2015, ജൂൺ 16, ചൊവ്വാഴ്ച

മാരിയപ്പന്‍....












"ഉന്‍ പേര് ചൊല്ലുമ്പോള് എന്‍ നെഞ്ചില്‍ കൊണ്ടാട്ടം...
ഉന്നോട് വാഴാത്താനെ ഉയിര്‍ പോകും പോരാട്ടം''


"എടാ പാണ്ടി നീയെന്ത് പകല്‍ കിനാവ്‌ കാണുന്നോ??" 

          അടുത്ത തെറി വിളിയ്ക്ക് മുമ്പേ മാരിയപ്പന്‍ സമോവരിന്റെ അടുത്ത്‌ ചായ അടിക്കാന്‍ തയ്യാറായി..പാട്ട് അപ്പോഴും ലോട്ടരിക്കാരന്റെ പാട്ടുപെട്ടി മൂളുന്നുണ്ടായിരുന്നു...

" .ഒരു മീറ്റര്‍ ചായ.."

        മുതലാളി പറയും മുമ്പേ മാരിയപ്പന്‍ പ്രവര്‍ത്തിച്ചു തുടങ്ങി..ഒരു യന്ത്രം പോലെ..
കുമളി ടൌണിലെ ചായകടയില്‍ ചായ അടിക്കാന്‍ വന്നു തുടങ്ങിയിട്ട് അഞ്ചു കൊല്ലമായി..ഇന്നും കട നടത്തുന്ന ആനവിലാസം വാസുദേവന് മാരിയപ്പന്‍ പാണ്ടിയാണ്...മനം പോലെ തെറി വിളിക്കാനും, മുല്ലപെരിയാര്‍ വിഷയം പറഞ്ഞു കടയില്‍ വരുന്നവരുടെ മുന്നില്‍ വെച്ച് അപമാനിക്കാനും, എത്ര നല്ല ചായ കൊടുത്താലും കുറവ് പറയാനും മാരിയപ്പന്‍ എന്ന ഉസിലംപെട്ടിക്കാരന്‍ തമിഴന്‍...കാലത്ത്‌ നാലു മണി മുതല്‍ സമോവരിന്റെ ചൂടും തട്ടി വൈകുന്നേരം പത്ത്‌ മണി വരെ മാരിയപ്പന്‍ ഒരു മീറ്റര്‍ ചായ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വിളമ്പുന്നു..കൃത്യമായി എണ്ണമില്ല...എന്നിട്ടും വാസുദേവന്റെ മുഖത്ത്‌ തൃപ്തി വരില്ല...നഷ്ട കണക്കുകള്‍, ശാപ വാക്കുകള്‍...എല്ലാം പാവം മാരിയപ്പന് മീതെ...

         ഉച്ച സമയത്ത്‌ മാരിയപ്പന്‍ കടയിലെ തിരക്ക്‌ കഴിയുമ്പോള്‍ ചാരുബെഞ്ചില്‍ തല ചായ്ച് ഒന്ന് ഉറങ്ങും..മുതലാളി തെറി വിളിച്ച് ഉണര്‍ത്തുന്നത് വരെ..അന്നത്തെ ഉറക്കത്തില്‍ അയാള്‍ ഒരു സ്വപനം കണ്ടു...

         "ഭാര്യ മുത്തഴകിയുടെ അടുത്ത്‌ കാര്‍വര്‍ണ്ണ നിറമുള്ള കുഞ്ഞു...അമ്മയുടെ ചൂടേറ്റ്, പാല്‍ നുകര്‍ന്ന്‍..പെട്ടെന്ന്‍ ഒരു കറുത്ത കൈകള്‍ ആ കുഞ്ഞിനെ മുത്തഴകിയില്‍ നിന്നും അടര്‍ത്തി മാറ്റി..ആ പിഞ്ചു വായിലേക്ക് അരളി ചെടിയുടെ പാല്‍ കറുത്ത കൈകള്‍ പകര്‍ന്നു...കുഞ്ഞു ഒരു വട്ടം തേങ്ങി കരഞ്ഞു പിന്നെ എന്നെന്നെക്കുമായി നിശബ്ദമായി...
മാരിയപ്പന്‍ ഉറക്കത്തില്‍ നിന്നും ചാടിയുണര്‍ന്നു...മുത്തഴകി പൂര്‍ണ്ണ ഗര്‍ഭിണിയാണ്..കഴിഞ്ഞ രണ്ടു വട്ടവും അവള്‍ പ്രസവിച്ചു..പെണ്‍കുഞ്ഞുങ്ങള്‍..ഒന്ന് കണ്ണ് തുരയ്ക്കും മുന്‍പ്‌ അരളി പാല്‍ നുകര്‍ന്ന്...കുടിലിന്റെ മുറ്റത്തെ വാക മരച്ചുവട്ടില്‍ കുഴി കുത്തി മറവ് ചെയ്യ്തു..

     അമ്മ ചിന്നത്തായ്‌ വാവിട്ട് കരഞ്ഞു...

"അയ്യോ ചാപിള്ള പോരന്തതപ്പാ"

     ചിന്നതായ്‌ കരയുമ്പോള്‍ അവരുടെ കൈകളില്‍ അരളി ചെടിയുടെ പാല്‍ പുരണ്ടിരുന്നു...അരളി ചെടിയുടെ പൂവിന്റെ വിഷമണം ഉണ്ടായിരുന്നു...മുറ്റത്തെ തുളസി ചെടിയുടെ കാട്ടിനുള്ളില്‍ പാല്‍ പിഴിഞ്ഞെടുത്ത അരളി പൂക്കള്‍...
       മരിയപ്പന്റെ ചിന്തയ്ക്ക് അവസാനമായി ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ ചായ ഓര്‍ഡര്‍ വന്നു...ഇരുട്ടായതും, വിളക്ക് തെളിഞ്ഞതും അയാള്‍ അറിഞ്ഞില്ല...അയാളുടെ മുന്നില്‍ അയാളുടെ സൂര്യന്‍ സമോവരിന്റെ രൂപത്തില്‍ കത്തി ജ്വലിച്ചു നിന്നു..ചായ കട അടയും വരെ...അയാള്‍ വാസുദേവന്‍നായരുടെ മുന്നില്‍ തല ചൊരിഞ്ഞു നിന്നു..

"എന്നാടാ പാണ്ടി..??"

"സേട്ടാ...ഊരുക്ക്‌ പോണം.പോണ്ടാട്ടിയ്ക്ക്
...

       പറഞ്ഞു തീരും മുമ്പേ കുറച്ച് മുഴിഞ്ഞ നോട്ടുകള്‍ സമ്മതമി നീട്ടി നായര്‍ സമ്മതം മൂളി..ഒപ്പം ഒരു താക്കീതും...

"ഞായര്‍ കളം കാലത്ത്‌ വന്നില്ലങ്കില്‍ ചായ അടിക്കാന്‍ ഞാന്‍ വേറെ ആളെ നോക്കും.."

        വരുമെന്ന ഉറപ്പ്‌ നല്‍കി മാരിയപ്പന്‍ സഞ്ചിയുമെടുത്ത് കുമളി ബസ്സ്‌ സ്ടാന്റിലെക്ക് ഓടി..കുമളിയില്‍ നിന്നും കമ്പം വരെ പോകുന്ന അവസാനത്തെ ബസ്സ്‌ അവനെ കാത്ത് കിടയ്ക്കുന്നു..ബസ്സില്‍ യാത്രക്കാര്‍ കുറവ്‌..ഒരു സീറ്റില്‍ ഇരുന്നു മാരിയപ്പന്‍ തുണ്ട് എടുത്ത്‌ തല വരെ മൂടി പുതച്ചു..മുന്‍ സീറ്റില്‍ ഒരു കുടുംബം..അച്ഛനും, അമ്മയും ഒരു കൊച്ചു കുട്ടിയും...കുട്ടി മാരിയപ്പന് നേരെ മോണ കാണിച്ച് ചിരിച്ചു.മാരിയപ്പന്റെ ഉള്ളിയെന്റെ ഉള്ളിലെ പിതൃത്വം ഉണരാന്‍ തുടങ്ങി..ഒന്ന് ലാളിച്ചതും കുട്ടിയുടെ പിതാവ്‌ രൂക്ഷമായി തിരിഞ്ഞു നോക്കി..താക്കീത്‌ പോലെ..അയാള്‍ ശബ്ദം താഴ്ത്തി ഭാര്യയ്ക്ക്‌ നിര്‍ദ്ദേശം നല്‍കി...

"കൊച്ചിന്റെ മാലേം, നിന്റെ മാലേം സൂക്ഷിച്ചോ...ഇവനൊക്കെ ഏതു തരമാന്നു ആര്‍ക്കു അറിയാം.."

         അത് കേട്ടതോടെ മാരിയപ്പന്‍ പിന്നെ അവിടേക്ക് നോക്കിയില്ല..ഏതു മലയാളിയും കറുത്ത തമിഴന് നേരെ എവിടെയും ഉന്നയിക്കുന്ന ഒരു സംശയം..അയാള്‍ പിന്നെ ആകാശം നോക്കിയിരുന്നു..മുന്തിരി തോപ്പുകള്‍ നോക്കിയിരുന്നു...മുല്ല പെരിയാറില്‍ നിന്നും കമ്പം വരെ നീളുന്ന പെരുംബാബിനെ പോലെ തിളങ്ങുന്ന പെന്‍സ്ടോക്ക് പൈപ്പുകള്‍ നോക്കിയിരുന്നു..പിന്നെ മുത്തഴകിയെ ഓര്‍ത്തിരുന്നു...ജന്മം കിട്ടിയിട്ടും വാക മര ചുവട്ടില്‍ മറവ്‌ ചെയ്യ പെട്ട പെണ്‍കുഞ്ഞുങ്ങളെ ഓര്‍ത്തിരുന്നു...അങ്ങിനെ എത്രയെത്ര പെണ്‍കുട്ടികള്‍ ഉസിലം പെട്ടിയില്‍ ജീവഹാനി നേരിട്ടിരിക്കുന്നു..ചിന്നതായിയെ പോലെ എത്ര കറുത്ത കൈകള്‍ അരളി പൂ നുള്ളി എടുക്കാന്‍ കാട്ടിലേക്ക്‌...
          ഉസിലം പെട്ടിയില്‍ ബസ്സ്‌ ഇറങ്ങി ഗ്രാമമായ നയ്കരന്പെട്ടി വരെ നടയ്ക്കുമ്പോള്‍ മരിയപ്പനില്‍ നിറഞ്ഞത് ഇനിയും പുറത്ത്‌ കാണിക്കാന്‍ കഴിയാതെ പോയ പിതൃ ഭാവമായിരുന്നു..അയാള്‍ക്ക് ചിന്നതായിയെ ഭയമാണ്..മാരിയപ്പന്‍ ചിന്നതായിയുടെ എട്ടാമത്തെ പ്രസവത്തില്‍ ജനിച്ച മകന്‍ ആണ്..അവനു മുന്നില്‍ ജനിച്ച ഏഴു പെണ്കുഞ്ഞുങ്ങളും അരളി പൂവിന്റെ രുചി അറിഞ്ഞു പിറന്നു വീണ ഉടന്‍ നിശബ്ദമായവര്‍...വീട് എത്താന്‍ തുടങ്ങുമ്പോള്‍ മരിയപ്പന്റെ പിതൃ ഹൃദയം പിടച്ചു..പ്രാര്‍ത്ഥിച്ചു...പെണ്കുഞ്ഞായാലും വളര്‍ത്താന്‍ മോഹിച്ചു..

            കുടിലിന്റെ പടിയെത്തിയപ്പോള്‍ ഒരു നേര്‍ത്ത നിലവിളി കേട്ടു..മുറ്റത്ത്‌ തെളിയുന്ന മൂട്ട വിളക്കിന്റെ പ്രകാശത്തില്‍ വാക മര ചുവട്ടില്‍ ഇളകിയ പുതു മണ്ണ്.അകത്ത്‌ ഇരുട്ടില്‍ തളര്‍ന്നു ഉറങ്ങുന്ന ചിന്നതായി..വെളുത്ത തൊട്ടിലില്‍ ഒരു കുഞ്ഞ്..അത് വരെ വേദനിച്ച എല്ലാ നിമിഷവും മറന്ന്‍ മാരിയപ്പന്‍ കുഞ്ഞിനെ നോക്കി..ഇരുളില്‍ നിന്നും കറുത്ത പ്രേതം പോലെ ചിന്നതായി...അവനെ കണ്ടതും ചിന്നതായ്‌ അലമുറയിട്ടു എഴുന്നേറ്റു..

"ആണ്‍കുലന്തായ് പോരന്തത് അയ്യാ...അനാ..മുത്തഴകി...

         ചിന്നതായ്‌ മരിയപ്പനെ കരഞ്ഞു കൊണ്ട് ചേര്‍ത്ത്‌ പിടിച്ചപ്പോള്‍ അയാള്‍ വാകമര ചുവട്ടിലെ ഇളകിയ മണ്ണ്‍ നോക്കി ആര്‍ത്ത് കരഞ്ഞ് നിലത്ത് വീണു. ആ കരച്ചിലിനോപ്പം അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്‍റെ ദീന രോദനവും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ