2015, ജൂലൈ 30, വ്യാഴാഴ്‌ച

ദുല്‍ഖര്‍ കുഞ്ഞുമോന്‍



സീന്‍ 1 
       "സലാമു അലൈക്കും...ഹാ...ഇതാര്..അളിയനോ ?? എപ്പ വന്നു??

       അന്നത്തെ പണിയും കഴിഞ്ഞ് കുഞ്ഞുമോന്‍ വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ കുടുസ്സ് ഹാളില്‍ ഭാര്യയുടെ ആങ്ങള അഷ്‌റഫ്‌..ഗള്‍ഫ് ക്കാരന്‍ അഷ്‌റഫ്‌..അഷ്‌റഫ്‌ തിരിച്ച് അഭിവാദ്യം ചൊല്ലി അളിയനെ അടി മുടി നോക്കി ..മുണ്ടിലും, ഇട്ടിരിക്കുന്ന ബനിയനിലും ഇട്ടിരിക്കുന്ന സപ്ത വര്‍ണ്ണങ്ങള്‍ കണ്ടാല്‍ അറിയാം കുഞ്ഞുമോന്‍ അളിയന്‍റെ ജോലി "പെയിന്റിങ്ങ് ആണെന്ന്...കുഞ്ഞുമോന്‍ തിരിച്ചും അളിയനെ നോക്കി..തന്റെ കൂടെ പെയിന്റടിക്കാന്‍ നടന്ന ചെക്കനാ..ഇപ്പോള്‍ ദാ ഗള്‍ഫ്ക്കാരന്‍..അതിന്‍റെ പത്രാസ്..കുഞ്ഞുമോന്‍ ഇരുമ്പ് കസേരയില്‍ ഇരുന്ന്‍ കൊച്ചു മേശയില്‍ നിരത്തി വെച്ച പത്രങ്ങളില്‍ ശേഷിക്കുന്ന അച്ചപ്പ കഷ്ണങ്ങളും, മിച്ചര്‍ തരിയും ആര്‍ത്തിയോടെ നോക്കി..മനസ്സില്‍ പറഞ്ഞു..."പഹയന്‍ എല്ലാം തീര്‍ത്തു"

      "എന്നാണ് അളിയന്‍ തിരിച്ച് പോണത്?"
  
     ഔപചാരികമായി കുഞ്ഞുമോന്‍ അളിയന്‍ ചോദിച്ച ആദ്യ ചോദ്യം അഷ്‌റഫ്‌ അളിയന് സുഖിച്ചില്ല.. അയാളുടെ മനസ്സ് അയാളോട് പറഞ്ഞു..
  
      "ഞാന്‍ വന്നുട്ട് ദെവസം രണ്ടായിട്ടില്ല..അപ്പോഴേക്കും നിങ്ങക്ക് അറിയണോ..എന്നാ തിരിച്ച് പോണെന്ന്??"

    ഭാര്യ ഖദീജ കയ്യില്‍ ഒരു വലിയ ഗ്ലാസില്‍ ജൂസുമായി അവിടേക്ക്...കുഞ്ഞുമോനെ കണ്ടതും

      "ആഹാ...നിങ്ങ ഇവിടിരിപ്പുണ്ടാര്‍ന്നാ..?കുടിക്കാന്‍ ഒരു ഗ്ലാസ്‌ പച്ചവെള്ളം എടുക്കട്ടെ"
  
     ഇത്തവണ കുഞ്ഞുമോന്‍ മനസ്സില്‍ പറഞ്ഞു..
    "പച്ചവെള്ളം നിന്റെ ......."
     അളിയന്‍ ജൂസ് കുടിക്കുമ്പോള്‍ കുഞ്ഞുമോന്റെ വായില്‍ അറബികടല്‍ ഇളകി മറിയുകയായിരുന്നു..ജൂസിനോടുള്ള കൊതിയും, കെട്ടിയോള്‍ ഖദീജയോടുള്ള കലിപ്പും മനസ്സില്‍ വെച്ച് കുഞ്ഞുമോന്‍ അടുത്ത കുശലത്തിലെക്ക് ...

     "അല്ല അളിയാ..ജോലി എങ്ങിനെ ...സുഖാണോ??"
  
     "പരമ സുഖം അളിയാ...എല്ലാം ഓട്ടോമാറ്റിക്കാ...ബ്രെഷ് കയ്യില്‍ പിടിക്കണ്ടാ കാര്യം ഇല്ല...എക്സികൂട്ടിവ് പെയിന്റിങ്ങ്.."

അളിയനുള്ള മറുപടിയ്ക്ക് ശേഷം അഷ്‌റഫിന്റെ മനസ്സ് മൊഴിഞ്ഞു...

    "പിന്നെ...ഓട്ടോമാറ്റിക്ക....മുപ്പതും, നാല്പതും നെലയുള്ള കെട്ടിടത്തിന്റെ മോളില്‍ നിന്ന് തൂങ്ങി കെടന്നു പൊരി വെയിലത്ത് പെയിന്റടി...എന്റുമ്മോ.."

      കുഞ്ഞുമോന്റെ അവസാന പ്രതീക്ഷയും തകര്‍ത്ത്..ഗ്ലാസിലെ ജൂസിന്റെ പാത പോലും അളിയന്‍ അകത്താക്കി..അത് കണ്ടപ്പോള്‍ ഭാര്യ ഖദീജയുടെ മുഖത്ത് റംസാന്‍ നിലാവ് വിരിഞ്ഞത് പോലെ...കുഞ്ഞുമോന്‍റെ മുഖം അഥവാ മോന്ത അമാവാസി പോലെ..

   "തീറ്റയും കുടിയും ഉശരാകും അല്ലെ?? പക്ഷെ നിന്റെ തടി അങ്ങ് പോന്നില്ല..."

     ഖദീജയുടെ ചോദ്യത്തിനു പിന്നാലെ വായില്‍ വീണ്ടും ബംഗാള്‍ ഉള്‍കടല്‍ അലയടിച്ച് കുഞ്ഞുമോനും ചോദിച്ചു..

   "എല്ലാ ദെവസോം ബിരിയാണീം, കോഴി പൊരിച്ചതും കിട്ടോ ?"

  അളിയനെയും, പെങ്ങളെയും അഷ്‌റഫ്‌ മാറി മാറി നോക്കി..മനസ്സിലുള്ളത് മറച്ച് വെച്ച് ആ വായ ഒരു കള്ളം പറഞ്ഞു..

    "രണ്ടു ദെവസം കൂടുമ്പോ...പിന്നെ ചോറ്, ചപ്പാത്തി...തിന്ന്‍ മടുത്ത് ..ഇപ്പൊ ഇത്താത്ത ഉണ്ടാക്കണ ബിരിയാണി കഴിക്കാനാ പൂതി.."

  മനസ്സ് അഷ്‌റഫിനോട് ചോദിച്ചു...

     "എന്തിനാടാ പുളുവടിക്കുന്നെ...പെരുന്നാള്‍ ദിവസം ആല്ലാതെ നീ ബിരിയാണി തിന്നിട്ടുണ്ടോ??കുബ്ബൂസ് അല്ലേടാ നിന്റെ മൂന്ന്‍ നേരത്തെ കാലി തീറ്റ..."

    അഷ്‌റഫ്‌ ഉന്നയിച്ച ആവശ്യം കേട്ടപ്പോള്‍ ഖദീജ ആവേശം പൂണ്ടു...കുഞ്ഞാങ്ങളയെ സല്‍ക്കരിക്കാന്‍ അവരുടെ നെഞ്ച് തുടിച്ചു..പക്ഷെ കടയില്‍ ഇരിക്കുന്ന ബിരിയാണി അരിയും, കോഴിയും, മറ്റും ...

     ''ഇത്താത്ത നിന്നെ ഒരു ഞാറാഴ്ച വിളിക്കാം...നല്ല ദം ബിരിയാണി വെച്ചിട്ട്.."

   അഷ്‌റഫ്‌ മനസ്സില്‍ മോഹിച്ച മോഹം ഒരു മോഹഭംഗം പോലെ അടര്‍ന്നു വീണു..ചുരുക്കം പറഞ്ഞാല്‍ ഇരുന്നിട്ട് കാര്യമില്ല..വേഗം വീട്ടില്‍ പോയാല്‍ ഉള്ള കഞ്ഞി കുടിച്ച് ചുരുണ്ട് കൂടാം...അഷ്‌റഫ്‌ യാത്ര പറഞ്ഞ് പോകാന്‍ തുനിയുമ്പോള്‍ പോക്കറ്റില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ എടുത്ത് കുഞ്ഞു മോന്‍റെ നേരെ നീട്ടി...

    "ഇത് ഞാന്‍ അളിയന് വേണ്ടി വാങ്ങീതാ..ഉഗ്രന്‍ മൊതലാ..."

  കുഞ്ഞുമോന്‍ വാങ്ങുക ആയിരുന്നില്ല..തട്ടി പറിക്കുകയായിരുന്നു...പുതിയ മൊബൈല്‍ കണ്ടതും റബ്ബര്‍ ബാന്‍ഡ് ചുറ്റി, മങ്ങിയ സ്ക്രീനോടെ അയാളുടെ പോക്കറ്റില്‍ ഇരിക്കുന്ന പഴഞ്ചന്‍ നോക്കിയ മൊബൈല്‍ പ്രതിഷേധം പോലെ ഒന്ന് മൂളി..ബാറ്ററി ചാര്‍ജ്ജ് ലോ ആണെന്ന് അറിയിച്ച്..

  ഖദീജ സ്നേഹം കലര്‍ന്ന പരിഭവത്തോടെ കുഞ്ഞാങ്ങളയെ തലമുടിയില്‍ തഴുകി പരാതി അറിയിച്ചു..

   "വെറുതെ കാശ് കളഞ്ഞു ...ഇതിനിപ്പോ കാശ് ഒരു പാടായിട്ടുണ്ടാകും??"

  മറുപടി "ഏയ്‌" അല്ല എന്നര്‍ത്ഥം വെച്ചൊരു ശബ്ദം മാത്രം അഷ്റഫ് പുറപ്പെടുവിച്ചു..പക്ഷെ അവന്‍റെ മനസ്സ് അവനോടു പറഞ്ഞു..

   "നീ മൂന്ന്‍ മാസം ആകാശത്ത് കയ്യും കാലും ഇട്ടടിച്ച് പണിയെടുത്ത അധ്വാനം അല്ലേടാ ഈ മൊബൈല്‍.."

   ഭക്ഷണം കിട്ടില്ലെന്ന പ്രതീക്ഷ ഉറപ്പായപ്പോള്‍ അഷ്‌റഫ്‌ പോകാനായി എഴുന്നേറ്റ് ..അവനു പുറകില്‍ അവനെ ഉന്തി തള്ളി പുറത്ത് വിടാന്‍ പെങ്ങളും, അളിയനും..ചെരിപ്പ് ഇടുമ്പോള്‍ ഇത്ത വീണ്ടും അവനെ ഒരു വലിയ കാര്യം ഓര്‍മ്മിപ്പിച്ചു...

 "അശ്രപ്പേ..ഇത്തത്തയ്ക്ക് രണ്ട്‌ പെണ്‍കുട്ടികളാ..അത് നീ മറക്കണ്ട..അളിയനെ കൊണ്ട് ഒന്നിനും കൂട്ട്യാ കൂടില്ല..അവറ്റുങ്ങളെ കെട്ടിച്ച് വിടാന്‍ മോന്‍ മനസ്സ് വെക്കണം.."

  അഷ്‌റഫ്‌ ഒന്ന് മൂളിയെങ്കിലും മനസ്സ് അയാളോട് വീണ്ടും പറഞ്ഞു..

  "ഞാന്‍ ഒരുത്തന്‍ മൂത്തത് നരച്ച് പടവലങ്ങ പരുവത്തിലായി...എന്നെ കെട്ടിക്കാനല്ല മോഹം..""

 അഷ്‌റഫ്‌ നടന്നകന്നപ്പോള്‍ കുഞ്ഞുമോന്‍ വീണ്ടും ആ മൊബൈല്‍ ഫോണില്‍ നോക്കി..പതുക്കെ അക്ഷരം കൂട്ടി വായിച്ചു...

"സ..സാം..സാംസ്..ഷംസു...(samsung)"

സീന്‍ 2

   കൊടുങ്ങല്ലൂര്‍ ടൌണിലെ മൊബൈല്‍ കടയില്‍ തന്റെ ഇനിയും മാറാത്ത സംശയവുമായി കുഞ്ഞുമോന്‍ എത്തി..സാംസങ്ങ് ഗ്യാലക്സി അയാളെ അറിയുവാനുള്ള ആഗ്രഹത്തിന്റെ പുതിയ ലോകത്തിലേക്ക് നയിച്ചു..സംശയങ്ങള്‍ പിന്നെയും ബാക്കി..

   "ഇയില് പതിനാല് മാജിക്ക് പിക്ചര്‍ ഉണ്ടെന്ന് കണ്ടല്ലാ..പക്ഷെ ഞാന്‍ നോക്കീട്ട് ഒരു പിക്ച്ചറും കണ്ടില്ല.."

  "ഇക്കാ..അത് മാജിക്ക് പിക്ചര്‍ അല്ല..മെഗാപിക്സല്‍..ക്യാമറ...അതാ.."

    ഇയില് പേസ് ബുക്കും, വട്സാപ്പും ആക്കി തരാമോ??

  കുഞ്ഞുമോന്‍ ആഗ്രഹിച്ചത് അനുസരിച്ച് ഫോണില്‍ അങ്ങിനെ സോഷ്യല്‍ മീഡിയ കയറി പറ്റി..ഇനി അക്കൌണ്ട് ഉണ്ടാക്കണം..അതിനും കുഞ്ഞുമോന്‍ ആളെ കണ്ടെത്തി..പെയിന്റിങ്ങിന് ഹെല്‍പര്‍ ആയി വരുന്ന ഒരു ന്യൂ ജെനഷന്‍ ഫ്രീക്കന്‍...ഇടത് വശം മാത്രം മുടി വളര്‍ത്തി കറുത്ത കൈകളില്‍ പച്ച കുത്തി കൂര്‍ത്ത താടിയും വെച്ച് നടക്കുന്ന  കരൂപ്പടന്ന ഫ്രീക്കന്‍ തോമസ്‌ കുട്ടി..
 കരൂപ്പടന്ന പാലത്തിനു കീഴെ ആളൊഴിഞ്ഞ ഒരു സന്ധ്യയില്‍ ഫ്രീക്കന്‍ ചരിത്രപരമായ ആ സംഭവത്തിനു തുടക്കമിട്ടു...കുഞ്ഞുമോന് വേണ്ടി ഒരു ഫേസ്ബുക്ക് അക്കൌണ്ട്..

  "പേര് എന്ത് കൊടുക്കണം ഇക്കാ.." ഇരുവരും കുറേ ചിന്തിച്ചു,,കുഞ്ഞുമോന്‍ കരുപ്പടന്ന, കൊടുങ്ങല്ലൂര്‍ കുഞ്ഞുമോന്‍, മുസിരിസ് കുഞ്ഞുമോന്‍..

   "പേരിനു ഒരു നല്ല ദുംധുബി വേണം ഇക്കാ..എന്റെ ഫേസ്ബുക്ക് പേര് പോലെ.. ..."ടോം..മാസ്.." അതാണ് എന്റെ ഫേസ് ബുക്ക് പേര്...അത് പോലെ..
ഒടുവില്‍ സാക്ഷാല്‍ കുഞ്ഞുമോന്‍ തന്നെ പേരിടല്‍ കര്‍മ്മം പൂര്‍ത്തികരിച്ചു...

               "ദുല്‍ഖര്‍ കുഞ്ഞുമോന്‍"
               "വയസ്സ് 27
          
               "കെ.കെ.ടി.എം. കോളേജ് പുല്ലൂറ്റ്      ( പാവം കരൂപ്പടന്ന സ്കൂളില്‍ നിന്നും ഏഴ് കടക്കാന്‍ മൂന്ന്‍ കൊല്ലം പാട് പെട്ട് ഒടുവില്‍ പഠിപ്പ് നിര്‍ത്തിയ കഥ ആര്‍ക്കറിയണം..)
              
               "അവിവാഹിതന്‍"
               "ബിസിനസ് മാന്‍  (പെയിന്റില്‍ കുളിച്ച് ആരും കാണാതിരുന്നാല്‍ ഭാഗ്യം)
               "കൊടുങ്ങല്ലൂര്‍"
  ഇതിനെല്ലാം പുറമേ ഒടുവില്‍ സൂട്ടും കോട്ടുമിട്ട് കുഞ്ഞുമോന്‍ ചിരിച്ചു നില്‍ക്കുന്ന ഒരു തകര്‍പ്പന്‍ ഫോട്ടോ..കുഞ്ഞുമോനെ മൊത്തം ധവള വിപ്ലവത്തില്‍ മുക്കിയ ഒരു ചിത്രം..അങ്ങിനെ ഒടുവില്‍ ദുല്‍ഖര്‍ കൊച്ചുമോന്‍ തന്റെ പ്രൊഫൈലില്‍ നിന്നും മാലോകര്‍ക്ക് തിരഞ്ഞെടുത്ത ചില സ്ത്രീ ജന്മങ്ങള്‍ക്ക് സുഹ്രത്ത് ആകാനുള്ള റിക്വസ്റ്റ് അയച്ചു തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ട് ദുല്‍ഖര്‍ വളര്‍ന്ന്‍ വലുതായി വലിയ ഒരു സൗഹൃദ സാമ്രാജ്യം ഉണ്ടാക്കിയെടുത്ത്..അതില്‍ പകുതിയും സ്ത്രീ ജന്മങ്ങള്‍..ഫിലിപ്പീന്‍സ് ക്കാരി കാര്‍ല മുതല്‍ റഷ്യ ക്കാരി താനിയ വരെ..അതിനിടയില്‍ യാതൊരു പ്രത്യേകതയും ഇല്ലാത്ത ആ ദിവസം പണി സ്ഥലത്ത് വെച്ച് പെയിന്റില്‍ മുങ്ങി നില്ക്കുമ്പോള്‍ ഫേസ്ബുക്ക് മണി മുഴങ്ങി...

           "അംബികാ ദേവി..."

സീന്‍ 3

    അംബിക ദേവി ഫേസ്ബുക്കിലെ ഒരു പ്രസ്ഥാനം തന്നെ ആയിരുന്നു...മുപ്പതിനായിരം ഫോളോവേഴ്സ് ...ദിവസവും പുതിയ പോസ്റ്റുകള്‍..പകുതിയും മോഷണം..അതില്‍ ലൈക്കുകള്‍, കമന്‍റുകള്‍...അവരില്‍ ഒരാളായി കുഞ്ഞുമോനും..കുഞ്ഞു മോന്‍ പകലും, രാത്രിയും ഫേസ്ബുക്ക് ജീവിതത്തില്‍ ലയിച്ചു...അംബികാ ദേവി ഇടയ്ക്ക് കൊച്ചുമോനെ തിരിച്ച് കമന്റി..കുഞ്ഞുമോന്റെ ഫോട്ടോയില്‍ ഒരു ലൈക്ക്...അതോടെ ദുല്‍ഖര്‍ കുഞ്ഞുമോന്‍ പ്രണയ തരളിതനായി..ഖദീജ എന്ന മുതുക്കിയെ കാണുമ്പോള്‍ വെട്ടാന്‍ കൊണ്ട് വന്ന എരുമയെ പോലെ അയാള്‍ക്ക് തോന്നി...കുറേ നാള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ദിനം വാട്സ് ആപ്പ് വഴി പാതി രാത്രിയില്‍ ഒരു കോള്‍..ഒരു കിളി ശബ്ദം..അതോടെ ദുല്‍ഖര്‍ കുഞ്ഞുമോന്‍ ഫ്ലാറ്റ് ആയി..

    "ഇങ്ങേര്‍ക്കെന്താ വല്ല പിരാന്തായാ..ഏത് നേരം നോക്ക്യാ മൊവൈല്‍"
    "പാതി രാത്രി പിരുപിരുപ്പ്...കക്കൂസില്‍ കേറ്യാ ഒരു മണിക്കൂര്‍..പടച്ചോനെ വല്ല ജിന്നും കൂട്യാ..."

   പണി സ്ഥലത്തും കുഞ്ഞു മോന്‍ പുറകിലായി...കണ്ണടച്ചാല്‍ അംബിക ദേവി.. എന്നും കിട്ടുന്ന ചുംബനങ്ങള്‍...അതെല്ലാം കൊണ്ട് സ്വപ്നത്തില്‍ അയാള്‍ ഒരു മാളിക തീര്‍ത്തു..അവളെ ചുറ്റി വരിഞ്ഞു...അവള്‍ അയാളുടെ കാതില്‍ മന്ത്രിച്ചു...    "എന്‍റെ ദുല്‍ഖര്‍.. "  പിന്നെ തീരാത്ത പ്രണയത്തിന്‍റെ ആവേശം...അയാള്‍ കഴുത്തില്‍ മുഖം അമര്‍ത്തി..ഒരു കടി..പ്രണയ കടി..അതിനു പിന്നെ ഒരു നിലവിളി...ഇരുട്ടത്ത്..അയാള്‍ ഞെട്ടി ഉണര്‍ന്നതും കരയുന്നത് ഖദീജ ആണെന്ന് തിരിച്ചറിഞ്ഞു..ചാടി ഉണര്‍ന്ന്‍ ലൈറ്റ് ഇട്ടപ്പോള്‍ ഖദീജ കഴുത്ത് പിടിച്ച് കരയുന്നു..ചോര കിനിയുന്ന കഴുത്ത്...

    "നിങ്ങ മുഴു പ്രാന്തനാ..കണ്ട പെണ്ണിന്‍റെ പേരും പറഞ്ഞ് കഴുത്ത് കടിച്ച് മുറിച്ച്.."

    ദുല്‍ഖര്‍ കുഞ്ഞു മോന്‍ മറ്റൊരു ലോകത്ത് ആയിരുന്നു..
സംഭവിച്ചതെല്ലാം നല്ലതിന്..സംഭവിച്ച് കൊണ്ടിരിക്കുന്നതും നല്ലതിന്...അംബിക ദേവി സിനിമ നടി നയന്‍ താരയുടെ രൂപത്തില്‍ വന്ന് സ്വപ്നത്തില്‍ നടത്തിയ വിദേശ യാത്ര..അവിടെ വെച്ച് ഒരു മലയാള ഗാനം...അതി ഗംഭീരം..ഉറങ്ങുന്നതിനു മുന്‍പ് സംസാരിച്ച കോളിളക്കത്തിന്റെ ബാക്കിആയിരുന്നു..കഴുത്തില്‍ കടി..

  ഖദീജ കരച്ചിലോടെ ഉണ്ടായ കാര്യങ്ങള്‍ മുഴുവന്‍ മൂത്ത മകളോട് പറഞ്ഞു..പ്ലസ്ടു വിദ്യാര്‍ത്ഥിനി ഉമ്മയ്ക്ക് ഒരു ഉപായം ചൊല്ലി കൊടുത്തു...അംബിക ദേവിയെ കണ്ടെത്താന്‍ ..അങ്ങിനെ എല്ലാം അവസാനിക്കേണ്ട ആ ദിവസം പതിവ് പോലെ..ഫ്രീക്കന്‍ ടോം-മാസ് ഒന്ന്‍ ചിരിച്ച് കാണിച്ചപ്പോള്‍ ഉണ്ടായ എല്ലാ കാര്യങ്ങളും, പാസ് വേര്‍ഡ്‌ സഹിതം മകളുടെ മുന്നില്‍ അടിയറവ് വെച്ചു...ഒരു‍ പ്രേമം ചുളുവില്‍ കിട്ടുമെന്ന് ധരിച്ച ഫ്രീക്കന് ബുദ്ധിയുള്ള പെങ്കൊച്ച് ഒരു നന്ദി മാത്രം കൊടുത്ത് വിട ചൊല്ലി..
പതിവ് കലാപരിപാടികള്‍ മുഴുവന്‍ കഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ പെയിന്റടി ക്ഷീണം മൂലം വേഗം ഉറക്കമായി..മകള്‍ ബാപ്പയുടെ തലയണ കീഴില്‍ നിന്നും ആ ന്യൂ അവയവം പുറത്തെടുത്ത് ഫെസ് ബുക്കില്‍...ഒന്നുമറിയാതെ മിഴിച്ച് നോക്കി ഖദീജ...ഫോണില്‍ നിന്നും ഒരു മെസ്സേജ് അയച്ചു..തിരിച്ച് വന്ന കോള്‍ അവള്‍ എടുത്തപ്പോള്‍ മറു തല നിശബ്ദം..മകളുടെ സംസാരം കേട്ടപ്പോള്‍ മറു തലയ്ക്കല്‍ കിളി നാദം മാറി നല്ല പുരുഷ ശബ്ദം..ഒരൊറ്റ നിമിഷം കൊണ്ട് "അംബികാ ദേവി " അല്ലു അര്‍ജ്ജുന്‍ ആയി മാറി..കയ്യോടെ ഉമ്മയും, മകളും കള്ളനെ പിടി കൂടി ..പിന്നെ സംസാരിച്ചത് ഖദീജ ...ഭരണി പാട്ടുകള്‍ പലതും പാടി കേള്‍പ്പിച്ചു...അംബികാദേവി ജീവനും കൊണ്ട് ഓടി...പോകുന്ന വഴി കുഞ്ഞുമോനെ  ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കി രക്ഷ നേടി.. പാതിരാത്രി തന്നെ ദുല്‍ഖര്‍ കൊച്ചുമോനെ വിളിച്ചുണര്‍ത്തി റെക്കോര്‍ഡ്‌ ചെയ്ത ഗാഥകള്‍ പാടി കേള്‍പ്പിച്ചു..ദുല്‍ഖര്‍ കള്ളനെ പോലെ തല താഴ്ത്തി...

  "നിങ്ങക്ക് നാണമില്ലല്ലോ....ഇത്രേം നാള്‍ ആ കള്ളന്‍ പെണ്ണിന്‍റെ ശബ്ദത്തില്‍ പറ്റിച്ചപ്പോ"..

    അതോടെ അംബിക ദേവിയുടെ കാര്യത്തില്‍ തീരുമാനമായി...കരച്ചിലും, മാപ്പ് പറച്ചിലും, കുറ്റം പറച്ചിലും, ഭീഷണിയും, എല്ലാം നിറഞ്ഞ ഒരു രാത്രി ഉറക്കമില്ലാത്ത രാത്രി...കാലത്ത് കുളിച്ച് പണിയ്ക്ക് പോകാന്‍ കുഞ്ഞുമോന്‍ (ദുല്‍ഖര്‍ അന്നത്തെ രാത്രിയോടെ കൊച്ചുമോനെ വിട്ടു പിരിഞ്ഞ് പോയിരുന്നു..) അയാള്‍ ഭാര്യയോട് ചോദിച്ചു..

  "അന്‍റെ പഴേ ഫോണ്‍ എന്തിയെ മുത്തേ.."

  "അപ്പ നിങ്ങക്ക് പേസ്ബുക്ക് വേണ്ടേ??

  "എനിക്ക് ഒരു ബുക്കും വേണ്ടാ...നെന്‍റെ ആങ്ങളെയെ എന്റെ കയ്യീ കിട്ട്യാ തല്ലി കൊല്ലും ഞാന്‍.."

   "അപ്പൊ ഈ പുത്യേ ഫോണ്‍ എന്തൂട്ട് ചെയ്യണം??'

    "അത് മോള്‍ക്ക് കൊടുത്തേക്ക്...അവള്‍ക്ക് ഫേസ്ബുക്ക് ഇല്ലല്ലാ..."

  അയാള്‍ പഴയ ഫോണ്‍ എടുത്ത് "ഇതികര്‍ത്തവ്യഥാമൂഢനായി" (വലിയ മൂഡന്‍) പണിയ്ക്ക് പോയി...റബ്ബര്‍ ബാന്‍ഡ് ചുറ്റി, മങ്ങിയ സ്ക്രീനോടെ അയാളുടെ പോക്കറ്റില്‍ ഇരിക്കുന്ന പഴഞ്ചന്‍ നോക്കിയ മൊബൈല്‍ അയാളോട്സ്നേഹം പ്രകടിപ്പിച്ച് ഒന്ന് മൂളി..ഒരു മെസ്സേജ് രൂപത്തില്‍

  ഖദീജ പുതിയ ഫോണ്‍ എടുത്ത് ക്ലാസ്സില്‍ പോകാന്‍ ഒരുങ്ങുന്ന മകള്‍ക്ക് കൊടുത്തു..പെണ്ണ് മനസ്സില്ലാമനസ്സോടെ ഫോണ്‍ വാങ്ങി..തനിക്ക ഒരു ഫോണ്‍ വേണ്ട എന്നുള്ള അവളുടെ ആവശ്യം ഖദീജ സ്നേഹപൂര്‍വ്വം നിരസിച്ച് ആ മന്ത്ര പേടകം മകള്‍ക്ക് നല്‍കി...ഉമ്മ മുറിയില്‍ നിന്നും പോയതും പെണ്ണിന്‍റെ ഉള്ളില്‍ നിന്നും ഒരു പേടമാന്‍ ഓടിയിറങ്ങി മുറിയില്‍ മുഴുവന്‍ തുള്ളി ചാടി നടന്നു..ഒപ്പം അവളുടെ മനസ്സ് പറഞ്ഞു...

    "ഷംല കുഞ്ഞുമോന്‍"...(face book)
    "19"
    "ഗവര്‍മെന്റ് ഗേള്‍സ്‌‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍"
     "add friend..."
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ