2015, ജൂൺ 16, ചൊവ്വാഴ്ച

കഴുമരത്തിന് മുമ്പ്....

 
                   ജപമാലയില്‍ വിരലുകള്‍, ബൈബിളില്‍ കണ്ണുകള്‍, മനസ്സില്‍ പ്രാത്ഥന. ഇനി കുറച്ച് സമയം മാത്രം..എല്ലാം തീരാന്‍..ജനിച്ചതും, മുട്ടില്‍ ഇഴഞ്ഞതും, കൌമാരവും, യൌവനവും, മദ്ധ്യ വയസ്സും, ജയില്‍ വാസവും ഒരു ഫ്ലാഷ്ബാക്ക് പോലെ ഓര്‍മ്മയുടെ ചുവരില്‍..ഇടയ്ക്ക് ചോര പുഴ ഒഴുകിയ രാത്രിയിലെ ചിത്രങ്ങള്‍..രാത്രി വളര്‍ന്നു പിന്നെ തളര്‍ന്ന്‍ പുലര്‍ക്കാലമെത്തും വരെ ജീവിച്ചിരിക്കാം...പിന്നെ മരണം..ആരോ വലിക്കുന്ന ഒരു ലിവര്‍..ഒരു കയറില്‍ തൂങ്ങി ചെയ്ത കൊടും പാതകത്തിന് പകരമായി മരണം..
               രാവിലെ കുളിക്കാന്‍ ചൂട് വെള്ളം വേണോ എന്ന വാര്‍ഡന്റെ ചോദ്യം...എന്തിന്?? മരണത്തിലേക്ക് പോകുമ്പോള്‍ തണുപ്പ് തന്നെ വേണം..തണുത്ത മരണം..കൊല്ലുമ്പോള്‍ ചുടുചോര ഒരു ഹരമായിരുന്നു..കുറച്ച് പണത്തിനു വേണ്ടി ആറു ജീവിതങ്ങള്‍...ഒരു തരി ദയ പോലും ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല..മരണം തന്നെ വേണം ചെയ്ത തെറ്റുകള്‍ക്ക്...മാനസാന്തരം വന്നു..കൂറെ നാളുകള്‍ ജയിലറയില്‍ കിടന്നപ്പോള്‍..കണ്ടം സെല്ലില്‍ ഒറ്റപെട്ടു..കീഴ് കോടതി വിധിയും, മേല്‍ക്കോടതി വിധിയും, അവസാനമായി മരണ വാറന്റും കാത്ത്..ചെയ്ത തെറ്റുകള്‍ ഒരു കോടതിയും ഒരു ദൈവവും പൊറുക്കില്ല.. ആറു ജീവനുകള്‍,ആറു സ്വപ്നങ്ങള്‍..എല്ലാം തകര്‍ത്തിട്ട് എന്ത് നേടി??
                ഇനി കുറച്ച് സമയം മാത്രം..കൈകള്‍ പുറകില്‍ നിന്നും വലിച്ചു കെട്ടും, തല കറുത്ത തുണി കൊണ്ട് മൂടും,കഴുത്തില്‍ കുരുക്കിടും, മരണ വാറന്റ് വായിച്ചു കേള്‍പ്പിക്കും, അറിയാത്ത ഒരു കൈ ലിവര്‍ വലിക്കും, കാതടിപ്പിക്കുന്ന ശബ്ദത്തില്‍ അടി പലക തുറക്കും, കയറില്‍ തൂങ്ങിയാടും, മരണം വരെ...അവസാനം മരിച്ചുവെന്നു ഡോക്ടര്‍ വിധിയെഴുതും..പിന്നെ തെമ്മാടി കുഴി വരെ..
                 കൊല്ലുമ്പോള്‍ തോന്നിയില്ല...കൊല്ലപെട്ടവന്റെ മനസ്സില്‍ എന്തായിരുന്നുവെന്ന്?? ഇപ്പോള്‍ മരണം കാത്തിരിക്കുമ്പോള്‍ തിരിച്ചറിയുന്നു..അത് ഒരു ഭയാനകമായ ഒരു അവസ്ഥയാണെന്ന്...ജീവിക്കാന്‍ ഇനിയും മനസ്സിലുള്ള ആഗ്രഹം ഒരു കഴുമരത്തില്‍ അവസാനിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്നു..
എന്തിനു ആറു ജീവിതങ്ങള്‍ തകര്‍ത്തു ?? എന്തു നേട്ടം..ഒരു കഴുമരം മാത്രം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ