2015, ജൂൺ 16, ചൊവ്വാഴ്ച

ഖസാക്ക്‌ (എടമുക്ക്)

                              


                   
                                   അയാള്‍ സ്വയം രവിമാഷ് എന്നറിയുവാന്‍ ആഗ്രഹിച്ചു.അല്പം ഉന്മാദവും, അതിലേറെ ഭാവനയുടെ ലോകവും, അതായിരുന്നു രവി എന്നറിയപ്പെടാന്‍ കൊതിച്ച രാഘവന്‍ മാഷിന്റെ പ്രകൃതം..അറിയുന്നവര്‍ അദ്ദേഹത്തെ "നൊസ്സ് മാഷ്" എന്ന് വിളിച്ചു..ഒറ്റകര മുണ്ടും, തോളില്‍ നിന്ന് കാല് വരെ അയഞ്ഞു കിടക്കുന്ന ജുബ്ബയും, വളര്‍ന്നു തൂങ്ങിയ താടിയും, മുടിയും, ബീഡി കറ പുരണ്ട ചുണ്ടും, പിന്നെ പാലക്കാടന്‍ ഭാഷയും അതായിരുന്നു രവി മാഷ്..തോളില്‍ തൂങ്ങുന്ന സഞ്ചിയില്‍ ഒരു നിധി പോലെ കൊണ്ട് നടക്കുന്ന ഖസാക്കിന്‍റെ ഇതിഹാസവും, ആ നോവലില്‍ സ്വയമര്‍പ്പിച്ച ജീവിതവും..അതിലെ പ്രധാന കഥാപാത്രമായി സ്വയം മാറിയ അവസ്ഥയും..അങ്ങിനെ അയാള്‍ അധ്യാപകനായി ജോലി ചെയ്യുന്ന കുന്നംകുളം ഗവര്‍മെന്റ് യു.പി. സ്കൂള്‍ ഏകാധ്യാപക വിദ്യാലയവും, താമസിക്കുന്ന എടമുക്ക് ഖസാക്കുമായി മാറി. ചുറ്റുമുള്ള ആളുകള്‍ നൈസാമലിയും, മൈമൂനയും, അപ്പുകിളിയും, ഖാളിയാരും, അള്ളാപിച്ച മൊല്ലാക്കയും. അയാളുടെ സങ്കല്പങ്ങളില്‍ എടമുക്കിനു മുകളില്‍ ഒരു ഖസാക്കിയന്‍ വര്‍ണ്ണങ്ങള്‍ തീര്‍ത്തു..

                             ഖസാക്കിലെ (എടമുക്കിലെ) ജീവിതം അതിരാവിലെ തുടങ്ങും..എടമുക്ക് പള്ളിയിലെ കുളത്തില്‍ കബദ്ധങ്ങള്‍ നീരാടുന്ന നേരം മുന്‍പേ പ ള്ളികാട്ടില്‍ നിന്നും സ്ഥിരം ഓരിയിടുന്ന കുറുക്കന്‍ അയാളെ എന്നും പുലര്‍ച്ച വിളിച്ചുണര്‍ത്തും ..ഉണര്‍ന്ന ഉടനെ പഴയ "രയ്മോന്ട് വെല്‍" വാച്ച് എടുത്ത് കെട്ടി , അടുപ്പില്‍ ചൂട്ടു തിരികി ചായക്ക് വെള്ളം വെക്കുന്ന സമയത്ത് കാവിലെ കതിന വെടി (കൊടുങ്ങല്ലൂര്‍ കാവ്) കേള്‍ക്കും..പിന്നെ മങ്ങിയ വെളിച്ചത്തില്‍ കട്ടനും കുടിച്ച് ഖസാക്കിന്‍റെ ഇതിഹാസത്തിലെക്ക്..ആ പുസ്തകം എത്ര വായിച്ചെന്നു അയാള്‍ക്കറിയില്ല..ഓരോ വാക്കും കാണാപ്പാഠം..പിന്നെയും വായിക്കുന്നു..അയാളുടെ ജീവിതത്തില്‍ ഏറ്റവും അധികംസമയം  ചിലവഴിച്ചത് ആ പുസ്തകത്തില്‍ ആയിരുന്നു..ആ പുസ്തകമായിരുന്നു മാഷിന്‍റെ ജീവനം..ഒമ്പത് മണിയാകുമ്പോള്‍ വാടക വീടിന്‍റെ  സമീപം ഒഴുകുന്ന പെരിയാറിന്റെ കൈവഴിയില്‍ ഒരു മുങ്ങി കുളി..പിന്നെ വേഷം ധരിച്ച് സ്കൂള്‍ ലക്ഷ്യമാക്കി ഒരു നടത്തം..വഴിയില്‍ കാണുന്നവര്‍ മുഴുവന്‍ അയാള്‍ക്ക് ഖസാക്കിലെ കഥാപാത്രങ്ങള്‍..ക്ലാസ്സിലെ കുട്ടികള്‍ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികള്‍ പോലെ..കുഞ്ഞാമിനയും, കവറയും, അപ്പുകിളിയും..മറ്റും..

                         "കുഞ്ഞാമിന ഈ യെന്താ നൊണയണ...വാളന്‍പുളിയാ??"

                         "അപ്പുകിളി നീ യാ പച്ചതുള്ളന്റെ പൊറകെ പായണ്ടാ.."

കുഞ്ഞാമിന ആ ക്ലാസിലെ സീനത്ത് ആണ്.മാഷിന്‍റെ സ്നേഹവും, വാത്സല്യവും അറിയുന്ന സീനത്ത് കുഞ്ഞാമിന ആയി സ്വയം മാറും..ഉണ്ട കണ്ണുള്ള കുഞ്ഞുണ്ണി അപ്പുകിളിയും..ക്ലാസ് മുറിയില്‍ രവി മാഷ്‌ ഒരു അറിവിന്‍റെ സമുദ്രമാണ്..അറിവുകള്‍ കുട്ടികളായ ചെറു നദിയില്‍ യഥേഷ്ടം അറിവിന്‍റെ ജല സമൃദ്ധി നല്‍കുന്ന മഹാ സമുദ്രം..അത് കൊണ്ട് തന്നെ ഉന്മാദം ബുദ്ധിയില്‍ കലര്‍ന്നിട്ടും അയാള്‍ക്ക് ആ സ്കൂളില്‍ ഒരിടം ഉണ്ടായത്..ആരും ചോദിച്ചില്ല, അദ്ദേഹം ആരാണെന്നും, അദേഹത്തിനു ആരെല്ലാം ഉണ്ടെന്നും..അദ്ദേഹം ആരോടും പറഞ്ഞില്ല അയാള്‍ക്ക് പുറകില്‍ ചായം തേക്കാതെ നോവിലുറങ്ങുന്ന ഭൂതക്കാലത്തെ പറ്റി..

                      
                        സ്കൂളിന്റെ സമീപത്തെ അറുമുഖന്റെ ചായ കടയില്‍ മാഷ് വൈകുന്നേരം വന്നിരിക്കും.."മഞ്ഞ  കാജ ബീഡിയും വലിച്ച്  ഒരു ഡബിള്‍സ്ട്രോങ്ങ്‌ ചായ കുടിക്കും..അടുത്ത് റേഷന്‍ കട നടത്തുന്ന സായ്‌വ് അദ്ദേഹത്തിനു ഖാളിയാര്‍ ആയിരുന്നു..കുറേ നേരം ഇരുളുന്ന  വരെ സംസാരിച്ചിരിക്കും..വാച്ചില്‍ സമയം ആറു മണിയായാല്‍ വേഗം നടക്കും..ആ നടത്തം അവസാനിക്കും മുന്‍പ് എട്മുക്ക് ജുമാമസ്ജിദില്‍ നിന്നും മുസ്ലിയാരുടെ ബാങ്ക് വിളി കേള്‍ക്കാം..അള്ളാപിച്ച മൊല്ലാക്ക എന്ന് മാഷിന്‍റെ ഭാഷയില്‍ നാമകരണപെട്ട മുസ്ലിയാരുടെ കൂടെ പിന്നെ കുറേ നേരം..രാത്രി ഏറെ വളരുമ്പോള്‍ വേണ്ടും ഖസാക്കിന്‍റെ പുസ്തകത്തില്‍...ആര്‍ക്കും ഒരു ഉപദ്രവമില്ലാതെ ആരോടും വഴക്കിടാതെ, എല്ലാവരെയും സ്നേഹിച്ച് അയാള്‍ സ്വയം സൃഷിച്ച ഖസാക്കില്‍ മാഷ്‌ സന്തോഷം കൊണ്ട് ജീവിച്ചു..ഒരു മൈമൂന മാത്രം രവി മാഷിന്‍റെ ജീവിതത്തില്‍ കടന്നു വന്നില്ല..പലരും മൈമൂനയാകാന്‍ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും കൊതിച്ചെങ്കിലും..അതെല്ലാം തടഞ്ഞു നിര്‍ത്താന്‍ മാഷിന്‍റെ മനസ്സിനും, ശരീരത്തിനും സാധിച്ചു.


                   അന്ന്കു ന്നം കുളം  സ്കൂളില്‍ കുട പോലെ തല വിരിയിച്ചു നില്ക്കുന്ന മട്ടി മരത്തിന്‍റെ ചുവടെ പടര്‍ന്നു പന്തലിച്ച വേരുകളില്‍ കുട്ടികളെ ഇരുത്തി രവി മാഷ് ക്ലാസ്സ് ആരംഭിച്ചു.."വള്ളത്തോളിന്റെ കവിതയിലൂടെ മാഷ് സ്വയം ലയിച്ചും, കുട്ടികളെ രസിപ്പിച്ചും ഒരു യാത്ര..കുട്ടികള്‍ മാത്രമല്ല പാചകപ്പുരയില്‍ ഉപ്പ് മാവ് ഉണ്ടാക്കി കൊണ്ടിരുന്ന സത്യഭാമ ചേച്ചിയെയും, റോഡിന്‍റെ അപ്പുറത്തെ തന്‍റെ പലചരക്ക് കടയില്‍ ഇരുന്ന്‍ ബാബു ചേട്ടനും ആവോളം വള്ളത്തോളിന്റെ കാവ്യ ഭംഗി ലഭിച്ചു..ആ രസങ്ങളെ പുകയിലും, പൊടിയിലും പടര്‍ത്തി ഒരു വാഹനം വന്നു എല്ലാ ഭംഗിയും എല്ലാ രസങ്ങളും ഇല്ലാതാക്കി..അതില്‍ നിന്നും അവര്‍ പുറത്ത് വന്നു..രവി മാഷിന്‍റെ ഭാഷയില്‍ പദ്മ...രാഘവന്‍ മാഷിന്‍റെ ഭാഷയില്‍ ഭാര്യ സുഭാക്ഷിണി..പേര് അന്വര്‍ഥമാക്കി അവരുടെ വായില്‍ നിന്നും വീണ വാക്കുകള്‍.


                               "അവളെ ഞാന്‍ കൊണ്ട് പോകുന്നു...ഇനി കാണാന്‍ വരരുത്..നിങ്ങള്‍ ഖസാക്കും കെട്ടി പിടിച്ച് ജീവിച്ചോ..ജനിപ്പിക്കാന്‍ കാണിച്ച ഉത്സാഹം വളര്‍ത്താന്‍ കാണിക്കാതെ പ്രാന്തനെ പോലെ ജീവിച്ചോ..എന്റെ ജന്മം പാഴാക്കാന്‍ എനിക്ക് വയ്യ..ഞാനും പുതിയൊരാളെ കണ്ടെത്തിയിരിക്കുന്നു..ഞങ്ങളുടെ നിഴലിനെ പോലും ശല്യം ചെയ്യാന്‍ വന്നേക്കരുത്"


                 അന്ന്‍ മാഷ് തിരികെ പോകുമ്പോള്‍ കുട്ടികളും പിന്നില്‍ കൂടി..മാഷിന്‍റെ മുഖത്ത് നോക്കി അതിലൊരു കുസൃതി ചോദിച്ചു..


                                  "മാഷിന് ശരിക്കും പിരാന്ത് ആയതോണ്ടാ മാഷിന്‍റെ കെട്ട്യോളും കുട്ട്യോളും ഉപേക്ഷിച്ച് പോയത്"  

             
                  മാഷ് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല..നടക്കുമ്പോള്‍ എല്ലാവരെയും നോക്കി ചിരിച്ചു..ഖളിയാറിനോടും, അള്ളാപിച്ച മോല്ലക്കയോടും വിശേഷം പറഞ്ഞു..പിന്നെ സ്വയം സൃഷ്ടിതമായ ഖസാക്കില്‍ എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ച ദൈവങ്ങളെ സ്മരിച്ച് തന്റെ വീടിനകത്തേക്ക്..പൊട്ടി ഒഴുകുന്ന കണ്ണുകള്‍, വേദന ഇരച്ച് കയറുന്ന ഓര്‍മ്മകള്‍..ചുമരില്‍ നഷ്ടപ്പെട്ട വസന്തക്കാലം പോലെ ജീര്‍ണ്ണിച്ച വിവാഹ ഫോട്ടോ...വൃത്താകൃതിയിലുള്ള പ്ലാസ്റ്റിക് കസേരയില്‍ കറുത്ത പോട്ട് തൊട്ട് കൊച്ചരി പല്ലുകള്‍ കാണിച്ച്ചിരിച്ചിരിക്കുന്ന ഒരു കുരുന്നിന്റെ മറ്റൊരു ചിത്രം...വേദന നിറഞ്ഞ ചിത്രങ്ങള്‍.

                 അന്നാദ്യമായി മാഷ് "ഖസാക്കിന്‍റെ ഇതിഹാസം " എന്ന ജീവനാടിയെ നോക്കിയില്ല...ബീഡി പുകച്ചും, ചിന്തിച്ചും, ചുമച്ചും  നേരം കളയാന്‍ നോക്കുമ്പോള്‍പുറത്തെ നിലാവില്‍ എവിടെ നിന്നോ "അമര്‍ പ്രേം" വരികള്‍ ...

    "കുച്ച് തൊ ലോഗ് കഹേന്ഗെ, ലോഗോം കാ കാം ഹേ കെഹ്നാ..
     ചോടോ ബേക്കാര്‍ കി ബാത്തോം മേം കഹെന്‍ ബീത് നാ ജായെ രയിനാ.."

               പിന്നെ മാഷിന് പിടിച്ചു നില്ക്കാന്‍ സാധിച്ചില്ല...കണ്ണീര്‍ തുടച്ച് ബാഗില്‍ നിന്നും ആയ നിധി പുറത്ത് എടുത്തു...ആദ്യ പേജില്‍ തൊട്ടപ്പോള്‍ മാഷിനു എല്ലാ ദുഖങ്ങള്‍ക്കും മരുന്ന്‍ നല്‍കിയ പോലെ ഒരാവേശം വിരലില്‍ നിന്നും മനസ്സിലേക്ക് പടര്‍ന്നു...ആ നിര്‍വൃതിയില്‍ ''വഴിയമ്പലം തേടി" എന്ന ഒന്നാമത്തെ അദ്ധ്യായം...

       "കൂമന്‍ കൊല്ലിയില്‍ ബസ്സ്‌ ചെന്ന്‍ നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല..അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ചു ഏറു മാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതി കാണണം..""

             വരികള്‍ മുന്നോട്ട് പോകുന്തോറും രാഘവന്‍ മാഷ് രവി മാഷായി മാറി കൊണ്ടിരുന്നു..ആ സാങ്കല്പിക പരിണാമ പ്രക്രിയയുടെ ചുവട് പിടിച്ച് എട്മുക്കും പതുക്കെ ഖസാക്കായി രൂപ പരിണാമം തുടങ്ങി..അവര്‍ക്ക് മുന്നില്‍ അവശേഷിച്ച വെളിച്ചത്തിലേക്ക് ഖനീഭവിച്ച ഇരുട്ട് പടര്‍ന്ന്‍ ഖസാക്ക് ഉറങ്ങാന്‍ തുടങ്ങി.....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.....

                   

                                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ