2015, ജൂൺ 16, ചൊവ്വാഴ്ച

''ബന്ധനസ്ഥനായ അനിരുദ്ധന്‍"



ബാല്യം...
"മോനെ അനികുട്ടാ...മണിനാഗകാട്ടില്‍ പോയി കളിക്കല്ലേ...തേര്‍വാഴ്ച പോകുന്ന കാടാ..?"
"കുട്ടാ..വെയിലത്ത് നില്കണ്ടാ..നീര്കെട്ടു വരും..ഇങ്ങട് കേറി പോന്നോളൂ.."
"ഡാ ചെക്കാ നീയെങ്ങ്ടാ...മഴവെള്ളത്തി കളിച്ച് കാലു വളം കടിച്ച് രാത്രി കെടന്നു മനുഷ്യന്മാര്ടെ ഉറക്കം 
കെടുത്താന്‍.."
                       ബാല്യം മുതല്‍ അനിരുദ്ധന്‍ ബന്ധനസ്തനായിരുന്നു.എല്ലാത്തിനും വിലക്കുകള്‍.തൊടിയില്‍ കളിക്കാനും, മരത്തില്‍ കയറാനും,ഊഞ്ഞാല്‍ ആടാനും, രാശി കായ കളിക്കാനും, മറ്റ് സെറ്റ് കൂട്ടാളികളുമായി നാട് ചുറ്റാനും മോഹിച്ചു..പക്ഷെ ആരെല്ലാമോ അനിരുദ്ധനെ വിലക്കുകളുടെ വാക്ക് വലയത്തില്‍ തളച്ചിട്ടു..പൊളിഞ്ഞ ചുവരും ചാരി അനിരുദ്ധന്‍ ആ ലക്ഷമണ രേഖയില്‍ ഇരുന്ന്‍ തന്‍റെ ചെറിയ ലോകം കണ്ടു...നിറം മങ്ങിയ ബാല്യ കാഴ്ചകളില്‍ വര്‍ണ്ണം വിതറാന്‍ കൊതിച്ച്, പാവം ബന്ദനസ്ഥനായ അനിരുദ്ധന്‍...?
കൗമാരം....
"എടാ..പരീക്ഷ അടുത്ത് വന്നിട്ടും ഒരു ചൂടില്ലാതെ നീ കണ്ണില്‍ കണ്ട നോവലും വായിച്ച് നടന്നോ..തോറ്റ് തോപ്പിയിട്ടാ നേരെ തൂമ്പയെടുത്ത് പാടത്തേക്ക് വന്നേക്കണം.."
"പിന്നെ..കോട്ടും സൂട്ടും ,കല്ഷരയിമിട്ട് കോളേജീ പോകാന്‍ നീയാരാ സെട്ടൂന്റെ മോനോ?
"വഴി വക്കില്‍ വായി നോക്കി നിന്ന് അന്ത്യാകുമ്പോ കുടുംബത്ത് കയറി വന്നാല്‍ അടിച്ച് നെന്‍റെ തൊലി പൊളിക്കും ഞാന്‍ അസത്തേ.."
                       കൗമാരം ബാല്യത്തെക്കാള്‍ വിലക്കുകള്‍ നിറഞ്ഞതും, ഒരു മുറിയില്‍ പുസ്തകങ്ങളില്‍ ഉരുകി തീര്ന്നതുമായിരുന്നു അയാള്‍ക്ക്..മറ്റുള്ളവരെ പോലെ നസീറിന്‍റെ സിനിമ കാണാനും, ചാര്‍മിനാര്‍ സിഗരെറ്റ്‌ വലിക്കാനും, വഴിയരികില്‍ നിന്ന് ടൈപ്പ് പഠിക്കാന്‍ പോകുന്ന സുഗന്ധിയെ കമന്റടിക്കാനും, സൈക്കിള്‍ ചവിട്ടി പാടവരമ്പിലൂടെ ചൂളമടിച്ച് നടക്കാനും, ചെത്ത്ക്കാരന്‍ കുമാരന്‍റെ അന്തി കള്ളിന്‍റെ രുചി അറിയാനും, അങ്ങാടി പലഹാരം തിന്നാനും മോഹം തോന്നി..പക്ഷെ ഇരുട്ട് നിറഞ്ഞ മുറിയില്‍ പുസ്തക താളിലെ കഥാപാത്രങ്ങളായി കൗമാര സ്വപ്‌നങ്ങള്‍ കണ്ട്, പാവം ബന്ദനസ്ഥനായ അനിരുദ്ധന്‍..?
യൗവനം....
''അതെ അനിയെട്ടാ.. രാവിലെ തന്നെ കണ്ണാടിയുടെ മുന്നില്‍ ഷേവ് ചെയ്യാന്‍ നിന്നാ അരി വേകില്ല..വെന്താല്‍ ചോറ് കൊണ്ട് പോകാം..എനിക്കെ യൂണിവേഴ്സിറ്റി കാന്‍റീന്‍ ചോറുണ്ട്..."
"അച്ഛാ..ഈ ഷൂവിന്റെ വള്ളി ഒന്ന് കെട്ടി തന്നെ..അല്ലെങ്കില്‍ നാളെ ഒരു രൂപ ഫൈന്‍ അടക്കേണ്ടി വരും.."
"മനുഷ്യാ..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കര്ത്..മറ്റുള്ളവര്‍ ബാറില്‍ കയറി കമ്പനി കൂടിക്കോട്ടെ..നിങ്ങള്‍ പോകണ്ടാ..പോയാല്‍ ഈ വാതില്‍ ഞാന്‍ തുറക്കില്ല..."
                   വിവാഹം കഴിച്ചിട്ടും, ജോലിക്കാരനയിട്ടും അനിരുദ്ധന്‍ ബന്ധനത്തില്‍ തന്നെ. കൂടെ ജോലി ചെയ്യുന്നവരുടെ കൂടെ ഒന്ന് കൂടാനും, ഒറ്റയ്ക്ക് ഒരു യാത്ര ചെയ്യാനും, ഭാര്യയുടെ ദൈനംദിന പരാതി പട്ടികയില്‍ നിന്നും ഒന്ന് മോചനം കിട്ടാനും, മോഹിച്ചു..മോഹം മാത്രം സഫലമാകാതെ ബാക്കിയായി..ജീവിതത്തിന്റെ പ്രാരാബ്ധ വളയങ്ങളില്‍ പെട്ട് സ്വന്തം മോഹം മനസ്സില്‍ ഒതുക്കി, പാവം ബന്ധനസ്ഥനായ അനിരുദ്ധന്‍..?
വാര്‍ദ്ധക്യം...
"അച്ചാ...നിങ്ങളോട് എത്ര പറഞ്ഞിട്ടും മനസ്സിലാകാതെ പിന്നെയും ലഡ്ഡു എടുത്ത് കഴിച്ചുഅല്ലെ? ഇനി ഡോക്ടറെ കാണാന്‍ ചെല്ലുമ്പോ അങ്ങേരുടെ വായിലിരിക്കുന്നത് മുഴോന്‍ ഞാന്‍ കേള്‍ക്കണം.."
"അച്ചാച്ച...റിമോട്ട് തന്നെ..ഏതു സമയത്തും പഴഞ്ചന്‍ സിനിമകള്‍...കഷ്ടം കാണുമ്പോള്‍ ദേഷ്യം വരുന്നു..ഇതൊക്കെ സിനിമയാണോ??"
"അമ്മാവാ...ഈ നടത്തം ഒഴിവാക്കി കൂടെ..കണ്ണും മൂക്കും തെറ്റി വണ്ടി വരുന്ന കാലമാ..അങ്ങിനെ നടക്കണമെങ്കില്‍ വീടിന്റെ അകത്ത് നടന്നൂടെ??"
                 വാര്‍ദ്ധക്യം...പെന്‍ഷന്‍ പറ്റിയപ്പോള്‍ പലതും മോഹിച്ചു..ഹരിദ്വാര്‍ യാത്ര, ഒരു സര്വ്വീസ് സ്റ്റോറി, ഭാര്യയുടെ സ്മാരകമായി ഒരു ചാരിറ്റബിള്‍ സൊസൈറ്റി..ഒരു വായനശാല, എല്ലാം മക്കളുടെ പിടി വാദത്തിനു മുന്നില്‍ പിന്‍വാങ്ങി..ഒടുവില്‍ എല്ലാ മോഹങ്ങളും ഒരു മതില്‍ കെട്ടിനകത്ത്...വീണ്ടും പൂവിടാത്ത്ത കുറേ മോഹങ്ങളുമായി, പാവം ബന്ധനസ്ഥനായ അനിരുദ്ധന്‍...?
                 ഒരു മനുഷ്യായുസ്സ് മുഴുവന്‍ ബന്ധനസ്ഥനായ അനിരുദ്ധന്‍..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ