2015, ജൂലൈ 23, വ്യാഴാഴ്‌ച

യാഥാര്‍ത്ഥ്യങ്ങളില്‍ വീശിയ കാറ്റ്...

                                              2013   നവംബര്‍ 9, ഗയാന്‍, ഈസ്റ്റ്‌ സമര് ദ്വീപ്‌..



              ആബേല്‍  ലനേറ്റ കടല്‍ തീരത്ത് ചെളി മണ്ണില്‍ കൈകള്‍ കുത്തി ആകാശത്തെക്ക് നോക്കി ഉറക്കെ കരഞ്ഞു..

                       "ഹേ..ദൈവ പുത്രാ..എവിടെ എന്‍റെ പ്രിയതമ...അവളെ എനിക്ക് തിരിച്ച് നല്‍കേണമേ..അവളില്ലാതെ എനിക്കൊരു ജീവിതമില്ല..."
           
              ആ മണ്ണില്‍ കുഴഞ്ഞു വീണ ആബേലിനെ ഒരു റെഡ് ക്രോസ് അംഗം പിടിച്ചുയത്തി..അവനു നേരെ ഒരു കുപ്പി ശുദ്ധ ജലം അയാള്‍ നീട്ടി..ആബേല്‍ അത് വാങ്ങി കൊതിയോടെ കുടിച്ചു..മൂന്ന്‍ ദിവസമായി കുടിക്കുന്ന മലിനമായ ഉപ്പ് വെള്ളത്തിന്റെ രുചി മറന്ന്‍ അയാള്‍ ആ കുപ്പി കാലിയാക്കി..അയാളെ താങ്ങി റെഡ് ക്രോസ് അംഗം തകര്‍ന്ന ഭരങ്ങായ് കാഴ്ചകളിലൂടെ മുന്നോട്ട്..തകര്‍ന്ന്‍ കിടക്കുന്ന വീടുകള്‍..എങ്ങും ചീഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധം...കടപുഴകിയ മരങ്ങള്‍...പാവപെട്ട ഒരു ഫിലിപ്പീന്‍ ഗ്രാമം മുഴുവന്‍ തുടച്ച് മാറ്റിയ കാറ്റ്..."ഹയാന്"..ജീവന്‍ തിരിച്ച് കിട്ടിയവര്‍ തങ്ങളുടെ ഉറ്റവരെ തേടി അലയുന്ന കാഴ്ച...എല്ലാ ഞായര്‍ ദിനത്തിലും ഒത്ത് കൂടുന്ന ഇടവക പള്ളി തകര്‍ന്ന്‍...അതിനിടയില്‍ ഒടിഞ്ഞു തൂങ്ങിയ ക്രൂശിത രൂപം..അപ്പോഴും ആബേല്‍ കണ്ടു...ആ രൂപത്തിന്‍റെ കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കം...അവന്‍ ഉറക്കെ കരഞ്ഞു...

                          "ഹേ...ഇസബെല്‍ നീ എവിടെയാണ്...?


                       2013 നവംബര്‍ 5, ബവാന്‍,ബാതാങ്ങസ് ദ്വീപ്‌...



                                       
                         "വലിയ ഒരു കൊടുങ്കാറ്റ് ഫിലിപ്പീസിലൂടെ കടന്നു പോകാന്‍ തയ്യാറെടുക്കുന്നു..പസഫിക്ക് ട്യ്ഫൂണ്‍ സീസണില്‍ ഏറ്റവും ഭീകരവും, അഞ്ചാം  കാറ്റഗറിയില്‍ പെട്ട കാറ്റ്..ഒരു പക്ഷെ ഇത് വരെ ലോകം കണ്ടെതില്‍ വെച്ച് ഏറ്റവും ഭീകരം..ജോയിന്റ് ട്യ്ഫൂണ്‍ വാണിംഗ് സെന്‍റര്‍ കണക്ക് കൂടിയത് പ്രകാരം നവംബര്‍ 7-ന് ഈസ്റ്റ്‌ സമറില്‍ രാത്രിയോടെ കരയില്‍ പതിക്കും..ഒരു പക്ഷെ ഭീകരമായ ഒരു രാത്രി..രാജ്യത്തിലെ മുഴുവന്‍ ദ്വീപിനേയും ബാധിക്കുന്ന ഈ കാറ്റ് നമ്മുടെ യാര്‍ഡിലും ബാധിക്കും..അത് കൊണ്ട് നമുക്ക് ഒത്തിരി മുന്‍കരുതലുകള്‍ എടുക്കേണ്ട സാഹചര്യം ആണ്..."

             ഇ.എസ്.എച്ച്. (environment safety and health) മാനേജര്‍ റോസ്സ് ബേക്കര്‍ മാനെജ്മെന്റ് മീറ്റിങ്ങില്‍ പറഞ്ഞ വാക്കുകള്‍ ആലോചിച്ച് ഓഫീസിലേക്ക്..ഇവിടെ ഞാന്‍ മാത്രമല്ല..boom ടൌണിലെ വീട്ടില്‍ ഭാര്യയും, രണ്ട്‌ മക്കളും..ഇളയ മകള്‍ അന്നുവിന് 5 മാസം മാത്രം പ്രായം..സ്വന്തം കുടുംബത്തെ കുറിച്ച് ആലോചിച്ച് ഓഫീസിനു മുന്നില്‍ എത്തിയപ്പോള്‍ ആബേല്‍ ലനേറ്റ മുന്നില്‍..നല്ലൊരു ലീഡ് മെക്കാനിക്ക്..അതിനൊപ്പം തന്നെ എല്ലാ കാര്യത്തിലും മുന്നില്‍ നില്ക്കുന്ന ആ ചെറുപ്പക്കാരന്‍റെ കണ്ണില്‍ ഒരു ഭീതി ഒളിഞ്ഞ് കിടക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...അയാള്‍ മുഖ വരയില്ലാതെ കാര്യം തുറന്നു പറഞ്ഞു...

                      "എനിക്ക് നാട്ടില്‍ പോകണം..കൊടുങ്കാറ്റ് വരുന്നുവെന്ന വാര്‍ത്ത കേള്‍ക്കുന്നു...വീട്ടില്‍ എന്റെ ഭാര്യ മാത്രം..അവള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്..ഹരീഷ് സാര്‍..എനിക്ക് പോകണം...സമറില്‍ ആണ് എന്റെ കുടുംബം..കുടുംബം എന്ന് പറയാന്‍ ഒന്നുമില്ല...ആദ്യം അച്ഛന്‍, പിന്നെ സഹോദരിമാര്‍, പിന്നെ അമ്മ..കഴിഞ്ഞ തവണ കാറ്റ് വീശിയപ്പോള്‍ എന്റെ രണ്ട്‌ മക്കള്‍...എല്ലാം പ്രകുതിയുടെ കലിയില്‍...ഈ ഭൂമിയില്‍ തന്നെ ഇത്രയും ദുരിതം നിറഞ്ഞ മറ്റൊരു സ്ഥലം ഉണ്ടാവില്ല...വര്‍ഷത്തില്‍ തഗലോഗില്‍ പതിക്കുന്ന ഒരു ഡസന്‍ കാറ്റുകള്‍..അവയില്‍ ഭൂരിഭാഗവും കലിയോടെ കരയില്‍ പതിക്കുന്ന സ്ഥലമാണ്..സമര്..."

            അവന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ മറ്റൊന്നും തോന്നിയില്ല..പോകാന്‍ അനുവാദം നല്‍കി..എനിക്ക് എന്റെ കുടുംബം പോലെ അവനു അവന്‍റെ കുടുംബം..എന്തായാലും വീശാന്‍ പോകുന്ന വിപത്തിനെ നേരിടുന്ന അബേലിനെ പോലെയുള്ളവര്‍ എനിക്ക് ധൈര്യം തന്നു..അങ്ങിനെ വാര്‍ത്തകളും, ഭീതിയുമായി....    

                                         2013 നവംബര്‍ 7, ഗയാന്‍








            ആബേല്‍ രാവിലെ മുതല്‍ പള്ളിയില്‍ തന്നെ ചടഞ്ഞിരുന്നു..അടുത്ത് പൂര്‍ണ്ണ ഗര്‍ഭിണിയായ ഇസബെല്ലും...അവളുടെ കണ്ണുകളില്‍ ഭൂതകാലത്ത് വീശിയടിച്ച കാറ്റുകള്‍ വിതച്ച വേദന...രണ്ടു കുട്ടികള്‍ അവരെ ദൈവം തിരിച്ചെടുത്തു...ഒരു കാറ്റിന്റെ രൂപത്തില്‍...ഇനിയും...അറിയില്ല...ഗയാന്റെ തീരങ്ങളില്‍ ജീവിക്കുന്ന ആയിരകണക്കിന് പാവങ്ങള്‍ക്ക് അറിയാത്ത ആ ഉത്തരം..കാലത്ത് മുതല്‍ വരാന്‍ പോകുന്ന മഹാവിപത്തിന്റെ സൂചന പോലെ ചെറിയ കാറ്റുകള്‍..കുര്‍ബാന സമയത്ത് അച്ഛന്‍ പോലും നിരവികാരനായ് ..എല്ലാ കണ്ണുകളും ഭയം നിറഞ്ഞ്..ആരും ശബ്ദിക്കാന്‍ പോലും കഴിയാതെ..പലരും ഒഴിഞ്ഞ് പോകുന്നു...പണക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ രാജ്യം വിട്ട് മറ്റിടങ്ങളില്‍..മറ്റ് ചിലര്‍ മനിലയിലെക്ക് പോയിരിക്കുന്നു..നഗരം ഭരിക്കുന്ന മേയര്‍, കൊണ്ക്രസ് മാന്‍, ഭരങ്ങായ്‌ ക്യാപ്റ്റന് അവരെല്ലാം നാട് കടന്ന്‍ സുരക്ഷിത സ്ഥലം തേടി പോയിരിക്കുന്നു..പാവങ്ങള്‍ മാത്രം ആ മണ്ണില്‍...അവര്‍ വീട് വിട്ട് പള്ളി മേടയില്‍..ആരും ഭക്ഷണം പോലും കഴിക്കാതെ ആ മഹാവിപത്തിനെ അതി ജീവിക്കാന്‍ പ്രാര്‍ത്ഥനയോടെ...

                 "കരയില്‍ പതിച്ചു..."

        രാത്രിയുടെ മറവില്‍ ഒരു ഭീതി നിറഞ്ഞ ശബ്ദം പള്ളി മേടയില്‍ കേട്ടു..അതിന്റെ തുടര്‍ച്ചയായി തെങ്ങ് ഒടിഞ്ഞ് വീഴുന്ന ശബ്ദം..എല്ലാവരും ഉറക്കെ പ്രാര്‍ത്ഥിച്ചു..അടുത്ത കാറ്റിന്‍റെ ശക്തിയില്‍ മേല്‍കൂര ഒന്ന്‍ ഇളകി മാറി..വലിയ നിലവിളികള്‍..ആര്‍ത്ത നാദങ്ങള്‍..പള്ളിയുടെ മേല്‍കൂര പറന്നു പോകുന്നത് കണ്ടപ്പോള്‍ ആബേല്‍ ഇസബെല്ലിനെ പിടിച്ച് പുറത്തിറങ്ങി..പള്ളിയ്ക്കുള്ളില്‍ നിന്നും രോദനങ്ങള്‍...വെളിച്ചമില്ലാത്ത വീഥികള്‍...അവളെ ചേര്‍ത്ത് പിടിച്ച് ഒരു വലിയ മരത്തിനു അടിയില്‍..ഒരു വേള ഇസബെല്‍ വേദനയോടെ വാവിട്ടു കരഞ്ഞു...വയര്‍ പൊത്തി പിടിച്ച്..പള്ളിയില്‍ നിന്നും മരത്തിനടിയില്‍ വന്ന ആരോ വിളിച്ച് പറഞ്ഞു...

            "പ്രസവ വേദന..."

       ആബേല്‍ നിശ്ചലന്‍..ഒന്നും പറയാന്‍ കഴിയാതെ പള്ളി മേടയില്‍ അവശേഷിക്കുന്ന കുരിശിനെ നോക്കി..അത് ഒന്ന്‍ ഇളകിയാടി തകര്‍ന്ന്‍ താഴെ വീണു..ആരോ ഒരാള്‍ അയാളെ പിടിച്ച് വലിച്ച്...

           "വാ നമുക്ക് ജിപ്പിനി എടുത്ത് കൊണ്ട് വരാം..ഇവരെ എങ്ങിനെയെങ്കിലും ആശുപത്രിയില്‍ ..എത്തിക്കണം." ജിപ്പിനി കൊണ്ട് വരാന്‍ അയാളുടെ കൂടെ കാറ്റിനെ മറി കടന്ന്‍...മുന്നില്‍ തകര്‍ന്ന്‍ വീണ വീടുകള്‍, മരങ്ങള്‍, പറന്നു പോകുന്ന മേല്‍ക്കൂരകള്‍...അയാളുടെ ജിപ്പിനിയില്‍ കയറിയതും വീശിയ കാറ്റ് ജിപ്പിനിയെ മൊത്തം ഉയര്‍ത്തി താഴെ വെച്ചു..അടുത്ത കാറ്റിന് മുന്പ് ..അയാള്‍ ജിപ്പിനി സ്റ്റാര്‍ട്ട്‌ ചെയ്തു ഒരല്പം മുന്നില്‍ പോയതും അടുത്ത കാറ്റില്‍ വാഹനം തല കീഴായ്‌ മറിഞ്ഞ്...ഒരു കടലാസ്സ് കഷ്ണം പോലെ ദൂരേക്ക്...അതില്‍ നിന്നും തെറിച്ച് പോയ ആബേല്‍ ബോധരഹിതനായി നിലംപതിച്ചു..കാറ്റ് പിന്നെയും വീശി...എല്ലാം തകര്‍ത്ത്...ഗയാനും, ടാക്ലോബാനും,ലെയ്തിയും ശവ പറമ്പുകള്‍ ആയി...





          ‍

                                      2013 നവംബര്‍ 10, മാസലോഗ്, ഈസ്റ്റ്‌ സമര്....

          എല്ലാം നഷ്‌ടമായ വേദനയില്‍ ആബേല്‍ പ്രാണ വേദനയോടെ അവിടെ മൊത്തം അലഞ്ഞു..തിരിച്ചറിയാനാകാത്ത ശരീരങ്ങള്‍..ദുര്‍ഗന്ധം നിറഞ്ഞ ഭൂമി..എല്ലാം തകര്‍ത്ത് തരിപ്പണമായ തന്‍റെ ഭൂമി...മാസലോഗ് ടൌണ്‍ ഹാളില്‍ അയാള്‍ക്ക് ഇസബെല്ലിനെ കണ്ടെത്താനായില്ല..കലിയടങ്ങി തെളിഞ്ഞ് നില്‍ക്കുന്ന ആകാശത്തെക്ക് അയാള്‍ നോക്കി...ദൈവകൃപ പോലെ ഒരു കുരിശടയാളം പോലെ വെട്ടി തിളങ്ങി ചലിക്കുന്ന ഒരു വിമാനം..അവനു തോന്നി സര്‍വശക്തനായ ദൈവത്തിന്‍റെ അടയാളമെന്ന്..അവന്‍ കൈ കൂപ്പി..ഉറക്കെ വിളിച്ചു...

                         "എവിടെ എന്‍റെ പ്രിയതമ...നീ എവിടെ പോയി ഇസബെല്‍...
                           നാഥാ..എനിക്ക് നീ വഴി കാണിക്കൂ..."

       അയാള്‍ മൃതപ്രായനായ് നടന്ന് മുന്നില്‍ നീങ്ങിയപ്പോള്‍ ടൌണ്‍ ഷിപ്പിന്റെ പുറത്ത് ഒരു മരത്തിനു കീഴെ കുറേ പേര്‍...പരിക്ക് പറ്റിയവര്‍..മുറിവ് വെച്ച് കെട്ടിയവര്‍..മരത്തില്‍ കെട്ടിയ ഒരു തൊട്ടിലില്‍ കിടക്കുന്ന ഒരു കുഞ്ഞിനെ അവര്‍ തലോലിക്കുകയായിരുന്നു...അയാള്‍ വെറുതെ അവിടേക്ക് നോക്കി..ഒരു കുഞ്ഞ്..ചോരാകുഞ്ഞു...വെച്ച് വെച്ച് ആബേല്‍ അങ്ങോട്ട് നടന്നു..എത്തി നോക്കി..സുന്ദരനായ ഒരാണ്‍ കുട്ടി..തൊട്ടിലില്‍ നോക്കി കുറച്ച് നേരം നിന്നൂ..തിരിയാന്‍ തുടങ്ങുമ്പോള്‍ മരത്തിന്‍റെ മറവില്‍ നിന്നും ഒരു നിലവിളി...ഇസബെല്‍..എല്ലാം മറന്നുള്ള ആലിംഗനം...കൂടി നിന്നവര്‍ ആ വേദനയില്‍ കൈകള്‍ അടിച്ച് സന്തോഷം കൊണ്ട്...ആബേല്‍ ആകാശത്തേക്ക് നോക്കി..കുരിശ് വരച്ചു..തന്‍റെ പിന്ഗാമിയെ തൊട്ടിലില്‍ നിന്നും എടുത്ത് ആദ്യത്തെ ഉമ്മ...പിന്നെ പതുക്കെ കരച്ചിലോടെ അവനെ വിളിച്ചു...

                      "ഹയാന്‍..."
                               


ഭരങ്ങായ്‌:- വാര്‍ഡ്‌..
ഹയാന്‍ :- കൊടുങ്കാറ്റിന്റെ പേര്..
തഗാലോഗ് :- ഫിലിപ്പീന്‍സ് സംസാര ഭാഷ
കോണ്‍ഗ്രസ്‌ മാന്‍ :-ഹൌസ് ഓഫ് റെപ്പ്
ജിപ്പിനി:-ജീപ്പ് പോലെയുള്ള ഒരു വാഹനം..
ഗയാനും, ടാക്ലോബാനും,ലെയ്തിയും ; ഫിലിപ്പീന്‍സിലെ ടൌണുകള്‍...







‍‌
                      

1 അഭിപ്രായം: