
ആ മുഖത്ത് നിന്ന് വീണ വാക്കുകള്‍ക്ക് മുന്നില്‍ പൊരുത്തപ്പെടാന്‍ കുറേ സമയം വേണ്ടി വന്നു.എന്നേക്കാള്‍ ഷോക്ക് അവള്‍ക്കായിരുന്നു..കുറേ നേരം ഒന്നും പറയാതെ മിഴിച്ച് നോക്കി നിന്നു..ആ വാര്‍ത്തയോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ. അവളെ ചുമലില്‍ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും.ഒന്ന്‍ കരയാതെ, ഒരു കണ്ണ്‍ നീര്‍ ഒഴുകാതെ..ഏതോ അര്‍ദ്ധ ബോധത്തില്‍..
"ഡോക്ടര്‍..കുറച്ച് കൂടി നല്ല ചികിത്സ...പുറത്തെവിടെയെങ്കിലും.."
"നോക്ക്..ടൂമര്‍.. മറ്റ് ആന്തരിക അവയങ്ങളിലെക്ക് സ്പ്രെഡ് ചെയ്യാതെ നോക്കാന്‍ യൂട്രസ് റിമൂവ് ചെയ്തേ പറ്റൂ..
ഡോക്ടറുടെ ഉറച്ച വാക്കുകള്‍ കേട്ട് ഒരു തീരുമാനം എടുക്കാന്‍ പുറത്ത് വന്നപ്പോള്‍ ചുമരില്‍ നിറയെ കുഞ്ഞു വാവകളുടെ ചിത്രങ്ങള്‍..ഒരു കയ്യില്‍ അവളെ താങ്ങി പുറത്ത് വന്നിരുന്നു..അവളുടെ നോട്ടം ആ ചിത്രങ്ങളില്‍..അത്രക്കും ഇഷ്ടമാണ് കുട്ടികളെ..കല്യാണം കഴിഞ്ഞത് മുതല്‍ മുറിയില്‍ നിറയെ കുട്ടികളുടെ വിവിധ ചിത്രങ്ങളാണ്..എല്ലാം അവള്‍ പതിച്ചത്.കുറേ കൊതി തോന്നുന്ന ഓമനത്തമുള്ള കുഞ്ഞുവാവ ചിത്രങ്ങള്‍..
അവളെ പോലെ തനിക്കും കുട്ടികള്‍ ജീവനാണ്..ആ കുഞ്ഞു കൈ കാലുകള്‍, ചിരി, കുസൃതികള്‍ അതിന് മുകളിലാണ് ദുരന്തം വല വിരിച്ചിരിക്കുന്നത്. കുറേ നേരം അവിടെ തന്നെ ഇരുന്നു..അവളുടെ മുടിയില്‍ തഴുകി ചേര്‍ത്ത് പിടിച്ച്..അപ്പോഴെല്ലാം ചുവരിലെ കുഞ്ഞുവാവ ചിത്രങ്ങള്‍ നോക്കി ചിരിച്ചു..കൊതിപ്പിച്ചു.ഒടുവില്‍ തീരുമാനം പോലെ അവളുടെ ചെവിയില്‍ ഉമ്മ വെച്ച് പതുക്കെ പറഞ്ഞു..
"മോളൂ...നമുക്ക് ഒപ്പ്രേഷന്‍ നടത്താം..എത്രയും വേഗം തന്നെ"
അവളപ്പോഴും ചുവരിലെ കുട്ടികളുടെ കുസൃതിയില്‍ നോക്കി..ഒരു വാക്ക് പറയാതെ..ഒന്ന്‍ പ്രതികരിക്കാതെ..പേടി തോന്നുന്നു.. ഇനി മുന്നില്‍ വരാന്‍ പോകുന്ന ദിനങ്ങളോര്‍ത്ത്.അവളെ കുറിച്ചും, പിന്നെ വീടിനെ കുറിച്ചും..ഇതറിയുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍, കുറ്റപ്പെടുത്തലുകള്‍. അവളെ കല്യാണം കഴിക്കുമ്പോള്‍ ആരംഭിച്ച എതിര്‍പ്പുകള്‍ക്ക് മൂര്‍ച്ച കൂടാന്‍ പോകുന്നു.
കോളേജില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ കുറേ കുട്ടികളുടെ കൂട്ടത്തില്‍ ആദ്യമായി അവളെ കണ്ടപ്പോള്‍ മനസ്സ് പറഞ്ഞു.."ഇവള്‍ നിന്‍റെതാണ്.." പിന്നെ തുറന്ന്‍ പറഞ്ഞപ്പോള്‍ ആദ്യം അവള്‍ ഒന്നും പറഞ്ഞില്ല..മനസ്സില്‍ പ്രണയം മൂര്‍ച്ചിച്ച് ഒരു ദിവസം വരാന്തയില്‍ തടഞ്ഞ് നിര്‍ത്തിയപ്പോള്‍ അവള്‍ കണ്ണീരോടെ മുഖത്ത് നോക്കി പറഞ്ഞു...
"എനിക്കതിന് അര്‍ഹതയില്ല..എന്നെ കുറിച്ച് കൂടുതല്‍ അന്വേക്ഷിക്കാതെ. വേണ്ട..ശരിയാകില്ല.."
മുന്നോട്ട് പോകാന്‍ സമ്മതിച്ചില്ല..ഒടുവില്‍ അവള്‍ മാര്‍ഗ്ഗമില്ലാതെ തുറന്ന്‍ പറഞ്ഞു..
"ഞങ്ങള്‍ താഴ്ന്ന ജാതിക്കാരാണ്."
അവളെ ചേര്‍ത്ത് പിടിച്ച് അന്ന്‍ കൊടുത്ത ഒരു വാക്ക്. അത് ഇത് വരെ തെറ്റിച്ചിട്ടില്ല..
"ഞാന്‍ സ്നേഹിച്ചത് നിന്നെയാണ്..നിന്‍റെ രൂപത്തെ..നിന്‍റെ മനസ്സിനെ. അതിനൊരു ജാതി തടസ്സമാകണ്ടാ..വെറും വാക്കല്ല..എന്‍റെ മനസ്സാ നിനക്ക് തരുന്നത്..ഇന്ന്‍ മുതല്‍ എന്നേക്കും എന്‍റെ പെണ്ണായി നീ മാത്രം.."
ഒത്തിരി തടസ്സങ്ങള്‍, ഭീക്ഷണികള്‍, അമ്മയും, ചില ബന്ധുക്കളും പെങ്ങന്മാരും കൂട്ടം നിന്നെതിര്‍ത്തു. അച്ചന്‍ മാത്രമായിരുന്നു നിസംഗതയോടെ നിന്നത്..പറഞ്ഞ വാക്കില്‍ നിന്നും ഒരടി പിന്മാറാതെ എതിര്‍ത്ത എല്ലാവരേയും സ്നേഹം കൊണ്ട് നേരിട്ട് ഒടുവില്‍ അവരുടെ സമ്മതത്തോടെ ഒന്നായത് ആറു മാസം മുന്‍പ് മാത്രമാണ്..ഇതറിയുമ്പോള്‍ വീണ്ടും ഉയരുന്ന ശബ്ദങ്ങള്‍..എതിര്‍പ്പുകള്‍.
എല്ലാമോര്‍ത്ത് വീണ്ടും അവളെ മുറുക്കി പിടിച്ചു.. കുറേ നേരമായി കാത്തിരുന്ന പ്രതികരണം പോലെ അവള്‍ എന്നെ നോക്കി.. കണ്ണുകളില്‍ ആഴത്തില്‍ നിഴല്‍ കെട്ടിയ ദുഃഖം ഒന്ന്‍ പെയ്യാന്‍ കഴിയാതെ മൂടി നില്‍ക്കുന്നു. പിന്നെ അവള്‍ പതുക്കെ സമ്മതം പോലെ തലയാട്ടി.എങ്കിലും ചുമരില്‍ പതിച്ച കുഞ്ഞുവാവ ചിത്രങ്ങളിലായിരുന്നു.ചേര്‍ത്ത് പിടിച്ച് വീണ്ടും ഡോക്ടറുടെ അടുത്ത് ചെന്ന്‍ നാലു കണ്ണുകളില്‍ നിന്നും ഓരോ തുള്ളി കണ്ണീര്‍ വീഴ്ത്തി സമ്മത പത്രം ഒപ്പിട്ടു കൊടുത്തു..
****** ****** *******
വെളുത്ത തുണിയില്‍ പൊതിഞ്ഞ് മയങ്ങി കിടക്കുന്ന ആ രൂപത്തെ നോക്കി ആ കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ ആയിരിക്കുന്നു..ഇതിനിടയില്‍ വിശപ്പ്, ദാഹം ഇതൊന്നുമറിഞ്ഞില്ല..അവള്‍ ബോധമില്ലാതെ, ഉള്ളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുവയവമില്ലാതെ നിദ്രയില്‍..ഉണരുമ്പോള്‍ അടുത്ത് ഉണ്ടാകണം..അവള്‍ മെല്ലെ പരിഭ്രമത്തിന്റെ കണ്ണുകള്‍ തുറന്ന്‍ ചുറ്റും നോക്കി..അടുത്ത് ഞാന്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..ജീവിതത്തിലെ പ്രധാന മോഹം നഷ്ടപ്പെട്ട ആ കണ്ണ് നീര്‍ പിന്നെയൊരിക്കലും തോര്‍ന്നില്ല..കുറവുകളെ കൂട്ടി കാണിക്കുന്നവര്‍ കുത്തി നോവിച്ചപ്പോള്‍ അതൊരിക്കലും വറ്റാത്ത കണ്ണീരുറവ മാത്രമായി..മാസങ്ങള്‍ കഴിഞ്ഞിട്ടും..
"നോക്ക് ഞങ്ങള്‍ക്ക് ലാളിക്കാന്‍ കൊച്ചുമക്കള്‍ വേണം..അതും മകന്‍റെ പരമ്പരയില്‍ ജനിച്ച.." (അമ്മയുടെ വാദമുഖം.)
"പ്രസവിക്കാന്‍ കഴിയാത്ത ഒരു പെണ്ണിനെ നീയ് എത്ര കാലം കൊണ്ട് നടക്കും..അവളുടെ സമ്മതത്തോടെ പരസ്പരം വേര്‍പിരിയുക. വേറെ നല്ല പെണ്ണിനെ ഞങ്ങള്‍ കണ്ടെത്താം..എത്രേം വേഗം...(മൂത്ത സഹോദരിയുടെ വക)
"ഇതൊരു കണക്കിന് നിന്നെ പറ്റിച്ചതാ..എല്ലാം മറച്ച് വെച്ച് ചതിച്ചതാ (ഇളയ സഹോദരി).
അങ്ങിനെ ഓരോ ദിവസവും ഓരോരോ കാരണം പറഞ്ഞ്കുത്തു വാക്കുകള്‍..അതവളുടെ ചെവിയിലും..ഒരു രാത്രിയില്‍ നനഞ്ഞ തലയിണയില്‍ ഇരുളില്‍ കൈ പതിഞ്ഞപ്പോള്‍ ഇരുളില്‍ ബെഡ് ലാംബ് തെളിയിച്ചപ്പോള്‍ കരഞ്ഞു തളര്‍ന്ന അവള്‍..ഒടുവില്‍ ഒരു അപേക്ഷയും..
"എന്നെ വേണ്ടാന്ന് വെച്ചൂടെ..എന്തിനാ ഒരു കുഞ്ഞി കാല് തരാന്‍ കഴിവില്ലാത്ത എനിക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്നത്??"
മറുപടിയൊന്നും പറയാതെ അവളെ നഗ്നമായ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു.മുറിയിലെ ചുവരില്‍ കല്യാണത്തിന് ശേഷം അവള്‍ പതിച്ച കുഞ്ഞുവാവകളുടെ ചിത്രങ്ങള്‍ നേര്‍ത്ത വെട്ടത്തില്‍ കരയുന്നത് പോലെ തോന്നി..എവിടെയോ ഇരുളില്‍ ഒരു കൊച്ചു കുഞ്ഞിന്‍റെ കരച്ചില്‍..പതുക്കെ അവളുടെ മുടിയിഴകളില്‍ തഴുകി അവളെ നെഞ്ചില്‍ ചേര്‍ത്ത് ഉറക്കി..പിന്നെ നെരം വെളുക്കും വരെ കാത്തിരുന്നു. ആ മുഖം നോക്കി ഉണരുന്നത് നോക്കി...
"നീയിത് വരെ ഞങ്ങള്‍ക്ക് ഒരു മറുപടി തന്നില്ലാ..സ്വന്തം ജീവിതം കൊണ്ടാ നീ കളിക്കുന്നത്..മക്കളില്ലാത്ത അവസ്ഥ ഒരു ഫാഷനായി കരുതണ്ടാ.."
അവസാന തീരുമാനത്തിന് കാത്ത് നില്‍കുന്നവര്‍..അവളുടെ സിന്ദൂരം തുടച്ച് മാറ്റി, താലി പൊട്ടിച്ച് തെരുവില്‍ വലിച്ചെറിയാന്‍ കാത്തിരിക്കുന്നവര്‍, തന്നെ സ്നേഹിക്കുന്നവര്‍, കൂടെ പിറന്നവര്‍..
"പറയെടാ..ഒരു കുഞ്ഞുണ്ടെങ്കിലോ ജീവിതം പൂര്‍ണ്ണമാകൂ..അതിന് കഴിയാത്ത ഒരു പെണ്ണിന്‍റെ കൂടെ കഴിഞ്ഞ്." (ആരുടെയോ വക)
തല മാറ്റി പിടിച്ച് വിദൂരതയില്‍ നോക്കി നിന്ന ഞാന്‍ അവര്‍ക്ക് നേരെ തിരിഞ്ഞു..മുന്നില്‍ അമ്മയും, സഹോദരിമാരും..
" നിങ്ങളില്‍ ആര്‍ക്കെങ്കിലും ഇത് പോലൊരു അവസ്ഥ വന്നിരുന്നെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവ് ഉപേക്ഷിക്കമായിരുന്നോ?? അമ്മ പറയണം..അച്ഛന്റെ സുഖത്തിലും, ദുഖത്തിലും കൂടെ നിന്നവളാണ് അമ്മ..താലി എന്ന് പറയുന്നത് ഒരു വാഗ്ദാനമാണ്..എന്ത് വന്നാലും കൂടെ നില്‍ക്കുമെന്നും, സംരക്ഷിച്ച് കൊള്ളുമെന്നും ദൈവ സന്നിധിയില്‍ വെച്ച് ഒരു പെണ്ണിന് നല്‍കുന്ന വാഗ്ദാനം...ഉപാധികളില്ലാത്ത സത്യമാണ് സ്നേഹം..എനിക്കും, അവള്‍ക്കും, നിങ്ങള്‍ക്കെല്ലാവര്‍ക്കും..
കുറച്ച് സമയത്തേക്ക് എല്ലാവരും നിശബ്ദമായി. തിരിച്ചറിവ് പോലെ മാറിയ മുഖഭാവം..
" നോക്ക് നിങ്ങളുടെ തീരുമാന പ്രകാരം അവളെ ഈ നിമിഷം മുതല്‍ ഞാന്‍ വേണ്ടാന്ന് വെക്കാം..പക്ഷെ ഒന്നോര്‍ക്കുക..ഞാന്‍ വേര്‍പിരിയാന്‍ പോകുന്നത്, വേണ്ടാന്ന് വെക്കുന്നത് എന്‍റെ ജീവനാണ്..അവളില്ലാതെ .ജീവന്‍ ഒരിടത്തും, ശരീരം ഒരിടത്തുമായി ജീവിക്കാന്‍ കഴിയില്ലെനിക്ക്. ഒരു ദിവസം പോലും അച്ഛനെ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അമ്മയ്ക്ക് എന്‍റെ വേദന മനസ്സിലായേക്കും."
എല്ലാ എതിര്‍പ്പുകളും അലിഞ്ഞു കണ്ണീരായി താഴെ വീണു..തിരച്ചറിവ് പകര്‍ന്ന് കിട്ടിയവര്‍. ഒടുവില്‍ നിസംഗനായി നിന്ന അച്ഛന്‍ മൌനംഭജിച്ചു.
"നിന്‍റെ തീരുമാനങ്ങളാണ് നിന്‍റെ ശരി..അത് അന്നും, ഇന്നും, എന്നും..ആ ശരിക്ക് അച്ചനുണ്ടാകും കൂട്ടിന്..."
അതൊരു തിരച്ചറിവ് തന്നെ ആയിരുന്നു. മുറിയിലേക്ക് ചെല്ലുമ്പോള്‍ കിടക്കയില്‍ കമിഴ്ന്നു കിടന്ന് കരയുന്ന അവളെ പതുക്കെ പിടിച്ചുയര്‍ത്തി. ചുമരിലെ കുഞ്ഞു വാവ ചിത്രങ്ങള്‍ നോക്കി അവളുടെ നെറ്റിയില്‍ ഒരുമ്മ നല്‍കി...
"ഞാന്‍ പോയേക്കാം ഏട്ടാ..ഒരമ്മയാകാന്‍ യോഗ്യതയില്ലാത്ത എന്നെ എന്തിന് മാറാപ്പ് പോലെ കൊണ്ട് നടക്കുന്നു..കളഞ്ഞൂടെ..?
പോകാം..നമുക്ക് ഒരിടം വരെ പോകാം..വേഗം റെഡിയായി വാ..."
അവള്‍ അവിശ്വസനീയമായ ഒരു ഭയ ഭാവത്തില്‍ നോക്കി..പിന്നെ സംശയത്തോടെ എഴുന്നേറ്റ് വസ്ത്രം മാറാന്‍ പോയി..മുറിയിലെ കുഞ്ഞു വാവ ചിത്രങ്ങള്‍ ചിരിക്കുന്നത് പോലെ..എന്നെ നോക്കി കുസൃതി കാണിക്കുന്നത് പോലെ..വസ്ത്രം മാറി തിരികെ വന്നപ്പോഴും ആ കണ്ണുകളില്‍ ഒരു ഭയം നിഴലിച്ചു കണ്ടു. ഒഴിവാക്കപ്പെടാന്‍ പോകുന്ന പോലെ ഒരു സംശയം മുഖത്ത് നിഴലിട്ടു..അവളെ ചേര്‍ത്ത് പിടിച്ച് അച്ഛനേയും, അമ്മയേയും വിളിച്ച് അവരുടെ പാദങ്ങളില്‍ നമസ്ക്കരിച്ച് ഞാന്‍ പറഞ്ഞു..
"എന്‍റെ തീരുമാനങ്ങള്‍..അതാണ് എന്‍റെ ശരി..ആ ശരികള്‍ക്ക് എന്നും അച്ഛനും, അമ്മയും കൂടെയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.."
ഇരുവരും ഒന്നും മനസ്സിലായില്ലെങ്കിലും അനുഗ്രഹിച്ചു..അപ്പോഴും അവളുടെ കണ്ണുകളില്‍ സംശയം, ഭയം, കാറില്‍ കയറി മുന്നോട്ട് പോയപ്പോഴും, പോകുന്ന വഴികളിലും അതേ ഭയം..ഒടുവില്‍ ആ വലിയ കെട്ടിടത്തിനു മുന്നിലെത്തിയപ്പോള്‍ അവള്‍ അവിശ്വസനീയമായ ഒരു നോട്ടം എന്നെ നോക്കി..അവളെ ചേര്‍ത്ത് പിടിച്ച് ആ കെട്ടിടത്തിന്‍റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കണ്ട ഭയ ഭാവം മാറി അവിശ്വസനീയ ഭാവം മുഖത്ത്..
ഇടനാഴിയില്‍ നിന്നും പ്രധാന ഹാളിലേക്ക് തിരിയുന്ന മുറിയില്‍ കളിപ്പാട്ടങ്ങള്‍ നിറഞ്ഞ തറയില്‍ ഒരു പുല്ല് പായയില്‍ കിടന്ന് അവന്‍ എന്നേയും, അവളേയും നോക്കി ചിരിച്ചു.."ലോകത്തിലെ ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരു കളങ്കവുമില്ലാത്ത ചിരി..ആ ചിരി കണ്ടപ്പോള്‍ അവള്‍ അത് വരെ മുഖത്ത് വെച്ച അവിശ്വസനീയമായ ഭാവം മാറ്റി ഒരു അമ്മ വാത്സല്യം നിറച്ചു..ചിരിയോടെ നില്ക്കുമ്പോള്‍ "വീണ്ടും ഭൂമിയില്‍ ദൈവത്തിന്‍റെ വരദാനം പോലെ ഏറ്റവും മനോഹരമായ രണ്ട് വാക്കുകള്‍ അവളെ നോക്കി അവന്‍ വിളിച്ചു,,
"മ്മ..മ്മ..മ്മ"
അത് വരെ പിടിച്ച് നിന്ന അവള്‍ ഒരു കരച്ചിലോടെ അവനെ വാരിയെടുത്ത്..ഒരമ്മയില്‍ നിന്നും ആദ്യം പിറന്ന് വീഴുന്ന കുഞ്ഞിന് കിട്ടുന്ന ഉമ്മകളുടെ തീരാപ്രവാഹം..എന്‍റെ കണ്ണിലും, അവന്‍റെ പിന്നില്‍ നിന്നിരുന്ന അമ്മ സന്യാസിനിമാരുടെ കണ്ണിലും കണ്ണ് നീര്‍ നിറച്ച് ഭൂമിയില്‍ ദൈവത്തിന്‍റെ സാമീപ്യമുള്ള ഏറ്റവും സുന്ദരമായ "അമ്മയും കുഞ്ഞുമെന്ന " കാഴ്ച നല്‍കി അവളും, അവനും..മനസ്സില്‍ ആയിരം മടങ്ങ് സന്തോഷത്തോടെ ഞാന്‍ ആ അനാഥാലയത്തിലെ അമ്മയുടെ കയ്യില്‍ നിന്നും ആ കടലാസ്സുകള്‍ വാങ്ങി..അവന്‍റെ, ഞങ്ങളുടെ ജീവിതം മാറ്റി എഴുതാനുള്ള ദൈവത്തിന്‍റെ സ്വന്തം അക്ഷരങ്ങള്‍...
അപ്പോഴും ഇത്രയും കാലം കാത്തിരുന്ന മാതൃത്വം ആ കുഞ്ഞു വാവയോടു പറഞ്ഞു തീരാന്‍ കഴിയാത്ത വാത്സല്യം പകരുകയായിര്‍ന്നു...ഇന്നും, എന്നും, എന്നേക്കും...
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ