2015, ജൂൺ 16, ചൊവ്വാഴ്ച

ഓണ്‍ലൈന്‍ ശവമടക്ക്..

 
"അച്ചായാ..നമ്മുടെ അമ്മച്ചി നമ്മളെ വിട്ടു പോയി"
മറുപടി ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു..വിയന്നയില്‍ നിന്നും കരയുന്ന അച്ചായന്‍..ജോര്‍ജ്ജ് കുട്ടിച്ചായന്‍..മരിച്ച അമ്മച്ചിയുടെ കടിഞ്ഞുല്‍ പുത്രന്‍..
"ഡാ മോഹനാ അമ്മച്ചി സതോഷത്ത്തോടെ ആണോടാ ഉവ്വേ കണ്ണടച്ചത്??

പിന്നെ അച്ചായാ മരിക്കും മുന്നേ എന്നെ നോക്കി ഒന്ന്‍ ചിരിച്ച്ചാര്‍ന്ന്‍" എന്താ ചെയ്ക അച്ചായാ ബോഡി ഫ്രീസറില്‍ വെക്കാനുള്ള ഏര്‍പ്പാട്??
"നീ ജയിംസ് കുട്ടിയേയും, ജോണി കുട്ടിയേയും വിളിചാര്ന്നോ??
"ഇല്ല..അമ്മച്ചി പോയപ്പോള്‍ ആദ്യം വിളിച്ചത് അച്ചായനെ ആണ്"

വരാന്‍ ഒക്കത്തില്ല..അവള്‍ക്ക് ലീവ് കിട്ടുകേല..പിള്ളാര്‍ക്ക് പരിക്ഷയാ..നീ ഒന്ന്‍ അവന്മാരെ വിളിച്ച് നോക്ക്..പിന്നെ അമ്മച്ച്ച്ചിയ്കുള്ള പെട്ടി ഞാന്‍ ഏര്‍പ്പാടാക്കി തരാം..നീ കുംബനാട്ട്ക്ക് ഒരു വണ്ടി ഏര്‍പ്പാടക്കിയേര്..ഒരു അഞ്ചിന്റെ പെട്ടി തന്നെ ആയിക്കോട്ടെ..
പിന്നെയും അച്ചായന്‍ ഒന്ന് പൊട്ടികരഞ്ഞു...
"ഡാ മോഹനാ..എല്ലാം വീഡിയോ വഴി എനിക്ക് ഓണ്‍ലൈന്‍ ആയി കാണണം..കോഴഞ്ചേരിയിലെ ചെക്കന്മാരെ ഏര്‍പ്പാടക്കിയേര്..ഒരു മൂന്ന് ക്യാമറ വേണ്ടി വരും..പള്ളിയിലും വേണം.."
എന്തായാലും ജോര്‍ജ്ജ് കുട്ടി ആച്ചായന്‍ വരുന്ന ലക്ഷണമില്ല..അച്ചായന്റെ ഭരണം ഭാര്യ വഴിയാണ്..മൂന്ന് മാസമായി അമ്മച്ചി പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ കിടക്കുന്നു..കാശ് അയച്ച് തരും..ആശുപത്രി റൂമില്‍ ഏര്‍പ്പാടാക്കിയ കമ്പ്യൂട്ടര്‍ വഴി കാണും,കരയും..ഇതിനപ്പുറം കടിഞ്ഞൂല്‍ പുത്രന്‍ ഒന്നും ചെയ്തിട്ടില്ല..പിന്നെയല്ലേ താഴെയുള്ള അനിയന്മാര്...
" ഡാ മോഹനാ അമ്മച്ചിയുടെ കാര്യത്തില്‍ ഒരു കുറവും വരുത്തരുത്..വീട് മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കണം..വരുന്നോര്‍ക്ക് റോസാപൂ കൊടുത്തേര്..മുറ്റത്ത് വലിയ പന്തല്‍ വേണം..അമ്മച്ചിയെ പള്ളിലെക്ക് കൊണ്ട് പോകാന്‍ ഏ.സി വണ്ടി ആയിക്കോട്ടെ...
എല്ലാം മൂളി കേട്ട് അവസാനം ചോദിച്ചു..
"അല്ല..ജെയിംസ് കുട്ടി ആച്ചായന്‍ വരുന്നില്ലേ???"
"ഓ ഒക്കത്തില്ല മോഹനാ..പാറ്റിയ്ക്ക് വയ്യ.."
രണ്ടാമന്‍....ജെയിസ്കുട്ടി അമേരിക്കയിലാ..ഭാര്യ അവിടുത്ത്ക്കാരി..വരാന്‍ പറ്റില്ലെങ്കിലും എല്ലാം ഓണ്‍ലൈന്‍ വഴി അയാള്‍ക്കും കാണണം..
എല്ലാം ഭംഗിയായി നടക്കണം..എല്ലാം നടത്താന്‍ ഞാന്‍ ഉണ്ടല്ലോ..കാര്യസ്ഥന്‍..ഒരിക്കല്‍ അമ്മച്ചി പറഞ്ഞു കേട്ടതാണ്..
"മക്കള്‍ ജനിക്കുമ്പോള്‍ അപ്പച്ചന്‍ ഓരോ മാവ് നട്ടു..അത് പൂത്ത് കായ്ച്ചു..സ്നേഹത്തോടെ മാങ്ങാ തന്നു..മക്കള്‍ സ്നേഹത്തിനു പകരം മുതിര്‍ന്നപ്പോള്‍ പണം തന്നു.."
"കുട്ടാ..(മൂന്നാമന്‍ ജോണി എന്നെ അങ്ങിനെയാണ് വിളിക്കുന്നത്) വരാന്‍ ഒക്കില്ല..അവള്‍ക്ക് മാസം തികഞ്ഞു നില്പാ..എന്റെ സ്ഥാനത്ത് നിന്ന് നീ തന്നെ കാര്യങ്ങള്‍ ചെയ്താല്‍ മതി..ഒന്നിനും കൊറവ് വരുത്തണ്ട..നമ്മുടെ തുണ്ടിയിലെ അമ്മച്ചിടെ അട്ക്കിനേക്കാള്‍ ഗംഭീരമാകണം..വീട് മുതല്‍ പള്ളി വരെ റോഡ്‌ തേച്ച് കഴുകി അലങ്കരിക്കണം..അടക്ക് കഴിഞ്ഞാല്‍ എല്ലാര്‍ക്കും ഭക്ഷണം കൊടുത്തേര്..തുണ്ടിയിലെ പോലെ വെള്ളപ്പം കറി മാത്രം പോരാ..നല്ല ഭക്ഷണം കൊടുക്കണം..എല്ലാം വീഡിയോ എടുക്കണം..ഞങ്ങള്‍ ഇവിട്‌രുന്നു കണ്ടോളാം..
മൂന്നാമന്‍ ജോണി കുട്ടി..എന്റെ കളികൂട്ടുക്കാരന്‍..സിഡ്നിയില്‍..അവനും വരാന്‍ കഴിയില്ല..പണം മുടക്കാന്‍ തയ്യാര്‍..അമ്മച്ചിയുടെ വാക്കുകള്‍ ഓര്‍മ്മ വരുന്നു..
"വയസ്സാം കാലത്ത് നീയും, നിന്റെ അവളും അടുത്ത് ഉണ്ടായതോണ്ടാ..അല്ലേല്‍ അവന്മാര്‍ എന്നെ വല്ല വൃദ്ധസദനത്തിലും കൊണ്ട് ചെന്നാക്കിയേനെ.."
എന്തായാലും അടക്ക് പറഞ്ഞ പോലെ തന്നെ ഏര്‍പ്പാടാക്കി..ഏറ്റവും മുന്തിയ ശവപെട്ടി..വീട് നിറച്ച് പൂക്കള്‍, വലിയ പന്തല്‍, ഏ.സി. വണ്ടി, മുറ്റം നിറയെ ക്യാമറകള്‍, ഒരു ലോക്കല്‍ ചാനല കവറേജ്..പ്രധാന പത്രങ്ങളില്‍ വാര്‍ത്ത, അമ്മച്ചിയുടെ ഫോട്ടോയ്ക്ക് താഴെ " മക്കളുടെ മരുമക്കളുടെ പേര് വിവരം, ഒപ്പം അവരുടെ ഇപ്പോഴത്തെ രാജ്യത്തിന്‍റെ വിവരങ്ങള്‍..ക്യാമറ അമ്മചിയ്ടെ പെട്ടിയെ അനുഗമിച്ച് പള്ളിയിലേക്ക്..സെമിത്തേരിയില്‍ വലിയ സ്ക്രീനില്‍ ചടങ്ങുകള്‍ ഇടയ്ക്ക് ഓണ്‍ലൈന്‍ വഴി സിഡ്നി,വിയന്ന,അമേരിക്ക എന്നിവിടങ്ങളില്‍ മക്കളുടെ ശവമടക്ക് കൂട്ടായ്മ..വെള്ള വസ്ത്രം ധരിച്ച് ഓണ്‍ലൈന്‍ പ്രാര്‍ത്ഥന..ഒടുവില്‍ വികാരിയച്ചന്‍ അന്ത്യ ചുംബനം കൊടുക്കാനുല്ലവര്‍ക്ക് അനുവാദം കൊടുത്തപ്പോള്‍ ഓണ്‍ലൈന്‍ വഴി അവരുടെ അന്ത്യ ചുംബനം, പെട്ടി കല്ലറയില്‍ വെച്ചപ്പോള്‍ അവരുടെ വക ഓണ്‍ലൈന്‍ ഒരു പിടി മണ്ണ്...പിന്നെ എല്ലാം തീര്‍ന്നപ്പോള്‍ എല്ലാവര്ക്കും സന്തോഷം..'അടക്ക് ഗംഭീരമായത്തിന്റെ..തുണ്ടിയിലെ അമ്മച്ചിയുടെ ശവമടക്ക് ആഘോഷം മറി കടന്നതിന്റെ..
എല്ലാം കഴിഞ്ഞു ഞാന്‍ എന്ന മോഹനന്‍ പാതി രാത്രി വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ സഹധര്‍മ്മിണിയുടെ ചോദ്യം..
"അല്ല..ആരുടെ അമ്മച്ചിയാ മരിച്ചത്???"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ