2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ശിഷ്ടം...



                                        ''സുഗുണന്‍ സാറേ ബാങ്കിന് ഒരു പരിധിയുണ്ട്, ലോണ്‍ കൊടുക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച്, സാര്‍ തന്ന ഡോക്യുമെന്റ് പ്രകാരവും എന്‍.ആര്‍.ഐ ആണെന്ന പരിഗണനയും കൂടി ഉള്ളതോണ്ട്‌  നാലു ലക്ഷം. അതില്‍ കൂടുതല്‍ സാധിക്കില്ല."

         മാനേജര്‍ തീര്‍ത്ത് പറയുന്നു.ഇരുപത് വര്‍ഷം മുന്‍പ് തുടങ്ങിയതാ എന്‍.ആര്‍.ഐ അക്കൌണ്ട്. ഇത് വരെ എത്ര അയച്ചിട്ടുണ്ടാകും.അറിയില്ല, കണക്ക് നോക്കിയിട്ടില്ല.എന്നിട്ടും ഒരാവശ്യം വന്നപ്പോള്‍ വിചാരിച്ച തുക ലോണായി തരാന്‍ കഴിയില്ലെന്ന്.

                                         "സാറെ ഇത് വരെ ഈ മസ്ക്കറ്റില്‍ നിന്ന് നമ്മുടെ ബാങ്കിലേക്ക് അയച്ചത് പത്തൊമ്പത് ലക്ഷത്തി മുപ്പത്തിയേഴായിരം രൂപയാണ്. ഇപ്പോള്‍ ബാലന്‍സ് ഇരുപത്തി ആറായിരം രൂപയും. നാലു ലക്ഷം പാസാക്കി തരാം."

                                        "മാനേജര്‍ സാറേ എനിക്ക് വേണ്ടത് എട്ടു ലക്ഷമാ..പെട്ടെന്ന്‍ കൂട്ട്യാ കൂടാത്ത തോക."

       അവിടെ നിന്ന് പുറത്തേ കൊടും ചൂടില്‍ ഇറങ്ങി തെക്കേ നടയിലേക്ക് അലക്ഷ്യമായി നടക്കുമ്പോള്‍ വല്ലാത്ത പരവശം തോന്നി.എന്നും സാധാരണയായി തോന്നുന്ന പരവശം. ഭക്ഷണം കഴിച്ചാല്‍, ചായ കുടിച്ചാല്‍, വെള്ളം കുടിച്ചാല്‍,ടെന്‍ഷന്‍ വന്നാല്‍, സന്തോഷം തോന്നിയാല്‍, അങ്ങിനെ പലപ്പോഴും തോന്നുന്ന അതേ പരവശം."ഒരു സിഗരെറ്റ്‌ പുകക്കാനുള്ള പരവശം." പോക്കറ്റില്‍ നിന്നും വില്‍സ് പാക്കറ്റ് എടുത്ത് അതില്‍ നിന്നും ഒന്ന്‍ ചുണ്ടില്‍ വെച്ച് തീപ്പെട്ടി തപ്പിയപ്പോള്‍ അത് കളഞ്ഞു പോയിരിക്കുന്നു.

                                         "തീപ്പെട്ടിയുണ്ടോ.?"

                                         "ചേട്ടാ പൊതു സ്ഥലാ, അതും കൊടുങ്ങല്ലൂര്‍ അമ്പല മുറ്റോം. വലിച്ചാ പോലീസ് പിടിക്കും."

    അടുത്തിരുന്ന് മുന്നറിയിപ്പ് തന്ന അയാള്‍ തന്നെ പോലീസ് ആണെന്ന്‍ തോന്നി.പതുക്കെ എഴുന്നേറ്റ് ദേവസ്വം ക്ലോക്ക് റൂമിനടുത്തെക്ക്.ഒന്ന്‍ പുകച്ചില്ലെങ്കില്‍ ഭ്രാന്താകും.പടിഞ്ഞാറെ നടയിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ചിന്തയുണ്ട്. എന്നാ ഇത് തുടങ്ങിയത്.??

             "അച്ഛന്‍ വലിച്ച് വലിച്ചെറിഞ്ഞ ദിനേശ് ബീഡിയോ??അല്ലെങ്കില്‍ അച്ഛനെ അനുകരിച്ച് കൊച്ചു നാളില്‍ കത്തിച്ച് ചുണ്ടില്‍ വെച്ചു പുകച്ച അയിനി തിരിയോ?? ഏതായിരുന്നു ആദ്യത്തെ പുക.വളര്‍ന്നപ്പോള്‍ ചാര്‍മിനാര്‍ ആണ് ആദ്യം വലിച്ച് തുടങ്ങിയത്.ഗള്‍ഫില്‍ എത്തിയപ്പോള്‍ റോത്ത്മാന്‍സ്. നാട്ടില്‍ വരുമ്പോള്‍ പത്രാസ് കുറയാതിരിക്കാന്‍ ഗോള്‍ഡ്‌ കിങ്ങ്."

    ക്ലോക്ക് റൂമിന് മുറ്റത്തെ നാറുന്ന അന്തരീക്ഷത്തില്‍, ചുമരില്‍ ഒരു വലിയ മുന്നറിയിപ്പ്. "പുകവലി പാടില്ല." അതിനു താഴെ തന്നെ ആയിരക്കണക്കിനു ബീഡി കുറ്റിയും, സിഗരെറ്റ്‌ കുറ്റിയും, കത്തിയമര്‍ന്ന തീപ്പെട്ടി കോലും. ക്ലോക്ക് റൂമിലെ ജീര്‍ണ്ണതയുടെ മുന്നില്‍ ഒരു ടേബിളില്‍ ഇരിക്കുന്ന താടിയും മുടിയും നീട്ടി ഒരു ബീഡിയും വലിച്ച്  നടത്തിപ്പ് ക്കാരന്‍ ഒരക്ഷരം മിണ്ടാതെ മുഖത്ത് നോക്കി.പ്രാഥമിക കാര്യം നടക്കാനും പൈസ വേണം. തിരിച്ച് ഒന്നും പറയാതെ നിന്ന കാരണം കൊണ്ടായിരിക്കാം അവ്യഞ്ഞയോടെ അയാള്‍ ചോദിച്ചത്...

                   "ഒഴിക്കാന്‍ ഒരുറുപ്യ, ഇടാന്‍ രണ്ടുറുപ്യ,ഉള്ളിലിരുന്ന് വലിച്ചാ മൂന്നുറുപ്യ''

    മൂന്ന്‍ രൂപയും കൊടുത്ത് അയാളുടെ കയ്യില്‍ നിന്നും തീ വാങ്ങി ഒരെണ്ണം കത്തിച്ച് അകത്തേക്ക്.ജീവിതത്തിലെ എല്ലാ വിധ വൃത്തികേടുകളും നിറഞ്ഞ ചുമര്‍. അയാള്‍ക്ക് മുന്നേ ആ മുറിയില്‍ കയറി ഇറങ്ങി ആരോ ചിലര്‍ സ്വന്തം കഴിവ് കേട് മറക്കാന്‍ എഴുതി വെച്ച ആപ്തവാക്യങ്ങള്‍.ഒരു മൂലയില്‍ നിന്ന് തുടര്‍ച്ചയായി രണ്ട്‌ പുകയെടുത്തപ്പോള്‍ മനസ്സിലെ പരവശം മാറിയോ??ഇല്ല..ഇപ്പോഴത്തെ ആവശ്യം പണമാണ്.അത് മാറ്റാന്‍ ഇതിനും കഴിയുന്നില്ല.എരിയുന്ന പുകചുരുളുകള്‍ കടന്ന്‍ ഓര്‍മ്മ മസ്ക്കറ്റിലേക്ക്..

                   "സുഗുണേട്ടാ..ഇതെന്താ..ഇത് കൂടുന്നതല്ലാതാ..കൊറയുന്നില്ലല്ലോ. ഇയിടെ നമ്മടെ കടെടെ മൊതലാളി പറയാ, ചേട്ടന് സിഗരെറ്റ്‌ കുറ്റിക്ക് പെയിന്റടിക്കണ ജോലിയാന്നു."

     അത്താഴം കഴിഞ്ഞ് പതിവുള്ള രണ്ട്‌ ചെയിന്‍ റോത്ത്മാന്‍സ് പുകച്ചു തള്ളി റൂമില്‍ വന്നപ്പോള്‍ പത്ത് വര്‍ഷത്തില്‍ കൂടുതലായി കൂടെ താമസിക്കുന്ന റഷീദിന്റെ വക പതിവ് ശകാരം.പിന്നെ കടയില്‍ ഇരിക്കുമ്പോള്‍ ഓരോ അര മണിക്കൂറും ഇടവിട്ട് പുറത്തെ കുടുസ്സ് വരാന്തയില്‍ നിന്ന് പുക വലിക്കുന്നതിനെ ചൊല്ലിയുള്ള കടയുടമയുടെ ഉപമയും.അവന്‍ പറഞ്ഞത് ശരിയാ സിഗരെറ്റ്‌ വലി കൂടി വരുന്നതല്ലാതെ കുറയുന്നില്ല..ഒരു പാക്കറ്റ് എന്നതില്‍ നിന്നും രണ്ടിലേക്കും പിന്നെ ഇപ്പോള്‍ ചില ദിവസം അതിലുമധികം..

                  "കൊപ്ര, കൊടമ്പുളി ഇതൊക്കെ ഒണക്കാന്‍ പൊകയിടും നാട്ടില്..ഒണങ്ങി വരുമ്പോ അതങ്ങ് ചുക്കി ചുളിയും. നിങ്ങള് കണ്ട്ട്ടുണ്ടോ.അത് പോലെ സിറെട്ടിന്റെ പോക ചെന്ന്‍ നിങ്ങടെ ചങ്കും, കരളും ഒണങ്ങി വരണ്ടിട്ടുണ്ടാകും."

                   "വിട്ടു കള റഷി, ഇത് വലിച്ചില്ലേല്‍  ഒരു വെപ്രസന്നിയാ."

    റഷീദ് എന്ന റഷി വിട്ടു കളയാനുള്ള മൂഡിലായിരുന്നില്ല.പത്ത് വര്‍ഷമായി ഒരുമിച്ച് ജീവിച്ചും, ഒന്നിച്ച് ഒരു കടയില്‍ ജോലി ചെയ്തും നേടിയ സ്നേഹവും, അധികാരവും മുന്‍ നിര്‍ത്തി അത് വരെ പറയാന്‍ ആഗ്രഹിച്ച കണക്ക് കൂട്ടലുകള്‍ നിരത്താന്‍ തുടങ്ങി.

                     "നിങ്ങളൊരു ഒരീസം എത്ര സിറേറ്റ് പൊകക്കും?"

                     "പത്ത് മുപ്പതെണ്ണം, നാട്ടില്‍ വല്ല പ്രശ്നോം വന്ന ഇത്തിരി കൂടും.നാല്പത്..."

   ഒരു കാല്‍കുലേട്ടര്‍, ഒരു കടലാസ്സ്, ഒരു പേന റഷീദ് എന്ന കണക്ക് വിദ്വാനും..

                     "ഒരു സിറേറ്റ് രണ്ടുറുപ്യ ഓടാകെ കൂട്ടിക്കോ..പണ്ട് സിറേറ്റിന് കാശ് കൊറവാ  അത് കാണണ്ടാ.പണ്ട് നിങ്ങക്ക് ശമ്പളം കൊറവ് തന്നെ.ഇന്ന്‍ നൂറ്റി നാപ്പത് റിയാല്‍, അന്ന്‍ എമ്പത്‌ റിയാല്‍...ഒരു ദെവസം മുപ്പത് വെച്ച്..മിനിമം അറുപത് ഉറുപ്യ വേണം പൊകക്കാന്‍ മാത്രം..അപ്പ മുടങ്ങാതെ ഒരു മാസോ..ആയിരത്തി എണ്ണൂറു ഉറുപ്യ, ഒരു വര്‍ഷം നോക്ക്യാ പന്ത്രണ്ടേ ഗുണം ആയിരത്തി എണ്ണൂറു , എന്‍റെ കൊടുങ്ങൂ പള്ളീ!! ഇരുപത്തോന്നായിരത്തി അറുനൂറു രൂപ!! നിങ്ങളെ ഞാന്‍ അറിയണ കാലം മുതലേ ദെവസം ഈ ലെവലാ വലി.പത്ത് വര്‍ഷം കൊണ്ട് പഹയാ സുഗുണെട്ടാ നിങ്ങ വലിച്ച് തള്ളി പൊകച്ചത് രണ്ട്‌ ലക്ഷത്തിനു മേലെ ഉറുപ്യാണ്. ഇരുപത് വര്ഷം ഇവിടെ നിന്ന കണക്ക് വെച്ച് നോക്കുമ്പോള്‍ നാലഞ്ച് ലക്ഷം ഉറുപ്യ.''ആ കാശ് ശിഷ്ടം വെച്ചിരുന്നെങ്കില്‍ എന്നെങ്കിലും നിങ്ങക്ക് ആവശ്യം വരണ ഒരു കാലം വന്നേനെ."

   ശരിയാണ് ആ പൈസയാണ് ആവശ്യം വന്നിരിക്കുന്നത്. കടം വാങ്ങിയും പണയം വെച്ചും പൈസ ഉണ്ടാക്കും.എന്നാലും.സിഗരെറ്റ്‌ കുറ്റിയോടും, പാക്കറ്റിനോടും, പിന്നെ തീപ്പെട്ടി കൊള്ളിയോടും ദേഷ്യം തോന്നിയ നിമിഷം.വീണ്ടും അവന്‍റെ പഴയ വാക്കുകള്‍.

                     "നിങ്ങക്ക് എന്‍റെ ഇക്കാക്കാടെ സ്ഥാനാ.നമ്മള് കണ്ട കരേല് വീടും, കുടുംബോം ഇല്ലാണ്ട് കഷ്ടപ്പെടണത് എന്തിനാ..ഒരു കുടുംബം കൂടെണ്ട്, അതോണ്ടല്ലെ, ചെല സമയത്ത് നിങ്ങള് നാസ്ത പോലും കഴിക്കാതെ പണിക്ക് പോകും.അപ്പൊ പറയണ വാക്കുണ്ട്, സ്വന്തം മുണ്ട് മുറുക്കിയാലും പിള്ളേര്‍ക്ക് അന്നത്തിനു മുട്ടരുതെന്ന്, അതീ നശിച്ച പൊകയുടെ കാര്യത്തിലും ഒന്നാക്കി കൂടെ."

  ആ വാക്കുകള്‍ അന്ന്‍ കേട്ടപ്പോള്‍ വിഷമം തോന്നി.പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ എല്ലാം മറന്നു. ഒരു കട്ടന്‍ ചായ, പിന്നെയൊരു പുക .ആ ശീലം തോടങ്ങിയിട്ടു കാലം കുറേ ആയിരിക്കുന്നു.മാറ്റാന്‍ കഴിയാത്ത ശീലം.

    ആ കുടുസ്സ് മുറിയില്‍ നിന്നുമിറങ്ങി അമ്പല പറമ്പിലൂടെ നടന്ന്‍ മേത്തല ബസ്സില്‍ കയറി സീറ്റില്‍ ചാരി ഉറങ്ങിയപ്പോള്‍ ഒരു കൊച്ചു പകല്‍ സ്വപ്നം. എന്‍റെ  പിന്നില്‍ കഴിഞ്ഞ് പോയ കാലത്ത് വലിച്ചു തല്ലിയ സിഗരെറ്റ്‌ കുറ്റികള്‍ എരിയുന്നു.ക്ഷണ നേരം കൊണ്ട് അതൊരു ചുടല പോലെ കത്തി ആളി നീണ്ട തീ നാളങ്ങള്‍ നീട്ടി എന്‍റെ ആത്മാവിനെ വിഴുങ്ങാന്‍.ഞാന്‍ കയ്യിലുണ്ടായിരുന്ന സിഗരെറ്റ്‌ പാക്കറ്റ് വലിച്ചെറിഞ്ഞു ഓടി വീട്ടില്‍ കയറി വാതില്‍ അടച്ചുപൂട്ടി.തീനാളങ്ങള്‍ പുറത്ത് നിന്നും ഉറക്കെ...

                "ഒരു ശരാശരി പുകവലിക്കാരന്‍റെ ശ്വാസ കോശ"

                 എന്തായിത് പകല്‍ സ്വപ്നം കാണേണ്."

   വീടെത്തിയതും ഭാര്യ മുന്നില്‍ വന്നതും അറിഞ്ഞില്ല. കീശയില്‍ അപ്പോഴും ഒരു വില്‍സ് പാക്കറ്റ് ചുട്ടു പൊള്ളുന്നത് പോലെ.പണ്ട് ഭാര്യയും, മകളും  പറഞ്ഞ ചില വാക്കുകള്‍ കൂടി ഭൂതക്കാലത്തില്‍ നിന്നും വേര്‍പ്പെട്ട് ഭേദ്യം ചെയ്യാന്‍ തുടങ്ങി.നെഞ്ചു പൊടിഞ്ഞു പറഞ്ഞ വാക്കുകള്‍..

              "നിങ്ങള് ഓരോ സിഗരെറ്റ്‌ എടുത്ത് പോകച്ച് തള്ളുമ്പോഴും അതിന്‍റെ തീ എന്‍റെ നെഞ്ചിലാ എരിയണേ,ഒന്ന്‍ നിര്‍ത്തി കൂടെ."

               "അച്ചാ പുകവലി ആരോഗ്യത്തിന് ഹാനികരമാണ്.അച്ഛന്റെ മാത്രമല്ലാ.കൂടെ അടുത്തിരിക്കുന്ന എന്‍റെയും."

               "നിങ്ങളെന്നും ആരോഗ്യത്തോടെ ഇരിക്കണമെന്ന എന്‍റെ സ്വപ്നങ്ങളിലേക്കും, പ്രാര്‍ത്ഥനയിലേക്കുമാണ് ഈ തീക്കൊള്ളി കൊണ്ട് നിങ്ങള്‍ തീ പടര്‍ത്തുന്നത്."

  പരവശം കൂടുന്നു.ഒരു ഉപയോഗവും ഇല്ലാതെ പാഴാക്കിയ പണമോര്‍ത്ത്, പുകച്ച് തള്ളിയ നിമിഷങ്ങള്‍ ഓര്‍ത്ത്.പോക്കറ്റില്‍ നിന്നും പൊള്ളുന്ന സിഗരെറ്റ്‌ പാക്കറ്റ് എടുത്ത് ഭാര്യയുടെ നേരെ നീട്ടി, അവിശ്വസനീയമായ മുഖഭാവത്തിനു മീതെ ദൃഡമായ ഒരുറപ്പ് പോലെ..

             "തോട്ടില്‍ കളഞ്ഞേക്ക്, ഇനിയില്ല.....ഒരിക്കലും"

    ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷം പോലെ ഭാര്യയുടെ കണ്ണുകളില്‍ വിളക്കുകള്‍ തെളിഞ്ഞു..ഐശ്വര്യത്തിന്‍റെ ദീപ നാളം കത്തുന്ന കണ്ണുകളില്‍ നോക്കി മനസ്സ് പറഞ്ഞു.

               ''എട്ടു ലക്ഷം രൂപ , അത് ഞാനുണ്ടാക്കും. കടം വാങ്ങിച്ചോ, ലോണ്‍ എടുത്തോ, അത് വീട്ടാനുള്ള ആരോഗ്യത്തില്‍ പുക പുരളാന്‍ ഇനി അനുവദിക്കില്ല.വിട എന്നത്തെക്കുമായി പുക ചുരുളുകളോട്."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..



           

 


















      

2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

തലൈക്കൂത്തല്‍





                                     "ദാ...നിങ്ങളിത് കണ്ടോ??"

           മനോരമ പത്രത്തിന്‍റെ "ഞായറാഴ്ച" പേജ് മുന്നിലേക്ക് നീട്ടി കൊണ്ട് ഭാര്യ ഭര്‍ത്താവിനെ നോക്കി തന്‍റെ മനസ്സിലുള്ളത് ആ അക്ഷരങ്ങളിലൂടെ തുറന്ന്‍ പറഞ്ഞു..അയാള്‍ ആ അക്ഷരങ്ങള്‍ നെഞ്ചടിപ്പോടെ വായിച്ച് തുടങ്ങി..

                     "രഹസ്യം, ദുരൂഹം, തലൈക്കൂത്തല്‍"

          റേഡിയാര്‍പട്ടി- പ്രായമായവരെ മക്കളും, ബന്ധുക്കളും ചേര്‍ന്ന്‍ നിര്‍ദ്ദയം കൊന്ന് തള്ളുന്ന നാട്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള തലൈക്കൂത്തല്‍ എന്ന ദുരാചാരം ഇന്നും നിലവിലുള്ള നാട്.."മുന്‍ തന്തയ്ക്ക് എന്‍ തന്ത ചെയ്യ്തത് എന്‍ തന്തയ്ക്ക് ഏന്‍ ചെയ്യും" മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ഭാര്യയെ വേദനയോടെ നോക്കി..ഒപ്പം വീടിന്‍റെ അരികിലെ ചായ്പ്പിലേക്കും ഒരു വട്ടം പാളി നോക്കി...ആ അര്‍ഥം മനസ്സിലായത് പോലെ ഭാര്യ അയാളെ ദേഷ്യത്തോടെ നോക്കി തന്‍റെ അവസാന തീരുമാനം അറിയിച്ചു...

                         "എന്നെ കൊണ്ട് വയ്യ..ഇനീം ....ട്ടോം, മൂത്രോം കോരാന്‍.."

         അവള്‍  അകത്തേക്ക് പോയപ്പോള്‍ അയാള്‍ വീണ്ടും ഒന്ന് കൂടി ആ വാര്‍ത്ത  വായിച്ച് നോക്കി...മനസ്സ് അകെ തകരുകയാണ്..ജന്മം തന്ന വയറാണ് ചായ്പ്പില്‍ മുഴിഞ്ഞ പഴന്തുണി പോലെ കിടക്കുന്നത്..അതിനെ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗമാണ് ഭാര്യ ഒരു പത്ര വാര്‍ത്തയില്‍ കൂടി മുന്നോട്ട് വെച്ചിരിക്കുന്നത്..

       പ്രായമായവരെയും, മാറാരോഗികളേയും മക്കളും, ബന്ധുക്കളും ചേര്‍ന്ന്‍ രഹസ്യമായി കൊല്ലുന്ന ദുരാചാരം..തലൈക്കൂത്തല്‍..റെഡിയാര്‍പട്ടി, ഉശിലംപെട്ടി,അണ്ടിപട്ടി തുടങ്ങിയ തമിഴ് കുഗ്രമാങ്ങളില്‍ ഇന്നും നിലകൊള്ളുന്ന രഹസ്യമായ ആചാരം..കൊല്ലാന്‍ തീരുമാനിച്ച ആളെ അതി രാവിലെ മുതല്‍  തലയിലൂടെ മണിക്കൂറുകള്‍ എണ്ണ ഒഴിക്കും..അതിനു ശേഷം കുറേ മണിക്കൂറുകള്‍ തണുത്ത വെള്ളം ഒഴിക്കും...അതിനിടയില്‍ ഔഷധ കൂട്ട് ചേര്‍ന്ന ഇളനീര്‍..രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തന്നെ തലൈക്കൂത്തല്‍ ഇര പനിയോ, ന്വൂമോണിയയോ ബാധിച്ച് ആര്‍ക്കും സംശയത്തിനു ഇടം കൊടുക്കാതെ മരണപ്പെടും..അതാണ് പത്രത്തില്‍ വിവരിച്ച് വെച്ചിരിക്കുന്നത്..

                       "വയസ്സായ വേഗം ചാവണം..ഇത് കാലന് പിടി കൊടുക്കാതെ മനുഷ്യനെ വെറുപ്പിച്ച്...സ്വത്ത് പങ്ക് വെക്കാന്‍ നേരത്ത് കൊതീം, കൊറവും പറയാന്‍ എല്ലാരുണ്ടായിരുന്നു..അത് കഴിഞ്ഞപ്പോ നോക്കാന്‍  ഒരു പട്ടിയുമില്ല..."

      ഭാര്യ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ല...ചായ്പ്പില്‍ കിടന്ന് അമ്മ എല്ലാം കേള്‍ക്കുന്നുണ്ടാകും...ഒരിക്കല്‍ രാവിലെ കഞ്ഞി കോരി കൊടുക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു..തുടച്ചിട്ടും തുടച്ചിട്ടും പിന്നേയും, പിന്നേയും കണ്ണ് നീര്‍..അമ്മയുടെ കാതുകള്‍ക്കും, ചെവിക്കും ഒരു തകരാറുമില്ല...അതേ പോലെ ഓര്‍മ്മയ്ക്കും

                         "മോനെ..അമ്മ  നിങ്ങക്കെല്ലാമൊരു  ഭാരായില്ലേ...?''

      ഉത്തരം പറയാന്‍ സാധിച്ചില്ല..കണ്ണ് നീര്‍ പിന്നേയും, പിന്നേയും ഒഴുകുന്നു..
വലിയ ഒരു നെടുവീര്‍പ്പ് അമ്മയില്‍ നിന്നും..എല്ലാം അമ്മ കേള്‍ക്കുന്നുണ്ട്. നേരില്‍ കാണാതെ തന്നെ എല്ലാമറിയുന്നുണ്ട്...ഒന്നിനും പ്രതികരിക്കാതെ എല്ലാം സഹിക്കുന്നുണ്ട്..

                       "കാലന് പോലും വേണ്ടാതെ ഇങ്ങിനെ നരകിക്കാന്‍ അമ്മ എന്ത് തെറ്റാ മക്കളെ ചെയ്തേ??"

    മനസ്സിന് വല്ലാത്ത വിഷമം തോന്നി..നാളെ എനിക്കുമുണ്ടാകാം ഇത് പോലെ  വാര്‍ദ്ധക്യം..ഒരു പക്ഷെ ഇതിനേക്കാള്‍ ഭയാനകമായ ഒരവസ്ഥ..ഭാര്യ അവള്‍ ഒന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല...അവളുടെ ദേഷ്യം മുഴുവന്‍ ബന്ധുക്കളോടാണ്..അവള്‍ക്ക്  ആദ്യമാദ്യം അമ്മയെ വളരെയധികം ഇഷ്ടമായിരുന്നു....പിന്നെ എപ്പോഴോ അമ്മയുടെ വാര്‍ദ്ധക്യരിഷ്ടതയില്‍ അനിഷ്ടം തോന്നാന്‍ തുടങ്ങി. എല്ലാം അനുഭവിക്കാന്‍ അവള്‍ മാത്രം, അവസാനക്കാലത്ത് നോക്കാന്‍ അവള്‍ മാത്രം  ഉള്ളുവെന്ന തോന്നല്‍ .അത് പതുക്കെ വളര്‍ന്ന്‍ വെറുപ്പും, വിദ്വേഷവുമായി മാറി.അതിന്ന്‍ പൂര്‍ണ്ണ രൂപത്തില്‍ ..അമ്മയെ കൊല്ലാനുള്ള പദ്ധതി വരെ...

    പേപ്പര്‍ മടക്കി അകത്ത് ചെല്ലുമ്പോള്‍ ആ ചോദ്യഭാവം  വീണ്ടും..ഒന്നും മിണ്ടാതെ ടേബിളില്‍ തല കുനിച്ചിരുന്നു.മറുപടി തൊണ്ടയില്‍ ഒരു വേദന പോലെ കുടുങ്ങി പുറത്ത് വരാന്‍ വിസമ്മതിക്കുന്നു...

                       "ഇന്ന്‍ വെളിയില്‍ പോയി വരുമ്പോള്‍ അരപാട്ട എണ്ണ വാങ്ങി കൊണ്ട് വന്നേക്ക്..ഈ ഞാറാഴ്ച ....."

    മുഴുവനാക്കുന്നതിന് മുന്‍പേ തൊണ്ടയില്‍ കുടുങ്ങി നിന്ന വാക്ക് പുറത്തേക്ക് വന്നു..ഒരു അലര്‍ച്ചയോടെ...

                        "നിര്‍ത്ത്..എന്നെ പ്രസവിച്ച സ്ത്രീയാണത്..എന്‍റെ അമ്മ..."

    പൊട്ടി കരഞ്ഞുകൊണ്ട്‌ ഇരുണ്ട മുറിയിലേക്ക് കയറി.ഓര്‍മ്മയില്‍ ഒരു പഴയ കാലം.അത് വീണ്ടും വീണ്ടും തെളിയുന്നു..വര്‍ഷങ്ങള്‍ക്ക് മുന്‍പ്. മരണത്തിനും, ജീവിതത്തിനുമിടയില്‍ പോരാടിയ എന്‍റെ ഭൂതക്കാലം..പനി ആയിട്ടായിരുന്നു തുടക്കം..പിന്നെയത് ദിവസങ്ങള്‍ കൊണ്ട് "വസൂരിയായി.."
മാരകമായ രോഗം...ബോധം വന്നാല്‍ കരയും..ഒന്നും കഴിക്കാന്‍ സാധിക്കുന്നില്ല..ഇരുട്ട് നിറഞ്ഞ മുറിയില്‍ അമ്മ കൂട്ടിന്...നീണ്ട ഏഴ് ദിവസം അമ്മ തന്നെ അടുത്ത്, ആ ഏഴ് ദിവസം അമ്മ ഉറങ്ങിയോ, എന്തെങ്കിലും കഴിച്ചോ..ഉണര്‍ന്ന്‍ നോക്കുമ്പോള്‍ എല്ലാം അമ്മ വീശാന്‍ പാള കൊണ്ട് വീശുന്നുണ്ടാകും...കണ്ണീരോടെ അടുത്തുണ്ടാകും...പ്രാര്‍ത്ഥിക്കുന്നുണ്ടാകും

                       "എന്‍റെ മോന്‍ പേടിക്കണ്ടാ..കൊടുങ്ങല്ലൂരമ്മ നമ്മളെ കാക്കും..മോനോന്നും വരത്തില്ല..വേഗം സുഖാകും..."

   ഇന്ന്‍ ജീവനോടെ ഇരിക്കുന്നത് അമ്മ കാരണം തന്നെ..അങ്ങിനെ പല ദിവസങ്ങള്‍...എന്നും അസുഖം വന്നാല്‍ അമ്മ അടുത്ത് നിന്നും മാറില്ല..മുതിര്‍ന്നിട്ടും, വിവാഹം കഴിച്ചിട്ടും ഒരു ചെറിയ തലവേദന പോലും ഉണ്ടെന്നറിഞാല്‍ അടുത്ത് നിന്ന് മാറില്ല..മാറാന്‍ പ്രാര്‍ത്ഥനയും, നാട്ടു വൈദ്യവുമായി അമ്മ..ഒരിക്കല്‍ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞ ഒരു വാക്ക് ...

                    "കാക്കക്ക് താന്‍ കുഞ്ഞു പൊന്‍ കുഞ്ഞു..കുഞ്ഞിനു സുഖമില്ലേല്‍ പിന്നെ തള്ളക്ക് എന്ത് സുഖം..."

  തലയണയില്‍ കലര്‍ന്ന കണ്ണ് നീരില്‍ മുഖമമര്‍ത്തി പഴയെതെല്ലാം ചിന്തിച്ച്കിടക്കുമ്പോള്‍ പിന്നില്‍ നിന്നും അവളുടെ ശബ്ദം..

                    "എല്ലാമുണ്ടാക്കി  വെച്ചിട്ടുണ്ട്...ഞാനൊന്ന്‍ കുഞ്ഞാങ്ങളടെ വീട് വരെ പോയിട്ട് വരാം..അമ്മക്ക് തീരേ വയ്യാത്രെ..ഒന്ന്‍ പോയി കണ്ടിട്ട് വൈന്നെരത്തിന് മുന്നേ തിരികെ വരാം..."

  അവളുടെ അമ്മ. അവരെ കാണാനാണ് പോയത്. വാര്‍ദ്ധക്യം ബാധിച്ച അവരെ കാണാന്‍ പോകുമ്പോള്‍ മനസ്സില്‍ ചോദിക്കാന്‍ തോന്നി "ഒരു അര പാട്ട എണ്ണ വാങ്ങി തരട്ടേന്ന്" വേദനയാകും എന്ന ഉറപ്പുള്ളതിനാല്‍ മനസ്സില്‍ തന്നെ മൂടി വെച്ചു..

  എണ്ണകുപ്പിയുമായി അമ്മയുടെ മുറിയിലേക്ക് കയറിയപ്പോള്‍ ആ കണ്ണുകള്‍ വല്ലാതെ നോക്കി...എല്ലാം മനസ്സിലാക്കാന്‍ അമ്മക്കൊരു അറാമിന്ത്രിയം ഉണ്ടെന്ന്‍ തോന്നുന്നു...അമ്മയെ എണ്ണ തേച്ച് , ഇളം ചൂട് വെള്ളത്തില്‍ കുളിപ്പിച്ച്, പുതിയ വസ്ത്രം ധരിപ്പിച്ച്, മുറിയെല്ലാം വൃത്തിയാക്കി, ചെറു ചൂടുള്ള കഞ്ഞി കൊടുത്ത് അമ്മയുടെ അടുത്തിരുന്നപ്പോള്‍ ആ ചുണ്ടുകള്‍ ചെറുതായി മന്ത്രിച്ച പോലെ..

                   "മോനെ..ആരുമറിയില്ല...ആ കഞ്ഞീല്‍ ഇച്ചിരി വിഷമോഴിച്ച്..സന്തോഷത്തോടെ അമ്മ കുടിച്ചോളാം...ഭഗവാന്‍റെ അടുത്തേക്ക് പോയേക്കാം...ആരേം ബുദ്ധി മുട്ടിക്കാതെ.."

                  "പണ്ട് വസൂരി വന്നു ചാവാന്‍ കേടന്നപ്പോള്‍ അമ്മക്കിത് തന്നെ എന്നോട് ചെയ്യായിരുന്നില്ലേ??..എന്തേ ഉറങ്ങാതെ ദൈവത്തോട് പ്രാര്‍ത്ഥിച്ച് എന്നെ നോക്കി അത്രേം  ദിവസങ്ങള്‍ അടുത്തിരുന്നത്...?"

                   "എന്‍റെ കുഞ്ഞായതോണ്ട്.."


    മറുപടി പറഞ്ഞ അമ്മയുടെ ഈറനായ  കണ്ണുകള്‍ തുടച്ച് ആ ചുക്കി ചുളിഞ്ഞ നെറ്റിയില്‍ ഒരുമ്മ കൊടുത്ത് കട്ടിലില്‍ കിടത്തി അന്ന്‍ മുഴുവന്‍ അടുത്തിരുന്ന്..അമ്മ ഉറങ്ങുന്നത് വരെ...

                "ആര്‍ക്ക് വേണ്ടെങ്കിലും എനിക്ക് വേണം...അങ്ങിനെ ഉപേക്ഷിച്ച് കളയാന്‍ എന്നെ കൊണ്ടാകില്ല..."

   ഒഴിഞ്ഞ പാത്രവുമായി വീട്ടിലേക്ക് ചെല്ലുമ്പോള്‍ ചുവരില്‍ ചാരി കണ്ണീരോടെ അവള്‍..കണ്ടപ്പോള്‍ പൊട്ടി കരയാന്‍ തുടങ്ങി...അടുത്ത് ചെന്നിരുന്ന് ആശ്വസിപ്പിച്ചു...കാരണം എന്താണെന്ന് ചോദിക്കാതെ തന്നെ വിങ്ങി വിങ്ങി ...

                'നാത്തൂന്‍ എന്‍റെ അമ്മയെ നോക്കണത് പോലുല്ലാ..ഞാന്‍ ചെല്ലുമ്പോള്‍ മൂന്നാല് ദേവസായിട്ടു അമ്മ അതേ കെടപ്പാ..പുറത്തെ തൊലി പൊട്ടി തൊടങ്ങിയേക്കണ്..മൂത്രത്തില്‍ കുളിച്ച്, ഒന്നും കഴിക്കാതെ..കണ്ടാല്‍ പ്രാക്ക് തോന്നണ കോലം..."

                'ഞാന്‍ തന്നെ വെള്ളം ചൂടാക്കി ഡെറ്റോള്‍ ഒഴിച്ച് തൊടച്ച് ...കൊറച്ച് പൊടിയരി കഞ്ഞി കുടിച്ചപ്പോള്‍ അമ്മ ഉഷാറായി...ആങ്ങള കണ്ട ഭാവം നടിച്ചില്ല...നാത്തൂന്‍ എന്നെ കേള്‍പ്പിക്കാന്‍ മട്ടില്‍ കൊറേ ചീത്തയും..

  വീണ്ടും പൊട്ടി കരച്ചില്‍. അവളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് പതുക്കെ പുറത്ത് തട്ടി സ്നേഹത്തോടെ ചോദിച്ചു...

             "അത് തന്ന്യല്ലേ ഇവിടുത്തെ അമ്മയുടെ അവസ്ഥ..ആരും നോക്കാനില്ലാതെ..അതായിരുക്കും നമ്മുടേം  അവസ്ഥ...ആരുമില്ലാതെ..??"

  ആ കരച്ചില്‍ കൂടി വന്നത് പോലെ..എത്ര നേരം കരഞ്ഞുവെന്ന്‍ അറിയില്ല. കണ്ണില്‍ നിന്നും ഒഴുകിയ കണ്ണ്‍ നീരിനോപ്പം തിരിച്ചറിവ് ഒരു വെളിച്ചം പോലെ ആ മനസ്സിലേക്ക് വന്നുവെന്ന് തോന്നുന്നു.വൈകുന്നേരം അമ്മയെ കുളിപ്പിക്കാന്‍ അവള്‍ വെള്ളം കാച്ചുമ്പോള്‍ അതിനോടൊപ്പം വരാന്ത പതിപ്പ് ഞായറാഴ്ച പേജും കത്തി കരിയുന്നുണ്ടായിരുന്നു...ഒപ്പം തലൈക്കൂത്തല്‍ എന്ന ദുരാചാരവും....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

                       











2016, ഏപ്രിൽ 23, ശനിയാഴ്‌ച

മരണത്തിന് സാക്ഷിയായി...

         

                      
           "അന്ന്‍, ഇരുപത് കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഏതോ ഒരു പുസ്തകവും വായിച്ച് ഉറക്കത്തിലേക്ക് തിരിക്കുമ്പോള്‍ ഒരിക്കലും കരുതിയില്ല വരാന്‍ പോകുന്നത് ഉറക്കമില്ലാത്ത ഒരു രാത്രിയുടെ തുടക്കമായിരിക്കുമെന്നു...ഉറക്കത്തിന്‍റെ സുന്ദരനിമിഷത്തില്‍ കേട്ട ഫോണ്‍ ശബ്ദം കേട്ടില്ലെന്ന് നടിച്ച് പുതപ്പിലേക്ക് ചുരുണ്ട് കൂടിയപ്പോള്‍ വാതിലില്‍ മുട്ടി വിളിച്ചു കൊണ്ട് അമ്മയുടെ ശബ്ദം...

                    "മോനെ..മുത്രത്തിക്കര പോണം.വെല്ലിച്ചന്‍ സീരിയസാ..."

        ഒട്ടും താല്‍പര്യമില്ലാതെ എഴുന്നേറ്റ് ബാത്ത് റൂമില്‍ പോയി തിരികെ വന്ന് കൊട്ട് വാ വിട്ട് ഹാളിലെ ഇരുട്ടില്‍ വണ്ടിയുടെ ചാവിക്കായി തപ്പുമ്പോള്‍ വരാന്തയില്‍ വെളുത്ത ഖദര്‍ മുണ്ടും, ഷര്‍ട്ടും ധരിച്ച് ഒട്ടും ക്ഷീണമില്ലാതെ ചാര് കസേരയില്‍ പോകാന്‍ റെഡിയായി അച്ഛന്‍, ജീപ്പിറക്കി ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ മുപ്പത് കിലോമീറ്റര്‍ ദൂരം വരുന്ന ലക്‌ഷ്യം തേടി യാത്ര തിരിക്കുമ്പോള്‍  മുന്നിലുള്ള വിജനമായ വഴിയില്‍ വാഹനത്തിന്‍റെ വെളിച്ചത്തിന് മീതെ കൂടുതല്‍ ഇരുട്ട് പുരളുന്നത് പോലെ...

      ജീപ്പ് പാര്‍ക്ക് ചെയ്ത്  മുന്നേ നടന്ന്‍ പോയ അച്ഛന്റെയും, അമ്മയുടെയും പിന്നാലെ ഇരുട്ട് വീണ വഴിയിലൂടെ നടന്നപ്പോള്‍ കരിയിലകള്‍ ഒന്നിളകി എന്തോ ഇഴഞ്ഞു പോയി..ഇടവഴിയില്‍ നിന്നും സ്രാമ്പിപ്പുര പോലെയുള്ള പഴയ വീട് വരെ മരണം എവിടെയോ ഒളിച്ചിരിക്കുന്ന മൂകത...ഇരുള്‍ വെട്ടി തുറന്ന്‍ പെട്രോമാക്സ് വെട്ടം കണ്ടപ്പോള്‍ മനസ്സില്‍ ഒരു ആശ്വാസം തോന്നി...അതിന് ചുറ്റും ആത്മഹത്യ ചെയ്യാന്‍ കാത്ത് നില്‍ക്കുന്ന നിശാ ശലഭങ്ങള്‍, ദൂരെ മാറി ഒരു തെങ്ങിന്‍റെ ചുവട്ടില്‍ ചുവന്ന കണ്ണുകളോടെ ഒരു വലിയ വടവും, കോടാലിയുമായി മരം വെട്ടുന്ന തമിഴന്‍ മണിയന്‍...അയാളുടെ വിധിക്കായി കാത്തിരിക്കുന്ന മൂവാണ്ടന്‍ മാവ്..മൊത്തം മരണം നിറഞ്ഞിരിക്കുന്ന രാത്രി ചിത്രങ്ങള്‍..

     ഇറയത്ത്‌ കയറുമ്പോള്‍ തന്നെ ഭയാനകമായ ഒരു വായു വലി ശബ്ദം...വെല്ലിച്ചന്‍ ജീവന്‍ പ്രകുതിയില്‍ നിന്നും പിടിച്ചു വാങ്ങാനുള്ള അവസാന ശ്രമം പോലെ..അമ്മയെ കണ്ടതും ആരോ പൊട്ടി കരയാന്‍ തുടങ്ങി..ഉടനെ തന്നെ കല്ലൂരിലെ അമ്മായി വക വിലക്ക്..

                  "പാടില്ല..ജീവന്‍ പൂവണ നേരത്ത് കര്യാന്‍ പാടില്ല..."

    ആ കാലുകളില്‍ അവസാനമായി ഞാന്‍ തൊട്ട് അനുഗ്രഹം തേടിയപ്പോള്‍ തണുത്ത മരണത്തിന്റെ സാമീപ്യം...കാലുകള്‍ മരിച്ചിരിക്കുന്നു..ഇനി അവസാനമായി നിലക്കാന്‍ അവശേഷിക്കുന്നത് തൊണ്ടയില്‍ കുടുങ്ങി നില്‍ക്കുന്ന ശ്വാസം മാത്രം..മരണം അതിങ്ങനെ മുന്നില്‍ ഓര്‍ സത്യം പോലെ...പുറത്തേക്ക് നടക്കുമ്പോള്‍ ആദ്യമായി കുറച്ച് ഭീതി തോന്നി..ഇവിടെ എവിടെയോ മരണം പതുങ്ങി നടക്കുന്നു...

               "കാലത്ത് ഒരു പത്ത് മണിക്ക് വെക്കാല്ലേ..?"

               "അതോണ്ടാ തമിഴന്‍ മണീനെ രാത്രി തന്നെ കൊണ്ടോന്നത്.."

               "ഭാഗ്യം പഞ്ചമി ഇന്നലെത്തോടെ കടന്ന്‍  പോയത്...അല്ലേല്‍ നൂറു ദോഷങ്ങളാ.."

   ഒരു ജീവന്‍ അതിന്‍റെ അവസാന പിടച്ചിലോടെ ഭൂമിയില്‍ തുടരാന്‍ ദേഹവുമായി പട വെട്ടുന്ന സമയത്ത് ചില നിഷ്കളങ്കരായ ഗ്രാമീണ മനസ്സുകള്‍ പട്ടട ഒരുക്കാനുള്ള പദ്ധതികള്‍ മെനയുന്നു..മുന്നോട്ട് നടന്നപ്പോള്‍ ഇരുട്ടില്‍ വീണ്ടും മരണം വാ പിളര്‍ന്നു മുന്നില്‍ നില്‍ക്കുന്നത് പോലെ തമിഴന്‍ മണിയന്‍...അയാള്‍ക്ക് ചുറ്റും ആത്മാവുകള്‍ നൃത്തം ചെയ്യുന്നത് പോലെ..അവിടെ നിന്നും മരങ്ങള്‍ സ്വരു കൂട്ടി വെച്ച ഇരുളില്‍ ഒരു കസേരയുമായി ചെന്നിരിക്കുമ്പോള്‍ മനസ്സില്‍ ചില ഭയ ചിന്തകള്‍..ഭൂതം, പ്രേതം, പിശാച്, അതമാവ്..എന്തിന് എനിക്ക് എന്നില്‍ തന്നെ വിശ്വാസം നഷ്‌ടമായ സമയമാണ്...എന്നാലും ഇപ്പോള്‍ കണ്മുന്നില്‍ മരണം അടുത്ത് വന്നു നില്‍ക്കുന്നത് പോലെ..എനിക്ക് വേണ്ടിയല്ലെങ്കില്‍ കൂടി മറ്റൊരാള്‍ക്ക് വേണ്ടി...

     ഇരിക്കുന്ന വലിയ മരത്തിന്‍റെ ചുവട്ടില്‍ നിന്നും ദൂരേക്ക് നോക്കിയാല്‍ പാടങ്ങളുടെ അപ്പുറം ഏറെ ദൂരത്ത് റെയില്‍പ്പാത കാണാം..ഒരു മിന്നാമിനുങ്ങ്‌ വെളിച്ചവും, അതി ഭയാനകമായ ഹോണ്‍ ശബ്ദവും മുഴക്കി ഏതോ രാത്രി വണ്ടി പോകുന്ന താളം..അതിനൊപ്പിച്ച് എവിടെയോ ഒരു നായയുടെ നേര്‍ത്ത മോങ്ങല്‍...തീവണ്ടി കടന്ന്‍ പോയതോടെ നായയുടെ ശബ്ദം കുറച്ച് കൂടി ഉച്ചത്തിലായി...മനുഷ്യനെ പകല്‍ ഇത്രയും സ്നേഹിക്കുകയും, രാത്രികളില്‍ ഇത്രയും പേടിപ്പിക്കുകയും ചെയ്യുന്ന ഒരു വളര്‍ത്ത് മൃഗം വേറെ ഉണ്ടാകില്ല...പാടത്ത് കൂടെ ചൂട്ട് കറ്റകള്‍ വരമ്പിലേക്ക് കയറി മരണവീട്ടിലേക്ക് വരുന്ന മറ്റൊരു കാഴ്ച...ഒപ്പം കുരുമുളക് തൊടിയിലെ കല്ല്കൂനയില്‍ ചെവി തുളക്കുന്ന തരത്തില്‍ കരയുന്ന അട്ടകളുടെ  കരച്ചില്‍, മരണം എവിടെയോ വന്നു കാത്തിരിക്കുന്നു. വെല്ലിച്ഛന്റെ അതമാവിനെ കൂടെ കൊണ്ട് പോകാന്‍...

    എന്നോ വളര്‍ന്ന്‍ വലുതായപ്പോള്‍ മനസ്സില്‍ നിന്നും വലിച്ചെറിഞ്ഞതാണ് ഭൂതപ്രേത പിശാച് ചിന്തകള്‍..."എന്നേക്കാള്‍ വലിയൊരു ഭൂതമോ?? എന്നാലതൊന്നു കാണണം..??" പലപ്പോഴും മനസ്സിന് തോന്നിയത് അതായിരുന്നു...സ്നേഹിതര്‍ പലരും ചില അനുഭവങ്ങളും പങ്ക് വെച്ചപ്പോള്‍ തീര്‍ത്ത് പറഞ്ഞ ഒരു കാര്യമാണ് ഓര്‍മ്മ വരുന്നത്...

             "അനുഭവം..എനിക്കുണ്ടായിട്ടില്ല...അതിനാല്‍ വിശ്വാസമില്ല.."

   രാത്രി കൊടുങ്ങല്ലൂരിലെക്ക് വരുമ്പോള്‍ കരൂപ്പടന്ന പാലത്തിന്റെ അടുത്ത് വെച്ച് എണ്ണിയാല്‍ തീരാത്ത ഒരു കൂട്ടം മുയലുകള്‍ വട്ടം ചാടിയ കഥയും, കരാഞ്ചിറ വെച്ചു പാതിരാത്രിയില്‍ കാലില്ലാത്ത പെണ്ണ് വണ്ടിയ്ക്ക് കൈ കാണിച്ച കഥയും.മൂന്നാം നിളയിലെ ഹോസ്ടല്‍ മുറിയിലെ ജാലകത്തിലൂടെ രാത്രിയില്‍ എത്തി നോക്കിയ പൂച്ചന്‍ കണ്ണന്‍ സുന്ദരിയും ...പിന്നെയും ചില കൂട്ടുക്കാര്‍ കഥകള്‍..

   എന്തായാലും ഒന്നുറപ്പ്...പ്രവചിക്കാന്‍ കഴിയാത്ത, കാണാന്‍ കഴിയാത്ത ഒരു ഊര്‍ജ്ജം നമുക്കുള്ളില്‍ നമുക്ക് ചുറ്റും വലയം ചെയ്യുന്നു...അത് നഷ്ടമാകുന്ന സമയം ജീവിതം അവസാനിക്കുന്നു...ആ ഊര്‍ജ്ജത്തെ ആത്മാവ് എന്നും, ആവിയെന്നും, പ്രേതമെന്നും വിളിക്കുന്നു...ഇപ്പോള്‍ അങ്ങിനെ ഒരാളുടെ ഊര്‍ജ്ജ വലയമാണ് നഷ്ടമാകാന്‍ പോകുന്നത്...അതിനെ ഉറപ്പിക്കുന്ന രീതിയില്‍ നായയുടെ മോങ്ങല്‍ കൂടി കൂടി വരുന്നു..ഇപ്പോള്‍ താഴത്തെ തൊടിയില്‍ നിന്നാണ്..അതടുത്ത് അടുത്ത് വരുന്നു...ഇടക്ക് ഞാനിരിക്കുന്ന സ്ഥലത്തെ ഇടത്തേ തൊടിയിലെ തൊഴുത്തിലെ പശുക്കള്‍ ഒന്നമറിയ ശബ്ദം..വീണ്ടും നായ ഉച്ചത്തില്‍ മോങ്ങിയപ്പോള്‍ തൊഴുത്തില്‍ നിന്നും പശുവിന്റെ കുറച്ച് കൂടി ഉറക്കെയുള്ള കരച്ചില്‍...അതിന്‍റെ അവസാനം പോലെ വീട്ടില്‍ നിന്നും കല്ലൂരത്തെ അമ്മായിയുടെ കരച്ചിലോടെയുള്ള ശബ്ദം ഉയര്‍ന്നു...

    "മരണം നടന്നിരിക്കുന്നു...എനിക്കടുത്ത് കൂടെ വെല്ലിച്ചന്‍റെ ആത്മാവ് അറിയാത്ത ലോകം തേടി പോയിരിക്കുന്നു..."

    വീട്ടിലേക്ക്‌ നടക്കാന്‍ കസേരയില്‍ നിന്നും എഴുന്നേറ്റ നിമിഷമാണ് അത് സംഭവിച്ചത്...പെരുവിരല്‍ മുതല്‍  തലച്ചോര്‍ വരെ ഒരു നിമിഷം കൊണ്ട് നിശ്ചലമായ ആ നിമിഷം...ഞാനിരുന്ന സ്ഥലത്തെ മരത്തില്‍ നിന്നും ഒരു വലിയ കൂറ്റന്‍ പക്ഷി വലിയ ചിറകുകള്‍ വിരിച്ച്, ചിറകടിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു...അതിന്‍റെ ചിറകുകള്‍ വീശിയടിച്ച കാറ്റില്‍ മരച്ചില്ലകള്‍ പോലും ആടിയുലഞ്ഞു എനിക്ക് മുന്നില്‍ ഭീതിയുടെ ഒരു ചിത്രം തീര്‍ത്തു..പേടിയോടെ നടന്ന്‍ മുന്നോട്ട് നീങ്ങുമ്പോള്‍ തമിഴന്‍ മണിയന്‍ കോടാലിയും, വടവുമായി മാവിന് പിന്നിലെ ഇരുട്ടിലേക്ക് നടന്ന്‍ നീങ്ങുന്നു..

  ഞാനിന്നും ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ആ അനുഭവം അനുഭവിച്ച് തീര്‍ത്ത അതേ വികാരത്തോടെ എഴുതി വെക്കുമ്പോഴും മനസ്സ് തുറന്ന്‍ പറയുന്നു....നമുക്ക് ചുറ്റും നാമറിയാതെ നമ്മളെ ചുറ്റുന്ന എന്തോ ഒന്നുണ്ട്...അതിനെ ചിലര്‍ ഭീകര രൂപമാക്കി പ്രേതമെന്നും, ഭൂതമെന്നും മുദ്ര കുത്തിയിരിക്കുന്നു..അതിനു ശേഷം വീണ്ടും ഇത്തരമൊരു അനുഭവം എനിക്കുണ്ടായിട്ടില്ല....ചില മരണങ്ങള്‍ നേരിട്ട് കണ്ടിട്ട് കൂടി..ഒരു പക്ഷെ മരിച്ച വ്യക്തിക്ക് എന്നോടുണ്ടായ അതിയായ സ്നേഹം തെളിയിച്ച ഒരനുഭവം ആകാം...ആയിരിക്കാം..ആണെന്ന്‍ വിശ്വസിക്കാം..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...



 















2016, ഏപ്രിൽ 16, ശനിയാഴ്‌ച

"മുചിരിയിലെ ചാത്തോമ്മൂഞ്ഞി.."

                                                     

                                                      പണ്ട് വളരെ വളരെ പണ്ട്..സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ്, പറങ്കികള്‍ കുരുമുളകും, പട്ടയും, ഏലവും തേടി കോഴിക്കോട് വരുന്നതിനു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ പതിനാലാം നൂറ്റാണ്ടിലെ വെള്ളപോക്കത്തിനു കുറച്ച് ആണ്ടുകള്‍ക്ക് മുന്‍പ്, എന്‍റെ മുന്‍ തലമുറയിലെ  പ്രപിതാമഹനായ തേവാലില്‍ ചാത്തുവിന്റെ കാലത്ത് ...

                                                       അറബി കടലിലൂടെ ഒരു പായ വഞ്ചി നിറയെ കുരുമുളക് ചാക്കും, കറുക പട്ടയും, ഏലവും, അങ്ങിനെ സുഗന്ധ പൂരിതമായ അന്തരീക്ഷവുമായി ഓളങ്ങളെ കീറി മുറിച്ച് ദേശിങ്ങനാട് എന്ന കൊല്ലത്ത് നിന്നും മുസിരിസ് എന്ന മുചിരിയെന്ന കൊടുങ്ങല്ലൂരിലെക്ക്  ലക്‌ഷ്യം വെച്ച്...അതിനുള്ളില്‍ ചങ്ങാതിമാരായ മൂന്ന്‍ മഹാന്മാര്‍..തേവാലില്‍ ചാത്തു, അയ്യാലില്‍ അടിമ മുഹമ്മദ്‌ എന്ന മമ്മൂഞ്ഞി, കുരിശിങ്കല്‍ തൊമ്മന്‍ ...

    "തൊമ്മാപ്ലെ...ദേശിങ്ങ കഴിഞ്ഞാ പായ ഇടം വെച്ചോ..കാറ്റിന്റെ കൂറ്റ് .തെക്കോട്ടാ...മുന്നീ വെള്ളത്തീ ഓടനാട് തിരുടന്മാര്‍ മൊളക് ചാക്ക് കക്കാന്‍ വടീം, കുന്തോമായി വരും...നേരം പോലരാന്‍ ഇനിമോണ്ട് പയിമൂന്നു നാഴിക..."

     "ചാത്തോ..പള്ള പയിച്ച് തൊടങ്ങി...ഞമ്മക്ക് കഞ്ഞി കുടിച്ചാലോ..."

     "തൊമ്മാപ്ലെ ..എന്നാ പായ മടക്ക്‌..:ഇനി കുടിച്ചിട്ടാകാം.''


                                                       മണ്‍ കലത്തില്‍ നിന്നും ഒരു  ഓട്ടു കിണ്ണത്തിലേക്ക് ചൂടുള്ള കഞ്ഞി പകര്‍ന്നു..ഇലച്ചീന്തില്‍ ചേമ്പിത്ത് പുഴുങ്ങിയതും, തൊട്ടു നക്കാന്‍ കാന്താരി ഇടിച്ചതും...മൂവരും മങ്ങിയ വെട്ടത്തില്‍ ഒരേ ഓട്ടു കിണ്ണത്തില്‍ നിന്നും പ്ലാവില കയില്‍ കൊണ്ട് ചൂടന്‍ കഞ്ഞി കുടിക്കാന്‍ തുടങ്ങി...ആ സൗഹൃദം എന്നാണ് തുടങ്ങിയത്...ചാത്തു തൊമ്മനെ കണ്ടത് കാവിലെ എഴുത്ത് പള്ളിയില്‍ വെച്ചാണ്‌...നിലത്താശന്‍ മണ്ണില്‍ എഴുതി പഠിപ്പിക്കുമ്പോള്‍ കോണകത്തിന്‍റെ കുത്തില്‍ പിടിച്ച് പൂഴിമണ്ണ്‍ വാരിയിട്ട് തൊമ്മനെ ചാത്തു സുഹൃത്താക്കി...മുചിരിയിലെ കാവിലമ്മയുടെ  ഭരണിക്ക് (കൊടുങ്ങല്ലൂര്‍ ഭരണി) പോയപ്പോള്‍ പാണ്ടിയില്‍ നിന്നും വന്ന പെണ്ണിന്‍റെ കയ്യില്‍ നിന്നും  വേണ്ടാതീനം കാട്ടിയതിനു നല്ല തൊഴിയും, ചീത്തയും പങ്ക് വെച്ചത് മുതലാണ് മമൂഞ്ഞി വേണ്ടപ്പെട്ടവനായത്, അന്ന് മുതല്‍ മൂവരും നല്ല സുഹൃത്തുക്കള്‍, പങ്ക് കച്ചവടക്കാര്‍...ദേശാന്തരം താണ്ടുന്നവര്‍..

                                                         ദേശിങ്ങനാട് തിണ്ടിയില്‍ പോയി പാണ്ടികളുടെ കയ്യില്‍ നിന്നും മുളകും, പട്ടയും കയറ്റി മുചിരിയിലെ തെരുവില്‍ അറബിക്കാരന്മാര്‍ക്കും, ചീനമാര്‍ക്കും, യവനമാര്‍ക്കും കൊടുത്ത് പട്ടും, പൊന്നും പകരം വാങ്ങുന്ന ഏര്‍പ്പാട്..മുചിരിയിലെ കുള്ളി (പെരിയാര്‍) തീരത്ത് ക്നാനായ തൊമ്മന്‍ കെട്ടിയ കുരിശ് പള്ളി മുതല്‍ പടിഞ്ഞാറു കുള്ളി കടലുമായി ചേരുന്ന ഇടം വരെ തെരുവില്‍ ആനയോളം പൊക്കത്തില്‍ കൂട്ടിയിട്ട മുളകും, പട്ടയും, ഏലവും...അത് വാങ്ങാന്‍ അലയുന്ന വരത്തന്മാര്‍,


                                                     മുചിരിയിലെ ചില പെമ്പ്രന്നോത്തികള്‍ പൊന്നിന്റെ തോടയും, കാപ്പും, പട്ടിന്റെ മുണ്ടും, റൗക്കയും അണിഞ്ഞു കാവിലെ താലപ്പൊലിക്ക് പോകുമ്പോള്‍ തീണ്ടാ പാവങ്ങള്‍ വഴി മാറി നിന്ന് ഒളിച്ച് നോക്കും...പല്ലക്കില്‍ ഇരിക്കുന്ന കെട്ടിലമ്മ മാരുടെ വയരിലേക്കും, മാറിലേക്കും..ദേശം താണ്ടി കറുത്ത പൊന്ന് തേടി വരുന്ന വടക്കന്മാരും, മഞ്ഞ നിറമുള്ള ചീനന്മാരും, രാക്ഷസ രൂപമുള്ള യവനന്മാരും കണ്ണ്‍ വെച്ച കെട്ടിലമ്മമാര്‍..

     "ചാത്തോ..ഇയ്..കിനാവ് കാണേ....അന്‍റെ പെണ്ണ് വയറ്റ് കണ്ണിയല്ലേ.."

     "ഉം...ചിങ്ങം കൊയ്യുന്നതിനു മുന്നേ വയറ്റാട്ടിയെ കൊണ്ടോരണം..ആറാമത്തെ കാലാ...ഇത്തവണ പെണ്ണാകും.."

                                                         കടലിനു മീതെ ആകാശം മിന്നാന്‍ തുടങ്ങി..ദൂരെ എവിടെയോ ഇടി നാദവും, പിന്നെയൊരു കുളിര്‍ക്കാറ്റും...അതവരുടെ വഞ്ചിയുടെ മീതെ ഒരു മഴയുടെ പ്രതിദ്ധ്വനി തീര്‍ത്തു..

     "മമ്മൂഞ്ഞി ഇടവപ്പാതിക്ക് ഇഞ്ഞീം നാള്ണ്ടല്ലോ...എന്താ മോളിലൊരു തട്ടും, മുട്ടും, കുടുക്കോം.."

      "ചാത്തോ അത് ഇങ്ങെടെ ദേവേന്ദ്രന്‍ ഉണക്കാനിട്ടിരുന്ന ചെരട്ട വാരി പറത്തില്‍ നെറക്കണ പുകിലാ..."

     ''അപ്പൊ മിന്നണതൊ ??"

     അത് ഓന്റെ കടുക്കന്‍ തിളങ്ങണതാ..."

                                                              പായ ഇടം കെട്ടി തൊമ്മന്‍ താഴെ വന്നു ഇരുട്ടിലേക്ക് നോക്കി ഊഹം പറഞ്ഞു..

    "ഇനീമൊരു പയിനോന്നു യോജന ..അല്ലേ മമ്മൂഞ്ഞി....'

    "ആനക്ക് എന്താ തെരക്ക് തോമ്മാ?? ഓന്റെ പൊരേല് പുത്യേ മാപ്ലാച്ചിയാ..സിലോണിന്നു വീഷണ കാറ്റ് മുട്ടീപ്പോ ഏനക്കേട്..ല്ലേ??"

                                                              തൊമ്മന്‍ ആര്‍ത്ത് ചിരിച്ചു..ആ ചിരിയില്‍ എല്ലാവരും പങ്ക് ചേര്‍ന്നു..അതാണ് സൗഹൃദം...മൂവരും മൂന്ന്‍ മതസ്ഥര്‍..മതത്തെയും,വ്യവസ്ഥയേയും മറി കടന്നൊരു മനുഷ്യ സൗഹ്രദം..

    "ഇയ് ഇവിട കുത്തിരി  തോമ്മോ ..മഞ്ചി നയിച്ചോളും..ഞമ്മക്കിത്തിരി പൊളി പറയാന്ന്..ഏത്??"
                                             
                                                             ചാത്തു വെള്ളി കെട്ടിയ മുറുക്കാന്‍ ചെല്ലം മൂവര്‍ക്കും മുന്നില്‍ നിരത്തി വെച്ചു..തളിര്‍ വെറ്റിലയില്‍ നൂറു തേച്ച്, പഴുക്കടുക്കയും, ഒരു തരി പുകയിലേം കൂട്ടി ഒരു പിടുത്തം..ചുവന്ന തുപ്പല്‍ നീട്ടി തുപ്പി ചാത്തു പൊളി പറയാന്‍ തുടങ്ങി...

    "നിങ്ങളറിഞ്ഞോ ..നുമ്മടെ പണ്ടാരി വെളുത്തെരി നായരുടെ കഥ...നായര് പന്തലായനി പോയി ഒരു ദേഹണ്ണം കഴിഞ്ഞ് കാവിലെ പടിഞ്ഞാറുള്ള പെരേല് എത്തിപ്പോള്‍ പടി വാതിലില്‍ കുഞ്ഞുണ്ണി നമ്പൂരിടെ മെതിയടി...പിന്നെ കുത്തഴി മറച്ച് ആയമ്മയുടെ ഉടുമുണ്ടും....വെളുത്തെരി മൂന്ന്‍ രാവും, പകലും കുന്തു കാലില്‍ ഇരുന്നിട്ടും മെതിയടി പോയില്ല, മുണ്ടും മാറിയില്ലത്രെ.."കുളീം ജപോം ഇല്ലാതെ ഒടുക്കം അയാള് തിരിച്ചു പോയപ്പം ആയമ്മ  ഉടുമുണ്ട് കഴുകി പെട്ടി വെച്ചു..മെതിയടി തട്ടും പൊറത്തും..വെളുത്തെരിയെ ഓടിക്കാന്‍ ചെയ്ത വേലയാ..പെണ്ണിന്‍റെ ഒരു ഒരുംബെടല്‍..."

   ''തൊമ്മാപ്ലേ.. ഇന്റെ പെണ്ണ് പുതു മോടിയാ...ചിക്കപായില്‍ ഒറ്റക്കും...നമ്പൂരിമാരു കണ്ടോടത്ത് മെതിയടി വെക്കണ കാലാണ്"

   "എനക്ക് ഒരു പെണ്ണിന്‍റെ കാര്യം...നെനക്കോ മമ്മൂഞ്ഞി മൂന്ന്‍ ബീവിമാരെ പോറ്റണ്ടേ..അവറ്റകള്‍ക്ക് നാലാം വേദം തീണ്ടായ്മല്ലാ.."

                                                             വീണ്ടും കൂട്ടച്ചിരി..അവര്‍ വീണ്ടും പൊളികള്‍ പറഞ്ഞും, രസിച്ചും കാറ്റിന്റെ കൂറ്റില്‍ ഓരോ നാഴികയും താണ്ടി മുസിരിസ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു...ദൂരെ വെളുത്ത പൊട്ടുകള്‍ വിതറി വെളിച്ചം വരാന്‍ തുടങ്ങിയപ്പോള്‍ തൊമ്മന്‍ കരുപ്പെട്ടി കാപ്പിയുണ്ടാക്കി..കോപ്പയില്‍ നിറച്ച കാപ്പിയും കുടിച്ച് മൂന്ന്‍ പേരും കര കാണാത്ത കടല്‍ നോക്കി അടുത്തടുത്ത് ഇരുന്നു...മുന്നില്‍ ഏറെ മുന്നിലുള്ള ഭാവിയിലേക്ക് കണ്ണും നട്ട്..

  "തൊമ്മാപ്ലെ കൊറേ ആണ്ടു കഴിയുമ്പോ നമ്മടെ പുള്ളാരും ഇങ്ങിനെ ചങ്ങായിമാര് ആയി ഇതേ പോലെ കഴിയോ??''

   "കയിയും ചാത്തു..ഞാന്‍ ഇന്റെ പോരേല്‍ വന്നു പയിക്കുമ്പോ തിന്നണ പോലെ, ഇയ് എന്‍റെ പോരെ വന്ന് മൂരിയെറച്ചി പത്തിരി കൂട്ടി തിന്നണ പോലെ ഞമ്മട തലമുറ ജാതില്ലാതെ..മനുസ്സന്മാരായി ഞമ്മളെ പോലെ ജീവിക്കും.."

   ''അതെ..ദൈവം മനുഷ്യനെ ഇണ്ടാക്കി വെച്ചപ്പോള്‍ പുത്തി കൊടുത്തത് എന്തിനാ..ആലോചിക്കാന്‍...നമ്മടെ തലമുറയും നമ്മളെ പോലെ ആകും..."

    ''എനിക്കിപ്പോ ഒരൂട്ടത്തിനാ കൊതി..ഇവിടിരുന്നു ഇങ്ങനെ ഇരുന്ന്‍ എന്‍റെ പെണ്ണിനോട് മിണ്ടാനും, കാണാനും ഒരു സൂത്രം ഉണ്ടായാല്‍..അങ്ങിനെ ഒരു സൂത്രം ആരെങ്കിലും ഒണ്ടാക്കും..ആരേലും..."

   "തൊമ്മാപ്ലെ ഉണ്ടാകും..നമ്മടെ പിന്നാലെ വരണ പിള്ളാര്‌ ഒണ്ടാക്കും...പക്ഷെ എന്ത് ഒണ്ടാക്കിയാലും ഇപ്പളത്തെ പോലെ ഒരുമയോടെ ജീവിച്ചാ മതി..കണ്ടില്ലേ പട്ടികളെ..വെറുത കടി പിടിക്കണത്..അത്പു ത്തിയില്ലാത്തോണ്ടാ....

   "ചാത്തോ, തോമ്മാ...കൊറേ ആണ്ടു കഴിഞ്ഞാ ഞമ്മള് നിങ്ങളെ വിട്ട് പോകും..മയ്യത്താണ മുന്നേ മക്കത്തോന്നു പോണം...''

     "മമ്മൂഞ്ഞി ഇന്നേ ഞങ്ങള് കൊണ്ടോകും..ഈ മഞ്ചീല്‍ അറബി നാട് വരെ..പോരെ?"

                                                               അങ്ങിനെ പല മോഹങ്ങളും, ഒരൊറ്റ മനസ്സുമായി ആ വഞ്ചി പിന്നെയും പല യോജനകള്‍ താണ്ടി..മൂന്ന്‍ പേരായി, മൂന്ന്‍ മതസ്ഥരായി, ഒരൊറ്റ ചിന്തയോടെ..പതിനാലാം നൂറ്റാണ്ടില്‍..മുസിരിസില്‍ ജീവിച്ചു...മരിച്ചു...ആ തലമുറയില്‍ നിന്നും പിന്നെയും വേരുകള്‍ പൊട്ടി മുളച്ചു...വംശ പരമ്പര വൃക്ഷം പല ശാഖകളായി, ഉപ ശാഖകളായി....മരം വളര്‍ന്നപ്പോള്‍ അതിര്‍ത്തികള്‍ വളര്‍ന്നു..മനസ്സിലെ വേലിക്കെട്ടുകള്‍ വളര്‍ന്നു...മതം മനുഷ്യനെ വിഴുങ്ങി...അന്ന്‍ മുചിരിയില്‍ നിന്നും തിണ്ടിയിലേക്ക് പോയ വഞ്ചി പോലും മൂന്നായി മാറി..

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.....

                                                           


                                                             







      

2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

പ്രണയമഴ കാത്തിരുന്ന്‍....




13/04/2016

                 "കളികൂട്ടുക്കാരാ....

                  എന്നോ എന്‍റെ ഭൂതക്കാലത്തില്‍ നീയറിയാതെ ഞാന്‍  
                  നിന്നിലോളിപ്പിച്ച പ്രണയത്തിന്‍റെ മഴ മേഘങ്ങള്‍..
                  എന്നോ നീയറിയാതെ നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട 
                  ഞാനും, നീയും മാത്രമുള്ള കുറേ ചിത്രങ്ങള്‍..
                  എന്നോ നീയറിയാതെ എന്‍റെ സ്വകാര്യതകളില്‍ നിന്നെ 
                  മാത്രം നിനച്ച് മെനഞ്ഞ സുന്ദരമായ സ്വപ്‌നങ്ങള്‍...

                  ഇന്നാ പ്രണയ മേഘങ്ങള്‍ക്ക്
                  മഴയായ് പൊഴിയാനും, അതില്‍ നിന്നോടോത്ത് നനയാനും
                  കൊതിയോടെ നിന്‍ മാറില്‍ തല ചായ്ക്കാനും
                  പ്രേമ  രാത്രികളില്‍ നിനക്ക് കൂട്ടിരിക്കാനും...
                  കൊതിയാകുന്നു...എന്‍റെ കൂട്ടുക്കാരാ...

                  എന്നാലും നിന്‍റെയീ മൗനം,
                  എന്നില്‍ നിന്നും അകന്നു പോകുന്ന നിന്‍റെയീ മൗനം..
                  കയ്യെത്തും ദൂരെ നിന്നിട്ടും, നീ സൃഷ്ടിച്ച പ്രകാശവര്‍ഷ ദൂരം.
                  ഒന്നുരിയാടാതെ  എനിക്ക് നിഷേധിച്ച നിന്‍റെ വാക്കുകള്‍..
                 എനിക്കിന്ന് നിഷേധിച്ച നിന്‍റെ പ്രണയത്തിന്‍റെ ഒരു തുള്ളി.."



                                   വീണ്ടും എഴുതാന്‍ കൊതിച്ച് കസേരയില്‍ ചാരി ഇരുന്നപ്പോള്‍ ഇരുട്ടില്‍ നിന്നും അമ്മയുടെ വിളി വന്നു..വാക്കുകളെ ഒരു നിമിഷം മുറിച്ചു മാറ്റിയ വിളിയില്‍ പേന താഴെ വെക്കാന്‍ തോന്നി...ജാലകത്തിലൂടെ നോക്കുമ്പോള്‍ താഴെ ഇരുളില്‍ വാഹനങ്ങള്‍ നിരനിരയായി ലക്ഷ്യമില്ലാതെ...


         "ബാഗ്ലൂരും, ബാഗ്ലൂരിലെ വാഹനങ്ങളും എന്നെ പോലെയാണ്...ഉറക്കം നഷ്ടപ്പെട്ട്  ലക്ഷ്യമില്ലാതെ...


         "മോളെ വന്നു കിടന്നുറങ്ങ്...നാളെ വിഷുവാണ്.."


                                    ലൈറ്റ് ഓഫാക്കി അമ്മയോട് ചേര്‍ന്ന്‍ കിടന്നു..മനസ്സ് ദൂരെയാണ്...പെയ്യാന്‍ കാത്ത് നില്‍ക്കുന്ന മഴയും, അതിലൊന്ന് നനഞ്ഞു കുതിരാന്‍ കാത്തിരിക്കുന്ന മനസ്സും..ആഘോഷങ്ങള്‍ മനസ്സില്‍ നിന്നും ഒഴിഞ്ഞിട്ട് കാലമേറെയായി..പുറത്തിറങ്ങി നടക്കുമ്പോള്‍ ദേഹം മാത്രമാണ് ആഘോഷം..അതും വഴിയാത്രക്കാര്‍ക്ക്...അമ്മ എന്നിലേക്ക് ചേര്‍ന്ന്‍ കിടന്ന് പാതിയുറക്കത്തില്‍ പതിവ് ചോദ്യം...


       "മരുന്ന്‍ കഴിച്ചോ മോളെ..."


                                      മറുപടി ഒരു മൂളല്‍ മാത്രം...മനസ്സ് എത്രയോ മുന്‍പേ മുപ്പത് കിലോമീറ്റര്‍ ദൂരത്താണ്...എന്നും ഒരു പക്ഷെ ഓരോ നിമിഷവും മനസ്സ് യാത്ര ചെയ്യും...കയ്യെത്തും ദൂരത്തേക്ക്..ഒരു മരുന്നിനും, ഒരു ആഘോഷത്തിനും സുഖപ്പെടുത്താന്‍ കഴിയാത്ത, സന്തോഷിപ്പിക്കാന്‍ കഴിയാത്ത മനസ്സ്..മുറിവേറ്റ മനസ്സ്..വെറുതെ ഒരൊറ്റ ലക്‌ഷ്യം വെച്ച് യാത്ര ചെയ്യുന്ന മനസ്സ്...


                                      ഇത് പോലെ, ഇതേ വിഷു ദിനത്തില്‍ മൂന്ന്‍ വര്ഷം മുന്‍പാണ്‌ അപ്രതീക്ഷിതമായി ഈ നഗരത്തിലെ മേജെസ്ടിക്കിലെ തിരക്കില്‍  വെച്ചു അവനെ കണ്ടത്..കണ്ടു മുട്ടലായിരുന്നില്ല..ഓരോ നിമിഷവും മനസ്സ് കൊതിച്ചിരുന്ന ഒരു സത്യത്തിലേക്കുള്ള തിരിച്ച് പോക്ക്.."പള്ളി സ്കൂളിലെ യൂണിഫോമിട്ട ചെക്കനില്‍ നിന്നും അന്നേ കൊതിച്ച അതേ സത്യം...മനസ്സില്‍ കൊണ്ട് നടന്ന കളിക്കൂട്ടുകാരനിലേക്ക് അവിചാരിതമായ ഒരെത്തിപ്പെടല്‍.


       "സുഖാണോ നിനക്ക് ??"


                                        വര്‍ഷങ്ങള്‍ക്ക് ശേഷം കാത്തിരുന്ന ചോദ്യം...ഉത്തരം പറയാന്‍ കാത്തിരുന്ന ചോദ്യം..


      "ഇപ്പോള്‍ വല്ലാതെ സുഖം തോന്നുന്നു..നീയിങ്ങനെ അടുത്തിരിക്കുമ്പോള്‍, നിന്‍റെ കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍, നിന്നില്‍ നിന്നും പുറത്ത് വരുന്ന നിശ്വാസം എന്‍റെ ജീവ വായുവില്‍ കലരുമ്പോള്‍..."


                                         എന്‍റെ ഉത്തരം അവനെ ഒന്ന്‍ ഉലച്ചത് പോലെ...ആ കണ്ണുകള്‍ ഒന്ന്‍ പിടഞ്ഞത് പോലെ..ഇതേ പിടച്ചില്‍ ആയിരുന്നു സ്കൂള്‍ വിട്ട് പിരിയുമ്പോള്‍ ഇരുപത് വര്ഷം മുന്‍പ് അന്നവനില്‍ കണ്ടത്...ഇതേ പിടച്ചില്‍ തന്നെയായിരുന്നു

 
     "നിന്‍റെ ഹസ്....ഇവിടെയുണ്ടോ..അതോ യു.എസ്സിലോ...?''


     "യു.എസ്സില്‍ സുഖായി ജീവിക്കുന്നു...മറ്റൊരു പെണ്ണിന്‍റെ കൂടെ...ഡിവോഴ്സ് ആയി..കല്യാണം കഴിഞ്ഞ് വെറും നാലു  മാസത്തിനുള്ളില്‍..മറ്റൊരുവനെ ഏത് നിമിഷവും മനസ്സില്‍ കൊണ്ട് നടക്കുന്ന പെണ്ണിന്‍റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു...ഞാന്‍ പറഞ്ഞു നോക്കി, വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് നോക്കി..മനസ്സ് മാത്രമാണ് നിന്നിലെന്ന്...പക്ഷെ അയാളുടെ സംശയം എന്‍റെ കന്യാ ചര്‍മ്മം വരെ നീളുന്നതായിരുന്നു..."


                                          അവനൊന്നും പറഞ്ഞില്ല..കാത്തിരുന്ന വാക്ക് ...ഒരു മഴയില്‍ അവനോടൊപ്പം നനയാന്‍, അവന്‍റെ കൈവിരലുകളില്‍ ആദ്യമായിട്ട് ഒന്ന്‍ തൊടാന്‍..അവനെ ആദ്യമായിട്ട് കെട്ടിപ്പിടിക്കാന്‍, എല്ലാം വീണ്ടും സ്വപ്നങ്ങള്‍ മാത്രം..''


    "ഒന്നും ഞാനറിഞ്ഞില്ല...നീയെന്നെ പ്രണയിച്ചതും ഞാന്‍ വൈകിയാണ് അറിഞ്ഞത്..ദൈവം പ്രണയം സൃഷ്ടിച്ച അതെ അളവ് കോലില്‍ തന്നെ വിരഹവും, വിധിയും സൃഷ്ടിച്ചു...നമുക്ക് വിധിച്ചത് രണ്ടാമത്തെ...."


                                         കൂടുതലൊന്നും പറയാതെ അവന്‍ എഴുന്നേറ്റ് പോകാന്‍ തിടുക്കം കാട്ടി..ഒരു പക്ഷെ എന്നില്‍ നിന്നും ഒളിച്ചോടാന്‍....ഇനിയും  കാണുമോ എന്നുള്ള ചോദ്യത്തിന് അലസമായ ഒരു മറുപടി...പക്ഷെ നിറമുള്ള പകലുകള്‍ സമ്മാനിച്ച് കൊണ്ട് വീണ്ടും കണ്ടു...ജീവിതത്തിലെ ഏറ്റവും മനോഹരമായ ചില കൊച്ചു നിമിഷങ്ങള്‍,മിനിറ്റുകള്‍ സമ്മാനിച്ച്....മൂന്നാഴ്ചയോളം തുടര്‍ച്ചയായി എല്ലാ ദിവസവും...അവന്റെ അടുത്ത് ഇരിക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്തവള്‍ താനെന്നു തോന്നിയ ഇരുപത് ദിവസ്സങ്ങള്‍..ഇരുപത് വര്‍ഷത്തിനു ശേഷമുള്ള ഇരുപത് ദിവസങ്ങള്‍..


    "ഞാനൊന്ന്‍ ചോദിച്ചോട്ടെ..പുറത്ത് പെയ്യുന്ന ജീവിതമെന്ന മഴയിലേക്ക് നിന്‍റെ കൈ പിടിച്ച് എന്നെയൊന്നു കൊണ്ട് പോകോ..സ്വപ്നം കാണാനുള്ള അവകാശം ഉണ്ടോയെന്നറിയില്ല...ഞാന്‍ വരട്ടെ..നിന്നിലേക്ക്‌..."


                                            മൂന്ന്‍ വര്ഷം മുന്‍പ് അതായിരുന്നു അവസാനമായി അവനോട് ചോദിച്ച ചോദ്യം..അതിനു ഒരു മറുപടി പറയാതെ അവന്‍ നടന്നകന്നത് ഒരു പ്രകാശ വര്‍ഷത്തോളം ദൂരത്തേക്ക്...മുപ്പത് കിലോമീറ്റര്‍ ദൂരെ ഇന്ദിരാ നഗറില്‍ ഇന്നും അവനുണ്ട്..എന്നിലേക്ക് സ്വയം സൃഷ്ടിച്ച ഒരു മറയില്‍, ഒരു പുക മറയില്‍..ജീവിതം മുഴുവന്‍ കാത്തിരുന്ന്‍ കാത്തിരുന്ന്‍ കയ്യെത്തും ദൂരെ പെയ്യുവാന്‍ തുടങ്ങിയ പ്രണയ മഴ മേഘം പെട്ടെന്ന്‍ ഒരു കൊടും വേനലിന് വഴി മാറിയപ്പോള്‍ മനസ്സ് പിടച്ചു...മനസ്സ് പിടി വിട്ടു...പിന്നെ മരുന്നുകള്‍, മന്ത്രങ്ങള്‍, മൂന്ന്‍ കൊല്ലം....


                                           മരുന്നിന്‍റെ ലഹരിയില്‍ എപ്പോഴോ ഉറക്കത്തിലേക്ക്. വിഷു പുലരിയാണ് നാളെ..അത് കൊണ്ടായിരിക്കും വെളുപ്പാം കാലത്തെ സ്വപ്നത്തില്‍ അവന്‍ വന്നത്...വാതില്‍ തുറന്നതും കണി പോലെ അവന്‍റെ ചിരിച്ച മുഖം..


    "നീ പോരുന്നോ ...എന്‍റെ പ്രണയമഴയില്‍ നനയാന്‍..."


                                              ആരെല്ലാമോ തടയാന്‍ ശ്രമിക്കുന്നു...ചില മുഖമില്ലാത്ത രൂപങ്ങള്‍, അവര്‍ അവന്‍റെ മുന്നില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു...


     "ഇവള്‍ വിഷാദ രോഗിയാണ്‌...കൊണ്ട് പോകരുത്..."

     "ഒരു വട്ടം ആരോ ചൂടി ഉപേക്ഷിച്ച പൂവാണിവള്‍, "


     "ഞാന്‍ വരുന്നു..നിന്‍റെ കൂടെ..എന്‍റെ രോഗത്തിനുള്ള മരുന്ന്‍ നീയാണ്..ഈ ഭൂമിയില്‍ ശേഷിക്കുന്ന ഒന്നും എനിക്ക് വേണ്ട..നീ മാത്രം മതി...നീയുണ്ടെങ്കില്‍ ഒരു മരുന്നും എനിക്ക് വേണ്ടാ..."


                                                അവന്‍റെ നീട്ടിയ കൈകളിലേക്ക് വാടി വീഴുമ്പോള്‍ ആരുടെയോ കൈകള്‍ എന്‍റെ കണ്ണുകളെ പൊതിഞ്ഞു..അത് വരെ കണ്ടത് സ്വപ്നമാക്കി മാറ്റി യാഥാര്‍ത്ഥ്യം തിരികെ കൊണ്ട് വന്ന അമ്മയുടെ കൈകള്‍...കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ കണ്ണ്‍ തുറന്നപ്പോള്‍ സന്തോഷം തോന്നി..കണ്ട സ്വപ്നം ഒരു പക്ഷെ സഫലമാകുന്ന പോലെ വാതിലിനു പിന്നില്‍ അവന്‍റെ നിഴല്‍ ഉണ്ടെന്ന തോന്നല്‍..അതെന്നെങ്കിലും തന്നിലേക്ക് കൂടി ചേരുമെന്ന്‍ മോഹം..


     "ഇല്ല..ഞാന്‍ എന്‍റെ ജീവന്‍ സ്വയം ഇല്ലാതാകില്ല....എന്നെങ്കിലും നീ വരുമെന്നും, ഒരു വാക്ക് സംസാരിക്കുമെന്നും, നിന്നിലേക്ക്‌ എന്നേക്കുമായി ക്ഷണിക്കുമെന്നും പ്രതീഷിച്ച് ഓരോ നിമിഷവും നിന്നെ കുറിച്ചോര്‍ത്ത്..."


                                               ജാലകത്തിലൂടെ അകലേക്ക് നോക്കിയിരിക്കുമ്പോള്‍ വീശിയ കാറ്റില്‍ മുപ്പത് കിലോമീറ്റര്‍ ദൂരെ ഉറങ്ങുന്ന അവന്‍റെ നനുത്ത സ്പര്‍ശം..അവന്‍റെ സാമീപ്യം...അതെ അവന്‍ എന്‍റെ കൂടെയുണ്ട്..കടലാസ്സില്‍ കുറിച്ച് വെച്ച കവിതയുടെ ബാക്കിയില്‍ എഴുതി ചേര്‍ക്കാന്‍ ചില വരികള്‍...


                             "കൂട്ടുക്കാരാ..ഞാന്‍ കാത്തിരിക്കുന്നു...
                              ഒരു പുലരിയില്‍ എന്‍റെ നെറ്റിയില്‍ പടരുന്ന കുങ്കുമ മഴയായി 
                              നിന്‍റെ വിരലുകള്‍ പതിയുന്നതും കാത്ത്...
                              എന്‍റെ വേനലില്‍ പെയ്യാന്‍ മറന്ന്‍ പോയ നിന്‍റെ പ്രണയം
                              ഒരു മഴയായി പൊഴിയുന്നതും കാത്ത്...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..

       



 


               
               
                 

2016, ഏപ്രിൽ 13, ബുധനാഴ്‌ച

കരിയും, കരിമരുന്നും.....




               "കിട്ടിടോ തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ...തെക്കുംഭാഗം പാമ്പാടി രാജനെ കൊണ്ടൊന്നു നിര്‍ത്ത്യാലും തല പൊക്കത്തില്‍ ഒപ്പെത്തില്ല.."

വടക്കുംഭാഗം ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ ഇത്രയും സന്തോഷവാനായി കണ്ടിട്ടില്ല...കുറച്ച് വര്‍ഷായി ചേരി തിരിവ്...എല്ലാത്തിനും മത്സരം...ഞങ്ങള്‍ വടക്ക് ഭാഗം ദാരിദ്യ രേഖക്ക് താഴെയാണെന്ന് പറയുന്ന ചില വിരുതരുണ്ട്..അവരുടെ മുന്നില്‍ ഇത്തവണ പൂരത്തിന് ഞെളിഞ്ഞെ നില്‍ക്കൂ..

              "ആന രാമചന്ദ്രന്‍, മേളം പെരുവനം, സദ്യ അംബി സ്വാമി...പിന്നെ വെടിക്കെട്ട് കൂട്ടാല ജോസ്...എല്ലാം കൂടി ഒരു സി വേണ്ടി വരും..പിരിവാര് എല്ലാടത്തും കേറി ഇറങ്ങി ശരിക്കും തകര്‍ക്കാന്‍ പറയ്‌ വാസൂ..ഇനി ശ്രീ കോവിലില്റെ ഉള്ളില് പരസ്യം വെക്കണോ...സ്വര്‍ണ്ണ കടയുടെ..ചൊള കിട്ട്യാ അതും ചെയ്യും..ഉത്സവം നടത്താന്‍ ഉത്സാഹം വേണം..അയിനോപ്പം ക്യാഷും വേണം.....ഇത്തവണ നീയ് കണ്ടോ..നമ്മടെ സെറ്റപ്പ് കണ്ട് തെക്കും ഭാഗം  പിണ്ടിയിടും .."

             "ഇത്രേം ഏക്കം കൊടുത്ത് ആന വേണോ നാണു..?? ആ കരളു മാറ്റാന്‍ അമൃതേല് കെടക്കണ കൊച്ചിന് കൊറച്ച് കാശ് കൊടുത്ത് സഹായിച്ചാലോ??"

അത് കേട്ടപ്പോള്‍ ചെയര്‍മാന്‍ നോക്കിയ ആ നോട്ടത്തില്‍ നിന്നും മനസ്സിലായി പത്ത് രൂപ കൊടുക്കില്ലാന്നു..."കരള്‍ കിട്ടാനുണ്ട്..കാശില്ല...ഒരു ചെറു ബാല്യക്കാരി...നന്നായി പാട്ട് പാടുന്ന ഒരു കുട്ടി...''

             "എടൊ..ദൈവത്തിന്‍റെ കാര്യാ...ഇതീന്ന് കരളിനു പത്ത് പൈസ കിട്ടോന്ന് കരുതണ്ടാ...അല്ലേലും അമൃത ചാരിറ്റി അശൂത്രിയല്ലോ..പിന്നിപ്പോ  എന്തിനാ ഓപ്പറേഷന്‍ ചെയ്യണ കാര്യത്തിന് കാശ് ചോദിക്കണേ..."

            "കരിയും,കരിമരുന്നും വേണ്ടാന്നാ ഗുരുദേവന്‍ പറഞ്ഞേ..."

അതിനു മറുപടി അമ്പല മുറ്റത്തേക്ക് ഒരു നീട്ടി തുപ്പല്‍...അവിടമാകെ ചുവപ്പ് നിറം പകര്‍ന്നു വികൃതമായി...ചെയര്‍മാന്‍ തുപ്പിയ ചുവപ്പില്‍ ഏതോ വിദേശ മദ്യത്തിന്‍റെ രൂക്ഷ ഗന്ധം..ചെയര്‍മാന്‍റെ അടക്കം ഒരു പത്ത് ഡസന്‍ ചുവന്നു ചോരച്ച കണ്ണുകള്‍ ഒരുമിച്ച് ഉത്തരം തന്നു...

          "ആനേം, അമ്പാരീം വേണ്ടത്തോര്‍ക്ക് വടക്കുംഭാഗം വിട്ടു പോകാം..ആചാരാ..മാറ്റാന്‍ നോക്കി വെറുതെ കൂട്ടത്തീന്നു മക്കാരാകണ്ടാ..."

മറുപടി പറയാതെ ആട്ടി ഇറക്കും മുന്‍പേ പടിയിറങ്ങുമ്പോള്‍ അവിടെ നിന്നും ദേവിയെ ഒന്ന്‍ നോക്കി..പുതിയ പെയിന്‍റ്, പിച്ചള മേഞ്ഞ മേല്‍ക്കൂര...എന്നാല്‍ ദേവിയുടെ മുഖ പ്രസാദം അതെവിടെയോ നഷ്ടം...കോവിലിനു മുറ്റത്തെ ചുവന്ന അടയാളവും, കാവില്‍ വിരിഞ്ഞു നില്‍ക്കുന്ന ചെത്തി പൂവിന്‍റെ മണത്തിന് മേല്‍ പരക്കുന്ന മദ്യ ഗന്ധവും കടന്നു വന്നതില്‍ പിന്നെ ദേവിയുടെ മുഖത്ത് എന്നും ഒരു ദൈന്യത..."

         "അവിടെ എല്ലാത്തിനും പ്രാന്താ..ഒരു കോടി രൂപ കൊണ്ടാ ഉത്സവം പൊടിക്കാന്‍ പോണത്...അമ്പലത്തിനോട്‌ ചേര്‍ന്നുള്ള ദേവസം സ്കൂളീ മൂട് കീറിയ ട്രൌസറിട്ടാ പാവപ്പെട്ട കൊച്ചുങ്ങള് പഠിക്കാന്‍ വരണത്..വടക്കും ഭാഗത്ത് ഓല കെട്ടി മേഞ്ഞ എത്ര കുടിലാന്നോ, കക്കൂസ്സില്ലാതേ പൊറം പറമ്പിലും, റെയില്‍ ട്രാക്കിലും  കാര്യം സാധിക്കുന്നോര്‍ വേറെ...എന്തൂട്ടിനാപ്പാ ഈ ഉത്സവം..."

പറഞ്ഞത് ആര് കേള്‍ക്കാന്‍...ഒരു കോടി രൂപ കൊണ്ട് ഒത്തിരി കാര്യങ്ങള്‍..എന്നിട്ടും ഒരു ദിവസത്തെ കാഴ്ചയുടെ കെട്ടു മാറാപ്പിനു വേണ്ടി...ഒരു രാത്രിയിലെ ആകാശ കാഴ്ചകള്‍ക്കും, ശബ്ദത്തിനും വേണ്ടി എല്ലാവരും ചേര്‍ന്നു...

       "കൂട്ടാല ജോസ്..നെന്മാറ വല്ലങ്ങിക്കും, തൃശ്ശൂര്‍ പൂരത്തിനും പൊട്ടിച്ച ആ മൊതലിന്റെ പത്ത് മടങ്ങ്‌ ഗുമ്മുള്ള ഒരു മോതലും ഇവിടെ പൊട്ടിക്കില്ല..ആ നെടൂളാനെ പണി പഠിപ്പിച്ചത് എന്റെപ്പനാ...ഉത്രളിക്കാവില് അവന്‍ എന്‍റെ മുന്നില്‍ തൂറ്റിതാ...ഏറു പടക്കം പോലെ...ഞാനെ കതിന നാരാണനാ..എന്‍റെ ഒരു ഗര്‍ഭം കലക്കി ചെവി പൊത്താതെ കേള്‍ക്കാന്‍ ഏതെങ്കിലും ഒരുത്തന്‍ തയ്യാറായ അന്ന്‍ നിര്‍ത്തും നാരാണന്‍ ഈ വെടി വെപ്പ്..."

വടക്കും ഭാഗത്ത് നിന്നും തെക്കോട്ട് പോയാലും സംഗതി അത് തന്നെ...ദേശങ്ങള്‍ തമ്മിലുള്ള മത്സരം..അമ്പലത്തി നേക്കാള്‍ വലിയ ആഘോഷ കമ്മിറ്റി ഓഫീസും മത്സരിക്കാന്‍ നാട്ടിലെ പ്രമുഖരും...ഒരു നേരത്തെ വയറിന്റെ വിശപ്പോ, കേറി കിടക്കാനുള്ള ഒരു കിടപ്പാടമോ ആര്‍ക്കും വിഷയമല്ല...പാവപ്പെട്ടവന്‍ പട്ടിണി കൊണ്ട് മരിച്ചു വീണാലും  ഒരു രാത്രിയില്‍ ആകാശത്ത് പൊട്ടി വിടരുന്ന വര്‍ണ്ണ ശബ്ദ വിസ്മയങ്ങള്‍ക്ക് വേണ്ടി കോടികള്‍ പൊടിക്കണം...

     "നമ്മടെ ദേശത്തെ കുട്ടിയാ..അതിന് വേണ്ടി ..ഒരഞ്ച് ഉറുപ്യേടെ കൊറവ്..അതൂടി ഉണ്ടായാല്‍ ഓപ്പറേഷന്‍ നടക്കും...ഒന്ന് സഹായിക്കോ..''

    " അഞ്ച് ലച്ചം...ഉണ്ടേല് ഡിസ്ക്കോ രമണി...മമ്ടെ സിനിമാക്കാരി ഇവിടെ വരും...ഡാന്‍സ് കളിക്കാന്‍..കണ്ണിന് ഇമ്പം തരണ ഡാന്‍സ്  കാണണോ, കരളു മാറ്റണോ...??:"

ദേഷ്യം തോന്നി..സ്വന്തം കുടുംബത്തില്‍ ഒരാള്‍ക്ക് വന്നാലെ അതിന്‍റെ വിഷമം അറിയൂ...ദൈവത്തിന് മുന്നില്‍ മത്സരം നടത്തുന്ന കോമാളികള്‍..മനസ്സ് വിഷമിച്ച് തിരികെ നടക്കുമ്പോള്‍ എല്ലാ ബിംബങ്ങളോടും ദേഷ്യം തോന്നി...പിന്നെ മനസ്സിനെ  സ്വയം പറഞ്ഞു പഠിപ്പിച്ചു...

     "ദൈവങ്ങള്‍ എന്ത് ചെയ്യാന്‍..അവര്‍ക്ക് പ്രതികരിക്കാനും , പരിതപിക്കാനും അവസരമില്ല..ഉണ്ടായിരുന്നെങ്കില്‍ ചൂടന്‍ മണ്ണില്‍ നിര്‍ത്തി കരിവീരന്മാരെയും, അന്തരീഷം മലിനമാക്കുന്ന കരി മരുന്നിനേയും എന്നെ വര്‍ഷ കാഴ്ച്ചയില്‍ നിന്നും ഒഴിവാക്കിയേനെ..പകരം ജീവിക്കാന്‍ സാഹചര്യം നഷ്ടമായവരെ ഉത്സവ ദിവസം മുന്നില്‍ നിര്‍ത്തി അവര്‍ക്ക് മുന്നില്‍ സഹായങ്ങള്‍ നിരത്തി യേനെ..അവരുടെ കണ്ണീര്‍ ചാലുകള്‍ ഒപ്പിയേനെ..."

കോടികള്‍ നാളെ മുതല്‍ ഇവിടെ പൊട്ടിച്ച് കളയും..കരിമരുന്നിന്റെ മണം പടരും...തെക്കും ഭാഗവും, വടക്കും ഭാഗവും മത്സരിക്കും..തല പോക്കത്തിനു വേണ്ടി രാമചന്ദ്രനും,  രാജനും മത്സരിക്കും...ഒടുവില്‍ വെടിക്കെട്ട് വിഭവങ്ങള്‍ വിളംബാന്‍ ജോസും, നാരായണനും...അവരുടെ സന്തോഷത്തിനിടയില്‍ ജീവന് വേണ്ടി പിടയുന്ന ഒരു പെണ്‍കുട്ടിയുടെ വേദന ആരറിയാന്‍????

പിറ്റേന്നത്തെ പാത്രം വായിച്ച് ആദ്യം അമ്പല നടയിലേക്ക് വന്നത് കതിന നാരയണന്‍..അയാള്‍ക്ക് പിന്നാലെ കൂട്ടാല ജോസ്..

     'ചെയര്‍ മാന്‍ സാറേ..എന്നെ ഒഴിവാക്കണം..ഇനി ഒരിക്കലും ഇനിക്കീ പണി ചെയ്യാന്‍ കഴിയൂല..ഞാന്‍ നിര്‍ത്തി...പട്ടിണി കെടന്നാലും വേണ്ടാ..ഇത് വേണ്ട...എന്ത് നഷ്ടം വന്നാലും നാരാണന്‍ നേരിട്ടോളം...വയ്യ..മനസ്സ് കൊണ്ട് വയ്യ...ഇനിതിന്..''

അതേ വാചകം തന്നെ ജോസും അറിയിച്ചു...ആര്‍ക്കൊന്നും തിരിച്ച് പറയാന്‍ കഴിയാത്ത അവസ്ഥ..ഒരു വലിയ മൗനം അവര്‍ക്ക് മുകളില്‍ ...പരസ്പരം നോക്കി ഒന്നും പറയാതെ കുറേ മുഖങ്ങള്‍....ചെറിയ തേങ്ങലുകള്‍...

    "എടൊ മാഷേ...അമൃതേല് കെടക്കണ കൊച്ചിന് വടക്കുംഭാഗം വക പത്ത് ലക്ഷം...ബാക്കി കാശോണ്ട് വീടില്ലാത്തോര്‍ക്കും, ജീവിക്കാന്‍ ത്രാണിയില്ലാത്ത പാവങ്ങള്‍ക്കും സഹായം..നന്നായി പഠിക്കണ കുട്ടോള്‍ക്ക് പഠിക്കാനും സഹായം നല്‍കാം....ഇത്തവണ വെടിക്കെട്ടില്ല..അടുത്ത തവണ ആനയുമില്ല.ആ പണം നമുക്ക് നല്ല കാര്യത്തിന് വേണ്ടീട്ട് ....."

തെക്കും ഭാഗവും പിന്നോക്കം പോയില്ല...വടക്കും ഭാഗത്തിനോട് ചേര്‍ന്ന്‍ തീരുമാനങ്ങള്‍ വന്നപ്പോള്‍ അതൊരു ദേശമായി മാറി..ഭാഗം ദേശത്തിന് മുന്നില്‍ എന്നേക്കുമായി വഴി മാറുന്നു...

     ''അവളെ രക്ഷിക്കണം...ഒരു ദിവസത്തെ സന്തോഷം തരുന്ന വര്‍ണ്ണ വിസ്മയങ്ങളല്ല നമുക്ക് വേണ്ടത്...പകരം ഒരു ജന്മം മുഴുവന്‍ നില്‍ക്കണ കടപ്പാടാ വേണ്ടേ..''

അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷിക്കാന്‍ തോന്നിയില്ല...പകരം കണ്ണുകള്‍ വേദനയോടെ ആ വാക്കുകള്‍ തേടി പോയി...എല്ലാ മനസ്സിനേയും ഒരൊറ്റ രാത്രി കൊണ്ട് മാറ്റിയ ആ വാക്കുകള്‍...കരിയും, കരിമരുന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ  വാക്കുകള്‍....പത്രത്തിലെ ആദ്യ പേജില്‍...

        "പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ......................................................"


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....