2015, ജൂൺ 16, ചൊവ്വാഴ്ച

നീതിദേവതയുടെ കണ്ണില്‍..



         "വഴി വിട്ട ജീവിതം നയിച്ച ആ പെണ്‍കുട്ടി എന്റെ കക്ഷിയെ ആളൊഴിഞ്ഞ കംബാര്‍ട്ട്മെന്റില്‍ വെച്ച് അനാശാസ്യ ബന്ധത്തിന് ക്ഷണിയ്ക്കുകയും ഉഭയകക്ഷി സമ്മതത്തോടെ........ഇതായിരുന്നു അന്ന് സംഭവിച്ചത്..യുവര്‍ ഓണര്‍.."
                    കോടതി പോലും ഞെട്ടി തെറിച്ച വാക്കുകള്‍..ഒരു തരി കരുണ പോലും കാണിക്കാതെ ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് മരണത്തോടു മല്ലിടുമ്പോള്‍ കാമാസുഖം കണ്ടെത്തിയ ഒരു കൊടും ക്രൂരനെ അനുകൂലിച്ച് പ്രസിദ്ധനായ ക്രിമിനല്‍ വക്കീല്‍ നടത്തിയ വാദ മുഖങ്ങള്‍...അയാള്‍ പിന്നെയും പ്രതിയുടെ രക്ഷയ്ക്ക് വേണ്ടി കെട്ടുകഥകള്‍ മെനഞ്ഞു...മരിച്ച പെണ്‍കുട്ടിയെ ചുരുങ്ങിയ സമയം കൊണ്ട് കൃത്രിമ തെളിവുകള്‍ നിരത്തി ഒരു മോശം പെണ്‍കുട്ടിയായി ചിത്രീകരിച്ചു...പ്രതി ഒറ്റ കയ്യന്‍ ഒരു സാധുവാണെന്ന് വരുത്താന്‍ ശ്രമിച്ചു..ലക്ഷങ്ങള്‍ മാത്രം പ്രതിഫലം വാങ്ങുന്ന പ്രസിദ്ധനായ വക്കീല്‍...നിരവധി കുറ്റവാളികളെ വാക്കുകള്‍ കൊണ്ട് നിഷ്പ്രയാസം നിരപരാധിയാക്കിയും , നേരെ തിരിച്ചും നിരപരാധികളെ കുറ്റവാളികള്‍ ആക്കി മാറ്റുന്ന  വക്കീല്‍..

                      കോടതിയില്‍ നിന്നും അന്നത്തെ വാദം കഴിഞ്ഞ് വക്കീല്‍ അതിസന്തോഷതോടെ പുറത്തേക്ക് വരുമ്പോള്‍ ആ അമ്മ മുന്നില്‍ വന്നു നിന്നു..ആ കണ്ണില്‍ നിന്നും ഉരുണ്ട് വീണ കണ്ണുനീര്‍ത്തുള്ളികള്‍ ചേര്‍ത്ത് അവര്‍ വേദനയോടെ പറഞ്ഞു...

        "എന്റെ മകള്‍ എത്ര പരിശുദ്ധയായിരുന്നു....മരിച്ചു പോയ അവളെ കുറിച്ച് ഇത്ര അപവാദങ്ങള്‍ ഉണ്ടാക്കിയ നിങ്ങള്‍ക്കും ഇല്ലേ മക്കള്‍??"

                      അയാള്‍ക്ക് ആ വാക്കുകളും, ജനങ്ങളുടെ പ്രതിക്ഷേധവും ഒരു തടസ്സമായില്ല..പണം അത് മാത്രം ലക്‌ഷ്യം..അതിനു വേണ്ടി കറുത്ത കൊട്ട് ധരിച്ച് എന്തും വിളിച്ച് പറയും..."ആടിനെ പട്ടിയാക്കുന്ന വക്കീല്‍"....ജനം മുഴുവന്‍ എതിര് നിന്നിട്ടും പണം മാത്രം ലക്ഷ്യമാക്കി വക്കീല്‍ വക്കാലത്തുകള്‍ ഏറ്റെടുത്തു..നീതി ദേവതയുടെ മുഖം മറച്ച് നിയമപുസ്തക താളിലെ വാക്യങ്ങള്‍ മറന്ന് അയാള്‍ സൃഷ്ടിച്ച ഒരു വ്യവസ്ഥ...കോടതിയില്‍ വീണ കണ്ണീര്‍ മഴയുടെ മറ്റൊരു ഇരയായിരുന്നു ആ പെണ്‍കുട്ടി....

വര്‍ഷങ്ങള്‍ക്ക് ശേഷം....

         "ഒരേ സമയം പല പുരുഷന്മാരുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു യുവര്‍ ഓണര്‍.." അതിന്റെ തെളിവുകള്‍ ഇതാ സമര്‍പ്പിക്കുന്നു.."

                     ഭാര്യയുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളികള്‍ ഭര്‍ത്താവിനു സന്തോഷം പകര്‍ന്നു..അവളെ ഒഴിവാക്കാന്‍ തനിക്ക് ലഭിച്ച അവസരത്തിനേയും, അതിനു വേണ്ടി കള്ള സാക്ഷ്യങ്ങള്‍ തീര്‍ത്ത യുവാവായ വക്കീലിനേയും അയാള്‍ മനസ്സാല്‍ സ്തുതിച്ചു...പിന്നെയും അയാളുടെ വക്കീല്‍ ഭാര്യയെ കോടതി മുറിയില്‍ വെച്ച് വാദമുഖം നിരത്തി പിച്ചി ചീന്തുമ്പോള്‍ അയാള്‍ കോടതി ബെഞ്ചിലെ മുന്‍ നിരയില്‍ ഇരിക്കുന്ന അവളുടെ അച്ചനെ നോക്കി..വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കോടതിയില്‍ പലരെയും പിച്ചി ചീന്തിയ പഴയ വക്കീല്‍ സിംഹം..ഇന്ന് ഇതാ തല കുനിച്ചിരിക്കുന്നു...കരയുന്നു..ഇടയ്ക്ക് വക്കീല്‍ സിംഹം ഒന്ന് തല ഉയര്‍ത്തി...നീതി ദേവതയെ നോക്കി..കോടതിയുടെ ജനല്‍ പാളിയിലൂടെ അകലെ കാണുന്ന ക്ഷേത്രം നോക്കി..അയാളുടെ അടുത്ത് ഇരിക്കുന്ന കൊച്ചു മക്കളെ നോക്കി..പിന്നെ പ്രതി കൂട്ടില്‍ തകര്‍ന്ന്‍ നില്‍ക്കുന്ന സ്വന്തം മകളെ നോക്കി..അവളെ വാക്കുകള്‍ കൊണ്ട് പിച്ചി ചീന്തുന്ന പുതിയ ചെറുപ്പക്കാരന്‍ വക്കീലിനെ നോക്കി..സംതൃപ്തിയോടെ ഇരിക്കുന്ന മകളുടെ ഭര്‍ത്താവിനെ നോക്കി..ഒടുവില്‍ അയാള്‍ക്ക് തോന്നി...കോടതിയില്‍ മുഴുവന്‍ നീതി കിട്ടാതെ പോയ, തന്റെ കുബുദ്ധിയില്‍ ജീവിതം നഷ്‌ടമായ രൂപങ്ങള്‍...അവര്‍ അയാളെ നോക്കി ആര്‍ത്ത് ചിരിച്ചു...അവര്‍ക്കിടയില്‍ അയാള്‍ കണ്ടു..ഭര്‍ത്താവിനാല്‍ തേജോവധം ചെയ്യപ്പെടുന്ന തന്‍റെ മകളും...തന്‍റെ വാദമുഖങ്ങള്‍ കൊണ്ട് നീതി ക്ട്ടാതെ പോയവര്‍..നീതി ദേവത കണ്ണ്‍ തുറന്ന്‍ നോക്കുന്നു..എല്ലാവരും ചിരിക്കുന്നു....അവര്‍ക്കിടയില്‍ മകള്‍ മാത്രം പൊട്ടി കരയുന്നു..ഇടയ്ക്ക് ഒരു അമ്മയുടെ രോദനം..

                     അയാളുടെ കണ്ണില്‍ ഉരുണ്ട് കൂടിയ കണ്ണ് നീര്‍ തുള്ളികള്‍ക്കൊപ്പം ഒരു അശരീരി ആ വയോ വൃദ്ധന്റെ ചെവിയില്‍ മുഴങ്ങി...

            "മരിച്ചു പോയ എന്‍റെ മകളെ കുറിച്ച് അപവാദങ്ങള്‍ ഉണ്ടാക്കിയ നിങ്ങള്‍ക്കുമില്ലേ മക്കള്‍??

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍,,

1 അഭിപ്രായം: