2015, ജൂൺ 17, ബുധനാഴ്‌ച

ഞാനോത്ത പറമ്പിലെ തെങ്ങ്..."


    ഞങ്ങളുടെ തറവാട്ട് പറമ്പില്‍ ഒരു വലിയ തെങ്ങുണ്ടായിരുന്നു...
    ഒരു വലിയ വൃക്ഷ സ്മാരകം പോലെ കാലത്തെ അതിജീവിച്ച്
    ഒരു രാജവൃക്ഷം പോലെ കല്പവൃക്ഷ്ങ്ങള്‍ക്കും, കവുങ്ങുകള്‍ക്കുമിടയില്‍......
    ആ തെങ്ങിന്റെ പ്രായം എനിക്കറിയുന്ന എന്റെ വംശ വൃക്ഷാവലിയോളം കാണും..എന്റെ അഞ്ചു മുന്‍ തലമുറകള്‍ വളര്‍ത്തിയെടുത്ത മഹാവൃക്ഷം..
    "THEVALIL ആണ്ടി മകന്‍ കോരു മകന്‍ രാമന്‍ മകന്‍ ഗോവിന്ദന്‍ മകന്‍ അനന്തകൃഷ്ണന്‍ മകന്‍ ഹരീഷ് വരെ നീളുന്ന വംശാവലി കണ്ട കല്പവൃക്ഷം,,
    ആ മരം ഒരു ആവാസ വ്യവസ്ഥ ആയിരുന്നു,,
    "ഒരു പരുന്ത്‌ കുടുംബം തെങ്ങിന്‍ തലപ്പില്‍, കൂറെ മൈന കുടുംബങ്ങളും, ഒരു തേനീച്ച സമൂഹം തടിയിലെ പൊത്തുകളില്‍, താഴെ ഓന്ത്‌, പല്ലി, അരണ, പെരുച്ചാഴി, പല തരം ഉറുമ്പുകള്‍ എന്നിവ..പിന്നെ രാത്രി കാലത്ത്‌ മാത്രം വിരുന്നു വരുന്ന മൂങ്ങയും,വവ്വാലുകളും..പരസ്പരം മത്സരിക്കാതെ ഒരുമയോടെ..ഒരു വൃക്ഷ തണലില്‍..
    തെങ്ങ് കയറാന്‍ വരുന്നവര്‍ക്ക്‌ ആ തെങ്ങിനെ ഭയമായിരുന്നു..
    അതിന്റെ രാക്ഷസ ഉയരവും, തേനീച്ച സമൂഹവും ആയിരുന്നു ഭീതി ഹേതു..
    എങ്കിലും "മൂപ്പനായ" തെങ്ങ് കയറ്റക്കാരന്‍ അതില്‍ കയറുമായിരുന്നു...
    മുഴുത്ത തൊടത്തി തേങ്ങകളുടെ കൂട്ടത്തില്‍ മധുരം നിറച്ച കരിക്കുകള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി ആ മരത്തില്‍ നിന്നും വെട്ടി തരും..പിന്നെ പറയും..."ആ മരത്തിന്‍റെ മുകളിരുന്നാല്‍ അഴീകോട് കടപ്പുറത്തെ ലൈറ്റ് ഹൗസും, കിഴക്കന്‍ ആനമല നിരകളും കാണാമെന്നും,മറ്റൊരു മരത്തിലും കയറിയാല്‍ ഈ ആകാശ കാഴ്ചകള്‍ കാണാനാകില്ലെന്നും...പിന്നെ തേനീച്ച കുത്താതിന്റെ കാരണംതനിക്ക്‌ തേനീച്ച മന്ത്രം അറിയുന്നത് കൊണ്ടാണെന്നും,സ്വാഭാവികമായും അദ്ദേഹം ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഒരു ധീരനായി, ഒപ്പം എന്നെങ്കിലും അതിന്റെ മുകളില്‍ കയറി ആകാശ വീക്ഷണം നടത്താനും മോഹം സൃഷ്ടിച്ചു,.
    എന്തായാലും മൂപ്പന്റെ കാലശേഷം ആ തെങ്ങില്‍ ആരും കയറാതെ ആയി.
    മാത്രമല്ല ആവാസ വ്യവസ്ഥ മരത്തില്‍ വ്യാപിക്കാന്‍ തുടങ്ങി..
    ഒരു മരം കൊത്തി സ്ഥിരമായി കൊത്തു പണികള്‍ ഏറ്റെടുത്തു..
    പരുന്ത്‌ കുടുംബം പെരുകകയും പതുക്കെ മറ്റ് കല്പ തരുവിലെക്ക് കൂട് മാറ്റം ചെയ്യപെടുകയും, തെങ്ങില്‍ കയറുന്നവരെ ആക്രമിക്കുകയും ചെയ്യുന്ന ഒരു ദുരവസ്ഥ..പതുക്കെ ഞാനോത്തെ പറമ്പിലെ തെങ്ങിന് കാലത്തിന്റെ ക്ഷതങ്ങള്‍ ബാധിച്ചു തുടങ്ങി..." ആ മഹാ വൃക്ഷ്തോടും, അതില്‍ അതി വസിക്കുന്ന ജീവജാല സമൂഹത്തോടും അനുമതി വാങ്ങാതെ ഒരു ദിവസം കോടാലി ഉയര്‍ന്നു പൊങ്ങി.."പോര്‍ച്ചുഗീസ് കടന്നു കയറ്റത്തിനും, ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിനും, എന്റെ പിതാ മഹാന്മാരുടെ ജീവിത്തതിനും മൂക സാക്ഷിയായിരുന്ന മരം നിലംപതിച്ചു ഒരു വണ്ടിയില്‍ കയറി സോമില്ലിലെക്ക്..
    പകരം നട്ട തെങ്ങിന്‍ തൈ ഒരു കുഞ്ഞികൂനനെ പോലെ ആ സ്ഥാനത്ത്‌ നിലക്കൊള്ളുന്നു...ഒരു മഹാവൃക്ഷ സ്മരണയുമായി...

    "പുതിയതൊന്നും പഴയതിന് സമമാകുന്നില്ല...
    നഷ്ടപെട്ടതോന്നും തിരികെ വരുന്നുമില്ല.."
    ആ മഹാ വൃക്ഷത്തിനും ആവാസവ്യവസ്ഥയ്ക്കും അന്യം സംഭവിച്ചത്‌ പോലെ എന്റെ വംശ വൃക്ഷാവലിയും അന്യം നിന്ന് പോകുകയാണെന്ന സത്യം ഞാനും എന്റെ സഹോദരനും തിരിച്ചറിയുന്നു,..ഞങ്ങളുടെ പിന്‍ തലമുറക്കാര്‍ ശ്രീലക്ഷ്മിയും,പ്രിയദര്‍ശിനിയും, ദിയാഹരിയും, മിയാഹരിയുമാണ്...
    വെട്ടി മാറ്റ പെട്ട വൃക്ഷ സ്മാരകം ഇന്ന് എവിടെയെങ്കിലും ഉണ്ടാകും..
    വാതിലോ, ജനലോ, കസേരയോ, മറ്റെന്തോ ആയി ??
    വെട്ടി മാറ്റാനും തകര്‍ക്കാനും എളുപ്പമാണ്..
    നട്ടു പിടിപ്പിക്കാനും, കെട്ടി ഉയര്‍ത്താനും പ്രയാസമാണ്...
    നോട്ട്: ഞാനോത്ത പറമ്പിലെ തെങ്ങ് എന്നാ പേര് മാത്രം ഞാന്‍ കടം കൊണ്ടതാണ്...കെ.എച്ച്.നസിമുധ്ധിന്‍ കവിതയില്‍ നിന്നും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ