2016, മാർച്ച് 14, തിങ്കളാഴ്‌ച

മനസ്സറിയാതെ ചില പുണ്യം...





                                      ഇരുപത് പൈസയുടെ നാണയത്തിലേക്കും, പിന്നെ എന്‍റെ മുഖത്തേക്കും അവരൊന്നു മാറി മാറി നോക്കി..

         "ഹോ പിച്ചക്കാരിക്ക് നീയ് കൊടുത്ത ഇരുപത് പൈസ ഇഷ്ടായില്ലടാ"

                                      അമ്പല നടയില്‍ നിന്നും പുഷ്പാഞ്ജലി പ്രസാദം വാങ്ങി പരീക്ഷ നന്നായിരിക്കാന്‍ പ്രാര്‍ത്ഥിച്ച് തെക്കേ നടയിലേക്ക് നടക്കുമ്പോള്‍ ഭിക്ഷക്കാരി തള്ള ബസ്സ്‌ പാര്‍ക്കിങ്ങില്‍ തെണ്ടി നടക്കുന്നത് കണ്ടു..ഒരാളേയും വിടുന്നില്ല.എല്ലാവരുടെയും മുന്നില്‍ കൈ നീട്ടുന്നു...

        "ഇവറ്റകള്‍ക്ക് പത്ത് പൈസ കൊടുക്കരുത് ഹരീ...ആ സഞ്ചീല് നെറയെ കാശാ...എന്തോരം കിട്ട്യാലും പിന്നേം പിന്നേം തെണ്ടും..ഇന്നാള് തുശൂരു ഒരു പിച്ചക്കാരന്‍ വടിയായപ്പോ സഞ്ചീന്ന്‍ കിട്ടീത് ലക്ഷങ്ങളാ..."

                                       കൂട്ടുകാരന്റെ വാക്കുകള്‍ കേട്ട് കിഴക്കേ നടയിലെ മംഗള ഹോട്ടലിലേക്ക് നടക്കുമ്പോള്‍ പിന്നെയും കുറേ ഭിക്ഷക്കാര്‍ പിന്നാലെ കൂടി..കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ അടുത്തിടെയാണ് ഇവരുടെ എണ്ണം കൂടിയത്...ഭരണി അടുത്തതോടെ കുറേ പുതിയ മുഖങ്ങള്‍..

     "അല്ലടാ ശ്രീത്തെ (ശ്രീജിത്ത്) നീ കണ്ടാ..ആ തള്ളാരേ കണ്ടാ ആരും പറയൂല..പിച്ചക്കാരിയാന്നു..നല്ല ഐശ്വര്യമുള്ള സ്ത്രീ.."

     "കണ്ണ്‍ തെറ്റ്യാ കക്കണ വര്‍ഗ്ഗാ..കഴിഞ്ഞ ദെവസം ചന്തപ്പെരേല് ഒരുത്തിയെ കെട്ടിയിട്ടാ തല്ലീത്...അടുക്കള പൊറത്ത് കഴുകാന്‍ വെച്ച പാത്രം കട്ടിട്ട്.."

                                       മംഗള ഹോട്ടലില്‍ നിന്നും മസാല ദോശയും, ചായയും തട്ടി നിറഞ്ഞ വയറോടെ ഇറങ്ങി വരുമ്പോള്‍ പിന്നെയും കണ്ടു അവരെ..തെക്ക് നിന്നും വന്ന ഒരു തീര്‍ഥാടക സംഘത്തിനു മുന്നില്‍ കൈ നീട്ടി കൊണ്ട്..കയ്യില്‍ ബാക്കിയുള്ള ചില്ലറ പൈസ കൊണ്ട് രണ്ട്‌ വലിക്കോല് (വില്‍സ്) വാങ്ങി പോക്കറ്റില്‍ തിരുകുമ്പോള്‍ അവരേ അടുത്ത് കണ്ടു...ഉള്ളം കയ്യില്‍ അപ്പോഴും ഞാന്‍ കൊടുത്ത ഇരുപതിന്‍റെ നാണയം...

                                       വൈകീട്ട് പഠിക്കാന്‍ ഇരിക്കുമ്പോള്‍ രണ്ട്‌ വട്ടം കാളിങ്ങ് ബെല്‍ അടിച്ചത് കൊണ്ട് മാത്രം ദേഷ്യത്തോടെ എഴുന്നേറ്റ് വരാന്തയില്‍ ചെന്നപ്പോള്‍ മുറ്റത്ത് ഭിക്ഷ ചോദിച്ച് അവര്‍ വീണ്ടും...അടുക്കളയില്‍ നിന്നും ഭിക്ഷക്കാരി ആകുമെന്ന ഉറപ്പോടെ പാട്ടയില്‍ നിന്നും ഒരു അമ്പത് പൈസ തുട്ട് കണ്ടെടുത്ത് പിന്നാലെ അമ്മയും..അമ്മയുടെ അമ്പത് പൈസ തുട്ട് കണ്ടത് കൊണ്ട് മാത്രം ഞാന്‍ വിലക്കി...

    "അമ്മേ..കൊടുക്കര്ത്...ഇവര്‍ക്ക് ഞാന്‍ കാലത്ത് കൊടുങ്ങല്ലൂര്‍ അമ്പല നടയില്‍ വെച്ച് ഇരുപത് പൈസ കൊടുത്തതാ..."

                                        അമ്മയുടെ ചലനം ആ വാക്കുകളില്‍ അവസാനിച്ചു..അവര്‍ ദൈന്യതയോടെ അമ്മയെ നോക്കി..പിന്നെ കുറച്ച് ദേഷ്യത്തോടെ എന്നേയും.."

    "ചേച്ചി... ഇവറ്റകള്‍ കൊറേ വന്നിട്ടുണ്ട്..തമിഴ് നാട്ടീന്ന്.അവടെ കപ്പലണ്ടി കൃഷീം ചെയ്യ്ത് ഇങ്ങോട്ട് പോരും...എന്നിട്ട് വിളവെടുപ്പിന്റെ സമയം വരെ തെണ്ടല്‍...കാശ് കൊറേ ഉണ്ടാക്കി തിരികെ പോകും..."

                                        എന്‍റെ സഹായത്തിന് ആളെത്തിയിരിക്കുന്നു..പറമ്പില്‍ കൈ കൊട്ട് പണിക്ക് വന്ന അബുക്ക..അവര്‍ അബുക്കയുടെ വാക്കുകള്‍ കേട്ട് അങ്ങേരെയും ഒന്നിരുത്തി നോക്കി..

  "ഇങ്കെ ഒന്നുമേ ഇല്ല..നീങ്കെ പോ"

                                          അറിയുന്ന തമിഴില്‍ അബുക്ക പ്രാവിണ്യം അറിയിച്ച് അബുക്ക പറഞ്ഞപ്പോള്‍ അതെനിക്ക് ഒരാശ്വാസം പോലെയായി..

   'മോളെ പഴേ തുണി വല്ലതും കിട്ടാനുണ്ടോ..കൊച്ചു കുട്ടികള്‍ക്ക് പാകാവുന്ന"

                                        നല്ല മലയാളം കേട്ടത് കൊണ്ടാകണം ആദ്യം മുങ്ങിയത് അബുക്കയാണ്..ഞാനും അത് വരെ ധരിച്ചത് അവര്‍ തമിഴ് നാട് സ്വദേശിയാണെന്നാണ് ..എല്ലാ ധാരണകളും കാറ്റില്‍ പരത്തി നല്ല പച്ച മലയാളം ദാ വരുന്നു..

  'ഇവിടത്തെ കൊച്ച് ദേ ഈ നിക്കുന്നോനാ...വയസ്സ് പതിനേഴ്‌ കഴിഞ്ഞ്...ഇവന്‍റെ പഴേത് മതിയോ..."

                                        അമ്മയോട് വേണ്ടെന്ന്‍ പറഞ്ഞ് വേച്ച് വേച്ച് അവര്‍ പോകുമ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ അവ്യക്തമായി ഞാന്‍ കേട്ടു..

   "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..."

                                             പിന്നെ പിന്നെ എല്ലാ ആഴ്ചകളിലും അവര്‍ വീട്ടില്‍ ഭിക്ഷ യാചിച്ച് വരാന്‍ തുടങ്ങി...പലപ്പോഴും കൊടുങ്ങല്ലൂര്‍ ക്ഷേത്ര നടയിലും കണ്ടു..സ്ഥിരം വരവായപ്പോള്‍ ഇരുപത് പൈസ ക്വോട്ട വേഗം മാറി പത്ത് പൈസയായി മാറി..ഒരു നോട്ടം നോക്കി അതും വാങ്ങി അവര്‍ പിന്നെയും വീടുകള്‍ തേടി തെണ്ടാന്‍ നടന്നു..

                                            കുറേ നാളുകള്‍ക്ക് ശേഷം പരീക്ഷ കഴിഞ്ഞ് വരുമ്പോള്‍ വീണ്ടും ആ പിച്ചക്കാരിയെ ബസ്സില്‍ വെച്ച് കണ്ടു.നല്ല വേഷത്തില്‍..

    'ടാ..നമ്മുടെ പിച്ചക്കാരിയെ കണ്ടാ...എന്താ പത്രാസ്...നമ്മള് കൊടുക്കണ ചില്ലറ കൊണ്ട് ചെത്തി നടക്കേണ്...'

                                           കൂട്ടുക്കാരന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ സത്യം തോന്നി..ഇനി മുതല്‍ ഇവര്‍ക്ക് പത്ത് പൈസ കൊടുക്കുന്നത് പോലും നിര്‍ത്തിക്കണം. ബാറിനു മുന്നിലെ സ്റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്തിയപ്പോള്‍ അവര്‍ ചാടിയിറങ്ങി..അവര്‍ പിന്തുടരാന്‍ വേണ്ടി ഞങ്ങളും..അവിടെ നിന്നും നടന്ന്‍ മുന്നോട്ട് പോയി അവര്‍ ഒരു കടയില്‍ നിന്നും കുറേ മിട്ടായികളും,ബിസ്കറ്റും വാങ്ങി പിന്നെയും മുന്നോട്ട് നടന്നു..പിന്നാലെ ഞങ്ങളും..ആ ചലനം അവസാനിച്ചത് "ബാല്യ ബാലികാ സദനത്തിന് മുന്നില്‍...അവരെ കണ്ടതും ...

   "മുത്താച്ചിയമ്മേ....."

                                       പ്രായ ഭേദമന്യേ കുട്ടികള്‍..എല്ലാം മറഞ്ഞിരുന്നു കണ്ടപ്പോള്‍ മനസ്സില്‍ വീണ്ടും കൗതുകം തോന്നി..ആരാണാവര്‍??എന്തിന് ഈ അനാഥ മന്ദിരത്തില്‍ വന്നു.??ചിലപ്പോള്‍ മനസ്സും, സമയവും ചേര്‍ന്ന്‍ ചിലരെ തെറ്റിദ്ധരിക്കും...പിന്നീട് തിരുത്തും..അത് പോലെ ഒരു തിരുത്തലിന് വേണ്ടി അവര്‍ അവിടെ വിട്ട് പോകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു..

   "നിങ്ങള്‍ക്ക് അവരെ പറ്റി എന്തറിയാം കുട്ടികളെ?? നിങ്ങള്‍ കണ്ടത് അവരെ ഒരു പിച്ചക്കാരിയായി മാത്രം..അതിനപ്പുറം ഒന്നുമറിയില്ല..അല്ലെങ്കില്‍ അറിയാന്‍ ശ്രമിച്ചിട്ടില്ല..."

   "അവര്‍ നിങ്ങള്‍ക്ക് മുന്നില്‍ യാചിക്കാന്‍ വരുന്നത് ഇവിടെ കുട്ടികള്‍ക്ക് വേണ്ടിയാണ്‌...നിങ്ങള്‍ പുകവലിച്ചും, സിനിമ കണ്ടും, ഭക്ഷണം കഴിച്ചും കളയുന്ന പൈസയുടെ ഒരു ചെറിയ ഭാഗത്തിന് വേണ്ടി മുന്നില്‍ കൈ നീട്ടി വരുന്നത് ഈ കുട്ടികള്‍ക്ക് വേണ്ടിയാണ്..ഇവരുടെ ഭക്ഷണത്തിനും, സംരക്ഷണത്തിനും വേണ്ടിയാണ്..വര്‍ഷങ്ങളായി എല്ലാ ആഴ്ചയിലും അവര്‍ അവര്‍ക്ക് ഭിക്ഷയായി കിട്ടുന്ന  ചില്ലറ തുട്ടുകള്‍ ഇവിടേക്ക് കൊണ്ട് വരാന്‍ തുടങ്ങിയിട്ട്.....വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ നിന്നും അവര്‍ സ്വയം തിരഞ്ഞെടുത്ത വഴി"

                                    അത് വരെ വീര്‍പ്പ് മുട്ടി നിന്ന മനസ്സ് കണ്ണുകളിലേക്ക് മഴ മേഘങ്ങള്‍ നിറച്ച് പെയ്യിക്കാന്‍ തുടങ്ങിയിരിക്കുന്നു...ഉരുണ്ട വീഴുന്ന കണ്ണ് നീര്‍ തുള്ളികള്‍ മീതെ വീണ്ടും ചില വാക്കുകള്‍...

   "ഒരു പക്ഷെ ഈ കാര്യം നേരിട്ട് നിങ്ങള്‍ക്ക് മുന്നില്‍ വന്നു പറഞ്ഞാല്‍ , സഹായം ചോദിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഒന്നും നല്‍കില്ല..കാരണം മനുഷ്യന്‍ അങ്ങിനെയാണ്...ആവശ്യങ്ങള്‍ക്ക് അല്ല, അനാവശ്യങ്ങള്‍ക്കാണ് അവനെന്നും മുന്‍ഗണന..''ഓരോരുത്തരും നല്‍കുന്ന ഭിക്ഷയെ പറ്റി അവര്‍ പറയുന്ന ഒരു വാക്കുണ്ട്..."

    ''എനിക്ക് നേരെ അവരെല്ലാം നീട്ടുന്ന തുട്ടുകള്‍ക്ക് അവരറിയാതെ ഒരു ദൈവാനുഗ്രഹം  അവരില്‍ തന്നെ ചെന്നു ചേരുമ്പോള്‍ കൂടുതല്‍ മനസ്സിന് സു ഖം....അവരറിയാതെ ചെയ്യുന്ന ഒരു പുണ്യ പ്രവര്‍ത്തിയുടെ അനുഗ്രഹം അവര്‍ക്ക് തന്നെ ചെന്ന്‍ ചേരുന്ന നിര്‍വൃതി....."

                           നിറയുന്ന കണ്ണുകള്‍ക്ക് മീതെ തൂവാല പിടിച്ചിരിക്കുമ്പോള്‍ വീണ്ടും അവരുടെ വാക്കുകള്‍...ഒരു മാറ്റം നിറച്ച വാക്കുകള്‍...

    "മക്കളെ...പലരും ജീവിതത്തില്‍ സുഖം നഷ്ടപ്പെടുമ്പോള്‍ ആള്‍ ദൈവങ്ങളായ അച്ഛനേയും, അമ്മയേയും ...ജീവന കലയേയും തേടി പോകുന്നു..യഥാര്‍ത്ഥ ദൈവങ്ങള്‍ ഇവരെ പോലെ തെരുവിലലയുന്നു...ദൈവം പിറവി കൊടുത്ത അനാഥരായ കുഞ്ഞുമക്കളെ വളര്‍ത്താന്‍ വേണ്ടി.അവരെ സനാഥരാക്കാന്‍ വേണ്ടി...."


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...






                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ