2015, ജൂൺ 21, ഞായറാഴ്‌ച

ഫേസ്ബുക്ക് ലൈവ്...


                                                              ഭാര്യ ക്ലോക്കില്‍ നോക്കി..സമയം ഏഴ് മണി..ഭര്‍ത്താവ് ഇനിയും വന്നിട്ടില്ല. അഞ്ച് മണിയ്ക്ക് ഓഫീസില്‍ നിന്നും ഇറങ്ങിയാല്‍ വെറും ഇരുപത് മിനുറ്റ് കൊണ്ട് വീട്ടിലെത്തും..ഇവിടേക്ക് സ്ഥലം മാറി വന്നതിനുശേഷം തുടങ്ങിയതാ..ഇടയ്ക്ക് വൈകി വരുന്ന ശീലം..പിന്നെ ഒന്നും പോരാത്തതിന് കഴിഞ്ഞ മാസം മുതല്‍ ഒരു ഫെസ്ബുക്ക് അക്കൌണ്ടും..വീട്ടില്‍ എത്തിയാലും, ബാത്ത് റൂമിലും, വെളുപ്പിന് ഉണര്‍ന്നാലും ഫേസ്ബുക്ക്...നരച്ച് തുടങ്ങിയെങ്കിലും ആളൊരു വിരുതനാ..കല്യാണത്തിന് മുന്പ് ചില പ്രേമങ്ങള്‍, ചുറ്റി കളികള്‍..എന്തായാലും താനും ഫേസ്ബുക്കില്‍ അംഗമായതോടെ ഒരു ബലമായി..നോക്കാമല്ലോ..ഭര്‍ത്താവ് എത്ര നേരം ലൈവ് ആണെന്ന്‍.."പച്ച ലൈറ്റ് തെളിഞ്ഞാല്‍ അതിനര്‍ത്ഥം ഫേസ്ബുക്ക് ഉപയോഗത്തിലാണ്,,സൂക്കര്ബെര്ഗ് ലോകത്തുള്ള എല്ലാ ഭാര്യമാര്‍ക്കും വേണ്ടി ഉണ്ടാക്കി വെച്ച സൂത്രം..ഭര്‍ത്താവിന്റെ സൂത്രങ്ങള്‍ ഫേസ്ബുക്ക് കണ്ണിലൂടെ നിരീക്ഷിക്കാന്‍..

                                                         ഭാര്യ വേഗം മൊബൈല്‍ എടുത്ത് ഫേസ്ബുക്ക് എടുത്തു..അതാ കത്തിനില്‍ക്കുന്നു ഭര്‍ത്താവിന്റെ പേരിനു നേരെ പച്ചവെളിച്ചം..അടുത്ത മുറിയില്‍ ഇരുന്ന്‍ പരീക്ഷയ്ക്ക് പഠിക്കുന്ന മകള്‍(മകളുടെ പഠനം ഫേസ്ബുക്ക് വഴി) അമ്മ ഫേസ്ബുക്കില്‍ ഓണ്‍ ലൈന്‍ വന്നതോടെ വേഗം സൈന്‍ ഔട്ട്‌ ചെയ്യ്ത് പുറത്ത് ചാടി..ഭാര്യ വേഗം വൈബറില്‍ നോക്കി..അവിടെയും ഭര്‍ത്താവ് ഓണ്‍ ലൈന്‍..ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു...ആരോടോ സോള്ളി ഇരിക്കുകയായിരിക്കും..ഇന്ന് വരട്ടെ..എല്ലാം തീര്‍ക്കും..ദേഷ്യം ആങ്ങളയോടും തോന്നി..അവന്‍ ഒരുവനാ അളിയന് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ ആഡംബര ഫോണ്‍ സമ്മാനിച്ചത്..ഈയിടെ ഉറക്കത്തില്‍ ഒന്ന് രണ്ട്‌ വട്ടം ചിരിച്ചു..അതിനിടയില്‍ "എന്‍റെ ലീലേ..നിന്‍റെ ഒരു കാര്യം..ഒന്ന്‍ രണ്ട്‌ വട്ടം ഭര്ത്താവിന്റെ മൊബൈല്‍ ഫോണില്‍ ലീലയുടെ മെസ്സേജ് കണ്ടു.."ഗുഡ് മോണിംഗ്"..കൂടെ ജോലി ചെയ്യുന്നവള്‍ ആയിരിക്കും..ചോദിക്കാന്‍ നിന്നില്ല..കള്ളകളി തെളിവോടെ പിടിക്കണം..വീണ്ടും ഭര്ത്താവിന്റെ നേരെയുള്ള പച്ചവെളിച്ചം നോക്കി..ഫോണ്‍ വലിച്ചെറിയാന്‍ തോന്നി.."ഇന്ന് വരട്ടെ ...ഇന്നറിയണം..എല്ലാം"..

                                                        ഫേസ്ബുക്കില്‍ നിന്നും സൈന്‍ ഔട്ട്‌ ചെയ്യ്ത് അമ്മ പുറത്ത് വന്നതും മകളുടെ പേരിനു നേരെ പച്ച വെളിച്ചം തെളിഞ്ഞു..അമ്മ അടുക്കളയില്‍ എത്തി ആദ്യം ഫ്ലാസ്കില്‍ ഒഴിച്ച് വെച്ച ചായ എടുത്ത് പുറത്ത് കളഞ്ഞു.."ഇന്ന് അങ്ങേര്‍ വന്ന വഴി തന്നെ ചായ മോന്തണ്ട.."മനസ്സില്‍ അതും പറഞ്ഞ് സീരിയല്‍ കാണാന്‍ പോയിരുന്നു..ഇടയ്ക്ക് ഫേസ്ബുക്ക് ബുക്ക് നോക്കി ഭര്‍ത്താവ് ഓണ്‍ ലൈന്‍ ഉണ്ടോയെന്നു ഉറപ്പ് വരുത്തും..മകള്‍ അമ്മയെ ഫേസില്‍ ബുക്കില്‍ കാണുമ്പോള്‍ പുറത്ത് ചാടും, വീണ്ടും വരും..ഒരു തരം കള്ളനും പോലീസും കളി..സമയം പിന്നെയും പിന്നിട്ടു..കുറച്ച് കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണില്‍ ഒരു മെസ്സേജ്...

                          "സാര്‍ ഒരല്പം വൈകും..ലീല."
                                                         
                                                      അത് കണ്ടതോടെ ഭാര്യയുടെ പിടി വിട്ടു..തെളിഞ്ഞു കാണുന്ന പച്ച വെളിച്ചം, ലീലയുടെ മെസ്സേജ്..വന്ന നംബരിലെക്ക് തിരിച്ച് വിളിച്ചു..നാവില്‍ നല്ല ഒന്നാന്തരം തെറി വാക്കുകള്‍ ഒരുക്കി വെച്ച്..ഒന്നും, രണ്ടും മൂന്നും വിളികള്‍ക്ക് മറുപടി ഉണ്ടായില്ല..ഒടുവില്‍ അവസാനം ആരു ആണ് ശബ്ദം.. "ഹലോ.."ഒന്നും മിണ്ടാതെ നിന്നപ്പോള്‍ മറു ഭാഗത്ത് നിന്നും അയാള്‍..
                      "മാഡം...പേടിക്കാന്‍ ഒന്നുമില്ല..സാര്‍ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു സാരി വാങ്ങിക്കാന്‍ പോയതാ..സാര്‍ കാലത്ത് പറഞ്ഞിരുന്നു..ഇന്ന് നിങ്ങള്‍ ജീവിതത്തില്‍ കണ്ടു മുട്ടിയതിന്റെ വാര്‍ഷികം ആണെന്ന്..ബാങ്ക് കവലയില്‍ വെച്ച് ഒരു റിക്ഷ..അധികം ഒന്നും സംഭവിച്ചില്ല..കാലിനു ചെറിയ നീര്..ഡോക്ടര്‍ ഇപ്പോള്‍ വരും..വന്നാല്‍ തിരിച്ച് പോരാം.."

                                                            ഭാര്യ ഒന്നും പറയാതെ നിന്ന്..ചുറ്റും പ്രകാശം നഷ്ടമായത് പോലെ..ഭൂമി പിളര്‍ന്നത് പോലെ..എല്ലാം ഇരുട്ടില്‍..കൂടുതല്‍ ഇരുട്ട് അവരുടെ മനസ്സിലേക്ക് പകര്‍ന്ന്‌ അയാള്‍ വീണ്ടും..

                     "ഞാന്‍ തന്നെ സാറിനെ വീട്ടില്‍ കൊണ്ട് വിടാം..പേടിക്കണ്ടാ..ഞാന്‍ സാറിന്റെ ഒപ്പം ജോലി ചെയ്യുന്ന ലീലയാണ്...സോറി ലീലാകൃഷ്ണന്‍.."

                                                         ഭാര്യ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്യ്തു..അപ്പോഴും ഫെസ് ബുക്കില്‍ ഭര്‍ത്താവിന്റെ പേരിനു നേരെ പച്ച വെളിച്ചം കത്തി നിന്നിരുന്നു..
                    
                  

                     














 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ