2015, ജൂലൈ 22, ബുധനാഴ്‌ച

അരവയര്‍ സദ്യ

                                      


                                     
                                    വാവിട്ട് കരയുന്ന അനുജത്തിയെ ചേര്‍ത്ത് പിടിച്ച് ബിബിന്‍ എല്ലാവരെയും നോക്കി..അമ്മ സാരി തുമ്പ് കൊണ്ട് കണ്ണ് തുടക്കുന്നു..ചിറ്റമ്മ കരച്ചിലടക്കാന്‍ പാട് പെടുന്നു..അച്ചന്‍ എല്ലാ ദുഖവും ഒതുക്കി അവളുടെ ചെക്കന്‍റെ അടുത്ത്..ഇന്നലെ വരെ അവള്‍ ഈ വീടിന്‍റെ വിളക്ക് ആയിരുന്നു..ഇന്ന്‍ മുതല്‍ മറ്റൊരു വീട്ടിലേക്ക്..അവള്‍ കരഞ്ഞു കൊണ്ട് ബിബിന്റെ കാല് പിടിച്ച് അനുഗ്രഹം വാങ്ങാന്‍ തുനിഞ്ഞപ്പോള്‍ അയാള്‍ തടഞ്ഞു..പിന്നെ സങ്കടം സഹിക്കാന്‍ കഴിയാതെ വിതുമ്പുന്ന പെങ്ങളെ ചേര്‍ത്ത് പിടിച്ച്..ചെറുപ്പത്തില്‍ എന്‍റെ നെഞ്ചില്‍ കിടന്നു ഉറങ്ങിയിരുന്ന പെണ്ണ്...

       "അതെ രാഹു കാലത്തിനു മുന്ന് ഇറങ്ങാം..അധികം വൈകണ്ടാ..."

                                   രാമുണ്ണി മാമന്‍ പറയുന്നത് കേട്ടപ്പോള്‍ കുട നിവര്‍ത്തി അവളെ ചേര്‍ത്ത് പിടിച്ച്, മറ്റേ കൈ കൊണ്ട് അവളുടെ ചെക്കനെ ചേര്‍ത്ത് പിടിച്ച് കാറിനടുത്തേക്ക്..അവരെ കാറില്‍ കയറ്റി കുറച്ച് നേരം അവളുടെ മുഖത്ത് നോക്കി നിന്നു..പിന്നെ ഡോര്‍ അടച്ച് അവര്‍ക്ക് യാത്ര പറഞ്ഞു..അവളുടെ കണ്ണുനീര്‍ നിറഞ്ഞ മുഖത്ത് ഒരു മന്ദഹാസം കണ്ടു..ദൂരെ പോകുന്നത് വരെ ആ കാറിനെ നോക്കി നിന്നു..ഒരു സ്വപ്ന ലോകത്ത് എന്ന പോലെ..അതില്‍ നിന്നും ഉണര്‍ത്തിയത് ദൈന്യം നിറഞ്ഞ ഒരു കുട്ടിയുടെ വിളിയാണ്..

      "പഴേ കുപ്പീ..പാട്ട, പ്ലാസ്ടിക്ക് കൊടുക്കാനുണ്ടോ??"

                                  മലയാളത്തില്‍ "കരുണനിധി " എന്നെഴുതിയ ഒരു പാട്ടവണ്ടിയും തള്ളി രണ്ട്‌ കുട്ടികള്‍..മുതിര്‍ന്നവന്‍ തള്ളുന്നു...ചെറിയ കുട്ടി വണ്ടിയില്‍ ഇരിക്കുന്നു..അവരില്‍ നിന്നും മുഖമെടുത്ത് പന്തലില്‍ എത്തിയപ്പോള്‍ അവസാനത്തെ പന്തിയ്ക്ക് ഇല ഇട്ടിരിക്കുന്നു...ഒന്നും കഴിക്കാന്‍ രുചി തോന്നുന്നില്ല..പക്ഷെ അതിനു മുന്‍പേ രാമനുണ്ണി മാമന്റെ ശബ്ദം ഉയര്‍ന്നു..

     "ഡാ..ചെക്കാ നീ കഴിക്കുന്നില്ല..."

     ''ഉവ്വ്..ഞാന്‍ കൈ കഴുകീട്ട് ദാ വരുന്നു..."

                               നല്ല തളിര്‍ തൂശനിലയില്‍ ഇഞ്ചി ക്കറി, മാങ്ങാ അച്ചാര്‍, നാരങ്ങ അച്ചാര്‍, ഉപ്പ്, പരിപ്പും, നെയ്യും,കായ വറുത്തത്,ശര്‍ക്കര വരട്ടി,ഇഷ്ടു,മസാലക്കറി,കാബേജ് തോരന്‍,ഓലന്‍, പച്ചടി, തീയല്‍,കിച്ചടി,അവിയല്‍,പൈനാപ്പിള്‍ കറി, പപ്പടം,പഴം  എന്നിവ വിളമ്പി ആവി പറക്കുന്ന തൂവെള്ള ചോറിനു മുകളില്‍ സാമ്പാര്‍ ഒഴിച്ച്...രാമനുണ്ണി മാമന്‍ കസേര വലിച്ച് ഒന്ന്‍ മുന്നോട്ട് ഇരുന്ന്‍ കഴിക്കാന്‍ ആരംഭിച്ചു..കഴിക്കാന്‍ ബിബിനു തോന്നിയില്ല..മറ്റുള്ളവര്‍ കഴിക്കുന്നത് നോക്കി ഇരുന്നു..പ്രത്യേകിച്ച് രാമനുണ്ണി മാമന്‍...

                            രാമനുണ്ണി മാമന്‍ ആദ്യത്തെ ഉരുള വായിലിട്ട് ആ രുചി അറിഞ്ഞ് ആരോടെന്നില്ലാതെ പറഞ്ഞു...

      "സ്വാമീസിന്റെ സദ്യ അതൊന്ന് വേറെ തന്നെ..."

                            അയാള്‍ വീണ്ടും ഇഞ്ചിക്കറി നടുവിരല്‍ കൊണ്ട് തൊട്ട് നാവില്‍ വെച്ച് പുളിയുടെ രുചി ആവോളം നുകര്‍ന്നു..അടുത്ത ഉരുള സാമ്പാറില്‍ പപ്പടത്തിന്റെ ഒരു കഷ്ണം പൊട്ടിച്ചെടുത്ത് ഒരല്പം നെയ്യും പരിപ്പും ചേര്‍ത്ത് വായിലിട്ട് രുചിയുടെ പെരുമഴ നുകര്‍ന്ന്‍ എല്ലാവരെയും നോക്കി ..സന്തോഷത്തോടെ..അവിയലില്‍ നിന്നും കുറച്ച്, തോരന്‍ കുറച്ച്, ഇടയ്ക്ക് മാങ്ങാ അച്ചാര്‍ വിരല് കൊണ്ട് തൊട്ടു നാവില്‍ തേച്ച്..പിന്നെയും ഉരുളകള്‍..ഇടയ്ക്ക് എരിഞ്ഞപ്പോള് ഇളം ചൂടാര്‍ന്ന ജീരക വെള്ളം കുടിച്ച് ഒന്ന്‍ നെടുവീര്‍പ്പിട്ട് മധുരമുള്ള പൈനാപ്പിള്‍ കറിയുടെ രുചി അറിഞ്ഞു..പിന്നെ മസാലക്കറി വാരിയെടുത്ത് വായിലേക്ക് വെച്ച് വിളമ്പുന്ന പിള്ളേരെ നോക്കി..

       "ആ മോരും, രസോം വന്നോട്ടെ..."

                          ബിബിന്‍ എന്തെല്ലാമോ കഴിച്ചെന്നു വരുത്തുന്നതിനിടയില്‍ രാമനുണ്ണി മാമനെ നോക്കി അയാളുടെ ആസ്വദിച്ചുള്ള കഴിക്കല്‍ നോക്കി വീണ്ടുമിരുന്നു..രസം കൈകളില്‍ വാങ്ങി എയര്‍ വലിക്കുന്ന ശബ്ദത്തോടെ മൂന്നു വട്ടം കുടിച്ച് ഇലയ്ക്ക് മുന്നില്‍ ഗ്ലാസ്‌ വെച്ച് വിളമ്പുന്നവനെ നോക്കി..

   "അതില് നെറയെ രസം ഒഴിച്ചോ...ഡാ..കുട്ടാ..ആ പച്ചമോര് കൊണ്ട് വാ..."

                          അടുത്ത ഊഴം പച്ചമോര് ...കൈ കുമ്പിളില്‍ ഇഞ്ചിയും, മുളകും, വേപ്പിലയുമിട്ട ഇളം പുളിയുള്ള പച്ച മോര് വാങ്ങി മാമന്‍ നാലു തവണ കുടിച്ചു..മറ്റൊരു ഗ്ലാസില്‍ മോര് വാങ്ങി അനങ്ങാതെ ഇലയില്‍ ഇരിക്കുന്ന നാരങ്ങ അച്ചാറിനെ നോക്കി..അതും തോണ്ടി വായില്‍ വെച്ചു..അതിന്റെ എരിവിലും, പുളിയിലും സ്വയം മറന്ന്‍ കണ്ണടച്ച്...അവിയല്‍ എടുത്ത് അതിന്റെ രുചികരമായ സ്വാദ് ആസ്വദിച്ച്..ഒഴിഞ്ഞ ഇലയില്‍ വീണ്ടും ചോറ് നിറഞ്ഞു..ചോറില്‍ രസവും, മോരും കലര്‍ത്തി ഒരല്പം ദ്രവരൂപത്തില്‍ തന്നെ ആസ്വദിച്ച് വായില്‍ നിറച്ച്...ഉപ്പേരിയില്‍ കണ്ണിട്ടു..ഉരുളയ്ക്ക് പുറകെ ഉപ്പേരി..അതിനു പുറകെ വീണ്ടും ഗ്ലാസില്‍ നിന്നും മോര്..പന്തിയില്‍ പയസക്കാരന്റെ വിളി വന്നു...

   "ആര്‍ക്കാ പാലട.."

                           ചോറ് ഒഴിഞ്ഞ ഇലയില്‍ രാമനുണ്ണി മാമന്‍ പാലട വാങ്ങി..വെറും പാലട ഇലയില്‍ നിന്ന് വടിച്ച് എടുത്ത് അകത്താക്കി..ഒലിച്ചിറങ്ങിയ പാലട കയ്യില്‍ നിന്നും നക്കി എടുത്ത്..ഇടയ്ക്ക് രുചി മാറുവാന്‍ വേണ്ടി അച്ചാറില്‍ വിരല്‍ മുക്കി നാക്കില്‍ തൊട്ടു..പാലട കമ്പം തീര്‍ന്നത് ഗോതമ്പ് പ്രഥമന്റെ മുന്നില്‍..കൊഴുത്ത ഗോതമ്പ് പായസം ഇലയില്‍ .ഒരു പഴം പൊളിച്ച് അതില്‍ ചേര്‍ത്ത് കുഴച്ച്, ഒരു പപ്പടം വാങ്ങി പൊടിച്ചിട്ട് രുചിയോടെ വായിലേക്ക്..നെറ്റിയില്‍ ചാലിട്ട വിയര്‍പ്പ് തുള്ളി തുടച്ച് ഒരു ഏമ്പക്കം വിട്ട് അടുത്തിരിക്കുന്ന ബാബു ചേട്ടനെ നോക്കി...

    "നമ്മട തേവാലി അനന്തകൃഷ്ണന്‍റെ ശ്രീലക്ഷ്മി നുറുക്കാ..എന്താ രുചി.."

                           അവസാനത്തെ തുള്ളി പായസവും അകത്താക്കി ഇല ക്ലീന്‍ ക്ലീന്‍ ആക്കി ഒന്ന്‍ നിവര്‍ന്നിരുന്ന്

   "ടാ..വിനോദെ..ഒരിത്തിരി ചോറ് തന്നേ..."
            
                            ചോറില്‍ മോരോഴിച്ച് ഒന്ന് കൂടി കുഴച്ച്  ബാക്കിയായ രസവും ഒഴിച്ച് ഒന്ന്‍ കൂടി ഉരുട്ടി അവസാന ഉരുളയും ആസ്വദിച്ച് കഴിച്ച് ഒരു ഏമ്പക്കം വിട്ട് മാമന്‍ എച്ചിലില എടുത്ത് എഴുന്നേറ്റു.ആരോ വിളിച്ച് പറഞ്ഞു...ഇല എടുക്കാണ്ടായെന്നു"

   " എച്ചിലില മറ്റൊരാള്‍ എടുക്കാനോ...ഏയ്‌..അത് ശരിയല്ല.."‍

                            രാമനുണ്ണി മാമന്റെ പുറകെ ബിബിനും കൈ കഴുകാനായി ടാപ്പിനടുത്ത് എത്തി..അപ്പോള്‍ അവന്‍ കണ്ടു ദൂരെ മാറി നില്‍ക്കുന്ന കുപ്പി പാട്ട പെറുക്കാന്‍ നടക്കുന്ന ആ കുട്ടികളെ..ഇരുവരും അവനെ നോക്കി..ബിബിന്‍ അവരെ കൈ കാണിച്ച് വിളിച്ചു..

  "ഇവിടെ വാ..."

                             അവര്‍ മടിച്ച് മടിച്ച് അവിടേക്ക്‌...അപ്പോള്‍ രാമനുണ്ണിയും അവരെ കണ്ടു..മുഷിഞ്ഞ വേഷം..ഒട്ടിയ വയര്‍..ദൈന്യം നിറഞ്ഞ കണ്ണുകള്‍..അവര്‍ ബിബിന്റെ അടുത്ത്‌ വന്ന്‍ പേടിയോടെ അധിലേറെ ബഹുമാനത്തോടെ മുതിര്‍ന്നവന്‍ ചോദിച്ചു...

  ''സേട്ടാ...അന്ത മൂലയില്‍ പളെയ കുപ്പി കേട്ക്കട്ത്..എടുക്ക മുടിയുമാ..."

                            അതിനു മറുപടി പറഞ്ഞത്‌ രാമനുണ്ണിയാണ്...

  " നിങ്ങള്‍...ശാപ്പിട്ടാ....ഇല്ലെങ്കില്‍ വാ..ശാപ്പാട് തരാം..."

                            കുട്ടികള്‍ ഭീതിയോടെ പിന്നോക്കം പോയി ഒരുമിച്ച് പറഞ്ഞു...

  "അയ്യോ...വേണ്ടാ അയ്യാ..."

  "ബിബിന്‍...ഇവരെ കൊണ്ട് പോയി ഭക്ഷണം കൊടുക്ക്...പിള്ളാരെ കണ്ടാല്‍ അറിയാം കഴിച്ചിട്ടില്ലെന്ന്.."

                                 ബിബിന്‍ ആ കുട്ടികളെ നിര്‍ബന്ധിച്ച് പന്തലിനകത്തെക്ക് കൊണ്ട് പോയി..ബിബിന്റെ പുറകെ ഭയത്തോടെ കുട്ടികള്‍..അവരുടെ കണ്ണുകളില്‍ അരുതാത്ത എന്തോ ചെയ്യുന്ന ഭീതി..മടിച്ച് മടിച്ച് അകത്തേക്ക് കയറിയ അവരെ എല്ലാവരും നോക്കി..കസേര ചൂണ്ടി ബിബിന്‍ തന്നെ അവരോട് ഇരിക്കാന്‍ പറഞ്ഞു..അവര്‍ മടിച്ച്, ഭീതിയോടെ...പിന്നില്‍ വന്ന രാമനുണ്ണി മാമന്‍ അവരെ നിര്‍ബന്ധിച്ച് കസേരയില്‍ ഇരുത്തി..അവര്‍ക്ക് മുന്നില്‍ ഇല വന്നു..കറികളും, ചോറും, പപ്പടവും, പഴവും..കുട്ടികള്‍ പരസ്പരം നോക്കി..എന്തോ അരുതാത്തത് ചെയ്യുന്ന ഭാവത്തോടെ..ആ ഭാവത്തില്‍ എല്ലാവരെയും നോക്കി..പേടിച്ച് നില്‍ക്കുന്ന നാലു കണ്ണുകള്‍..

    "അല്ല..ഇവന്മാര്...ആ കരുണനിധിയുടെ പിള്ളാരല്ലേ...അഞ്ചപ്പാലത്തെ സ്ക്രാപ്പ് നടത്തുന്ന പാണ്ടിയുടെ ഷെഡില്‍ താമസിക്കുന്ന..."

                                   ആരോ ചോദിച്ചു...അതിനുത്തരമായി കുട്ടികള്‍ "അതെയെന്ന്‍" തലയാട്ടി..കരയുമെന്ന ഭാവത്തില്‍..അവര്‍ക്ക് മുന്നിലിരിക്കുന്ന  സമൃദ്ധമായ ഭക്ഷണം പോലും വിലക്കപെട്ട  പോലെ, ഭക്ഷണവും, ചുറ്റും നില്‍ക്കുന്ന ആളുകളും..ആ നാലു കണ്ണുകള്‍ മാറി മാറി നോക്കി..പതുക്കെ പതുക്കെ അവരുടെ വേദന ബിബിനും, രാമനുണ്ണിയും തിരിച്ചറിഞ്ഞു..

     "കഴിക്ക്...വിശക്കുന്നില്ലേ??" ബിബിന്‍ ചോദിച്ചപ്പോള്‍ അവര്‍ പരസ്പരം നോക്കി മടിച്ച് മടിച്ച്..

      "ഇല്ല...സാര്‍..ഇന്ത സമയത്ത് നാങ്കള്‍ ശാപ്പിടമാട്ടെ...ഒരു നാലു മണി..അതുക്ക് അപ്പുറം മധ്യാഹ്ന ശാപ്പാട്...കാലയിലെ ഒമ്പത് മണിയ്ക്ക് ശാപ്പിട്ടാച്ച്..."ഇപ്പൊ പശി ഇല്ല..നിജമാ.."

      "കഴിക്കെടാ മക്കളെ..." രാമനുണ്ണി സ്നേഹത്തോടെ പറഞ്ഞു..

     "സാര്‍ ഇന്ത ശാപ്പാട്..കൊഞ്ചം തണ്ണി കെടക്കുമാ...നാങ്കള്‍ കഞ്ഞി താന്‍ ദിനം..കാലയിലെ ഒരു പൊറോട്ട...അപ്പുറം കുപ്പി, പാട്ട പെറുക്കി വീട്ടുക്ക് പോയി ഒരു നാലു മണി നേരത്ത് കഞ്ഞി..അത് താന്‍...അന്ത മൂലയില്‍ കൊറേ കുപ്പി, പാട്ട ഇരുക്കത്...അത് മട്ടും മതി അയ്യാ..ഇന്ത ശാപ്പാട് തേവയില്ലേ.."

                                      കുട്ടികള്‍ പറയുന്ന ഓരോ വാക്കും സമൃദ്ധമായ ഭക്ഷണം കഴിച്ച് അവര്‍ക്കും ചുറ്റും കൂടി നില്‍ക്കുന്നവരില്‍ ഉള്ളില്‍ നിന്നും പുറത്തേക്ക് അനുകമ്പയുടെ അലകള്‍ സൃഷ്ടിച്ചു..

      "ഇവരുടെ അപ്പനാ നമ്മടെ ബൈപ്പാസില്‍ വെച്ച് ...അരയ്ക്ക് താഴെ എല്ലാം പോയി..രാത്രി സമയത്ത് ഇടിച്ചവന്‍ നിര്‍ത്താതെ പോയി..കണ്ടെത്തിയില്ല..കൊറേ നാള് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെടന്നു...ഇപ്പൊ അഞ്ചപ്പാലത്തെ ഷെഡില്‍ ഉണ്ടെന്നാ കേട്ടത്...എഴുന്നേറ്റ് നടക്കാന്‍ ത്രാണിയില്ല..."

                                      ആരോ പറഞ്ഞത് ആ കുട്ടികളും കേട്ടു..വാര്‍ന്നു വീണ കൊച്ചു കണ്ണുകളില്‍ നിന്നുമുള്ള കണ്ണ് നീര്‍ മുഷിഞ്ഞ ഷര്‍ട്ട് കൊണ്ട് തുടച്ച് ഇരുവരും എഴുന്നേറ്റ് എല്ലാവരെയും നോക്കി..ഭയത്തോടെ അതോടൊപ്പം ആശങ്കയോടെ..

     "അയ്യാ..ഇത് വേണ്ടാ സാര്‍..നാലു മണി നേരത്തുക്ക് മുന്നാടി വണ്ടി നെറയെ പളെയ സാധനം കൊടുക്കണം...അത്ക്ക് അപ്പുറം അമ്പത് രൂപ കെടക്കും...അപ്പ കാലയിലെ മരുന്ത് ശപ്പിടവേ ഇല്ല..തീര്‍ന്ത് പോയാച്ച്..ഇന്ത ശാപ്പാട് കൊഞ്ചം പാക്ക് പണ്ണി തരുമാ..അപ്പുറം നാലു മണിക്ക് അപ്പാ കൂടെ ശാപ്പിടാലാം.."

                                      പറഞ്ഞു കഴിഞ്ഞതും രാമനുണ്ണി മാമന്‍ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി..പിന്നെ കേട്ടത് ഒരു വലിയ ഓക്കാനം ...ബിബിനും കഴിച്ചത് മുഴുവന്‍ ഉരുണ്ട് കൂടിയത് പോലെ..അവന്‍ പാചക ക്കാരനെ വിളിച്ചു ഭക്ഷണം പായ്ക്ക് ചെയ്യാന്‍ പറഞ്ഞു..എല്ലാ കണ്ണുകളും ആ കുരുന്നുകളില്‍...നിറ കണ്ണുകളുമായി രാമനുണ്ണി മാമന്‍ അവിടേക്ക് വന്നു..

    "അയാളെ ആശുപത്രിയില്‍ കൊണ്ട് പോകണം..എനിക്ക് മക്കള്‍ രണ്ടാ..രണ്ട്‌ പേരും ജോലിക്കാര്‍..എന്‍റെ പെന്‍ഷന്‍ കാശ് വെറുതെ ബാങ്കില്‍ കെട്ടി കേടക്കെയാ...ഈ കാര്യത്തിനു എന്‍റെ കൂടെ ഇവിടെയുള്ള ആര്‍ക്കും നില്‍ക്കാം..(കുട്ടികളെ നോക്കി) പഠിക്കണം...അതിനു ഞങ്ങള്‍ സഹായിക്കും...വിദ്യ കൊണ്ട് മാത്രമേ മക്കളെ വിശപ്പ് മാറ്റാന്‍ കഴിയൂ..കൊറച്ച് മുന്പ് ഞാന്‍ കഴിച്ചത് വെറും മാലിന്യമായിരുന്നു..ബിബിന്‍ നമുക്ക് ഇവരുടെ കൂടെ അഞ്ചപ്പാലം വരെ പോകണം, നീ വണ്ടിയെടുക്ക്..ആ വാക്കുകളെ അനുഗമിച്ച് കുറേ പേര് മുന്നോട്ട്..

    "വാ പോകാം.." ബിബിന്‍ അവരെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുമ്പോള്‍ അവര്‍ ഒന്നും മനസ്സിലാകാതെ...

    "സാര്‍ അന്ത വണ്ടി..." പിന്നെയും പരിഭ്രമം നിറഞ്ഞ് പോക്കറ്റില്‍ നിന്നും മുഴിഞ്ഞ ഒരു മരുന്നിന്‍റെ ചീട്ട് എടുത്ത് കാണിച്ച്..

     "സാര്‍..അന്ത പളെയ കുപ്പീം, പാട്ടയും..മരുന്ത് വാങ്ങണം സാര്‍..അപ്പാവുക്ക് ഒരേ ബരത്തം.."

                                            രാമനുണ്ണി ആ ചീട്ട് വാങ്ങി പോക്കറ്റില്‍ ഇട്ട് അവരെയും ചേര്‍ത്ത് പിടിച്ച് ബിബിന്റെ പുറകെ..അവരുടെ പുറകില്‍ മറ്റ് ചിലര്‍...ആ കുരുന്നുകളുടെ ജാതകം മാറ്റി തിരുത്താനുള്ള യാത്ര ആയിരുന്നു അവിടെ തുടങ്ങിയത്....

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...


NB:- "ഈ കഥ നടന്ന കഥയില്‍ നിന്നും സംഭവിച്ചതാണ്..രണ്ടു ദിവസം മുന്പ് അവന്‍ (ഈ കഥയില്‍ ഞാന്‍ അവനെ ബിബിന്‍ എന്ന് വിളിക്കട്ടെ) എനിക്ക് വൈകുന്നേരം ചെയ്ത ഒരു ഫോണ്‍ കോളില്‍ കഥയുടെ ഒരു പ്രധാന ഭാഗം തന്നു..അവനു വേണ്ടി എഴുതാന്‍..അളിയാ......."(ബിബിനെ) ഇത് ഞാന്‍ എഴുതുന്ന സമയത്ത് നീയായി മാറി തന്നെ എഴുതിയ കഥയാണ്..നീ വലിയവന്‍..ഇത് നിനയ്ക്ക് സമര്‍പ്പിക്കുന്നു..നീ പേര് വിളിപെടുത്താന്‍ ആഗ്രഹിക്കാത്ത കാരണം ഞാന്‍ നിന്നെ കുറിച്ച് മൗനം പാലിക്കുന്നു...

       



                          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ