2015, ജൂൺ 10, ബുധനാഴ്‌ച

""തൂവാനത്തുമ്പിയെ തേടി. ""
















                കുറേ നാളുകള്‍ക്ക് ശേഷം അന്നാണ് അയാളെ ടൗണില്‍ കണ്ടത്...വടക്കേ ബസ്സ്‌ സ്റ്റാന്‍ഡില്‍ ദേവമാത ബസ്സില്‍ വന്നിറങ്ങി..സ്വരാജ് റൗണ്ട് മുറിച്ച് കടന്ന്‍ തേക്കിന്‍കാട്‌ മൈതാനം വഴി, വടക്ക് നാഥന്‍ സന്നിധിയിലൂടെ കാസിനോ ബാര്‍ ലക്ഷ്യമാക്കി കൊടും ചൂടിനെ വക വയ്ക്കാതെ അയാള്‍...പലരും അയാളെ തിരിച്ചറിഞ്ഞു...വിശേഷം ചോദിച്ചു...എല്ലാം വരണ്ട ചിരിയില്‍ ഒതുക്കി മണ്ണാറതൊടി ജയകൃഷണന്‍ നടന്നു നീങ്ങി..അയാളുടെ ലക്ഷ്യം കാസിനോ മാത്രമായിരുന്നു..
             നരച്ച തലമുടിയും, താടിയും, മീശയും, പ്രതീക്ഷയാര്‍ന്ന കണ്ണുകള്‍, വാഴ കറ പുരണ്ട മുണ്ട്, മുഴിഞ്ഞ ജുബ്ബ, കയ്യില്‍ ഒരു അവയവം പോലെ കൊണ്ട് നടക്കുന്ന സഞ്ചി, തുന്നി കെട്ടി വാര്‍ പൊട്ടാറായ ചെരിപ്പ്..പതിറ്റാണ്ട് മുന്‍പ് പണം കൊണ്ട് നഗരത്തില്‍ നിശാ വിപ്ലവം സൃഷ്ടിച്ച അതേ മണ്ണാറതൊടി ജയകൃഷ്ണന്‍..അയാളുടെ ചലനങ്ങള്‍ക്ക് മറ്റുള്ളവരില്‍ ഒരു വേദനയുടെ താളം സൃഷ്ടിക്കുന്നത് പോലെ..
           കുറുപ്പം റോഡ്‌ മുറിച്ച് കടക്കുമ്പോള്‍ അയാള്‍ക്ക് മുന്നില്‍ ഒരു കാര്‍ വന്നു നിന്നു..കാറിന്‍റെ ഡോര്‍ തുറന്ന് ഒരു നിറഞ്ഞ ചിരിയും,സമ്പന്നത നിഴലിക്കുന്ന ചലനങ്ങളുമായി ഋഷി.
                                                           "വാടോ...വന്ന്‍ കാറില്‍ കേറ്"

          ജയകൃഷ്ണന്‍ ഒന്നും തിരിച്ച് പറയാതെ കാറില്‍ കയറി..ഋഷി അയാളെ തന്നെ നോക്കി..കാര്‍ മുന്നോട്ട് പോകുമ്പോഴും...ഇടയില്‍ കനത്ത് വന്ന മൗനം..പരസ്പരം ഒന്നും മിണ്ടിയില്ല..ജയകൃഷ്ണന്‍ എന്ത് മനസ്സില്‍ കണ്ടോ അത് പോലെ ഋഷിയുടെ കാര്‍ കാസിനോ ബാറിനു മുന്നില്‍ വന്നു നിന്നു...

                                                           "നമുക്ക് ഓരോ നാരങ്ങ വെള്ളം കാച്ചിയാലോ...ഉപ്പിട്ട നാരങ്ങാ  വെള്ളം എന്തേയ്?"

        ഋഷിയുടെ ചോദ്യത്തിനു ഒരു മൂളല്‍ ആയിരുന്നു മറുപടി..അകത്ത് കയറുമ്പോള്‍ ആ മുറിയിലെ തണുപ്പ് ചുട്ടു പൊള്ളുന്നത് പോലെ ജയകൃഷ്ണന് തോന്നി..ദശകങ്ങള്‍ക്കു മുന്‍പ് ആഘോഷങ്ങള്‍ സൃഷ്ടിച്ച അതേ മങ്ങിയ വെളിച്ചം..ബാറിലേക്ക്  ചെല്ലുമ്പോള്‍ ഡേവിഡേട്ടന്‍  കണ്ണട ഉയര്‍ത്തി പ്രായമായ കണ്ണുകള്‍ കൊണ്ട് അകെ നോക്കി..ഒരു അമ്പരപ്പ്...ഒരു വേദന..എല്ലാം കടിച്ചമര്‍ത്തി അയാള്‍ രണ്ട്‌ തണുത്ത ബിയര്‍ ടേബിളില്‍ വെച്ച് കണ്ണുകള്‍ തുടച്ച് പറഞ്ഞു...

                                                           "കിംഗ്‌ ഫിഷര്‍...നല്ല ചില്ടാ.."

          ഋഷി പൊട്ടിച്ച് ഗ്ലാസില്‍ പകര്‍ത്തിയ ബിയര്‍ കഴിക്കാന്‍ അയാള്‍ ഒന്ന് മടിച്ചു.അറച്ച് നില്‍ക്കുന്ന ഏതോ ഓര്‍മ്മകള്‍ മുന്നില്‍ വന്നു വേട്ടയാടുന്നു.അതില്‍ നിന്നും പിടിയയച്ചു വര്‍ത്തമാനത്തിലേക്ക് തിരിച്ച്  വന്നു  ഒരു ഉള്‍പ്രേരണ പോലെ ഗ്ലാസ്സെടുത്ത് ഒറ്റ വലിക്ക് അകത്താക്കി..ഡേവിഡേട്ടന്‍ അച്ചാര്‍ നിറച്ച പാത്രം മുന്നിലേക്ക് നീട്ടി പതുക്കെ പറഞ്ഞു..

                                                            "ഇന്ന് വരൂന്ന്‍ ..ഒറപ്പായിട്ടും ..ന്‍റെ മനസ്സ് പറഞ്ഞൂ.." ഇന്ന് വന്നില്ലങ്കി പിന്നെ എന്നാ ഒന്ന്‍  കാണാന്..എന്തൂട്ടാ ചെയ്യാ...ഇന്ന് രാത്രി ഇതിനു താഴ് വീഴും...എന്തെല്ലാം കണ്ട മുറിയാ..."

       ഋഷി അത്രയും നേരം അവര്‍ക്കിടയില്‍ കനത്ത മൗനം ഭേദിച്ചു..

                                                              "ഇതെന്തൂട്ട് കോലാണ് ചങ്ങായി..ഒരു മായിരി പ്രാന്തന്മാരെ പോലെ.."തനിക്ക് ഇതെന്തൂട്ടാ  പറ്റീത്  ജയഷ്നാ? എങ്ങനെ  നടന്നിരുന്ന ആളാ...കഷ്ടം..അല്ല കൊറേയായി ടൌണില്   തന്നെ തപ്പി നടക്കണേ...താന്‍ ഇത് എവ്‌ടെ ആയിരുന്ന് ഇത്രേം നാളും? രാധ മരിച്ചേ  പിന്നെ  തെരക്കി ഞാന്‍ വന്നിരുന്നു.മണ്ണാറ തൊടീല്ത..ഇയാള്  വീട് വിറ്റ്‌ എല്ലാം ഉപേക്ഷിച്ച് പോയീന്നു തന്റെ പഴേ  അയല്‍വാസി രാമന്‍ പറഞ്ഞാ അറിഞ്ഞേ...."

        അയാള്‍ ഒന്നും പറയാതെ വീണ്ടും ബിയര്‍ അകത്താക്കാന്‍ തുടങ്ങി..അയാളുടെ ഉള്ളില്‍ ചിന്തകള്‍ വല കെട്ടാന്‍ തുടങ്ങി..ലഹരി മറക്കാന്‍ പഠിപ്പിച്ച ഭൂതകാലത്തെ പുറത്തേക്ക് ആനയിക്കാന്‍ തുടങ്ങി...പഴയ ഓര്‍മ്മകള്‍...ഒരു തുറന്നു പറച്ചില്‍..

          ക്ലാരയും, രാധയും പിന്നെ അവരിലേക്ക് തന്നെ കൊണ്ട് ചെന്നെത്തിച്ച മാന്നാര തൊടിയിലെ സമ്പത്ത് സമൃദ്ധിയും..പിശുക്കിന്റെ ഗ്രാമ ജീവിതത്തിനു മറു മുഖമായ ടൗണിലെ ആര്‍ഭാട രാത്രികള്‍.ചില വലിയ കണക്ക് കൂട്ടലുകള്‍ മനസ്സില്‍ ഗുണിച്ചും, ഹരിച്ചും മുന്നിലെത്തിയ "തങ്ങള്‍" .അയാള്‍ക്ക് വേണ്ടി ചെയ്ത ആദ്യ കമ്മിട്മെന്റ്റ്, ഒരിക്കലും മറക്കാനാവാത്ത ഭൂതകാലം...ക്ലാര...എന്നും മഴ വരുമ്പോള്‍ അയാള്‍ക്ക് തോന്നി..അവള്‍ അടുത്തുണ്ടെന്ന്..മഴയുടെ ഗന്ധവും,രതിയുടെ ജ്വലനവും, പ്രണയവും നിറഞ്ഞ ക്ലാര.മനസ്സില്‍ മഴ പെയ്യിക്കുന്ന ആ കണ്ണുകള്‍..ആ തുറന്നു പറച്ചിലുകള്‍  ആയിരിക്കാം രാധയെ ആലോസരമാക്കിയത്..മഴയെ അത്രയും വെറുത്ത രാധ...സംശയങ്ങള്‍ നിറഞ്ഞ മനസ്സുമായി അവള്‍ ജീവിച്ചപ്പോള്‍ കുടുംബം മുന്നോട്ട് നീങ്ങിയത് താള പിഴകള്‍ നിറഞ്ഞ്..രാധയെ സ്നേഹിച്ചത് അവള്‍ തിരിച്ചറിഞ്ഞില്ല..അവള്‍ക്ക് മുന്നില്‍ എന്നും ക്ലാര ഒരു മാര്‍ഗ്ഗതടസ്സം ആയിരുന്നു..അവസാനത്തെ കൂടി കാഴ്ച കഴിഞ്ഞ് പിന്നെ ഒരിക്കലും ക്ലാര ഒരു തടസ്സമായി, ഒരു വാക്കായി മുന്നില്‍ വന്നില്ല..എങ്കിലും രാധ ഭയന്നു...ക്ലാര കടന്നു വരുമെന്ന്..ഒരു മഴയായി...അവളുടെ മുഖത്ത് എന്നും ഒരു കറുത്ത മേഘം തളം കെട്ടി നിന്നു..ആ സംശയം അവളെ മാറരോഗിയാക്കി..രോഗം മാറാന്‍ എല്ലാം വിറ്റ് പെറുക്കി ചികിത്സ നല്‍കി..ഒടുവില്‍ ഒരു മഴയില്‍ തന്നെ വിട്ടു പോകുമ്പോള്‍ പറഞ്ഞ വാചകം..

                                            നിക്ക് ക്ലാര ആകാന്‍ കഴിയൂല....ക്ലാര സ്നേഹിച്ചത് പോലെ സ്നേഹിക്കാനും  കഴിയില്ല്യ....ന്റെ മനസ്സ് പറയണ്..ക്ലാര എവിടെയോ ജീവിക്കുന്നൂന്ന്.... ന്റെ സുഖങ്ങള്‍ക്ക് വേണ്ടി എവിടെയോ ഒളിച്ചിരിക്കേണ്....നിക്ക് വേണ്ടി ക്ലാരയെ കണ്ടെത്തണം.എവുടെയായാലും..''

        ആ വാചകം മുഴുവിച്ചില്ല...അവള്‍ പോയി..ജീവിതത്തില്‍ കുറേ ബഹളങ്ങള്‍, സൃഷ്ടിച്ച്. കുറേ സ്നേഹിച്ച്, കുറേ ഭയന്ന്‍...ഇന്ന് ഞാന്‍ തേടി നടക്കുന്നത് അവളെ ആണ്.ജീവിതത്തിലെ ആദ്യമായി ലഹരി നിറച്ച, സ്നേഹം നിറച്ച പെണ്ണിനെ..രാധയുടെ ആഗ്രഹ പ്രകാരം ക്ലാരയെ..അവള്‍ എവിടെയോ ജീവിച്ചിരിക്കുന്നു...ഒരറിവുമില്ല എവിടെയാണെന്ന്...തേടി നടക്കാത്ത നാടുകള്‍ ഇല്ല...സഞ്ചരിക്കാത്ത വഴികള്‍ ഇല്ല...കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസം മാത്രം..കേട്ടറിവുകള്‍ മനസ്സില്‍ കൊണ്ട് പല വഴികള്‍, പല മുഖങ്ങള്‍..അതിലൊന്നും വട്ടപൊട്ടും, പിടയുന്ന വലിയ കണ്ണും, തുടിക്കുന്ന ചുണ്ടുകളും കണ്ടെത്താന്‍ കഴിഞ്ഞില്ല..

       അയാള്‍ മുണ്ട് കൊണ്ട് കണ്ണീര്‍ തുടച്ചു..പിന്നെ താഴെ നിന്നും സഞ്ചിയെടുത്ത് പോകാന്‍ ഒരുങ്ങി..
                                                                 "താന്‍ ഇത്ങ്ങേടാ...എങ്ങുടക്ക് ആയാലും  ഞാന്‍ കൊണ്ട് വിടാം"
                                                                 താങ്ക്സ്...വേണ്ടാ..ഞാന്‍ ബസ്സില്‍ പോയ്‌ കൊള്ളാം...ദേവമാത ബസ്സില്‍...മമ്ടെ ബാബൂന്റെ...അവന്‍ പൊളിഞ്ഞു പാളീസായി...ഒരു ബസ്സ്‌ മാത്രോണ്ട്..പക്ഷെ മ്ക്ക് അതില് ഇപ്പളും ഫ്രീയാ..

                                                               തനിക്ക് ക്യാഷ്  വല്ലതുംവേണോ?

        ഋഷിയുടെ ജാള്യത കലര്‍ന്ന ചോദ്യത്തിനു ഒരു ചിരിയായിരുന്നു മറുപടി..പണം കൊണ്ട് പിശുക്കിന്റെയും, ആര്ഭാടത്തിന്റെയും ലഹരി കൊണ്ടാടിയ മനുഷ്യന്‍ ..ഒത്തിരി മറക്കാനാകാത്ത രാത്രികള്‍ സൗഹ്രുദങ്ങള്‍ക്ക് സമ്മാനിച്ച മനുഷ്യന്‍..

                                                                "ന്റെ ചങ്ങായി..ഒരു പകലിനു ഇരുട്ട്..ഒരു കയറ്റത്തിന് ഇറക്കം...ഒരു ചിരിയ്ക്ക് ഒരു കരച്ചില്‍..ഞാനിപ്പോ ഈ രണ്ടാമത് പറഞ്ഞ വകേലാ...അതോണ്ട് എനിക്ക് പണം ഇന്നിപ്പോ ഒരു ഭാരാ..കീശയിലിട്ടാ ആ ഭാരം താങ്ങാന്‍ ന്നെ കൊണ്ട് കഴീല്ല..."

         അയാള്‍ ഋഷി എതിര്‍ത്തിട്ടും പോക്കറ്റില്‍ നിന്നും ഏതാനും നോട്ടുകള്‍ എടുത്ത് ബില്ല് നല്‍കി..പിന്നെ ഏതാനും നോട്ടുകള്‍ ഡേവിഡിന്റെ കൈകളില്‍ തിരുകി.
                                                                   "ഡേവിടെട്ടാ...സര്‍ക്കാര്‍ ബാര്‍ ഇന്ന് പൂട്ടിയെക്കും..പക്ഷെ മ്ടെ മനസ്സിലെ ഓര്‍മ്മകള്‍ പൂട്ടാന്‍ അവര്‍ക്ക് താക്കോലും, താഴും പുത്‌തായി കണ്ട് പിടിക്കേണ്ടി വരും..മ്ക്ക് ഇനീം കാണാം..മ്ടെ ടൗണില്‍ വെച്ച്...."ഋഷിയെ. ..താന്‍ മിടുക്കനാട്ടോ..തന്‍റെ ദേവി ഇലക്ട്രിക് കമ്പനി..ഈ  നാട് മുഴോന്‍ ബ്രാഞ്ചുകള്‍ തൊറന്ന കാര്യം മ്ക്ക് അറിയാം.. കല്യാണ സാമിയെ പോലെ, ആലുക്ക ജോയെട്ടനെ പോലെ മ്ടെ നാടിന്റെ പ്രശസ്തി ദേവി ഇലക്ട്രിക് വഴി തനിക്കും ഉണ്ടാവട്ടെ...

      ഋഷി ഒന്നും പറയാനാകാതെ തരിച്ചിരുന്നു..യാത്ര പറഞ്ഞു അയാള്‍ പുറത്തേക്ക് പോകുമ്പോള്‍ ഋഷി അയാളെ തന്നെ നോക്കിയിരുന്നു...കാസിനോയുടെ പുറത്തേക്ക് ജയകൃഷ്ണന്‍ കാലെടുത്ത് വെച്ചപ്പോള്‍ ഒരു വേനല്‍ മഴ ചാറി തുടങ്ങി...ക്ലാരയുടെ സാമീപ്യം പോലെ...അയാള്‍ മഴയിലൂടെ നടന്നു...സ്വരാജ് റൗണ്ട് മുറിച്ച് കടന്ന്‍, തേക്കിന്‍കാട് മൈതാനത്തില്‍ കൂടി, വടക്ക് നാഥന്‍റെ സന്നിധിയിലൂടെ.....അയാള്‍ക്ക് ചുറ്റും അയാളുടെ സങ്കല്പങ്ങളില്‍ തൂവാനത്തുമ്പികള്‍ പറന്നു നടന്നു

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....

3 അഭിപ്രായങ്ങൾ:

  1. Kollaam...Valare nannaayirikkunnu...Pettennu kure kaalam pinnottu poyi...

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ! ഈ കഥ ഊരും പേരുമില്ലാതെ വാട്ട്സാപ്പിൽ കിടന്നലയുന്നുണ്ട്! :)

    മറുപടിഇല്ലാതാക്കൂ