2016, മാർച്ച് 30, ബുധനാഴ്‌ച

ഉലഹന്നോയിസം

               



     
                                     "ടീ സരിത കൊച്ചേ...എന്‍റെ ഖദര്‍ മുണ്ട് എന്തേടീ"

അടുക്കളയില്‍ നിന്നും തീകൊള്ളിയുമേന്തി,  തീ പോലെ ചുവന്ന മോന്തയുമായി ശ്രീമതി സരിത വന്നു നോക്കിയ നോട്ടത്തില്‍ ഞാനങ്ങ് വെന്തു പോയി കേട്ടോ...!ചില സമയത്ത് അവളുടെ മുഖത്ത് വരുന്ന ഭാവങ്ങള്‍ക്ക് "ദേശീയ അവാര്‍ഡ് കൊടുക്കേണ്ടി വരും.."

                                   ''ഇതിയാനെ ഞാന്‍ നിങ്ങളോട് ഒത്തിരി പറഞ്ഞി ട്ടോള്ളതാ...ആ ഒരുമ്പെട്ട പേര് എന്നെ വിളിക്കരുതെന്ന്...എന്നെ മേരീന്നു വിളിച്ചാലും  ഞാന്‍ വിളി കേള്‍ക്കും..."

                                   'അതെന്നതാടീ നെന്‍റെ അപ്പന്‍ വെള്ളത്തൂവല് ക്കാരന്‍ പൈലോത് നെനെക്ക് പള്ളീല് വെച്ച പെരല്ലോടീ യത്..സരിത..."

ഭാര്യ ചവിട്ടി കുലുക്കി രംഗത്ത് നിന്നും വിട പറഞ്ഞപ്പോള്‍ ഉടുത്ത ചീട്ടി തുണിയുടെ വള്ളി നിക്കരുമിട്ട് ഞാനങ്ങ് പുറത്തേക്ക് ഇറങ്ങി...കാലത്ത് മുതല്‍ അലക്ക് കല്ലില്‍ എന്നോടുള്ള എല്ലാ ദേഷ്യവും ചേര്‍ത്ത് അടിച്ചു അലക്കി ഊരിയെടുത്ത കുറേ നിക്കറുകള്‍..അതിനപ്പുറം ഉണക്കാനിട്ട മുണ്ട് ദാണ്ടേ..അമ്മിണി പശു മേലാകെ പൊതച്ച് നടക്കുന്നു..ഖദര്‍ പുതച്ച ഗോമാതാവ്.

                             "ഗോമാതാവേ..ക്ഷമി..നിനക്ക് ഖദര്‍ ശരിയാകത്തില്ലട്ടോ....ഞാനങ്ങ്ഡി .സി.സി. പോയി വരുമ്പോ ഒരു കാവി പൊതപ്പ് വാങ്ങി കൊണ്ട് വരാം..."

മുണ്ട് മുറുക്കി ഉടുക്കുന്നതിനു മുന്നേ വെട്ടു വഴീന്നു വിളി വന്നു...അവിടെ നിറയെ ഖദറിന്റെ പ്രളയം...പതിനേഴ്‌ ക്കാരന്‍ പാച്ചു മുതല്‍ തൊണ്ണൂറ്റി മൂന്ന്‍ വയസ്സുള്ള ചീക്കു ചേട്ടന്‍ വരെ വണ്ടിയില്‍...ഒരു നിയമ സീറ്റിനു വേണ്ടി ഇത്രേം പേരോ..എന്‍റെ അന്തോണീസ്‌ പുണ്യാളാ.

                            "ഇതെന്നാതാടാ ഉവ്വേ...ഇവരെങ്ങോട്ടാ.."

                            "ഞങ്ങളേം ജില്ലാ കമ്മിറ്റി  വിളിപ്പിച്ചിട്ടുണ്ട്..."

 വണ്ടി പോകുന്ന വഴിയരികിലെ  മതിലില്‍ ഒരു അരിവാള് മാത്രം വരച്ച് വെച്ചിരിക്കുന്നു..കതിരാണോ, ചുറ്റികയാണോ ....അതിനിയും വിരിഞ്ഞിട്ടില്ല...
അതിവേഗം ബഹുദൂരം...ഇനിയും ഞങ്ങള്‍ക്ക് അധികാരം നല്‍കൂ....സമഗ്ര വികസനത്തിന്‌ ..............പേര് മാത്രം ഇല്ല...അടയാളം മാത്രം..ഒരു അഞ്ച് വിരല്‍ നിവര്‍ന്നിരിക്കുന്നു..അതിലാകെ അഴിമതി കറ...അല്ലാട്ടോ ആരോ കരി മനപ്പൂര്‍വ്വം തേച്ചാതാ..

ഇത്തവണ നമ്മുടെ മണ്ഡലത്തില്‍ നിന്നും ജനപ്രിയനായ ഉലഹന്നാന്‍ മത്സരിക്കട്ടെ...വിജയം സുനിശ്ചിതം...കെ.പി. എ. സി. പ്രസിഡന്റിനെ കെട്ടി പിടിക്കാന്‍ തോന്നി ആ വാക്കുകള്‍ കേട്ടപ്പോള്‍..വര്ഷം കുറെയായി പാര്‍ട്ടിക്ക് വേണ്ടി വീട്ടീന്ന്‍ ഇറങ്ങീയിട്ട്..പഞ്ചായത്തില്‍ മൂന്ന്‍ വട്ടം മത്സരിച്ചു..മൂന്ന്‍ വട്ടോം നാട്ടിലെ പ്രബുദ്ധരായ വോട്ടനമാര്‍ അറിഞ്ഞു തന്നെ തോല്പിച്ചു...ചില തോല്‍വി...അതെന്നാ തോല്‍വിയാന്നോ....

                     "ഏയ്‌..അത് ശരിയാകില്ല..ഉലഹന്നാന് മണ്ണിന്‍റെ മണമില്ല..."

മണ്ഡലം പ്രസിടന്റ്റ് ചീക്കു..കുഴിയിലേക്ക് കാലും നീട്ടി ഇരുന്നിട്ടും അയാള്‍ക്ക് വേണം എം.എല്‍,എ സീറ്റ്...നിയമ സഭയില്‍ ചെന്നാ മതി ഇരുന്ന സീറ്റില്‍ തന്നെ മൂത്രോഴിക്കും...അതോണ്ടായിരിക്കും തന്‍റെ മണം പിടിക്കാന്‍ നോക്കിയത്.

                    "നിങ്ങളെന്താ യൂത്തരെ ഒഴിവാക്കുന്നത്...അധികാരം യുവാക്കളില്‍ നിന്നും ...അതാ ഡല്‍ഹിലെ നമ്മടെ  ജി പറഞ്ഞേക്കുന്നത്....."

വഴിയിലൂടെ പോകുന്ന എല്ലാ പെണ്ണുങ്ങള്‍ക്ക് നേരെ ആര്‍ത്തി നോട്ടം നോക്കി ജീവിക്കുന്ന മറ്റൊരു പരാദം...നാല്പത്തിയഞ്ച് കഴിഞ്ഞ യുവ നേതാവ്..അവനും വേണം സീറ്റ്..പഞ്ചായത്ത് തിരിഞ്ഞെടുപ്പില്‍ അമ്പത്തൊന്നു വോട്ട് കിട്ടിയവനാ....

വീണ്ടും തര്‍ക്കങ്ങള്‍...ആരും വിട്ടു കൊടുക്കുന്നില്ല...എനിക്ക് വേണ്ടി വാദിച്ചവര്‍ ഊണ് കഴിക്കാന്‍ പോയപ്പോള്‍ കഴിച്ച ബിരിയാണിയുടെ കൂറില്‍ ഏമ്പക്കം വിട്ട് ദാണ്ടേ യൂത്തന് വേണ്ടി ന്‍ നിന്ന്  വാദിക്കുന്നു...റേഷന്‍ കടയില്‍ മണ്ണെണ്ണ വാങ്ങിക്കാന്‍ പോയപ്പോള്‍ ബ്ലൌസിന് മുകളില്‍ ഒരു ഖദര്‍ ഷാള്‍ പുതച്ച് വന്ന കോമാള ചേച്ചിയെ ആരോ പിടിച്ചോണ്ട് വന്നിരിക്കുന്നു..സ്ത്രീ സംവരണം....

                   "എന്നായാലും ഉലഹന്നാന്‍ ചേട്ടായി വേണ്ട..ജനം ഓട്ടു ചെയ്യത്തില്ല...അങ്ങേര്‍ക്കട ഭാര്യേടെ പേര് സരിതേന്നാ"

                   "അല്ല മേരീന്നാ..ഞാനും, അവളും അവളെ വിളിക്കണത് മേരീന്നാ..."

ആരോട് പറയാന്‍..ആരു കേള്‍ക്കാന്‍...തര്‍ക്കം മൂത്തപ്പോള്‍ അവസാനം തീരുമാനം വന്നു..അങ്ങ് ഹൈ കമാന്‍ഡില്‍ നിന്ന്....സീറ്റ് പഴയ മാദക നടിക്ക്...ചുണ്ടിനും, വയറിനും പിന്നെ പണ്ട് സ്ക്രീനില്‍ കാണിച്ച എന്തോ സാധനങ്ങള്‍ക്കും എല്ലാം പ്രത്യുപകാരമായി ആരാധകരുടെ വോട്ട് കിട്ടോന്ന്..അത് കേട്ടതും ദാണ്ടേ ഡി.സി,സി പ്രസിഡണ്ട്‌ പിടകോഴി ഇല്ലാത്ത വീട്ടില്‍ വളര്‍ത്തുന്ന പൂവനെ പോലെ ഉറക്കെ കൂവാന്‍ തുടങ്ങി..കൂടെ കൊറേ കുഞ്ഞി പൂവന്മാരും..

                     "ധീരേ..ധീരേ നേതാവേ...ധീരതയോട് കുളിചോളൂ..."

ആവേശം കൊടുമുടി കയറിയപ്പോള്‍ പണ്ട് കണ്ട കുളി സീന്‍ ആലോചിച്ച കാരണം നേതാവ് വെള്ളി വിളിച്ച് കൂവി...ആ വെള്ളി അണികള്‍ ഏറ്റ് പാടി...അത് കേട്ട് നില്ക്കാന്‍ മനസ്സങ്ങു വഴങ്ങുന്നില്ല...ജില്ലാ പ്രസിഡണ്ടിനെ മുണ്ട് ഊരി നിക്കറും, പിന്നെ സെന്‍ട്രല്‍ കമ്മറ്റിയും കാണിച്ച് നേരെ അങ്ങ് ഇറങ്ങി പോന്നു..പോകുന്ന പോക്കിന്  പാര്‍ട്ടി ആഫീസ്പടിയില്‍ ഒരിച്ചിരി മുള്ളിയും വെച്ചു..നായനെ പോലെ...ഒരിക്കല്‍ തിരിച്ച് ഒരിക്കല്‍ വന്നാല്‍ വഴി മറക്കരുതല്ലോ...

                   എന്നാ ഉലഹന്നാന്‍ ചേട്ടായി ഇടത് വശത്തേക്ക് പോരണോ...??പിന്തുണ തരാം. നല്ല ചുകപ്പന്‍ പിന്തുണ...."

അരിവാള് പിടിച്ച കൊയ്ത്ത് ക്കാരനും, ചുറ്റിക പിടിച്ച കരിങ്കല്ല് പണിക്കാരനും കൂടി ഒരു ചൂണ്ടയിടല്‍..നേരെ അങ്ങ് അന്തോണിസിന്‍റെ തുണി പീടികയില്‍ ചെന്ന്‍ നിക്കര്‍ ഊരിയെടുത്ത് കൊക്കയില്‍ എറിഞ്ഞു..ഒരു ചുവന്ന വി.ഐ.പി ഫ്രെഞ്ചി കൊണ്ട് ലോക്കല്‍ കമ്മിറ്റി മറച്ച്..ഒരു ചുവന്ന കുപ്പായം ധരിച്ച് നേരെ റെഡ് സലൂട്ട് വാങ്ങി കേറി ഒരു പോക്കാ...പാര്‍ട്ടി ഓഫീസിലേക്ക്..അവിടെ  ചുമരില്‍ ദാണ്ടേ ജീവനുണ്ടായിരുന്നെങ്കില്‍ അവിടെ വരുന്നവരെ മുഴോന്‍ കൊല്ലാനുള്ള കലിപ്പ് ലുക്കില്‍ സ്റ്റാലിന്‍, ലെനിന്‍ പിന്നെ എല്ലാവരേയും കളിയാക്കി കൊണ്ട് ഈ.എം.എസ്സും....

എന്തായാലും ലോക്കല്‍ സെക്രട്ടറി യുടെ ബുദ്ധിജീവിത്തരം പരീക്ഷിക്കാനുള്ള ഒരാശ കൊണ്ട് ഞാനങ്ങ് ചോദിച്ച് പോയതാ...ഊശാന്‍ താടിയും, കണ്ണടയും, പിന്നെ സ്വയം പ്രഖ്യാപിത പാര്‍ട്ടി ബുദ്ധിജീവി സങ്കല്പവും കണ്ടപ്പോള്‍ ഏത് കട്ടപ്പനക്കാരനും തോന്നുന്ന ഒരു ചെറ്യേ തംശയം..."

                "കോമ്രേഡ് എന്താണ് ഇങ്കിലാബ് സിന്ദാബാദ്"

ലോക്കല്‍ കമ്മിറ്റിയുടെ രണ്ട്‌ കണ്ണുകള്‍ കണാരന്റെ കടയിലെ പൂട്ട് കണയില്‍ നിന്നും പുറത്ത് വരുന്ന പൂട്ട് പോലെ പുറത്തേക്ക് ദേ തള്ളി പോയി..കനത്ത നിശബ്ദതയില്‍ കോമ്രേഡ്കള്‍ പരസ്പരം നോക്കി..അറിവില്ലായ്മ കൊണ്ട് ചോദിച്ചതാണേ ചെന്താരങ്ങളെ..ക്ഷമി...

               "കോമ്രേഡ് ഉലഹ്..ഇങ്കിലാബ് എന്നതിനു വലിയ അര്‍ത്ഥം ഒന്നുമില്ല..സിന്ദാബാദ് എന്ന് പറഞ്ഞാല്‍ സിന്ദാബാദ് എന്നാണ് അര്‍ത്ഥം..കമൂണിസ്റ്റ് ആശയം രൂപം കൊണ്ട റഷ്യയിലെ ചില ഗ്രാമങ്ങളില്‍ നിന്നും ഉരി തിരിഞ്ഞ അതി തീഷ്ണമായ ആശയ സംഹിതയാണു ഇങ്കിലാബ് സിന്ദാബാദ്"

ഉത്തരം പറഞ്ഞ ലോക്കല്‍ സെക്രട്ടറിയെ വെടി വെച്ച് കൊല്ലാന്‍ ഭഗത് സിങ്ങ് ഇല്ലാതെ പോയതിന്റെ അവസ്ഥ...മുന്നിലെ ബഞ്ചില്‍ പാര്‍ട്ടി പാത്രവും, പാര്‍ട്ടി ചാനലും കണ്ട കുഴി നഖം കുത്തിയും, പുഷ്ടം മാന്തിയും ഇരിക്കുന്ന ഒരുവനും ഇല്ലപ്പോ ലോക വിവരം...."

                 "കോമ്രേഡ് ഉലഹു...പാര്‍ട്ടി ഗ്രന്ഥങ്ങള്‍ വാങ്ങിക്കേണ്ടി വരും.ചില പാര്‍ട്ടി സൂക്തങ്ങള്‍ പഠിക്കേണ്ടി വരും...സീറ്റിന്‍റെ കാര്യത്തി സ്റേറ്റ് കമ്മിറ്റി തീരുമാനം നാളെ അറിയാം..കോമ്രേഡ് ഇപ്പോള്‍ പോയി നാളെ വാ...."


                  എന്നാത്തിനാ വീട്ടി പോണേ..ഞാന്‍ അപ്പീസി കിടക്കാം..ഒരു തീരുമാനം ആകും വരെ,,പാര്‍ട്ടി ചേര്‍ന്ന പിന്നെ വീട്ടിലാണേ പട്ടീടെ വെലയാ."

ലോക്കല്‍ കമ്മിറ്റി അടുത്ത് കൂടെ പോയപ്പോള്‍ അതാ മണ്ണിന്റെ മണം...ജാതിക്ക വാറ്റി മണ്ണില്‍ കുഴിച്ചിട്ട് ഉണ്ടാക്കിയ "നാടന്‍ പീലിപ്പോസ് " മണം..അതിന്‍റെ ഉറവിടമായ അഫീസിനു പിന്നിലെ ചായ്പില്‍ വെച്ചിരിക്കുന്ന പാര്‍ട്ടി സമ്മേളനത്തിന്‍റെ ഫ്ലാക്സിനു പുറകെ ബുദ്ധി ജീവി പോയി ഒളിച്ചു...ആരെങ്കിലും ഒരു പരിപ്പ് വടയും ചായയും കൊണ്ട് വരുമെന്ന പ്രതീക്ഷയും ആസ്ഥാനം..സമയമായപ്പോള്‍ എല്ലാവരും കണാരന്റെ കടയില്‍ പോയി പാര്‍ട്ടി ചിലവില്‍ ബീഫും, പുട്ടും തിന്ന് "മറ്റവന്മാര്‍ക്ക് എതിരെ പ്രതിഷേധിച്ചു...

                 "കോമ്രേഡ് ഉലഹൂ....പാര്‍ട്ടി തീരുമാന പ്രകാരം ഇവിടെ കോവാലന്‍ മൊതലാളിയുടെ മകള്‍ സരളയാണ് മത്സരിക്കുന്നത്..സ്റേറ്റ് കമ്മിറ്റി തീരുമാനമാ..പാര്‍ട്ടിക്ക് വേണ്ടി വാരി കോരി തരുന്നോരോ കോവാലന്‍ ഗൂപ്പ്.."

പിറ്റേന്ന് അതിരാവിലെ ദാണ്ടേ നേതാവ് പല്ല് പോലും തേക്കാതെ പ്രസ്ഥാനത്തിന്റെ തീരുമാനം അറിയിച്ചിരിക്കുന്നു...ചാടിയതും, ഉറക്കമുളച്ചതും മിച്ചം...ഞാനങ്ങ്  വാ  കൊണ്ട് എല്ലാ കൊമ്രാടികളെ കൊഞ്ഞനം  കാണിച്ച് ഞാനങ്ങ് കോണി പ്പടി ഇറങ്ങി പുറത്ത് വന്നതും മുന്നില്‍ ഒരു താമര പൂവുമായി ഒരു കൂട്ടം എന്നെ കണ്ടതും ലവന്മാര്‍ മുഴോന്‍ ചേര്‍ന്ന്‍ വന്ദേ മാതരം നല്ല ഒന്നാന്തരം ഭംഗിയില്ലാതെ വരികള്‍ തെറ്റിച്ച് ഉറക്കെ പാടി കേള്‍പ്പിച്ചു.....നൂന പക്ഷ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് സ്വാഗതം...അഖണ്ട ഭാരത ശില്‍പികള്‍, രാജ്യ സ്നേഹികള്‍, സംശുദ്ധമായ രാജ്യം കെട്ടി ഉയര്‍ത്താന്‍ വരൂ

                "വരുന്നോ ഭാരത പുത്രാ ഉലഹന്നാന്‍ ഞങ്ങള്‍ടെ കൂടെ..."

               "പോകണോ വേണ്ടയോ, പോകണോ, വേണ്ടയോ....?"


സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയെ പോലെ ലോകസഞ്ചാരം ചെയ്യുന്ന നേതാവ് ഒരുവന്‍റെ കയ്യിലിരുന്ന പടമായ് ദേ എന്നെ അങ്ങോട്ട്‌ വിളിക്കുന്നു..വരൂ
സീറ്റ് തരാം...സീറ്റ് കെടച്ചാ ഭംഗിയായി തൊല്‍കും..കെട്ടി വെച്ച കാശ് തിരുപ്പി കിട്ടില്ല..തോറ്റ എം.എല്‍.എ ആയി അറിയപ്പെടാം.എന്തും വരട്ടെ.. മുണ്ട് ഊരി കാവി പുതച്ച് അവന്മാരുടെ കൂടെ ഒരു പോക്കാ നൂറേ നൂറില്‍.പോകണ ഒരു പോക്കിന് കഷണ്ടി കയറിയ തലയില്‍ ഒരു താമര പൂവും കുത്തി വെച്ചു.മുന്ന് .ഊരി എറിഞ്ഞ മുണ്ട് ചെന്ന്‍ വീണത് ചാണക ലോറിയില്‍..ചാണകം കൊണ്ട് നാറി പോകട്ടെ...

                 "ഒരു ത്രികോണ മത്സരത്തിനാ സന്നാഹം...ശക്തരായ എതിരാളികള്‍...സിനിമാ നടി, കോടീശ്വരി.....പെയ്മെന്റ് സീറ്റുകള്‍ക്ക് എതിരെ വേണം പട പൊരുതാന്‍...എന്താ കഴിയോ???"

ഭാരത പുത്രന്‍ ഉലഹ് ചിന്തിച്ചു..സ്വന്തം ഭാര്യയുടെ വോട്ട് പോലും കിട്ടില്ല..എന്നാലും വിട്ട് കളയണ്ട..മത്സരിച്ച് തോറ്റ ഉലഹന്നാന്‍..നാളെ മക്കളുടെ കല്യാണ ആലോചനയുമായി വരുമ്പോള്‍ പറയാം...

               "ഐ അം ദ തൊറ്റ എം.എല്‍.എ...."

               "രാജ്യ സ്നേഹി കൊറച്ച് പണം മോടക്കേണ്ടി വരും..ഒരു ഫിഫ്റ്റി എല്‍..അമ്പത് ലച്ചം..പറ്റോ"

ഉലഹന്നാന്‍റെ  അടി വയറ്റില്‍ ഒരു സന്ദേശം വന്‍ കുടല്‍ വഴി ചെറുകുടലില്‍ പ്രവേശിച്ച് ഒരു സ്ഫോടനത്തിന് തയ്യാറായി...അമ്പത് ലക്ഷം കൊടുക്കണം സീറ്റിനു...മോളുടെ മെഡിക്കല്‍കോളേജ് മേടിക്കല്‍ സീറ്റ് ഇരുപത് സി മാത്രമാണ് ആയത്..അതും ഭാര്യ ലോണ്‍ എടുത്ത ഇരുപത്... തോല്‍ക്കാന്‍ വേണ്ടി ഇനീം അമ്പത് ലക്ഷം...വേണ്ടായേ...

                   ഞാനാകെ മുപ്പത് "എല്‍" കടത്തിലാ ഭാരത പുത്രാ..."

അത് കേട്ടതും ദാണ്ടേ നേതാവ് തിരുവനന്തപുരത്തോട്ട് വിളി...നമ്മടെ ക്രിക്കറ്റ് കളിക്കണ ചെക്കന്‍ മതി...ഉലഹാന്നനും, ഒലക്കയും വേണ്ടാ...കാശില്ലാത്തോനാ മത്സരിക്കാന്‍ വന്നേക്കുന്നത്...'

മുണ്ടും പോയി നാണക്കേടും..സീറ്റ് കിട്ടില്ല...എല്ലാ രാജ്യ സ്നേഹികളോടും വിട പറഞ്ഞു മുന്നോട്ട് പോകുമ്പോള്‍ ദാ നിക്കണ്..ചൂലും,ബക്കറ്റുമായി  തൊപ്പീം വെച്ച് "ആദ്മിക്കാര്"വെളുത്ത സാറാ ചേടത്തി ദാണ്ടേ കുറ്റി ചൂലും പിടിച്ച്..

               "രാജ്യം വൃത്തിയാക്കാന്‍ ഞങ്ങള്‍ടെ കൂടെ കൂടുന്നോ...?"

അത് കണ്ടില്ലെന്ന് നടിച്ച് പിന്നേം മുന്നീ പോയപ്പോള്‍ ദാ അവരുടെ പുറകില്‍ പിന്നേം കണ്ട് ഓരോ ദിവസമോ വളര്‍ന്ന്‍ പിളര്‍ന്നു മുപ്പത്തി മുക്കോടി കഷ്ണമായ പാര്ട്ടി...വീടും, കുടുംബോം മറന്ന്‍ നാടിനു വേണ്ടി മാത്രം ജീവിച്ച അപ്പനും, മോനും...പിന്നെ വാലാട്ടി പൂച്ചുട്ടികളും.....

               "ഉലഹന്നാനെ പോരുന്നോ പാലായിലേക്ക്.നല്ല കപ്പേം, മീന്‍ കറീം തരാം..പിന്നെ മലബാറില് ഒരു സീറ്റും തരാം..."

പിന്നെ പാര്‍ട്ടി ഗ്രാമത്തിലെ പോയി മത്സരിച്ച് ബലി കുടീരമാകാന്‍ ഞാനില്ലപ്പോ...എന്നെ വിട്ടേര് സ്വാമീ...ഓടി കിതച്ച് അവന്മാരില്‍ നിന്നും മുന്നോട്ട് പോയപ്പോ അവര്‍ക്ക് പിന്നീ കോണീം കൊണ്ട് കുഞ്ഞപ്പ..കേരള യാത്രേം കഴിഞ്ഞ് പെട്ടി കടയുടെ മുന്നി പച്ച കരിക്കും കുടിച്ച്, പച്ച ലഡ്ഡുവും തിന്ന്..എന്നേം നോക്കി ചിരിച്ച്...പിന്നാലെ ദേ കൊറേ പച്ച ഉറുമാല്‍ പുതച്ച  മോന്ജന്‍ കുണ്ടാന്മാര്..

               "ഉലഹന്നാന്‍ ഇക്കാക്ക പോരുന്നോ കോണി കേറാന്‍..ഞമ്മക്ക് ഒരുമിച്ച് കേറാം..ഇങ്ങള് മുന്നില്..ഞമ്മള് ഇങ്ങടെ തൊട്ടു പിന്നില്...എന്തേ??"

പേടിച്ച് തിരിഞ്ഞ് നോക്കി ചെന്ന്‍ പെട്ടതോ ...ബിവറേജസിനുമുന്നിലെ നീണ്ട വരിയില്‍...അവിടെ എന്തൊരു സഹിഷ്ണുത...ജാതിയില്ല, മതമില്ല, പാര്‍ട്ടിയില്ല, തീണ്ടായ്മയില്ല....

               "ചേട്ടായീ ഇങ്ങോട്ട് നിക്കൂന്ന്‍..സ്വന്തന്ത്രനായി ഞങ്ങള് ജയിപ്പിച്ച് തരാന്ന്..ഒരു നാലെണ്ണം വിട്ടാ ചേട്ടന് ജയിക്കാന്ന്‍..വോട്ടിനു നിക്കാതെ മന്ത്രി വരെ ആകാം..ഒരു രണ്ടെണ്ണം കൂടി വിട്ടാ...വാ ചേട്ടായീ ..ഷെയര്‍ ഇട്..."

എല്ലാരും ചേര്‍ന്ന്‍ പിടിയും വലിയുമായി ഞമ്മടെ ജീവന്‍ പകുത്ത് എടുക്കുമെന്ന കണ്ടീഷന്‍ ...അവിടെ നിന്ന് ഓടി പാഞ്ഞു കണ്ടം ചാടി തിരിഞ്ഞ് ചൊറിഞ്ഞനോം, തോട്ടാവാടീം തീണ്ടി തിരിഞ്ഞ് നോക്കാതെ , ചെളി കുണ്ടില്‍ വീണ്  വീടിന്‍റെ പഠിക്കല്‍ ഉടു മുണ്ടില്ലാതെ വന്നു ഞാനങ്ങു നിന്നതും ദാണ്ടേ വരുന്നു..സരിത...അല്ല മേരി...

             "എന്നാ മനുഷ്യ നിങ്ങളെ ആര്‍ക്കും വേണ്ടാല്ലേ...?"

മറുപടി പറയാതെ നഖചിത്രം എഴുതി നില്ക്കുമ്പോള്‍ വീട്ടിലെ വരണാധികാരി എന്‍റെ പത്രിക നിഷ്കരുണം തള്ളി ...വിവരകാശം പോലും നിഷേധിച്ച് സരിത മേരി കമ്മീഷണര്‍ വക വാറോല...

          "ഇങ്ങോട്ട് നോക്കിക്കേ...പറമ്പി പോയി മേലനങ്ങി പണിയാന്‍ പറ്റത്തില്ലെങ്കി നാളെ ഈ വീട്ടിലെ പാര്ട്ടീന്നും  നിങ്ങള് പൊറത്താ..ഈ മണ്ഡലം പ്രസിടണ്ട് ഞാനാ...കഞ്ഞീം, കിടക്കാന്‍ ഇടോം വേണേല്‍ തൂമ്പ എടുത്തോ..."

പുതിയ അഗ്രിമെന്റ് ഒപ്പിട്ട് കയറുമ്പോള്‍ സരിത മേരി  ദാണ്ടേ പിന്നെയും പറയണ് പാരായണം...

          'മനുഷ്യാ..ഈ പാര്ട്ടീന്നു പറഞ്ഞു നടക്കണ ചെളുക്കകളീ ഭൂരി ഭാഗോം  ഒരു പണീം ചെയ്യാന്‍ ചെയ്യാന്‍ മേലനങ്ങാന്‍ തയ്യാറല്ലാത്ത സാധനങ്ങളാ ..കണ്ടവന്റെ പാത്രത്തില്‍ കൈയ്യിട്ട് വാരി .വെറുതെ തിന്നും കുടിച്ചും..ലിറ്റര്‍ കണക്കിന് മൂത്രോം, കിലോ കണക്കിന് പിണ്ടോം  മാത്രം ഉണ്ടാക്കണ  ജീവികള്...എല്ലാരുല്ലാ..എന്നാ കൊറേ പേര്..അതോണ്ടല്ലേ..കള്ളന്‍ എന്ന് പേര് വീണിട്ടും, വയസ്സായിട്ടും ജന ചെവനത്തിനു തേച്ച് മിനുക്കിയ കുപ്പോയോമിട്ട് ഏ.സി കാറില്‍ നടക്കണേ...."

മുന്നില്‍ സരിത മേരി ദാ ഒരു വെളുത്ത മാലാഖയെ പോലെ വളര്‍ന്നു നില്‍ക്കുന്നു...ആരെയും വിടാനുള്ള ഭാവമില്ലാതെ.

     "എം.എല്‍.എ, എം.പി, മന്ത്രി, വേണ്ടാ പഞ്ചായത്ത് മെമ്പര്‍ അതെല്ലാം വിട്...അവര്‍ക്ക് ചെറ്യേ ശമ്പളം സര്ക്കാര് നല്‍കും...ബാക്കി പാര്‍ട്ടി സെക്രട്ടറി, പ്രസിടന്റ് എന്നിങ്ങനെ നടക്കണ മാക്രികള്‍ക്ക് എന്താ വരുമാനം??? അവന്മാര്‍ക്ക് ആരാ ശമ്പളം കൊടുക്കുന്നേ?? ഗവര്‍മെന്റ് ശമ്പളം കൂട്ടാനും, കൂലി കൂട്ടാനും സമരം ചെയ്യുന്നോരെ കണ്ടിട്ടുണ്ട്..എന്നെങ്കിലും ജനസേവനത്തിന് ശമ്പളം ചോദിച്ച്, കിട്ടുന്നത് കൂട്ടാന്‍ വേണ്ടീം ഇവര് സമരം ചെയ്തിട്ടുണ്ടോ???

മേരി സരിത പറഞ്ഞ കാര്യങ്ങള്‍ ശരി തന്നെ...അവള്‍ക്ക് സാമൂഹ്യ വിവരോണ്ട്...ഉദാഹരണമായി ചിന്തിച്ചാല്‍ ദാണ്ടേ നമ്മടെ മണ്ഡലം പ്രസിഡന്‍ണ്ട് കുലുക്കത്തില്‍ ഇട്ടിയപ്പന്‍ ജോലിയില്ലാത്ത മനുഷ്യന്‍..ഭാര്യക്കും ജോലിയില്ല..മറ്റ് വരുമാനമില്ല..എന്നാലും എന്‍റെ പരുമല പള്ളീ.. ടൗണില്‍ അയാള്പണിത വീട്..മൂവായിരം സ്ക്വയര്‍ ഫീറ്റ്‌.പുള്ളാര് പഠിക്കണത് അങ്ങ് ഇന്റര്‍നാഷണല്‍ സ്കൂളില്..വീടില് കാവല്‍ ക്കാരന്‍, വേലക്കാരന്‍, ഡ്രൈവര്‍..

.മതിയാക്കുന്നു മേരി പാര്‍ട്ടി പ്രവര്‍ത്തനം..നാളെ മുതല്‍ ഞാനും ഒരു കഴുത..പൊതുജനം കഴുത എന്ന വിഭാഗത്തിലെ മറ്റൊരു കഴുത...

         'ശരി സരി...സോറി മേരി..നാളെ മൊതല്‍ എനിക്ക് സ്വന്തം പാര്‍ട്ടി.. പ്രവര്‍ത്തന മണ്ഡലം സ്വന്തം വീട്....അടയാളം തൂമ്പ..അതാണ് ഉലഹന്നോയിസം..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....



 

               




2016, മാർച്ച് 18, വെള്ളിയാഴ്‌ച

അവരെ അറിയാതെ പോയവര്‍...



                                         ഒന്നും പറയാന്‍ കഴിയാതെ ഒരു വലിയ മൗനം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നിരിക്കുന്നു..പരസ്പരം കാണണമെന്ന് പറഞ്ഞപ്പോള്‍ കാണുമ്പോള്‍ ഭാഷ മൗനമായിരിക്കുമെന്നു ഒരിക്കലും കരുതിയതല്ല..എങ്കിലും ഈ മൗനത്തിനും ചില ആന്തരാര്‍ത്ഥങ്ങളുണ്ട്...പറഞ്ഞു തീരുന്നതിനെക്കാള്‍ പതിന്മടങ്ങ്‌ തീക്ഷണമായ അര്‍ത്ഥങ്ങള്‍.അവരില്‍ ചിലര്‍ അറിയാതെ പോയ സത്യങ്ങള്‍..

                                          സെന്ട്രോ മാളിലെ വര്‍ണ്ണങ്ങള്‍ പതിച്ച കണ്ണാടി ജാലകത്തിലൂടെ നോക്കിയിരിക്കുമ്പോള്‍ എന്‍റെ കൊടുങ്ങല്ലൂര്‍ എത്ര മനോഹരമാണ്..ഒപ്പം അവളുടെ  കൂടെ ഇരിക്കുന്ന ഈ നിമിഷങ്ങളും..മുന്നില്‍ തണുത്ത് വിറച്ച് ചോദിക്കാതെ തന്നെ അവള്‍ക്ക്  വേണ്ടി ഓര്‍ഡര്‍ ചെയ്ത അവള്‍ക്ക്  ഏറ്റവും ഇഷ്പ്പെട്ട മാങ്കോ ഷേക്ക്..എന്‍റെ  മുന്നില്‍ കുറച്ച് നേരം മുന്‍പ് ഡി.സി. ബുക്സില്‍ നിന്നും ഏറെ കഷ്ടപ്പെട്ട് നോക്കിയെടുത്ത് വാങ്ങി അവള്‍  സമ്മാനിച്ച "ആദം മാക്കോസ് രചിച്ച ഡിവോഷന്‍..

          "ആരെല്ലാമോ നമ്മളെ ശ്രദ്ധിക്കുന്നുണ്ട് മുംതാസ്..."

                                          കുറേ നേരത്തെ മൗനം വെടിഞ്ഞു അവനാണ് ആദ്യം സംസാരിക്കാന്‍ തുടങ്ങിയത്..ആ വാക്കുകളില്‍ ഭയമല്ല..അവളെ  കുറിച്ചുള്ള ആധിയാണ്.അവന്‍ ചിന്തിക്കുന്നത് അവളെ  കുറിച്ച് മാത്രമാണ്..

          "ശ്രദ്ധിക്കട്ടെ..നിനക്ക് പേടിയുണ്ടോടോ??"

                                           ആ വാക്കുകള്‍ കേട്ടപ്പോള്‍ അവന്‍ ചിരിയോടെ നെറ്റിയിലെ മുറിവില്‍ മെല്ലെ തലോടി.."നിനക്ക് അറിയില്ല..നിനക്ക് വേണ്ടി ഞാന്‍ വാങ്ങിയ മുറിവുകള്‍, വേദനകള്‍, എല്ലാം എനിക്ക് ജീവിതത്തിലെ ഏറ്റവും സുഖമായ അവസ്ഥയാണ്‌ സമ്മാനിച്ചത്.." എന്‍റെ മനസ്സ് പറയുന്നത് കേട്ടത് കൊണ്ടോണോ ആ കണ്ണുകള്‍ ഈറനായത്..മെല്ലെ ഊര്‍ന്നു പോയ തട്ടം തലയിലേക്ക് വലിച്ചിട്ട് അവള്‍ എന്നെ തന്നെ നോക്കി..എത്ര നാളായി ഇതേ നോട്ടം എന്നെ തേടി വരാന്‍ തുടങ്ങിയിട്ട്..ഓര്‍മ്മകള്‍ക്ക് ഒന്നാം ക്ലാസ്സിനോളം പഴക്കമുണ്ട്...അവളും അത് തന്നെയാണ് ഓര്‍ക്കാന്‍ തുടങ്ങിയത്..

                                          ആദ്യത്തെ ക്ലാസ് തുടങ്ങുന്ന ദിവസം കരഞ്ഞു കൊണ്ട് ക്ലാസ് ബെഞ്ചില്‍ ഇരുന്ന എന്നെ നോക്കി ചിരിയോടെ ജീരക മിട്ടായി നല്‍കിയ ചന്ദനക്കുറി തൊട്ട വെളുത്ത ചെക്കന്‍..അവന്‍റെ ചിരിക്ക് മുന്നില്‍ പുഴു തിന്ന മുന്‍ നിര പല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്ന കാഴ്ച...അന്ന്‍ മുതല്‍ തുടങ്ങിയതാണ്..ഓരോ വര്ഷം പിന്നിടുമ്പോള്‍ അതിന്‍റെ മൂര്‍ച്ച കൂടി കൂടി വന്നു..ഒരിക്കലും പിണങ്ങിയിട്ടില്ല..മനസ്സില്‍ ഒരു വിഷമം തട്ടിയാല്‍ പരസ്പരം കണ്ടാല്‍ എല്ലാ വിഷമവും ഇല്ലാതാകും...

         "കുട്ടീ..മന്‍സൂര്‍ ഹാജിയുടെ മോളല്ലേ..മുംതാസ്??"

                                          ഓര്‍മ്മകളെ തട്ടി തെറിപ്പിച്ച് കത്തുന്ന കണ്ണോടെ ഒരാള്‍ മുന്നില്‍..ആ തുറിച്ച് നോട്ടം അവസാനിച്ചത് എന്‍റെ നേരെ ആയിരുന്നു..നെറ്റിയിലെ കുങ്കുമ കുറി യും, അതിന്‍റെ അരികിലെ മുറിവ്         കെട്ടിയ തുണിയും നോക്കി  അയാള്‍ ഒന്നിരുത്തി മൂളി മാളിന്റെ മറ്റൊരു ഭാഗത്തേക്ക് നടന്നു..ഞാന്‍ അവളെ നോക്കിയപ്പോള്‍ ആ മുഖത്ത് ധൈര്യം...ആ ധൈര്യം ആദ്യമായി കണ്ടത് ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്കൂള്‍ ചുമരില്‍ കരി കൊണ്ട് എഴുതിയ വാക്കുകള്‍  വായിച്ച് രസിച്ച്ചിരിച്ച ചിരിയിലായിരുന്നു..

      "മൊന്താസ് + വിനെദ് = പ്രമം "

                                               അത് തന്നെയായിരുന്നു അറിയാതെ പോയവരുടെ ആദ്യത്തെ ആക്രമണം...കൂടെ നടന്നതും, വഴിയരികില്‍ നിന്നും വര്‍ത്തമാനം പറഞ്ഞതും, ഒരു ബെഞ്ചില്‍ ഇരുന്ന്‍ കളിച്ചതും, എല്ലാം അവര്‍ കണ്ടു..എല്ലാത്തിനും വിലക്കുകള്‍ വന്നു..പത്തില്‍ പഠിക്കുന്ന സമയത്ത് സ്കൂള്‍ വരാന്തയിലെ ഏകാന്തതയില്‍ ഒരു ചുമരിന്റെ ഇരുവശത്തും  ചാരി ഇരിക്കുമ്പോള്‍ അവളോട് പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു...

     "മുംതാസ്..നമ്മുടെ ചുറ്റുമുള്ളവര്‍ കണ്ണുകള്‍ അടച്ച് കാതുകള്‍ കൊണ്ട് കാണാന്‍ ശ്രമിക്കുന്നവരാണ്..ഒരുമിച്ച് നടക്കുമ്പോള്‍ എനിക്ക് നേരെ തേടി വരുന്ന വിലക്കുകളുടെ കണ്ണുകള്‍...പല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന ഭീഷണികള്‍..അതില്‍ നിന്‍റെ ബന്ധുക്കളും, എന്‍റെ ബന്ധുക്കളുമുണ്ട്"

                                               അതാണ് നെറ്റിയിലെ മുറിവായി മൂന്ന്‍ ദിവസം മുന്‍പ് ഇടവഴിയിലെ ഇരുട്ടില്‍ വെച്ച് ആരോ എനിക്ക്സമ്മാനിച്ചത്..ഒപ്പം നെഞ്ചില്‍ ചവിട്ടി നിന്ന് ഒരു ഭീഷണി...

       "കല്യാണം തീരുമാനിച്ചാ പെണ്ണാ അവള്..ഇനീം  നീ അവള്‍ടെ പൊറകെ  പിന്നെ നടന്നാ..പന്നീ.. വെട്ടി അരിഞ്ഞു പോഴേ തള്ളും"

                                               അവളുടെ  മനസ്സിനാണ് എന്‍റെ ശരീരത്തെക്കാള്‍ ആഴമുള്ള മുറിവേറ്റത്....എന്നാലും തോല്‍ക്കാന്‍ മനസ്സ് വരുന്നില്ല..അത് കൊണ്ട് തന്നെയാണ് ഇന്ന്‍ അവള്‍  തന്നെ മുന്‍ കൈ എടുത്ത് എന്നെഇവിടെ  വിളിച്ച് വരുത്തിയത്..സമൂഹത്തിന്‍റെ ജീര്‍ണ്ണിച്ച കണ്ണുകള്‍ കാണട്ടെ..കണ്മുന്നില്‍ കാണുന്നത് കണ്ണടച്ച് വിശ്വസിക്കുന്നവര്‍ അറിയട്ടെ..അടുത്ത ആഴ്ച മനസ്സ് കൊണ്ടും, ശരീരം കൊണ്ടും പൂര്‍ണ്ണ പരിശുദ്ധിയോടെ  മറ്റൊരാളുടെ ഭാര്യയാകാന്‍ കാത്തിരിക്കുന്ന ഈ പെണ്‍കുട്ടിയെയാണ്  എല്ലാവരും ചേര്‍ന്ന്‍ അവിശ്വാസത്തിന്റെ മുറിവ് ഏല്പിച്ചത്....

        "നീ പൊയ്ക്കോള്ളൂ...അവിടെ വീട്ടില്‍  ആരെങ്കിലുമൊക്കെ  നിന്നെ തിരക്കുന്നുണ്ടാകും.."

                                                നിറഞ്ഞ കണ്ണോടെയാണ് ഞാനത്  പറഞ്ഞത്..കയ്യിലെ വിയര്‍പ്പില്‍ കുതിര്‍ന്ന തൂവാല കൊണ്ട് ആ കണ്ണ്‍ നീര്‍ ഒപ്പിയെടുത്ത് അതിലെ പതിഞ്ഞ പാടുകള്‍ നോക്കി ശ്രദ്ധയോടെ മടക്കി അവള്‍ ഒരു നിധി പോലെ ബാഗില്‍ വെച്ചു..അങ്ങിനെ എത്രയെത്ര നിധികള്‍..കൊച്ചു ക്ലാസ്സുകളില്‍ ഞാന്‍ കൊടുത്ത  പെന്‍സില്‍ മുതല്‍ തലയിട്ടിരിക്കുന്ന ഷാള്‍ വരെ..ഇനി നല്കാന്‍ പോകുന്നത് എന്നെ കൊണ്ട് സാധിക്കുന്ന ഏറ്റവും വലിയ കാര്യമാണ്..അത് വാങ്ങാന്‍ താന്‍ ചെയ്യ്ത കഷ്ടപ്പാടുകള്‍..പാര്‍ട്ട് ടൈം ജോലി ചൈയ്തും, കടം വാങ്ങിയും വാങ്ങിച്ച ആ സമ്മാനം പോക്കറ്റില്‍ നിന്നും പുറത്തെടുത്ത് ചെപ്പ് തുറന്ന്‍ അവളെ കാണിച്ചപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി..പിന്നെ വീണ്ടും ഈറനായി..

                      'ഒരു പവന്റെ വള.."

     "നീ എന്തിന് ഇത് വാങ്ങി വിനു..ഇത് കാണുമ്പോള്‍ എനിക്ക് കൂടുതല്‍ വിഷമം വരും..നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ വരും..."

      "അങ്ങിനെയാണേല്‍ എനിക്ക് സന്തോഷം..നീയെന്നെ ഓര്‍ക്കുമല്ലോ..എന്നും.."

                                                   ആ വള കയ്യിലെടുത്ത് അവളുടെ  നേരെ നീട്ടിയപ്പോള്‍ മനസ്സില്‍ വലിയ സന്തോഷം തോന്നി..അവള്‍ക്ക്കല്യാണത്തിനു മുന്‍പേ കിട്ടുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും.....ആരു കൊടുക്കുന്നതിനേക്കാളും വലിയ ഒരു സമ്മാനം..വിലമതിക്കാനാവാത്ത സമ്മാനം..അതെനിക്കറിയാം

    'നീ തന്നെ എന്‍റെ കയ്യില്‍ ഇട്ട് തരണം.."

                                                    അവളുടെ ആവശ്യം കേട്ട് ഞാന്‍  അത് വാങ്ങി പിന്നെ കുറച്ച് നേരം ചിന്തിച്ച് അവളുടെ കൈകളില്‍ തന്നെ കൊടുത്തു..ഇത് വരെ ഒന്നിച്ചും, ഒരുമിച്ചും പഠിച്ചിട്ടും, നടന്നിട്ടും അവളുടെ വിരല്‍ തുമ്പില്‍ പോലും തൊട്ടിട്ടില്ല..മനസ്സില്‍ അവള്‍ക്ക് നല്‍കിയ ഒരു സ്ഥാനമുണ്ട്..അത് തകരരുത്..

     "ഞാന്‍ തന്നിരിക്കുന്നു..നീ തന്നെ കൈയ്യില്‍ അണിയുക..അതാണ് ശരി..അത് മാത്രമാണ് ശരി.."

                                                     കയ്യില്‍ അണിഞ്ഞ വളയേക്കാള്‍ എനിക്ക്  മനോഹരമായി തോന്നിയത് ആ മുഖത്തെ തിളക്കമായിരുന്നു.എന്നും, ഇപ്പോഴും  ഞാന്‍ എന്തെങ്കിലും സമ്മാനിക്കുമ്പോള്‍  കാണുന്ന തിളക്കം..

     നീ കല്യാണത്തിന് വരണം..."

     ഞാന്‍ വരില്ല മുംതാസ്...അവര്‍ക്ക് എന്നെ ഇത് വരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല...മനുഷ്യന്‍റെ മനസ്സ് എന്ന സാധനം വൃത്തിയാക്കാന്‍ ഒരു യന്ത്രത്തിനും കഴിയില്ല...ഞാന്‍ വന്നാല്‍ അവര്‍ക്ക് ഒരു പക്ഷെ ..നമ്മളെ തെറ്റിദ്ധരിക്കാന്‍ കൂടുതല്‍ കാരണമാകും..നിന്‍റെ ഭാവിയാണ് എന്‍റെ സന്തോഷത്തേക്കാള്‍ വലുത്...അതോണ്ട് ഞാന്‍ വരില്ല..."

                                                  കുറേ നേരത്തേക്ക് ഒന്നും മിണ്ടാന്‍ തോന്നിയില്ല. എന്നും കാണാന്‍ ആഗ്രഹിച്ച ആളെ  കാണാന്‍ കഴിയാതെ വരുന്ന ദിനങ്ങള്‍ മുന്നില്‍ വരുന്നത് കൊണ്ടാകാം ഒരു വിഷാദം അവളുടെ മുഖത്ത് നിഴലിക്കാന്‍ തുടങ്ങിയിരിക്കുന്നത്...

    "വിനു ഞാനിപ്പോള്‍ ഏറ്റവും കൂടുതല്‍ പരമ കാരുണ്യവാനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് എന്താണെന്ന്‍ അറിയോ??"

                                                   ആ ചോദിച്ചതിന് ഉത്തരം അവള്‍ പറയാതെ തന്നെ എനിക്കറിയാം...എന്‍റെ പ്രാര്‍ത്ഥനയിലും അത് തന്നെയാണ് പ്രധാനം..എന്‍റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൊതിച്ചതും അത് തന്നെയാണ്..

       "നീയും ഞാനും ഒരേ ഉമ്മയുടെയോ, അമ്മയുടെയോ വയറ്റില്‍ പിറക്കണമെന്നു...അല്ലേ???...പിന്നെ ഒരുത്തനും ഇപ്പോള്‍ നമ്മുടെ ഈ പവിത്രമായ ബന്ധത്തില്‍ വിലക്കുകള്‍ കല്പിക്കുന്നത് പോലെ, മുന്നില്‍ വരില്ല..നമുക്കറിയാം.നമ്മള്‍ ആരാണെന്നു...അവര്‍ അറിയാതെ പോയതും ഇത് തന്നെ...നിനക്ക് എല്ലാ നന്മകളും നേരുന്നു പ്രിയ സഹോദരി...ദൈവം നിന്നെ കാത്ത് കൊള്ളട്ടെ.."

                                                      കൂടുതല്‍ ഒന്നും പറയാതെ കരയുന്ന മനസ്സും, വീര്‍ത്ത് കെട്ടിയ കണ്ണുകളുമായി തിരികെ പോകാന്‍  എഴുന്നേറ്റപ്പോള്‍ അവളുടെ വാക്കുകള്‍ കേട്ടു..

    "അങ്ങിനെ നീ എന്നില്‍ ഒളിച്ചോടണ്ടാ..ആങ്ങളമാരില്ലാത്ത വീട്ടില്‍ ജനിച്ച എനിക്ക് എന്‍റെ കുട്ടിക്കാലത്ത്ദൈവം കൊണ്ട് തന്നതാണ് നിന്നെ..എന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളാണ് അടുത്ത ആഴ്ച എനിക്കൊരു ജീവിതം തരുന്നത്...ആ ജീവിതത്തില്‍ നിനക്കും ഒരു സ്ഥാനമുണ്ടാകും വിനു...എല്ലാം പറഞ്ഞു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്താന്ന്‍ നിനക്കറിയോ???"

   "നിന്‍റെ അടുത്ത് നിന്നേ വിനുവിനെ അവര്‍ക്ക് ആട്ടി പായിക്കാന്‍ പറ്റൂ..നിന്‍റെ മനസ്സില്‍ നിന്നും ഒരിക്കലും കഴിയില്ല.അവനുണ്ടാകണം നമ്മുടെ ജീവിതത്തില്‍..പെങ്ങളുടെ സുഖം അന്വേക്ഷിക്കുന്ന നല്ല ഒരു സഹോദരനായി....ഇക്കാര്യത്തിന്ഞാനുണ്ടാകും നിന്‍റെ കൂടെ..നിങ്ങളുടെ കൂടെ..

                                                  ഞാന്‍ തിരികെ നോക്കിയപ്പോള്‍ അവളുടെ മുഖത്ത് സന്തോഷം കണ്ടു..അത് വരെ കാണാത്ത സന്തോഷം...ആ സന്തോഷം എന്നിലേക്കും...ഞങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ പോയവരുടെ ദുഷിച്ച മനസ്സിലെ ദുഷ് ചിന്തകള്‍ക്ക് ചെവി കൊടുക്കാതെ വീണ്ടും രണ്ട്‌ വഴികളിലേക്ക്..പക്ഷെ മുന്നില്‍ എന്നോ കണ്ട് മുട്ടുമെന്ന ഉറപ്പോടെ..കൂട പിറക്കാതെ പോയ കൂടപിറപ്പിനു മുന്നില്‍ നിന്നും എല്ലാ അനുഗ്രഹങ്ങളും നല്‍കി താല്‍ക്കാലികമായ ഒരു വിട ചൊല്ലല്‍ മാത്രം.....

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....

   

                                                     

 

                                                 

                                             


2016, മാർച്ച് 14, തിങ്കളാഴ്‌ച

മനസ്സറിയാതെ ചില പുണ്യം...





                                      ഇരുപത് പൈസയുടെ നാണയത്തിലേക്കും, പിന്നെ എന്‍റെ മുഖത്തേക്കും അവരൊന്നു മാറി മാറി നോക്കി..

         "ഹോ പിച്ചക്കാരിക്ക് നീയ് കൊടുത്ത ഇരുപത് പൈസ ഇഷ്ടായില്ലടാ"

                                      അമ്പല നടയില്‍ നിന്നും പുഷ്പാഞ്ജലി പ്രസാദം വാങ്ങി പരീക്ഷ നന്നായിരിക്കാന്‍ പ്രാര്‍ത്ഥിച്ച് തെക്കേ നടയിലേക്ക് നടക്കുമ്പോള്‍ ഭിക്ഷക്കാരി തള്ള ബസ്സ്‌ പാര്‍ക്കിങ്ങില്‍ തെണ്ടി നടക്കുന്നത് കണ്ടു..ഒരാളേയും വിടുന്നില്ല.എല്ലാവരുടെയും മുന്നില്‍ കൈ നീട്ടുന്നു...

        "ഇവറ്റകള്‍ക്ക് പത്ത് പൈസ കൊടുക്കരുത് ഹരീ...ആ സഞ്ചീല് നെറയെ കാശാ...എന്തോരം കിട്ട്യാലും പിന്നേം പിന്നേം തെണ്ടും..ഇന്നാള് തുശൂരു ഒരു പിച്ചക്കാരന്‍ വടിയായപ്പോ സഞ്ചീന്ന്‍ കിട്ടീത് ലക്ഷങ്ങളാ..."

                                       കൂട്ടുകാരന്റെ വാക്കുകള്‍ കേട്ട് കിഴക്കേ നടയിലെ മംഗള ഹോട്ടലിലേക്ക് നടക്കുമ്പോള്‍ പിന്നെയും കുറേ ഭിക്ഷക്കാര്‍ പിന്നാലെ കൂടി..കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ അടുത്തിടെയാണ് ഇവരുടെ എണ്ണം കൂടിയത്...ഭരണി അടുത്തതോടെ കുറേ പുതിയ മുഖങ്ങള്‍..

     "അല്ലടാ ശ്രീത്തെ (ശ്രീജിത്ത്) നീ കണ്ടാ..ആ തള്ളാരേ കണ്ടാ ആരും പറയൂല..പിച്ചക്കാരിയാന്നു..നല്ല ഐശ്വര്യമുള്ള സ്ത്രീ.."

     "കണ്ണ്‍ തെറ്റ്യാ കക്കണ വര്‍ഗ്ഗാ..കഴിഞ്ഞ ദെവസം ചന്തപ്പെരേല് ഒരുത്തിയെ കെട്ടിയിട്ടാ തല്ലീത്...അടുക്കള പൊറത്ത് കഴുകാന്‍ വെച്ച പാത്രം കട്ടിട്ട്.."

                                       മംഗള ഹോട്ടലില്‍ നിന്നും മസാല ദോശയും, ചായയും തട്ടി നിറഞ്ഞ വയറോടെ ഇറങ്ങി വരുമ്പോള്‍ പിന്നെയും കണ്ടു അവരെ..തെക്ക് നിന്നും വന്ന ഒരു തീര്‍ഥാടക സംഘത്തിനു മുന്നില്‍ കൈ നീട്ടി കൊണ്ട്..കയ്യില്‍ ബാക്കിയുള്ള ചില്ലറ പൈസ കൊണ്ട് രണ്ട്‌ വലിക്കോല് (വില്‍സ്) വാങ്ങി പോക്കറ്റില്‍ തിരുകുമ്പോള്‍ അവരേ അടുത്ത് കണ്ടു...ഉള്ളം കയ്യില്‍ അപ്പോഴും ഞാന്‍ കൊടുത്ത ഇരുപതിന്‍റെ നാണയം...

                                       വൈകീട്ട് പഠിക്കാന്‍ ഇരിക്കുമ്പോള്‍ രണ്ട്‌ വട്ടം കാളിങ്ങ് ബെല്‍ അടിച്ചത് കൊണ്ട് മാത്രം ദേഷ്യത്തോടെ എഴുന്നേറ്റ് വരാന്തയില്‍ ചെന്നപ്പോള്‍ മുറ്റത്ത് ഭിക്ഷ ചോദിച്ച് അവര്‍ വീണ്ടും...അടുക്കളയില്‍ നിന്നും ഭിക്ഷക്കാരി ആകുമെന്ന ഉറപ്പോടെ പാട്ടയില്‍ നിന്നും ഒരു അമ്പത് പൈസ തുട്ട് കണ്ടെടുത്ത് പിന്നാലെ അമ്മയും..അമ്മയുടെ അമ്പത് പൈസ തുട്ട് കണ്ടത് കൊണ്ട് മാത്രം ഞാന്‍ വിലക്കി...

    "അമ്മേ..കൊടുക്കര്ത്...ഇവര്‍ക്ക് ഞാന്‍ കാലത്ത് കൊടുങ്ങല്ലൂര്‍ അമ്പല നടയില്‍ വെച്ച് ഇരുപത് പൈസ കൊടുത്തതാ..."

                                        അമ്മയുടെ ചലനം ആ വാക്കുകളില്‍ അവസാനിച്ചു..അവര്‍ ദൈന്യതയോടെ അമ്മയെ നോക്കി..പിന്നെ കുറച്ച് ദേഷ്യത്തോടെ എന്നേയും.."

    "ചേച്ചി... ഇവറ്റകള്‍ കൊറേ വന്നിട്ടുണ്ട്..തമിഴ് നാട്ടീന്ന്.അവടെ കപ്പലണ്ടി കൃഷീം ചെയ്യ്ത് ഇങ്ങോട്ട് പോരും...എന്നിട്ട് വിളവെടുപ്പിന്റെ സമയം വരെ തെണ്ടല്‍...കാശ് കൊറേ ഉണ്ടാക്കി തിരികെ പോകും..."

                                        എന്‍റെ സഹായത്തിന് ആളെത്തിയിരിക്കുന്നു..പറമ്പില്‍ കൈ കൊട്ട് പണിക്ക് വന്ന അബുക്ക..അവര്‍ അബുക്കയുടെ വാക്കുകള്‍ കേട്ട് അങ്ങേരെയും ഒന്നിരുത്തി നോക്കി..

  "ഇങ്കെ ഒന്നുമേ ഇല്ല..നീങ്കെ പോ"

                                          അറിയുന്ന തമിഴില്‍ അബുക്ക പ്രാവിണ്യം അറിയിച്ച് അബുക്ക പറഞ്ഞപ്പോള്‍ അതെനിക്ക് ഒരാശ്വാസം പോലെയായി..

   'മോളെ പഴേ തുണി വല്ലതും കിട്ടാനുണ്ടോ..കൊച്ചു കുട്ടികള്‍ക്ക് പാകാവുന്ന"

                                        നല്ല മലയാളം കേട്ടത് കൊണ്ടാകണം ആദ്യം മുങ്ങിയത് അബുക്കയാണ്..ഞാനും അത് വരെ ധരിച്ചത് അവര്‍ തമിഴ് നാട് സ്വദേശിയാണെന്നാണ് ..എല്ലാ ധാരണകളും കാറ്റില്‍ പരത്തി നല്ല പച്ച മലയാളം ദാ വരുന്നു..

  'ഇവിടത്തെ കൊച്ച് ദേ ഈ നിക്കുന്നോനാ...വയസ്സ് പതിനേഴ്‌ കഴിഞ്ഞ്...ഇവന്‍റെ പഴേത് മതിയോ..."

                                        അമ്മയോട് വേണ്ടെന്ന്‍ പറഞ്ഞ് വേച്ച് വേച്ച് അവര്‍ പോകുമ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ അവ്യക്തമായി ഞാന്‍ കേട്ടു..

   "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..."

                                             പിന്നെ പിന്നെ എല്ലാ ആഴ്ചകളിലും അവര്‍ വീട്ടില്‍ ഭിക്ഷ യാചിച്ച് വരാന്‍ തുടങ്ങി...പലപ്പോഴും കൊടുങ്ങല്ലൂര്‍ ക്ഷേത്ര നടയിലും കണ്ടു..സ്ഥിരം വരവായപ്പോള്‍ ഇരുപത് പൈസ ക്വോട്ട വേഗം മാറി പത്ത് പൈസയായി മാറി..ഒരു നോട്ടം നോക്കി അതും വാങ്ങി അവര്‍ പിന്നെയും വീടുകള്‍ തേടി തെണ്ടാന്‍ നടന്നു..

                                            കുറേ നാളുകള്‍ക്ക് ശേഷം പരീക്ഷ കഴിഞ്ഞ് വരുമ്പോള്‍ വീണ്ടും ആ പിച്ചക്കാരിയെ ബസ്സില്‍ വെച്ച് കണ്ടു.നല്ല വേഷത്തില്‍..

    'ടാ..നമ്മുടെ പിച്ചക്കാരിയെ കണ്ടാ...എന്താ പത്രാസ്...നമ്മള് കൊടുക്കണ ചില്ലറ കൊണ്ട് ചെത്തി നടക്കേണ്...'

                                           കൂട്ടുക്കാരന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ സത്യം തോന്നി..ഇനി മുതല്‍ ഇവര്‍ക്ക് പത്ത് പൈസ കൊടുക്കുന്നത് പോലും നിര്‍ത്തിക്കണം. ബാറിനു മുന്നിലെ സ്റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്തിയപ്പോള്‍ അവര്‍ ചാടിയിറങ്ങി..അവര്‍ പിന്തുടരാന്‍ വേണ്ടി ഞങ്ങളും..അവിടെ നിന്നും നടന്ന്‍ മുന്നോട്ട് പോയി അവര്‍ ഒരു കടയില്‍ നിന്നും കുറേ മിട്ടായികളും,ബിസ്കറ്റും വാങ്ങി പിന്നെയും മുന്നോട്ട് നടന്നു..പിന്നാലെ ഞങ്ങളും..ആ ചലനം അവസാനിച്ചത് "ബാല്യ ബാലികാ സദനത്തിന് മുന്നില്‍...അവരെ കണ്ടതും ...

   "മുത്താച്ചിയമ്മേ....."

                                       പ്രായ ഭേദമന്യേ കുട്ടികള്‍..എല്ലാം മറഞ്ഞിരുന്നു കണ്ടപ്പോള്‍ മനസ്സില്‍ വീണ്ടും കൗതുകം തോന്നി..ആരാണാവര്‍??എന്തിന് ഈ അനാഥ മന്ദിരത്തില്‍ വന്നു.??ചിലപ്പോള്‍ മനസ്സും, സമയവും ചേര്‍ന്ന്‍ ചിലരെ തെറ്റിദ്ധരിക്കും...പിന്നീട് തിരുത്തും..അത് പോലെ ഒരു തിരുത്തലിന് വേണ്ടി അവര്‍ അവിടെ വിട്ട് പോകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു..

   "നിങ്ങള്‍ക്ക് അവരെ പറ്റി എന്തറിയാം കുട്ടികളെ?? നിങ്ങള്‍ കണ്ടത് അവരെ ഒരു പിച്ചക്കാരിയായി മാത്രം..അതിനപ്പുറം ഒന്നുമറിയില്ല..അല്ലെങ്കില്‍ അറിയാന്‍ ശ്രമിച്ചിട്ടില്ല..."

   "അവര്‍ നിങ്ങള്‍ക്ക് മുന്നില്‍ യാചിക്കാന്‍ വരുന്നത് ഇവിടെ കുട്ടികള്‍ക്ക് വേണ്ടിയാണ്‌...നിങ്ങള്‍ പുകവലിച്ചും, സിനിമ കണ്ടും, ഭക്ഷണം കഴിച്ചും കളയുന്ന പൈസയുടെ ഒരു ചെറിയ ഭാഗത്തിന് വേണ്ടി മുന്നില്‍ കൈ നീട്ടി വരുന്നത് ഈ കുട്ടികള്‍ക്ക് വേണ്ടിയാണ്..ഇവരുടെ ഭക്ഷണത്തിനും, സംരക്ഷണത്തിനും വേണ്ടിയാണ്..വര്‍ഷങ്ങളായി എല്ലാ ആഴ്ചയിലും അവര്‍ അവര്‍ക്ക് ഭിക്ഷയായി കിട്ടുന്ന  ചില്ലറ തുട്ടുകള്‍ ഇവിടേക്ക് കൊണ്ട് വരാന്‍ തുടങ്ങിയിട്ട്.....വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ നിന്നും അവര്‍ സ്വയം തിരഞ്ഞെടുത്ത വഴി"

                                    അത് വരെ വീര്‍പ്പ് മുട്ടി നിന്ന മനസ്സ് കണ്ണുകളിലേക്ക് മഴ മേഘങ്ങള്‍ നിറച്ച് പെയ്യിക്കാന്‍ തുടങ്ങിയിരിക്കുന്നു...ഉരുണ്ട വീഴുന്ന കണ്ണ് നീര്‍ തുള്ളികള്‍ മീതെ വീണ്ടും ചില വാക്കുകള്‍...

   "ഒരു പക്ഷെ ഈ കാര്യം നേരിട്ട് നിങ്ങള്‍ക്ക് മുന്നില്‍ വന്നു പറഞ്ഞാല്‍ , സഹായം ചോദിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഒന്നും നല്‍കില്ല..കാരണം മനുഷ്യന്‍ അങ്ങിനെയാണ്...ആവശ്യങ്ങള്‍ക്ക് അല്ല, അനാവശ്യങ്ങള്‍ക്കാണ് അവനെന്നും മുന്‍ഗണന..''ഓരോരുത്തരും നല്‍കുന്ന ഭിക്ഷയെ പറ്റി അവര്‍ പറയുന്ന ഒരു വാക്കുണ്ട്..."

    ''എനിക്ക് നേരെ അവരെല്ലാം നീട്ടുന്ന തുട്ടുകള്‍ക്ക് അവരറിയാതെ ഒരു ദൈവാനുഗ്രഹം  അവരില്‍ തന്നെ ചെന്നു ചേരുമ്പോള്‍ കൂടുതല്‍ മനസ്സിന് സു ഖം....അവരറിയാതെ ചെയ്യുന്ന ഒരു പുണ്യ പ്രവര്‍ത്തിയുടെ അനുഗ്രഹം അവര്‍ക്ക് തന്നെ ചെന്ന്‍ ചേരുന്ന നിര്‍വൃതി....."

                           നിറയുന്ന കണ്ണുകള്‍ക്ക് മീതെ തൂവാല പിടിച്ചിരിക്കുമ്പോള്‍ വീണ്ടും അവരുടെ വാക്കുകള്‍...ഒരു മാറ്റം നിറച്ച വാക്കുകള്‍...

    "മക്കളെ...പലരും ജീവിതത്തില്‍ സുഖം നഷ്ടപ്പെടുമ്പോള്‍ ആള്‍ ദൈവങ്ങളായ അച്ഛനേയും, അമ്മയേയും ...ജീവന കലയേയും തേടി പോകുന്നു..യഥാര്‍ത്ഥ ദൈവങ്ങള്‍ ഇവരെ പോലെ തെരുവിലലയുന്നു...ദൈവം പിറവി കൊടുത്ത അനാഥരായ കുഞ്ഞുമക്കളെ വളര്‍ത്താന്‍ വേണ്ടി.അവരെ സനാഥരാക്കാന്‍ വേണ്ടി...."


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...






                

2016, മാർച്ച് 7, തിങ്കളാഴ്‌ച

പി.കെ. എന്‍റെ നൂറാമത്തെ കഥ...




                                                                 "അതെ ഇതെന്‍റെ നൂറാമത്തെ കഥയാണ്...ഞാന്‍ നിങ്ങളോട് പറയുന്ന നൂറാമത്തെ കഥ.."

                നീണ്ട ചെവിയും, തിളങ്ങുന്ന കണ്ണുകളുമുള്ള എല്ലാ "പി.കെ " കുഞ്ഞുങ്ങളും ഗുരുനാഥന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ജാഗരൂകരായി..പുതിയ കഥ കേള്‍ക്കാന്‍..ഗുരു പറയുന്ന നൂറാമത്തെ കഥ കേള്‍ക്കാന്‍..

                                                                 "ഇനി ഞാന്‍ പറയുന്ന കഥ പ്രപഞ്ചത്തിലെ ഒരു പ്രധാന ഗോളത്തെ പറ്റിയുള്ള കഥയാണ്.ഇവിടെ നിന്നും കോടികണക്കിന് പ്രകാശ വര്‍ഷങ്ങള്‍ ദൂരെ സൗരയൂഥത്തിലെ സൂര്യനെ ചുറ്റുന്ന ഭൂമി എന്ന മൂന്നാമത്തെ ഗ്രഹത്തിന്‍റെ കഥ. നിങ്ങള്‍ എല്ലാവരും ഒരു പാഠം ആക്കേണ്ട കഥ....

               പി.കെ കുഞ്ഞുങ്ങള്‍ മിഴിച്ച്‌ നോക്കുമ്പോള്‍ അവരുടെ ചിന്തയിലേക്ക് ദൂരെ പ്രകാശ വര്‍ഷങ്ങള്‍ക്ക് ദൂരെ അന്യമായ ഒരു ഗ്രഹത്തെ പറ്റിയുള്ള ചിന്തകള്‍ ഉദിച്ചു തുടങ്ങി.."ഭൂമി...പണ്ട് കേട്ടിരുന്നു...പ്രപഞ്ചത്തില്‍ തങ്ങളുടെ ഈ മഞ്ഞ ഗ്രഹത്തിന് മുന്‍പേ ജീവന്‍ ആവിര്‍ഭവിച്ച ആ ഗൃഹത്തെ പറ്റി..
                               
                                                                    'ഭൂമി...സൂര്യനും,മാറ്റ് ചന്ദ്രന്മാരും, ഗ്രഹങ്ങളും ചേര്‍ന്ന്‍ സൃഷ്ടിച്ച സമശീതോഷ്ണ കാലാവസ്ഥയും, ജലവും, വായുവും നിറഞ്ഞ ഒരു ഗോളം..അതിന്റെ നാഥനായ ദൈവം ആദിയില്‍ ജീവന്‍ സൃഷിച്ചു...ആദ്യം സസ്യങ്ങളും, പിന്നെ ചെറു ജീവികളും..പിന്നെ മറ്റുള്ള ജീവികളും..ഒടുവില്‍ ദൈവത്തിന്റെ പ്രതി പുരുഷനന്മാരായ മനുഷ്യരെയും...ദൈവം പ്രതിപുരുഷന്മാര്‍ക്ക് മാത്രം മറ്റുള്ള ജീവ ജാലങ്ങളെക്കാള്‍ ബുദ്ധിയും, വിവേകവും, യുക്തിയും നല്‍കി..അതായിരുന്നു അവരുടെ ദൈവം ചൈയ്ത ഏറ്റവും വലിയ തെറ്റും..

                    ഗുരുനാഥന്‍ പറഞ്ഞ ആ കാര്യം മാത്രം അവര്‍ക്ക്‌ മനസ്സിലായില്ല...കൂടുതല്‍ ബുദ്ധിയും, വിവേകവും, തിരിച്ചറിവും നല്ലതല്ലേ..ഈ ഗ്രഹത്തിലെ എല്ലാ പി,കെ കളും ബുദ്ധിയുള്ളവര്‍ തന്നെ..ഭൂമിയില്‍ വരെ പോയി വന്ന ചില പി.കെ പൂര്‍വികര്‍ തങ്ങള്‍ക്ക് ഉണ്ട്...പിന്നെയെന്ത് കൊണ്ട് തങ്ങളുടെ രൂപത്തിന് സമന്മാരയിരുന്ന മനുഷ്യരെ കുറിച്ച് ഗുരു അങ്ങിനെ പറയുന്നത്..

                                                                    "എല്ലാ പി.കെ കളും മനസ്സിലാക്കേണ്ട ഒരു വലിയ കാര്യമുണ്ട്...ഭൂമിയില്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവനു ദൈവം നല്‍കിയ ബുദ്ധി, വിവേകം എന്നതിനേക്കാള്‍ ഉപരി അവനു നല്‍കിയ ഒന്നുണ്ട്.."പരസ്പരമുള്ള വേര്‍തിരിവ്‌.."മനുഷ്യന്‍ ആദ്യം ആ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്ക് മീതെ അധീശത്വം കൈ വരിച്ചു..അതിനു വേണ്ടി അവന്‍ അവന്‍റെ ബുദ്ധി ഉപയോഗിച്ച് ആയുധങ്ങള്‍ നിര്‍മ്മിച്ച്‌..മൃഗങ്ങളുടെ നഖങ്ങള്‍ ആയുധത്തിന് മുന്നില്‍ തോറ്റപ്പോള്‍ അവര്‍ മനുഷ്യനു കീഴടങ്ങി..അതോടെ ആ ഗോളത്തിലെ പ്രധാനിയായി ദൈവത്തിന്റെ പ്രതി രൂപം മാറി..

                                                                     "പിന്നെ മനുഷ്യന്‍ പരസ്പരം ആശയവിനിമയം നടത്താന്‍ സംസാര ഭാഷ കണ്ടെത്തി..ഭൂമിയെന്ന ഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലായനം നടത്തിയ മനുഷ്യന്‍ അവന്‍റെ പ്രാദേശിക നിലനില്പിന് വേണ്ടി മതങ്ങള്‍ സൃഷിച്ചു..വസിക്കുന്ന സ്ഥലങ്ങള്‍ക്ക് അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചു..മതവും, ഭാഷയും, ഭൂമിയുടെ അതിരുകളും അവര്‍ക്കുള്ളില്‍ വേര്‍തിരിവും, വിവേചനവും സൃഷിച്ചു..രൂപവും, ഭാവവും, വര്‍ഗ്ഗവും ഒന്നായിട്ടും ആ ജീവികള്‍ സ്വയമുണ്ടാക്കിയ വേര്‍തിരിവുകള്‍ മാത്രം ശരിയാണെന്ന് വിശ്വസിച്ചു..അതായിരുന്നു അവരുടെ പരാജയവും..."

                                                                      "അല്ല ഗുരോ..മറ്റുള്ള മൃഗങ്ങള്‍ക്ക് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേ??" എന്ത് കൊണ്ടാണ് മനുഷ്യന്‍ അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സ്വയം കാര്യങ്ങള്‍ തീരുമാനിച്ചത്‌...??"

             പി,കെ, ഗുരു കുറെ നേരം ആ ചോദ്യം കേട്ട് മിണ്ടാതിരുന്നു..തന്റെ കുട്ടികള് നൂറാമത്തെ കഥയില്‍ അക്രുഷ്ടര്‍ തന്നെ...ഈ കഥയില്‍ നിന്നും ഒരു പാഠം അവര്‍ പഠിക്കണം..ഈ മനോഹര ഗ്രഹത്തിന്‍റെ നിലനില്പിന് വേണ്ടിയെങ്കിലും..അല്ലെങ്കില്‍ നാളുകള്‍ കഴിയുമ്പോള്‍ ഈ മഞ്ഞ ഗ്രഹവും സൗരയൂഥത്തിലെ ഭൂമിയെ പോലെ!!!!!

                                                                      "പി,കെ കളെ..അതായിരുന്നു മനുഷ്യന്‍റെ ഏറ്റവും വലിയ ശാപം...എന്ത് തെറ്റായാലും അതിനെ കുറെ പേര്‍ എതിര്‍ക്കും, കുറെ പേര്‍ ന്യായികരിക്കും..ചിലര്‍ പറയുന്നത് ഒരു കൂട്ടം വിശ്വസിക്കും..മറു കൂട്ടം അവിശ്വാസിക്കും...മതം, രാജ്യം, വിശ്വാസം എന്നിവ അവരെ തുടരെ തുടരെ വേട്ടയാടി..ഒരേ മണ്ണിലെ അവര്‍ സുഷ്ടിച്ച വിശ്വാസം, അവര്‍ സൃഷ്ടിച്ച അതിര്‍ത്തികള്‍ ഇവക്ക് വേണ്ടി അവര്‍ പരസ്പരം സ്പര്‍ദ്ധ തുടങ്ങി..അവര്‍ ബുദ്ധി ഉപയോഗിച്ച് ആയുധങ്ങള്‍ ഉണ്ടാക്കി തുടങ്ങി..അവരുടെ നാശം വരെ സൃഷ്ടിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍..അതിന് അവര്‍ക്ക്‌ വളം പോലെ മതം, ഭാഷ, രാഷ്ട്രീയം.പിന്നെ അതിര്‍ത്തികള്‍...

            എല്ലാ തിളങ്ങുന്ന കണ്ണുകളും ശ്രദ്ധിച്ച് കാത്തിരിക്കുന്ന വാക്കുകള്‍..അവര്‍ക്ക്‌ മനസ്സിലാകുന്നുണ്ട്..അവര്‍ മനസ്സിലാക്കണം..അതിലാണ് വിജയം..അല്ലെങ്കില്‍ ഇവരെക്കാള്‍ ബുദ്ധിയുണ്ടായിരുന്ന മനുഷ്യന്‍റെ ഗതികേട്‌ ഇവര്‍ക്ക്‌ ഉണ്ടാകും..അതില്ലാതിരിക്കാന്‍ തന്റെ നൂറാമത്തെ കഥ മനസ്സിലാക്കണം...

                                                                "ആദി കാലം മുതല്‍ മനുഷ്യര്‍ യുദ്ധം ചെയ്യാന്‍ തുടങ്ങി..ആദ്യം ദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍, പിന്നെ ദേശങ്ങള്‍ പിടിച്ചടക്കാന്‍, പിന്നെ സമ്പത്തിന് വേണ്ടി, മതത്തിനു വേണ്ടി, ഒടുവില്‍ രാജ്യത്തിന്റെ അതിരുകള്‍ക്ക് വേണ്ടി...പല യുദ്ധങ്ങള്‍, ഒത്തിരി മരണങ്ങള്‍, എന്നിട്ടും അവര്‍ പഠിച്ചില്ല..ഒന്നും, രണ്ടും മഹായുദ്ധങ്ങള്‍ നടത്തി..എന്നിട്ടും പഠിച്ചില്ല..പിന്നെ ആയുധങ്ങള്‍ കൂട്ടി വെച്ചു..മതത്തിന്റെ പേരില്‍, അതിരിന്റെ പേരില്‍, അതിര്‍ത്തിയുടെ പേരില്‍...ഒടുവില്‍...

                                                                  "മതത്തിന്‍റെ പേരില്‍ തുടങ്ങി രാജ്യത്തിന്‍റെ അതിരുകള്‍ ഭേദിച്ച മൂന്നാമത്തെ വലിയ യുദ്ധം..അതില്‍ കരുതി വെച്ച വിനാശകരമായ എല്ലാ ആയുധങ്ങളും അവര്‍ പരസ്പരം ഉപയോഗിച്ചു..ജീവജലവും, ജീവ വായുവും മലിനമാക്കിയ ആണവയുദ്ധം..ആ നല്ല ഗ്രഹത്തിലെ എല്ലാ മനുഷ്യര്‍ അടക്കമുള്ള എല്ലാ ജീവജാലങ്ങളും തുടച്ച് നീക്കപ്പെട്ട മഹായുദ്ധം..ഇനിയൊരിക്കലും ജീവന്റെ തുടിപ്പ് ആ മണ്ണില്‍ ഉണ്ടാകാത്ത വിധം നാശോന്മുഖമായ യുദ്ധം,,ഒടുവില്‍ ആ ഗ്രഹം സൗരയൂഥത്തിലെ മറ്റുള്ള ഗ്രഹങ്ങളെ പോലെ ജീവന്‍ നിലനില്‍ക്കാന്‍ സാധിക്കാത്ത ഒരു കറുത്ത ഗ്രഹമായി മാറി..അതിന്റെ നാശത്തിന് കാരണമായത്‌ അതിലെ അന്തേവാസികളായ ദൈവത്തിന്റെ പ്രതി രൂപങ്ങള്‍ തന്നെ...സ്വന്തം നാശം സ്വയം സൃഷ്ടിച്ച മനുഷ്യ വര്‍ഗ്ഗം തന്നെ...."

         മിഴിച്ച് നില്‍ക്കുന്ന പി.കെ കുഞ്ഞുങ്ങള്‍ നൂറാമത്തെ കഥ കേട്ടപ്പോള്‍ അതിന്റെ ഗുണപാഠം പോലെ മനസ്സില്‍ കരുതി..ഒരു തിരിച്ചറിവ്..ഭൂമിയില്‍ സംഭവിച്ചത്‌ തങ്ങള്‍ക്ക് ഒരിക്കലും ഭവിക്കരുത്..അതിന് ആദ്യം വേണ്ടത്‌ പരസ്പരം തിരിച്ചറിവാണ്...

                                                                   "അതെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക്‌ ആദ്യം വേണ്ടത്‌ പരസ്പര വിശ്വാസവും, ബഹുമാനവും..നിങ്ങള്‍ ഇവിടെയുള്ള നിങ്ങളുടെ ദൈവത്തെ പല രൂപത്തിലും, പല ഭാവത്തിലും കണ്ടോളൂ,,ആരാധിച്ചോളൂ....പല ഭാഷയില്‍ സംസാരിച്ചോളൂ...പല ദേശത്ത് താമസിച്ചോളൂ...പക്ഷെ എല്ലാത്തിനും ഒടുവില്‍ ഒന്ന് തിരിച്ചറിയുക..നിങ്ങള്‍ എല്ലാവരും ഒരു വര്‍ഗ്ഗമാണ്..നിങ്ങള്‍ എല്ലാവരും പി,കെ, കളാണ്,,,,ആദ്യം വര്‍ഗ്ഗം..പിന്നെ രാജ്യം, മതം, രാഷ്ട്രീയം...അതായിരിക്കണം നിങ്ങളുടെ തിരിച്ചറിവും...."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍


       

2016, മാർച്ച് 4, വെള്ളിയാഴ്‌ച

മരം ഒരു വരം.....





                                      "ഉണ്ണീ..എന്തിനാ ഇന്നലെ നട്ട റോസാ കമ്പ് പൊക്കി നോക്കുന്നേ..അതിനി ഒണങ്ങി പോകും.."

                                      "വേര് വന്നോന്നറിയാനാ ഏട്ടാ.."

             അവന്‍ അവളുടെ കയ്യില്‍ നിന്നും റോസാ കമ്പ് വാങ്ങി തിരികെ ഇളകിയ മണ്ണില്‍ കുഴിച്ചിട്ടു..ഇന്നലെ കിട്ടിയതാണ് ആ റോസാ കമ്പ്..ചെറിയ വീടിനു മുന്നിലെ കൊച്ചു തോട്ടത്തിലെ പുതിയ അതിഥിയായി.

                                       "ഉണ്ണീ..മരമായാലും, ചെടിയായാലും ഒരു വരമാണ്.. ശുദ്ധവായു നല്‍കുന്ന വരം.."

              മൂന്നാം ക്ലാസ് കാരിയുടെ മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങാന്‍ മാത്രം ആ ഏഴാം ക്ലാസ്സുക്കാരന്റെ വാക്കുകള്‍ക്ക് കഴിഞ്ഞില്ല..സ്കൂളിലേക്ക് രാവിലെ പോകുമ്പോഴും അവള്‍ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നു..എന്തിനും, ഏതിനും അവള്‍ക്ക് ഉത്തരം നല്കാന്‍ അവനുണ്ട്..ഏട്ടനായി..

                                      "ഏട്ടാ..ഏട്ടന്‍ പറഞ്ഞില്ലേ ഇലകള്‍ക്ക് പച്ച കളര്‍ വരുന്നത്തിന്‍റെ കാരണം..അപ്പൊ പൂവിനു ചോപ്പ കളര്‍ വന്നതെങ്ങനെ??

                                       "ഉണ്ണീ..ചോപ്പ പൂവുണ്ടാകുന്ന ചെടിയുടെ ഇലയ്ക്ക് പച്ച കളറാ...അത് നോക്കില്ലേ.."

                തൃപ്തി വരാത്ത ഉത്തരം കിട്ടിയാണ് ഉണ്ണി പിന്നില്‍ നടക്കുന്നത്..സ്കൂളില്‍ എത്തി അവന്‍ ഈശ്വര പ്രാര്‍ത്ഥന ചെല്ലുമ്പോഴും, അസംബ്ലിയുടെ ഒടുവില്‍ ദേശീയ ഗാനം ചൊല്ലുമ്പോഴും മുന്നിലെ മരത്തണലില്‍ നില്‍ക്കുന്ന അവളെ ശ്രദ്ധിച്ചു..ഇപ്പോഴും ചിന്തയില്‍ തന്നെ..ചുവന്ന പൂവിന്‍റെ കാരണം തന്നെ ആകും ചിന്തയുടെ കാരണം..

               അസംബ്ലി കഴിഞ്ഞ് എല്ലാവരും തിരികെ ക്ലാസ്സിലേക്ക് പോകുമ്പോള്‍ അവന്‍ കുറച്ച് നേരം സ്കൂള്‍ മുറ്റത്തെ രണ്ട്‌ കൂറ്റന്‍ മട്ടി മരങ്ങളുടെ അടിയില്‍ പോയി നിന്നു..നല്ല തണുപ്പും, കുളിര്‍മയും..കൂറ്റന്‍ കുട പോലെ സ്കൂളിന്‍റെ പകുതി ഭാഗം തണല്‍ നല്‍കുന്ന മരങ്ങള്‍..ദിവസത്തിലൊരിക്കല്‍ ആ മരത്തിനടിയിലാണ് ക്ലാസ്സ്..ആ സുഖം ഒന്ന്‍ വേറെ തന്നെ..

                                          "എന്താ മരത്തിന്‍റെ ചോട്ടില്‍ നിന്ന് സ്വപ്നം കാണുന്നെ..ഇന്നൂടി കണ്ടോ..വൈകീട്ട് സ്കൂള്‍ വിട്ടാ രണ്ടും വെട്ടും..പുതിയ സ്കൂള്‍ കെട്ടിടം പണിയാന്‍ വേണ്ടി..ഒരു ഫലോം തരാത്ത പാഴ്മരം വെട്ടി കളഞ്ഞ് വല്ല പ്ലാവോ, മാവോ വെക്കാനാ തീരുമാനം..."

              പ്യൂണിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവനു തല കറങ്ങുന്നത് പോലെ തോന്നി..ഒരു നൂറ്റാണ്ടായി ഒരു വലിയ ആവാസ വ്യവസ്ഥ പോലെ തണലും, കുളിരും നല്‍കുന്ന മരം ഇല്ലാതാകാന്‍ പോകുന്ന വാര്‍ത്ത...ക്ലാസ്സില്‍ എത്തിയിട്ടും ഒന്നിലും ശ്രദ്ധിക്കാന്‍ തോന്നിയില്ല..ടീച്ചര്‍ ചോദിച്ചപ്പോള്‍ തലവേദനിക്കുവെന്ന കള്ളം പറഞ്ഞു..ഉച്ച കഞ്ഞി കുടിച്ച് നേരെ പോയത് മട്ടി മരത്തിന്‍റെ അടുത്തേക്ക് തന്നെ..എന്നത്തെയും പോലെ അതിന്‍റെ കൂറ്റന്‍ വേരുകളില്‍ ഇരുന്ന്‍ മനസ്സില്‍ കൊച്ചു കൊച്ചു കവിതകള്‍ മനസ്സില്‍ കുറിക്കും..പിന്നീട് അത് മനസ്സില്‍ നിന്നും കടലാസ്സിലേക്ക് പകര്‍ത്തും..അന്ന്‍ അതിലും താല്പര്യം തോന്നിയില്ല..ആ മരങ്ങള്‍ തേങ്ങുന്നത് പോലെ..

             വൈകീട്ട് സ്കൂള്‍ വിടുമ്പോള്‍ മരത്തിനു സമീപം മരം വെട്ടുന്ന തമിഴന്‍ മണിയും, കൂട്ടരും..അതിലൊരുവന്‍ വലിയ കൊലപാതകം നടത്താന്‍ കോടാലിക്ക് മൂര്‍ച്ച കൂട്ടുന്നു..മനസ്സ് തേങ്ങി പോയി..നാളെ ആ മരം അതിന്‍റെ തണല്‍, തണുപ്പ്, പ്രകൃതിയുടെ സുഖം എല്ലാം അന്യം...വരാന്തയില്‍ നില്‍ക്കുന്ന ഹെഡ് മാസ്റ്റര്‍ക്ക് അടുത്തേക്ക് യാന്ത്രികമായി കാല് ചലിച്ചു..

                                             "എന്താ സ്കൂള്‍ ലീഡറെ..വീട്ടീ പോണില്ല..?"

            ഒന്നും പറയാതെ നിറഞ്ഞ കണ്ണോടെ വരാന്തയില്‍ കയറി പൊട്ടി കരഞ്ഞുകൊണ്ട്‌ അവന്‍ പറഞ്ഞു..

         അവന്‍ എന്തോ പറയാന്‍ തുടങ്ങുന്നതിനു  മണിയന്‍ മരത്തിലേക്ക് വലിഞ്ഞു കയറുന്നത് കണ്ടു..അവന്‍ ഒന്നും പറയാതെ ഹെഡ് മാസ്റ്ററുടെ മുറിയുടെ മുന്നിലെ  വലിയ ക്യാന്‍വാസില്‍ ആരോ സയന്‍സ് എക്സിബിഷന് വേണ്ടി വരച്ച ചിത്രത്തിന് മുന്നില്‍ വന്നു നിന്ന് കരയാന്‍ തുടങ്ങി..മാഷ് അവനേയും, ആ ചിത്രത്തെയും മാറി മാറി നോക്കി...

        പച്ച പിടിച്ച ഒരു വലിയ മരത്തിനു മുകളില്‍ കത്തിയെരിയുന്ന സൂര്യന്‍..മരത്തിന്‍റെ തണലില്‍ സൂര്യന്‍റെ ചൂടറിയാതെ കളിക്കുന്ന കുറേ കുട്ടികള്‍...അതിന് താഴെ വടിവൊത്ത അക്ഷരങ്ങള്‍..

                    "മരം പ്രകൃതി നല്‍കുന്ന ഒരു തണല്‍ വരം.."

          ഹെഡ് മാസ്റ്റര്‍ എന്തോ പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് അവന്‍ കൂടുതല്‍ ദുഃഖത്തില്‍ കരയാന്‍ തുടങ്ങി..എങ്ങലടിയുടെ കൂടെ അവന്‍റെ വാക്കുകള്‍..

                              "മരം ഒരു വരമാണന്ന്‍ സാറല്ലേ ഞങ്ങളെ പഠിപ്പിച്ചത്..എന്നിട്ട് എത്രേം തണല്‍ നല്‍കുന്ന ശുദ്ധ വായു നല്‍കുന്ന ആ മരത്തെ എന്തിനാ സാറേ മുറിച്ച് മാറ്റുന്നെ...പൂവും പഴോം തന്നില്ലെങ്കിലും ആ മരങ്ങള്‍ ഞങ്ങള്‍ പാവപ്പെട്ട കുട്ട്യോള്‍ക്ക് വെയിലത്ത്‌ നല്‍കണ തണലല്ലേ മാഷേ ഏറ്റോം വലുത്....??"

        ആ വാക്കുകള്‍ക്ക് അവസാനം അവന്‍ കരഞ്ഞു കൊണ്ട് ഓടി പോയി..മാഷ്  ചുമരിലെ ചിത്രവും അതിനടിയിലെ കുട്ടികളേയും നോക്കി..പിന്നെ സ്കൂള്‍ മുറ്റത്ത് നില്‍ക്കുന്ന രണ്ട്‌ കൂറ്റന്‍ മരങ്ങളേയും..എന്തോ തീരുമാനിച്ച് ഹെഡ് മാസ്റ്റര്‍ മുറ്റത്തേക്ക് ഇറങ്ങി..

       അടുത്ത പ്രഭാതത്തില്‍ അസംബ്ലിയില്‍ ഹെഡ് മാഷ്‌ അവര്‍ക്ക്‌ മുന്നില്‍ നിന്നത് കൂടുതല്‍  പ്രസന്നനായിട്ടായിരുന്നു..ഈശ്വര പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അദ്ദേഹം തനിക്ക്‌ മുന്നില്‍ നില്‍ക്കുന്ന കുട്ടികളേയും, അവര്‍ക്ക്‌ തണലേകി നില്ക്കുന്ന ആ രണ്ടു മരങ്ങളെയും നോക്കി സംസാരിക്കാന്‍ തുടങ്ങി...

                                    "മരം ഒരു വരമാണ്..കൊച്ചു കൊച്ചു സൗകര്യങ്ങള്‍ നമുക്ക്‌ വേണ്ടി ഉണ്ടാക്കാന്‍ പ്രകൃതി നല്‍കിയ വലിയൊരു വരം ഒഴിവാക്കാന്‍ നോക്കിയത് തെറ്റായിരുന്നു..പിന്നില്‍ നില്‍ക്കുന്ന ആ മരവും, ആവാസ വ്യവസ്ഥയും എത്രയോ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണ്..പൂവും,പഴവും തരുന്ന മരങ്ങള്‍ മാത്രമല്ല..തണല്‍ നല്‍കുന്ന മരങ്ങളും നമുക്ക്‌ വേണം..തെറ്റായ ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ തിരുത്താന്‍ മറ്റ്‌ ചിലര്‍ വേണ്ടി വരും..ചിലപ്പോള്‍ നമ്മളെക്കാള്‍ പ്രായം കുറഞ്ഞവര്‍..ചിലപ്പോള്‍ നമ്മുടെ കുട്ടികള്‍..അങ്ങിനെ മരം മുറിക്കാനുള്ള തീരുമാനം മാറ്റാന്‍ എന്നെ പ്രേരിപ്പിച്ചത്‌ നമ്മുടെ സ്കൂള്‍ ലീഡറും,ഏറ്റവും നല്ല വിദ്യാര്‍ഥിയുമായ ഇവനാണ്.."
                     "വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
                       ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍..!

       പിന്നീടുള്ള വാക്കുകള്‍ അവനു കേള്‍ക്കാന്‍ കഴിഞ്ഞില്ല,,ഹെഡ്‌ മാസ്റ്ററുടെ കരവലയത്തില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന മട്ടി മരത്തിന്‍റെ ചില്ലകളില്‍ ഒരു ചെറു കാറ്റ്‌ വീശി..ആ കാറ്റില്‍ നിന്നും ഒരു കുളിര്‍ മര ചുവട്ടില്‍ നില്‍ക്കുന്ന അവരിലേക്ക്‌..,ആ തണലില്‍, ആ സംരക്ഷണത്തില്‍ അവരൊന്നിച്ച് ഒരു സ്വരമായി ഉറക്കെ...

                         "മരം ഒരു വരം..മരം പ്രകൃതി നല്‍കുന്ന സംരക്ഷണ വലയം.."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..







                                   

                 

2016, മാർച്ച് 2, ബുധനാഴ്‌ച

വര്‍ണ്ണ ചിത്രങ്ങള്‍...

                                           


                
                                                                  നോട്ടുകെട്ടുകള്‍ മുഴുവന്‍ എണ്ണി തീര്‍ന്നപ്പോള്‍ ശങ്കരേട്ടന്‍ വിയര്‍ത്തു പോയി.എ.സി യുടെ തണുപ്പിലും നെറ്റിയില്‍ നിന്നും ചാലിട്ടൊഴുകുന്ന വിയര്‍പ്പ് തുള്ളികള്‍..

           "ശങ്കരേട്ടാ എണ്ണി കഴിഞ്ഞോ..."

           "ഉവ്വ്...നാല്പത്തഞ്ച്ണ്ട്.."

                                                              നാല്പത്തിയഞ്ച് ലക്ഷം കെട്ടുകളാക്കി പെട്ടിയില്‍ വെക്കുമ്പോള്‍ മുതലാളി കേള്‍ക്കാതെ അടുത്ത് നിന്ന സുദേവന്‍ പറയുന്നത് കേട്ടു..

          "നോട്ട് എണ്ണാന്‍ മെഷീന്‍ ഉണ്ടായിട്ടും മോതലാളിക്ക് ശങ്കരേട്ടന്‍ കൈ കൊണ്ട് എണ്ണി നോക്കിയാലെ വിശ്വാസം വരൂ..എത്ര കാലായി ഇത് തൊടങ്ങീട്ട്..ഒരു കണക്കിന് നോക്ക്യാ ശങ്കരേട്ടന്‍ കൊടുങ്ങല്ലൂര്ത്തെ ഒരു കോടീശ്വരനാ...ദെവസോം കോടികള്‍ കയ്യിലൂടെ പോകുന്ന കോടീശ്വരന്‍.."

                                                             ബാങ്കില്‍ അന്നത്തെ തലേന്നത്തെ കളക്ഷന്‍ അടക്കാന്‍ ചെന്നപ്പോള്‍ ബാങ്കിലെ കാഷ്യറും പറഞ്ഞത് അത് തന്നെ...

         "ശങ്കരേട്ടാ..നിങ്ങള് ഓരോ ദിവസോം എണ്ണുന്ന കാശിന്റെ കണക്ക് നോക്കുമ്പോള്‍ അതിശയാ..ഈ മുപ്പത്തിമൂന്ന് കൊല്ലം കൊണ്ട് എത്ര കോടികളാ നിങ്ങള് ഈ കൈ കൊണ്ട് എണ്ണീത്..ഭാഗ്യം ചെയ്യ്ത കൈ തന്നെ.."

                                                              ശങ്കരേട്ടന്‍ ഒന്ന്‍ ചിരിച്ചു..ആ ചിരിയുടെ അപ്പുറത്തെ വലിയ വേദന മറച്ച് വെച്ച്..തിരികെ ഒഴിഞ്ഞ ബാഗുമായി ജുവല്ലറിയിലേക്ക് നടക്കുമ്പോള്‍ ഓര്‍ത്തു..എല്ലാവരും പറയുന്നതാണ് ശരി..ഓരോ ദിവസം അര കോടി രൂപ ഈ കൈകളിലൂടെ കടന്ന്‍ പോകുന്നു..കിലോ കണക്കിന് സ്വര്‍ണ്ണം കൈകാര്യം ചെയ്യുന്നു..കൈ ഭാഗ്യം ചെയ്യ്തത് തന്നെ..പക്ഷെ....????

                                                             കടയിലേക്ക് കയറുമ്പോള്‍ തന്നെ വലിയ തിരക്ക്...സ്വര്‍ണ്ണം വാങ്ങാനുള്ള ആളുകളുടെ നെട്ടോട്ടം..മഞ്ഞ ലോഹത്തിനു മുന്നില്‍ കൊതിയോടെ മിഴിച്ച് നില്‍ക്കുന്ന പെണ്ണുങ്ങള്‍...തൊട്ട്നോക്കിയിട്ടും, കഴുത്തില്‍ അണിഞ്ഞിട്ടും തൃപ്തി വരാത്തവര്‍...പോക്കറ്റിലും, പെഴ്സിലും, മടികുത്തിലും ,ബാഗിലും സ്വര്‍ണ്ണമാകാന്‍ കാത്തിരിക്കുന്ന നോട്ടുകള്‍..കൌണ്ടറില്‍ കയറി ഇരുന്നതേ ശങ്കരേട്ടന് ഓര്‍മ്മയുള്ളൂ..പിന്നെ ഇടതടവില്ലാതെ ഗാന്ധിയുടെ ചിത്രം പതിച്ച വില പിടിച്ച കടലാസ്സ് കഷ്ണങ്ങള്‍ കൈയിലൂടെ...അച്ചടി കടലാസ്സിന്റെ പുതു മണമുള്ള, ഏതോ ഉത്സവത്തിന്‍റെ മഞ്ഞപ്പൊടി നിറമുള്ള, ഒരു മത്സ്യ വില്പന ക്കാരന്റെ വിയര്‍പ്പില്‍ കുതിര്‍ന്ന്‍  മീന്‍ ചിതമ്പല്‍ ഒട്ടിയ, ..അങ്ങിനെ പല വിധ നോട്ടുകള്‍..

        "ശങ്കരേട്ടാ ചായ കൊണ്ട് വരട്ടെ..."

        "വേണ്ടാ തെരക്കൊന്നു കഴിയട്ടെ..."

                                                            ആ ചായ ഒരിക്കലും കുടിക്കാറില്ല...തിരക്ക് ഒഴിയാറുമില്ല..അതിനിടയില്‍ ഉച്ച സമയത്ത് വീട്ടില്‍ നിന്നും പൊതിഞ്ഞ് കൊണ്ട് വന്ന ചോറ് കഴിക്കാനും, അതിന് ശേഷമുള്ള പ്രഷറിന്റെ ഗുളിക കഴിക്കാനും കുറച്ച് സമയം..

       "ഇങ്ങിനെ ശരീരം നോക്കാതെ പണിയെടുക്കല്ലേ ശങ്കരേട്ടാ.."

       "ശങ്കരേട്ടന്റെ ബാങ്കില്‍ നല്ല നീക്കിയിരിപ്പ് ഉണ്ടാകും..പൊറത്ത് നിന്നും ഒരു പത്ത് പൈസയുടെ മിട്ടായി ശങ്കരേട്ടന്‍ വാങ്ങില്ല..എല്ലാം സമ്പാദ്യ."

                                                             ഊണ് കഴിക്കുമ്പോള്‍  സഹപ്രവര്‍ത്തകരുടെ കമന്റുകള്‍..എല്ലാത്തിനും നേരെ ഒരു ചിരി മാത്രം മറുപടി കൊടുത്ത് വീണ്ടും കൌണ്ടറിലേക്ക്...ഭാഗ്യം മുതലാളി അവിടെയുണ്ട്..മനസ്സില്‍ വിചാരിച്ചത് ചോദിക്കണം..കടയില്‍ തിരിക്കുമില്ല, മറ്റാരുമില്ല..

        "എനിക്കീ മാസം ഒരു ഇരുപതിനായിരം രൂപ വേണമായിരുന്നു..മൂന്നാല് മാസത്തെ ശമ്പളത്തീന്നു പിടിച്ചോ.."

        "ശങ്കരേട്ടാ ആറു മാസം മുന്‍പ് വാങ്ങിയ അഡ്വാന്‍സ് മുഴുവന്‍ പിടിച്ച് കഴിഞ്ഞിട്ടില്ല..ചെക്കന്‍റെ എഞ്ചിനിയറിങ്ങ്   സെമെസ്റ്റര്‍ ഫീസ്‌ അടക്കാന്‍ വാങ്ങീത്.മാത്രല്ലാ..പുതിയ ഷോറൂം തുടങ്ങാന്‍ പോണതിന്‍റെ ചെറിയ ടൈറ്റാ..ഒരയ്യായിരം വാങ്ങിക്കോ..അതെ ഇപ്പൊ നിവൃത്തിയുള്ളൂ..."

                                                            മുന്നിലിരിക്കുന്ന മേശയിലെ വലിപ്പില്‍ ഉറങ്ങുന്ന ലക്ഷങ്ങള്‍ തന്നെ കളിയാക്കി ചിരിക്കുന്നത് പോലെ  തോന്നി..ഭാഗ്യം കൈകള്‍ മാത്രം...നോട്ടുകള്‍ ഓരോ ദിവസവും എണ്ണി തീര്‍ക്കാന്‍..നിര്‍ഭാഗ്യം പോക്കറ്റിനു..എന്നും ഒഴിഞ്ഞിരിക്കാന്‍...മറ്റുള്ളവരുടെ മുന്നില്‍ എന്നും ലക്ഷങ്ങള്‍ എണ്ണുന്നവന്‍...തനിക്ക് അറിയാം..മകളുടെ വിവാഹത്തിന് വാങ്ങിയ ലോണ്‍ തിരിച്ച് അടക്കാന്‍ ഓരോ മാസവും ചെയ്യുന്ന പെടാപ്പാടുകള്‍.മകനെ പഠിപ്പിക്കാന്‍ വേണ്ട ചിലവുകള്‍..കൈകളിലൂടെ കടന്നു പോകുന്ന  പണം കണ്ട് മഞ്ഞളിച്ചിട്ടില്ല..ലക്ഷങ്ങള്‍ എന്നും വിശ്രമിക്കുന്ന പെട്ടിയില്‍ നിന്നും അനര്‍ഹമായി ഒരു രൂപ പോലും എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും എടുത്തിട്ടില്ല..എണ്ണി കൊടുക്കുന്നതിന്റെ, കാത്ത് സൂക്ഷിക്കുന്നതിന്റെ പ്രതിഫലം മാത്രം മാസാവസാനം വാങ്ങും..അര്‍ഹാമായത് മാത്രം..

                                                            വൈകീട്ട് സ്വര്‍ണ്ണ കട അടക്കുന്ന സമയത്ത് മുതലാളി അഞ്ചു ആയിരത്തിന്റെ നോട്ടുകള്‍ പോക്കറ്റില്‍ തിരുകി തന്നു..അതിന്‍റെ കൂടെ ഇനിയും കൂട്ടി ചേര്‍ക്കണം..നരച്ച പേഴ്സില്‍ ശേഷിക്കുന്നത് ഏതാനും നൂറു രൂപ നോട്ടുകള്‍ മാത്രം..അത് കൊണ്ട് ഇനിയും ഒരു മാസം തികക്കാന്‍ കുറച്ച് ദിനങ്ങള്‍ ഓടിക്കണം..ആരോടും പരിഭവമില്ലാതെ ബാഗും, ടോര്‍ച്ചുമെടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ പകല്‍ നീക്കി വെച്ച തിരക്കില്‍ നിന്നും ഒരല്പം മോചനം കിട്ടിയത് പോലെ കൊടുങ്ങല്ലൂര്‍ നഗരവും, മങ്ങിയ വെളിച്ചത്തില്‍ കുളിച്ച് അമ്പലവും..ലക്ഷങ്ങള്‍ കണക്ക് കൂട്ടിയ പകലില്‍ നിന്നും ആയിരങ്ങള്‍ കണക്ക് കണക്ക് കൂട്ടിയൊപ്പിക്കാന്‍ കഴിയാത്ത വ്യഥയോടെ ശങ്കരേട്ടന്‍..

                                                              വീടിനു മുന്നിലെ മങ്ങിയ നിലവിളക്ക് വെട്ടത്തില്‍ രണ്ട്‌ കണ്ണുകള്‍..അവര്‍ ശങ്കരേട്ടനെ കണ്ടതും എഴുന്നേറ്റ് കയ്യില്‍ നിന്നും ബാഗും, ടോര്‍ച്ചും വാങ്ങി അകത്തേക്ക്..കസേരയില്‍ ചാരിയിരുന്ന് ചായം നഷ്ടപ്പെട്ട ചുമരിലെ വിവാഹ ഫോട്ടോയിലേക്ക് നോക്കി ശങ്കരേട്ടന്‍ ഇരുന്നു..

         "ഇരുപത് പവനും, രണ്ട്‌ ലക്ഷം രൂപേം....അത് കിട്ടണം അല്ലാതെ ഈ കല്യാണം നടക്കൂല്ല.."

                                                           അഞ്ച് വര്ഷം മുന്‍പ് പുതിയ ചായം പൂശിയ ഇതേ വീട്ടില്‍ അതേ വരാന്തയില്‍ ഇരുന്ന്‍ മകളുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നും നോക്കിയില്ല...ലോണ്‍ എടുത്തും, കടം വാങ്ങിയും ഒന്നിനെ ഒരുത്തന്‍റെ കൂടെ പറഞ്ഞു വിടുമ്പോള്‍ ഇളയ മകന്‍  ഉണ്ടെന്ന് കൂടി ഓര്‍ത്തില്ല..അവ..നീക്കിയിരിപ്പ് കുറേ കടവും, രോഗങ്ങളും..ഒന്ന്‍ നെടുവീര്‍പ്പിട്ട് മുന്നില്‍ നീട്ടിയ കാപ്പി ഗ്ലാസ്‌ വാങ്ങുമ്പോള്‍ ആ കണ്ണുകളില്‍ ഒരു ചോദ്യം കണ്ടു..

        "അയ്യായിരം കിട്ടി..ഇരുപതാ  ചോദിച്ചത്.. തന്നില്ലാ..പണത്തിനു പകല്‍ കാവലിരിക്കാനാ എന്‍റെ യോഗം..അനുഭവിക്കാന്‍ തീരേയില്ല.."

                                                            മറിച്ച് ഒന്നും പറയാതെ അവര്‍ കഴുത്തിലെ നൂല്‍ മാല ഊരി, താലി ഊരിയെടുത്ത്  അയാള്‍ക്ക് നേരെ നീട്ടി..ആ ശരീരത്തില്‍ അവശേഷിക്കുന്ന അവസാന തരി പൊന്ന്..ശങ്കരേട്ടന്‍ വാങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ ആ കൈകളില്‍ വെച്ച് കൊടുത്ത് മുഖത്ത് സന്തോഷം കൃത്രിമമായി ഉണ്ടാക്കി..

      "ഇന്നലേം പൈപ്പിന്‍ ചോട്ടില്‍ വെള്ളമെടുക്കാന്‍ വന്ന ഒരു പെണ്ണിന്‍റെ മാല ബൈക്കില് വന്ന ചെക്കന്മാര്‍ പൊട്ടിച്ചോണ്ട് പോയി..ഇത് കഴുത്തീ കെടന്നാ പൊറത്ത് ഇറങ്ങാന്‍ എനിക്ക് പേടിയാ...പണയം വെച്ചോ..കാശ് ഉണ്ടാകുമ്പോ തിരിച്ചു എടുക്കാം..കള്ളന്മാര് കൊണ്ടോകണതിലും നല്ലതാ ബാങ്കില്‍ പണയം വെക്കണത്.."

                                                               ദിവസവും കിലോ കണക്കിന് മഞ്ഞലോഹവും, ലക്ഷക്കണക്കിന്‌ രൂപയും കൈ കൊണ്ട് വാങ്ങുന്ന ശങ്കരേട്ടന്‍ ആ നൂലുമാല വാങ്ങിയത് വിറക്കുന്ന കൈകള്‍ കൊണ്ടാണ്..അയാള്‍ മനസ്സിലോളിപ്പിച്ച ദുഃഖം പുറത്തേക്ക് ഒഴുകുന്നതിനു മുന്‍പ് അവര്‍ അയാളെ നോക്കി ആശ്വസിപ്പിക്കുന്ന ഭാവത്തില്‍ പറഞ്ഞു..

      "എന്നും ഒരേ പോലെയാകില്ല നമ്മടെ ജീവിതം...നമുക്കും വരൂന്നു .. ഒരു നല്ല കാലം..വെഷമിക്കണ്ട.."

                                                               അവര്‍ അകത്തേക്ക് പോയപ്പോള്‍ അയാള്‍ ചുമരിലെ അലമാരയില്‍ നിരത്തിയ മെഡലുകളും, ട്രോഫികളും, അതിനുള്ളില്‍ ചിരിച്ച് നില്‍ക്കുന്ന മകന്‍റെ ഫോട്ടോയും നോക്കി..അത് വരെ വിഷമിച്ച് നിന്ന അയാളുടെ മനസ്സിലേക്ക് പ്രതീക്ഷയുടെ ഒരു തണുത്ത കാറ്റ് പോലെ ആ ചിത്രങ്ങള്‍..കാലം മാറ്റി വരക്കാന്‍ കാത്തിരിക്കുന്ന വര്‍ണ്ണ ചിത്രങ്ങള്‍...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...