2015, ജൂൺ 26, വെള്ളിയാഴ്‌ച

കാശ്മീര്‍ സാമ്പാര്‍...

                 




                    ആഫ്രിക്കയിലെ ബെക്ടല്‍  അംഗോള എല്‍.എന്‍.ജി ജിവിതക്കാലത്ത് സാമ്പാര്‍ കഴിക്കാന്‍ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്.അമേരിക്കന്‍ കമ്പനിയില്‍ സാമ്പാറിന് ഒരു സ്ഥാനവുമില്ലാത്തതിനാല്‍ ആഗ്രഹം മനസ്സിലൊതുക്കി കഴിക്കാന്‍ പറ്റുന്നത് മാത്രം  കഴിച്ചു മൂന്നു വര്ഷം.

                    അവിടെ നിന്നും 2013 ഏപ്രില്‍ മാസത്തില്‍ ഫിലിപ്പീസിലെക്ക്  മാറ്റം കിട്ടിയപ്പോള്‍ പട്ടിയിറച്ചിയും, പാതി വെന്ത മാംസത്തെയും ഭയപ്പെട്ടാണ് യാത്ര തുടങ്ങിയത്‌..ഭക്ഷണം ഒരു വലിയ പ്രശ്നമായി മുന്നില്‍..അവിടെ ജീവിക്കേണ്ടത് പുറത്താണ്.. ജി.എല്‍.എന്‍.ജി ബെക്ടല്‍ ആഫ്രിക്കയില്‍ നിന്നും തികച്ചും വലിയ ജിവിത സാഹചര്യമാര്‍ന്ന ഒരിടമായിരുന്നു.
    തലസ്ഥാനമായ മനിലയില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരെ ബതങ്ങാസ് പ്രവിശ്യയിലെ ബുവാന്‍ എന്ന സ്ഥലത്ത് ആയിരുന്നു പ്രോജക്റ്റ്..ബുവാനിലെ ബൂം ടൗണില്‍ ഒരു വീട് കൂടി കിട്ടിയതോടെ പാചകം സ്വന്തം കൈകള്‍ കൊണ്ടു നടത്താന്‍ തീരുമാനമായി..പച്ചരി ചോറും, പച്ചക്കറിയും..പിന്നെ ഇടയ്ക്ക് ചിക്കനും..എന്തായാലും
    ഒരു സാമ്പാര്‍ മാത്രം എന്നില്‍ നിന്നും ഒരു കൈ അകലം പാലിച്ചു..കാരണം സാമ്പാര്‍ പൊടി തന്നെ.. നാട്ടില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍  ഭാര്യ ഞാന്‍ പോകുന്നതിന്റെ ദുഖവും ചേര്‍ത്തുണ്ടാക്കിയ സാമ്പാര്‍ പൊടി എടുക്കാതെ പോന്നത്‌ മണ്ടതരമായെന്നു തോന്നി.

                പാചകം തകര്‍ത്ത് മുന്നേറുമ്പോള്‍ വീണ്ടും സാമ്പാര്‍ കഴിക്കാന്‍ ഒരാഗ്രഹം.അവിടുത്തെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റിലും, ഇന്ത്യയില്‍ നിന്നും അവിടെ എത്തി പണമിടപാട് നടത്തി അവിടെ തന്നെ ജീവിക്കുന്ന പഞ്ചാബികളുടെ അടുത്തും അന്വേക്ഷിച്ച്‌ നടന്നു..ഉത്തരം ലളിതം..

               "വോ ഇത്തെ നഹി മിലേഗാ..."

               അവരില്‍ ഒരാളാണ് മനിലയില്‍ ആസാദ്‌ ഇന്ത്യന്‍ സ്റ്റോര്‍ ഉണ്ടെന്ന വിവരം പറഞ്ഞത്..അവിടെ എല്ലാ ഇന്ത്യന്‍ രുചിഭേദങ്ങളും ലഭിക്കുമെന്ന അറിവോടെ ഒരു ഞായറാഴ്ച രാവിലെ മനിലയിലെക്ക്..അസ്സാദ്‌ ഇന്ത്യന്‍ ഷോപ്പില്‍.സാമ്പാര്‍ പൊടിയും,കടലയും,പരിപ്പുമെല്ലാം വാങ്ങി ഉച്ച ഭക്ഷണത്തിന് ഹോട്ടല്‍ തിരയുമ്പോള്‍ ഡ്രൈവര്‍ മൈക്കിള്‍ വണ്ടി നിര്‍ത്തി.മുന്നിലതാ കാണുന്നു.....കാശ്മീര്‍..യു.എന്‍. അവന്യുവിലെ ഒരു മൂലയില്‍  ഇന്ത്യന്‍ പരമ്പരാഗത ചുവര്‍ചിത്രങ്ങളും,ചായങ്ങളും,കൊത്തു പണികളുമായി ഒരു മിനി ഇന്ത്യ.നേര്‍ത്ത ഹിന്ദുസ്ഥാനി സംഗീതം നിറഞ്ഞ ശീതളമായ അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുമ്പോള്‍ പകുതി "തഗലോഗും"(അവരുടെ സംസാര ഭാഷ) ഹിന്ദിയും ചേര്‍ന്ന്‍ കൈ കൂപ്പി കൊണ്ട് ഒരു ചെറുപ്പക്കാരന്‍  "നമസ്കാര്‍.." പിന്നെ മെനു കാര്‍ഡ്..

            മെനുകാര്‍ഡില്‍ പുട്ടും കടലയും മുതല്‍ പാനി പൂരി വരെ നീളുന്ന ഇന്ത്യന്‍ രുചി വകഭേദങ്ങള്‍..അതിനൊടുവില്‍ "കിംഗ്‌ ഫിഷര്‍ ബിയര്‍..
    വീണ്ടും ഒരു വട്ടം മെനുവില്‍ കണ്ണോടിച്ച് നോക്കിയപ്പോള്‍ മെനുവില്‍ നിന്നും ഒരു സൌത്ത് ഇന്ത്യന്‍ സാമ്പാറിന്റെ ഗന്ധം..ചെറിയ അക്ഷരത്തില്‍ അവിടെ തിളങ്ങി നില്കുന്നു..സാമ്പാര്‍..
             
            ..സൗത്ത്‌ ഇന്ത്യന്‍ സാമ്പാര്‍...ചൂടന്‍ ഭക്ഷണം ടേബിളില്‍ വന്നപ്പോള്‍ സന്തോഷത്താല്‍ കണ്ണ് നിറഞ്ഞു...കാരണം ആ സാമ്പാറിന് എന്റെ അമ്മ
    ഉണ്ടാക്കുന്ന സാമ്പാറിന്റെ അതെ രുചിയായിരുന്നു..നമ്മുടെ കേരളത്തില്‍ നിന്നും ഏറെ അകലെ മറ്റൊരു സംസ്ക്കാരവും, നമുക്ക് ഒരിക്കലും യോജിക്കാനാകാത്ത ഭക്ഷണ രീതിയും, അവിടെ നമ്മുടെ രുചിഭേദം വിളമ്പുന്ന ആ ഹോട്ടലില്‍ ജീവനക്കാരായി ഒരു ഇന്ത്യക്കാരന്‍ പോലും ഇല്ലെന്ന വാസ്തവം പിന്നെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്..

               കുക്കിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മുന്നില്‍ വന്ന കൊച്ചു മനുഷ്യന്‍ ഫിലിപ്പിനോ ആയിരുന്നു..ഇന്ത്യ കാണാത്ത ഒരു വിദേശ രാജ്യത്തും പോകാത്ത ആ മനുഷ്യന്‍റെ കൈമുതല്‍ ഇരുപത് വര്‍ഷമായി ആ ഹോട്ടലില്‍ ഇന്ത്യന്‍ രുചി വിതരിയതിന്റെ കഥകളായിരുന്നു....അയാള്‍ തന്നെ ആയിരുന്നു കശ്മീരില്‍ വിളമ്പുന്ന പാലട മുതല്‍ ഗാജര്‍ ഹലുവ വരെ നീളുന്ന നാനാത്വ രുചി സമുച്ചയത്തിന്റെ പിന്നില്‍..കഴിച്ച സാമ്പാറിന്റെ  രുചി മനസ്സിലേറ്റി ഞാന്‍ അയാളോട് പറഞ്ഞു......."മേരാ ഭാരത് മഹാന്‍..."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ