലബാറി ഹോട്ടല്‍". വിസ്വസിക്കനകാതെ അകത്ത് കയറിയപ്പോള്‍..എതിരേറ്റത്..

"ഇങ്ങള് ഇരിക്കീന്‍.."

         മൈലാഞ്ചി താടിയും, പഞ്ഞി തലുടിയും,തലേക്കെട്ടും, നല്ലൊരു മലപ്പുറം ചിരിയും, "അബ്ദുള്ള ഹാജി" എന്പതിനു മുകളില്‍ പ്രായമുള്ള സൂഫിവര്യനെ പോലെ ഒരാള്‍..
ചൂട് റൊട്ടിയും, കടായ് ചിക്കനും, സുലൈമാനിയും പിന്നെ മുന്നില്‍ അബ്ദുള്ള ഹാജിയും..എന്നെ കുറിച്ചുള്ള വിശേഷം കേട്ടപ്പോള്‍ ഹാജി സന്തോഷവാനായി..

"കൊടുങ്ങല്ലൂര്‍ അടുത്തല്ലേ ചങ്ങായി വൈലത്തൂര്"..ചമ്രവട്ടം വയി"

       ഞാന്‍ അതെയെന്നും ചമ്രവട്ടത്ത് പാലം വന്ന കഥയും എല്ലാം ഹാജിയോടു പറഞ്ഞു..ഹാജി അയാളുടെ കഥ പറയാന്‍ തുടങ്ങി..

"പതിനഞ്ച് വയസ്സുള്ളപ്പോള്‍ കറാച്ചിയില്‍ വന്നതാ..രാജ്യം രണ്ടായപ്പോള്‍ തിരിച്ച് പോകാന്‍ സാധിച്ചില്ല..പിന്നെ കുടുംബോം, കുട്ടികളുമായി...ഇവടെ തന്നെ കൂടി..പാകിസ്ഥാന്‍ പൌരനുമായി..
ഞമ്മള് ഇടേല് ഒന്ന് രണ്ടു വട്ടം കേരളത്തി വന്നു..ഒടുക്കം വന്നത് തൊണ്ണൂറ്റി ആറില്..ഇന്റെ താഴെയുള്ള രണ്ട്‌ കൂടപിര്‍പ്പുകള്‍ അവിടുണ്ട്..ചിലവ് കൂടീട്ടും വന്നത് സ്നേഹം കൊണ്ടാണ്..രാജ്യം രണ്ടായി പോയാലും ഒരുമ്മ പെറ്റ മക്കള് രണ്ടാകുമോ? പക്കെങ്കല് വന്നാല്‍ ഓലുക്കാ ബേജാര്‍..ഞമ്മള് വന്നു പോയിട്ടും പോലിസ് പോരെല്‍ന്ന്‍ പോകില്ല..ഞമ്മള് വല്ല തീവ്രവാദി ആണെന്നാ ഓരുടെ  വിശാരം.."പിന്നെ ഇളയ അനുശനെ നാലു കൊല്ലം മുന്പ് കണ്ടു..ഉംറയ്ക്ക് വന്നപ്പോള്‍ സൌദീല്..എന്താ ചെയ്ക..മനുശന്മാര് മനസ്സിലും അതിര്‍ത്തി കേട്ട്യാല്‍.."

       ഹാജിയുടെ നെടുവീര്‍പ്പ് എന്നെ വിഷമിപ്പിച്ചു..
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ മനുഷ്യന്‍ എന്നെ കെട്ടി പിടിച്ചു..വീട്ടിലേക്ക് ക്ഷണിച്ചു..ഇനിയും വരണമെന്ന് പറഞ്ഞു..ഹോട്ടലിലെ പണിക്കാര്‍ക്കും, അടുത്ത കടകളിലെ ആളുകള്‍ക്കും പരിചയപെടുത്തി..അവരുടെ കണ്ണുകളില്‍ ഒന്നും എയര്‍ പോര്‍ട്ടില്‍ കണ്ട സംശയ ഭാവം ഇല്ലായിരുന്നു..കഴിച്ച ഭക്ഷണത്തിന്റെ പൈസ വാങ്ങിയില്ല..മാത്രമല്ല മേശയില്‍ നിന്നും ആയിരം പാകിസ്ഥാന്‍ രുപ്പിയുടെ നോട്ടു എടുത്ത് എന്റെ നേരെ നീട്ടി പറഞ്ഞു..

"ഇത് മാറ്റി കിട്ടണ ഉറുപ്യ കൊടുങ്ങല്ലൂ പള്ളിലെ നേര്‍ച്ച പെട്ടീല്‍ ഇടോ??

        തിരിച്ച് യാത്ര പറഞ്ഞു പോകുമ്പോഴും, ജാവേദ്‌ ചോദിച്ച ചോദ്യങ്ങള്‍ ആയിരുന്നില്ല മനസ്സില്‍.."അതിര്‍ത്തികള്‍ ഇല്ലാതിരുനെങ്കില്‍...ജര്‍മ്മനി ബെര്‍ലിന്‍ മതില്‍ പൊളിച്ച് ഒന്നായത് പോലെ?? സാധിക്കില്ല..അത് രണ്ട്‌ പ്രത്യയശാസ്ത്രം രൂപപെടുത്തിയ മതില്‍ ആയിരുന്നു..

        ഇത് രണ്ട്‌..........??ഒരിക്കലും സാധിക്കില്ല..

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..

1 അഭിപ്രായം:

  1. അനുഭവിച്ചത് ലക്ഷങ്ങളാണ്, ഇനിയും ഇതു സംഭവിക്കതിരിക്കനമെങ്കിൽ ഇവിടുത്തെ കപട മതേതര വാദികളെ നമ്മൾ തിരിച്ചറിയണം. എല്ലാ മതങ്ങളും ഭാരതത്തിൽ സ്വതെന്ത്രമായി വിരാചിക്കട്ടെ, ഹിന്ദു സംസ്കാരത്തെ നമ്മുക്ക് മുറുകെ പിടിക്കാം

    മറുപടിഇല്ലാതാക്കൂ