2015, ജൂൺ 16, ചൊവ്വാഴ്ച

കുഴിവെട്ടുക്കാരന്‍....


                         
                       ആകാശത്തിനു മുകളില്‍ ദിവസങ്ങളായി ഉരുണ്ടു കൂടി നിന്ന കറുത്ത മേഘങ്ങള്‍ക്കിടയില്‍ ഒരു വെള്ളിടി മുഴങ്ങിയതോടെ തുലാവര്‍ഷം പെയ്തിറങ്ങാന്‍ തുടങ്ങി..കുഴിവെട്ടുക്കാരന്‍ ആശുപത്രിയുടെ വൃത്തി ഹീനമായ  വരാന്തയില്‍ മുഴിഞ്ഞ പനമ്പ് തട്ടികയുടെ മറ പറ്റി കാത്തിരുന്നു.ഒരു പനയോല കഷ്ണം അടര്‍ത്തിയെടുത്ത് കാല്‍ നഖത്തിനുള്ളില്‍ നിന്നും ചുവന്ന ചെളി മണ്ണ്‌ കുത്തിയെടുത്ത് മഴവെള്ളത്തില്‍ ഒഴുക്കി കൊണ്ട്..

"മറിയാമ്മ ചേച്ചിയ്ക്ക് വേണ്ടി കുഴിച്ച ആറടി നീളം കുഴിയിലെ മണ്ണ്..ചുവന്ന മണ്ണ്.."

"അതെ..ബ്ലീഡിംഗ് നില്കുന്നില്ല....ബ്ലഡ്‌ വേണം..ഓ നെഗറ്റീവ്.."

കണ്ണില്‍ ചോരയില്ലാത്ത വാക്കുകള്‍ പോലെ കുഴിവെട്ടിയുടെ നെഞ്ചില്‍ വീണു ആ വാക്കുകള്‍...എഴുന്നേറ്റ് മഴയിലേക്ക്‌..കുറച്ച് മുന്നില്‍ റോഡിനു സമീപം കുരിശടിയില്‍ കണ്ട തിരു സ്വരൂപത്തിന്റെ കണ്ണുകളിലെ അതെ ദൈന്യത കുഴിവെട്ടുക്കാരന്റെ കണ്ണിലും നിഴലിച്ചു...

"പൊന്നിന്‍ കുരിശ്‌ മുത്തപ്പാ ആപത്ത്‌ വരുത്തരുതേ....അവളെ കാത്തു കൊള്‍ക.."

നനഞ്ഞ് കുളിച്ച് ഇടവക പള്ളിയില്‍ ചെന്ന്‍ വികാരിയച്ചനെ കാത്തിരുന്നു..
അച്ചന്‍ കുംബാസര കൂട്ടിലാണ്‌..ആരോ കുംബാസരിക്കുന്നു..അയാള്‍ ഓര്‍ത്തു..

"ഈയിടെ ഇടവക പള്ളിയിലെ ആളുകള്‍ക്ക് കുംബാസാരം ഒരിച്ചിരി കൂടുതലാ"

പത്ത്‌ കല്പനകള്‍...അതില്‍ ഒന്ന് തെറ്റിച്ചാല്‍ ഉടന്‍ കുമ്പസാരം..എന്നാല്‍ തെറ്റിക്കുന്നതില്‍ ആണും പെണ്ണും വ്യത്യാസമില്ലാതെ മല്‍സരം.."

അച്ചനോട് കാര്യം പറഞ്ഞപ്പോള്‍ അച്ചന്‍റെ കണ്ണില്‍ രൂപകൂട്ടില്‍ നില്കുന്ന ക്രൂശിത രൂപത്തിന്റെ അതെ ഭാവം..ഒരു മാമോദീസ, ഒരു കല്യാണം അതിന്റെ കാര്‍മ്മികത്വം..മണിക്കുന്നിലെ കുര്യച്ചന്‍ മുതലാളിയ്ക്ക് ഓ നെഗറ്റീവ് രക്തമാണ്..

അച്ചന്‍റെ അറിവില്‍ നിന്നും കിട്ടിയ ആവേശത്തില്‍ കുര്യച്ചന്‍ മുതലാളിയെ തേടി..

കണ്ടു..മദ്യം കലര്‍ന്ന കണ്ണുകളുമായി ..കാര്യം പറഞ്ഞപ്പോള്‍ അയാള്‍ കുഴിവെട്ടിയെ ആട്ടി പായിച്ചു.."അയാളുടെ മണി മാളികയിലെ വെണ്ണക്കല്‍ മണ്ഡപത്തില്‍ കണ്ട കര്‍ത്താവിന്റെ കണ്ണുകളില്‍ മുന്‍പ്‌ കണ്ട ദൈന്യത..പക്ഷെ അയാളുടെ കണ്ണുകളില്‍ കണ്ടത്‌ വെറുപ്പ്‌..കുലമഹിമയുടെ ധാര്‍ഷ്ട്യം.

"ക്നാനയില്‍ നിന്നും നേരിട്ട് വന്ന കുടുംബമാ..എന്റെ ചോര കണ്ട ചെരുപ്പുകുത്തിയ്ക്കും കുഴിവെട്ടികള്‍ക്കും കൊടുക്കനുള്ളതല്ല..ഇറങ്ങി പോടാ"..

ഒടുവില്‍ ചുമട്ടുക്കാരന്‍ അലിയുമായി അയാള്‍ ആശുപത്രിയിലെത്തി..അലിയുടെ രക്തം ആവശ്യമായി വന്നില്ല..അയാളെ കാത്ത്‌ രണ്ടു വെളുത്ത തുണി കെട്ടുകള്‍..
ഒന്നില്‍ കൈകാലുകള്‍ കുടഞ്ഞ് അമ്മയെ തേടി ഒരു പിഞ്ചു പെണ്‍കുഞ്ഞ്...മറ്റൊരു വെള്ള തുണിയില്‍ അയാളുടെ ഭാര്യ..നിത്യ നിദ്രയില്‍...
കനത്ത മഴയിലും അയാള്‍ തളര്‍ന്നില്ല..കൂട്ടിനു സന്തത സഹചാരിയായ ചെറുക്കന്‍..

വെട്ടിയ കുഴിയില്‍ ഭാര്യയുടെ നിശ്ചല ദേഹം എടുത്ത്‌ വെക്കുമ്പോള്‍ കൈകള്‍ തളര്‍ന്നില്ല..അന്ത്യ ചുംബനം നല്‍കുമ്പോള്‍ ചുണ്ടുകള്‍ വിരച്ചില്ല..ആര്‍ത്ത് കരയുന്ന കുഞ്ഞിനെ ചേര്‍ത്ത്‌ പിടിച്ച് കര്‍ത്താവിന്റെ തിരു രൂപത്തില്‍ നോക്കിയപ്പോള്‍ കാല്‍വരിയില്‍ ക്രൂശിതനായ ദൈവപുത്രന്റെ അതെ ദൈന്യത...
അന്ന് രാത്രി ആകാശ സീമയില്‍ ഒരൊറ്റ നക്ഷത്രം മാത്രം..അയാള്‍ തളര്‍ന്നു ഉറങ്ങുന്ന കുഞ്ഞിനെ നോക്കി..നക്ഷത്രത്തെയും നോക്കി..മനസ്സ്‌ മന്ത്രിച്ചു...ഇനി നീ മാത്രം.....

കാലം ചിലപ്പോള്‍ ഒരു ഇന്ത്രജാലക്കാരനെ പോലെയാണ്..പിഞ്ചു കുഞ്ഞ് പിച്ച വെച്ചതും, "അപ്പാ" എന്ന് വിളിച്ചതും, മാമോദീസ നടന്നതും, ആദ്യ കുര്‍ബാന കൈ കൊണ്ടതും, പുതിയ ഉടുപ്പിട്ട് ബാഗുമായി പള്ളികൂടത്തില്‍ പോയതും, ആള്‍ താരയില്‍ നിന്ന്‍ കുര്‍ബനകളില്‍ പാടാന്‍ തുടങ്ങിയതും കണ്ണടച്ച് തുറക്കുന്ന  വേഗത്തില്‍ ആയിരുന്നു..അയാള്‍ ശവ്കുഴിവെട്ടിയതും,റബ്ബര്‍ വെട്ടിയതും, പശുവിനെ വളര്‍ത്തിയതും ജീവിച്ചതും ആ മാലാഖ കുട്ടിയ്ക്ക് വേണ്ടിയായിരുന്നു..ഒരിക്കല്‍ ഒരു നിലാവുള്ള രാത്രിയില്‍ അപ്പന്‍റെ നെഞ്ചില്‍ കിടന്ന്‍ അവള്‍ പറഞ്ഞു..

"എനിക്ക് പഠിച്ച് പഠിച്ച് ഒരു ഡോക്ടര്‍ ആകണം....എന്റെ അമ്മയെ പോലെ ഇനിയാരും ചോര വാര്‍ന്നു മരിക്കാന്‍ പാടില്ല..

അത് കേട്ട് അയാള്‍ അകാശത്തിലേക്ക്  നോക്കി..പൂര്‍ണ ചന്ദ്രന്‍ ഒരു പൂവ്‌ പോലെ അയാളെ നോക്കി ചിരിച്ചു...
ഒരിക്കല്‍ സന്തത സഹചാരിയായ ചെറുക്കന്‍ (അവന്‍ ഇന്ന് വളര്‍ന്ന് വലിയ ഒരു യുവാവാണ്.)അയാളോട് പറഞ്ഞു..

''കുഞ്ഞൊരു പൂമ്പാറ്റ കുട്ടിയാണ്..മാലാഖ കണ്ണുകള്‍ ഉള്ള പൂമ്പാറ്റ.."
കുറച്ച് നാള്‍ കഴിഞ്ഞ് ഒരു പ്രഭാതത്തില്‍ മറപുരയില്‍ നിന്നും കുഞ്ഞ് നിലവിളിച്ചു..അയാള്‍ ചെല്ലും മുന്‍പ്‌ അയലത്തെ ചേടത്തി എത്തിയിരുന്നു..കുഞ്ഞിനെ ചേര്‍ത്ത്‌ പിടിച്ച് അവര്‍ അയാളോട് പറഞ്ഞു..

"വയസ്സ് അറിച്ചു"

ഉമ്മറത്തെ കോലായിലെ കര്‍ത്താവിന്റെ തിരു രൂപത്തില്‍ ഒരു തിളക്കം അയാള്‍ ദര്‍ശിച്ചു..അന്ന്‍ രാത്രി തനിച്ച് കോലയിയില്‍ കിടക്കുമോള്‍ പൂര്‍ണ ചന്ദ്രികയില്‍ ഒരു ചുവപ്പ് നിറം കണ്ടു..അത് പടര്‍ന്ന്‍ പന്തലിച്ച് ചന്ദ്രികയെ ചുകപ്പിലാഴ്ത്തി..

പിറ്റേന്ന് അയാള്‍ ടൌണില്‍ പോയി മടങ്ങുംവഴി കുഞ്ഞിനു വേണ്ടി ഒരു മൊട്ടു കമ്മലും അര പവന്‍ തൂക്കമുള്ള നൂല് മാലയും വാങ്ങി..സ്വര്‍ണ്ണം കുഞ്ഞിനെ വീണ്ടും സുന്ദരിയാക്കി..

"കുഴിവേട്ടുകാരന്റെ മോള്‍ക്ക്‌ നല്ല ചന്തമാ...അവള്‍ നന്നായി പഠിക്കും, നന്നായി പാടും,നന്നായി പടം വരയ്ക്കും..അവള്‍ മിടുക്കിയാകും.."

ഇതെല്ലാം കേള്‍ക്കുമ്പോള്‍ കുഴിവെട്ടുക്കാരന്‍ തിരു രൂപത്തില്‍ നോക്കും, ആ കണ്ണുകള്‍ നോക്കി നിര്‍വൃതി പൂകും...മകള്‍..തന്റെ മകള്‍..കുഴിവെട്ടുക്കാരന്റെ മകള്‍..

കുഴിവേട്ടുക്കാരന്റെ കൊച്ചിനെ കാണ്മാനില്ല...തീ പോലെ വാര്‍ത്ത പടര്‍ന്നു..സ്കൂള്‍ വിട്ട് പോരും വഴി പ്ലാന്റേഷന്‍ പരിസരം വരെ കണ്ടവരുണ്ട്..തകര്‍ന്ന മനസ്സുമായി കുഴിവെട്ടുക്കാരന്‍ ചില നാട്ടുക്കര്‍ക്കൊപ്പം തോട്ടങ്ങളും, തൊടികളും, കാടും,മേടും നടന്നു അന്വേക്ഷിച്ചു..രാത്രിയില്‍ പന്തം കൊളുത്തി തിരഞ്ഞു..കാണാന്‍ കഴിയാതെ വന്നപ്പോള്‍ അയാള്‍ തളര്‍ന്നു..തിരു രൂപത്തിനു മുന്നില്‍ കരളുതിര്‍ന്ന്‍ പ്രാര്‍ഥിച്ചു..സന്തത സഹചാരിയായ യുവാവ്‌ അയാളെ താങ്ങി വീട്ടില്‍ എത്തിച്ചു..പാതി രാത്രി പോലിസ്‌ വന്നു..അവരും കണ്ടെത്തിയില്ല..ഊഹാപോഹങ്ങള്‍ ഉറക്കമില്ലാത്ത നാട്ടുക്കാരുടെ നാവില്‍.."പുലി പിടിച്ചതെന്ന്‍ ചിലര്‍..തട്ടി കൊണ്ട് പോയതാകുമെന്നു മറ്റു ചിലര്‍..ചന്ദ്രിക പിറക്കാത്ത ആ കറുത്ത രാത്രിയില്‍ മഴ തകര്‍ത്ത്‌ പൈയ്തു..ഒപ്പം കുഴിവെട്ടുകാരന്റെ നെഞ്ചിനുള്ളിലും..വേദന നിറഞ്ഞ ദുഖമഴ....

പിറ്റേന്ന് പുലര്‍ച്ച..

തേടിയിറങ്ങിയ സംഘം കടുവകുന്നിന്റെ താഴ്‌വരയില്‍ ഒരു സ്കൂള്‍ ബാഗ്‌ കണ്ടെത്തി..കുറച്ച് ദൂരെ ഒരു പാവാട, പിന്നെ സ്കൂള്‍ യൂണിഫോം ഷര്‍ട്ട്..ഒടുവില്‍ പൊന്ത കാട്ടില്‍ നഗ്നമായ നിലയില്‍ ഒരു പിഞ്ചു ശരീരം...ഏതോ ദ്രോഹികള്‍ പിച്ചി ചീന്തിയ കുഴിവെട്ടുക്കാരന്റെ സ്വപ്‌നങ്ങള്‍..കണ്ടവരുടെ കരളയിക്കുന്ന ചിത്രങ്ങള്‍...അവിടെ കണ്ട ഒരു കീറിയ പുസ്തക താളില്‍ വടിവാര്‍ന്ന കൈ അക്ഷരങ്ങള്‍..

"my father is my inspiration and he is my hero"

കനത്ത മഴയിലും കുഴിവേട്ടുക്കാരന്‍ തളര്‍ന്നില്ല..അയാളും,യുവാവും ചേര്‍ന്ന്‍ കുഴി വെട്ടി..അന്ത്യ ചുംബനം നല്‍കുമ്പോള്‍, കുഴിയിലേക്ക്‌ എടുത്ത്‌ വെക്കുമ്പോള്‍, പച്ച മണ്ണ് വാരി കുഴി മൂടുമ്പോള്‍ അയാള്‍ കരഞ്ഞില്ല..ഏതോ ഒന്ന് നിശ്ചയിച്ച്...ആ കണ്ണുകള്‍ തിരു രൂപത്തില്‍ നോക്കിയില്ല..അന്ന് രാത്രി കോലയിയില്‍ കിടക്കുമ്പോള്‍ അയാള്‍ കണ്ടു..പൂര്‍ണ്ണ ചന്ദ്രികയെ കാര്‍മുകില്‍ മൂടി മറയ്ക്കുന്നത്..അന്ന് രാത്രി പിന്നെ ആരും ചന്ദ്ര ബിംബത്തെ കണ്ടില്ല...

രണ്ടു ദിവസം കഴിഞ്ഞു പോലിസ്‌ കുഴിവേട്ടുക്കാരന്റെ മകളെ കൊന്നവനെ കണ്ടെത്തി..ഒരു നൂല് മാല വില്‍ക്കാന്‍ ശ്രമിക്കുബോള്‍..ആ വാര്‍ത്തയും കുഴിവെട്ടുക്കാര്നെ തകര്‍ത്തു..കൂടെ നടന്നവന്‍,സ്വന്തം നിഴലായ് കൂടെ നടന്നവന്‍, മകളെ കാണാതെ ആയപ്പോള്‍ പോലും തന്റെ ഒപ്പം തേടിയിറങ്ങിയ സന്തത സഹചാരി..അവനായിരുന്നു..ക്രൂരനായ കൊലയാളി. .പിഞ്ചു ശരീരം കീറി മുറിച്ച അവനെ കാണാന്‍ അയാള്‍ ചെന്നില്ല..കോടതിയിലും പോയില്ല..അന്ന് മുതല്‍ അയാള്‍ ആരോടും സംസാരിച്ചില്ല..പള്ളിയും, കുഴിവെട്ടും മാത്രമായി അയാളുടെ ലോകം..തിരു രൂപത്തിന്റെ കണ്ണുകളിലെ ദൈന്യത അയാളില്‍ ചിലര്‍ കണ്ടു..താടിയും മുടിയും നീട്ടി വളര്‍ത്തി അയാള്‍ അലഞ്ഞു..ഒരാളുടെ ചോദ്യത്തിനും ഉത്തരം നല്‍കാതെ..
.
കാലം കൊലപാതകിയെ പരോളിന്റെ രൂപത്തില്‍ പുറത്തിറക്കി..അവന്‍ ആ നാട്ടിലേക്ക്‌ തന്നെ..ആരെയും ഭയക്കാതെ..അവന്റെ വഴിയില്‍ വരാതെ പാവം കുഴിവെട്ടുക്കാരന്‍..ജയില്‍ ഒരുവനെ കൂടുതല്‍ കരുത്തന്‍ ആകുമെന്ന പൊതു തത്വം അവിടെ യഥാര്‍ഥമായ പോലെ..അവന്‍ വന്നതിനു ശേഷം കുഴിവെട്ടുക്കാരന്‍ ഉറങ്ങിയില്ല..നാട്ടുക്കാര്‍ ഒന്നടക്കം പറഞ്ഞു..

"അവനു പ്രാന്താ....പെണ്ണും കോച്ചും പോയതിന്റെ പ്രാന്ത്.."

പക്ഷെ അന്ന്‍ വൈകീട്ട് കുഴിവെട്ടുക്കാരന്‍ തിരു രൂപത്തിനു മുന്നില്‍ കുറെ നേരം പ്രാര്‍ഥിച്ചു...ആ കണ്ണുകളില്‍ നോക്കി ഇരുന്നു..ആരുടെയും ചോദ്യത്തിന് ഉത്തരമേകാതെ...

കടുവ കുന്നിന്റെ നെറുകയില്‍ പരോളില്‍ ഇറങ്ങി തിരിച്ചു പോകുന്നതിന്റെ ആഘോഷം..ഒഴിച്ച് കൊടുത്ത മദ്യം ആര്‍ത്തിയോടെ കുടിച്ച് തീര്‍ത്ത് അവന്‍..അവന്റെ നിഴലിനു പിന്നില്‍ താടിയും, മുടിയും നിറഞ്ഞ ഒരു രൂപം പ്രത്യക്ഷമായി..കാല്‍വരിയില്‍ കുരിശില്‍ മരിച്ച ദൈവപുത്രന്റെ തിരു രൂപം പോലെ..മദ്യപിച്ച് ലക്ക്‌ കെട്ട അവന്റെ നെഞ്ചില്‍ ചവിട്ടി നിന്ന് ആ രൂപം,അലറി..

"ഇതെന്റെ കോടതി..ഞാന്‍ വാദി, ഞാന്‍ വിധി കര്‍ത്താവ്, ഞാന്‍ തന്നെ ആരാച്ചാര്‍, ഞാന്‍ തന്നെ കുഴിവെട്ടി..നാടന്‍ തോക്കില്‍ നിന്നും രണ്ടു വട്ടം ശബ്ദമുയര്‍ന്നു..അന്ന് രാത്രി കുഴിവെട്ടുക്കാരന്റെ വീട്ടിലെ രൂപകൂട്ടില്‍ ഒരു തെളിച്ചം കണ്ടു..അന്ന് രാത്രി കോലയിയില്‍ കിടക്കുബോള്‍ ചന്ദ്രിക ഒരു സൂര്യ കാന്തി പൂവ്‌ പോലെ പുഞ്ചിരിച്ചു..അന്ന് രാത്രി കുഴിവെട്ടുക്കാരന്‍ സുഖമായ്‌ ഉറങ്ങി...

അടുത്ത പ്രഭാതത്തില്‍ കുഴിവെട്ടുക്കാരന്‍ ഒരു തെമ്മാടി കുഴി വെട്ടി..പലരും ചോദിച്ചിട്ടും ഉത്തരം ഉണ്ടായില്ല..കുഴിവേട്ടിയോരുക്കി പെയ്യാന്‍ കാത്ത് നില്‍ക്കുന്ന മഴമേഘങ്ങള്‍ നോക്കി,തിരു രൂപത്തിന്റെ കണ്ണുകളില്‍ നോക്കി, വികാരിയച്ചനെ നോക്കി കണ്ണുകളാല്‍ വിട ചൊല്ലി നാടന്‍ തോക്കുമായി അയാള്‍ നടന്നകന്നു..നിയമത്തിന്റെ മുന്നിലേക്ക്‌..ഒരു വിലങ്ങിനെ, ഒരു തടവറയെ ലക്ഷ്യമാക്കി..

അപ്പോള്‍ അയാള്‍ക്ക് പുറകില്‍ ആകാശം ഇരുണ്ട് കൂടുകയായിരുന്നു...ഒരു കള്ള കര്‍ക്കിടക മഴയെ ഉള്ളിലൊളിപ്പിച്ച്........
story courtesy :- the great man sankara narayanan, (krishnapriya's father)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ