2015, ജൂൺ 17, ബുധനാഴ്‌ച

യാത്ര....

        രീപോസ്റ്റ്...

                   യാത്ര....യാത്രകള്‍
അന്നും,ഇന്നും,എന്നും എനിക്കിഷ്ടമാണ്...
ബാല്യത്തിലെ ചില യാത്രകള്‍,
ഉപഭൂഖണ്ഡത്തില്‍ നിന്നും ഇന്ന്‍  ഏഷ്യ പസഫിക്ക് രാജ്യങ്ങളിലേക്കുള്ള ആകാശ യാത്രകളില്‍ ഇല്ല...

               അമ്മയുടെ കൈ പിടിച്ച് അമ്മവീടിരിക്കുന്ന ഇരിഞ്ഞാലക്കുട സമീപമുള്ള നടവരമ്പ് യാത്രകള്‍...അതിന്റെ സുഖം..ഓര്‍മ്മ..
ബാലനുബോധിനി സ്കൂള്‍ സ്റ്റോപ്പില്‍ നിന്നും കെ.കെ. മേനോന്‍ ബസ്സില്‍ ആയിരിക്കും മിക്കവാറും യാത്ര തുടങ്ങുന്നത്...
ബസ്സില്‍ അമ്മയുടെ കൂടെ കയറിയാല്‍ ലോങ്ങ്‌ സീറ്റില്‍ ഇരിക്കാം..മഴയുണ്ടാകുമ്പോഴും മുന്നിലുള്ള കാഴ്ചകള്‍ കാണാം..മഴ തുള്ളികള്‍ വീണ് അവ്യക്തമായ ഗ്ലാസ്സിലൂടെ നോക്കിയാല്‍ കടകളുടെ ബോര്‍ഡും, നഗരത്തിലെ കടകളുടെ പരസ്യ ബോര്‍ഡും, സിനിമ പോസ്റ്ററുകളും വായിക്കാം...മഴയുടെ നനുത്ത സ്പര്‍ശം ഏറ്റ് കാണുന്ന ആ കാഴ്ചകള്‍ ബാല്യ മനസ്സിന് നല്‍കുന്ന ആ സുഖം ..

                  മുന്നില്‍ ഇരുന്നാല്‍  കൊമ്പന്‍മീശ ഡ്രൈവറുടെ ഡ്രൈവിംഗ് ആസ്വദിക്കാം...അയാള്‍ സ്ടീയരിംഗ്  വീല്‍ തിരിക്കുനന്നതും, ഗിയര്‍  മാറുന്നതും, ഹോണ്‍ മുഴക്കുന്നതും, വാച്ചില്‍ നോക്കി വേഗം നിയന്തിക്കുന്നതും, ഒരു കണ്ണാടി ചില്ലില്ലൂടെ ലോകം നോക്കി കാണുന്നതും കണ്ടിരിക്കാന്‍ നല്ല രസമാണ്..പിന്നെ ഒരിക്കലും മറക്കാനാവാത്ത കാഴ്ചകള്‍ കാണാം..ചേരമാന്‍ പള്ളിയുടെ അടുത്തെത്തുമ്പോള്‍ പള്ളി മിനാരത്തിലെക്ക് ഒന്ന് നോക്കും.."അച്ചന്‍ പറഞ്ഞു തന്ന അറിവാണ് ആ നോട്ടത്തിനു മുന്നില്‍...ഇന്ത്യയെന്ന എന്റെ മഹാരാജ്യത്തിലെ ആദ്യത്തെ മസ്ജിദ്‌..ബസ്സ് അല്പം മുന്നിലേക്ക് പോകുമ്പോള്‍ പള്ളി കബര്‍സ്ഥാന്‍ കാണാം..പള്ളിക്കാട്..അവിടെ മുതല്‍ ഭീതിയാണ്..

            മീസാന്‍ കല്ലുകളെയും, ചില സ്ഥലത്ത് ഇളകി കിടക്കുന്ന പുതു മണ്ണിനെയും,ശീമ കോന്ന മരങ്ങളേയും നോക്കും..പിന്നെ മുഖം തിരിക്കും..കൊടുങ്ങല്ലൂര്‍ പട്ടണം ചുറ്റി തിരിയുമ്പോഴും ഈ ഭീതി മറ്റൊരു രൂപത്തില്‍ കടന്നു വരും..കുരുംബ കാവില്‍ നിന്നും ഇടയ്ക്ക് മുഴങ്ങുന്ന കതിന വെടി...അത് കേള്‍ക്കുമ്പോള്‍ ചെവി പതുക്കെ അടച്ച് പിടിക്കും..നഗരം ചുറ്റി തിരിഞ്ഞു ചന്തപ്പുരയില്‍ എത്തിയാലും ചെവി അടച്ചു പിടിച്ചിരിക്കും..പിന്നെ ചുറ്റും നോക്കി പതുക്കെ ചെവിയില്‍ നിന്നും വിരലുകള്‍ എടുക്കും..കബര്‍ സ്ഥാന്‍ കാഴ്ചയേക്കാള്‍ എനിക്ക് ഭയമായിരുന്നു കതിനയുടെ മുഴക്കം..

           പട്ടണം വിട്ടു പുല്ലൂറ്റ് പാലമെത്തുമ്പോള്‍ വീണ്ടും സന്തോഷം തിരിച്ചെത്തും, കനോലി കാലിന്റെ കൈ വഴികള്‍.വലത് ഭാഗത്തേക്ക് നോക്കിയാല്‍ തെങ്ങിന്‍ തലപ്പുകള്‍ക്ക് മുകളില്‍ ഒരു വലിയ മരം കാണാം..കോട്ടപ്പുറം കോട്ടയുടെ സ്മരണകള്‍ക്ക് ജീവനേകി വളര്‍ന്നു നില്‍ക്കുന്ന മരം,,വിദേശ അധിനിവേശം കണ്ട മഹാ മരം.. കോട്ട ക്ണ്ടിട്ടിലെങ്കിലും, ആ മരം കാണുമ്പോള്‍ കണ്ട ഒരു പ്രതീതി...പിന്നെ ചെറു വഞ്ചികളും, ചീന വലകളും..പാലം കടക്കുമ്പോള്‍ തന്നെ ഇടത്തേക്ക് നോക്കും..മഹാരാജ സോമില്‍ പരിസരത്ത് അവരുടെ ആനയെ കാണാം..തടി പിടിക്കുന്ന കാഴ്ചയും ചിലപ്പോള്‍ കണ്ടെന്നു വരാം.

            പിന്നെ കണ്ടിട്ടില്ലാത്ത മറ്റൊരു കൗതുകം കെ.കെ.ടി.എം. കോളേജ് ആണ്..പുല്ലൂറ്റ്  ക്ഷേത്രത്തിനടുത്തെ വളവ് തിരിയുമ്പോള്‍ വെളുത്ത് ചായം പൂശിയ ഒരു കെട്ടിടത്തിന്‍റെ ഒരു മങ്ങിയ കാഴ്ച കാണാം,, പിന്നെ അല്പം മുന്നോട്ട് നീങ്ങിയാല്‍ ഒരു പാടു കഥകള്‍ ഉറങ്ങുന്ന മണ്‍ പാത കാണാം..പ്രണയവും,സന്തോഷവും,വിരഹവും,സമരകഥകളും ഉറങ്ങുന്ന കോളേജിന്റെ പാതയും പിന്നിട്ട്,എല്ലാ ഊര്‍ജ്ജവും വിനിയോഗിച്ച് നാരായണ മംഗലം കയറ്റവും കയറി മുന്നിലേക്ക് പോകുമ്പോള്‍ വലിയ വാട്ടര്‍ ടാങ്ക്..കൊടുങ്ങല്ലൂര്‍ മുഴുവന്‍ ജലസമ്പത്ത് വിതരണം ചെയ്യുന്ന ആ ടാങ്കിന്റെ തൊട്ടു അരികിലാണ് വി.കെ.രാജന്‍ എം.എല്‍.എ യുടെ വീട്..അങ്ങോട്ട് നോക്കും..

            ഒരു വലിയ കയറ്റം കയറി ഇറങ്ങി ചെല്ലുന്നത്കരൂപടന്ന പാലത്തിലേക്ക്...അവിടെ എത്തുമ്പോള്‍ അറിയാതെ മൂക്ക് പൊത്തി പിടിച്ച് പുഴയില്‍ ചീയാന്‍ വിധിച്ച തേങ്ങ തൊണ്ടിനെയും, ചൂളയില്‍ വെന്തുരകാന്‍ വിധിച്ച കക്കയേയും,ആ വേദനയുടെ പ്രതിബിംഭമായ വെളുത്ത പുകച്ചുരുളിനെയും നോക്കിയിരിക്കും...പിന്നെ രണ്ടു വളവുകളും, ഒരു പാടവും, വെള്ളങ്ങല്ലുരും കടന്നാല്‍ അമ്മ പഠിച്ച നടവരമ്പ് സ്കൂള്‍ കാണാനാകും..അവിടെ എത്തുമ്പോള്‍ മസസ്സില്‍ വിഷമം പടര്‍ന്നു തുടങ്ങും.. അടുത്ത സ്റ്റോപ്പില്‍ ഞങ്ങളുടെ യാത്ര അവസാനിക്കും..ബസ്സ്‌ പിന്നേയ്യും പോകും..ഞാന്‍ അന്ന് കണ്ടിട്ടിലാത്ത ഇരിഞ്ഞാലകുടയും കടന്ന്‍ പൂരനഗരമായ തൃശൂര്‍ വരെ...ബസ്സില്‍ നിന്നും ഇറങ്ങിയാല്‍ പിന്നെ കുറച്ച് നടക്കണം..ആ നടത്തം സന്തോഷം തിരികെ കൊണ്ട് വരും...ഒരു കയറ്റം കയറി ചെല്ലുമ്പോള്‍ പാടത്തിന്റെ അക്കരെ ദൂരെ ഇരിഞ്ഞാലക്കുട ടെലിഫോണ്‍ എക്സ്ചേഞ്ച് വളപ്പിലെ കൂറ്റന്‍ ടവര്‍ കാണാം..അത് കാണുമ്പോള്‍ കണ്ടിട്ടില്ലാത്ത ആ ദേശം കണ്ട ഒരു അനുഭൂതി...തിരിഞ്ഞു തിരിഞ്ഞ് നോക്കി നടക്കുമ്പോള്‍ മനസ്സ് പറയും..ഒരിക്കല്‍ ഞാന്‍ ആ നഗരത്തില്‍ പോകും...കാലം എത്ര മുന്നോട്ട് പോയാലും ഒരിക്കലും   മറക്കാനാകില്ല ആ യാത്രകള്‍..

ഇന്ന്...

          കാലം മാറി, കഥ മാറി, പ്രകൃതി മാറി,കാഴ്ചകളും, കാഴ്ചപ്പാടുകളും മാറി...എന്നാലും പഴയ ആ .ഓര്‍മ്മകള്‍ അത് മാറിയിട്ടില്ല..മനസ്സിലെ മണിച്ചെപ്പില്‍ സൂക്ഷിച്ച ആ ഓര്‍മ്മകള്‍ തിരിച്ചെടുക്കുമ്പോള്‍ വീണ്ടും ബാല്യത്തിലേക്ക്...ആ ഓര്‍മ്മകള്‍...അത് മരണം വരെ കൂടെയുണ്ടാകും...തിരക്ക് നിറഞ്ഞ ഈ ജീവിത പാച്ചിലില്‍ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും കുളിര്‍മ നല്‍കാന്‍...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ