2015, ജൂൺ 16, ചൊവ്വാഴ്ച

''ഹാജി മുസ്ല്യാര്‍ .....




          കൈകള്‍ ചെവിയില്‍ തിരുകി ബാങ്ക് കൊടുക്കുന്ന തളത്തില്‍ നിന്നും ഹാജി മുസ്ല്യാര്‍ സുബഹി നിസ്കാരതിനുള്ള ബാങ്ക് വിളിക്കാന്‍ തുടങ്ങി..

                       "അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍.."

ദേശം ഉണരുന്നത് ആ സ്വരം കേട്ടാണ്...
"പാലുക്കാരന്‍ മത്തായി പാല്‍ മോന്തയും കലവുവായി തൊഴുത്തിലേക്ക്...,
വെളുപ്പിനുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ഡഡ്രൈവറും, കണ്ടക്ടറും ഉണരുന്നത്,
ഗോമതിയമ്മ അടിച്ചു തെളിക്കാന്‍ അമ്പലത്തിലേക്ക് പുറപെടുന്നത്..
ചായക്കടയിലെ സമോവരില്‍ തീ പുകയാന്‍ ആരംഭിക്കുന്നത്..
തടി കുറയ്ക്കാന്‍ ചിലര്‍ പ്രഭാത സവാരി തുടങ്ങുന്നത്...
എല്ലാം ഹാജി മുസ്ല്യാരുടെ ബാങ്ക് വിളിയെ ആശ്രയിച്ചായിരുന്നു...


അമ്പത്‌ വര്‍ഷത്തിലധികമായി അഞ്ച് നേരം ആ ശബ്ദം നാടിനു ചിരപരിചിതമായി തീര്‍ന്നിട്ട്..അത് സുബഹിലും,അസരിലും, മ്ഗ്രിബിലും മുടങ്ങിയിട്ടില്ല..
കുറച്ച് നാളായിട്ട് മഹല്ല് കമ്മറ്റിയില്‍ ചിലര്‍ക്ക് സംശയം, പരാതി.
ഹാജി മുസ്ല്യാരുടെ സ്വരത്തിന് പഴയ സുഖമില്ലത്രേ..കേള്‍ക്കുന്നില്ലെന്ന്..
പ്രധാന പരാതിക്കാരന്‍ പുതു പണക്കാരന്‍ ദുബായ്ക്കാരന്‍ അബുവാണ്..


ഹാജി മുസ്ല്യാരുടെ വീടിനു മുന്നിലെ തെങ്ങിന്‍ തോപ്പ്‌ അബു വാങ്ങാന്‍ ശ്രമിച്ച് പരാജയപെട്ടതാണോ സ്വരച്ചേര്‍ച്ചയില്ലായ്മ?? ആയിരിക്കാം..


പലപ്പോഴും സുബഹ് ബാങ്ക് അയാള്‍ കേള്‍ക്കാരില്ലെന്നു..
അതിനു കാരണം അബുവിന്‍റെ വീട്ടിലെ അടച്ചു ഉറപ്പിച്ച എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയാനെന്നു ചിലര്‍ക്ക് സംശയം ഉണ്ടായെങ്കിലും, പുറത്ത്‌ പറഞ്ഞില്ല..
കാരണം ഒരു ചെറിയ ഓത്ത് പള്ളി ജുമാ മസ്ജിദിന്റെ നിലവാരത്തില്‍ ഉയര്‍ന്നത് അവരില്‍ ചിലരുടെ പണം കൊണ്ടാണ്..


ആ തീരുമാനം എന്തായാലും പ്രാബല്യമായി..ഹാജി മുസ്ല്യാര്‍ക്ക് പകരം ഒരു ചെറുപ്പക്കാരന്‍, മുക്കത്ത്‌ നിന്നും ഒരു ചെറു ബാല്യക്കാരന്‍..
ഹാജി മുസ്ല്യാര്‍ ഒന്നും തിരിച്ച് പറഞ്ഞില്ല...എഴുപത്തിയഞ്ച് വയസ്സായെങ്കിലും ഇന്നും അഞ്ച് നേരം നമസ്കരിക്കുന്ന, അഞ്ച് നേരം ബാങ്ക് വിളിക്കുന്ന തന്നെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്തില്ല.


..തന്നെ പോലെ നിസ്ക്കാരത്തില്‍ രുകൂലും,സുജൂദും നിര്‍വഹിക്കുന്നവര്‍ ആരുണ്ട്??
തന്നെ പോലെ ദീനി അനുഷ്ടിച്ച് കടമകള്‍ നിറവേറ്റി പരിശുദ്ധ ഹജ്ജ്‌ നടത്തിയവര്‍ ആരുണ്ട്? 


തന്നെ എതിര്‍ത്തവരില്‍ പലരും നിസ്ക്കാര പായയില്‍ ഇരുന്ന്‍ സമയം നോക്കുന്നതും,ഇഅത്തിദാലില്‍ നേരെ നിവര്‍ന്നിരിക്കാതെ, രുകൂലും, സുജൂദും പാലിക്കാതെ, അഞ്ച് നേരം വെട്ടി കുറച്ച് ഒരു നേരം മാത്രമായി, അല്ലെങ്കില്‍ ഒരു ജുമാ നിസ്ക്കാരം മാത്രമാക്കി നിസ്ക്കരിക്കുന്നതും എത്ര കണ്ടിരിക്കുന്നു..


''സാവകാശം അല്ലാഹുവില്‍ നിന്നും, ധൃതി പിശാചില്‍ നിന്നുമാണ്..മനുഷ്യന്‍ ഏറെ തിടുക്കം കാണിക്കുന്നവന്‍ ആയി തീര്‍ന്നിരിക്കുന്നു..."പരിശുദ്ധ ഗ്രന്ഥത്തിലെ ചില വാക്കുകള്‍ ഹാജി മുസ്ല്യാര്‍ അനുസ്മരിച്ചു...


മൌനം മാത്രമായിരുന്നു അന്നത്തെ ഹാജി മുസ്ല്യാരുടെ ഭാഷ..
അന്നത്തെ "സലാത്ത് -ഉല്‍-ഇഷ" സമയം..


അന്നത്തെ ബാങ്ക് വിളി എല്ലാവരും കേട്ട്..അത്രയ്ക്കും ശുദ്ധവും, ഭക്തി സാന്ദ്രവും ആയിരുന്നു അത്..വീണ്ടും വരുമെന്ന ഉറപ്പില്‍ പുറത്തെ ഇരുട്ടിലേക്ക്‌..
പള്ളിയുടെ ഗേറ്റ് ചാരി പള്ളി മിനാരത്തിലെക്കും, മിനരാത്തിനു താഴെ ഉറപ്പിച്ച കൊളംബി സ്പീക്കരിലും ഒന്ന് നോക്കി നിന്ന്‍ ഹാജി മുസ്ല്യാര്‍ നടന്നു..


അമ്പലത്തിന്റെ നടയില്‍ എത്തിയപ്പോള്‍ ശാന്തിക്കാരന്‍ നമ്പൂതിരി വെച്ച് വെച്ച് നടന്നു വന്നു എല്ലാ ദിവസത്തെ പോലെ പതിവ്‌ വിശേഷം ചോദിച്ചു...''അന്ന് നമ്പൂതിരിയുടെയും അവസാനത്തെ പൂജയായിരുന്നു


പ്രായം എറിയതിനാല്‍ കഴകം പുതിയ ഒരു ചെറുപ്പക്കാരനെ ഏല്പിച്ച് പടിയിറങ്ങിയ ദിവസം..സമാന ദുഖിതര്‍ ഒന്നിച്ച് നടന്നു..ദൈവം നല്‍കിയ നിലാവെളിച്ചത്ത്തിലൂടെ..


പിറ്റേന്ന്...


"പാലുക്കാരന്‍ മത്തായി ഉണരുമ്പോഴേക്കും പശുക്കള്‍ പാല്‍ ചുരത്തി തൊഴുത്തില്‍ ക്ഷീര വിപ്ലവം സൃഷ്ടിച്ചിരുന്നു....


ട്രാന്‍സ്പോര്‍ട്ട് ബസ്സ്‌ സമയം തെറ്റി ആദ്യത്തെ ട്രിപ്പ്‌ ഓടാന്‍ ആരംഭിച്ചു..
അടിച്ചു തെളിക്കാരി ഗോമതിയമ്മ അമ്പല നടയില്‍ എത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നിരുന്നു
ചായക്കടയിലെ സമോവര്‍ ആദ്യമായി വെളുപ്പിന് പുകയാന്‍ വിസമ്മതിച്ചു..
തടിയന്മാര്‍ കൂര്‍ക്കം വലിച്ച് കിടന്നുറങ്ങി..
ദുബായ്‌ക്കാരന്‍ അബു എയര്‍ കണ്ടീഷന്‍ സുഖത്തില്‍ പണം പതയുന്ന സ്വപ്നവും കണ്ട് സുഖിച്ച് കിടന്നു,...


എല്ലാത്തിനും കാരണം "ചെറു ബാല്യക്കാരന്‍ മുക്രിയുടെ പതിഞ്ഞ സ്വരമായിരുന്നു..
ബാങ്ക് വിളി പള്ളിയുടെ നാലു ചുവരില്‍ മാത്രം ഒതുങ്ങി പുറത്ത്‌ വന്നില്ല...
പക്ഷെ അന്നും ഹാജി മുസ്ല്യാര്‍ തന്റെ പതിവ്‌ സുബഹി നിസ്ക്കാരവും കഴിഞ്ഞു പള്ളി കിണറ്റില്‍ നിന്നും വെള്ളം കോരി ടാങ്കില്‍ നിരയ്ക്കുകയായിരുന്നു.....
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ