2015, ജൂൺ 16, ചൊവ്വാഴ്ച

അഴലിന്റെ ആഴങ്ങളില്‍....





"ഈ പുഴ അപകടകാരിയാണ്...ശാന്തമായ ഒഴുക്ക് കണ്ട് ഇറങ്ങരുത്..ഒത്തിരി ജീവന്‍ കവര്‍ന്ന അടിയൊഴുക്കും, ചുഴികളും ആഴങ്ങളില്‍ മറഞ്ഞിരിക്കുന്നു..."

                പുഴയുടെ തീരത്ത് ഉറപ്പിച്ച ബോര്‍ഡില്‍ അമീര്‍ അലി ഒന്ന് കൂടി നോക്കി.പിന്നെ കണ്ണ്നീര്‍ തുടച്ച് പുഴയിലേക്ക് നോക്കി..അവിടെ നീന്തി തുടിക്കുന്ന അസ്കര്‍ അലി..അവന്‍ ഉറക്കെ വിളിക്കുന്നു..
                                   "ബാപ്പിച്ചി ...ഇറങ്ങി വാ.."

                                    "അസ്കര്‍ വേണ്ടാ മോനെ..പുഴ ചതിക്കും...അടിയൊഴുക്ക് ഉണ്ട്..."

                                     അമീറിക്ക...നിങ്ങള്‍ എന്താ പുഴ വരമ്പില്‍ നിന്ന് കിനാവ് കാണയാ..?

                 അയാള്‍ തിരിഞ്ഞു നോക്കി...ഒരു പരിചയക്കാരന്‍. എന്തോ പറയാന്‍ തുനിഞ്ഞ അയാള്‍ പുഴ വരമ്പിലെ പുതിയ ബോര്‍ഡ് കണ്ട് വിഷമത്തോടെ അമീറലിയെ നോക്കി..അയാളുടെ മൌനമായ ചോദ്യത്തിന് അമീര്‍ അലി അതെ എന്നര്‍ത്ഥം വെച്ച് തലയാട്ടി..

"അസ്കര്‍ അലി മരിച്ച ദിവസം...നാലു വര്‍ഷം മുമ്പ് ഇത് പോലെ ഒരു മഴകാലത്ത്. മഴത്തുള്ളികള്‍ താളമിട്ടു ശാന്തമായി ഒഴുകുന്ന പുഴയിലേക്ക് ഒന്ന്‍ മുങ്ങി കുളിക്കാന്‍ ഇറങ്ങിയ ചെറുപ്പക്കാരന്‍...അയാളെ കാത്ത് പുഴയിലെ ചതി ചുഴികള്‍...ആഴങ്ങളില്‍ മുങ്ങി മറയുന്നത് നോക്കി നിന്ന ഹതഭാഗ്യനായ പിതാവ്..മകന്‍റെ മയ്യത്ത് കണ്ട് സംസാരം നിലച്ച മാതാവ്‌..അമീറലി വീണ്ടും തിരിഞ്ഞു പുഴയെ നോക്കി...കുഞ്ഞോളങ്ങള്‍  നിറഞ്ഞു മോഹിപ്പിക്കുന്ന പുഴ..

                                      "അല്ല അമീര്‍ ഇക്ക..ഇത്തവണയെങ്കിലും ഉംറ..യ്ക്ക്??" അസ്കര്‍ പോയിട്ട് നാലു കൊല്ലായില്ലേ????

                                       "എല്ലാ കടമകളും നിറവേറ്റി വേണം ഹംസാ ഹജ്ജനുഷ്ടിക്കാന്‍...എന്‍റെ കടമകള്‍ ഇനിയും ബാക്കി..അസ്കര്‍ ഞങ്ങളെ വിട്ടു പോകുമ്പോള്‍ അവന്‍ മെഡിസിന് ഒന്നാം വര്‍ഷമായിരുന്നു. അവന്‍ പോയതിനു ശേഷം അവന്‍റെ ഉമ്മ ഒരു വാക്ക് മിണ്ടിട്ടില്ല..അടഞ്ഞ മുറിയില്‍ അഞ്ച് നേരം നിസ്കാരവും, പ്രാര്‍ത്ഥനയും.."

               ഹംസ ഒന്നും മനസ്സിലാകാതെ അയാളെ നോക്കി. അയാള്‍ക്ക് ഒരുത്തരം വേണം..അയാള്‍ക്ക് അറിയേണ്ടത് ഏക മകന്‍ നഷ്‌ടമായ അമീര്‍ അലിയ്ക്ക് ബാക്കിയുള്ള കടമകള്‍ എന്തെന്ന് മാത്രം..അമീര്‍ അലിയുടെ കൂടെ ഒരു യാത്രയില്‍ നിന്നും അതിനുത്തരം അയാള്‍ക്ക് കിട്ടി.പുഴ വരമ്പില്‍ നിന്നും ആ യാത്ര അവസാനിച്ചത് ജുമാമസ്ജിദ് അനാഥ ശാലയില്‍ ആയിരുന്നു...

                                        ''ബാപ്പിച്ചി....."

           ഒരു കൂട്ടം കുട്ടികള്‍ അയാള്‍ക്ക് അരികിലേക്ക് ഓടിയെത്തി..അമീര്‍ അലിയെ അവര്‍ കെട്ടി പുണര്‍ന്നു...അമീര്‍ അലി ഹജ്ജ് അനുഷ്ടിക്കാന്‍ പൂര്‍ത്തികരിക്കാന്‍ വെച്ച കടമകള്‍ ആ കുട്ടികളുടെ മുഖത്ത് ഹംസ കണ്ടു..മകന്‍ മരിച്ചതിനു ശേഷം ആ യത്തീം കുട്ടികള്‍ അയാള്‍ക്ക് മക്കളായി മാറുകയായിരുന്നു...


         ആ കൊച്ചു മുഖങ്ങളില്‍ ഹംസ അസ്കര്‍ അലിയെ കണ്ടു.അവരുടെ ബാപ്പിച്ചി  ആയ അമീര്‍ അലി വളര്‍ന്നു വലുതായി ഒരു മഹാനുഭാവനായി.കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുടച്ച് ഹംസ മുഖമുയര്‍ത്തി...കുട്ടികളുടെ കൂടെ പള്ളി തളത്തിലേക്ക് പോകുന്ന അമീര്‍ അലി...അവര്‍ക്ക് മീതെ സര്‍വ്വ ശക്തന്റെ കാരുണ്യം പോലെ മഗ്രിബ് ബാങ്ക് വിളി...ഹംസ പടിഞ്ഞാറു ദിക്കിനെ ഒന്ന് നോക്കി..വിശുദ്ധ കഅബയുടെ ചിത്രം പ്രകൃതി മസ്ജിദിനു മുകളില്‍ വരച്ചത് പോലെ അയാള്‍ക്ക് തോന്നി..അതിനു മുന്നില്‍ നിസ്ക്കാര പായയില്‍ അമീര്‍ അലിയും, മക്കളും...ഒപ്പം നന്മയുടെ പ്രകാശവും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ