2015, ജൂൺ 16, ചൊവ്വാഴ്ച

ഹൃദയതാളം...

             

                        ചെമ്പട കൊട്ടി തിമിര്‍ക്കുകയാണ്‌..

                          മാരാര്‍ താളത്തിന്റെ ലഹരിയില്‍ സ്വയം മറന്നു പോയിരിക്കുന്നു..അയാളുടെ ഹൃദയ താളവും ചെണ്ടയുടെ വാദ്യ ഘോഷവും ഒന്നായി തീര്‍ന്ന നിമിഷങ്ങള്‍...വിയര്‍പ്പ് ചാലിട്ട കഴുത്തില്‍ ആരെല്ലോമോ ചാര്‍ത്തിയ നോട്ടു മാലകള്‍, താളത്തിന്റെ ലഹരിയില്‍ കൈകള്‍ ഉയര്‍ത്തി ആടുന്ന ജനത്തേയൊ, പൂര പെരുമയില്‍ മുഖ പ്രസാദം കളിയാടുന്ന ദേവ സന്നിധിയോ, ആനയോ, ആല്മരമോ ഒന്നും മാരാര്‍ക്ക് കാണാന്‍ സാധിച്ചില്ല...ഇരുട്ട് നിറഞ്ഞ കണ്ണില്‍ ഒരു പ്രതി രൂപം മാത്രം."അയാളുടെ വരവും കാത്തിരിക്കുന്ന മകന്‍" ഇടയ്ക്ക് അയാളുടെ മടികുത്തില്‍  ഇരുന്ന്‍ ഒരു മൊബൈല്‍ ഫോണ്‍ അക്ഷമയുടെ മെസ്സെജ്ജുകള്‍ ഒരു വിറയല്‍ ആയി അയാളെ എന്തോ ചിലത് ഓര്‍മ്മ പെടുത്തുന്നു....അഞ്ചാം കാലം കൊട്ടി അവസാനിപ്പിച്ചതും ആരെല്ലോമോ അയാളെ പുകഴ്ത്തി പറഞ്ഞു..

                    "പെരുവനത്തിനെ കടത്തി വെട്ടിട്ടോ ഇത്തവണ"..

                       കോടി മുണ്ടും, ദക്ഷിണയും വാങ്ങി അടുത്ത വണ്ടിയില്‍ കയറി തണുത്ത ഇരുട്ടിലേക്ക് നോക്കുമ്പോള്‍ വീണ്ടും മൊബൈല്‍ ഫോണ്‍ വിറച്ചു..ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ.അരിച്ചിറങ്ങുന്ന തണുപ്പില്‍ തല മൂടിയിട്ടും..ചെവിയിലും, മുഖത്തും പതിക്കുന്ന കാറ്റിന് ഒരു മല്ലന്‍ പനിയുടെ സാമീപ്യം.

                      വീടിന്റെ പടിയെത്തുമ്പോള്‍ മുറ്റത്ത്‌ സിഗരെറ്റിന്റെ പുക..അക്ഷമയോടെ കാത്തിരിക്കുന്ന മകന് ചുറ്റും ആ ഗന്ധം..നീട്ടി വളര്‍ത്തിയ മുടി കൈകള്‍ കൊണ്ട് കോതി ജീന്‍സിനെ അരയ്ക്ക് താഴെ ഉറപ്പിച്ച് ബാഗുമായി പോകാന്‍ തയ്യാറായി മാരാരുടെ പുതു ജനറേഷന്‍ പ്രതിരൂപം..

               "..പിന്നെ അടുത്ത ആഴ്ച കുറച്ച് പൈസ വേറെ വേണ്ടി വരും..സ്റ്റഡി ടൂര്‍"

                   വിയര്‍പ്പില്‍ കുതിര്‍ന്ന നോട്ടുകള്‍ വാങ്ങി മകന്‍ ചെണ്ടയുടെ നേരെ അവജ്ഞയോടെ ഒന്ന് നോക്കി..ഒന്നും പറയാതെ ഇരുട്ടിലേക്ക്‌ നടന്നു..

             "മോനെ അമ്മയുടെ അനുഗ്രഹം വാങ്ങി പോടാ..നാളെ പരീക്ഷ അല്ലേ??

               മറുപടി ഇരുട്ടില്‍ നിന്നും ഒരു തീപ്പെട്ടി പ്രകാശം..ഒപ്പം എരിയുന്ന സിഗരെറ്റിന്റെ പുകയും..പിന്നെ ഒരു ചുമയും ,കാറി തുപ്പലും..ഒരച്ഛന്റെ പ്രതീക്ഷകള്‍ക്ക് നേരെ..
മാരാര്‍ ചുമരിലെ ഫോട്ടോയിലെക്കും, ഇരുട്ടില്‍ വളര്‍ന്നു നില്‍ക്കുന്ന തുളസി ചെടികളിലെക്കും മാറി മാറി നോക്കി...മഞ്ഞുതിര്‍ന്ന മകരം, ഉത്സവങ്ങള്‍ നിറഞ്ഞ കാവുകള്‍, ചെണ്ടയുടെ താള ഭേദങ്ങള്‍...നോട്ടു മാലകള്‍, പുകഴ്ത്തലുകള്‍, മകന്‍ പഠിച്ച് വലിയ നിലയിലെത്തുന്ന കാലം..സ്വപ്നത്തില്‍ കൂറെ സഞ്ചരിച്ച് അടുത്ത പ്രഭാതത്തില്‍ മാരാര്‍ ഉറക്കമുണര്‍ന്നു..കാലിന്റെ പെരു വിരല്‍ മുതല്‍ ശിരസ്സ് വരെ കത്തി ജ്വലിക്കുന്ന പനിയുമായി..കൂറെ നേരം പൊടി പിടിച്ച കരിമ്പടം പുതച്ച് കട്ടിലില്‍ തന്നെ ഇരുന്നു.

                    പിറ്റേന്ന് ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ കാവില്‍ പഞ്ചവാദ്യത്തിന്റെ പ്രാമാണ്യം, മകന് അടുത്ത ആഴ്ച കൊടുക്കേണ്ട തുക ഇതെല്ലാം ഓര്‍മ്മയില്‍ വന്നപ്പോള്‍ അയാള്‍ ചാടിയുണര്‍ന്നു.

                 ചുക്കും, തുളസിയിലയും, കുരുമുളകും ചേര്‍ന്ന ഒരു കടുംകാപ്പി...മകര പനിയെ തുരത്താന്‍ അത് തന്നെ ധാരാളം..പിന്നെ ഒരല്പം പൊടിയരി കഞ്ഞി..ചൂടോടെ.
കാപ്പിയുമായി തലേന്ന് കൊട്ടി തിമിര്‍ത്ത പൂരം കാണാനായി ടെലിവിഷന്‍ തുറന്നപ്പോള്‍ കോഴിക്കോട് നടക്കുന്ന ചുംബന സമരത്തിന്‍റെ തല്‍സമയം..സദാചാരവാദം വെല്ലുവിളിച്ച് പുതു തലമുറയിലെ കുട്ടികള്‍..

                 ബഹളങ്ങള്‍ക്കും, ആക്രമങ്ങള്‍ക്കും നടുവില്‍ ഒരു പെണ്‍കുട്ടിയെ ചേര്‍ത്ത്‌ പിടിച്ച് ചുംബിച്ച് നില്‍ക്കുന്ന ചെറുപ്പക്കാരനെ കണ്ട് മാരാരുടെ ഹൃദയ ചെണ്ട ദ്രുതഗതിയില്‍ താളമിട്ടു തുടങ്ങി..അയാള്‍ ധരിച്ചിരിക്കുന്ന വില കൂടിയ വസ്ത്രങ്ങള്‍ക്ക് മാരാരുടെ വിയര്‍പ്പ് മണം...ഏതോ ഒരു എതിരാളിയുടെ കൈ ചൂടില്‍ മൂക്ക് പൊട്ടി ഒലിച്ചിറങ്ങിയ സ്വന്തം രക്തം..ബഹളത്തിനിടയില്‍ ആക്രമിക്കപ്പെടുന്ന ചെറുപ്പക്കാരനും, ചെറുപ്പക്കാരിയും..അയാളുടെ നെഞ്ചിലെ താളമുയരാന്‍ തുടങ്ങി..ആ ഹൃദയതാളം അഞ്ചാം കാലത്തിന്റെ പരിമിധിയും കടന്ന്‍ ഒരു വന്യ താളമായി മാറാന്‍ തുടങ്ങി..കടും കാപ്പി നിലത്ത്‌ വീണു ഒഴുകി ഒരു ചോര ചാലായ്...അതിന്‍റെ ചൂടില്‍ ഒരു ഉറുമ്പ് കൈക്കാലുകള്‍ പിടച്ച് ശ്വാസം കിട്ടാതെ ഹൃദയം നിലച്ച് പിടഞ്ഞ് പ്രാണന്‍ വെടിഞ്ഞു..അതിനടുത്തായി നിശച്ചലനായി മാരാരും..

                 മുറിയില്‍ മൂലയില്‍ ഇരുന്ന ചെണ്ട സ്വയം താളമിട്ട് ഒന്ന് തേങ്ങി.
ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ കാവില്‍ നാളെ മേള പ്രാമാണ്യം ഓരോഴിവായി മാറും.കേമനായ മാരാര്‍ ഒരോര്‍മ്മയും...താള വിസ്മയം നിലച്ചത് ചര്‍ച്ചകളില്‍ ചൂടുള്ള ഒരു വാര്‍ത്തയും....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ