2015, ജൂൺ 17, ബുധനാഴ്‌ച

അയാള്‍ ആരായിരുന്നു?




    അയാള്‍ ആരായിരുന്നു??? ഇന്നും അറിയില്ല..                                              അയാള്‍ ആരായിരുന്നുവെന്ന്??
    അയാളുടെ പേരൊ, നാടോ, മതമോ,  ഇതൊന്നും എനിക്കറിയില്ല...
    ഒന്ന് മാത്രം അറിയാം....മരിച്ചു കൊണ്ടിരുന്ന ആ മനുഷ്യനെ രക്ഷിച്ചവരില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നവരില്‍  ഒരാള്‍  ഞാനാണ്...

    വിദേശത്ത്‌ നിന്നും വന്നാല്‍ ആദ്യം പ്ലാന്‍ ചെയ്യുക മൂകാംബികാ യാത്രയാണ്..

    എല്ലാ തവണയും ആരെങ്കിലും കുട്ടിനുണ്ടാകും..കൂട്ടുക്കാര്‍....ആ വര്‍ഷം ഞാന്‍ തനിച്ച് ബസ്സിലായിരുന്നു യാത്ര..എട്ടു വര്ഷം മുമ്പ്...

    കണ്ണുരില്‍ ഡിപ്പോയില്‍ നിന്നും സര്‍ക്കാര്‍ വണ്ടിയില്‍ രാത്രിയില്‍ യാത്ര തിരിച്ച വണ്ടിയില്‍, യാത്രക്കാര്‍ വളരെ കുറവായിരുന്നു..ഒരു തണുത്ത മഴ പൈയ്തൊഴിഞ്ഞ സന്ധ്യയുടെ കുളിരും പേറിയുള്ള യാത്ര..

    പരസ്പരം അറിയാത്തവര്‍, പല ദേശക്കാര്‍....മൗനം നിറഞ്ഞ ബസ്സിനുള്ളില്‍ ബസ്സിന്‍റെ മൂളല്‍ മാത്രം ..പിന്നെ ഇടയില്‍ മുഴങ്ങുന്ന ഹോണ്‍ ശബ്ദവും...

    പള്ളിക്കുന്നു കഴിഞ്ഞത് മുതല്‍ എന്റെ മുന്നിലെ സീറ്റിലെ യാത്രക്കാരന്‍ അസ്വഭാവികമായി ചില അസ്വസ്ഥകള്‍ കാണിക്കാന്‍ തുടങ്ങി...ഒറ്റയ്ക്ക് സീറ്റില്‍ ഇരിക്കുന്ന അയാളുടെ അസ്വഭാവിക ചലനം ശ്രദ്ധിച്ച് മുന്‍വിധിയോടെ പിന്നില്‍ നിന്നും ആരോ കമന്റടിച്ചു...

    "കള്ളും കുടിച്ച് പൂസായിട്ട്...ഓരോരുത്തന്മാര്‍ വരും..."

    കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ ചലനങ്ങള്‍ വേദന നിറയുന്നത് പോലെ എനിക്ക് തോന്നി..ജീവന് വേണ്ടിയുള്ള പോരാട്ടം പോലെ...

    അയാള്‍ വിറക്കുന്ന കാഴ്ച കണ്ടു ഞാന്‍ ചാടിയെഴുന്നേറ്റു...
    അടുത്തെത്തിയപ്പോഴേക്കും അയാള്‍ വാടി തളര്‍ന്നിരുന്നു....

    വിയര്‍ക്കുന്ന  കൈകളില്‍ മരണത്തിന്റെ തണുപ്പ് പടരാന്‍ തുടങ്ങിയിക്കുന്നു..ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള അവസാന ശ്രമങ്ങള്‍..

    എന്റെ പുറകില്‍ നിന്നും  അയാളുടെ അടുത്തേക്ക് വന്ന  കുടെ വന്ന ചെറുപ്പക്കാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു...

    "അറ്റാക്കാണ്"

    ഞങ്ങള്‍ അയാളുടെ കൈക്കാലുകള്‍ തിരുമ്മാന്‍ തുടങ്ങി..

    പരിയാരം മെഡിക്കല്‍ കോളേജിന്റെ സമിപത്ത് എവിടെയോ ആയിരുന്നു  ബസ്സ്...

    ഡ്രൈവര്‍ ഒന്നുമാലോചിക്കാതെ മെഡിക്കല്‍ കോളെജിലേക്ക് തിരിച്ചു..
    അത്യാഹിത വാര്‍ഡിന്റെ മുന്നില്‍ അയാളെയും പൊക്കിയെടുത്ത് ചാടിയിറങ്ങി..

    അപ്പോഴും..അയാള്‍ ജിവന് വേണ്ടി പോരാടുന്നുണ്ടായിരുന്നു....
    അയാളുടെ കണ്ണുകള്‍ എല്ലാവരേയും നോക്കിയത് പോലെ ..ആപത്തില്‍ സഹായിച്ചതിന് നന്ദി നല്‍കിയത് പോലെ..

    ഞങ്ങള്‍ ബസ്സ് യാത്രക്കാര്‍ മാത്രമാണെന്ന് മനസ്സിലായപ്പോള്‍ ഡോക്ടര്‍ യാത്ര തുടരാന്‍ അനുവദിച്ചു...

    അതിനിടയില്‍ ഒരു നേഴ്സ് അയാളുടെ മൊബൈലുമായി എന്റെ അടുത്തെത്തി..ആ മൊബൈലില്‍ കണ്ട ആദ്യ നമ്പരിലേക്ക് ഞാന്‍ വിളിച്ചു..
    ഫോണെടുത്ത വ്യക്തിയോട് കാര്യം പറഞ്ഞു...

    ഞാന്‍ വിളിച്ചത് കോഴിക്കോടോ,കണ്ണുരോ ഉള്ള പത്രപ്രവര്‍ത്തകനെ ആയിരുന്നു..

    ഒന്ന് മാത്രം മനസ്സിലായി...അപകടത്തില്‍ പെട്ടയാള്‍..ഏതോ പത്രത്തില്‍ ജോലിക്കാരനാണെന്ന്  ആണെന്ന് മാത്രം...അതും സംശയം..എങ്കിലും രൂപവും, ഭാവവും വെച്ച് ഫോണ്‍ എടുത്ത വ്യക്തി അയാളെ തിരിച്ചറിഞ്ഞു...അന്ന്‍ പേര് ആ വ്യക്തി പറഞ്ഞെങ്കിലും ഓര്‍മ്മയില്‍ തങ്ങിയില്ല..

    തിരിച്ച് യാത്ര തുടരുമ്പോള്‍ ആരോ പറയുന്നുണ്ടായിരുന്നു..

    "അയാള് ആയുസ്സിന് ബലോള്ള ഒരുത്തനാ..അല്ലെങ്കില്‍ ആരും തിരിച്ചറിയാതെ ഈ ബസ്സിലിരുന്ന് മരിച്ചേനെ...
    .
    മുകാംബിക ദേവിയെ കണ്ടു പിറ്റേന്ന് തിരിച്ച് പോരുമ്പോള്‍ രാത്രിയേറെ വൈകിയിട്ടും ഞാന്‍ അന്നത്തെ കണ്ണൂര്‍ എഡിഷന്‍ പത്രം ഒരു കടയില്‍ നിന്നും വാങ്ങി..

    ചരമകോളത്തില്‍ നോക്കി...ആ മുഖമില്ല...

    സന്തോഷത്തോടെ യാത്ര തുടര്‍ന്ന്‍..ഒപ്പം അഭിമാനത്തോടെ...ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ സുഖം...അത് അന്ന് അനുഭവിച്ചറിഞ്ഞു.. ഒപ്പം ദേവി സന്നിധിയില്‍ നിന്നും കിട്ടിയതിനേക്കാള്‍ പതിമടങ്ങ്‌ ഊര്‍ജ്ജവും, മാനസിക സന്തോഷവും കൈ വന്ന ദിവസം../

    പലപ്പോഴും തോന്നിയിട്ടുണ്ട്..ഒരു അപകടത്തില്‍ പെടുന്നവര്‍ക്ക് നേരെ മൊബൈല്‍ ക്യാമറ കണ്ണുകള്‍ കൊണ്ട് മാത്രം പ്രതികരിക്കുന്ന നമ്മുടെ സമൂഹത്തിന്‍റെ അവസ്ഥയെ പറ്റി...അപകട ഘട്ടത്തില്‍  ആദ്യം വേണ്ടത് സഹജീവികളുടെ സഹായമാണ്..,മറക്കരുത്..

    നാളെ നിങ്ങള്‍ക്കും ഇതേ അവസ്ഥ വരാം...

    അയാള്‍ ആരാണെന്നു ഇപ്പോഴുമറിയില്ല...
    പിന്നീട് അന്വേക്ഷിക്കാന്‍ മുതിര്‍ന്നില്ല...എന്നാലും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ അന്നത്തെ ദിവസത്തിലേക്ക് വെറുതെ തിരിഞ്ഞ് നോക്കുമ്പോള്‍ 
    ഒരു കൗതുകം...

    അദ്ദേഹം ആരായിരുന്നു??
     ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും.....
    ഏതെങ്കിലും പത്രത്തില്‍ ജോലി ചെയ്യുന്നുണ്ടാകാം..

    അത് പോലെ അന്ന്‍ ബസ്സോടിച്ച കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍, അതിലെ യാത്രക്കാര്‍, അതിലെ നല്ലവരായ യാത്രക്കാര്‍, പരിയാരത്തെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍...നെഴ്സുന്മാര്‍...അവരും ഓര്‍ക്കുന്നുണ്ടാകുമോ ആ ഒരു സംഭവത്തെ കുറിച്ച്....

    അത് പോലെ കണ്ണൂരോ, കോഴിക്കോടോ താമസിച്ചിരുന്ന അദ്ദേഹവും..
    ചിലപ്പോള്‍ എങ്കിലും അന്നത്തെ ദിവസം ഓര്‍ക്കുണ്ടാകാം.....
    ജിവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ബസ്സിനെയും,യാത്രക്കാരെയും..

    ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.....
    dilharish@yahoo.com 
    http://harishkdlr.blogspot.com/
    0062-8116913769

    NB:- ഇത് വായിക്കുന്നവരില്‍ ആ പത്രക്കാരന്‍ ഉണ്ടെങ്കില്‍, ഒന്ന്‍ കണ്ടെങ്കില്‍, ആശിച്ച് പോകുന്നു..ഇപ്പോള്‍ ഒരു വട്ടം കൂടി ആ സഹജീവിയെ കാണാന്‍ ഒരു മോഹം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ