2015, നവംബർ 17, ചൊവ്വാഴ്ച

"ടോം-മാസില്‍ " നിന്നും തോമസുട്ടിയിലെക്ക്.."

                                               



                                                                     തമിഴ് താരത്തിന്റെ കൂറ്റന്‍ ഫ്ലക്സില്‍ തലയിലൂടെ പാല്‍ അഭിഷേകം നടത്തി "ഫ്രീക്കന്‍ ടോം-മാസ്" എന്ന തോമസുട്ടി എല്ലാവരെയും നോക്കി എല്ലാ പല്ലിന്‍റെ വൃത്തികേടുകളും, ബീഡി കറയും കാണിച്ച് ചിരിച്ച് നിന്നു..അവന്‍റെ മുഖത്തെ കൂളിംഗ് ഗ്ലാസ്സും, പിന്നെ കൂര്‍ത്ത താടിയും, പൊതി മടല്‍ തലയില്‍ കമിഴ്ത്തിയെ പോലെ വെച്ച മുടിയഴകും പിന്നെ ആ ചിരിയും ചേര്‍ന്നപ്പോള്‍ കൂടി നിന്നവര്‍ക്ക് അന്യം നിന്ന് പോകുന്ന സിംഹ വാലന്‍ കുരങ്ങ് കൊടുങ്ങല്ലൂര്‍ അശോക തിയേറ്ററിന് മുകളില്‍ വന്നിരിക്കുന്നത് പോലെ തോന്നി..

      "മോളീന്ന് ഇറങ്ങി വാടാ കൊരങ്ങാ.."

                                                           പലര്‍ക്കും തോന്നിയ കാര്യം സെകുരിറ്റിക്കാരന്‍ തുറന്ന്‍ പറഞ്ഞു..ഇത് കേട്ടപ്പോള്‍ "പ്രേമത്തിലെ നിവിന്‍ പോളിയെ പോലെ ടോം-മാസ് മുകളില്‍ നിന്നും താഴെയിറങ്ങി പൂച്ച രോമം പോലെയുള്ള മീശ പിരിച്ച്, കറുത്ത ഷര്‍ട്ടിന്റെ കൈകള്‍ തെറുത്ത് കയറ്റി, മുണ്ട് മടക്കി കുത്തി അയാള്‍ക്ക് മുന്നില്‍ ഇല്ലാത്ത നെഞ്ച് വിരിച്ച് നിന്നു..ആ ജന്തു കടിച്ചാലോ എന്നാ ഭയത്താല്‍ പാവം സെകുരിറ്റി ജീവനക്കാരന്‍ സംഭവസ്ഥലത്ത് നിന്ന് പതുക്കെ സ്കൂട്ടായി..

                                                           ഇവനാണ് ഞങ്ങ പറഞ്ഞ സാധനം..സോഷ്യല്‍ മീഡിയായില്‍ സ്വയം "ടോം-മാസ്" എന്ന് വിളിക്കുന്ന കരൂപ്പടന്ന സ്വദേശി തോമസുട്ടി.ഇദ്ദേഹം നല്ലൊരു പെയിന്റര്‍ ആണെന്ന്‍ സ്വയം പറയുന്നു..വിന്‍സെന്റ് വാന്‍ഗോഗ്, ഡാവിഞ്ചി എന്നിവരുടെ പിന്‍ തലമുറ യൊന്നുമല്ല. "ദുല്‍ഖര്‍ കുഞ്ഞുമോന്റെ " പെയിന്റടി സംഘത്തിലെ  കൂടെ വല്ലപ്പോഴും പണിക്ക് പോകുന്ന ഒരു ചെറു ബാല്യക്കാരന്‍.ആഴ്ചയില്‍ ഒരിക്കല്‍ പണി, രണ്ട്‌ ദിവസം സിനിമ റിലീസ്, പിന്നെ ബാക്കിയുള്ള ദിവസം കുടി,തീറ്റ, ഉറക്കം..ആളെ കണ്ടാല്‍ മണ്ണിര പോലെ ആണെങ്കിലും തീറ്റയെടുപ്പ് ആനയുടെ പോലെയാ..

     "നെനക്ക് നേരെ ചൊവ്വേ പണിക്ക് പോയ്ക്കൂടെ തോമാ..ആ കുഞ്ഞോന്‍ എല്ലാ ദെവസോം വന്ന് കാലത്ത് വിളിക്കണതല്ലേ.. ഞാന്‍ കണ്ടവന്റെ മില്ലീ പണിയെടുക്കാന്‍ പോയിട്ടാ മൂന്നേരം  അടുപ്പെങ്കിലും പൊകായണത്.."

       "അംച്ചീ...ദേ നിങ്ങളോട് ഞാന്‍ നൂറായിരം വട്ടം പറഞ്ഞിട്ടുണ്ട്...ന്നെ തോമാന്ന്‍ വിളിക്കരുതെന്ന്..പള്ളീ കൊണ്ടോയീ ചെറുപ്പത്തിലെ ഒരു ചടാക്ക്‌ പേരിട്ട്.അയിന്റെ പേരില് ഞാന്‍ സമൂഹത്തിന്‍റെ മുന്നീ നാറി കൊണ്ടിരിക്കേ.."

      "നാറ്റം മാറാന്‍ നന്നായൊന്നു മുങ്ങി കുളിച്ചാ മതീടാ പിശാശേ...

                                                        അന്നമ്മ താത്തി മുറ്റത്ത് നിന്നും ഒരു കവിളന്‍ മടലെടുത്ത് തൊഴിക്കാന്‍ പോയപ്പോഴേക്കും ഫ്രീക്കന്‍ ചാടി ഓടി വെട്ടുവഴിയില്‍ മറഞ്ഞു..ആ ഓട്ടം നില്‍ക്കുന്നത് ഒരു പണിയും ചെയ്യാത്ത കുറേ കവല നിരങ്ങികള്‍ കൂടുന്ന പുഴവക്കത്താണ്..ടോം-മാസ് ചെന്ന്‍ പുഴവക്കത്ത് തെങ്ങും ചാരി മാക്കാന്‍ തവളയെ പോലെ ഇരിക്കുന്ന ഷൌക്കത്തലി എന്ന ചക്കതോലിയുടെ കയ്യില്‍ നിന്നും വിക്സിന്റെ കുപ്പി പിടിച്ച് വാങ്ങി അതിനുള്ളില്‍ നിന്നും ഹാന്‍സ് എടുത്ത് വായില്‍ തിരുകി..

    "എടാ സാധനം വാങ്ങിക്കാന്‍ രീട്ടെയിലീ ആരാണ് പോണത്??

                                                         തോമസുട്ടി പോക്കറ്റില്‍ നിന്ന് കുറച്ച് മുഷിഞ്ഞ നോട്ടുകള്‍ എടുത്ത് നീട്ടി..കൂട്ടത്തിലൊരുവാന്‍ അത് വാങ്ങി എണ്ണി നോക്കി ചുളിഞ്ഞ മുഖഭാവത്തില്‍...

   "ഇത് മരുന്നിനു തെകയും..അപ്പൊ ടച്ചിങ്ങ്സ്??" കാശ് തരാതെ വാങ്ങണ ബീഫീ കയ്യിട്ട് വാരാന്‍ വന്നാ...ചളുക്കും ഞാന്‍.."

     "ടാ...ഞാന്‍ അതിലെ വേപ്പല കൊണ്ട് അട്ജസ്റ്റ് ചെയ്തോളാം.."

                                                        അന്ന്‍ വൈകീട്ട് കള്ളും മോന്തി കരിഞ്ഞ വയറുമായി വീട്ടില്‍ ചെന്നപ്പോള്‍ ചാളക്കറിയും, റേഷനരിയുടെ ചോറും..അടുക്കളയില്‍ ഒരു പലകയില്‍ കുത്തിയിരുന്ന് മൂക്ക് മുട്ടെ തിന്നുന്ന മകനെ അന്നമ്മ താത്തി വിഷമത്തോടെ നോക്കി..നാലു പെണ്ണിന് ശേഷം ഉണ്ടായ പുത്രന്‍..പെണ്മക്കളെ കഷ്ടപ്പെട്ട് അവരുടെ അപ്പന്‍ മരിച്ചിട്ടും കെട്ടിച്ചയച്ചത് അവരുടെ കൂടെ മിടുക്ക് കൊണ്ടാണ്..ഇവനൊരുത്തന്‍ മാത്രമാണ് ഉത്തരവാദിത്വം മറന്ന് ജീവിക്കുന്നത്..ചാളയുടെ മുള്ള് ചവച്ചരച്ച് അവന്‍ അമ്മച്ചിയെ നോക്കി പറഞ്ഞു...

    "കൊറച്ച് വറത്തൂടായിരുന്നു...നല്ല നെയ്‌ ചാളല്ലേ??"

                                                       അന്നമ്മ താത്തിക്ക് ദേഷ്യവും, സങ്കടവും ഒരുമിച്ച് വന്നു..മറുപടി പറയാതെ കലത്തിലെ ചോറും,ചട്ടിയിലെ കറിയും ആ വെര പോലെ ഇരിക്കുന്ന ബകാസുരന്റെ പാത്രത്തിലേക്ക് ഇട്ട് കൊടുത്തു.ചെക്കന്‍ അമ്മച്ചിയെ ഒന്ന്‍ നോക്കി വിടര്‍ന്ന കണ്ണുകളോടെ ഒരു ദുഷിച്ച വില കുറഞ്ഞ മദ്യത്തിന്‍റെ ഗന്ധമുള്ള എമ്പക്കമിട്ട് ഉരുളകള്‍ ഉരുട്ടി വായിലാക്കാന്‍ തുടങ്ങി..
അന്നമ്മ താത്തി ഒഴിഞ്ഞ പാത്രം നോക്കി കണ്ണ്‍ നിറഞ്ഞു തന്‍റെ ഒഴിഞ്ഞ വയറില്‍ ഒന്ന്‍ തടവി ചട്ടിയും, കലവുമെടുത്ത് മുറ്റത്തേ ഇരുട്ടിലേക്ക് പോയി...എന്നത്തെയും പോലെ അന്നും പട്ടിണി..ഒപ്പം വിഷമവും..

  "അമ്മച്ചി കഴിച്ചോന്നു ഒരു വാക്ക് പോലും ..ചോദിച്ചില്ല..ഇത് വരെ ചോദിച്ചിട്ടില്ല.."

                                                          പിറ്റേന്ന് രാവിലെ കുഞ്ഞുമോന്‍ വന്ന് പണിക്ക് പോകാന്‍ വിളിക്കുമ്പോള്‍ ടോം-മാസ് ചായ്പ് മുറിയില്‍ കരിമ്പടം  മൂടി പുതച്ച് കിടപ്പായിരുന്നു..അന്നമ്മ താത്തി കുറേ വിളിച്ചപ്പോള്‍ എഴുന്നേറ്റ് പല്ല് പോലും തേക്കാതെ ഒന്നര കുറ്റി ചിരട്ട പുട്ടും തിന്ന് മുടിയില്‍ കുറച്ച് വെള്ളം പുരട്ടി കൂളിംഗ് ഗ്ലാസ്സും വെച്ച് ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ പാവം  അന്നമ്മ താത്തി കുറേ നാള്‍ക്ക് ശേഷം സന്തോഷിച്ചു..ചെറുക്കന് ഒരു രാത്രി കൊണ്ട് ബോധമുദിച്ചു..പണിക്ക് പോകാന്‍ തുടങ്ങി.ഇന്ന്‍ വൈകീട്ട് വരുമ്പോള്‍ ആഴ്ചയിലെ റേഷന്‍ വാങ്ങാനെങ്കിലും പൈസ തരും..

                                                               പണിക്ക് പോയത് ഗള്‍ഫ് അബ്ദുവിന്റെ വീട് പെയിന്റടിക്കാന്‍..കാലം കുറേ ആയി ദുല്‍ഖര്‍ കുഞ്ഞുമോനോപ്പം ഫ്രീക്കന്‍ കൂടിയിട്ട്..പക്ഷെ ഇപ്പോഴും അപ്രെന്റീസ്..ഉരച്ച് മാറ്റല്‍, പുട്ടി തേച്ച് മിനുക്കല്‍, വെള്ളമൊഴിച്ച് കഴുകല്‍,  എന്നിങ്ങനെ അതി ബുദ്ധി വേണ്ട മൂന്ന് തലങ്ങളില്‍ മാത്രം അതീവ വൈദഗ്ധ്യം..പെയിന്റടിക്കാന്‍ പോയാല്‍ വൃത്തികേടിന്റെ മായാജാലം സൃഷ്ടിക്കുമെന്ന കാരണത്താല്‍ കുഞ്ഞുമോന്‍ തോമസുട്ടിക്ക് ഇത് വരെ ബ്രഷ് കൊടുത്തിട്ടില്ല..എന്നാലും വൈകുന്നേരം  അഞ്ഞൂറ് രൂപ കൂലി കൊടുക്കും..അതിനു ചില കാരണങ്ങള്‍..ദുല്‍ഖര്‍ കുഞ്ഞുമോന്‍റെ ഫേസ്ബുക്ക്, വാട്സ് ആപ്പ് സോഷ്യല്‍ മീഡിയ പ്രവേശനത്തിന്ഗുരുത്വം വഹിച്ചത് സാക്ഷാല്‍ ടോം-മാസ് തന്നെ..അതിന്‍റെ സ്മരണ, ഗുരു ദക്ഷിണ.

                                                                 അഞ്ഞൂറ് വാങ്ങി ആദ്യം കിട്ടിയ ഓട്ടോ റിക്ഷയില്‍ കയറി ബിവറേജിനു മുന്നിലെത്തിയപ്പോള്‍ അര കിലോമീറ്റര്‍ ദൂരം വരെ നീണ്ട ക്യൂ..ക്ഷമയോടെ കാത്ത് നിന്ന് സാധനം വാങ്ങി, തൊട്ടടുത്ത കടയില്‍ നിന്നും മൊബൈലില്‍  നെറ്റിനു ഫ്ലക്സി ചാര്‍ജ്ജും ചെയ്യ്തു നേരെ തട്ടുകടയിലേക്ക്., അവിടെ  നിന്നും പൊറോട്ടയും, ബീഫും, ഒരു പാക്കറ്റ് വില്‍സ് സിഗറെറ്റും  വാങ്ങി അടുത്ത ഓട്ടോ റിക്ഷയില്‍ കയറി വേഗം വീട്ടിലേക്ക്..കയ്യില്‍ അവശേഷിച്ച അഞ്ഞൂറിന്റെ അവസാന ഭാഗം ഓട്ടോ റിക്ഷയ്ക്ക് കൊടുത്ത് കാലിയായ പോക്കറ്റുമായി  വീടിനു മുന്നിലെ മങ്ങിയ വെളിച്ചത്തില്‍ വന്ന്‍ ഉറക്കെ വിളിച്ചു പറഞ്ഞു..

          "അംച്ചി  എനിക്ക് ചോറ് വേണ്ടാ....കഴിച്ച് കെടന്നോ"

                                                                  ജനലഴിയില്‍ മങ്ങിയ വെട്ടത്തില്‍ അന്നമ്മ താത്തിയുടെ ക്ഷീണമാര്‍ന്ന മുഖം..ഒരു പനിക്കോള് പോലെ ,അടഞ്ഞ സ്വരത്തില്‍ അവര്‍ ഒറ്റപൂരാടനോട് പറഞ്ഞു..

        "മോനെ..അമ്മക്ക് ഭയങ്കര മേക്കാച്ചില്‍..ഒരു പനിക്കോള് പോലെ..നീ പോയി ഒരു വിക്സ്‌ ആക്ഷന്‍ വാങ്ങി കൊണ്ടോരോ??"

                                                                  ചെറുക്കന്‍ കുപ്പിയില്‍ കാത്തിരിക്കുന്ന വീര്യവും, പൊതിയിലെ ചൂടും, വയറിന്‍റെ കാളലും  നോക്കി ഉടനെ തന്നെ വിളിച്ച് കൂവി...

         "കടയൊക്കെ പൂട്ടി പോയി അംച്ചീ...ഇനി നാളെ നോക്കാം..മൂടി പൊതച്ച് കെടന്നൊറങ്ങിക്കോ."

                                                                    അവരുടെ സങ്കടങ്ങള്‍ക്കും, വേദനയ്ക്കും മുന്നിലൂടെ തോമസുട്ടി ചായ്പിലെക്ക്..മൂക്ക് മുട്ടെ തിന്നും കുടിച്ചും രാത്രി ആഘോഷിച്ചപ്പോള്‍ അടുത്ത മുറിയില്‍ അന്നമ്മ താത്തി ചുട്ടു പൊള്ളുന്ന പനിയില്‍ ഉറക്കം വരാതെ രാത്രി മുഴുവന്‍ കഴിച്ച് കൂട്ടി.

                                                                    അതി രാവിലെ ആട്ടിന്‍ പാല് വാങ്ങിക്കാന്‍ വന്ന കുഞ്ഞുമോന്റെ മകള്‍ ഷംലയാണ് പനി മൂര്‍ച്ചിച്ച് ബോധമില്ലാതെ കിടക്കുന്ന അന്നമ്മ താത്തിയെ കണ്ടത്. അവളുടെ ഒച്ചയിലും, പരിഭ്രമവും കണ്ട് ഓടി കൂടിയവര്‍ അവരെ തക്ക സമയത്ത് ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ച ഒറ്റ കാരണം കൊണ്ട് തടി രക്ഷപ്പെട്ടു..അപ്പോഴും ശ്രീമാന്‍ ഫ്രീക്കന്‍ തലേന്ന്‍ കഴിച്ച കുപ്പിയും കെട്ടി പിടിച്ച് സ്വപ്നങ്ങളില്‍ ആകാശത്തില്‍ കണ്ട മഴവില്ലിനു നിറം കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു..  കുതഴിയിലൂടെ കടന്ന്‍ വന്ന ചൂടുള്ള സൂര്യ പ്രകാശം ശല്യമായപ്പോള്‍ അവന്‍ പതുക്കെ തല ഉയര്‍ത്തി..പാമ്പിനെ പോലെ...പിന്നെ ആടിയുലയുന്ന കവുങ്ങ് പോലെ നടന്ന്‍ അടുക്കളയിലേക്ക്...കത്തി കായുന്ന, മദ്യമെരിയുന്ന  വയറിനെ ഉടനെ എങ്ങിനെയെങ്കിലും തൃപ്തി പെടുത്തണം...

     "അംച്ചീ ചോറായാ??വിശന്ന്‍ കൊടല് കത്തി പൊരിയാണ്"

                                                                        ഉത്തരം നല്‍കാത്ത അമ്മച്ചിയെ തേടി ഫ്രീക്കന്‍ വീട് മുഴുവന്‍ അലഞ്ഞുതിരിഞ്ഞു..വീട്ടിലും, പറമ്പിലും നോക്കിയിട്ടും കാണാതെ വന്നപ്പോള്‍ ഫ്രീക്കന്‍ നേരെ കുഞ്ഞുമോന്റെ വീട്ടിലേക്ക് നടന്നു..വീടിനു മുന്നില്‍ കോഴികള്‍ക്ക് തീറ്റ കൊടുത്ത് കുഞ്ഞുമോന്റെ മകള്‍ ഷംല..ടോം-മാസിന്‍റെ ഉള്ളൊന്നു പിടച്ചു..മനസ്സില്‍ കുറേ നാളുകളായി കൊണ്ട് നടക്കുന്ന മോഹമാണു മുന്നില്‍..ഒരു വണ്‍‌വേ പ്രേമം. തോമസുട്ടി കൈകള്‍ കൊണ്ട് മുഖം തുടച്ച്, മുടിയൊന്ന് കോതി പഴയക്കാല സിനിമയിലെ നസീര്‍ സാറിനെ പോലെ ഷംലയുടെ മുന്നില്‍ വന്ന്‌ നിന്ന് അന്ന്‍ കാലത്തെ ഏറ്റവും വൃത്തികെട്ട ഒരു ചിരി ചിരിച്ചു.അവനെ കണ്ടതും കൊത്തി പെറുക്കി മുറ്റത്ത് നിന്ന പിടകോഴികള്‍ അവിടെ നിന്നും ഓടി മറഞ്ഞു..ഒരു ചാത്തന്‍ മാത്രം "എനിക്കാരാടാ എതിരാളി "എന്ന പോലെ ഒരങ്കത്തിനു തയ്യാറായി മുന്നില്‍..ഷംല ഷീലയാകാന്‍ നിന്നില്ല..അമേദ്യം കണ്ട അറപ്പോടെ അവനെ അടി മുടി നോക്കി..

    "ഷംലൂ. ഗുഡ് മോണിങ്ങ്...എന്‍റെ മമ്മി ഇങ്ങോട്ട് വന്നോ?"

                                                                           അവന്‍റെ ആംഗലേയം കലര്‍ന്ന മലയാളം കേട്ട്കോഴിചാത്തന്‍ ഒന്ന്‍ നീട്ടി കൂവി. ഷംല തീ പാറുന്ന ഒരു പെണ്‍ നോട്ടം നോക്കിയപ്പോള്‍ ഫ്രീക്കന്റെ ഉള്ളില്‍ നിന്നും ആണത്വം ഇട്ട ട്രൌസറില്‍ കൂടി ചോര്‍ന്ന്‍ പോയി..പെണ്ണിന്‍റെ മുഖം നോക്കാതെ കള്ളനെ പോലെ തല  കുനിച്ച് നിന്ന തോമസുട്ടിക്ക് മീതെ പെണ്‍ വാക്കുകള്‍ വാള് പോലെ വന്നു വീണു...

    "അമ്മേനേം നോക്കി ഇറങ്ങീരിക്കുന്നു.."തോരടന്‍"..തള്ളയെ കാലത്ത് തന്നെ ന്‍റെ ബാപ്പിച്ചി ആശുപത്രീ കൊണ്ടോയിട്ടുണ്ട്...ചാവാതിരുന്നാ ഭാഗ്യം. പെറ്റമ്മയെ നോക്കാണ്ട് കോക്കാന്‍ കോലം കെട്ടി നടക്കണ തന്നെയൊക്കെ  നല്ല കൊന്ന പത്തലൊടിച്ച് തല്ലണം..."

                                                                            പെണ്ണിന്‍റെ വാക്ക് കേട്ടതും ശ്രീമാന്‍ ഫ്രീക്കന്‍ ഒരു നിമിഷം വല്ലാണ്ടായി.അവിടെ നിന്നാല്‍ കേള്‍ക്കാന്‍ പോകുന്ന വാക്കുകള്‍ നേരിടാന്‍ ത്രാണിയില്ലാതെ റിവേഴ്സ് ഗിയറില്‍.. വീട്ടിലേക്ക് തിരികെ നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഷംലയുടെ ശബ്ദം വീണ്ടും കേട്ടു..

    "പണിയെടുത്ത് സ്വന്തം തള്ളയെ നോക്കാത്തോനാ പ്രേമിക്കാന്‍ നടക്കണ..ആദ്യം നാലു കാലില്‍ നിന്ന് രണ്ട്‌ കാലില് നിക്കാന്‍ പഠിക്ക്.."

                                                                               ആ വാക്കുകള്‍ തോമാസുട്ടിയുടെ എവിടെയോ കൊണ്ടു..മെലിഞ്ഞ ശരീരത്തിലെ "കൃദയം" ഒന്ന്‍ പിടച്ചു.വീട്ടില്‍ എത്തിയതും കുപ്പായം മാറി വേഗം കരൂപ്പടന്ന ആശുപതിയിലേക്ക് ചെന്നു..മനസ്സില്‍ ആദ്യമായി ഒരു കാഠിന്യം.അമ്മയെ നോക്കാതെ ലഹരി തേടി ഇന്നലെ പോയതിനോട് ആദ്യമായി ദേഷ്യം തോന്നി..ഉത്തരവാദിത്തം എവിടെ നിന്നോ ഫ്രീക്കന്റെ ഉള്ളില്‍ തല പൊക്കി നോക്കി തുടങ്ങി..ജനറല്‍ വാര്‍ഡില്‍ ഡ്രിപ്പ് കയറ്റി കിടക്കുന്ന അന്നമ്മ താത്തിയെ കണ്ടപ്പോള്‍ ഒരു നിമിഷം സങ്കടം അതിന്‍റെ ഉന്നതിയിലെത്തി...കയ്യില്‍ ചായ പാത്രവും, പലഹാരവുമായി വന്ന കുഞ്ഞുമോന്റെ ഭാര്യയും,ഷംലയുടെ ഉമ്മയുമായ  ഖദീജ അയാളെ അവിടെ കണ്ടപ്പോള്‍ തന്നെ തുറിച്ചൊന്നു നോക്കി..കുറച്ച് മുന്പ് ഷംല നോക്കിയ അതേ നോട്ടം..അന്നമ്മ താത്തി ക്ഷീണിച്ച കണ്ണുകള്‍ പതുക്കെ തുറന്ന്‍ തോമസുട്ടിയെ നോക്കി..പതുക്കെ അയാളുടെ കയ്യില്‍ പിടിച്ച് വിഷമത്തോടെ ചോദിച്ചു..

    "മോന്‍ വല്ലോം കഴിച്ചോടാ..വിശക്ക്നുണ്ടോ??.."

                                                                                  തോമസുട്ടി സങ്കടത്തോടെ തല താഴ്ത്തി. അന്നമ്മ താത്തി അയാളെ പിടിച്ച് കട്ടിലിലിരുത്തി.എല്ലാ വ്യഥയും അയാളില്‍ തിരികെ വന്നിരിക്കുന്നു..

    "അവന് എന്തേലും കൊടുക്കോ..വിശക്കുന്നുണ്ടാകും..."

                                                                                  ഉത്തരവാദിത്തം നഷ്ടപ്പെട്ട ടോം-മാസില്‍ നിന്നും തോമസുട്ടിയിലെക്ക് അയാള്‍ മാറുകയായിരുന്നു..അതിന് വളമിട്ട് ഖദീജയും ചില വാക്കുകള്‍ കൊണ്ട് അയാളുടെ മനസ്സിനെ തൊട്ടു..

    "ഇതാണ് അമ്മ..അസുഖം വന്ന് കെടക്കുമ്പോഴും മക്കള് തിന്നോ, ഒറങ്ങിയോന്ന്‍ മാത്രം ചിന്തിക്കുന്ന അമ്മ...അയിനെ ഇനീം തീ തീറ്റിക്കാണ്ട് നല്ല പുള്ള ആവാന്‍ നോക്ക്..."

                                                                                  തോമസുട്ടിയുടെ കണ്ണില്‍ നിന്നും അമ്മക്ക് വേണ്ടി ഒഴുകിയ ആദ്യ കണ്ണ് നീര്‍..അയാള്‍ അമ്മയുടെ നെറ്റിയില്‍ കുനിഞ്ഞ് ഒരുമ്മ കൊടുത്തു. എല്ലാ തെറ്റിനും മാപ്പ് ചോദിച്ചും, ഇനി മുതല്‍ അമ്മച്ചിയെ സംരക്ഷിച്ച് കൊള്ളാമെന്നുള്ള വാഗ്ദാനവുമായിരുന്നു ആ ഉമ്മ..ഒപ്പം ഫ്രീക്കന്‍ "ടോം-മാസില്‍ നിന്നും തോമസുട്ടിയിലേക്കുള്ള "ഘര്‍ വാപ്പാസിയും..."
                                                                               
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.
             





1 അഭിപ്രായം: