2015, ജൂൺ 10, ബുധനാഴ്‌ച

''വാനപ്പുലികള്‍.."




"മതിവദനി...ഉനക്ക് ഇന്നേക്ക് താന്‍ വിടുതലൈ.."

                      അവള്‍ കാല്‍മുട്ടില്‍ നിന്നും തല ഉയര്‍ത്തി നോക്കി..സിംഹള ജയില്‍ വാര്‍ഡന്‍ "സുമുദു ജയതിലക"..അവന്റെ ചുണ്ടില്‍ ഒരു വരണ്ട ചിരി..കണ്ണുകള്‍ കൊണ്ട് ശരീരം നഗ്നമാക്കുന്ന നോട്ടം..പല രാത്രികളിലും നേരിട്ട പീഡന പര്‍വ്വത്തിന്റെ തുടര്‍ച്ച പോലെ..അവള്‍ യാതൊരു വികാരവുമില്ലാതെ അവനെ നോക്കി..അവള്‍ക്ക് അന്നത്തെ ദിവസമോ, മാസമോ ഒന്നും അറിയില്ലായിരുന്നു...വേലിക്കട ജയിലില്‍ വന്നിട്ട് കുറേ വര്‍ഷമായി..മുല്ലൈതീവിന്റെ നാശം കണ്ട അന്തിമ യുദ്ധത്തില്‍  ലങ്കന്‍ രാണവം പിടിച്ചെടുത്ത കുറേ പേരില്‍ അവളും...അന്ന് മുതല്‍ അവള്‍ ആ ഇരുട്ടറയില്‍..കൊടിയ പീഡനങ്ങള്‍,ക്രൂരമായ രാത്രികള്‍,ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന രോദനങ്ങള്‍...എങ്കിലും അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..ആരോടെന്നില്ലാതെ...
.
"ഉടല്‍ മണ്ണുക്ക്..
ഉയിര്‍ തമിഴുക്ക്'"
ഇനിയെരന്താലും,
തമിള്‍ മണ്ണ്‍ മറക്കാത്..

               " പുലിയും,പിറഭാകാരനും എല്ലാം മുടിഞ്ച്‌ നാശമായി  പോയാച്ച്...ഇനി മേല്‍ നീയെല്ലാം  മട്ടും ഏഴൈ...വെളിയെ പോയി പിച്ചയെട് പുണ്ട....(പിന്നെ മുഴങ്ങിയത് സിംഹള തെറി) അവന്‍റെ നെഞ്ചില്‍ കയറി നിന്ന് അലറി വിളിക്കാന്‍ തോന്നി.പെണ്പുലികള്‍ പകല്‍ സമയം മാത്രം അവനെ പോലെയുള്ളവര്‍ക്ക് കുറ്റവാളികള്‍..രാത്രി വളരുമ്പോള്‍ കാമാസുഖം തേടി സെല്ലിലെ ഇരുട്ടില്‍ കാണിച്ച് കൂട്ടുന്ന ആക്രമങ്ങള്‍..ചുമരുകള്‍, അഴികള്‍ മാത്രം സാക്ഷികള്‍..

                          ജയതിലക നടന്ന്‍ പോയപ്പോള്‍ മതിവദനി ജയിലറയില്‍ പുറത്ത് നിന്നും വന്നു വീണ സൂര്യപ്രകാശം നോക്കി കണ്ടു..മോചനത്തിന്റെ വെളിച്ചം..തന്‍റെ മാത്രം മോചനം..സ്വപ്നം കണ്ട ഈഴം, സ്വന്തം നാട്..വംശ വേര്‍തിരിവ് ഇല്ലാത്ത തന്‍റെ നാട്..എല്ലാം തകര്‍ന്നു..എല്ലാം രാണവം തകര്‍ത്തു...തന്നെ പോലെ എത്ര പെണ്‍കുട്ടികള്‍..മാനവും, സ്വപ്നവും നഷ്ടമായവര്‍..എതിര്‍ ലിംഗത്തെ വെറുക്കുന്നവര്‍..അവരുടെ ക്രൂരമായ അധിനിവേശത്തിന് ഇരയായവര്‍....യുദ്ധത്തിനു മുന്‍പ് എന്തെല്ലാം സ്വപ്‌നങ്ങള്‍...സ്കൂള്‍ ജിവിതം മുതല്‍ "ഇയക്കം " വരെ നീളുന്ന കുറേ ഓര്‍മ്മകള്‍..നല്ലതും, ചീത്തയും...

                          കല്ലപ്പാട് ജി.ടി.എം. സ്കൂളില്‍ രണ്ടു വശം മുടി പിന്നിട്ട് ഫുള്‍ പവാടയുടുത്ത്..നെറ്റിയില്‍ ഭസ്മകുറി ചാര്‍ത്തി , കനകാംബരം കോര്‍ത്ത് തലയില്‍ ചൂടി,കാലില്‍ വെള്ളിചിറ്റ് അണിഞ്ഞു കാലത്ത് മൈക്കില്‍ പ്രഭാതഗീതം ചൊല്ലുന്ന മതിവദനി.

"തമിഴ് തായ് മണ്ണ് വാഴ്കെ..
എന്നുയിര്‍ പൊന്‍ ഭൂമി വാഴ്കെ..

                          സുന്ദരിയായ മതിവദനി..മുട്ടറ്റം മുടിയും, വിടര്‍ന്ന കണ്ണുകളും, പേരിനെ അര്‍ത്ഥമാക്കുന്ന ആകാരവും...ഏറ്റവും നന്നായി പഠിക്കുന്ന മതിവദനി..അതി ബുദ്ധിമതി..കൂടെ പഠിക്കുന്ന ആണ്‍കുട്ടികളില്‍ സ്വപ്നം നിറച്ച, മുല്ലൈതീവിന്റെ മാലാഖ..ചിന്നതായി,മോക്കചാമി കുടുംബത്തിലെ കണ്ണിലുണ്ണി..ജയകാന്തന്‍, സൂര്യകാന്തന്‍ സഹോദരന്മാരുടെ തങ്കച്ചി...

                          അതൊരു കാലം. ഒന്നുമറിയാത്ത കാലം. അത് തന്നെ ആയിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം..

                          പത്തില്‍ പഠിക്കുമ്പോള്‍ ഒരു രാത്രിയില്‍  ജീവിതം മാറ്റി വരച്ച ഒരു സംഭവം..തല മുതിര്‍ന്ന രണ്ടു സഹോദരന്മാര്‍ നഷ്ടമായ ദിവസം..കരിമ്പുലികള്‍ ആയ ഇരുവരും ഈഴത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ദിവസം..രാണവം കൊലപ്പെടുത്തി വികൃതമാക്കിയ സഹോദരന്മാരുടെ ശരീരം..അത് കണ്ടപ്പോള്‍ സ്വയം മറന്നു..പരീക്ഷ വേണ്ടെന്ന്‍ വെച്ച്  തലൈവര്‍ക്ക് മുന്നില്‍ സ്വയം സമര്‍പ്പിച്ചു...വാനപ്പുലി ആകാനുള്ള  തീരുമാനം എല്ലാവരും നിശബ്ദം അംഗീകരിച്ചു..കേണല്‍ ശങ്കറിന്റെ കൂടെ തോനട മാന്നാര്‍  പരിശീലന കേന്ദ്രത്തില്‍ പരിശീലനം...നീണ്ട മുടി മുറിച്ച്, യൂണിഫോം ധരിച്ച്..പുതിയ ചിന്തകളുമായി . പുതിയ വേഷത്തില്‍...പിന്നെ പലാലി, കടുനായകെ തുടങ്ങിയ സിംഹള മേഖലയില്‍ ആകാശ ആക്രമണങ്ങള്‍..അതിലെ മുഖ്യ സ്ഥാനം വഹിച്ച  പങ്കാളി..ഒടുവില്‍ നടന്ന ഭീകരമായ  അന്തിമ യുദ്ധത്തില്‍ പിടിക്കപ്പെടും വരെ...പോരാട്ടം..ഒടുവില്‍ ഇയക്കം തകര്‍ന്ന്‍, ഈഴം ബലി കൊടുത്ത് എല്ലാം നഷ്‌ടമായ ജയില്‍ വാസം...

                   വേലികട ജയിലില്‍ നിന്നും പുറത്ത് ഇറങ്ങുമ്പോള്‍ മുന്നില്‍ അറ്റ്‌ പോയ ലക്ഷ്യങ്ങള്‍ മാത്രം..ഈഴം, തലൈവര്‍,  ശിഥിലമായ കുടുംബം..അനാഥമായ, ആരുമില്ലാത്ത ജന്മം..ശരീരത്തില്‍ ഒരു ബോംബ്‌ കെട്ടി വെച്ച് ഒരു സിംഹള കൂട്ടത്തില്‍ പൊട്ടി തെറിക്കാന്‍ മതിവദനി മോഹിച്ചു..അതിനു ബോംബ്‌ എവിടെ..ബോംബ്‌ പോയിട്ട് ഒരു ചെറിയ പടക്കം പോലും തമിഴര്‍ക്ക് ലഭ്യമല്ലാത്ത അവസ്ഥ...മുല്ലൈതീവിന്റെ പ്രേത ഭൂമിയിലേക്കുള്ള ട്രെയിനില്‍ കയറി ഇരിക്കുമ്പോള്‍ അവള്‍ക്ക് പലതും തോന്നി..ഇന്ത്യയിലേക്ക് ഒരു പലായനം, ആത്മഹത്യ, വീണ്ടും ആരെയെങ്കിലും കൊന്നു ജയിലിലേക്ക് തിരിച്ച് പോക്ക്. മുല്ലൈത്തീവ് എത്തുംമ്പോള്‍ നേരം ഇരുട്ടിയിരുന്നു..ഒരു ശ്മശാനം പോലെ പിറന്ന മണ്ണ്‍..തകര്‍ന്ന്‍ പോയ ജീവിതങ്ങള്‍..ആശ്രയമറ്റ ജീവിതങ്ങള്‍.. ഇരുട്ടിലൂടെ നടക്കുമ്പോള്‍ മതിവദനി നിഴല്‍ പോലെ കണ്ടു...യുദ്ധത്തില്‍ തകര്‍ന്ന ജി.ടി.എം. സ്കൂള്‍..തന്റെ സ്കൂള്‍..

കുറച്ച് ദിനങ്ങള്‍ക്ക് ശേഷം...

                            താത്കാലികമായി കെട്ടിയ കെട്ടിടത്തിന്‍റെ കീഴെ മണ്ണില്‍ ഇരിക്കുന്ന കുട്ടികളുടെ മുന്നില്‍ മതിവദനി ടീച്ചര്‍.പുതിയ പ്രസരിപ്പും, പുതു പുതു ലക്ഷ്യവുമായി മതിവദനി ടീച്ചര്‍.ജീവിതം ഇരുണ്ട് പോയ ആ  കറുത്ത ബോര്‍ഡില്‍ പ്രതീക്ഷയുടെ വെളുത്ത അക്ഷരങ്ങള്‍ എഴുതി ചേര്‍ത്ത് മതിവദനി പുതിയ തലമുറയെ നോക്കി..

                                              " തായ് മണ്ണ്"

                            ആയുധങ്ങള്‍ തോറ്റ മണ്ണില്‍ നിന്നും അക്ഷരങ്ങള്‍ കൊണ്ട് വിജയിക്കാന്‍ ഒരു പുതു തലമുറയെ വാര്‍ത്തെടുക്കാനുള്ള ഒരുക്കമായിരുന്നു അത്....അതൊരു പുതു തുടക്കമായിരുന്നു...തമിഴ് ദേശ വാദം അക്ഷരങ്ങള്‍ കൊണ്ട് പുനര്‍ജനിപ്പിക്കുന്ന പുതിയ വിപ്ലവമായിരുന്നു...

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ