2015, ജൂൺ 16, ചൊവ്വാഴ്ച

ഞാന്‍ ദേ.പാ..17"




         "ഞാന്‍ എന്‍.എച്ച്.പതിനേഴ്‌".ഇടപ്പള്ളിയില്‍ തുടങ്ങി പല്‍വേല്‍ വരെ 1296 കിലോമീറ്റര്‍ നീളത്തില്‍ കേരള തീരത്തിനും, കൊങ്കണ്‍ തീരത്തിനും സമാന്തരമായി കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഏഴാമത്തെ ദേശീയ പാത..ഞാന്‍ കടന്നു പോകുന്ന കേരളം, കര്‍ണാടക,ഗോവ,മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ എനിക്കുള്ള സ്ഥാനം വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്..ഒരു പാട് പ്രസിദ്ധമായ സ്ഥലങ്ങള്‍, കുറേ നദികള്‍, കടന്ന്‍ ഞാന്‍ ഈ യാത്ര തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ ഏറെയായി..എന്‍റെ പേര് മാറ്റി എന്‍.എച്ച്. 66 എന്നാക്കി..പക്ഷെ ഇന്നും ചിലയിടത്ത് ഞാന്‍ എന്ന് പിറന്നുവോ അന്നുള്ള അതെ ബാലാരിഷ്ടതകള്‍...നമുക്ക് കേരളത്തില്‍ നിന്നും തന്നെ തുടങ്ങാം..ഒരു യാത്ര ആയാലോ...നിങ്ങള്‍ എന്റെ നെഞ്ചിലൂടെ ഒരു വാഹനത്തില്‍..തുടക്കം ഇടപ്പള്ളിയില്‍ നിന്നും തന്നെ ആകട്ടെ...

          ഈ അടുത്ത കാലത്താണ് ഇടപ്പള്ളിയില്‍ എനിക്ക് ശാപമോക്ഷം കിട്ടിയത്..അതിനു കാരണം വരാപുഴ പാലം തന്നെ...കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നിങ്ങള്‍ ഇടപ്പള്ളിയില്‍ നിന്നും തിങ്ങി ഞെരുങ്ങിയ ഒരു വഴിയിലൂടെ റെയില്‍വേ ഗെറ്റ് തുറന്നു കിട്ടും വരെ കാത്ത് നിന്ന് പൊട്ടി പൊളിഞ്ഞ എന്‍റെ മാറിലൂടെ ചേരാനെല്ലൂര്‍ എത്തുമ്പോള്‍ പുഴ പെരിയാറിന്റെ കൈവഴിയായി നിങ്ങളെ സ്വാഗതം ചെയ്യും...അവിടെ യാത്ര അവസാനിക്കും..പിന്നെ ജംഗാര്‍ കാത്ത് നില്‍ക്കണം..ഇന്ന് പാലം വന്നതോടെ നിങ്ങള്‍ക്ക് ഇടപ്പള്ളിയില്‍ നിന്നും പത്ത് മിനുട്ടില്‍ വരാപ്പുഴ എത്താം...പിന്നെ അവിടെ നിന്ന് എന്‍റെ യാത്ര...എന്‍റെ ഏറ്റവും ബാല്യമായ അവസ്ഥയിലൂടെ..തിങ്ങിനിറഞ്ഞ, വളഞ്ഞു പുളഞ്ഞ റോഡിലൂടെ പറവൂര്‍ നഗരത്തിന്‍റെ തിരക്കിലൂടെ, മൂത്തകുന്നം വരെ ഏറ്റവും ദുരിതം നിറഞ്ഞ ഒരു യാത്ര..നിങ്ങള്‍ക്ക് കാണാം നാലു വരി പാത പണിയാന്‍ സ്ഥലം ഏറ്റെടുത്ത് കാടു പിടിച്ച് കിടക്കുന്നത്...ഈ കാഴ്ച തുടങ്ങിയിട്ട് വര്‍ഷം കുറേ ആയി..ഒരു മണിക്കൂര്‍ കൊണ്ട് വെറും ഇരുപത്തി നാല് കിലോമീറ്റര്‍ നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍..


         മൂത്തകുന്നം മുതല്‍ പിന്നെ ഒന്ന് ശ്വാസം വിടാം..രണ്ട്‌ പാലങ്ങള്‍, കൊടുങ്ങല്ലൂര്‍ നഗരം ഒഴിവാക്കി പുതിയ ബൈപാസ്..നാലുവരിപ്പാത..എങ്കിലും അപകടം ഒളിച്ചിരിക്കുന്നു..അതിന്‍റെ പ്രധാന കാരണം എന്‍റെ വരാപ്പുഴ മുതല്‍ മൂത്തകുന്നം വരെ ഉള്ള ഇടുങ്ങിയ പാത തന്നെ..പെട്ടന്ന് മുന്നില്‍ നല്ല നാലു വരി പാത കാണുമ്പോള്‍ വേഗത കൂടും..കൊടുങ്ങല്ലൂര്‍ നിന്നും ചേറ്റുവ വരെ എന്‍റെ അവസ്ഥ തമ്മില്‍ ഭേദം..എങ്കിലും ഇനിയും നിവര്‍ത്താന്‍ കഴിയാത്ത മൂന്ന്‍ വളവുകള്‍..ആല,എസ്.എന്‍.പുരം, പാലപെട്ടി..വളര്‍ന്നു വരുന്ന പട്ടണങ്ങള്‍ താണ്ടി ചേറ്റുവ പാലം കടന്ന്‍ ചാവക്കാട് വരെ വീണ്ടും ദുരിതം..ചാവക്കാട് നിന്ന്‍ വെട്ടി തിരിഞ്ഞ് വീണ്ടും തീരദേശത്തിലൂടെ മലപ്പുറം ജില്ലയിലേക്ക്..

         എന്തോ ചാവക്കാട് നിന്നും പുതുപൊന്നാനി വരെ വീണ്ടും നല്ല പാത..എന്നാല്‍ എല്ലാ പ്രതീക്ഷയും തകരുന്ന പൊന്നാനി ചമ്രവട്ടം...ഇവിടെ എത്തുമ്പോള്‍ ഞാന്‍ വെറും ഭൂപടത്തില്‍ ഒതുങ്ങി തീരുന്നു..താത്കാലികമായി ഒരു അര്‍ദ്ധവിരാമം..കാലം ഒത്തിരി കഴിഞ്ഞിട്ടും, പലരും മാറി മാറി ഭരിച്ചിട്ടും, എന്‍റെ വികസനത്തിനുള്ള പങ്ക് വീതം വെച്ച് പോക്കറ്റില്‍ തിരുകിയിട്ടും ഒന്നും സംഭവിക്കാത്ത ഒരു ദുരവസ്ഥ...സ്ഥലം ഉണ്ടായിട്ടും വര്‍ഷങ്ങള്‍ക്ക് മുമ്പ് പണി തീര്‍ക്കാന്‍ സാധിക്കുമായിരുന്ന 13 കിലോമീറ്റര്‍ പാത ഇവിടെ സാങ്കല്പികം മാത്രം...
           നിങ്ങള്‍ ചമ്രവട്ടം വഴിയോ, എടപ്പാള്‍ വഴിയോ എങ്ങിനെയെങ്കിലും കുറ്റിപ്പുറം പാലത്തിനു സമീപം എത്തുക..അവിടെ കാണാം ജരാനര ഭവിച്ച റോഡിന്റെ അവസാനമെന്നെ പോലെ ഏറ്റെടുത്ത സ്ഥലങ്ങള്‍..അവിടെ നിന്നും അന്ന് പറിച്ച് എറിയപെട്ട ജീവിതങ്ങളുടെ കണ്ണീര്‍ ചാലുകള്‍ പോലെ നിളയിലെ നേരത്ത നീര്‍ ചാലുകള്‍..കുറ്റിപ്പുറം മുതല്‍ വീണ്ടും എനിക്ക് ഒരു രാജ്യപതയുടെ സാമാന്യ നിലവാരം കൈ വരുന്നു..എങ്കിലും ചിലയിടങ്ങള്‍...ഇനിയും മാറാതെ..റോഡിന്റെ ഇരു വശവും ഭാവിയില്‍ വരാന്‍ പോകുന്ന ചുങ്ക പാതയ്ക്ക് എതിരെയുള്ള സമരത്തിന്‍റെ മുന്നറിയിപ്പുകള്‍...


           എന്തായാലും യൂണിവേഴ്സിറ്റി കുന്നും കയറി രാമനാട്ടുകരയില്‍ നിന്നും വീണ്ടും തൊണ്ടയാട് ബൈപ്പാസ് വഴി ഒന്ന് കത്തി മിന്നിച്ച് പോകാം..ആ അഹങ്കാരം തീരും..ഒരു ത്രിശങ്കു പോലെ കോഴിക്കോട് ബൈപ്പാസ് അവസാനിച്ച് വീണ്ടും നഗരത്തിന്റെ തിരക്കിലേക്ക്..ആ തിരക്ക് പിന്നിടാന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ വേണം..കൊയിലാണ്ടി വരെ ഉന്തിയും തള്ളിയും പോകാം..പിന്നീട് എന്റെ ഏറ്റവും നിലവാരമുള്ള റോഡ്‌ കാണാം..റെയില്‍വേ ലൈയിനിനു സമാന്തരമായി വടകര താണ്ടി അങ്ങ് മയ്യഴി അതിര്‍ത്തി വരെ..ഞാന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു..ആ സൗന്ദര്യം മാഹി എത്തുമ്പോള്‍ അവസാനിക്കും..മദ്യം മണക്കുന്ന ഇടുങ്ങിയ തെരുവുകള്‍ കടന്നു മാഹി പാലം മുറിച്ച് കടന്ന്‍ തലശ്ശേരിയുടെ പഴയ പണ്ടകശാല തെരുവിലേക്ക്..തിക്കും തിരക്കും നിറഞ്ഞ ആ അഞ്ച് കിലോമീറ്റര്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാറ്റി വെക്കുക.

         .പണ്ട് കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ നീളുന്ന ഈ ദേ.പാ..ഒരു ദുരിത പാത തന്നെ ആയിരുന്നു..ഏഴ് റെയില്‍വേ ക്രോസിങ്ങുകള്‍..ഇന്നതെല്ലാം ഓവര്‍ ബ്രിട്ജുകള്‍ ആയി..എന്നാലും എന്റെ ദുരിതം തീരുന്നില്ല..കണ്ണൂര്‍ താഴെ ചൊവ്വ മുതല്‍ എനിക്ക് വീണ്ടും ശനിദശ...തിരക്ക് പിടിച്ച നഗരം..ബഹളങ്ങള്‍..ഇവയെ മറി കടന്ന് മുന്നോട്ട് പോകാന്‍ ഇനിയും മണിക്കൂറുകള്‍ വേണം...ഒരു രാഷ്ടീയ അസ്ഥിരത മതി ആ യാത്ര അവസാനിപ്പിക്കാന്‍..കണ്ണൂര്‍ നിന്നും വീണ്ടും എനിക്ക് നിലവാരം കൈവരുന്നു..തളിപറമ്പ, പയ്യന്നൂര്‍, കാഞ്ഞങ്ങാട്..ഇതെല്ലം മറികടന്നു..വിജനമായ കുന്നും മേടും താണ്ടി കാസര്‍ഗോഡ്‌ എത്താന്‍ തൊണ്ണൂറു മിനുട്ട് അധികം..അത്രയ്ക്കും നല്ല നിലവാരം ആ 100 കിലോമീറ്റര്‍ പാതയില്‍ എനിക്ക് ഉണ്ട്....
          കാസര്‍ഗോഡ്‌ നിന്നും തലപ്പാടി വരെ വീണ്ടും ഞാന്‍ നല്ല പാതയായി മാറുന്നു..കുംബളയും,ഉപ്പളയും കടന്ന്‍ തലപ്പാടി...പിന്നീട് അവിടെ നിന്നും മംഗലാപുരം, ഉടുപ്പി,കുന്താപുര,ബട്കള്‍, താണ്ടി മുംബൈ വരെ..എന്‍റെ ദുഃഖം കേരളത്തില്‍ മാത്രമാണ്..ഒരു സംസ്ഥാനത്തിന്റെ പകുതിയില്‍ കൂടുതല്‍ പ്രദേശത്ത് വ്യാപിച്ച് കിടന്നിട്ടും ഞാന്‍ ഇന്നും ബാലാരിഷ്ടതയില്‍...

         ഇടപ്പള്ളിയില്‍ നിന്നും തലപ്പാടി വരെ നിങ്ങള്‍ക്ക് എന്നെ ആശ്രയിച്ച് എത്തിച്ചേരാന്‍ 10 മണികൂര്‍ സമയം വേണം..മൂന്ന്‍ വലിയ മെട്രോ നഗരങ്ങള്‍, പതിനാല് മുന്‍സിപ്പല്‍ ടൌണുകള്‍, ഒട്ടനവധി നിയോജക മണ്ഡലങ്ങള്‍, ഇതെല്ലാം ഞാന്‍ കടന്നു പോകുന്ന പാതയില്‍ ഉണ്ടായിട്ടും ഇന്നും ഞാന്‍ പണ്ടത്തെ ചങ്കരന്‍...ഓരോ ദിനവും എന്നിലൂടെ ചീറി പായുന്ന വാഹനങ്ങള്‍ കൂടി വരുന്നു...ഓരോ അഞ്ച് വര്‍ഷത്തിലും ഇരട്ടിയാകുന്നു..നിങ്ങള്‍ തിരഞ്ഞെടുത്ത മഹാന്മാര്‍ ഒന്ന് വിചാരിച്ചാല്‍ എന്ന് തീര്‍ക്കാമായിരുന്നു എന്‍റെ വികസനം..ഇടുങ്ങിയ തെരുവില്‍ ഓരോ ദിനവും നഷ്ടപെടുന്ന ജീവനുകള്‍ക്ക് ആര് വില നല്കുന്നു..തിരഞ്ഞെടുത്ത മാന്യന്മാര്‍ എന്‍റെ പേര് പറഞ്ഞു സ്വന്തം പോക്കറ്റില്‍ നിറച്ച തുക മതിയായിരുന്നു എന്റെ ജാതകം തിരുത്താന്‍..മുപ്പത് വര്‍ഷം വിചാരിച്ചിട്ട് സാധിക്കാത്ത കാര്യം ഇനി സാധിക്കുമെന്ന് കണ്ടറിയണം..."എക്സ്പ്രസ് ഹൈവേ, തെക്ക് വടക്ക് അതിവേഗപാത..എന്തെല്ലാം കേട്ടു കഴിഞ്ഞ കാലങ്ങളില്‍....സാധ്യത പഠനം, വിശദമായി പഠിക്കല്‍...ഇതെല്ലാം നിങ്ങള്‍ പാവങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തന്ത്രങ്ങള്‍ മാത്രം, തിരിച്ചറിയുക....ഇനി ഒരിക്കലും വികസിക്കാന്‍ കഴിയാതെ പോകുന്ന ഹതഭാഗ്യപാതയുടെ വേദന മാത്രം...ഒരിക്കല്‍ നിങ്ങള്‍ക്ക് റോഡിലൂടെ എന്നെ ആശ്രയിച്ച് മംഗലാപുരം വരെ യാത്ര ചെയ്യാന്‍ ഒരു ദിവസം ചിലവാകുന്ന കാലം വിദൂരമല്ല.

1 അഭിപ്രായം: