2015, ജൂൺ 16, ചൊവ്വാഴ്ച

വേറിട്ട കഥാപാത്രങ്ങള്‍

ചാക്ക്ക്കാരന്‍, ഇന്ജിറ്റ് അന്തോണി, നാരായണി തള്ള...
"നടന്‍ ശ്രീരാമന്റെ വേറിട്ട കാഴ്ചകളില്‍ കാണുന്നത് പോലെ എന്റെ ബാല്യകാലത്തെ ഗ്രാമ ചിത്രങ്ങളില്‍ സജീവമായ ചില വ്യക്തികള്‍.മൂവരും സൃഷ്ടിച്ച ഭയം, അത് തന്നെയാണ് അവരുടെ ഓര്‍മ്മ ചിത്രങ്ങള്‍ക്ക് ഇന്നും മായാതെ സൂക്ഷിക്കാന്‍ കാരണമാകുന്നത്.ഇവര്‍ ഖസാക്കിലോ, മയ്യഴിയിലോ,കൂടല്ലൂരോ ജനിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ എഴുത്ത്ക്കാരന്റെ കയ്യൊപ്പ് പതിഞ്ഞ കഥാപാത്രങ്ങളായി പുസ്തക താളുകളില്‍ സ്ഥാനം പിടിക്കുമായിരുന്നു....
ചാക്ക്ക്കാരന്‍...
"ഡാ...ദേ ചാക്ക്ക്കാരന്‍ വരണുണ്ട്...ഓടിക്കോ.."
ഒരപായ സിഗ്നല്‍..മരത്തിന്റെയോ, വേലിയുടെയോ മറവില്‍ ഒളിച്ചിരിക്കുന്ന കുട്ടികള്‍ക്ക് മുന്നിലൂടെ ഒരു വലിയ ഒഴിഞ്ഞ ചാക്കുമായി തിങ്കള്‍, വ്യാഴം ദിനങ്ങളില്‍ മാത്രം നടന്നു കിഴക്ക് ഭാഗത്തേക്ക് പോകുന്ന ഒരു മനുഷ്യന്‍. തിരികെ ഉച്ചയോടെ നിറ ചാക്കുമായി..ചാക്കില്‍ നിറയെ കുറുമ്പ് കാണിക്കുന്ന കുട്ടികള്‍ ആണെന്ന അമ്മമാര്‍..
"വേഗം ഭക്ഷണം കഴിച്ചിലെങ്കില്‍ ചാക്കുക്കാരനെ വിളിക്കുമെന്ന ഭീഷണി മതി വാശിയും,കുട്ടി കരച്ചിലും അവസാനിപ്പിക്കാന്‍.."
തലയില്‍ വട്ട തലേക്കെട്ട്, ചാടി നില്ക്കുന്ന തടിച്ച വയറിനു മീതെ ഉയര്‍ത്തി കുത്തിയ മുണ്ട്, മുട്ടിനു താഴെ മുണ്ടിനെ തോല്പിച്ച് കാക്കി കളസം, കണ്ണിന്റെ മാടയില്‍ നിന്നും കീഴ് താടി വരെ തൂങ്ങി കിടക്കുന്ന മാംസളമായ ഒപ്പം വസൂരി കലയുള്ള മുഖം, വെത്തില മുറുക്കിയ ചുണ്ടുകള്‍, ഒപ്പം വേഗതയേറിയ ചലനം..ഒരു ബാലെ നര്‍ത്തകന്‍ പോലെ..എന്തായാലും എന്റെ കുട്ടിക്കാലത്തും, പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിലും ആ വ്യക്തി കുട്ടികള്‍ക്ക് ഒരു പേടി സ്വപ്നമായിരുന്നു...ചില സമയത്ത് ചാക്കില്‍ മുഴച്ച് നില്‍ക്കുന്ന തലകള്‍..കൈ കാലുകള്‍..ആ പേടിയുടെ നിറം മാറിയത് കുട്ടിത്തം മാറിയപ്പോള്‍ മാത്രമാണ്..എല്ലാ തിങ്കള്‍, വ്യാഴം ദിനങ്ങളില്‍ കോട്ടപ്പുറം ചന്തയില്‍ പോയിരുന്ന സാധുവായ ഒരു മനുഷ്യന്‍.ചാക്കില്‍ മുഴച്ച് നിന്ന മത്തങ്ങയും, കുമ്പളങ്ങയും ആരോ പറഞ്ഞുണ്ടാക്കിയ പേടി കഥകളായി പുറത്ത് വന്നപ്പോള്‍ കുട്ടികള്‍ ആ മനുഷ്യനെ ഭയന്നു. എന്തായാലും ചാക്കുക്കാരന്‍ കാലത്തിന്‍റെ പിടിയിലകപെട്ടിട്ടും കൂറെ നാള്‍ അമ്മമാരുടെ നാവുകളില്‍ വാശി കാണിക്കുന്ന കുട്ടികള്‍ക്കായി പുനര്‍ജനിച്ചു....
ഇന്ജിറ്റ് അന്തോണി...
മതില്‍ കെട്ടിന് മുകളിലും തല കാണുന്ന ആറടിയോളം ഉയരമുള്ള അന്തോണിയും കുട്ടികള്‍ക്ക് പേടി സ്വപനമായിരുന്നു..ചാക്ക്ക്കാരന്‍ എന്തായിരുന്നു അതിന്റെ എതിര്‍ രൂപമായിരുന്നു അന്തോണി..മെലിഞ്ഞുണങ്ങിയ രൂപം, കുഴിഞ്ഞ കണ്ണുകള്‍, ചെറിയ മുഖത്ത് വലിയ കൊമ്പന്‍ മീശ,പതിഞ്ഞ സംസാരവും, പെരുമ്പറ മുഴങ്ങും പോലെ ചുമയും..പതുക്കെ പതുക്കെ നടത്തം..കുട്ടികളെ കാണുമ്പോള്‍ അന്തോണി പരുങ്ങും..അതോടെ മുന്നിലുള്ള കുട്ടികള്‍ പേടിയോടെ വഴി മാറും..ഇന്ജിറ്റ് എന്ന അപരനാമം, ഇന്‍ജെക്ഷന്‍ മാറി അന്തോനിയില്‍ നിന്നും സ്വയം ഉടലെടുത്തതാണ്..കപ്പട മീശ അന്തോണി കുട്ടികളെ ഭയന്ന്‍ പരുങ്ങുന്നതാണെന്ന് വളര്‍ന്നപ്പോള്‍ എനിക്ക് തിരിച്ചറിവുണ്ടായി..എന്തായാലും അന്തോണിയും അയാളുടെ പ്രസിദ്ധമായ ചുമയും നിലച്ചിട്ട് കുറേ കാലമായി..ഇന്നോര്‍ക്കുമ്പോള്‍ ഒരു ഹാസ്യ കഥാപാത്രം മാത്രമായിരുന്നു ഇന്ജിറ്റ് അന്തോണി...
നാരായണി തള്ള..
"കരിങ്കണ്ണി തള്ള വരുന്നു..പിള്ളാരെ പോയി ഒളിച്ചിരുന്നോ "
അതിനു പുറകെ ആയിരിക്കും നാരായണി തള്ളയുടെ ആഗമനം..തള്ളയെ എല്ലാര്‍ക്കും ഭയമായിരുന്നു..തള്ള കരിങ്കണ്ണ്‍ ഇട്ടാല്‍ അത് ഫലിക്കും..അതായിരുന്നു നാട്ടു ഭാഷ്യം..അതിനു നിറം പിടിപ്പിച്ച കൂറെ കഥകളുടെ പിന്‍ബലവും..ഒരിക്കല്‍ ഒരാള്‍ നട്ട ഒരു പൂവന്‍ വാഴ കുലച്ചു..സാമാന്യം നല്ല ഒരു വാഴകുല..അത് വഴിയെ പോയ നാരായണി തള്ളയുടെ കണ്ണില്‍ പെട്ടതും നിര്‍ധോഷമായി തള്ള വാഴയുടെ ഉടമയോട്..
" വാഴകുല നിലം വരെ മുട്ടില്ലോ??"
വാഴ വെച്ച പാവത്തിന്റെ നെഞ്ചിലൂടെ ഒരു ചെറു കാറ്റ് വീശി..കരിയില പോലും വീഴാത്ത അടുത്ത പുലരിയിലെ ചെറു കാറ്റില്‍ വാഴ കുലയോടെ നിലം പൂകി.."
ഇത് നാട്ടു കഥകള്‍ ആയിരിക്കാം..എങ്കിലും പഞ്ഞി പോലെ നരച്ച മുടിയും, ചെറിയ കൂനും, പാതിയടഞ്ഞ ഒരു കണ്‍ പീലിയും, വായില്‍ മുറുക്കാനോപ്പം പതയുന്ന മുഴുത്ത തെറിയും..നാരായണി തള്ള വ്യത്യസ്തയാകാന്‍ മറ്റൊന്നും വേണ്ടായിരുന്നു...സ്നേഹത്തോടെ വിളിക്കുന്ന തെറിയില്‍ നിന്നും രക്ഷ നേടാന്‍ കുട്ടികള്‍ വഴി മാറി നടന്നതും അത് കൊണ്ട് മാത്രമായിരുന്നു..ആ നാവും നാട്ടു വര്‍ത്തമാനവും അന്യമായി..ഓര്‍മ്മകള്‍ മാത്രം ശേഷിക്കുന്നു...
എന്റെ നാട്ടില്‍ പിന്നെയും കൂറെ വേറിട്ട കാഴ്ചകള്‍ ഉണ്ടായിരുന്നു...ഇന്നത് ചിലരുടെ ഓര്‍മ്മകളില്‍ മാത്രം..ഒരു പുസ്തക താളിലും സ്ഥാനം പിടിക്കാതെപോയവര്‍..പുതിയ തലമുറയ്ക്ക് അറിയാതെ പോയവര്‍..എന്റെ ഭൂതക്കാല സ്മരണകളില്‍ നിരയുന്നവര്‍...സ്മരണകളില്‍ നിന്നും ഒരു പേനയിലെ ഊര്‍ജ്ജം ആവാഹിച്ച് എന്നെങ്കിലും ഒരു കടലാസ് താളില്‍ പുനര്‍ജന്മം കൊടുക്കാമെന്ന പ്രത്യാശയോടെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ