2015, ജൂൺ 16, ചൊവ്വാഴ്ച

ജീവിത യന്ത്രം....




Image result for attukal radhakrishnan yantram

                 അയാള്‍ ജനിച്ചത് അന്തവിശ്വാസം നിറഞ്ഞ അന്തരീക്ഷത്തില്‍ ആയിരുന്നു...ജനിച്ച് വീണപ്പോള്‍ ബാലാരിഷ്ടത ജാതകത്തില്‍ കണ്ടപ്പോള്‍ അരയിലും, കഴുത്തിലും, കൈ തണ്ടയിലും ഏലസ്സുകള്‍ മുറുകി..

                 എന്നാലും ബാല്യത്തില്‍ ചൊറി, ചിരങ്ങ്,കരപ്പന്‍,ഗ്രഹണി എന്നീ രോഗ ഘട്ടത്തിലൂടെ വളര്‍ന്നു...ഒരു വിധം വലുതായി വന്നപ്പോള്‍ ദശസന്ധി മാറുന്ന അവസ്ഥ വന്നു..ഉന്നത വിദ്യാഭ്യാസം ലഭിക്കാന്‍ കുടുംബ ജോത്സ്യന്‍ വിദ്യാഗമനയന്ത്രം  നിര്‍ദേശിച്ചു..

                 ശനി ദശ  സമയത്ത് ആഗമന യന്ത്രം  ഉണ്ടായിട്ടും അയാള്‍ പത്താംതരം കടന്നില്ല..അതോടെ വിദ്യയും അവസാനിച്ചു..
                ജോലിയില്ലാതെ വഴിവക്കില്‍ തെണ്ടി തിരിയാനും,കൂട്ടുകെട്ട് കൂടാനും ആരംഭിച്ചപ്പോള്‍ സത്ബുദ്ധിവാരണയന്ത്രം ജോത്സ്യന്‍ സമ്മാനിച്ചു..അത് അണിഞ്ഞു മൂന്നാം ദിവസം ഒരു അടിപിടി കേസില്‍ അയാള്‍ അകപ്പെട്ട്.പൊലീസായി,കേസായി, കോടതിയായി,ശിക്ഷയായി..

                 യന്ത്രങ്ങള്‍ മാറി മാറി വന്നിട്ടും ഒരു മാറ്റവും കാണാതെ വന്നപ്പോള്‍ വിവാഹം കഴിപ്പിക്കാനായിരുന്നു  ഒരു ജോത്സ്യ പ്രമുഖന്‍റെ നിര്‍ദേശം...ജാതകം ശുദ്ധമാണ് ..പൊരുത്തങ്ങള്‍ പത്തില്‍ ആറു ഒത്ത് വന്നാല്‍ വിവാഹം..ഒരു വര്‍ഷത്തോളം പല പെണ്‍കുട്ടികളുടെ വീടുകളില്‍ നിന്നും അയാളും കൂട്ടുക്കാരും ചായ കുടിച്ചു..

                 ഒന്നും ശരിയാകാതെ വന്നപ്പോള്‍ ജോത്സ്യന്‍ വിവാഹയോഗ യന്ത്രം സമ്മാനിച്ചു..ഓരോ യന്ത്രങ്ങള്‍ നല്‍കുമ്പോള്‍ അയാളുടെ പുരയിടത്തിന്റെ അതിര് ചെറുതാകാനും ജോത്സ്യന്‍റെ പുരയിടം വ്യാപിക്കാനും തുടങ്ങി..ഒടുവില്‍ അയാള്‍ക്ക് വിവാഹ യോഗം വന്നു..പത്തില്‍ വശ്യ പൊരുത്തം ഒഴിച്ച് ഒമ്പത് പൊരുത്തമായി...
                  വിവാഹത്തിന് ശേഷം വശ്യ പൊരുത്തമില്ലാത്ത അവസ്ഥയില്‍ സ്വസ്ഥത നഷ്ടമായപ്പോള്‍ വീണ്ടും ജോത്സ്യന്‍ അയാള്‍ക്ക് സുഖ ദാമ്പത്യയന്ത്രം സമ്മാനിച്ചു..അതോടെ ജീവിതത്തില്‍ കലഹങ്ങള്‍ പതിവിലും കൂടുതലായി..

                   കലഹങ്ങള്‍ കൂടിയപ്പോള്‍ വീട് കലാപ ഭൂമിയായപ്പോള്‍ വീണ്ടും സന്തുഷ്ടകുടുംബസംക്രമിക യന്ത്രം അണിഞ്ഞു..അതോടെ വാക്കുകള്‍ കൊണ്ടുള്ള യുദ്ധം കയ്യാങ്കളിയായി..കുട്ടികള്‍ ഉണ്ടായാല്‍ എല്ലാം ശരിയാകുമെന്ന ജ്യോത്സ്യ പ്രവചനം അനുസരിച്ച് സന്താനസൌഭാഗ്യ യന്ത്രം അണിഞ്ഞു ഗുരുവായൂരില്‍ ഉരുളി കമിഴ്ത്താന്‍ പോകും വഴി ഇരുവരും അടിയായി, വഴക്കായി, രണ്ട്‌ വഴിക്കായി..അതോടെ ദാമ്പത്യ കപ്പല്‍ വിവാഹമോചന യന്ത്രത്തില്‍ അവസാനിച്ചു..
                 ഒറ്റപെട്ടതോടെ അയാള്‍ മദ്യത്തിന്‍റെ സ്ഥിരോപസകാനായി..മദ്യം ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ....സ്ഥിരം വഴിയില്‍ കിടക്കുന്ന അവസ്ഥ വന്നപ്പോള്‍ ബന്ധുക്കള്‍ വഴി അയാള്‍ക്ക് വീണ്ടും മദ്യവര്‍ജ്ജന യന്ത്രം  ലഭിച്ചു..അതിനു ശേഷം അയാള്‍ മദ്യ ശാലയില്‍ നിന്നും പോരാതെയായി..കുടിച്ച് കുടിച്ച് അവയങ്ങള്‍ ദ്രവിച്ച് രോഗതുലനായി എല്ലാം നഷ്ടപെട്ട് അലയുമ്പോള്‍ ഒരു ദിവസം അദ്ദേഹത്തിനു ബോധോദയം കൈ വന്നു..നഷ്ടങ്ങള്‍ തിരിച്ചറിഞ്ഞു...ആരും കൂടെയില്ലെന്ന സത്യം..
                 ജ്യോതിഷിയുടെ കൂറ്റന്‍ വീടിനു മുന്നില്‍ അയാള്‍ മണിക്കൂറുകള്‍ കാത്തിരുന്നു..ഒടുവില്‍ കാണാനുള്ള അവസരം വന്നു..മൃതപ്രായനായ ആ മനുഷ്യന്‍ ജ്യോതിഷിക്ക് മുന്നില്‍ വന്നു കൈ കൂപ്പി നിന്നു...
                            "എന്ത് വേണം??"
                  ജ്യോല്‍സ്യന്റെ പരുക്കന്‍ ചോദ്യത്തിന് മുന്നില്‍ ഒന്നും മറച്ച് വെക്കാതെ ആത്മാര്‍ത്ഥമായി അയാള്‍ കണ്ണുകള്‍ നിറഞ്ഞു കേണു പറഞ്ഞു...
                             "എനിക്കൊരു യന്ത്രം വേണം??"
                               എന്ത് യന്ത്രം??
                              ''ദ്രുതസുഖ മരണലഭ്യ യന്ത്രം.."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ